ഹൈന്ദവപ്രസ്ഥാനങ്ങളുടെ മുഴുവന്‍ മാര്‍ഗദര്‍ശിമാരില്‍ പ്രമുഖനും തദ്വാരാ ലോകഹൈന്ദവസമൂഹത്തിന് ആരാധ്യനും ആശ്രയസ്ഥാനവുമായിരുന്ന ശ്രീ. വിശ്വേശതീര്‍ഥസ്വാമികള്‍ 2019 ഡിസംബര്‍ 29നു സ്ഥൂലശരീരത്തെ ഉപേക്ഷിച്ചു. വിശ്വഹിന്ദുപരിഷത്തിന്റെ സ്ഥാപകാംഗമായും രാമജന്മഭൂമി പ്രസ്ഥാനത്തിന്റെയും ഗോരക്ഷാപ്രസ്ഥാനങ്ങളുടെയും മുഖ്യശക്തിദാതാക്കളിലൊരാളായും മാനിക്കപ്പെടുന്ന സ്വാമികള്‍ ആറു ദശകങ്ങളിലേറെയായി ഹൈന്ദവനേതൃസ്ഥാനത്തു സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു. ഹിന്ദുധര്‍മ്മത്തിന്റെ പ്രചരണത്തിനുവേണ്ടി ഏറ്റവും ശക്തവും സാര്‍ഥകവുമായി പ്രവര്‍ത്തിച്ച മഹാപുരുഷന്മാരില്‍ സ്വാമിജിയുടെ നാമം എന്നും പ്രശോഭിക്കും. ഹിന്ദുത്വത്തിനെതിരെ ഉയരുന്ന എല്ലാ വെല്ലുവിളികളെയും ശക്തവും അതേസമയം സൗമ്യവുമായ രീതിയിലൂടെ പ്രതിരോധിക്കാനും സമാജത്തിന് ആത്മാഭിമാനവും ആത്മവിശ്വാസവും ദിശാബോധവും നല്‍കാനും സ്വാമിജി പ്രവര്‍ത്തിച്ചു.
വിശ്വഹിന്ദുപരിഷത്തിന്റെ രൂപീകരണസമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതില്‍ സ്വാമികള്‍ മാതൃകയായിരുന്നു. യാഥാസ്ഥിതികമനോഭാവങ്ങള്‍ വെടിഞ്ഞ് ഹിന്ദുസമൂഹം പുരോഗമിക്കുന്നതിനുള്ള സന്ദേശങ്ങളും പ്രവര്‍ത്തനങ്ങളും അവിടുന്ന് നിരന്തരം സമര്‍പ്പിച്ചു. കേരളത്തില്‍ നടന്ന ഏറെക്കുറെ എല്ലാ പ്രധാനപ്പെട്ട ഹൈന്ദവസമ്മേളനങ്ങളിലും സ്വാമിജിയുടെ അനുഗ്രഹപൂര്‍ണമായ സാന്നിധ്യം ഉണ്ടായിരുന്നു. കേരളത്തിന്റെ ഹൈന്ദവസംഘടനാ ചരിത്രത്തിലെ നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന 1982ല്‍ എറണാകുളത്തു നടന്ന വിശാല ഹിന്ദുസമ്മേളനത്തില്‍ സ്വാമിജി പങ്കെടുത്ത് അനുഗ്രഹിച്ചിരുന്നു. ധാരാളം മഹാത്മാക്കളുടെ സാന്നിധ്യമുണ്ടായ ആ സമ്മേളനത്തിലാണ് ‘ഹൈന്ദവാഃ സോദരാഃ സര്‍വേ’, ‘ന ഹിന്ദുഃ പതിതോ ഭവേത്’ തുടങ്ങിയ പുരോഗമനാത്കമായ സന്ദേശവാക്യങ്ങള്‍ കേരളീയ സമൂഹത്തില്‍ അവതരിപ്പിക്കപ്പെട്ടത്. ജാതീയതമായ ഉച്ചനീചത്വങ്ങള്‍ക്കുപരിയായ ഹൈന്ദവസമൂഹത്തിന്റെ ഏകതയ്ക്കായി സമ്മേളം ആഹ്വാനംചെയ്തു. തുടര്‍ന്ന് അവയുടെ സാക്ഷാത്കാരത്തിനായിക്കൊണ്ട് സ്വാമിജി നിരന്തരമായി യത്‌നിച്ചു. 2016ല്‍ ലക്ഷോപരി സജ്ജനങ്ങള്‍ പങ്കെടുത്തുകൊണ്ട് എറണാകുളത്തു സംഘടിപ്പിക്കപ്പെട്ട ഹൈന്ദവമഹാസമ്മേളനത്തിലും സ്വാമിജിയുടെ സാന്നിധ്യവും അനുഗ്രഹവും വലിയ പ്രചോദനമായിത്തീര്‍ന്നു. കോഴിക്കോട്ട് സനാതനധര്‍മപരിഷത്തിന്റെ സമ്മേളനത്തിലും സ്വാമിജി അനുഗ്രഹവര്‍ഷം ചൊരിഞ്ഞിട്ടുണ്ട്.
സനാതനധര്‍മത്തിനുവേണ്ടി ശക്തമായ നിലപാടുകളെടുത്ത ആ മഹാപുരുഷനെ ഭീകരവാദിയെന്നു കേരളത്തിലെ വികലദൃഷ്ടിയോടൊത്ത സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി ആക്ഷേപിച്ചിരുന്നു. എത്ര ആക്ഷേപിക്കപ്പെടുമ്പോഴും വിമര്‍ശിക്കപ്പെടുമ്പോഴും സൗമ്യഭാവത്തോടെ സ്വദൗത്യം നിര്‍വഹിച്ചുചരിച്ച ആ മഹാപുരുഷന്‍ കൃതാര്‍ഥനും ധന്യനുമായി. ധര്‍മമൂര്‍ത്തികളെ ആര്‍ക്കോവേണ്ടി നിന്ദിക്കുന്ന രാഷ്ട്രീയക്കാര്‍ ഒന്നോര്‍ക്കുന്നതു നന്ന്: ‘ന ഹി വശിഷു പഥ്യഃ പരിഭവഃ’
1931 ഏപ്രില്‍ 27ന് കര്‍ണാടകയിലെ ‘രാമകുഞ്ജ’യില്‍ ഭൂജാതനായ സ്വാമിജിയുടെ പൂര്‍വാശ്രമ നാമം വെങ്കടരമണഭട്ട് എന്നായിരുന്നു. 1938ല്‍ ഏഴാമത്തെ വയസ്സില്‍ പേജാവര അധോക്ഷജ മഠത്തിന്റെ ആചാര്യനായിരുന്ന വിദ്യാമാന്യതീര്‍ഥസ്വാമികളില്‍നിന്നു സന്ന്യാസദീക്ഷ സ്വീകരിച്ചു. ദ്വൈതസിദ്ധാന്തത്തിന്റെ പരമാചാര്യനായ ശ്രീ. മധ്വാചാര്യരാല്‍ സ്ഥാപിക്കപ്പെട്ട അഷ്ടമഠങ്ങളില്‍ ഉള്‍പ്പെട്ട പേജാവരമഠത്തിന്റെ ആചാര്യനും മഠാധിപതിയുമായി സുദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പേജാവര അധോക്ഷജമഠത്തിന്റെ 32-ാമത്തെ അധിപതിയായിരുന്നു സ്വാമിജി. ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിന്റെ ഭരണവും ആരാധനാധികാരവും അഷ്ടമഠങ്ങളില്‍ നിക്ഷിപ്തമാണ്. രണ്ടു വര്‍ഷം കൂടുമ്പോള്‍ അഷ്ടമഠങ്ങളില്‍നിന്നു മാറിമാറി ആചാര്യന്മാര്‍ അധികാരമേല്‍ക്കുന്നു. പര്യായം എന്നറിയപ്പെടുന്ന ഈ സമ്പ്രദായത്തിനനുസരിച്ച് വിശ്വേശതീര്‍ഥസ്വാമികള്‍ 5 പര്യായങ്ങള്‍ അധികാരസ്ഥാനത്തിരുന്നിട്ടുണ്ട്.
അഖില ഭാരത മാധ്വ മഹാമണ്ഡലം എന്ന സേവാസംഘടന സ്വാമിജി സ്ഥാപിച്ചതാണ്. ഈ പ്രസ്ഥാനം വിവിധ സാമൂഹ്യസേവാപ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുന്നു. വിവിധ വിദ്യാഭ്യാസപ്രസ്ഥാനങ്ങളും നടത്തുന്നു. 81 വര്‍ഷത്തെ തന്റെ സന്ന്യാസജീവിതത്തിലൂടെ ലോകത്തിനുമുമ്പില്‍ ലാളിത്യത്തിന്റെയും പ്രേമോദരപൂര്‍ണമായ ഇടപെടലുകളുടെയും അതേസമയം ഹിന്ദുത്വത്തിനുവേണ്ടിയുള്ള ശക്തമായ നിലപാടുകളുടെയും ഉത്തമ മാതൃക പ്രദര്‍ശിപ്പിച്ച സ്വാമിജി 88ാമത്തെ വയസ്സിലാണ് പേജാവരമഠത്തില്‍വെച്ച് സ്ഥൂലശരീരത്തെ ഉപേക്ഷിച്ചത്. സ്വാമികളോടുള്ള ആദരസൂചകമായി കര്‍ണാടക സര്‍ക്കാര്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
പല സന്ദര്‍ഭങ്ങളിലും അടുത്തിടപെടാനും ആ മഹിമ നേരില്‍ അനുഭവിച്ചറിയാനും ഇടയായിട്ടുണ്ട്. സ്വയം ദ്വൈതസിദ്ധാന്തത്തിന്റെ പരമാചാര്യനായിരിക്കെത്തന്നെ ഒരു ഭേദവുമില്ലാതെ എല്ലാ സന്ന്യാസിമാരോടും മറ്റു ഹൈന്ദവപ്രവര്‍ത്തകരോടും നിറഞ്ഞ സ്‌നേഹവാത്സല്യങ്ങളോടെയുള്ള ആ ഇടപെടല്‍ വിസ്മരിക്കാവതല്ല. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ചാലക്കുടിയില്‍ നടന്ന ഒരു സമ്മേളനത്തിലാണ് അവസാനമായി സ്വാമിജിയുമായി ഒത്തുചേര്‍ന്നത്. ശരീരം പ്രായത്തെയും ക്ഷീണത്തെയും വിളിച്ചറിയിച്ചിരുന്നെങ്കിലും ധര്‍മ്മത്തിനുവേണ്ടി മുഴങ്ങുന്ന ആ സൗമ്യശബ്ദം ഹിന്ദുസമാജം പുലര്‍ത്തേണ്ടുന്ന നിശ്ചയദാര്‍ഢ്യത്തെ ദ്യോതിപ്പിക്കുന്ന ശക്തിയോടൊത്തതായിരുന്നു. ആ പാവനചരിതന്റെ സ്മൃതിയില്‍ ദീര്‍ഘദണ്ഡനമസ്‌കാരങ്ങള്‍.