തസിപ്പിക്കുന്ന വിജയത്തിനു ശേഷം നരേന്ദ്ര ദാമോദര്‍ദാസ് മോദി പോയത് കാശി വിശ്വനാഥനെ തൊഴാനാണ്. കേരളത്തിലെ വിശ്വാസികള്‍ പോകേണ്ടത് ശബരിമല നൈഷ്ഠിക ബ്രഹ്മചാരിയെ തൊഴുത് നന്ദി പ്രകാശിപ്പിക്കാനാണ്. ശരിയായ അറിവ് നേടാത്ത വിശ്വാസികള്‍ മാത്രമേ കേരളത്തില്‍ ദുഃഖിതരാകൂ. ശബരിമല അയ്യപ്പസ്വാമി തിരഞ്ഞെടുപ്പില്‍ തങ്ങളോടൊപ്പം നിന്ന് വിജയിപ്പിക്കാത്തതെന്തെന്ന് അവര്‍ സംശയിക്കുന്നു. കുറ്റം പറയാനാവില്ല. നമ്മുടെയൊക്കെ വിശ്വാസത്തിന് ഇത്ര ദാര്‍ഢ്യമേയുള്ളൂ.
കാര്യമായ ഒരു കാരണവുമില്ലാതെ ബോധപൂര്‍വ്വം വിശ്വാസത്തെ തകര്‍ത്ത് നവോത്ഥാനം സ്വന്തം കക്ഷത്തിലാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ നെറികേടുകള്‍ കാട്ടുകയായിരുന്നു സി.പി.എമ്മും ഇടതുപക്ഷവും. സ്ത്രീപക്ഷത്തെ കയ്യിലെടുക്കാമെന്ന് കരുതിയ പ്രഹസനം. തലമുറകളായി അയ്യപ്പസ്വാമി വിശ്വാസികളുടെ മനസ്സിലെ അദൃശ്യശക്തിയാണ്. അവിശ്വാസികളുടെ മനസ്സിലുമിരുന്ന് സര്‍വ്വകാര്യങ്ങളും ചെയ്യിക്കുന്നത് ആ അദൃശ്യശക്തിതന്നെ.
ശബരിമലയില്‍ കാട്ടിയ കൊടും അക്രമങ്ങള്‍ക്കും ഭരണത്തിന്റെ തിണ്ണ മിടുക്കില്‍ പോലീസിനെക്കൊണ്ട് ചെയ്യിച്ച ക്രൂരതകള്‍ക്കും അയ്യപ്പശക്തി നല്ല ശിക്ഷ നല്‍കും എന്നു തന്നെ അയ്യപ്പഭക്തര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ വിശ്വസിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പ്രതീക്ഷിച്ചതിനു വിപരീതമായി ബി.ജെ.പിക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല. വോട്ടുശതമാനമൊക്കെ വന്‍തോതില്‍ കൂടി. കേരളത്തില്‍ ബി.ജെ.പി. ചിട്ടയായ പ്രവര്‍ത്തനം കാഴ്ചവെച്ചു. പാര്‍ട്ടി വളരുക തന്നെയാണ്. സീറ്റു കിട്ടാത്തതിന്റെ പേരില്‍ നേതൃത്വത്തെയും പ്രവര്‍ത്തകരെയും കുറ്റപ്പെടുത്തുന്നത് ശരിയല്ല.
കേരളത്തില്‍ ഇതുവരെ ഭരണത്തില്‍ വരാത്ത ബി.ജെ.പിയെ അധികാരമേല്‍പ്പിക്കാന്‍ സമയമായോ? ഭരണഭാരം ഏല്‍ക്കാനുള്ള പ്രാപ്തി കൈവരിച്ചോ എന്നൊക്കെ ന്യൂനപക്ഷവിഭാഗങ്ങള്‍ ന്യായമായും സംശയിച്ചു. നിത്യവും മാധ്യമങ്ങളിലൂടെ സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്ന വാര്‍ത്തകള്‍ നടുക്കത്തോടെ കേട്ട അവര്‍, സി.പി.എമ്മിനെ തകര്‍ത്ത്, കേരളം പലവട്ടം ഭരിച്ചിരുന്ന കോണ്‍ഗ്രസ്സിനെ ഭരണമേല്‍പ്പിച്ചു. ഒരു ചെറു പാളിച്ച പോലും സംഭവിച്ച് കൊലയാളികള്‍ വീണ്ടും അധികാരത്തിലെത്താന്‍ ഒരു പരീക്ഷണത്തിനും കേരളജനത തയ്യാറായിരുന്നില്ല. അവര്‍ ഒരുമിച്ച് എല്‍.ഡി.എഫ് എന്ന അക്രമി സംഘത്തിന്റെ തായ്‌വേരറുത്തു. സ്വയം നിലപാടെടുത്തു.
ഈ നിശ്ചയദാര്‍ഢ്യം ഈശ്വരന്‍ നല്‍കിയതാണ്. നൈഷ്ഠിക ബ്രഹ്മചാരിയായ സാക്ഷാല്‍ ധര്‍മ്മശാസ്താവ്! ഒറ്റ കോണ്‍ഗ്രസ്സുകാരന്‍ പോലും പ്രതീക്ഷിക്കാത്ത ഞെട്ടിപ്പിക്കുന്ന വിജയം! പുതിയ പരീക്ഷണത്തില്‍ ചെറിയ പിഴവെങ്കിലും പറ്റിയാല്‍ കുറെ സീറ്റുകളെങ്കിലും നേടി എല്‍.ഡി.എഫ് അവശേഷിക്കുമായിരുന്നു.
എല്‍.ഡി.എഫിന് കേരള ചരിത്രത്തിലേറ്റവും വലിയ തോല്‍വിയാണ് ജനങ്ങള്‍ നല്‍കിയത്. 18 സംസ്ഥാനങ്ങളില്‍ വട്ടപ്പൂജ്യമായ കോണ്‍ഗ്രസ്സ് കേരളത്തില്‍ മാത്രം ഈ വന്‍വിജയം നേടിയതെങ്ങിനെ? അവിടെയാണ് അയ്യപ്പസ്വാമിയുടെ ശക്തി അറിയേണ്ടത്. ഒറ്റ സീറ്റില്‍ മാത്രം ഒതുങ്ങിയ സി.പി.എം പശ്ചിമബംഗാളിലേയും ത്രിപുരയിലേയും അവസ്ഥയിലായിക്കഴിഞ്ഞു. പ്രളയത്തിനു ലഭിച്ച കോടികളും ധാര്‍ഷ്ട്യവും ഇപ്പോഴും ‘മൂലധന’മായുണ്ട്. വീണ്ടും ഉപതിരഞ്ഞെടുപ്പുകളില്‍ സഖാക്കളെ പോസ്റ്റ് ചെയ്ത് കള്ളവോട്ട് ചെയ്യും. കരുതലോടെ ഒരുമിച്ചുനിന്ന് ചെറുത്താല്‍ ഈ നാശം അവശേഷിക്കില്ല.
കഴിഞ്ഞ അഞ്ചു വര്‍ഷവും കുറെ മാധ്യമങ്ങള്‍ പശുവിന്റെ പേരില്‍ കള്ളക്കഥകള്‍ ചമച്ച് മോദിയെ തകര്‍ക്കാന്‍ നോക്കി. പക്ഷേ, സത്യം എല്ലാമതസ്ഥരും തിരിച്ചറിഞ്ഞു. ഇപ്പോഴിതാ വീണ്ടും തോറ്റുതകര്‍ന്നപ്പോള്‍ അതേ കോപ്രായങ്ങളുമായി തെരുവിലിറങ്ങാന്‍ നോക്കുന്നു. ചില മാധ്യമങ്ങളുടെ കപട വാര്‍ത്തകളെ തള്ളിക്കളയുക തന്നെ വേണം.