അതിഥി ദേവോ ഭവ. അതാണ് ഹിന്ദു സംസ്‌കാരം. അതാണ് ഭാരത പാരമ്പര്യം. ഭാരതം, എന്നും, വസുധൈവ കുടുംബകം എന്ന ആപ്തവാക്യം പിന്‍തുടര്‍ന്നുവരുന്ന, ഒരു സാംസ്‌കാരികതയുടെ ശാന്തിനികേതനമാണ്. ഭാരത ചരിത്രകാരന്മാര്‍ മറന്നതോ, അഥവാ അവഗണിച്ചതോ ആയ അനേകം ചരിത്ര സംഭവങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. അതിലൊന്നാണ്, പോളണ്ടില്‍നിന്നും നാടു കടത്തപ്പെട്ട അനേകം സ്ത്രീകളേയും കുട്ടികളേയും, ഗുജറാത്തിലുള്ള ജാംനഗറിലെ (നവാനഗര്‍) മഹാരാജാവായ ദിഗ്വിജയ് സിംഗ് സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്ത സംഭവം. അധികമാരും അറിയാതെ പോയ മനുഷ്യത്വപരമായ ഒരു മഹത്കൃത്യം.
2016 മാര്‍ച്ച് മൂന്നാം തീയ്യതി ബംഗളൂരുവില്‍ നിന്നും കാനഡയിലേക്കുള്ള എന്റെ യാത്ര, ഫ്രാങ്ക്ഫര്‍ട്ട് വഴിയായിരുന്നു. ലുഫ്ത്താന്‍സാ ഫ്‌ളൈറ്റില്‍, പോളണ്ട് യുവതിയായ മറിയ എന്റെ സഹയാത്രികയായിരുന്നു. ഇന്ത്യയെ ഒരുപാട് സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന അവള്‍ പറഞ്ഞത്, പോളണ്ടുകാര്‍ക്ക് ഇന്ത്യയെ വളരെയധികം ഇഷ്ടമാണ് എന്നാണ്. വാര്‍സായില്‍ ഒരു പഴയ ഇന്ത്യന്‍ ഭരണാധികാരിയുടെ കുറേ സ്മാരകങ്ങള്‍ ഉണ്ട് എന്ന് മറിയ പറഞ്ഞു. അതിനെക്കുറിച്ച്, അന്നെനിക്ക്, ഒരറിവും ഉണ്ടായിരുന്നില്ല. അടുത്ത കാലത്ത്, ഒരു സുഹൃത്ത് ഒരു വീഡിയോ അയച്ചു തന്നിരുന്നു. അതില്‍ നിന്നാണ് പോളണ്ടില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ വിവരം ഞാന്‍ മനസ്സിലാക്കിയത്. തുടര്‍ന്നുള്ള എന്റെ അന്വേഷണത്തിന്റെ ഫലമാണ് ഈ കുറിപ്പുകള്‍.
ആയിരക്കണക്കിനു പോളണ്ട് നിവാസികളുടെ സ്വപ്‌നഭൂമി, 1939 സെപ്റ്റംബറോടുകൂടി വിസ്മൃതിയിലായി. 1939 സെപ്റ്റംബര്‍ ഒന്നാം തീയ്യതി ജര്‍മനി പോളണ്ടിനെ ആക്രമിക്കുന്നതോടുകൂടി രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നു. രണ്ടാഴ്ച കഴിഞ്ഞ്, സെപ്റ്റംബര്‍ 17 ന് സോവിയറ്റ് യൂണിയനും പോളണ്ടിനെ ആക്രമിച്ചു. ഇരുവശത്തുനിന്നുമുള്ള ആക്രമണത്തില്‍ പോളണ്ടിലെ ജനതയുടെ ജീവിതവും സമാധാനവും തകര്‍ത്തെറിയപ്പെട്ടു. യുദ്ധം തുടങ്ങിയ ശേഷം, രണ്ട് മാസത്തിനകം പോളണ്ട് എന്ന രാജ്യം ഇല്ലാതായി. രണ്ട് ആക്രമണകാരികളും പോളണ്ടിനെ പങ്കിട്ടെടുത്തു.
1940ലെ ശിശിരത്തില്‍, പോളണ്ടിലെ ലക്ഷക്കണക്കിനു ജനങ്ങളെ, ട്രെയിനുകളിലും ട്രക്കുകളിലുമായി സോവിയറ്റ് യൂണിയനിലെ വിദൂര പ്രദേശങ്ങളായ അര്‍ച്ചെങ്കല്‍ (Archzngel), കസഖ്സ്ഥാന്‍, സൈബീരിയ എന്നിവിടങ്ങളിലേക്ക്, കൊടും തണുപ്പില്‍, നാടുകടത്തി. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത കൊടും ക്രൂരകൃത്യങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്. ആയിരക്കണക്കിന് സൈനികരെ നിഷ്‌ക്കരുണം തോക്കിന്നിരയാക്കി. (Katyn Forest Massacre)
നാടുകടത്തപ്പെട്ടവരുടെ യാത്ര ദുരിത പൂര്‍ണ്ണമായിരുന്നു. യാത്രക്കിടയില്‍ പലരും മരണത്തിന്നടിമപ്പെട്ടു. തുടര്‍ന്ന്, പതിനെട്ട് മാസക്കാലം മതിയായ സംരക്ഷണമില്ലാതെ സ്ത്രീകളും കുട്ടികളുമടക്കം ലക്ഷക്കണക്കിന് പോളണ്ടുകാര്‍ തൊഴിലെടുക്കുവാന്‍ നിര്‍ബ്ബന്ധിതരായി. വളരെ കഠിനമായ ജോലികളാണ് ഇവരെക്കൊണ്ട് ചെയ്യിച്ചിരുന്നത്. മരം വെട്ടുക, മരം മുറിക്കുക, ഇഷ്ടിക നിര്‍മ്മാണം, കിണര്‍ കുഴിക്കുക, മരവിച്ചു പോകുന്ന തണുപ്പില്‍ ഖനികളില്‍ ജീവന്‍ പണയം വച്ചുള്ള ജോലി എന്നിവ ചെയ്യുവാന്‍ സ്ത്രീ-പുരുഷ-പ്രായ ഭേദമെന്യെ ഇവര്‍ നിര്‍ബ്ബന്ധിതരായി. ജര്‍മനിയുടെ റഷ്യന്‍ ആക്രമണമാണ് ഈ ജനതയ്ക്ക് ഒരു ശാപമോക്ഷം നല്‍കിയത്.
1941 ജൂലായില്‍, സോവിയറ്റ് യൂണിയനും ജര്‍മ്മനിയും തമ്മിലുണ്ടാക്കിയ ”പോളിഷ് കരാറ” നുസരിച്ച്, സ്റ്റാലിന്‍ പോളണ്ട് യുവാക്കളുടെ ഒരു സൈന്യം രൂപീകരിക്കുവാന്‍ തീരുമാനിച്ചു. ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പോളണ്ട് യുവാക്കള്‍, ഗുശാര്‍, കെര്‍മിന്‍ എന്നീ കേന്ദ്രങ്ങളില്‍ അണിനിരന്നു.
പോളണ്ടിന്റെ പ്രശ്‌നം ചര്‍ച്ച ചെയ്യുവാനായി ബ്രിട്ടനിലെ പോളണ്ട് പ്രവാസി ഭരണകൂടം, ലണ്ടനില്‍ യോഗം കൂടി. ഈ യുദ്ധകാല മന്ത്രിസഭാ യോഗത്തില്‍, ഇന്ത്യയില്‍ ഗുജറാത്തിലെ ജാം നഗര്‍ മഹാരാജാ ജാം സാഹേബ് ദിഗ്‌വിജയ് സിംഗ്ജിയും പങ്കെടുത്തിരുന്നു. ആയിരത്തിനു താഴെ അഭയാര്‍ത്ഥികളെ താന്‍ ഏറ്റെടുത്തു സംരക്ഷിച്ചു കൊള്ളാമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ മഹാരാജാവിന്റെ കാരുണ്യ പ്രകടനത്തില്‍ ആവേശം കൊണ്ട മറ്റു രാഷ്ട്ര പ്രതിനിധികളും സമാന വാഗ്ദാനങ്ങളുമായി മുന്നോട്ടുവന്നു.
ആലംബഹീനരായ ആയിരക്കണക്കിനു പോളണ്ട് അഭയാര്‍ത്ഥികള്‍ക്ക്, ഭാരതത്തിലേക്കുള്ള യാത്രാപഥം പുതിയൊരു ലോകം കാഴ്ചവച്ചു. സോവിയറ്റ് യൂണിയനിലെ അതിശൈത്യ മേഖലകളില്‍നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച്, അവര്‍ ദക്ഷിണേഷ്യയിലെ ഊഷ്മളാന്തരീക്ഷത്തിലേക്ക് പ്രയാണമാരംഭിച്ചു.
ഈ യാത്രയും അതികഠിനമായിരുന്നു. ഒരു ബാലന്റെ ഡയറിക്കുറുപ്പുകളിലെ ഒരു താളില്‍ ഇങ്ങനെ എഴുതിയിരുന്നു. ‘അന്ന്, നല്ല തണുപ്പുള്ള ഒരു രാത്രിയായിരുന്നു. മഞ്ഞുവീഴ്ചയും നല്ല കാറ്റുമുണ്ടായിരുന്നു. അന്ന് ഫെബ്രുവരി പത്താം തീയ്യതിയായിരുന്നു. സമയം രാവിലെ മൂന്നു മണി. എല്ലാവരും ഗാഢനിദ്രയില്‍. വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. ഞാന്‍ ചാടിയെഴുന്നേറ്റു. ഭയംകൊണ്ട് ഞാന്‍ വല്ലാതെ വിറച്ചിരുന്നു. ആ മുറിയില്‍ എന്റെ അച്ഛനും അമ്മയും സഹോദരനും സഹോദരിയും ഉണ്ടായിരുന്നു. അച്ഛന്‍ എഴുന്നേറ്റ് വിളക്ക് തെളിയിക്കുകയും വാതില്‍ തുറക്കുകയും ചെയ്തു. തോക്ക് ധാരികളായ രണ്ട് ഉക്രൈയിനുകാരും നാല് റഷ്യക്കാരും അകത്ത് പ്രവേശിച്ചു. അവരിലൊരാള്‍, ‘നിങ്ങള്‍ക്കെവിടെയാണ് പോകേണ്ടത്?’, എന്ന് ചോദിച്ചു. അച്ഛന്‍ പെട്ടെന്ന് ‘അമേരിക്ക’ എന്ന് പറഞ്ഞു. അത് കേട്ടതും അവര്‍ കോപാ ക്രാന്തരായി. ഞങ്ങളെല്ലാം പരിഭ്രമിച്ചു. അമ്മ ഞങ്ങളുടെ എല്ലാ സാധനങ്ങളും എടുത്തടുക്കിവച്ചു. അടുത്തുള്ള റെയില്‍വേസ്റ്റേഷനിലേക്ക് കാല്‍നടയായി അവര്‍ ഞങ്ങളെ നയിച്ചു. പുലരിയോടുകൂടി ഞങ്ങള്‍ സ്റ്റേഷനിലെത്തി. രണ്ട് മണിക്കൂര്‍ കാത്തുനിന്നു. പിന്നീട് ഞങ്ങളോട് അവിടെയുണ്ടായിരുന്ന ഒരു ഗുഡ്‌സ് വാഗണില്‍ കയറിയിരിക്കുവാന്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസം, ആ വാഗണില്‍ ഞങ്ങള്‍ വിശപ്പടക്കുവാന്‍ ഒന്നും തന്നെയില്ലാതെ വലഞ്ഞു.”
ഇതിനു ശേഷം എന്തു നടന്നു എന്ന് വ്യക്തമല്ല. ഈ വിവരണം ഒരു ഉദാഹരണം മാത്രമാണ്. ഇതുപോലെ കുട്ടികള്‍ എഴുതിയ നൂറ്റിയിരുപതോളം ഡയറിത്താളുകള്‍ ലഭിച്ചിട്ടുണ്ട്.
ഭാരതത്തിലേക്കുള്ള ആദ്യസംഘത്തില്‍ അഞ്ഞൂറ് പേരാണുണ്ടായിരുന്നത്. ഇവരിലധികവും സ്ത്രീകളും കുട്ടികളുമായിരുന്നു. തുറമുഖത്ത് ഇവരെ മഹാരാജാവ് തന്നെ നേരിട്ടെത്തി സ്വീകരിച്ചു. അദ്ദേഹം അവരോട് പറഞ്ഞു:”അനാഥരാണെന്നുള്ള ചിന്ത നിങ്ങള്‍ക്കാര്‍ക്കും തന്നെ വേണ്ട. നിങ്ങള്‍ ഇനി നവാനഗരികളാണ്. എന്റെ മക്കള്‍. ഞാനാണ് നിങ്ങളുടെ ബാപ്പു.”
അന്ന്, ദിഗ്‌വിജയ് സിംഗ് ബ്രിട്ടീഷ് ഇംപീരിയല്‍ വാര്‍ കാബിനറ്റ് അംഗ, കൌണ്‍സില്‍ ഓഫ് പ്രിന്‍സസ്സിന്റെ ചാന്‍സലറുമായിരുന്നു. സ്വന്തം നാട്ടില്‍ നിര്‍മ്മൂലമാക്കപ്പെട്ടുകൊണ്ടിരുന്ന ജനതതിയെ അദ്ദേഹം തന്റെ രാജസ്ഥാനത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്തു. ലണ്ടനിലിരുന്നു ഭരണം നടത്തുകയായിരുന്ന പോളണ്ട് പ്രവാസി ഭരണകൂടത്തിലെ പ്രമുഖരുമായി അദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു. അവരുമായി അദ്ദേഹം ബന്ധപ്പെട്ടുകൊണ്ടുമിരുന്നു.
ജാം നഗര്‍ ബാലചാടിയില്‍ പോളണ്ടിലെ പൗരന്മാര്‍ക്ക് താമസിക്കുവാന്‍ വേണ്ടി ഒരു താവളം ഒരുക്കി. തന്റെ അതിഥികള്‍ക്ക് കേവലം അഭയം മാത്രമല്ല ദിഗ്‌വിജയ് സിംഗ് നല്‍കിയത്. അവരുടെ ക്ഷേമകാര്യങ്ങള്‍ അന്വേഷിക്കുകയും, അവരുടെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്തു. കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുവാന്‍ നടപടികളെടുത്തു. ആതുരസേവനത്തിനുള്ള സൗകര്യങ്ങളൊരുക്കി. ഭാരതീയ ഭക്ഷണം അവര്‍ക്ക് പറ്റുന്നില്ലെന്ന് മനസ്സിലാക്കി അവരുടെ താല്പര്യത്തിനനുസരിച്ച് ഭക്ഷണം പാചകം ചെയ്തു നല്‍കി.
പട്ട്യാല, ബറോഡ എന്നിവിടങ്ങളിലെ മഹാരാജാക്കന്മാരുമായി ദിഗ്‌വിജയ് സിംഗിനു നല്ല ബന്ധമുണ്ടായിരുന്നു. കൂടാതെ, ടാറ്റാ മുതലായ ധനിക കുടുംബങ്ങളുമായും ബന്ധപ്പെട്ടു. ഏകദേശം ആറ് ലക്ഷം രൂപയുടെ സഹായനിധി രൂപീകരിച്ചു. (അന്നത്തെ കാലത്ത്, ഇതൊരു വലിയ തുകയായിരുന്നു).
കോല്‍ഹാപൂരിലെ വാലിവാട്, ബോംബെയിലെ (ഇന്നത്തെ മുംബൈ) ഭിന്ദ്ര, പഞ്ച്ഗനി എന്നിവിടങ്ങളിലും ക്യാമ്പുകള്‍ തുറന്നു. രാജാ ദിഗ് വിജയ് സിംഗ് പോളണ്ട് പ്രവാസി ഭരണകൂടവുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. പോളണ്ടില്‍നിന്നും, കത്തോലിക്കാ പുരോഹിതരേയും പോളിഷ് അധ്യാപകരേയും ഭാരതത്തിലേക്ക് വരുത്തി. 1942 നും 1947 നും ഇടയില്‍, ഇരുപതിനായിരത്തോളം അഭയാര്‍ത്ഥികള്‍ പോളണ്ടില്‍നിന്നും ഭാരതത്തിലേക്ക് വരികയും താമസിക്കുകയും മടങ്ങുകയും ചെയ്തതായി രേഖകള്‍ വ്യക്തമാക്കുന്നു. ആറ് മാസം മുതല്‍ ആറ് വര്‍ഷം വരെയായിരുന്നു പലരുടെയും, ഇന്ത്യയിലെ താമസക്കാലം. ഇതില്‍ ആറായിരത്തോളം പേര്‍ക്ക് യുദ്ധകാലതാമസാവകാശം (War Dura-tion Domicile) നല്‍കപ്പെട്ടു.
കോല്‍ഹാപൂരിലെ വാലിവാട് കേന്ദ്രം
സോവിയറ്റ് യൂണിയനില്‍നിന്നും അഭയാര്‍ത്ഥികള്‍ ഭാരതത്തിലേക്ക് വന്നത് കരമാര്‍ഗ്ഗവും കടല്‍ മാര്‍ഗ്ഗവുമായിരുന്നു. ട്രക്കുകളില്‍ കുത്തിനിറക്കപ്പെട്ട്, മതിയായ ഭക്ഷണവും ജലവുമില്ലാതെ മദ്ധ്യേഷ്യയിലെ കൊടും ചൂടനുഭവിച്ച്, നരകതുല്യമായിരുന്നു ഇവരുടെ യാത്ര. കപ്പലില്‍ വന്നവര്‍ക്ക് ഒരു ദിവസം ഒരുനേരം മാത്രമായിരുന്നു ഭക്ഷണം. ദുര്‍ല്ലഭമായി മാത്രമാണ് വെള്ളം ലഭിച്ചത്. യാത്രാമദ്ധ്യേ, സ്‌കര്‍വി (കൊതുക് മൂലം ഉണ്ടാവുന്ന ഒരു രോഗം) പിടിപെട്ട് പലരും മരണപ്പെട്ടു. ഭാരതത്തില്‍ എത്തുന്നതുവരെ ഇവരുടെ സ്ഥിതി വളരെയധികം പരിതാപകരമായിരുന്നു.
ഭാരതത്തിലെ പോളണ്ട് അഭയാര്‍ത്ഥികളുടെ പ്രധാന കേന്ദ്രം കോല്‍ഹാപൂരിലുള്ള വാലിവാടായിരുന്നു. അയ്യായിരത്തോളം പേര്‍ അവിടെയുണ്ടായിരുന്നു. ക്രമേണ, വാലിവാട് ഒരു കൊച്ചു പോളിഷ് പട്ടണമായി വളര്‍ന്നു. ലണ്ടനിലുണ്ടായിരുന്ന പോളണ്ട് പ്രവാസി ഭരണകൂടവും വേണ്ട സഹായങ്ങള്‍ നല്‍കി. പോളണ്ടുകാരുടെ കാര്യങ്ങള്‍ നോക്കുവാന്‍ വേണ്ടി, അവരുടെതന്നെ ഒരു ഭരണസമിതിയേയും ഒരു ഭരണത്തലവനേയും തിരഞ്ഞെടുത്തു. ഒരു ക്രൈസ്തവ ആരാധനാലയം, കമ്മ്യുണിറ്റി സെന്റര്‍, അഞ്ച് പ്രാഥമിക പാഠശാലകള്‍, ഒരു ഹൈസ്‌കൂള്‍, ഒരു കോളേജ്, തപാല്‍നിലയം, നാടകശാല, സിനിമാശാല, കരകൗശല പരിശീലനകേന്ദ്രം, ഒരു വ്യാപാര കേന്ദ്രം തുടങ്ങിയവയും ആരംഭിച്ചു.
വാലിവാട്, ഭിന്ദ്ര, പഞ്ച്ഗനി, മൗണ്ട് അബു എന്നിവിടങ്ങളിലായിരുന്നു അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത്. പോളണ്ടിന്റെ താത്കാലിക തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശാനുസരണം വിക്റ്റര്‍ സ്റ്റെബോര്‍സ്‌കി, കിര ബാന്‍സിന്‍സ്‌ക എന്നിവരുടെ നേതൃത്വത്തിലുള്ള പോളിഷ് റെഡ്‌ക്രോസ് പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിച്ച് അഭയാര്‍ത്ഥി കേന്ദ്രങ്ങളുടെ നടത്തിപ്പ് നിരീക്ഷിക്കുകയുണ്ടായി. ഭാരതത്തിലെ എല്ലാ അഭയാര്‍ത്ഥികേന്ദ്രങ്ങളുടെയും മേല്‍നോട്ടചുമതല നിര്‍വ്വഹിച്ചത് മഹാരാജാവ് തന്നെയായിരുന്നു.
ഒരു സന്നിഗ്ദഘട്ടത്തില്‍ തങ്ങളുടെ പ്രജകളോട്, ഇന്ത്യയിലെ ഒരു മഹാരാജാവ് പ്രകടിപ്പിച്ച വാത്സല്യാതിരേകം പോളണ്ടിലെ ഭരണകൂടം മറന്നില്ല. വാര്‍സായിലെ ചില നഗരവീഥികള്‍ ജാം സാഹേബിന്റെ പേരിലറിയപ്പെടുന്നു. പോളണ്ട് ഭരണകൂടം ആവിഷ്‌കരിച്ച ചില ക്ഷേമ പദ്ധതികള്‍ അദ്ദേഹത്തിന്റെ സ്മരണ പേറുന്നു. ഓരോ വര്‍ഷവും പോളണ്ടിലെ പത്രമാധ്യമങ്ങളില്‍ മഹാരാജാവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നു.
മഹാരാജാ ദിഗ്വിജയ് സിംഗിന്റെ അമ്പതാം ചരമ വാര്‍ഷികദിനത്തോടനുബന്ധിച്ച്, പോളണ്ടിലെ പാര്‍ലമെന്റ് അദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു പ്രമേയം പാസ്സാക്കി.
‘പോളണ്ടിലെ, ആയിരക്കണക്കിന് സ്ത്രീകളേയും കുട്ടികളേയും ആത്മാര്‍ത്ഥതയോടെയും ലക്ഷ്യബോധ ത്തോടെയും സേവിച്ച, ജാം സാഹേബ് ദിഗ് വിജയ് സിംഗിന്റെ അമ്പതാം ചരമ വാര്‍ഷികമാണ് ഫെബ്രുവരി 3.’
വാര്‍സായിലെ വോല (Wola) എന്ന സ്ഥലത്ത് ജാം സാഹേബിന്റെ ഒരു പ്രതിമയുണ്ട്. ഇതിന്റെ അനാച്ഛാദന വേളയില്‍ ഭാരതത്തിന്റെ അംബാസഡര്‍ അജയ് ബിസാറിയയും വോലയിലെ മേയറും പങ്കെടുത്തിരുന്നു.
പോളണ്ടിലെ ഉന്നത ദേശീയ ബഹുമതിയായ ”കമാണ്ടര്‍ ക്രോസ്സ് ഓഫ് ദ ഓര്‍ഡര്‍ ഓഫ് മെറിറ്റ് ഓഫ് ദ പോളിഷ് റിപ്പബ്ലിക് ” Order Zasiuqi Rzeczy Pospolitej മരണാനന്തര ബഹുമതിയായി ദിഗ്‌വിജയ്‌സിംഗിനു നല്‍കപ്പെട്ടു. ഈ പ്രഖ്യാപനം നടത്തിയത് പോളണ്ട് പ്രസിഡന്റായ ബ്രോണിസ്ലാവ് കോമോറോവ്‌സ്‌കി ആയിരുന്നു. അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി. ”ഇന്ന് പോളിഷ് പാര്‍ലമെന്റ് ചെയ്തത് മറക്കാനാവാത്ത ഒരു മഹത്കൃത്യമാണ്.
സാമ്പ്രദായികമായും ചരിത്രപരമായും ഭാരതവും പോളണ്ടും ഒരേ മാനുഷികമൂല്യസംഹിത പങ്കു വയ്ക്കുന്നു. കടന്നു പോകുന്ന ഓരോ ദിവസവും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. അടുത്ത കാലത്ത് മുംബൈയില്‍ വച്ച് നടന്ന മെയ്ക്ക്- ഇന്‍- ഇന്ത്യ പരിപാടിയുമായി ബന്ധപ്പെട്ട് പോളണ്ട് ഉപപ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനം ഇരു രാജ്യങ്ങളുടെയും ബന്ധം ഊട്ടിയുറപ്പിക്കുന്നു.”
വാര്‍സായിലെ ഒരു ചത്വരത്തിനും, ജാം സാഹേബിന്റെ പേര് നല്‍കിയിരിക്കുന്നു. അദ്ദേഹത്തിന്റെ അപദാനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരു ലോഹഫലകവും അവിടെ സ്ഥാപിച്ചിട്ടുണ്ട്.
വാലിവാട് ഇന്ന്, ഭാരതത്തിലെ ‘ഒരു കൊച്ചു പോളണ്ട്’ എന്നറിയപ്പെടുന്നു. അതിന് ഊഷ്മളത പകര്‍ന്നത് ജാം സാഹേബ് ദിഗ്‌വിജയ് സിംഗ് രജ്ജിത് സിംഗ്ജി ജഡേജയുടെ സ്‌നേഹ വായ്പും ഹൃദയനൈര്‍മല്യതയുമാണ്. ജഡേജ കുടുംബത്തില്‍പ്പെട്ട പ്രസിദ്ധ ക്രിക്കറ്റ് താരം, രജ്ജിത് സിംഗ്ജി വിഭാജിയുടെ ഭാഗിനേയനാണ് മഹാരാജാ ദിഗ്‌വിജയ് സിംഗ്. 1895 ല്‍, സരോദരില്‍ ജനിച്ച ദിഗ്‌വിജയ് സിംഗ്, രണ്ട് ദശാബ്ദക്കാലം ഭാരതീയസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1931ല്‍ വിരമിച്ച അദ്ദേഹം, 1933 മുതല്‍ 1948 വരെ നവാനഗറിലെ മഹാരാജാവായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത്, അദ്ദേഹം ഇംപീരിയല്‍ വാര്‍ കാബിനറ്റിലും ദേശീയ സുരക്ഷാ കൗണ്‍സിലിലും അംഗമായിരുന്നു. ലീഗ് ഓഫ് നേഷന്‍സിലും യൂഎന്നിലും ഇന്ത്യയുടെ പ്രതിനിധിസംഘത്തിലെ അംഗമായിരുന്നു. 1966 ഫെബ്രുവരി മൂന്നിന്, മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. വസുധൈവകുടുംബകം എന്ന ഭാരതീയ ചിന്താധാരയില്‍ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ സല്‍പ്രവൃത്തികള്‍ രന്തിദേവന്റെ പുനര്‍ജന്മമാക്കി അദ്ദേഹത്തെ മാറ്റുന്നു.
രണ്ട് വര്‍ഷം മുമ്പ് ഭാരത പോളണ്ട് സംയുക്ത സംരംഭത്തില്‍, ”ജാം നഗറിലെ കുട്ടികള്‍” എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ചിത്രം നിര്‍മ്മിക്കപ്പെട്ടു. രാഷ്ട്രപതി ഭവനില്‍വച്ച് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സാന്നിധ്യത്തില്‍, ആ ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി. അനുരാധ സുമിത്, ഒസ്മണ്ട് ഷാ എന്നിവരാണ് ആ ചിത്രം സംവിധാനം ചെയ്തത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പോളണ്ടിലെ ആയിരത്തോളം കുട്ടികള്‍, സോവിയറ്റ് തടവറകളിലും, ബാലവേലാകേന്ദ്രങ്ങളിലും നിന്ന്, ദീര്‍ഘദൂരം സഞ്ചരിച്ച്, ഭാരതത്തിലെത്തുന്നതും ജാം സാഹേബിന്റെ കാരുണ്യസ്പര്‍ശം കൊണ്ട് സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ പൊരുതിക്കൊണ്ടിരുന്ന ഭാരതത്തില്‍, പുതിയ ഒരു ലോകം കണ്ടെത്തുകയും ചെയ്യുന്നതാണിതിലെ പ്രമേയം. പോളണ്ടിലെ ടി.വി മാധ്യമങ്ങളില്‍, അനേകം തവണ ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി.
കോല്‍ഹാപൂരിലെ പോളിഷ് സെമിത്തേരിയില്‍ 78 പോളിഷ് ജന്മങ്ങള്‍ നിദ്രകൊള്ളുന്നു. 2014 ല്‍, ഇവിടം സൗന്ദര്യവല്‍ക്കരിക്കപ്പെടുകയുണ്ടായി. പോളണ്ട് ഭരണകൂടത്തിന്റെ താല്പര്യ പ്രകാരമായിരുന്നു ഈ നടപടി. അവിടെയുള്ള കല്ലറകളില്‍, അതാത് വ്യക്തികളുടെ പേരുകള്‍ കൊത്തിവച്ചിരിക്കുന്നു. സ്വന്തം നാട്ടില്‍ നിന്നും അന്യരായി, സോവിയറ്റ് ഭീകരാന്തരീക്ഷത്തില്‍ നിന്നും മോചിതരായി, ഇന്ത്യയില്‍ അഭയം തേടിയ ഇവരുടെ ഓരോരുത്തരുടേയും കദനകഥ ആ കല്ലറകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഭാരതത്തില്‍ അവര്‍ക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കോല്‍ഹാപൂരിലെ മഹാവീര്‍ ഉദ്യാനത്തില്‍ ‘അബിലിന്‍സ്‌ക്’ എന്ന സ്മാരകം നിലകൊള്ളുന്നു. കഴുകന്റെ രൂപം കൊത്തിവച്ചിട്ടുള്ള ഈ സ്മാരകം സമര്‍പ്പിച്ചത് ‘അസോസിയേഷന്‍ ഓഫ് പോള്‍സ് ഇന്‍ ഇന്ത്യ 1942-48’ എന്ന സംഘടനയാണ്. പോളിഷ് സെമിത്തേരിയും ‘അബിലിന്‍സ്‌ക്’ സ്മാരകവും പോളണ്ട് ഗവണ്മെന്റിന്റെ നിയന്ത്രണത്തിലാണ്.
ഇന്ത്യയിലെ പോളണ്ട് കുടിയേറ്റത്തെ ആധാരമാക്കി പ്രൊ.അനുരാധ ഭട്ടാചാര്യ,The Comprehensive History of Polish Refugees in India എന്ന പേരില്‍ ഒരു പ്രബന്ധം 2006 ല്‍ പൂന സര്‍വകലാശാലയില്‍ അവതരിപ്പിക്കുകയുണ്ടായി. മറഞ്ഞുകിടന്ന പല വിവരങ്ങളും, അവരാണ് പുറംലോകത്തിലെത്തിച്ചത്.
രണ്ടാം ലോക മാഹായുദ്ധാവസാനം ഇന്ത്യയില്‍നിന്നും മടങ്ങിയ പോളിഷ് അഭയാര്‍ത്ഥികളില്‍ ആറു പേര്‍, വീണ്ടും ഭാരതത്തിലെത്തി. 90 വയസ്സ് പിന്നിട്ട അവരും, പോളിഷ് മന്ത്രിമാരും ഗുജറാത്ത് മുഖ്യമന്ത്രിയും അന്നത്തെ രാജാവിന്റെ പുത്രനായ ജാം ശത്രുഷാലിയാജിയും പങ്കെടുത്ത ഒരു ദിവസത്തെ ആഘോഷപരിപാടികള്‍ 2018 സെപ്റ്റംബര്‍ 30 ന് പോളിഷ് ഗ്രാമത്തില്‍ നടന്നു. രണ്ട് വര്‍ഷം മുമ്പ് ഇതേ വിഷയത്തില്‍ ഒരു ഡോക്യുമെന്ററി തയ്യാറാക്കിയ അനുരാധ A Little Poland in India എന്ന പേരില്‍ ഒരു ഹ്രസ്വചിത്രം കൂടി ചെയ്തു. അതില്‍ ആ ആറു പോളണ്ടുകാരും അഭിനയിച്ചു.
പോളിഷ് ജനത, പ്രത്യേകിച്ച് ബഗ് നദിയുടെ കിഴക്കേകരയിലുള്ള മുഴുവന്‍ ജനതയേയും സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ചെമ്പട നാട് കടത്തികൊണ്ടിരിക്കുമ്പോള്‍, ചരിത്രകാരന്മാര്‍ മൂടിവച്ച മറ്റൊരു സത്യമാണ്, ‘കാട്ടിയന്‍’ വനത്തില്‍ നടന്ന കൂട്ടക്കൊല. രണ്ടാം ലോകമഹായുദ്ധത്തില്‍, സോവിയറ്റ് യൂണിയന്‍ സഖ്യകക്ഷികളോട് ചേര്‍ന്നതോടുകൂടി ഈ സംഭവം സൗകര്യപൂര്‍വം ചരിത്രകാരന്മാര്‍ മറച്ചു വച്ചു. 22000 പോളണ്ട് സൈനികരെ, യാതൊരു വിചാരണയും കൂടാതെ കാട്ടിയന്‍ വനത്തില്‍ വച്ച് തോക്കിന്നിരയാക്കിയ ക്രൂരസംഭവം ഭാരതീയ ചരിത്രകാരന്മാരും മറച്ചുവച്ചു. ഒരു റഷ്യന്‍ പത്രപ്രവര്‍ത്തകന്‍ പറഞ്ഞത് പോലെ, സോവിയറ്റ് ഭരണകൂടം പോളണ്ടുകാരെ നാടു കടത്തിയപ്പോള്‍, പടിഞ്ഞാറന്‍ ചരിത്രകാരന്മാര്‍ സത്യത്തെ നാടുകടത്തി.
ചരിത്രകാരനായ നോര്‍മന്‍ ഡേവിഡ് ഇങ്ങനെ പറയുന്നു. ”ഇരുപത് ലക്ഷം പോളണ്ടുകാരെ നിര്‍ദാക്ഷിണ്യം, കന്നുകാലികളെപ്പോലെ കൊണ്ടുപോകുവാനായി ഉപയോഗിക്കുന്ന റെയില്‍ വാഗണുകളില്‍, കുത്തിനിറച്ച് സോവിയറ്റ് ധ്രുവ പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുകയും വഴിയില്‍ പകുതിയോളം പേര്‍ മരണമടയുകയും ചെയ്ത സംഭവമാണോ, നാസികളുടെ ഹോളോകാസ്റ്റാണോ, മാനുഷിക പരിഗണന കൂടുതല്‍ അര്‍ഹിക്കുന്ന സംഭവം? ഫലത്തില്‍ രണ്ടും ഒന്നുതന്നെയാണ്”
കാട്ടിയന്‍ സംഭവം പരാമര്‍ശിക്കാതെ പോളണ്ട് അഭയാര്‍ത്ഥിപ്രശ്‌നം ഒരിക്കലും പൂര്‍ണ്ണമാവില്ല.