പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എരിതീയില്‍ എണ്ണയൊഴിക്കുന്നതില്‍ ആരെല്ലാം പങ്കാളികളായി എന്നറിയുന്നതിനുതന്നെ ദശാബ്ദങ്ങളുടെ കണക്കെടുപ്പു വേണ്ടിവരും. സംഘര്‍ഷത്തിന്റെ പരമ്പരയില്‍ ഏറ്റവും ഒടുവിലത്തേതാണ് ഈയിടെ ഇറാനും അമേരിക്കയുമായി നടന്ന മിന്നലാക്രമണങ്ങള്‍. ബാഗ്ദാദിലുണ്ടായ യു.എസ്. ആക്രമണത്തില്‍ ഇറാഖിന്റെ സൈനിക മേധാവിയെ വധിച്ചതിലൂടെ ഒരു പുതിയ ഗള്‍ഫ് യുദ്ധത്തിന് അമേരിക്ക തുനിഞ്ഞിറങ്ങിയതാണെന്ന ധാരണ പരന്നെങ്കിലും പ്രതികാരമായി യുഎസ്സിന്റെ ഇറാഖിലെ സൈനിക കേന്ദ്രങ്ങള്‍ ഇറാന്‍ ആക്രമിച്ചതോടെ ഇരുരാജ്യങ്ങളും തല്‍ക്കാലത്തേക്കെങ്കിലും ബലാബലത്തില്‍ നില്‍ക്കുകയാണ്. 1979ല്‍ ടെഹ്‌റാനിലെ യു.എസ്. എംബസി ആക്രമിച്ച് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവത്തിനു ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഇറാന്‍ നല്‍കിയതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇറാന്റെ സൈനിക മേധാവിയെ തന്നെ വധിക്കുന്ന ഒരവസ്ഥയിലേക്ക് യു.എസ്. – ഇറാന്‍ കുടിപ്പക വളര്‍ന്നിട്ടുണ്ടെന്ന വസ്തുത ശ്രദ്ധേയമാണ്. ഈ സംഘര്‍ഷം കേവലം ഇരുരാജ്യങ്ങളെ മാത്രം ബാധിക്കുന്ന ഒന്നല്ല. ലോകത്തിന്റെ ഏത് കോണിലുണ്ടാകുന്ന സംഘര്‍ഷവും ഇന്ന് ലോകത്തെ മുഴുവന്‍ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. പ്രത്യേകിച്ച് പശ്ചിമേഷ്യയിലെ സംഘര്‍ഷം ക്രൂഡ് ഓയിലിന്റെയും സ്വര്‍ണ്ണത്തിന്റെയും വിലയില്‍ വര്‍ദ്ധനവുണ്ടാക്കിയതും ഓഹരി വിപണിയിലെ ചലനങ്ങളുമെല്ലാം മുഴുവന്‍ ലോകരാജ്യങ്ങളെയും ബാധിക്കുന്ന കാര്യങ്ങളാണ്.
ഇറാനും യുഎസ്സുമായി ഏഴു പതിറ്റാണ്ടുകളുടെ ശത്രുത ഉണ്ടെങ്കിലും 2018ല്‍ ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് യു.എസ്. പിന്മാറിയതോടെയാണ് പ്രശ്‌നം കൂടുതല്‍ വഷളായത്. ഇതിനു പിന്നാലെ ഇറാന്റെ മേല്‍ അമേരിക്ക ഉപരോധങ്ങള്‍ കൊണ്ടുവന്നു. ഒമാന്‍ ഉള്‍ക്കടലില്‍ 2019 മെയ് – ജൂണ്‍ മാസങ്ങളിലായി 6 എണ്ണക്കപ്പലുകളില്‍ സ്‌ഫോടനമുണ്ടായി. ഇതിന്റെ പിന്നില്‍ ഇറാനാണെന്നാണ് യു.എസ് ആരോപിക്കുന്നത്. വ്യോമാതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ച് 2019 ജൂണ്‍ 20ന് ഹോര്‍മുസ് കടലിടുക്കിനു മുകളിലൂടെ പറന്ന യു.എസ്. ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടു. ഈ സംഭവത്തിനു ശേഷമാണ് ഇറാഖിലെ ഇറാന്‍ അനുകൂല ഷിയാ സായുധ സംഘടന കത്തബ് ഹിസ്ബുല്ല ഇറാഖിലെ യുഎസ് സൈനികത്താവളം ആക്രമിച്ച് ഒരു യു.എസ്. കരാറുകാരനെ കൊലപ്പെടുത്തിയത്. 2 ദിവസം കഴിഞ്ഞ് കത്തബ് ഹിസ്ബുല്ലയുടെ സിറിയയിലെയും ഇറാഖിലെയും താവളങ്ങള്‍ ആക്രമിച്ച് 25 പേരെ അമേരിക്ക വകവരുത്തുകയുണ്ടായി. ഇതില്‍ രോഷംപൂണ്ട് ജനക്കൂട്ടം ബാഗ്ദാദിലെ യു.എസ്. എംബസി കൈയേറിയിരുന്നു. സുരക്ഷ താറുമാറായതോടെ കുവൈത്തില്‍ നിന്നു ഹെലികോപ്റ്ററുകളും കൂടുതല്‍ സൈനികരേയും യു.എസ്സിനു വരുത്തേണ്ടി വന്നു. ഈ സംഭവ പരമ്പരകളുടെ തുടര്‍ച്ചയായാണ് യു.എസ്സിനെതിരായ നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നു എന്ന് അവര്‍ ആരോപിച്ച ഇറാന്റെ സൈനിക മേധാവിയായ സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ യു.എസ്. വക വരുത്തിയത്.
പശ്ചിമേഷ്യയിലെ ചെറുതും വലുതുമായ എല്ലാ രാജ്യങ്ങള്‍ക്കുമിടയില്‍ പലതരത്തിലുള്ള ശത്രുതയും നിലനില്‍ക്കുന്നുണ്ട്. ദശാബ്ദങ്ങളായി അമേരിക്കയും റഷ്യയും (പഴയ സോവിയറ്റ് യൂനിയന്‍) ഈ ശത്രുതയില്‍നിന്ന് മുതലെടുത്തുകൊണ്ട് മേഖലയില്‍ അവരുടെ സ്വാധീനം നിലനിര്‍ത്തുന്നു. മതപരമായ ഷിയാ-സുന്നി ഭിന്നതകള്‍, എണ്ണപ്പണത്തിന്റെ ധാരാളിത്തം കൊണ്ട് സമ്പന്നമായ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ എന്നിവയെല്ലാം ഈ മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ജനാധിപത്യപാതയില്‍ വേണ്ടത്ര മുന്നേറാന്‍ കഴിയാത്ത ഇസ്ലാമിക രാജ്യങ്ങള്‍ മിക്കതും ഇന്നും ഒരുതരം ഗോത്രവര്‍ഗ്ഗസംസ്‌കാരവും മരുഭൂമിയിലെ മതങ്ങള്‍ക്ക് പൊതുവെയുള്ള പരസ്പര ശത്രുതയും ക്രൂരതയും നിലനിര്‍ത്തുകയും ചെയ്യുന്നു. ലോകത്തെ ഏറ്റവും ക്രൂരരായ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന തീവ്രവാദസംഘടന രൂപംകൊണ്ടതും പ്രവര്‍ത്തിക്കുന്നതും പശ്ചിമേഷ്യയിലാണ്. ലോകസമാധാനത്തിന് എന്നും ഭീഷണിയായിട്ടുള്ള ഇത്തരം തീവ്രവാദ സംഘടനകള്‍ ഈ മേഖലയിലെ ഓരോ രാജ്യത്തും അനുദിനം വളര്‍ന്നുവരുന്നുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. ഇത്തരം പ്രവണതകളില്‍ നിന്ന് മുക്തമാവാത്തിടത്തോളം പശ്ചിമേഷ്യയിലെ സമാധാനം മരീചികയായി അവശേഷിക്കുകയേ ഉള്ളൂ.
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെ വളരെ ഗൗരവത്തോടുകൂടിയാണ് ഭാരതസര്‍ക്കാര്‍ കണ്ടത്. പ്രത്യേകിച്ച് ഗള്‍ഫില്‍ 60 ലക്ഷം പ്രവാസികളുള്ള ഭാരതം ആ മേഖലയിലെ ഏതു സംഘര്‍ഷവും ഭാരതത്തെ ബാധിക്കുമെന്ന കാഴ്ചപ്പാടില്‍, സംയമനത്തോടെയാണ് പ്രതികരിച്ചത്. ഇറാനുമായും അമേരിക്കയുമായും അടുത്ത നയതന്ത്രബന്ധവും വാണിജ്യബന്ധവുമുള്ള രാഷ്ട്രമെന്ന നിലയില്‍ സംഘര്‍ഷത്തില്‍ അയവു വരുത്തുന്ന തരത്തില്‍ ഭാരതം ഇരുരാഷ്ട്രത്തലവന്മാരുമായും ബന്ധപ്പെടുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി ഫോണില്‍ സംഭാഷണം നടത്തി. അതേസമയം വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ യു.എസ് വിദേശകാര്യ സെക്രട്ടറി പോംപെയോയെയും ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ശരീഫിനെയും ഫോണില്‍ വിളിച്ചു സംസാരിക്കുകയും ചെയ്തു. ഈ സംഭാഷണങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇന്ത്യ സ്വീകരിക്കുന്ന ഏതു നടപടിയേയും സ്വാഗതം ചെയ്യുന്നതായി ഇറാന്‍ അംബാസിഡര്‍ അറിയിച്ചത്. മേഖലയിലെ മറ്റു രാജ്യങ്ങളുമായും ഭാരത സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ട്. ദേശീയ കാഴ്ചപ്പാടോടെ നോക്കിക്കാണുന്നതിനുപകരം മതകാഴ്ചപ്പാടോടെ വിഷയത്തെ സമീപിച്ച് ഒരു വിഭാഗം മുസ്ലീങ്ങള്‍ക്കിടയില്‍ തീവ്രവര്‍ഗ്ഗീയ വികാരം ഇളക്കിവിടാന്‍ കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും ശ്രമിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്രതലത്തില്‍ ഭാരതത്തിനുളള പ്രതിച്ഛായയും ലോക രാജ്യങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സ്വീകാര്യതയും ഭാരതത്തിന്റെ നിലപാടുകളെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നുണ്ട്.