പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്യാന്‍ എന്ന് പറഞ്ഞുകൊണ്ട് ഇന്ന് രാജ്യത്ത് പലയിടത്തും, പ്രത്യേകിച്ച് കേരളത്തില്‍, നടക്കുന്നത് ഒരര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ്- കോണ്‍ഗ്രസ്- ജിഹാദി ഹാലിളക്കമാണ്. അത്തരം ശക്തികള്‍ ഒന്നിച്ചുവരുന്നു; കൈകോര്‍ക്കുന്നു. രാഷ്ട്രീയമായി വളരെ അകന്നുനില്‍ക്കുന്നവര്‍ ഇതിന്റെ പേരില്‍ തെരുവില്‍ കലാപമുണ്ടാക്കാനായി കൈകോര്‍ക്കുന്നു. ഇത് ദേശവിരുദ്ധമാണ് എന്നത് മാത്രമല്ല ഹിന്ദു വിരുദ്ധവുമാണ് എന്നത് പ്രത്യക്ഷത്തില്‍ കാണാം. കോണ്‍ഗ്രസ്സുകാരനായ കേരളത്തിലെ പ്രതിപക്ഷ നേതാവ് വിളിച്ചുചേര്‍ത്തത് ഇസ്ലാമിക സംഘടനകളുടെ യോഗമാണ്. കേരളത്തിലെ ഒരു കോണ്‍ഗ്രസ് എംപി അദ്ദേഹത്തിന്റെ മണ്ഡലത്തിലുള്ള ജമാഅത്ത് കമ്മിറ്റികള്‍ക്ക് പരസ്യമായി കത്ത് കൊടുത്തുകൊണ്ട് ഇന്ത്യ വിരുദ്ധ സമരത്തിന് പിന്തുണ അഭ്യര്‍ഥിക്കുന്നു. സിപിഎമ്മാവട്ടെ, പാര്‍ലമെന്റ് പാസ്സാക്കി രാഷ്ട്രപതി അംഗീകരിച്ച നിയമത്തെ പിന്തുണച്ചാല്‍, സംസ്ഥാനത്തെ ഗവര്‍ണറെ പോലും ജീവിക്കാന്‍ അനുവദിക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു; ഗവര്‍ണ്ണര്‍ പൊതുവേദിയില്‍ വെച്ച്—ആക്രമിക്കപ്പെടുന്നു. അതിലേറെ, ഇതൊക്കെ നടക്കുമ്പോഴാണ്, ഉത്തര്‍ പ്രദേശിലും കര്‍ണാടകത്തിലും ദല്‍ഹിയിലും നടന്ന അക്രമങ്ങള്‍, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് പിന്നിലുണ്ടായിരുന്നത് നിരോധിക്കപ്പെട്ട പഴയ ഒരു ഇസ്ലാമിക ഭീകര പ്രസ്ഥാനത്തിന്റെ പുതു അവതാരമാണ് എന്ന വസ്തുതകള്‍ പുറത്തുവരുന്നത്. ഒരുകാലത്ത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പിന്നീട് ജമ്മു കാശ്മീരിലും പാക് ചാര സംഘടനയുടെയും മറ്റും പിന്തുണയോടെ പരീക്ഷിച്ച അതേ വിധ്വംസക പദ്ധതികള്‍ കേരളത്തില്‍ പൗരത്വ നിയമത്തിന്റെ പേരില്‍ കൊണ്ടുവരുന്നു. ഇത് അപകടകരമാണ്, ഇത് ദേശവിരുദ്ധമാണ്, ഇത് ഹിന്ദുവിരുദ്ധവുമാണ്.
ബര്‍ക്കയും അയിഷയും പറഞ്ഞ സത്യം
പൗരത്വ നിയമഭേദഗതി സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ ഇവിടെ നടന്നുകഴിഞ്ഞു. എന്താണ് അത്, അതുകൊണ്ട് എന്താണ് ലക്ഷ്യമിട്ടത് എന്നതൊക്കെ മനസ്സും കാതും കണ്ണും തുറന്നുവെച്ചവര്‍ക്ക് മനസ്സിലായിക്കഴിഞ്ഞിട്ടുണ്ട്. ചിലര്‍ക്ക് അതൊന്നും മനസ്സിലാവുന്നില്ല എന്ന് പറയുന്നെങ്കില്‍ അതിന് കാരണം വേറെയാണ്. ഇത് മുസ്ലിം പ്രീണനത്തിന് പറ്റിയ അവസരമാണ് എന്നത് അവരില്‍ കുറേപ്പേര്‍ തിരിച്ചറിഞ്ഞു എന്ന വസ്തുതയാണ് കാണേണ്ടത്. ഇപ്പോള്‍ നടക്കുന്നത് മുസ്ലിം പ്രീണനത്തിന് വേണ്ടിയുള്ള പ്രതിപക്ഷ കക്ഷികളുടെ പടപ്പുറപ്പാടാണ് എന്നര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ വിവരമുള്ള മുസ്ലിം സഹോദരങ്ങള്‍ ഇതൊക്കെ തിരിച്ചറിയേണ്ടതാണ്. ഈ നിയമ ഭേദഗതിയില്‍ മുസ്ലിം വിരുദ്ധമായി യാതൊന്നുമില്ല എന്ന് പറഞ്ഞത് കടുത്ത ഹിന്ദു വിരുദ്ധയും ഇസ്ലാമിക താല്പര്യങ്ങളുടെ വക്താവുമായിട്ടുള്ള ബര്‍ക്ക ദത്ത് തന്നെയാണ്. ദല്‍ഹി ഇമാം നേരത്തെ ഇക്കാര്യം പറഞ്ഞിരുന്നു. ഒരു സംഭവം ഓര്‍ക്കുക. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി ദല്‍ഹിയിലെ ജാമിയ മിലിയ സര്‍വകലാശാലക്ക് മുന്നില്‍ നടന്ന അക്രമം ഓര്‍ക്കുന്നുണ്ടാവുമല്ലോ. അതിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നത് ഒരു മലയാളി പെണ്‍കുട്ടിയാണ്. കഴിഞ്ഞ ദിവസം മലപ്പുറത്ത് പിണറായിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പരസ്യമായി മാപ്പ് പറഞ്ഞ അതേ പെണ്‍കുട്ടി. അവര്‍ക്ക് ചില തീവ്ര നിലപാടുകളുള്ള ഇസ്ലാമിക സംഘടനകളുമായുള്ള ബന്ധം ഇതിനകം വെളിച്ചത്തായതാണ്. അവരുമായാണ് ബര്‍ക്ക ദത്ത് അഭിമുഖം നടത്തിയത്. വേറൊരു ‘സമര നായികയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അതില്‍ ആ പെണ്‍കുട്ടികള്‍ ചിലതൊക്കെ തുറന്നു സമ്മതിക്കുന്നുണ്ട്.
ഒന്ന്: പൗരത്വ ഭേദഗതിയില്‍ മുസ്ലിം വിരുദ്ധമായി ഒന്നുമില്ല.
രണ്ട് : നരേന്ദ്രമോദി സര്‍ക്കാര്‍ അയോദ്ധ്യ കയ്യടക്കി; കാശ്മീരില്‍ ഞങ്ങളുടെ താല്പര്യങ്ങള്‍ ഇല്ലാതാക്കി; മുത്തലാക്ക് നിയമഭേദഗതി കൊണ്ടുവന്നു; അപ്പോഴൊന്നും ഞങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് അതിന് കഴിയുന്നു.
മൂന്ന്: ഇത് മാത്രമല്ല, മോദി സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നത്; ഇനി എന്‍ആര്‍സി (പൗരത്വ രജിസ്റ്റര്‍) കൊണ്ടുവരുമെന്ന് പറഞ്ഞിട്ടുണ്ട്. അത് കൊണ്ടുവന്ന്— ഇന്ത്യയിലെ മുസ്ലിങ്ങളെ പുറത്താക്കലാണ് ബിജെപി- ആര്‍എസ്എസ് പദ്ധതി. അതുകൊണ്ടാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്.
ഈ വാക്കുകള്‍ ഇതുതന്നെയാവണമെന്നില്ല; ഓര്‍മ്മയില്‍ നിന്ന് കുറിച്ചതാണ്; എന്നാല്‍ അതാണ് അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം. കാര്യങ്ങള്‍ ഇതില്‍ നിന്ന് വ്യക്തമല്ലേ? അതായത്, പൗരത്വ നിയമ ഭേദഗതിയില്‍ തങ്ങള്‍ക്കെതിരായി ഒന്നുമില്ല. പക്ഷെ, നാളെ രൂപപ്പെടാനിടയുള്ള ഒരു പദ്ധതിയെ മുന്‍കൂട്ടി പ്രതിരോധിക്കാനുള്ള നീക്കമാണിത് എന്ന്. അതേസമയം ഇതിന് കാശ്മീരുമായി ബന്ധമുണ്ട്, അയോദ്ധ്യയുമായി ബന്ധമുണ്ട്, മുത്തലാക്കുമായി ബന്ധമുണ്ട് എന്നതും അവര്‍ സമ്മതിക്കുന്നു. ജമ്മു കാശ്മീരില്‍ അനുച്‌ഛേദം 370, 35എ എന്നിവ എടുത്തുകളഞ്ഞത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനാണ്. അയോദ്ധ്യയിലും മുത്തലാക്കിലും ഉണ്ടായത് സുപ്രീംകോടതി വിധികളാണ്. പൗരത്വ രജിസ്റ്റര്‍ എന്നത് രാജീവ് ഗാന്ധി 1985-ല്‍ നല്‍കിയ ഉറപ്പാണ്; പൗരന്മാരെ തിരിച്ചറിയാന്‍ ഏത് രാജ്യവും ചെയ്യുന്നതുമാണിത്. അതൊക്കെ മറന്നുകൊണ്ട് ഇവിടെ ഇക്കൂട്ടര്‍ തെരുവിലിറങ്ങി കലാപത്തിന് ശ്രമിക്കുന്നു. ഇസ്ലാമിക ഭീകര- തീവ്രവാദ സംഘടനകള്‍ അതൊക്കെ ചെയ്യുന്നതിലെ താല്പര്യം മനസ്സിലാക്കാം. എന്നാല്‍ അവരെക്കാള്‍ മോശമായി കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും രംഗത്ത് വന്നാലോ? ഭീകര സംഘടനകള്‍ക്ക് ശക്തി പകരാന്‍ രാഷ്ട്രീയ കക്ഷികള്‍ തുനിഞ്ഞാലോ? അതാണ് ഗൗരവത്തിലെടുക്കേണ്ടത്.
മൗലാന ചെന്നിത്തലയോ?
കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും പലപ്പോഴും ജിഹാദികള്‍ക്കൊപ്പമുള്ള നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. മാപ്പിള ലഹളയുടെ കാലത്തോളം അതിന് പഴക്കമുണ്ട് എന്നാരെങ്കിലും സമര്‍ത്ഥിക്കാന്‍ ശ്രമിച്ചാല്‍ കുറ്റപ്പെടുത്താനാവുകയുമില്ല. മുസ്ലിംലീഗിനെ രാഷ്ട്രീയത്തില്‍ വാഴിച്ചത് ഉള്‍പ്പെടെ എത്രയോ സംഭവങ്ങള്‍. അതില്‍ രണ്ടു മുന്നണികള്‍ക്കും, ഇടത്- വലത് പക്ഷങ്ങള്‍ക്ക്, ഉള്ള പങ്ക് ചെറുതല്ലല്ലോ. എന്‍ഡിഎഫിനൊപ്പം ഇക്കൂട്ടര്‍ നിന്നതിന് എത്രയോ ഉദാഹരണങ്ങള്‍. മാറാട് കൂട്ടക്കൊലക്ക് ശേഷമുണ്ടായ പ്രതികരണങ്ങള്‍ പോരെ അതിലെ അപകടം ബോധ്യമാവാന്‍. അവിടെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ഇസ്ലാമിക തീവ്രവാദ ശക്തികള്‍ക്കൊപ്പമായിരുന്നല്ലോ കേരളത്തിലെ രണ്ടു മുന്നണികളും. കേരളം കണ്ട ഏറ്റവും വലിയ ഇസ്ലാമിക ഭീകര പ്രസ്ഥാനത്തിന്റെ തലവനായ അബ്ദുല്‍ നാസര്‍ മദനിക്ക് വേണ്ടി ഇതേകൂട്ടര്‍ എന്തൊക്കെ ഒന്നിച്ചുനിന്നുകൊണ്ട് ചെയ്തു? സിമി പോലുള്ള സംഘടനകള്‍ നിരോധിക്കപ്പെട്ടപ്പോള്‍ അതിനെതിരെ രംഗത്തുവന്നവര്‍, അതിന്റെ പുതിയ രൂപത്തെ താലോലിച്ചവര്‍ ഒക്കെ ഇവിടെ രണ്ടുമുന്നണികളിലുമുണ്ട്. ആ സംഘടനകളുടെ ഭാഗമായിരുന്നവര്‍ ഇന്ന് ഇടത്-വലത് മുന്നണികളുടെ തലപ്പത്തുണ്ട് എന്നതും ഓര്‍ക്കാതെ വയ്യ. ഇന്നത്തെ പല നേതാക്കളുടെയും പിന്നാമ്പുറങ്ങള്‍ തേടിയാല്‍ അതൊക്കെ ബോധ്യമാവും. എന്തിനേറെ തൊടുപുഴയില്‍ ജോസഫ് മാസ്റ്ററുടെ കൈ വെട്ടിയപ്പോള്‍ പോലും ആ അക്രമത്തിന് ഉത്തരവാദികളായവരെ പരസ്യമായി ന്യായീകരിച്ച രാഷ്ട്രീയക്കാരുണ്ടായിരുന്നല്ലോ ഇന്നാട്ടില്‍.
കേരളത്തില്‍ അടുത്തദിവസം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുസ്ലിം മതനേതാക്കളുടെ ഒരു യോഗം വിളിച്ചുചേര്‍ത്തത് കാണാതെ പോകാനാവില്ലല്ലോ. രാജ്യം പാസ്സാക്കിയ നിയമത്തെ എതിര്‍ക്കാനായിട്ടാണ് ഈ പദ്ധതി. അതായത് രാജ്യത്തിനെതിരെ യുദ്ധ പ്രഖ്യാപനത്തിന് മതങ്ങളെ ആശ്രയിക്കുന്നു. ഈ പ്രതിപക്ഷ നേതാവിനെ മൗലാന ചെന്നിത്തല എന്നല്ലേ വിളിക്കേണ്ടത് എന്നാരെങ്കിലും ചോദിച്ചാല്‍ ആക്ഷേപിക്കാനാവുമോ? ഇതിനേക്കാള്‍ ഭയാനകമായ നാളുകള്‍ കുറച്ചുനാള്‍ മുന്‍പ് കേരളത്തിലുണ്ടായല്ലോ. അത് ഹിന്ദുക്കളെ ബാധിക്കുന്ന പ്രശ്‌നമായിരുന്നു; കോടാനുകോടി അയ്യപ്പ ഭക്തരെ അലട്ടിയ വിഷയമായിരുന്നു. അന്ന് ഇതേ ചെന്നിത്തല സമരരംഗത്തുണ്ടായിരുന്നോ; ഇല്ലതന്നെ. അന്ന് സമരരംഗത്ത് ഇറങ്ങിയ ഹിന്ദുക്കളെ പിന്നില്‍ നിന്ന് കുത്തുകയാണ് അവര്‍ ചെയ്തത്. സമരമല്ല വേണ്ടത് എന്നതായിരുന്നു എന്നവരുടെ നിലപാട്.
ഇതിന്റെയൊക്കെ തുടര്‍ച്ചയായിട്ടാണ് കേരളത്തില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നടത്തിയ ചില മാര്‍ച്ചുകളെ കാണേണ്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ എന്ന് പറഞ്ഞുകൊണ്ടാണ് അവ നടന്നത്. മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു അത് എന്നതാണ് പ്രത്യേകത; അതിന് മുന്നില്‍ കണ്ടത് കോണ്‍ഗ്രസ്- സിപിഎം നേതാക്കളും. മുസ്ലിങ്ങളെ അണിനിരത്തിക്കൊണ്ട് എല്ലാ വെള്ളിയാഴ്ചയും പ്രകടനങ്ങള്‍ നടത്താന്‍ മുന്‍കയ്യെടുക്കുകയാണിവര്‍. കേരളത്തില്‍ അതൊക്കെ നടക്കുന്നുവെങ്കില്‍ മറ്റ്— സംസ്ഥാനങ്ങളില്‍ അത് എത്രത്തോളമാവും എന്നത് ഊഹിക്കാമല്ലോ. വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് മുസ്ലിം ദേവാലയങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്, പ്രത്യേകിച്ചും ഉച്ച സമയത്ത്. ആ പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങുന്ന മുസ്ലിങ്ങളെ പ്രകടനത്തിലേക്ക് നയിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും ഒക്കെ ചെയ്യുന്നത്. പള്ളികളില്‍ പ്രാര്‍ത്ഥന സഭകളില്‍ കേന്ദ്ര വിരുദ്ധ പ്രസംഗങ്ങളും നടത്തുന്നു. ആ പ്രസംഗങ്ങള്‍ കേന്ദ്ര വിരുദ്ധം മാത്രമാണോ എന്നത് പരിശോധിക്കപ്പെടണം എന്ന് അഭിപ്രായമുള്ളവരെയും നാം കാണുന്നുണ്ടിപ്പോള്‍.
മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടുന്നവരെ തെരുവിലേക്ക് നയിക്കുന്നത് താല്‍ക്കാലികമായി ഒരു നേട്ടമായി കോണ്‍ഗ്രസും സിപിഎമ്മും കാണുന്നുണ്ടാവും. എന്നാല്‍ ആരൊക്കെയാണ് അതിനൊപ്പമുള്ളത് എന്നതവര്‍ തിരിച്ചറിയുന്നുണ്ടോ?; സംശയമാണ്. അക്കൂട്ടത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാരുണ്ട്, ഭീകരപ്രവര്‍ത്തനത്തിന് കുറ്റംചാര്‍ത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മദനിയുടെ കൂട്ടുകാരുണ്ട്, നിരോധിത സംഘടനകളുടെ നേതാക്കളുണ്ട് എന്നതൊക്കെ നാട്ടുകാര്‍ തിരിച്ചറിയുന്നു. ഏത് സംഘടനയില്‍ പെട്ടവരാണ് എന്ന് നോക്കിയല്ല പള്ളികളില്‍ പ്രാര്‍ത്ഥനക്കെത്തുന്നത്. പക്ഷെ, അവരെ നയിക്കാനാണ് സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ ഓടിച്ചെല്ലുന്നത്. അത് രാജ്യത്തിന് നല്‍കുന്ന സന്ദേശമെന്താണ് എന്നത് കോണ്‍ഗ്രസ്സുകാരെങ്കിലും ചിന്തിക്കണ്ടേ; അതോ തല്ക്കാലം മുസ്ലിം വോട്ടാണ് വേണ്ടത്, അതുകൊണ്ട് ആരുണ്ടെങ്കിലും കുഴപ്പമില്ല എന്നതാണോ?
കേരളത്തില്‍ മാത്രമല്ല ഈ കുതന്ത്രം കോണ്‍ഗ്രസ് നടത്തുന്നത്; തുടങ്ങിയത് ദല്‍ഹിയിലാണ്. അവിടെ ജുമാ മസ്ജിദില്‍ രണ്ടാഴ്ചമുമ്പ്, ഇമാമിന്റെ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട്, അക്രമത്തിന് ഒരു കൂട്ടം തയ്യാറായപ്പോള്‍ അതിനൊപ്പം കോണ്‍ഗ്രസ്സുകാരും കെജ്‌രിവാളിന്റെ എഎപിക്കാരുമുണ്ടായിരുന്നു. അവരാണ് അന്ന് പ്രകടനത്തിന് നേതൃത്വം നല്‍കിയത്. പള്ളിയില്‍ അവിടെ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് ആയിരങ്ങള്‍ എത്താറുണ്ട്; അവരില്‍ കുറേപ്പേരെ അക്രമസമരത്തിലേക്ക് നയിക്കുകയായിരുന്നു. മുസ്ലിം ജനത മുഴുവന്‍ ഇക്കൂട്ടരുടെ പ്രേരണക്ക് വഴങ്ങുന്നില്ല എന്നതും ഇവിടെ ഓര്‍ക്കേണ്ടതാണ്. ഇമാം പോലും ആ സമരമാര്‍ഗ്ഗങ്ങളെ വിമര്‍ശിച്ചുവല്ലോ. പക്ഷെ കുറേപ്പേര്‍ അവരുടെയൊപ്പം കൂടി; സമാധാന സമരമാവും എന്ന് ഉറപ്പുകൊടുത്തിട്ടാണ് പോലീസ് അതിന് അനുമതി നല്‍കിയത് എന്നതോര്‍ക്കുക. എന്നാല്‍ അത് അക്രമാസക്തമായി. വഴിയില്‍ കണ്ടതൊക്കെ അവര്‍ ആക്രമിച്ചു, വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി; പൊലീസുകാരെ ആക്രമിച്ചു.
ഭിം ആര്‍മിയുടെ നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഈ അക്രമി സംഘത്തിലുണ്ടായിരുന്നു എന്ന് ദല്‍ഹി പോലീസ് തിരിച്ചറിഞ്ഞു. ജുമാ മസ്ജിദില്‍ കടന്നുചെന്ന് മുസ്ലിം സഹോദരങ്ങളെ വഴിതെറ്റിക്കാന്‍ ഇറങ്ങിത്തിരിച്ചത് അത്തരക്കാരാണ്. യു.പിയില്‍ അനവധി വര്‍ഗീയ കലാപങ്ങളില്‍ അയാള്‍ക്ക് പങ്കുള്ളതായി മുന്‍പ് തെളിഞ്ഞിരുന്നു; അയാളുടെ ബന്ധങ്ങള്‍ പലതും രാജ്യവിരുദ്ധ ശക്തികളുമായിട്ടാണ് എന്നതും കേന്ദ്ര ഏജന്‍സികളും യു.പി പോലീസും മറ്റും കണ്ടെത്തിയതാണ്. ഇയാളുടെ ഐഎസ്‌ഐ പോലുള്ള സംഘടനകളുമായുള്ള അടുപ്പം, മാവോയിസ്റ്റ് സംഘങ്ങളുമായുള്ള ബന്ധം ഒക്കെ പലവട്ടം ചര്‍ച്ചചെയ്തിട്ടുമുണ്ട്. അത്തരമൊരാളെ എന്തിനാണ് മുസ്ലിം സമൂഹം ജുമാ മസ്ജിദില്‍ എത്തിച്ചത്, അല്ലെങ്കില്‍ പരിപാവനമായ ആ പള്ളിയില്‍ കടന്നുചെല്ലാന്‍ അനുവദിച്ചത്? ഇവിടെ വേറൊന്ന് കൂടി ഓര്‍മ്മിക്കേണ്ടതുണ്ട്. ഇത്തരമൊരാളെ മായാവതി പോലും യു.പിയില്‍ കൂടെക്കൂട്ടാന്‍ മടിച്ചതാണ്. അഖിലേഷ് യാദവും വിട്ടുനിന്നു. പക്ഷെ, ആ ദേശവിരുദ്ധ പിന്നാമ്പുറമുള്ളയാളെ പണവും മറ്റുപലതും നല്‍കി താലോലിച്ചത് കോണ്‍ഗ്രസ്സാണ്, പ്രിയങ്ക-രാഹുല്‍ ഗാന്ധിമാരാണ്. അതേ സംഘം തന്നെയാണോ ഇയാളെ ഇന്നിപ്പോള്‍ ജുമാ മസ്ജിദിലേക്കും എത്തിച്ചത് എന്നത് അന്വേഷിക്കേണ്ടതാണ്. ജാമിയ മിലിയയിലും ചില മുസ്ലിം പോക്കറ്റുകളിലും കുഴപ്പമുണ്ടാക്കാന്‍ എത്തിയവരുടെ പിന്‍നിരയില്‍ ചില കോണ്‍ഗ്രസ്സുകാരുണ്ടായിരുന്നു എന്നതും ഇതോടൊപ്പം വായിക്കേണ്ടതാണ്. ഇതൊക്കെ കഴിഞ്ഞ് അയാളെ ദല്‍ഹി പോലീസ് പിറ്റേന്ന് പുലര്‍ച്ചെ ജുമാ മസ്ജിദിന് മുന്നില്‍ നിന്ന് പിടികൂടി. ഒരു രാത്രി മുഴുവന്‍ അയാളെ പള്ളിയില്‍ സംരക്ഷിച്ചു എന്നര്‍ത്ഥം. എന്താണിത് കാണിക്കുന്നത്? ഇത് മുസ്ലിം പ്രക്ഷോഭമാണ് എന്ന് പറയുമ്പോള്‍ തന്നെ അതിലേക്ക് ഇസ്ലാമിക തീവ്രവാദികള്‍, മാവോയിസ്റ്റ് അക്രമകാരികള്‍, ദേശവിരുദ്ധര്‍ എന്നിവരെ എന്തിന് കൊണ്ടുവരണം? അത് ആരുടെ താല്പര്യമാണ്? ഇത് ഇങ്ങനെപോകാനാവില്ല എന്ന് നേരത്തെ പറഞ്ഞത് അജ്മീര്‍ ദര്‍ഗയിലെ മേധാവിയാണ് എന്നതോര്‍ക്കുക.
ഇന്നിപ്പോള്‍ പിഎഫ്‌ഐക്കെതിരെ ശക്തമായ നടപടിക്ക് ചില സംസ്ഥാനങ്ങള്‍ തയ്യാറെടുക്കുകയാണ് എന്നതാണ് സൂചനകള്‍. കര്‍ണാടകവും ഉത്തര്‍പ്രദേശും ഉറച്ച നിലപാടുകള്‍ എടുക്കുന്നു. യുപി സര്‍ക്കാര്‍ ഈ കലാപത്തിലെ അവരുടെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ ജാമിയ മിലിയയിലെ വിദ്യാര്‍ഥിനികള്‍ പോലും ഉള്‍പ്പെട്ട അക്രമ-തീവെപ്പ് കേസുകള്‍ക്ക് പിന്നിലുണ്ടായിരുന്നത് പോപ്പുലര്‍ഫ്രണ്ട് നേതാക്കളാണ് എന്നത് ദല്‍ഹി പോലീസ് പറയുന്നുണ്ട്. 150 -ഓളം പോപ്പുലര്‍ ഫ്രണ്ടുകാര്‍ സംഭവത്തിന് മുന്‍പേ ജാമിയ മിലിയ കാമ്പസില്‍ എത്തിയിരുന്നുവെന്നും അവര്‍ക്ക് വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ കൊടുത്തിരുന്നു എന്നും അവരെ അനധികൃതമായി ഹോസ്റ്റലുകളില്‍ പാര്‍പ്പിച്ചു എന്നതുമൊക്കെ ഇതിനകം ചര്‍ച്ചാവിഷയമായിട്ടുണ്ട്. സര്‍വകലാശാല അധികൃതര്‍ അക്രമികളെ വെള്ളപൂശാന്‍ ശ്രമിച്ചതും ഈ വേളയില്‍ ഓര്‍ക്കേണ്ടതുണ്ടല്ലോ. മംഗലാപുരത്ത്— വര്‍ഗീയ കലാപമഴിച്ചുവിട്ടതും അതെ കൂട്ടര്‍ തന്നെയാണ്. ഇതൊക്കെ ദേശീയ മാധ്യമങ്ങളില്‍ ഇതിനകം വന്നിട്ടുള്ള കാര്യങ്ങളാണ്. വേറൊന്ന് കേട്ടത്, യു.പിയിലും കര്‍ണാടകത്തിലുമൊക്കെ അക്രമം നടത്തിയവര്‍ക്ക് കേരളവുമായി ബന്ധമുണ്ട് എന്നതാണ്.
അവിടെയൊക്കെ രാഷ്ട്രീയക്കാരുടെ പിന്നാലെ പോയി സമരത്തില്‍ പങ്കാളികളായവര്‍ക്ക്, അക്രമങ്ങള്‍ക്ക് കൂട്ടുനിന്നവര്‍ക്ക്, പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍ക്ക്, ഇനിയും സമാധാനിക്കാവുന്ന അവസ്ഥ ഉണ്ടായിട്ടില്ല. ഇത്തരമൊരു വേളയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്സുകാരും സിപിഎമ്മുകാരുമൊക്കെ ഇത്തരം ശക്തികളുമായി ചേര്‍ന്ന് ഇപ്പോഴും തെരുവിലിറങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ കേരളത്തിലെ മുസ്ലിം സമൂഹത്തെ ആകെ അപമാനിക്കുകയാണ്, കുഴപ്പത്തില്‍ ചാടിക്കുകയാണ്. ബിജെപി വിരോധം പറഞ്ഞുകൊണ്ട് മുസ്ലിങ്ങളെ മുതലെടുക്കുകയാണ്. അത് തിരിച്ചടിക്കുമെന്നതില്‍ സംശയമില്ല. ഉത്തരേന്ത്യയില്‍ ഇന്നിപ്പോള്‍ സമരം തളര്‍ന്നു കൊണ്ടിരിക്കുന്നു. അതിന്റെ സൂചനകളാണ് യു.പിയില്‍ നിന്ന് വന്നിരിക്കുന്നത്. പ്രിയങ്ക ഗാന്ധി നടത്തിയ നാടകങ്ങള്‍ അവരുടെ ഉദ്യമങ്ങള്‍ക്ക് ജനപിന്തുണ കുറഞ്ഞതിന്റെ ആശങ്കയില്‍ നിന്നും അങ്കലാപ്പില്‍നിന്നും ഉടലെടുത്തതാണല്ലോ.
കേരളത്തില്‍ ഗവര്‍ണ്ണറും ആക്രമിക്കപ്പെടുന്നു
ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാനാണ് ഗവര്‍ണര്‍ കണ്ണൂരിലെത്തിയത്. ചടങ്ങ് നടന്നത് കണ്ണൂര്‍ സര്‍വകലാശാലയിലും. അദ്ദേഹത്തെ വേദിയില്‍ ഇരുത്തികൊണ്ട് പലരും പലതുമൊക്കെ സംസാരിച്ചു; ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണ് എന്നുവരെ പറഞ്ഞൊപ്പിച്ചു. എല്ലാം രാഷ്ട്രീയ പ്രസംഗം. ഇര്‍ഫാന്‍ ഹബീബിനെപ്പോലുള്ള ഒരാള്‍ ആ ചടങ്ങിനിടെ ഗവര്‍ണ്ണര്‍ക്കരികിലേക്ക് ആക്രോശിച്ചുകൊണ്ട് ഭീഷണിയുമായി ഓടിയടുക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്നതും മറ്റും നാം കണ്ടു. ഗവര്‍ണ്ണര്‍ ആക്രമിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിട്ടും ഗൗരവത്തിലുള്ള ഒരു പ്രതികരണം കേരളത്തിലെ ഭരണകേന്ദ്രങ്ങളില്‍ നിന്നുണ്ടായോ? ഒരു നല്ല മുസ്ലിമായ, പണ്ഡിതനായ ഗവര്‍ണറാണ് അദ്ദേഹം; അങ്ങിനെയൊരാളാണ് കേരള മണ്ണില്‍ ആക്ഷേപിക്കപ്പെടുന്നത്, ആക്രമിക്കപ്പെടുന്നത്, ജീവന് വരെ ഭീഷണി നേരിടുന്നത്.
ഇവിടെ നാം മറന്നുകൂടാത്തത്, ഗവര്‍ണറെ ക്ഷണിച്ചുകൊണ്ടുവന്ന് ആക്ഷേപിക്കുകയും ആക്രമിക്കുകയുമായിരുന്നു എന്നതാണ്. കണ്ണൂര്‍ സര്‍വകലാശാല ആണ് ചരിത്ര കോണ്‍ഗ്രസിന്റെ മുഖ്യ സംഘാടകര്‍. സര്‍വകലാശാല ഫണ്ടാണ് അതിനായി മാറ്റിവെച്ചത്. സര്‍വകലാശാലയുടെ ചാന്‍സലറാണ് ഗവര്‍ണ്ണര്‍. പൊതു ഖജനാവില്‍ നിന്ന് ചിലവിടുന്ന പണം ഉപയോഗിച്ചുകൊണ്ട് നടത്തിയ പരിപാടിക്കിടെയാണ് ഗവര്‍ണ്ണര്‍ ആക്രമിക്കപ്പെട്ടത്. ഇത് ആസൂത്രിതമായിരുന്നു എന്ന് തീര്‍ച്ച. ആരിഫ് മുഹമ്മദ്ഖാന്‍ ആ വേദിയിലേക്ക് എത്തുന്നതിന് മുന്‍പുതന്നെ സഖാക്കള്‍ കരിങ്കൊടിയുമായി, മുദ്രാവാക്യവുമായി തെരുവിലുണ്ടായിരുന്നുവല്ലോ. അത് പോലീസ് തടഞ്ഞില്ല. അതുകൊണ്ടുകൂടിയാണ് ഔദ്യോഗിക ചടങ്ങില്‍ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പ്രതിഷേധവും അക്രമവുമാണ് എന്ന് കരുതാന്‍ ഒരാള്‍ നിര്‍ബന്ധിതമാവുന്നത്. അവിടെ പ്രോട്ടോക്കോള്‍ ലംഘിക്കപ്പെട്ടു എന്ന് പറഞ്ഞത് സര്‍വകലാശാല വൈസ് ചാന്‍സലറാണ്. എന്നാല്‍ സംസ്ഥാന പോലീസ് ഇനിയും അതിനുത്തരവാദികളായവരെ പിടികൂടിയോ? കേസെടുത്തോ? ഒരു സാധാരണ പോലീസ് കോണ്‍സ്റ്റബിളിനെ വഴിയില്‍ തടഞ്ഞാല്‍ പിടിച്ചു അകത്തിടുന്നവരാണ് കേരളത്തിലെ പോലീസ്; അവരാണ് ഗവര്‍ണ്ണര്‍ക്കുണ്ടായ അനുഭവത്തെ കാണാതെപോകുന്നത്. ഇനി നാളെ, ഗവര്‍ണ്ണര്‍ക്ക് കേന്ദ്ര സേനയുടെ സംരക്ഷണയില്‍ കേരളത്തില്‍ ജീവിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായാലോ? സംസ്‌കാര സമ്പന്നമെന്ന് സ്വയം ഉദ്‌ഘോഷിക്കുന്ന കേരളത്തിനോ ഒരു ഇടതുപക്ഷ സര്‍ക്കാരിനോ അത് ഭൂഷണമാവുമോ? അത് ചിന്തിക്കേണ്ടത് മുഖ്യമന്ത്രി ആയിരുന്നു; ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. ഗവര്‍ണ്ണര്‍ക്ക് കണ്ണൂര്‍ സര്‍വ്വകലാശാലയിലുണ്ടായതിന്റെ പത്തിലൊന്ന് മുഖ്യമന്ത്രിയുടെ നേര്‍ക്കുണ്ടായി എങ്കില്‍ എന്താവുമായിരുന്നു അവസ്ഥ? സുരക്ഷാ കാര്യങ്ങളില്‍ ഇരട്ടത്താപ്പ് ഒരു ഭരണകൂടത്തിനും ഉചിതമല്ല; അത് രാജ്യത്തിന് തെറ്റായ സന്ദേശം നല്‍കുകയും ചെയ്യും.
ഇര്‍ഫാന്‍ ഹബീബ് എന്നും കാപട്യത്തിന്റെ മുഖം
ഇടത് സഹയാത്രികനും ചരിത്രകാരന്‍ എന്ന് പറഞ്ഞു നടക്കുന്നയാളുമായ ഇര്‍ഫാന്‍ ഹബീബിനെയും ഇടതുപക്ഷ – മതമൗലികവാദികളെയും കൂട്ടാളികളെയും എന്താണ് ഇപ്പോള്‍ വിഷമിപ്പിക്കുന്നത്? പാര്‍ലമെന്റ് പാസ്സാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമാവുകയും ചെയ്ത നിയമ ഭേദഗതിയെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ സമ്മേളനവേദിയിലുണ്ടായി. കശ്മീര്‍ അടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്റെ, രാജ്യത്തിന്റെ, നിലപാടുകളെ പരസ്യമായി വിമര്‍ശിക്കാന്‍ ഗവര്‍ണറെ വേദിയിലിരുത്തിക്കൊണ്ട് ചിലര്‍ പ്രസംഗിക്കാന്‍ തയ്യാറായി. എന്നാല്‍ അതൊക്കെ കേട്ട് സമാധാനപരമായി തന്റെ പ്രസംഗത്തിലേക്ക് ഗവര്‍ണ്ണര്‍ കടന്നപ്പോള്‍ പലരുടെയും കപടത തുറന്നുകാട്ടപ്പെട്ടു. പ്രസംഗത്തിനിടെ മൗലാന ആസാദിനെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ധരിച്ചത്; വിഭജനത്തോടെ കുറെ അഴുക്കുകള്‍ ഇല്ലാതായെന്നും എന്നാല്‍ ബാക്കിയായ ചില കുഴികളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ദുര്‍ഗന്ധം പരത്തുന്നുവെന്നും മൗലാനാ ആസാദ് പറഞ്ഞിട്ടുണ്ട് “ എന്ന്. ബാക്കിയായ ചിലത് ദുര്‍ഗന്ധം വമിപ്പിക്കുന്നു, അത് കുഴികളില്‍ കെട്ടിനില്‍ക്കുന്നതാണ്’എന്ന് പറഞ്ഞപ്പോള്‍ ചിലരുടെ മനസ്സില്‍ സ്വത്വബോധമുയര്‍ന്നു എന്നല്ലേ പ്രതിഷേധം കാണുമ്പോള്‍ തോന്നേണ്ടത്. അക്കൂട്ടത്തിലാണ് താന്‍ എന്ന് ചിലര്‍ക്ക് സ്വയം തോന്നിയാലെന്ത് ചെയ്യാനാവും?
വേറെ ചില സത്യങ്ങള്‍കൂടി ഗവര്‍ണ്ണര്‍ പറഞ്ഞിരുന്നു; “ കേരളം വിഭജനത്തിന്റെ പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടില്ല. കേരളത്തിലുള്ളവര്‍ക്ക് മറ്റുള്ളവരോട് അനുതാപം കൂടുതലാണ്. വിഷയം മനസ്സിലായില്ലെങ്കില്‍ പോലും മറ്റുള്ളവര്‍ക്കൊപ്പം പ്രക്ഷോഭത്തിനിറങ്ങും. പുരോഗമനപരമായി ചിന്തിച്ചാല്‍ ഒരാളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വേര്‍തിരിവും പാടില്ല. കാശ്മീരില്‍ പാകിസ്ഥാന്‍ ഇപ്പോഴും ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ വിഭജനം എന്നത് പഴങ്കഥയോ പഴയ ചരിത്രമോ ആയിക്കാണാന്‍ കഴിയില്ല, അതുകഴിഞ്ഞ് പാക് ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്ന ഹിന്ദുവിന് മുസ്ലിങ്ങളായ താരങ്ങള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും സാധിച്ചിരുന്നില്ല എന്നതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതൊക്കെ ചരിത്രമല്ലേ, വസ്തുതയല്ലേ? പാകിസ്ഥാനെക്കുറിച്ച് പറഞ്ഞുകൂടാ എന്നതാവണം ഇര്‍ഫാന്‍ ഹബീബുമാരുടെ പ്രഖ്യാപിത നിലപാട്.
മുന്‍നിര സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന മൗലാന അബ്ദുള്‍ കലാം ആസാദ് ദീര്‍ഘകാലം കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്നു എന്നതോര്‍ക്കുക. അദ്ദേഹത്തെ രാജിവെപ്പിച്ചിട്ടാണ്, സ്വാതന്ത്ര്യത്തിന് തൊട്ടുമുന്‍പ്, ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഗാന്ധിജി വളഞ്ഞവഴിയിലൂടെ എഐസിസി അധ്യക്ഷനാക്കിയത്. അത് തെറ്റായിപ്പോയി പിന്നീട് ഗാന്ധിജി തിരിച്ചറിഞ്ഞു എന്നതും മറച്ചുവെച്ചിട്ടു കാര്യമില്ല. രാജ്യം മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിന് എതിരായിരുന്നു മൗലാനാ ആസാദ്. ഒരു ധീര ദേശാഭിമാനിയെ ഗവര്‍ണ്ണര്‍ സ്മരിച്ചപ്പോള്‍ ചിലര്‍ക്കൊക്കെ മനോദുഃഖമുണ്ടായെങ്കില്‍ അതിന് കാരണം വേറെയാണല്ലോ.
ആരാണ് ഈ ഇര്‍ഫാന്‍ ഹബീബ്? അത് കൂടി വിലയിരുത്താനുള്ള ഒരു അവസരമാണ് മലയാളിക്ക് വീണ്ടും വീണുകിട്ടിയിരിക്കുന്നത്. ഇടതുപക്ഷക്കാര്‍ക്ക് അങ്ങോര് വലിയ ചരിത്രകാരനാവാം; യഥാര്‍ത്ഥത്തില്‍ ഒരു ചരിത്രകാരനല്ല ഒരുതരം അനാര്‍ക്കിസ്റ്റ് ആണ്; ഇടതുപക്ഷ – ഇസ്ലാമിക പക്ഷത്തിന്റെ വക്താവാണ് ഇര്‍ഫാന്‍ ഹബീബ് എന്നും പറയാം. കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും അദ്ദേഹത്തെ പുകഴ്ത്തുന്നുണ്ടാവാം. അതില്‍ അസാധാരണത്വമില്ല. ഇടത് – ഇസ്ലാമിക് ചേരുവയുടെ ഭാഗമായിട്ടുള്ളവര്‍ എന്നും കോണ്‍ഗ്രസ്സിനും വേണ്ടപ്പെട്ടവരായിരുന്നു, അതൊരു അവിഹിത രാഷ്ട്രീയ ബാന്ധവമാണ്. അവര്‍ക്കൊക്കെ എന്നും ഒരു ദേശവിരുദ്ധ – ഹിന്ദു വിരുദ്ധ സമീപനവുമുണ്ടായിരുന്നുവല്ലോ. അതിന്റെ പിന്നാമ്പുറങ്ങള്‍ തേടിയാല്‍ അനവധി അനവധി കഥകള്‍ ഉണ്ടാവും. ഇവരൊക്കെ എന്നും നമ്മുടെ ചരിത്രത്തെയും സംസ്‌കാരത്തെയും മലീമസമാക്കിയിട്ടേയുള്ളൂ; നമ്മുടെ സംസ്‌കാരിക പാരമ്പര്യങ്ങളെ അധിക്ഷേപിച്ചിട്ടേയുള്ളു. നമ്മുടെ സാംസ്‌കാരിക മഹത്വത്തെ നശിപ്പിക്കാനായി അച്ചാരം വാങ്ങിയവര്‍ അതൊക്കെയാവണമല്ലോ ചെയ്യേണ്ടത്. അത് അവര്‍ ചെയ്തു, ചെയ്തുകൊണ്ടേയിരിക്കുന്നു. ഹിന്ദുക്കളെയും ദേശീയ ചിന്താഗതിക്കാരെയും അപമാനിക്കുന്ന എന്തെല്ലാം പ്രവൃത്തി ഇക്കൂട്ടരില്‍ നിന്നുണ്ടായിട്ടുണ്ട്; അതൊക്കെയാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്നതും. മറിച്ചെന്തെങ്കിലും ഇര്‍ഫാന്‍ ഹബീബുമാരില്‍ നിന്ന് ഉണ്ടായാലാണ് ഭയക്കേണ്ടത്.
മലയാളിയും പ്രശസ്ത ചരിത്രകാരനുമായ എംജിഎസ്— നാരായണന്‍ ഈ കപട ചരിത്രകാരന്മാരെ നന്നായി മനസ്സിലാക്കിയിട്ടുള്ള ആളാണ് . അദ്ദേഹം എഴുതിയത് മാത്രം മതി ഇക്കൂട്ടരുടെ തനിനിറം മനസ്സിലാക്കാന്‍. പ്രസിദ്ധ പുരാവസ്തു ശാസ്ത്രജ്ഞന്‍ കെകെ മുഹമ്മദിന്റെ ‘ഞാന്‍ ഭാരതീയന്‍’ എന്ന പുസ്തകത്തിന്റെ അവതാരികയില്‍ ബോധ്—ഗയയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ ഒരു കുറ്റപത്രവുമായി മുഹമ്മദ് വന്നത് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് എംജിഎസ് തുടങ്ങുന്നത്. മുഹമ്മദ് ഉന്നയിച്ചതും അതിലപ്പുറവുമായ ആക്ഷേപങ്ങള്‍ പ്രൊഫ. ഇര്‍ഫാനെപ്പറ്റിയും മാര്‍ക്‌സിസ്റ്റ് കക്ഷിയെപ്പറ്റിയും പലര്‍ക്കുമുണ്ട്. സങ്കുചിതമായ കക്ഷി രാഷ്ട്രീയവും വ്യക്തി പക്ഷപാതങ്ങളും വഞ്ചനയും കൊണ്ട് ചരിത്രം മാത്രമല്ല, സംസ്‌കാരവും പൊതുജീവിതമാകെയും വിഷലിപ്തമാക്കുകയാണ് ഈ തലമുറയില്‍ ഇവര്‍ ചെയ്തിട്ടുള്ളത് . ”പ്രൊഫ ഇര്‍ഫാന്‍ ഹബീബ് അതി ബുദ്ധിമാനും പ്രയത്‌നശീലനുമാണ്. കുടിലതന്ത്രങ്ങളുടെ ആചാര്യനുമാണ്. ഭീഷണിയും വഞ്ചനയും ഉപജാപങ്ങളുമെല്ലാം അദ്ദേഹത്തിന്റെ കക്ഷിക്കാര്‍ പ്രയോഗിക്കും ….. …………. പ്രൊഫ. ഇര്‍ഫാന്‍ മുസ്ലിം വര്‍ഗീയ വാദിയല്ല, വിശ്വാസിപോലുമല്ല. എന്നാല്‍ ആ വര്‍ഗീയവാദത്തിന്റെ വിജയത്തിന് വേണ്ടി അഹോരാത്രം ഐസിഎച്ച്ആറിലും പുറത്തും പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് സാധിച്ചു. …..” അതായത് വര്‍ഗീയവാദിയല്ല എന്ന് പറഞ്ഞുകൊണ്ട് വര്‍ഗീയതക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നയാള്‍ എന്ന് വിശദീകരണം. ഇത്രയും പോരെ ഒരാളെ വിലയിരുത്താന്‍. അത്തരമൊരാള്‍ ഇതൊക്കെ ചെയ്തില്ലെങ്കിലല്ലേ അതിശയിക്കാനുള്ളു.
ഇപ്പോള്‍ കണ്ണൂരില്‍ ഗവര്‍ണ്ണറെ അപമാനിച്ച സംഭവവും എംജിഎസ് വിശകലനം ചെയ്തത് കാണുകയുണ്ടായി. കണ്ണൂരിലെ സംഭവം സിപിഎം ആസൂത്രണം ചെയ്തതാണ്. ”എതിരഭിപ്രായങ്ങളെ മാനിക്കാന്‍ ഇര്‍ഫാന്‍ ഹബീബ് ഒരിക്കലും തയ്യാറായിരുന്നില്ല………. ഇര്‍ഫാന്‍ ഹബീബിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതി മനസ്സിലാക്കിയിട്ടുണ്ട്. ………. ചരിത്ര കോണ്‍ഗ്രസ്സിന്റെ സമ്മേളനം നടക്കുമ്പോള്‍ മുന്‍നിരയില്‍ ഞാനുണ്ടായിരുന്നു. ഗവര്‍ണ്ണറുടെ പ്രസംഗത്തെ തടസപ്പെടുത്താന്‍ വേദിയില്‍നിന്നും സദസില്‍ നിന്നും ശ്രമമുണ്ടായി. ഗവര്‍ണ്ണര്‍ പ്രസംഗിക്കുമ്പോള്‍ ഇര്‍ഫാന്‍ ഹബീബ് ബഹളമുണ്ടാക്കി. പ്രസംഗം തടസ്സപ്പെടുത്തി……..” കണ്ണൂര്‍ സംഭവത്തിന് പിന്നില്‍ സിപിഎമ്മുമുണ്ടായിരുന്നു എന്നതാണ് എംജിഎസ്സിന്റെ വിലയിരുത്തല്‍. സിപിഎമ്മിന് അധികാരം വേണം അവകാശം വേണം, അല്ലെങ്കില്‍ അവര്‍ എല്ലാ പരിപാടികളും കലക്കും”എന്ന് അദ്ദേഹം പറയുമ്പോള്‍ അതില്‍ എല്ലാമുണ്ടല്ലോ.
രാഷ്ട്രസ്‌നേഹികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു
ഇപ്പോള്‍ കാണുന്ന കലാപവും സമരവുമൊക്കെ നേരത്തെ സൂചിപ്പിച്ചതുപോലെ, പൗരത്വ നിയമ ഭേദഗതിയെത്തുടര്‍ന്നുണ്ടായതല്ല. ആ നിയമ ഭേദഗതി തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് മത ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ചും മുസ്ലിം സഹോദരങ്ങളെ വഴിതെറ്റിക്കുകയാണ് ചിലര്‍ ചെയ്തുവരുന്നത്. മുസ്ലിങ്ങളെ മുഴുവന്‍ ഇന്ത്യയില്‍ നിന്ന് പുറത്താക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതിയാണിത് എന്നുവരെ മുസ്ലിം സമൂഹത്തിനിടയില്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയക്കാര്‍ മനപ്പൂര്‍വം തെറ്റായി പ്രചരിപ്പിച്ചാല്‍, സ്വാഭാവികമാണ് പ്രശ്‌നങ്ങളുണ്ടാവും; അത് ആളിപ്പടരാനും സാധ്യതയുണ്ടല്ലോ. ചില പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയ ധര്‍മ്മം മറന്നുകൊണ്ട് വഴിവിട്ട് നീങ്ങുന്നതാണ് നാം കണ്ടത്; വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് ചുരുക്കം. ഇക്കൂട്ടര്‍ ഇതിപ്പോഴൊന്നും തുടങ്ങിയതല്ല; 2014 -ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതലുള്ള പദ്ധതിയാണിത്. ഒരുതരം രാഷ്ട്രീയ അസഹിഷ്ണുത. ഓരോ തവണയും അവര്‍ ശ്രമിച്ചത് രാജ്യത്ത് വര്‍ഗീയ കലാപമുണ്ടാക്കാനാണ്, ചേരിതിരിവുണ്ടാക്കാനാണ്. അവിടേക്ക് ആരെയൊക്കെ എത്തിക്കാമോ അതിനൊക്കെ ശ്രമിച്ചിട്ടുമുണ്ട്. പക്ഷെ അതിലൊക്കെ അവര്‍ ഇതുവരെയും പരാജയപ്പെട്ടു; അതാണ് ചരിത്രം; അതാണിപ്പോള്‍ ആവര്‍ത്തിക്കാന്‍ പോകുന്നതും.
ക്യാമ്പസുകളെ കലാപ ഭൂമിയാക്കാന്‍ നടത്തിയ കുല്‍സിത നീക്കങ്ങള്‍ അവരുടെ പദ്ധതിയായിരുന്നല്ലോ. ജെഎന്‍യുവില്‍ അത് തുടങ്ങിയത് 2016 ഫെബ്രുവരിയിലാണ്; പാര്‍ലമെന്റ് ആക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ വാഴ്ത്താന്‍ ശ്രമിച്ചവരാണ് ജെകെഎല്‍എഫ് നേതാവും വിഘടനവാദിയുമായ മക്ബൂല്‍ ഭട്ടിന് വേറിട്ട പരിവേഷം കൊടുക്കാന്‍ ശ്രമിച്ചത്. ഉമര്‍ ഖാലിദും കനയ്യകുമാറുമൊക്കെ അന്ന് വിളിച്ച മുദ്രാവാക്യങ്ങള്‍ എന്താണ് എന്നത് രാജ്യം കണ്ടതല്ലേ? “ ഇന്ത്യയെ വിഭജിക്കുക, രാജ്യത്തെ വിഭജിക്കുക ……. കാശ്മീരിനെ സ്വതന്ത്രമാക്കും …… കേരളത്തെ വെട്ടിമുറിക്കും …….” ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന പദ്ധതിയായിരുന്നു അത്. അന്ന് അവര്‍ക്ക് കൂട്ടുനില്‍ക്കാന്‍ എത്തിയത് സീതാറാം യെച്ചൂരിയും ഡി.രാജയും കെജ്‌രിവാളും ആനന്ദ് ശര്‍മ്മയും ശശി തരൂരുമൊക്കെയാണ് എന്നതോര്‍ക്കുക. എന്താണിവരെ ചേര്‍ത്തുനിര്‍ത്തുന്ന ആശയഗതി? ഒന്നുമാത്രം, എങ്ങിനെയും നരേന്ദ്രമോദി സര്‍ക്കാരിനെ തകര്‍ക്കണം, താഴെയിറക്കണം. അന്ന് ജെഎന്‍യുവിലുണ്ടായ സംഭവങ്ങളുടെ പേരില്‍ ദല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്; രാജ്യദ്രോഹ കുറ്റവും ചുമത്തപ്പെടുമെന്ന സ്ഥിതിയാണ്. ഇന്നിപ്പോള്‍ സമാനമായ മുദ്രാവാക്യങ്ങള്‍ കേരളത്തിലും മുഴങ്ങുന്നു; ആസാദി മുദ്രാവാക്യങ്ങള്‍. ഹിന്ദുവോം സെ ആസാദി, ഇന്ത്യ സെ ആസാദി……; കേരളത്തിനും വേണം ആസാദി എന്നും നാം കേട്ടതാണ്. ഇതാണ് കേരളത്തിലെ പ്രതിസന്ധിയുടെ പുതിയ മുഖം. അത് ഇവിടെ വിളിക്കപ്പെടുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലുള്ളതുകൊണ്ടാണ്; മുസ്ലിം ലീഗിനും ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും മുന്നില്‍ എല്‍ഡിഎഫും കോണ്‍ഗ്രസ്സും തലതാഴ്ത്തി നില്‍ക്കുന്നതുകൊണ്ടുമാണ്.
രാജ്യത്ത് ഏതാണ്ട് 40,000 കോളേജുകളുണ്ട് എന്നതാണ് കണക്ക്; സര്‍വ്വകലാശാലകള്‍ ഏതാണ്ട് 800 -ഓളം. അതില്‍ വിരലില്‍ എണ്ണാവുന്നവയിലാണ് ഈ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്; അത് ഇടത്-ഇസ്ലാമിക ഗ്രൂപ്പുകള്‍ക്ക് കുറെയെങ്കിലും സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ള ക്യാമ്പസുകളില്‍ മാത്രം. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ഒരു പക്ഷം മാധ്യമങ്ങള്‍ അതിനെ വല്ലാതെ വലുതാക്കുന്നു. ഇത്തരം ശക്തികള്‍ കുറച്ചൊക്കെ എല്ലാ രാജ്യത്തുമുണ്ടാവും; പക്ഷെ അവരുടെ ജനപിന്തുണയോ? ഇന്ത്യയിലെ അവസ്ഥ ഒന്ന് നോക്കൂ; അത് ദിനം പ്രതി താഴേക്ക് കുതിക്കുകയല്ലേ. എന്തിനേറെ സിപിഐ, സിപിഎം എന്നിവരുടെ അവസ്ഥ പരിശോധിച്ചാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുകയില്ലേ. രാഷ്ട്രീയ കക്ഷി എന്ന നിലക്കുള്ള നിലനില്‍പ്പ് തന്നെ സിപിഐക്കു പ്രശ്‌നമായിരിക്കുന്നു. സിപിഎമ്മിന് ബംഗാളില്‍ പോലും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിട്ടു കാലമേറെയായി. നിരത്തില്‍ കമിഴ്ന്നുകിടന്നു നിരങ്ങുന്നവരാണ് ഇക്കൂട്ടര്‍ എന്നര്‍ത്ഥം.
ഈ രാഷ്ട്രീയ നേതാക്കള്‍ എന്തുകൊണ്ടോ ഇന്നാശ്രയിക്കുന്നത് ശത്രുരാജ്യമായ പാകിസ്ഥാനെയും മറ്റുമാണ്. പാകിസ്ഥാനില്‍ പോയി മോദിയെ തോല്‍പ്പിക്കാന്‍ പരസ്യമായി സഹായം അഭ്യര്‍ത്ഥിച്ച മണിശങ്കര്‍ അയ്യരെയും അവിടത്തെ പട്ടാളമേധാവിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന നവജ്യോത്‌സിങ് സിദ്ധുവിനെയും നാം കണ്ടുവല്ലോ. രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയായ സിദ്ധു പോയത് അദ്ദേഹത്തിന്റെ പ്രത്യേകാനുമതി വാങ്ങിയിട്ടാണ്. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് പിടികൂടപ്പെട്ട കാശ്മീരിലെ പാക് അനുകൂല നേതാക്കളെ കാണാന്‍ ഓടിച്ചെന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെയും നാം കണ്ടതാണ്. ഇവര്‍ക്കൊക്കെ ചില അടുപ്പമുണ്ട്, ബന്ധമുണ്ട്, ഇവര്‍ക്കിടയില്‍ മറ്റെന്തോ ചില സൗഹൃദങ്ങളുണ്ട് എന്നൊക്കെ സാധാരണക്കാര്‍ പോലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവുമോ? ഇപ്പോള്‍ അധികാരം നഷ്ടമായി എന്ന് മാത്രമല്ല ഇനി അധികാരത്തിലെത്തുമെന്ന്— പ്രതീക്ഷിക്കാന്‍ പറ്റുമോ എന്നുപോലും സംശയിക്കുന്നവരാണ് ഇവരൊക്കെയും. ആ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളാണ് അവരെയൊക്കെ അലോസരപ്പെടുത്തുന്നത്.
ഈ ശക്തികള്‍ തുറന്നുകാട്ടപ്പെടും. അതുമിപ്പോള്‍ നാം രാജ്യത്ത് കാണുന്നുണ്ട്. ഇത്തരം ദേശവിരുദ്ധ നീക്കങ്ങള്‍ക്ക് ഒരുകാലത്തും ഇവിടെ വലിയ പിന്തുണ കിട്ടിയിട്ടില്ല എന്നത് ചരിത്രമാണ്. കുറച്ചുനാള്‍ കുറച്ചുപേരെ കബളിപ്പിക്കാന്‍ അവര്‍ക്കായിട്ടുണ്ടാവും; ബിജെപി രാജ്യവ്യാപകമായി നടത്തിവരുന്ന പ്രചാരണ പരിപാടി, റാലികള്‍ ഒക്കെ ഉണ്ടാക്കിയ ചലനങ്ങള്‍ ചെറുതായിരുന്നില്ലല്ലോ. മറ്റൊന്ന് ഇവിടെ ദേശീയതയുടെ ഒരു മനസ്സുണ്ട്; അത് ജനതയുടെ രക്തത്തിലുള്ളതാണ്. മാത്രമല്ല പ്രതിപക്ഷം നടത്തുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനമാണ് എന്നത് ജനസമൂഹം തിരിച്ചറിയുകയും ചെയ്തിരിക്കുന്നു. അതാണ് ഇന്ത്യയുടെ മഹത്വം; അതാണ് നമ്മുടെ സംസ്‌കാരവും. അത് തന്നെയാണ് കേരളത്തിലും നടക്കുക.