ആരാണീ മാവോയിസ്റ്റുകള്‍? ഇതറിയുന്നതിന് മുമ്പ് ആരാണ് മാവോ എന്നറിയണം. മാവോ ആരാണെന്ന് അറിയുന്നതിന്, ആരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്നറിയണം.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന മോഹന വാഗ്ദാനം പാവങ്ങള്‍ക്ക് നല്‍കി ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നുതള്ളി അവസാനം ലോകത്തില്‍ പട്ടിണിയും അരാജകത്വവും മാത്രം കാഴ്ചവെച്ച ആശയമാണ് കമ്മ്യൂണിസം.
നമ്മുടെ നാട്ടിലും പട്ടാളത്തിന്റെയും പോലീസിന്റെയും തോക്കുകള്‍ക്ക് മുമ്പില്‍, നല്ല നാളെ വരുമെന്ന് ദിവാസ്വപ്‌നം കണ്ടു വിരിമാര്‍ കാട്ടിയ രക്തസാക്ഷികളും ജീവിക്കുന്ന രക്തസാക്ഷികളും ഏറെയുണ്ട് ഈ പാര്‍ട്ടിയ്ക്ക്. അതിലൊരാളാണല്ലോ കൂത്തുപറമ്പ് ചൊക്ലിയിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്‍. എം.വി. രാഘവനെ വഴിയില്‍ തടഞ്ഞ വെടിവെപ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ അവശേഷിച്ച ജീവിക്കുന്ന രക്തസാക്ഷി.
മാര്‍ക്‌സിസം ചൈനയിലെ സാഹചര്യമനുസരിച്ച് നടപ്പിലാക്കാന്‍ പാര്‍ട്ടിയെ സേനയാക്കിയ അവിടുത്തെ ഏറ്റവും ദുര്‍ബ്ബലനായ ചിയാങ് കൈഷേക്ക് എന്ന ഭരണാധികാരിയെ കായികമായി കീഴ്‌പ്പെടുത്തിയ ആളാണ് മാവോസേതൂങ്ങ്.
ചൈനയിലും ഇന്ത്യയിലും സമാനമായ സാഹചര്യങ്ങളാണെന്നും അതിനാല്‍ ചൈനയിലെ വിപ്ലവമാര്‍ഗ്ഗം തന്നെ ഇന്ത്യയിലും അവലംബിക്കണമെന്നുമുള്ള ചര്‍ച്ചയിലായിരുന്നു ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നത്. ചൈനയുടെ പേരില്‍ പിറന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും 60 കളില്‍ മാവോയുടെ പേരില്‍ത്തന്നെ ഒറ്റക്കും കൂട്ടമായും പിന്നീട് പിളര്‍പ്പിന്റെ പെരുമഴക്കാലമായിരുന്നു.
സിപിഐ(എം) എന്ന മാവോവാദി പാര്‍ട്ടിയുടെ ജില്ല-സംസ്ഥാന നേതാക്കള്‍ പശ്ചിമബംഗാളിലെ സിലുഗരി ജില്ലയിലെ നക്‌സല്‍ ബാരിയില്‍ കല്‍ക്കത്ത തിസീസിനു സമാനമായ അക്രമപരമ്പരകള്‍ക്ക് തുടക്കമിട്ടു. സോസാവാണ്ങ്ങ്ട്രി എന്ന പോലീസ് ഇന്‍സ്‌പെക്ടറെ നിഷ്ഠൂരമായി കൊലപ്പെടുത്തിയായിരുന്നു കമ്മ്യൂണിസ്റ്റ് അക്രമ പരമ്പരക്ക് അവിടെ അരങ്ങേറ്റം. തുടര്‍ന്ന് പടിഞ്ഞാറന്‍ ബംഗാളിന്റെ പല ഭാഗങ്ങളിലും ബീഹാര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ആന്ധ്ര, കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും ഉന്‍മൂലന സിദ്ധാന്തത്തിന്റെ പരക്കം പാച്ചില്‍ സംഭവിച്ചു. കേരളത്തില്‍ വര്‍ഗ്ഗ ശത്രുക്കള്‍ എന്നു മുദ്രകുത്തി കര്‍ഷകരെ രാത്രികാലങ്ങളില്‍ കൂട്ടമായിച്ചെന്ന് കൊലപ്പെടുത്തലും കൊള്ളചെയ്യലും നടന്നു. പോലീസിനെ ഭരണകൂടത്തിന്റെ ചാരന്മാരെന്ന് മുദ്രകുത്തി. നാടന്‍ചായക്കട നടത്തി ജീവിതം തള്ളിനീക്കുന്ന ചേകു എന്ന ദരിദ്രനെ നിഷ്ഠൂരമായി കൊലപ്പെടുത്തി. നിരായുധനായ പോലീസ് കോണ്‍സ്റ്റബിളിനെയാണ് കയ്യൂരില്‍ കമ്മ്യൂണിസ്റ്റുകാര്‍ കൊല ചെയ്‌തെങ്കില്‍ നിരായുധനായ വയര്‍ലസ് ഓപ്പറേറ്റര്‍ ഹാവില്‍ദാര്‍ കുഞ്ഞികൃഷ്ണന്‍ നായരെയാണ് പുല്‍പ്പള്ളിയില്‍ നക്‌സല്‍ ബാരികള്‍ കൊന്നുതള്ളിയത്. വര്‍ഗ്ഗശത്രുവിന്റെ രക്തം പുരളാത്ത കൈയ്യുള്ള ആരെയും സഖാവെന്ന് വിളിക്കാന്‍ പറ്റില്ല എന്ന ചാരുമജുംദാറിന്റെ ആപ്തവാക്യം പ്രായോഗികമാക്കുന്നതരത്തില്‍ രക്തത്തില്‍ മുക്കിയ കൈകളാണ് പോലീസ് സ്റ്റേഷനിലെ ചുമരില്‍ പതിച്ചത്. അവര്‍ അതിനെ ന്യായീകരിച്ചു.
ശത്രുരാജ്യമായ ചൈന എക്കാലത്തെയും പോലെ ഈ വിഘടനവാദികള്‍ക്ക് ഉത്തേജനമാവുകയും ഈ അക്രമ പരമ്പരയെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജിഹ്വകളായ പീപ്പിള്‍സ് ഡെയ്‌ലിയും പീപ്പിള്‍സ് റോഡിയോയും ‘ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കമായി ചിത്രീകരിക്കുകയും ചെയ്തു. പകരം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാന്‍ മവോ സേതൂങ്ങിനെ ‘ചെയര്‍മാന്‍ മാവോ നമ്മുടെ ചെയര്‍മാന്‍’ എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
വിപ്ലവ പന്ഥാവില്‍ ഒരിക്കലും തീരാത്ത കണ്‍ഫ്യൂഷനുകള്‍ ഡിഎന്‍എയില്‍ തന്നെയുള്ളവയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഏതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും പോലെ നക്‌സലൈറ്റുകളും അമീബയെപ്പോലെ പിളര്‍ന്നു കൊണ്ടിരുന്നു. എന്നാല്‍ ഒരു വ്യത്യാസം മാത്രം – ഇവര്‍ക്കത് ആശയവും മാര്‍ഗ്ഗവുമായിരുന്നില്ല. പിളര്‍പ്പിന് കാരണം നേതൃത്വത്തിനായുള്ള കിടമത്സരവും വീതംവെപ്പിലുള്ള തര്‍ക്കങ്ങളും വ്യക്തിപരമായ കുടിപ്പകയും ആയിരുന്നു.
ശ്രീബുദ്ധന്റെയും ശ്രീരാമകൃഷ്ണന്റെയും ഗാന്ധിജിയുടെയും പാരമ്പര്യം പേറുന്ന ഭാരതീയ സമൂഹം ഈ നവകമ്മ്യൂണിസ്റ്റുകളെ തിരസ്‌ക്കരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തതോടെ ഇടിമുഴക്കം ചക്രവാളത്തില്‍ത്തന്നെ ഒരു മുളലുപോലുമില്ലാതെ അസ്തമിച്ചു.
എന്നാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥയും ജാതീയ ഉച്ചനീചത്വങ്ങളും ഭരണവര്‍ഗ്ഗത്തിന്റെ കൊടിയ അഴിമതിയും അവഗണനയും ഇരകളായ വനവാസികളെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ചൂഷണം ചെയ്യാനുള്ള മറയായി മാറി. ആന്ധ്ര, ഛത്തീസ്ഗഡ്, നക്‌സല്‍ബാരി, ബീഹാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വനപ്രദേശങ്ങളില്‍ ഇവര്‍ക്ക് കുറെയൊക്കെ സ്വാധീനം സൃഷ്ടിക്കാനായി. ഐ.എസ്.ഐ. ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍, ജിഹാദികള്‍, കപട ബുദ്ധിജീവികള്‍ തുടങ്ങിയവരുടെ പ്രത്യക്ഷവും പരോക്ഷവുമായ സഹായം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.
നെഹ്‌റുവിനുശേഷം ഇ.എം.എസ്. എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റുകാര്‍ തൊഴിലാളികളെയും പാവങ്ങളെയും പറ്റിച്ചു. അതുപോലെ ചാരുമജുംദാറും സ്വന്തം അണികളെ പറ്റിച്ചു. 1975 ഓടെ ഇന്ത്യ മോചിപ്പിക്കപ്പെടുമെന്ന് നക്‌സലൈറ്റ് അണികള്‍ക്കിടയില്‍ ആത്മവിശ്വാസമുണ്ടാക്കി അതിന്റെ പിന്‍ബലത്തില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുകയും അവര്‍ക്ക് സ്വാധീനമുള്ളിടത്ത് കൊള്ളയും കൊലയും നിര്‍ബാധം തുടരുകയും ചെയ്തു. അക്രമത്തിലൂടെ മാത്രമേ തനിക്കും തന്റെ തലമുറക്കും നീതി ലഭിക്കുകയുള്ളു എന്ന് അവരെ ആത്മാര്‍ത്ഥമായി വിശ്വസിച്ചു. നക്‌സല്‍ സ്വാധീനപ്രദേശങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെപ്പേര്‍ ഗറില്ലാ ഭടന്മാരും ജനകീയ സൈന്യവുമായി മാറി. മോചിപ്പിച്ചെന്നു അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ടു വന്നു. ജനാധിപത്യത്തിന്റെ ഒരംശത്തെപ്പോലും അവിടെ നിലനില്‍ക്കാന്‍ അനുവദിച്ചില്ല. സ്‌കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍ തുടങ്ങി ജനോപകാരപ്രദമായ എല്ലാ സംവിധാനങ്ങളും തകര്‍ത്തു.
വികസനം തൊട്ടുതീണ്ടിയിട്ടില്ലാത്ത വനവാസി പ്രദേശങ്ങളില്‍ ചെന്ന് പാവങ്ങളുടെ പേടിസ്വപ്‌നമായ കോളറയ്ക്കും മലമ്പനിക്കുമുള്ള മരുന്നുകള്‍ കുത്തിവെച്ചും അത്യാവശ്യം സഹായങ്ങള്‍ ചെയ്തുമാണ് നക്‌സലൈറ്റുകള്‍ വനവാസികളില്‍ സ്വാധീനമുറപ്പിച്ചത്. ഒരിക്കല്‍ അവരുടെ കെണിയില്‍ അകപ്പെടുന്നതോടെ ആ പ്രദേശത്തെ പാവങ്ങള്‍ക്ക് ഒരിക്കലും മോചനമുണ്ടാകില്ല. ഒന്നുകില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി മരിക്കുക അല്ലെങ്കില്‍ ഒറ്റുകാരനെന്ന ആക്ഷേപം പേറി കങ്കാരു വിചാരണയില്‍ കൊല്ലപ്പെടുക എന്ന അവസ്ഥയിലാണ് അവര്‍.
2014 സപ്തംബറില്‍ ബസ്തറിലെ ഉള്‍വനത്തില്‍ പ്രബലശക്തിയായ സിപിഐ(എംഎല്‍) പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് യൂണിറ്റി ഓഫ് ഇന്ത്യ എന്ന മാവോയിസ്റ്റ് സംഘടനയും ഐക്യപ്രഖ്യാപനം നടത്തി സിപിഐ (മാവോയിസ്റ്റ്) എന്ന ഏകീകൃത പാര്‍ട്ടിയ്ക്ക് രൂപം കൊടുത്ത അവര്‍ തങ്ങള്‍ തികഞ്ഞ സായുധപാര്‍ട്ടിയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അവിടെ നിന്നിങ്ങോട്ട് അവര്‍ നടത്തിയ തീവ്രവാദ ഭീകരപ്രവര്‍ത്തനങ്ങള്‍ ലോകത്തിലെ ആറാമത്തെ ഭീകരപ്രസ്ഥാനമെന്ന സ്ഥാനം അവര്‍ക്ക് നേടിക്കൊടുത്തു. കൊടുംക്രൂരതയുടെയും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും വികസന വിരുദ്ധപ്രവര്‍ത്തനങ്ങളുടെയും ആകെത്തുകയായ സിപിഐ (മാവോയിസ്റ്റ്)യെ 2009 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ യുഎപിഎ നിയമപ്രകാരം നിരോധിക്കുകയും അക്രമപ്രവര്‍ത്തനങ്ങളെ സായുധസേനയെ ഉപയോഗിച്ച് നേരിടാന്‍ തീരുമാനിക്കുകയും ചെയ്തു. ആ സമയത്ത് കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനെ നയിച്ചത് മന്‍മോഹന്‍ സിംഗായിരുന്നു.
9000നും 10000ത്തിനും ഇടയില്‍ വരുന്ന, സൈനിക പരിശീലനം ലഭിച്ച ഭടന്മാരും 6500ഓളം ആധുനിക യന്ത്രത്തോക്കുകളും 3800 ഓളം വരുന്ന ജനകീയ സേനയും അടങ്ങിയ സംഘടിത പ്രസ്ഥാനമാണ് മാവോവാദികളുടേത്. ഉള്‍ക്കാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് സഹായമെത്തിക്കാന്‍ രഹസ്യഗ്രൂപ്പുകളും മനുഷ്യാവകാശ പരിസ്ഥിതി രംഗത്തു പ്രവര്‍ത്തിക്കുന്ന ചില സംഘടനകളും ഉണ്ട്. ഇവരുടെയെല്ലാം സംഘടിതമായ പ്രവര്‍ത്തനം രാജ്യത്തെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പൊതുവെ മനുഷ്യാവകാശ ലംഘനത്തെ താത്വികമായി അംഗീകരിക്കുന്നവരും ബലപ്രയോഗം പ്രായോഗികതലത്തില്‍ നടപ്പിലാക്കുന്നവരാണ്. ഇതില്‍ മാവോയിസ്റ്റുകള്‍ ഉന്മൂലന സിദ്ധാന്തത്തിന്റെ അപ്പോസ്തലന്മാരാണ്. തങ്ങളോട് സഹകരിക്കാത്ത വനവാസികളെ സംശയത്തിന്റെ പേരിലോ വ്യക്തിവൈരാഗ്യത്തിന്റെ പേരിലോ, പൊതുസ്ഥലത്തു കൊണ്ടു വന്ന് വിചാരണചെയ്തു പരസ്യമായി വെട്ടിക്കൊന്ന സംഭവങ്ങള്‍ നിരവധിയാണ്. ഒറീസയിലെ മല്‍ക്കാംഗിരി എന്ന സ്ഥലത്ത് മുകുന്ദ എന്ന ഒരു വനവാസി യുവാവിനെ പോലീസിന്റെ ഒറ്റുകാരനാണെന്ന് മുദ്രകുത്തി പരസ്യവിചാരണ നടത്തി വധശിക്ഷയ്ക്ക് വിധിച്ചു. അയാളുടെ പച്ച മാംസം ഭഗത് എന്ന മാവോയിസ്റ്റ് ദളം നേതാവ് കടിച്ചു തിന്നു.
വനിത കാര്‍ഡര്‍മാരെ നേതാക്കള്‍ ലൈംഗികമായി ചൂഷണം ചെയ്യുന്നത് നിത്യസംഭവമാണ്. സേവ്മാണ്ഡലി എന്ന മുന്‍ മാവോയിസ്റ്റ് പെണ്‍കുട്ടി എഴുതിയ പുസ്തകവും ‘എ മാവോ വാദിക ഡയറി’ എന്ന പുസ്തകവും ഇതിനു തെളിവാണ്. പശ്ചിമ ബംഗാളിലെ ഒരു ഗ്രാമത്തില്‍ ജനിച്ച സോമമാണ്ഡിയെ നഴ്‌സിഗും കമ്പ്യൂട്ടറും പഠിക്കാനുളള തന്റെ ആഗ്രഹം സാധിച്ചു തരാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയി. ഗറില്ല യുദ്ധം പഠിപ്പിക്കുകയും അക്രമങ്ങളില്‍ ഉള്‍പ്പെടുത്തുകയുമാണുണ്ടായതെന്ന് ഈ പുസ്തകത്തില്‍ പറയുന്നു. സ്ത്രീ കാഡര്‍മാരെ മുതിര്‍ന്ന കാഡറുകള്‍ ലൈംഗികമായി ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുന്ന കാര്യം ഉന്നതനായ കിഷന്‍ജിയെ വരെ നേരിട്ട് അറിയിച്ചിട്ടും കിട്ടിയ മറുപടി അവര്‍ മാപ്പ് പറഞ്ഞില്ലേ എന്നതായിരുന്നു. പ്രശ്‌നത്തെ ഉന്നത നേതൃത്വം തന്നെ നിസ്സാരവല്‍ക്കരിച്ചത് ഈ പുസ്തകത്തിലെ പ്രമേയമാണ്.
പോലീസുകാരെ നിഷ്ഠൂരമായി കൊല്ലുകയും അവരുടെ ശരീരം പിളര്‍ന്ന് സ്‌ഫോടകവസ്തുക്കള്‍ കെട്ടിവെക്കുകയും ഇവരുടെ പതിവാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. സിആര്‍പിഎഫ് ഭടന്മാര്‍ ഗ്രാമീണര്‍ക്ക് കുടിവെള്ളത്തിനായി തടയണ ഉണ്ടാക്കി കൊടുത്തപ്പോള്‍ അതില്‍ വിഷം കലക്കിയ സംഭവവും സോവവിവരിക്കുന്നു.
മാവോയിസ്റ്റുകാര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ സര്‍ക്കാരിന്റെ യാതൊരുവിധ വികസന പ്രവര്‍ത്തനവും അനുവദിക്കുകയില്ല എന്നു മാത്രമല്ല സര്‍ക്കാര്‍ നല്‍കുന്ന എല്ല സൗകര്യങ്ങളേയും തകര്‍ക്കുക എന്നതും ഇവരുടെ പ്രവര്‍ത്തന രീതിയാണ്. കൊര്‍ച്ചി, ബലഗോണ്‍ എന്നീ സ്ഥലങ്ങളിലെ ഗ്രാമപഞ്ചായത്ത് കാര്യാലയങ്ങള്‍ തീവെച്ചു നശിപ്പിക്കുകയും 2000ത്തില്‍പ്പരം പ്രൈമറി സ്‌കൂളുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. കൂടാതെ 300ല്‍ പരം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ തകര്‍ത്തതും മാവോവാദികളുടെ വികസനവിരുദ്ധതയുടെ ചില ഉദാഹരണങ്ങള്‍ മാത്രം.
ഭീഷണിപ്പെടുത്തിയും ആളുകളെ തട്ടിക്കൊണ്ടുപോയും ധനാപഹരണം നടത്തുന്നത് മാവോയിസ്റ്റുകളുടെ രീതിയാണ്. പ്രതിവര്‍ഷം ഇങ്ങനെ 2000 കോടി രൂപ ഇവര്‍ പിരിച്ചെടുക്കുന്നു എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിഗമനം. അറസ്റ്റു ചെയ്യപ്പെട്ട നേതാക്കളില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ നിന്നും ധനാപഹരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. അറസ്റ്റു ചെയ്യപ്പെട്ട മിനിര്‍ ബര്‍ത്സ, കോണസ് ഗാനി തുടങ്ങിയ നേതാക്കള്‍ ഇത്തരത്തിലുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ കാടുകളില്‍ അരക്ക്, ബീഡി ഇല, മരുന്നുകള്‍ തുടങ്ങിയവ ശേഖരിക്കാന്‍ വരുന്ന സാധാരണ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് ചുങ്കം എന്ന രീതിയില്‍ ആയിരുന്നു പണം തട്ടിയിരുന്നതെങ്കില്‍ ഇന്നത് വന്‍ കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള പിരിവായി മാറിയിരിക്കുന്നു.
ദണ്ഡകാരണ്യയിലെ വന്‍കിട ഖനന കമ്പനികളില്‍ നിന്ന് കോടിക്കണക്കിനു രൂപയാണ് ഇവര്‍ കൈപ്പറ്റുന്നത്. എസ്.ആര്‍.ഗ്രൂപ്പ് എന്ന ഖനന കമ്പനിയുടെ കണ്‍വയര്‍ ബെല്‍റ്റ് ഉള്‍ക്കാട്ടില്‍ ബോംബ് വെച്ച് തകര്‍ത്തിട്ടും ഒരാഴ്ചക്കകം ഒരു പരാതിയും പോലീസ് സ്റ്റേഷനില്‍ നല്‍കാനാതെ അത് നന്നാക്കി ഉപയോഗിച്ചു എന്നത് എസ്.ആര്‍. ഗ്രൂപ്പ് ഇവരെ ഭയക്കുന്നു എന്നു തെളിയിക്കുന്നു ബീഡി ഇല കോണ്‍ട്രാക്ടര്‍മാര്‍ പാവപ്പെട്ട വനവാസികളെ ചൂഷണം ചെയ്യുന്നെന്ന് ആരോപിച്ച് അവരെ ഭീഷണിപ്പെടുത്തി തട്ടിയെടുക്കുന്നത് കോടികളാണ് ഇന്ന് ദണ്ഡകാരണ്യയില്‍ ഒരോ മൈനിങ്ങ് കമ്പനിയും തലവേദനയില്ലാതെ പ്രവര്‍ത്തിക്കുന്നത് മാവോയിസ്റ്റുകളുമായി രമ്യതയില്‍ പോകുന്നതു ഒന്നുകൊണ്ട് മാത്രമാണ്. നര്‍ള രവി ഷോമ എന്ന മാവോയിസ്റ്റ് നേതാവിന്റെ വെളിപ്പെടുത്തലാണിത്.
മാവോയിസ്റ്റുകളുടെ മറ്റൊരു പ്രധാന സാമ്പത്തിക സ്രോതസ്സ് മയക്കുമരുന്നാണ്. ബീഹാറിലെ ഗുമ്ല, കിഷന്‍ ഗഞ്ച്, പുരുളിയ ജില്ലകളിലെ ഉള്‍പ്രദേശങ്ങളില്‍ ബ്രൗണ്‍ഷുഗര്‍ പോലുളള മയക്കുമരുന്നുണ്ടാക്കുന്നതിനുള്ള പോപ്പി കൃഷി നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ഒറീസയിലെ മാവോയിസ്റ്റ് സ്വാധീനമുള്ള പ്രദേശങ്ങളില്‍ ചാമ്പി മുലായ സമിതി എന്ന പോഷക സംഘടനയിലൂടെ ഇവര്‍ കഞ്ചാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നത് എങ്ങിനെയെന്ന് ജസ്റ്റീസ് പി.കെ. മൊഹന്തി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. ഗംജം, ഗജ്‌നി, മല്‍ക്കഗിരി തുടങ്ങിയ ജില്ലകളില്‍ 3000 നും 4000നും ഇടയില്‍ ഏക്ര സ്ഥലത്താണ് ഇവര്‍ കഞ്ചാവ് കൃഷി നടത്തുന്നത്.
നിങ്ങളുടെ ചെയര്‍മാനോ?
ഇന്ന് നവകമ്മ്യൂണിസ്റ്റുകാരുടെ ഉന്മൂലനസിദ്ധാന്തവും അക്രമോത്സുകതയും ചൈനപോലും തള്ളിപ്പറയുകയുണ്ടായി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തുവാന്‍ സൗരേന്‍ ബോസ് എന്ന തന്റെ വിശ്വസ്തനെ ചാരു ചൈനയിലേക്കയക്കുകയും ചൗഎന്‍ലായ് അടക്കമുള്ള ഉയര്‍ന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. സൗരിന്‍ ബോസിനോട് ചൗഎന്‍ലായ് ചോദിച്ചു, ”ചൈനയുടെ ചെയര്‍മാന്‍ എങ്ങിനെ നിങ്ങളുടെ ചെയര്‍മാനാകും? നിങ്ങള്‍ക്ക് സ്വന്തമായി ചെയര്‍മാന്‍ അല്ലെ വേണ്ടത്.’ സൗരിന്‍ ഈ വിവരം ഒളിത്താവളങ്ങളില്‍ കഴിയുന്ന ചാരുവിനോട് ബോധിപ്പിച്ചപ്പോള്‍ താന്‍ ഇതുവരെ നടത്തിയത് അവിവേകമാണെന്ന് തിരിച്ചറിഞ്ഞ ചാരു കണ്ണീര്‍ പൊഴിച്ചു.
ശത്രുരാജ്യങ്ങളുമായുള്ള ബന്ധം
പാകിസ്ഥാന്റെ ഐ.എസ്.ഐയുടെ നേപ്പാള്‍ ഡസ്‌ക്കുമായി മാവോയിസ്റ്റുകള്‍ വളരെ അടുപ്പത്തിലാണ്. കാശ്മീരിലെ വിധ്വംസക പ്രവര്‍ത്തകരുമായി ഇവര്‍ക്കുള്ള കൂട്ടുകെട്ട് ആഴത്തിലുള്ളതാണ്. കാശ്മീരിലെ കല്ലേറു പദ്ധതിയുടെ സൂത്രധാരകനായ മസ്രത് ആലം അണികള്‍ക്ക് നല്‍കിയ ലഘുലേഖ തയ്യാറാക്കിയത് ആന്ധ്രാപ്രദേശിലെ നക്‌സല്‍ നേതാവാണെന്ന വിവരം ഇതിനകം പുറത്ത് വന്നിട്ടുണ്ട്.
കാശ്മീരിലെ വിഘടനവാദത്തെ സര്‍വ്വാത്മനാ പിന്തുണച്ച് പൊരുതാന്‍ ആഹ്വാനം ചെയ്തത് മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ രണ്ടാം നിരയിലെ ശക്തന്‍ കിഷന്‍ജിയായിരുന്നു. ഇവര്‍ക്ക്‌സിമി എന്ന നിരോധിത ഇസ്ലാമിക പ്രസ്ഥാനവുമായി അടുത്ത ബന്ധമുണ്ടെന്നും വിവരമുണ്ട്. ലഷ്‌കര്‍ ഇ ത്വായ്‌ബെ പോലുള്ള ആഗോള ഭീകരപ്രസ്ഥാനങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്ക് പ്രാഥമിക പരിശീലനം നല്‍കുന്നത് മാവോയിസ്റ്റുകളാണെന്നും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദികളുമായും എല്‍ടിടിഇയുമായും മാവോയിസ്റ്റുകള്‍ക്കുള്ള ബന്ധം പരസ്യമാണ്. മാവോയിസ്റ്റുകള്‍ നടത്തുന്ന കുഴിബോംബ് സ്‌ഫോടനരീതി എല്‍.ടി.ടി.ഇയുടെ രീതി തന്നെയാണ്. മാവോയിസ്റ്റുകള്‍ പിന്തുടരുന്ന ആശയാദര്‍ശം തന്നെയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയും നയിക്കുന്നത്. അതുകൊണ്ടാണ് കോഴിക്കോട് നിന്ന് മാവോയിസ്റ്റുകളായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗങ്ങളായ ആലന്‍ സുഹൈബും താഹ ഫസലും യു.എ.പി.എ പ്രകാരം അറസ്റ്റിലായപ്പോള്‍ അതിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പരസ്യമായി രംഗത്ത് വന്നത്. അട്ടപ്പാടിമലയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇരുവരും അറസ്റ്റിലായത്. പോലീസ് നടപടിക്കെതിരെ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി രംഗത്ത് വരികയും മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും കേസ് നടത്താന്‍ പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പോലീസിന്റെ ശക്തമായ തെളിവും ബഹുജനസമ്മര്‍ദ്ദവും കൂടി വന്നപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മലക്കം മറിഞ്ഞു.
ഡിസം.7ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനം നടത്തി പറഞ്ഞത് ഇരുവരും മാവോയിസ്റ്റുകളാണെന്നും മാര്‍ക്‌സിസ്റ്റുകാരല്ലെന്നുമാണ്.
ജില്ലാ കമ്മറ്റി മുതല്‍ ഡിഫി അഖി. പ്രസിഡന്റ് വരെ പോലീസിനെതിരെ തിരിഞ്ഞു. ആഭ്യന്തര വകുപ്പ് കയ്യാളുന്ന പാര്‍ട്ടിയുടെ പോലീസിനെതിരെ ഏകപക്ഷീയമായി ഇവര്‍ തിരിഞ്ഞതോടെ പോലീസുദ്യോഗസ്ഥര്‍ പകച്ചുപോയി. പാര്‍ട്ടി നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ രാജ്യദ്രോഹക്കുറ്റത്തിലെ പ്രതികള്‍ക്ക് അനുകൂലനിലപാട് സ്വീകരിക്കുകയായിരുന്നു. പക്ഷെ കോടതി ശക്തമായ നിലപാടെടുത്തു ജാമ്യം നിഷേധിച്ചു.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നിലപാടു കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായി മാറുകയാണ്. എന്നാല്‍ മാവോയിസ്റ്റ് വിരുദ്ധ നടപടികള്‍ക്ക് കേന്ദ്ര ഫണ്ട് ലഭിക്കാന്‍ ചില ചപ്പടാച്ചി പ്രയോഗങ്ങള്‍ നടത്തും. കഴിഞ്ഞ വര്‍ഷം മാത്രം മാവോയിസ്റ്റു വേട്ടക്കായി 580 കോടി രൂപയാണ് കേരളം വാങ്ങിയത്. ഈയിടെ കേരളത്തില്‍ അറസ്റ്റിലായ ദീപക് എന്ന ഗറില്ലാ യുദ്ധ പരിശീലകന്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ളതാണ്. ദണ്ഡകാരണ്യമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ നടപടി കര്‍ശനമായപ്പോഴാണ് കേരളമെന്ന സുരക്ഷാ താവളം തേടി മാവോയിസ്റ്റുകളെത്തിയത്. ഇസ്ലാമിക തീവ്രവാദികളുടെയും സുരക്ഷാ സ്ഥാനമാണല്ലോ കേരളം.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തി വരുന്ന പ്രചരണം കാപട്യം മാത്രമാണ്. ഒരേ വൃക്ഷത്തിന്റെ ചില്ലകള്‍ പോലെ കമ്മ്യൂണിസത്തിന്റെ വകഭേദങ്ങളാണ് സിപിഎമ്മും മാവോവാദികളും എന്ന് ജനം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.