സാന്ദീപനി വിദ്യാശാലയുടെ പുതുവത്സരം തുടങ്ങിയത് സ്ഥിരമുണ്ടാകാറുള്ള കമ്പമേളത്തോടും ഗുരുനാഥരുടെയിടയില്‍ ഇടക്കിടെയുണ്ടാകാറുള്ള അലോഹ്യത്തിന്റെ അപസ്വരങ്ങളോടും വിദ്യാര്‍ത്ഥികളുടെ ആര്‍പ്പുവിളിയോടെയുമാണ്. കലാലയത്തിന്റെ കവാടത്തിലേക്ക് കാല്‍വച്ച വിദ്യാധരന്‍ സാര്‍ ഒന്നു ഞെട്ടി. ആകെപ്പാടെയുള്ള പൂരാഘോഷത്തിനിടയിലെവിടെയോ ശ്രദ്ധിക്കപ്പെടാതെപോയ വാര്‍ത്താഫലകത്തിനു മൗനം. ”നമ്മുടെ കോളേജിലെ മുന്‍കാല അദ്ധ്യാപകനായ പ്രൊഫസര്‍ ഗുണഖേരന്‍പിള്ളസ്സാര്‍ കാലം ചെയ്തു. ദുഃഖസൂചകമായി കലാലയത്തിന്നവധിയാണ്.” അതില്‍ കുറിച്ചിരുന്നു. ”നേരത്തെതന്നെ ആരോ മരിച്ചെന്ന് എനിക്കുതോന്നിയതാണ്. കോളേജ് പടിക്കല്‍ വണ്ടിയിറങ്ങിയപ്പോള്‍ സന്തോഷാതിരേകം തുളുമ്പുന്ന ഇളിക്കലുമായി വീട്ടിലേക്ക് വേഗത്തില്‍ തിരിച്ചുകുതിച്ച ലംബോദരന്‍പിള്ളസാറിനെ കണ്ടപ്പോള്‍ തന്നെ എനിക്കെന്തോ തടഞ്ഞതാണ്”, വിദ്യാധരന്‍ സുഹൃത്തായ ആനന്ദിനോട് അടക്കം പറഞ്ഞു. പക്ഷേ ആ ‘ദുഃഖത്തില്‍’ പങ്കെടുക്കാന്‍ കഴിയാതെ അന്നത്തെ ദിവസം സര്‍വ്വകലാശാലപരീക്ഷയുടെ നടത്തിപ്പിന്റെ മേല്‍നോട്ടത്തിലകപ്പെട്ടുപോയ കുറേ ഹതഭാഗ്യന്മാരുടെ കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. അവര്‍ ചെയ്തതോ, ദുഃഖം ആഘോഷിക്കാന്‍ മറ്റെല്ലാവര്‍ക്കും കൊടുത്ത അവധി തങ്ങള്‍ക്കു മറ്റൊരു ദിവസം കിട്ടുമെന്നുള്ളത് കലാലയമേധാവിയായി ചര്‍ച്ചചെയ്തുറപ്പാക്കി! ”സന്തോഷിക്കാനുള്ള മനസ്സ് മൃഗത്തിനുമുണ്ടന്നല്ലേ ഇവറ്റകളുടെ വംശശാസ്ത്രം പറയുന്നത്?” ആനന്ദിന്റെ ഹാസ്യം നിറഞ്ഞ മറുചോദ്യം.
സാന്ദീപനിക്ക് ചിരപുരാതനമായ ചരിത്രമാണുള്ളത്. അനവധി സര്‍ഗ്ഗവൈഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണതിന്റെ രംഗവേദി. നിരവധി പ്രതിഭാധനന്മാര്‍ പ്രഭാപ്രശ്രുതമാക്കിയതാണതിന്റെ ഗുരുപരമ്പര. സ്വാമി ആഗമഗുരുപാദരുടെ ആദ്ധ്യാത്മികപ്രഭാഷണം മുതല്‍ തേജസ്വിനീസംഘത്തിന്റെ ആത്മരഹസ്യപ്രബോധനങ്ങള്‍ വരെ സാന്ദീപനിയുടെ സ്മൃതിപഥത്തില്‍ ഇന്നും മുഖരിതമാണ്. ”സത്യത്തില്‍ ഇതിന്റെ ഗുരുപരമ്പരയിലെ ഒരു കണ്ണിയാകാന്‍ കഴിഞ്ഞത് ഭാഗ്യംതന്നെ”, വിദ്യാധരന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. ”ശരിയാണ്. പക്ഷേ പറഞ്ഞിട്ടെന്തു ഫലം? കാടുകള്‍ വെട്ടിത്തെളിച്ചു പലയിടത്തും കോളേജുകള്‍ പണിഞ്ഞു. പ്രയോജനമൊന്നുമുണ്ടായില്ല. പണ്ടു കാടന്‍ കൂവി നടന്നിടത്തെല്ലാം ഇന്നു പിള്ളേര്‍ കൂവിനടക്കുന്നു, കൂടെ അത്യാവശ്യത്തിനദ്ധ്യാപകരും”, ആനന്ദിന്റെ മറുപടി.
ദിവസമൊന്നുകഴിഞ്ഞു. പുതുവത്സരത്തിന്റെ രണ്ടാംദിനം. അധികം താമസിക്കാതെതന്നെ വിദ്യാര്‍ത്ഥിസമരത്തിന്റെ പോര്‍വിളികള്‍ മുഴങ്ങി. ”അനവധി ചാലുകള്‍ നീന്തിക്കയറി ചേറുപുരണ്ടൊരു പ്രസ്ഥാനം. പരീക്ഷവന്നാല്‍ തോറ്റുമടങ്ങും ധീരന്മാരുടെ പ്രസ്ഥാനം. വാടാവാടാ പോരിനു വാടാ, ആരുണ്ടിവിടെക്കാണട്ടെ” ഓമനത്തമാര്‍ന്ന മുദ്രാവാക്യം! പല മുഖങ്ങളിലും സന്തോഷം. ”ആശ്വാസത്തിന്റെ സ്വരം. അതും ഫസ്റ്റവറില്‍ത്തന്നെ”യെന്നായി, സന്തോഷംകൊണ്ട് പരിസരബോധം നഷ്ടപ്പെട്ട ശത്രുവെന്ന ശത്രുഘ്‌നന്‍സാര്‍. വീട്ടിലെ കാര്യങ്ങളും കുറെ ദിവസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. അതെല്ലാം ഇന്നെങ്കിലും ശരിയാക്കാമെന്നുള്ള ആശ്വാസത്തിലായിരുന്നു സാര്‍. വലിയ ആഹ്ലാദമൊന്നും പുറത്തു കാട്ടിയില്ലെങ്കിലും ശാരിടീച്ചര്‍ അറിയാതെയൊന്നൂറിച്ചിരിച്ചു. ടീച്ചര്‍ പൊതുവെ അങ്ങിനെയാണ്. ഏതവസരത്തിലും ആത്മസംയമനം കാട്ടും. ഏതോകാലത്തേ സര്‍വകലാശാലയുടെ ഫസ്റ്റ് റാങ്കാണ്. അതിന്റെ സ്റ്റാന്‍ഡേര്‍ഡ് ടീച്ചര്‍ അതിനുശേഷവും അതുപോലെ തന്നെ നിലനിര്‍ത്തി. പിന്നീടൊരിക്കലും അറിഞ്ഞോ അറിയാതെയോ ഒരുപുസ്തകം പോലും വായിച്ചിട്ടില്ല! എങ്കിലും തന്റെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ടീച്ചര്‍ അമ്മയായി തുടര്‍ന്നു പോന്നു. ഓരോ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിലും ടീച്ചര്‍ തന്റെ വിദ്യാര്‍ത്ഥികളുടെ മുന്‍പാകെ മുന്‍കൂര്‍ ജാമ്യമെടുക്കും. ”എനിക്കു പ്രായമൊക്കെയായി. അത്യാവശ്യത്തിനുള്ള ശാരിരീക അസുഖങ്ങളുമുണ്ട്. ഞാന്‍ പഠിപ്പിച്ചു ശല്യപ്പെടുത്തത്തില്ല. നിങ്ങള്‍ തന്നത്താന്‍ പഠിക്കുക. എന്നെ ഒരമ്മയെപ്പോലെ കാണുക.” ഒരു വര്‍ഷത്തെ ഉഴപ്പിനുള്ള അവതാരിക! സമരമില്ലെങ്കിലും ഉണ്ടെങ്കിലും ടീച്ചര്‍ക്കു പരമസുഖം. ഒപ്പം വര്‍ഷങ്ങളുടെ ദീര്‍ഘനിദ്രാസര്‍വീസിന്റെ അടിസ്ഥാനശമ്പളവും വാര്‍ഷിക ഇങ്ക്രിമെന്റും ചേര്‍ന്ന കനത്ത ശമ്പളവും. സൗഖ്യാതിരേകത്തിനിനിയെന്തുവേണം? തന്റെ ജീവിതം ഇത്രമാത്രം സുഖപ്രദമാക്കിത്തന്ന സര്‍വേശ്വരനെ മനസ്സാ സ്മരിച്ചും ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ ഈ കോളേജില്‍ ഇതേ പഠനവകുപ്പില്‍ ഇതേ തസ്തിക തന്നെ തരണമെന്നു പ്രാര്‍ത്ഥിച്ചും സ്ഥലം കാലിയാക്കാനുള്ള തിടുക്കത്തിലായിരുന്നു ടീച്ചര്‍.
ഗുണശേഖരന്‍പിള്ളസ്സാറിന്റെ തിരോധാനം ക്യാമ്പസ്സിനെ ‘ശരിക്കും’ ശോകാര്‍ദ്രമാക്കിയ സംഭവമായിരുന്നു. മൗനപ്രാര്‍ത്ഥനകള്‍ അനുശോചനപ്രസംഗങ്ങള്‍ അങ്ങിനെനീങ്ങി കാര്യങ്ങള്‍. അനുശോചനം പ്രാതിനിധ്യസ്വഭാവമുള്ളതായിരുന്നു. വിവിധ സര്‍വ്വീസ് സംഘടനകളുടെ പ്രതിനിധികള്‍ തങ്ങളുടെ സംഘടനകളുടെയും തങ്ങളുടെയും ‘ഇമേജ്’ വര്‍ദ്ധിപ്പിക്കുന്നതരത്തില്‍ ഗുണശേഖരന്‍പിള്ളസ്സാര്‍ മാഹാത്മ്യം ഉറക്കെ പ്രകീര്‍ത്തിച്ചു. ”ശവപ്പറമ്പിലും കഴുകന്റെ ചുണ്ടിനു നല്ല മൂര്‍ച്ച”, ആനന്ദ് പതുക്കെ മന്ത്രിച്ചു. ഗുണശേഖരന്‍പിള്ളസ്സാറാണെങ്കില്‍ ഇവരെയൊക്കെയും കടത്തിവെട്ടുന്ന വീരനായിരുന്നു. അറുത്തകൈക്കുപ്പിടാത്ത നല്ല മനുഷ്യന്‍. ഗണിതശാസ്ത്രവിശാരദനായിരുന്ന സാറിന്റെ ജീവിതവും ഒരു നല്ല മാത്തമാറ്റിക്‌സായിരുന്നു. കോളേജില്‍ നിന്നുകിട്ടുന്ന ശമ്പളം, വീട്ടില്‍ വച്ചു നടത്തുന്ന പ്രൈവറ്റ് ട്യൂഷന്റെ വരവ്, കൂടാതെ ഏതോ പടിഞ്ഞാറന്‍ കമ്പനിയുടെ പല്ലുതേപ്പുകുഴമ്പും ”ഒരിക്കല്‍മാത്രം കഴുകിയാല്‍ ആജീവാനന്തം വെട്ടിത്തിളക്കുന്ന” കാര്‍ഷാമ്പുവും നേടിത്തന്നിരുന്ന പത്തുപുത്തനും സാറിന്റെ മാത്തമാറ്റിക്കല്‍ അഡീഷനു മാറ്റുകൂട്ടി. സാക്ഷാല്‍ ഹാര്‍ഡിയെപ്പോലും തോല്‍പ്പിക്കുമാറ് മാത്തമാറ്റിക്ക്‌സ് സാറിന്റെ കയ്യില്‍ പൂര്‍ണ്ണതയുടെ സൗന്ദര്യശാസ്ത്രമായി മാറി. സര്‍വോപരി എന്തുവന്നാലും ചലിക്കാത്ത ഒരു മനസ്സുമുണ്ടായിരുന്നുസാറിന്. ഏതു പ്രതിസന്ധിയും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പോക്കിനെ തടഞ്ഞിരുന്നില്ല. സ്‌ക്കൂട്ടറപകടത്തില്‍പ്പെട്ട ഒരു സഹപ്രവര്‍ത്തകന്‍ ആശുപത്രിയില്‍ വച്ചു കുറച്ചുനാളുകള്‍ക്ക്‌ശേഷം ബോധം വീണപ്പോള്‍ തന്റെ കൂടെ സ്‌ക്കൂട്ടറിന്റെ പുറകിലുണ്ടായിരുന്ന ഗുണശേഖരന്‍പിള്ളസ്സാറിനെങ്ങനെയുണ്ടെന്നു ചോദിച്ചു. പിന്നീടറിഞ്ഞു സാറിനൊന്നും പറ്റിയില്ലെന്ന്. സ്‌ക്കൂട്ടറില്‍ നിന്നും ഉരുണ്ടുവീണു രണ്ടുകരണം മറിഞ്ഞ സാര്‍ കണ്ടത് തന്റെ മുകളില്‍ക്കയറാതിരിക്കാന്‍ ചവിട്ടിനിര്‍ത്തിയ അണലിത്തറക്കുള്ള ബസ്സായിരുന്നുവത്രെ. പിന്നെയൊന്നുമാലോചിച്ചില്ല. അതില്‍ക്കയറി വീടുപറ്റി! ഒരുപക്ഷേ സാറിന്റെ വൈവിധ്യതയാര്‍ന്ന ഈ വ്യക്തിത്വം വര്‍ണ്ണനാതീതമായതുകൊണ്ടു തന്നെയാവണം പലരും ചുരുങ്ങിയ വാചകങ്ങളില്‍ അദ്ദേഹത്തിനെപ്പറ്റി ശോചിച്ചു പരിപാടിയവസാനിപ്പിക്കാന്‍ ശ്രമിച്ചതും.
എങ്കിലും കപാലിസ്സാറിന്റെ ദുഃഖം അവിടെയും അണപൊട്ടിയൊഴുകി. ഏതാണ്ടൊരു പുസ്തകത്തിലൊതുക്കാനൊക്കാത്ത വിലാപകാവ്യം പോലെ. വികാരവിക്ഷുബ്ധതക്കൊരു പര്യായംതന്നെയാണ് പ്രൊഫസര്‍ കപാലി. അദ്ദേഹത്തിന്റെ വികാരവിക്ഷുബ്ധത ക്യാമ്പസ്സിനെ പലപ്പോഴും പ്രക്ഷുബ്ധമാക്കിയിട്ടുമുണ്ട്. അശ്ലീലം യാതൊരു സഭ്യതയുമില്ലാതെ അതിന്റെ എല്ലാ ‘ഒറിജിനാലിറ്റി’യോടും എവിടെവച്ചും പറയുന്നതിന് അദ്ദേഹത്തിന് യാതൊരലംഭാവവുമില്ല. എന്തെന്നാല്‍ ‘റിസെര്‍ച്ചില്‍’ മാത്രമല്ല എല്ലായിടത്തും ഈ ഒറിജിനാലിറ്റി നിലനിര്‍ത്തണമെന്നുള്ള വാശിക്കാരനാണ് ശീമയിലെ ‘വെയ്ബ്രിഡ്ജ്’ സര്‍വകലാശാലയില്‍നിന്നും ബിരുദവും ഡോക്ടറല്‍ ബിരുദവും നേടിയ ഈ ബുദ്ധിജീവി. ‘കാകദന്തം’ എന്ന വിശേഷാവഗാഹ വിഷയത്തിലായിരുന്നുവത്രെ അദ്ദേഹത്തിന്റെ പി.എച്ച്ഡി. എച്ചില്‍ കൊത്തിനിന്ന് പരിസരത്തെ വെടിപ്പാക്കുന്ന കാക്കക്ക് മനുഷ്യന്റെ സാമൂഹികജീവിതത്തിലുള്ള പങ്ക് കപാലിയെ ചെറുപ്രായത്തിലേ ആകര്‍ഷിച്ച വിഷയമായിരുന്നു. വിഷയത്തെ അന്താരാഷ്ട്ര പ്രസക്തമാക്കുന്നതിനായി ആഗോളതലത്തില്‍ സഞ്ചരിച്ച് ഏതാണ്ട് ഒരു ലക്ഷത്തി അന്‍പതിനായിരത്തോളം കാക്കകളെപ്പറ്റി വിദഗ്ദ്ധപഠനവും നടത്തി. പുരാതനകാലത്തെ കാക്കകളെക്കുറിച്ചറിയാനായി കാക്കകളുടെ ‘ആര്‍ക്ക്യോസുവോളജി’യും പഠിച്ചുവത്രെ. അങ്ങിനെ ‘കാകദന്തപരീക്ഷ’യിലുള്ള വിശദവും വിദഗ്ദ്ധവുമായ അനവധിവര്‍ഷങ്ങളിലെ ഗവേഷണം എത്തിച്ചേര്‍ന്നത് കാക്കകള്‍ക്ക് ചരിത്രാതീതകാലം മുതല്‍ക്കേ പല്ലില്ല എന്ന അഭൂതപൂര്‍വമായ നിഗമനത്തിലായിരുന്നു!
വിഷയം കാക്കയായിരുന്നെങ്കിലും ഗവേഷണത്തില്‍ താന്‍ കാട്ടിയ ഗൗരവം കപാലിക്കെന്നും ആത്മാഭിമാനം പകര്‍ന്നിരുന്നു. ഏതു കാര്യത്തിലായാലും ആരും കാണാത്ത എന്തെങ്കിലുമൊന്ന് അദ്ദേഹം ‘ഫൈന്‍ഡ്’ ചെയ്യും. അത്രക്കുണ്ട് ഗവേഷണബുദ്ധി! കാഴ്ചയില്‍ ആധുനിക ബുദ്ധിജീവിയുടെ ചുരുക്കനാമമായ ‘ബുജി’ യെ ഓര്‍മ്മിപ്പിക്കുന്ന രൂപം. ഊശാന്‍ താടിയും ഉഴപ്പന്‍ മുടിയും ശ്രദ്ധേയമായ അശ്രദ്ധയോടെയുള്ള വസ്ത്രധാരണശൈലിയും ഇടക്കിടെ മാത്രം ധരിക്കാറുള്ള മുട്ടോളമെത്തുന്നതും പരുക്കന്‍ ഖദറില്‍ തുന്നിയതും താഴത്തേ പാന്റ്‌സിനേ ഒരനാവശ്യമാക്കി തോന്നിപ്പിക്കുന്നതുമായ ബുദ്ധിജീവിക്കുപ്പായവും ചടഞ്ഞുകൂടിയുള്ള നടപ്പും ഇരിപ്പും – എല്ലാം പിരിയന്‍മുളകിനെയോര്‍മ്മിപ്പിക്കുന്ന അദ്ദേഹത്തിന്റെ കൃശഗാത്രത്തിനലങ്കാരമാണ്. പ്രതിഭാധനന്മാരുടെ ജീവിതത്തിലെന്നപോലെ ധാരാളം വൈതരണികള്‍ കപാലിയുടെ ജീവിതത്തിലുമുണ്ട്. എല്ലാം സ്വയംകൃതമെന്നു മാത്രം. പണിയൊന്നുമില്ലെങ്കില്‍ അടുത്തിരിക്കുന്നവരെ ശല്ല്യം ചെയ്യുന്ന പണിയില്‍ വ്യാപൃതനാകും. ഈ പണിയോടൊപ്പം എഴുത്തുകുത്തു പണിയും ഇഷ്ടമാണ്. പണ്ടെന്നോ സര്‍ക്കാരാപ്പീസില്‍ ഗുമസ്തനായിരുന്നുവത്രെ. അന്നു തുടങ്ങിയതാണ് ഫയലുകളോടുള്ള ഭ്രാതൃത്ത്വം. ഏതു മീറ്റിങ്ങിലായാലും ഔചിത്യതയല്ലാതെ കസേര വലിച്ചിട്ടിരുന്ന് ‘മിനിറ്റ്‌സ്’ എഴുതി രായസംപിള്ളയെന്ന പേരുമേടിച്ചെടുത്തു. രായസമെഴുത്തൊന്നുമില്ലെങ്കില്‍ സ്വന്തം ലീലാവിലാസങ്ങളിലേര്‍പ്പെടും. അങ്ങിനെ ‘മധുപാനം’ നടത്തി മദോന്മത്തനായ കപാലിസ്സാര്‍ ക്യാമ്പസ്സ് കവാടത്തിന്റെ മുകളിലെ ശൂലാഗ്രത്തില്‍ കയറി വിദ്യാര്‍ത്ഥി ഐക്യവേദിയുടെ പതാക വലിച്ചുകീറിയതും അതിനെ തുടര്‍ന്നുള്ള വിദ്യാര്‍ത്ഥി സമരം കോളേജിനെ അരാജകമാക്കിയതും കോളേജിന്റെ സംഭവബഹുലതക്കൊരിക്കല്‍ മാറ്റു കൂട്ടിയതാണ്. ഇതൊന്നുമില്ലെങ്കില്‍ അന്നു തന്റെ ഇളയ സഹപ്രവര്‍ത്തകരുമായി കപാലി പൊയ്ത്തു കുറിക്കും. അങ്ങിനെയാണ് കപാലി രാഗിണിടീച്ചറുമായി ഉരസിയത്.
രാഗിണിടീച്ചര്‍ ഡെത്ത്-ഇന്‍-ഹര്‍നെസ്സ് വഴിയാണത്രെ അദ്ധ്യാപികയായത്. അതും കപാലിസ്സാറിന്റെ മാത്രം പൂര്‍ണ്ണപിന്തുണയോടെ. ശരിയായ പരസ്യവും ഇന്റര്‍വ്യൂവും ഇല്ലാതെയായിരുന്നു ഈ നിയമനം. എല്ലാറ്റിനും കപാലിയുടെ ശകുനിതന്ത്രം സഹായിച്ചു. അതുകൊണ്ടുതന്നെ കപാലിസ്സാര്‍ എന്നും ടീച്ചറില്‍ നിന്നും കടപ്പാടു പ്രതീക്ഷിച്ചിരുന്നു. പക്ഷേ കാര്യസാധ്യത്തിനുശേഷം ടീച്ചര്‍ കപാലിയെ കൂസാക്കാതെയായി. അന്നുമുതല്‍ കപാലി രാഗിണിടീച്ചറെ തിരിഞ്ഞുകടിക്കാനും തുടങ്ങി. ഇതു ടീച്ചറിന്റെ വാശിയെ വര്‍ദ്ധിപ്പിച്ചതേയുള്ളു. എന്തിനും പോരുന്ന തന്റേടമായിരുന്നു ടീച്ചറിന്റേത്. സ്ത്രീയായാല്‍ പുരുഷന്മാരെപ്പോലെയിരിക്കണമത്രെ. ടാഗൂറിന്റെ ‘ചിത്ര’ യിലെ ചിത്രാംഗദയെപ്പോലെ താന്‍ പുരുഷന്മാര്‍ക്കു തുല്യയാണ് അല്ലെങ്കില്‍ പുരുഷന്‍ തന്നെയാണ് എന്നു വിശ്വസിച്ച ആധുനിക ‘ജോണ്‍ ഓഫ് ആര്‍ക്ക്.’ എന്തിനെക്കുറിച്ചും ടീച്ചര്‍ തികച്ചും ഗൗരവത്തോടെ രൂപീകരിക്കുന്ന തന്റേതു മാത്രമായ അഭിപ്രായങ്ങള്‍! ഇത്തരത്തിലുള്ള ടീച്ചറോടേറ്റുമുട്ടിയാലുണ്ടാകാവുന്ന അവസ്ഥ പറയാനുണ്ടോ?
പലതവണയായി കപാലി രാഗിണിടീച്ചറെ മാനസികമായി ‘പീഡിപ്പി’ച്ചിട്ടുള്ളതാണ്. മൂര്‍ഖനെ നോവിച്ചതുപോലെ. ക്ലാസ്സിലേക്ക് ആണ്‍കുട്ടികളെയാകര്‍ഷിക്കുന്ന ഗ്ലാമര്‍താരമെന്നു തുടങ്ങി മറ്റു പലരീതിയിലുമുള്ള വിശേഷണങ്ങള്‍ കപാലി സ്ഥിരമായി നടത്താറുള്ളത് ടീച്ചറെ പലപ്പോഴും പ്രകോപിപ്പിച്ചിട്ടുള്ളതാണ്. ഒരുതവണ സംഭവം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡസ്റ്ററിനെ ചൊല്ലിയായിരുന്നു. ഡസ്റ്റര്‍ ടീച്ചര്‍ സ്വന്തം മേശയില്‍ പൂട്ടിവച്ചെന്നുള്ളതായിരുന്നു കപാലിയുടെ ആരോപണം. ”നിനക്കിതിനും വേണ്ടി പൂട്ടിവയ്ക്കാനെന്താണുള്ളതെ” ന്നായി കപാലി. മറുപടി പറയാനായി തുടങ്ങിയ ടീച്ചറോടായി എനിക്കൊന്നും കേള്‍ക്കണ്ടായെന്നുമായി. ടീച്ചറുണ്ടോ വിടുന്നു. ”കേള്‍ക്കണ്ടായെന്നുണ്ടെങ്കില്‍ ചെവിയില്‍ കട്ടപെറുക്കി വെച്ചോ”, രാഗിണിടീച്ചറുടെ കഠോരശബ്ദം. ”കട്ടക്കച്ചവടം നിന്റെ മറ്റവനായിരുന്നു. (സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറുന്നതിനു മുമ്പ് ടീച്ചറുടെ ഭര്‍ത്താവ് ഇഷ്ടികക്കമ്പനിയുടെ മാനേജരായിരുന്നത്രെ) അവനോടു പറ കട്ട പറക്കി വയ്ക്കാന്‍”, കപാലി സകല അക്കാദമികതയും മറന്നു തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് വന്നു. ”പോടാ പ…..ീ”, അല്‍പം പോലും അക്കാദമികത കുറയാത്ത സ്വരത്തില്‍ ടീച്ചര്‍ തിരിച്ചടിച്ചു! കലഹം പിന്നീടങ്ങോട്ടു കാര്യമായി. അധികാരസ്ഥാനങ്ങളില്‍ നടത്തിയ പരാതികള്‍ തുടങ്ങി പരിപാടികള്‍ കെങ്കേമമായി മുമ്പോട്ടു നീങ്ങി… പക്ഷേ കപാലിയവിടെയും രക്ഷപ്പെട്ടുവെന്നുള്ളതാണതിശയം. ആന ചവിട്ടിയെന്നതുകൊണ്ടുറുമ്പ് ചാകണമെന്നു നിര്‍ബന്ധമില്ലല്ലോ. കപാലി തന്റെ ‘സത്ബുദ്ധി’കളുമായി മുന്നോട്ടുതന്നെ നീങ്ങി.
തന്റെ പരിസര ഡിപ്പാര്‍ട്ടുമെന്റിന്റെ മേധാവിയായ സുന്ദരിടീച്ചറുമായും കപാലി ഇടക്കിടെ ഉരസാറുണ്ടായിരുന്നുവത്രെ. സുന്ദരിടീച്ചറും അടുത്തകാലത്തായി പി.എച്ച്.ഡി സമ്പാദിച്ചുവത്രെ. കാക്കപിടിച്ചും കാലുപിടച്ചും പലരെയും കൊണ്ടു ‘ദിസീസി’ന്റെ ഭാഗങ്ങളെഴുതിപ്പിച്ചും പലരുടെ ലേഖനങ്ങള്‍ കട്ടുപകര്‍ത്തിയും ടീച്ചര്‍ പി.എച്ച്.ഡി പ്രബന്ധം തയ്യാറാക്കി സമര്‍പ്പിച്ചത് തികച്ചും വലിയ ത്യാഗത്തിന്റെ കഥയായിരുന്നു. ശരിക്കു പറഞ്ഞാല്‍ പി.എച്ച്.ഡിക്കുള്ള വെറും തുച്ഛമായ ശമ്പളവര്‍ദ്ധനവ് ഈ ത്യാഗത്തിനു മുമ്പില്‍ തുലോം കുറവുതന്നെ. എങ്കിലും ഒരു വകുപ്പു മേധാവിയായ തന്റെ പേരിനു മുമ്പ് ‘ഡോക്ടര്‍’ ചേര്‍ക്കാനുള്ള അഭിനിവേശത്തില്‍ നാലടിനീളമുളള വടുരൂപിണിയായ ടീച്ചറിന്റെ കുരങ്ങു മത്തങ്ങ ചുമക്കുന്നതുപോലെ അനവധി താളുകളുള്ള ‘ദിസീസും’ ചുമന്നുകൊണ്ടു കലാലയത്തിന്റെ ഇടനാഴികളിലൂടെ തന്റെ സഹപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും കിടിലം കൊള്ളിച്ചുകൊണ്ട് ചവിട്ടിയുറഞ്ഞുള്ള പോക്ക് തികച്ചും പരിഹാസ്യമുണര്‍ത്തുന്നതായിരുന്നു. തന്റെ രണ്ടംഗ വകുപ്പിന്റെ മേധാവിയെന്ന നിലയില്‍ തന്റെ ഒരേയൊരു സഹപ്രവര്‍ത്തകന്റെ നേരെ കഴിയുന്ന തരത്തിലൊക്കെ മേക്കിട്ടുകയറി. എന്നാല്‍ സമീപത്തുണ്ടായ മേധാവികളുടെ തിട്ടൂരം ടീച്ചറുടെ വീര്യം കെടുത്തിക്കളഞ്ഞു. വകുപ്പുമേധാവിപദം നിശ്ചിതകാലം കഴിഞ്ഞാല്‍ മറ്റുള്ളവരിലേക്ക് പോകും. ടീച്ചറിന്റെ ആവിയും അനക്കവും പോയി. അതോടെ കപാലിയുടെ ടീച്ചറോടുള്ള മത്സരവും തീര്‍ന്നു.
ഇടയ്ക്കിടെ തന്റെ മറ്റൊരു സഹപ്രവര്‍ത്തകനായ ഡോക്ടര്‍ ജംബുലിംഗത്തോടും കപാലി ഏറ്റുമുട്ടാറുണ്ട്. പക്ഷേ ജംബുലിംഗത്തിന്റെ ‘രാജപാളയം’ ശൈലിയിലുള്ള കര്‍ണ്ണകഠോരമായ കുരയുടെ മുന്‍പില്‍ കപാലി പാളിപ്പോകാറുള്ളത് സാധാരണയാണ്. പകുതി തമിഴനായ ജംബുലിംഗം ഏതോ തുറയിലാണത്രെ ജനിച്ചു വളര്‍ന്നത്. പരിസരബോധമില്ലാതെ എന്തും എവിടെനിന്നും ഉച്ചത്തിലാക്രോശിക്കുന്ന സ്വഭാവം കിട്ടിയത് ഈ തുറയില്‍ നിന്നാണുപോലും. കപാലിയുടേതിനേക്കാള്‍ ഒട്ടും ഗാംഭീര്യം കുറഞ്ഞ വിഷയത്തിലല്ല ജംബുലിംഗവും ‘പി.എച്ച്.ഡി’ എടുത്തത്. തന്നെയോ, പി.എച്ച്.ഡി ‘ദിസീസില്‍’ നിന്നും അടര്‍ത്തിയെടുത്ത ചില ഭാഗങ്ങള്‍ അദ്ദേഹം ഒരു പുതിയ പ്രബന്ധമാക്കി പ്രസിദ്ധീകരിച്ചതു കൂടാതെ അതിനെത്തന്നെ ഭാഷയും ശീര്‍ഷകവും മാറ്റി രണ്ടാമതൊരുപ്രബന്ധം കൂടി പ്രസിദ്ധീകരിച്ചു. ഈ പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ കലാശാലാ റീഡര്‍ തസ്തിക കരസ്ഥമാക്കിയ ജംബുലിംഗം തന്റെ ഉന്തിയ കുടവയറുമായി വിഡ്ഢിക്കുവയറുനിറയുമ്പോഴുണ്ടാകുന്ന ചിരിയോടെ സാമൂഹികശാസ്ത്ര വിഭാഗത്തിലേക്ക് കയ്യുംവീശി വന്നവരവ് അവിടത്തെ മറ്റദ്ധ്യാപകര്‍ ഇന്നുമോര്‍ക്കുന്ന സംഭവമാണ്! ഇടക്കിടെയുണ്ടാകാറുള്ള ശമ്പളവര്‍ദ്ധന ജംബുലിംഗത്തെ ആവേശഭരിതനാക്കാറുള്ളതും ശ്രദ്ധേയമത്രെ. ‘നമഃശിവായ’ത്തിനുപകരം ‘നമചിവായ’ മെന്നുന്നുച്ചരിക്കുന്ന തമിഴന്റെ ശൈലിയില്‍ പുതിയ ‘ചമ്പള’ ത്തെ സംബന്ധിക്കുന്ന കണക്കുകൂട്ടലും അതേപ്പറ്റിയുള്ള ആവേശോജ്വലമായ പ്രകടനവുമൊക്കെ ജംബുലിംഗത്തെ പലപ്പോഴും പരിഹാസ്യനാക്കാറുണ്ട്. പുതിയ പുതിയ സ്ഥാനങ്ങള്‍ കിട്ടുമ്പോള്‍ മതിമറന്ന് തന്റെ സഹപ്രവര്‍ത്തകരോട് ‘താനാരുമല്ലടോ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഞാനാണെടോ വലുതെ’ന്നു ‘രാജപാളയം’ ശൈലിയില്‍ ഇരമ്പാറുള്ള ജംബുലിംഗം ക്യാമ്പസ്സില്‍ പൊതുവേ പരിഹാസകഥാപാത്രമാണ്. തന്റെ സഹപ്രവര്‍ത്തകരുടെ ഉന്നതിയില്‍ അപകര്‍ഷതാബോധംകൊണ്ട് അസൂയ വര്‍ദ്ധിക്കുകയെന്നത് ജംബുലിംഗത്തിന്റെ സ്ഥിരം രീതിയാണ്. അങ്ങിനെയാരോടെങ്കിലും പക തോന്നിയാല്‍ തന്റെ കുപ്പിണിപ്പാര്‍ട്ടിയിലെ വിദ്യാര്‍ത്ഥി ശിങ്കിടികളെ ചട്ടംകെട്ടി പ്രസ്തുത അദ്ധ്യാപകര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുകയും ഘെരാവോ ചെയ്യിക്കുകയും തന്റെ നുണക്കമ്പനിയിലെ പെണ്‍കുട്ടികളെക്കൊണ്ട് ടി അദ്ധ്യാപകന്‍ തങ്ങളോടശ്ലീലം പറഞ്ഞെന്നു പരാതിയെഴുതി കൊടുപ്പിക്കുകയും ചെയ്യുക പതിവാണ്. എന്തിന്, ഒരു സഹപ്രവര്‍ത്തക സര്‍വ്വീസില്‍ നിന്നും വിരമിച്ചപ്പോള്‍ തന്റെ പാര്‍ട്ടിപ്പിള്ളേരെക്കൊണ്ട് ഒരു കുഴിമാടവുമൊരുക്കി അനുശോചിപ്പിച്ചു. ജംബുലിംഗവും കപാലിയും തമ്മില്‍ നടന്ന വാക്കേറ്റം മറ്റദ്ധ്യാപകര്‍ ഒരിക്കല്‍ കലാലയമേധാവിയുടെ ശ്രദ്ധയില്‍പ്പടുത്തിയതുമാണ്. എന്നാല്‍ ഒന്നാംസാറിന്റെ അവസ്ഥ കൂനിന്മേല്‍ കുരുവെന്നതുപോലെയായിരുന്നു. തന്റെ ഭൂതകാല ‘സല്‍പ്രവര്‍ത്തി’ കളെപ്പറ്റി നന്നായറിയാമായിരുന്ന ആളായിരുന്നു കപാലിയെന്നതുകൊണ്ടും ഇതിലേതെങ്കിലുമൊന്ന്, പ്രത്യേകിച്ച് തനിക്ക് പണ്ടൊരു സഹയാത്രികയായ അദ്ധ്യാപികയുമായുണ്ടായിരുന്ന വികാരവായ്പ്പിനെപ്പറ്റിയോ മറ്റോ ‘നിര്‍ല്ലജ്ജനായ’ കപാലി വിളിച്ചുകൂവിയാലുണ്ടാകാവുന്ന നാണക്കേട് ഭയന്നതുകൊണ്ടും കലാലയമേധാവി ഈ പ്രശ്‌നം തല്‍ക്കാലത്തേക്ക് ‘പെന്‍ഡിങ്ങില്‍’ വയ്ക്കുകയാണുണ്ടായത്.
തന്റെ സാമൂഹികശാസ്ത്രപഠനം വിഭാഗത്തെ ‘ഗ്ലോബലൈസ്’ ചെയ്യുന്ന പ്രവൃത്തിയില്‍ ജാഗരൂകനായിരുന്ന കപാലി പലപ്പോഴും വിദേശ ‘പണ്ഡിതന്‍’മാരെ തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് വരുത്തുന്നത് പതിവാണ്. ഇവരില്‍ പലരും അത്യന്താധുനികരാണുപോലും! യൂറോപ്പുകാരനായ ഏതോ ഒരു പ്രൊഫസ്സര്‍ ഗ്രാസ്സ്‌ഹോപ്പര്‍ സമീപകാലത്തായി ഇവിടെ സന്ദര്‍ശിച്ചത്രെ. അത്യാന്താധുനിക ചിന്താപദ്ധതിയെ ‘ശിഥിലകരണവാദത്തിന്റെ’ ഉപജ്ഞാതാക്കളിലൊരാളായ അനാര്‍ക്ക്‌വോമിന്റെ ശിഷ്യനാണത്രെ ഈ ഗ്രാസ്റ്റ് ഹോപ്പര്‍! അദ്ദേഹത്തിന്റെ പ്രബന്ധവിഷയം ബഹുകേമമായിരുന്നുപോലും. അരാജകതയെ എങ്ങിനെ ‘രാജ്’ ആക്കി മാറ്റാം എന്നതിനെപ്പറ്റി ഈ ആധുനിക ചാര്‍വാകന്‍ വാചാലനായി: ”കുടുംബജീവിതം ഒരസംബന്ധമാണ്. വിവാഹത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതും കോടതിയും സമൂഹവും ഇതില്‍ ഇടപെടുന്നതും സ്വാതന്ത്ര്യത്തിനുള്ള വിലക്കാണ്. ചിട്ടകളും ചട്ടങ്ങളും കാപട്യത്തിന്റെ മുഖംമൂടികളാണ്. പൈതൃകവും പാരമ്പര്യവും അസംബന്ധങ്ങളാണ്. എല്ലാറ്റിനെയും തിരസ്‌ക്കരിക്കുക… പൊളിച്ചടുക്കുക.” ഏതോ ഒരത്യന്താധുനിക സാഹിത്യകാരിയുടെ വിലാപത്തിനടിവരയിട്ടുകൊണ്ട് ഗ്രാസ്സ്‌ഹോപ്പര്‍ ആവേശഭരിതനായി പറഞ്ഞു ശരിയാണ്; മൃഗത്തിനുള്ള സ്വാതന്ത്ര്യം പോലുമില്ല. ഒന്നുമ്മകൊടുക്കാന്‍ പോലും ക്യാമ്പസ്സുകളില്‍ വിലക്ക്. ഹോ എന്തൊരു സമൂഹം!” ദാരിദ്ര്യത്തിന്റെ തത്വശാസ്ത്രത്തിനെപ്പറ്റിയും കുടുംബസംവിധാനത്തിന്റെ നിരര്‍ത്ഥകതയെപ്പറ്റിയും പറയാന്‍ അദ്ദേഹം മറന്നില്ല. അതിരുകവിഞ്ഞ സെക്ക്യൂലറിസത്തിന്റെ വക്താവുകൂടിയായ ഗ്രാസ്റ്റ്‌ഹോപ്പര്‍ തുടര്‍ന്നു: ദാരിദ്ര്യമാണ് സാധാരണക്കാരനെ ഭീകരവാദത്തിലേക്ക് നയിക്കുന്നത്. ദാരിദ്ര്യമാണ് ചില കൂട്ടരെ ബോംബ് നിര്‍മ്മിക്കാന്‍ നിര്‍ബന്ധിക്കുന്നത്. ദാരിദ്ര്യമാണ് ഭീകരതയുടെ മനഃശാസ്ത്രത്തിനു കാരണം.” ”പട്ടിണി വന്നാല്‍ കുഴക്കട്ടയുണ്ടാക്കിത്തിന്നാറുണ്ടെന്നും അതിനപ്പുറം ചെന്നാല്‍ കുഴക്കട്ടവെള്ളം തന്നെ കുടിക്കാറുണ്ടെന്നും കേട്ടിട്ടുണ്ട്. മറിച്ച് ബോംബുണ്ടാക്കിത്തിന്നു വിശപ്പകറ്റുന്നതിനെപ്പറ്റിയിന്നുവരെയാരും കേട്ടിട്ടില്ല. ഇതൊരു പുതിയ ഫൈന്‍ഡിങ്ങുതന്നെ! അപ്പോള്‍ പട്ടിണിവന്നാല്‍ ബോംബും ഭക്ഷിക്കുമോ?” ഏതോ ദരിദ്ര്യഗ്രാമത്തില്‍ നിന്നും ഉപരിപഠനാര്‍ത്ഥം സാന്ദീപനിയില്‍ വന്നുപെട്ട ഒരു വിദ്യാര്‍ത്ഥി ആത്മഗതം ചോദിച്ചു. ”പൊളിച്ചു പഠിക്കലാണീക്കൂട്ടരുടെ പണി. ഉള്ളിപൊളിക്കും പോലെ ശൂന്യതയിലേക്കുള്ള പോക്ക്. ഈ പഠനം ഒന്നുമില്ലായ്മയിലെത്തിക്കും, സമാജത്തിനെ സമജമാക്കും”, അദ്ദേഹത്തിന്റെ ‘പ്രബന്ധം’ ശ്രദ്ധിച്ച മറ്റൊരദ്ധ്യാപകന്‍ ചര്‍ച്ചാവേളയില്‍ ഓര്‍ക്കാപ്പുറത്തു പറഞ്ഞുപോയി. ഫലമോ? കപാലിയും തന്റെ സുഹൃത്തായ ഡോ.ഗംജാബുദ്ധിയും തന്റെ പുരോഗമന ശിഷ്യവൃന്ദവും ചേര്‍ന്ന് പ്രസ്തുത അദ്ധ്യാപകനെ ഘെരാവോ ചെയ്തു. അക്കൂട്ടത്തില്‍ ഏതോ ഒരു പുരോഗമനന്‍ തന്റെ ഉടുമുണ്ടപ്പോള്‍ത്തന്നെയഴിച്ച് അതില്‍ ‘ഈ ഫാഷിസ്റ്റിനെ തുരത്തിയോടിക്കുക. വകുപ്പുമേധാവിയാകുന്നതില്‍ നിന്നും ഭാവിയില്‍ ഈ ചെറ്റയെ തടയുക’ എന്നു കരികൊണ്ടെഴുതി ഡിപ്പാര്‍ട്ടുമെന്റിന്റെ മുമ്പില്‍ കെട്ടിത്തൂക്കി. പോരാഞ്ഞതിന് ഡോ. ഗംജാബുദ്ധി ഈ അദ്ധ്യാപകനെ വ്യക്തിപരമായി ആക്ഷേപിച്ചൊരു ലേഖനമെഴുതി തന്റെ രണ്ടു ശിഷ്യന്മാരുടെ പേരില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു!
~ഒരു പേമാരി പെയ്‌തൊഴിഞ്ഞതുപോലെ നിസ്സംഗിയായ മാര്‍ജ്ജാരതാപസനപ്പോലെ കപാലി തന്റെ മേധാവിക്കസേരയില്‍ ചിന്തയിലെന്നോണം ഇരുന്നു. ഫോണിന്റെ അമ്പരിപ്പിക്കുന്ന മണി മുഴക്കം. ഫോണ്‍ കയ്യിലെടുത്ത മേധാവിയുടെ അറ്റന്‍ഡന്റ് അതിലൂടെ എന്തോ കേട്ടമ്പരന്നതുപോലെ ഉച്ചത്തില്‍ അലറി: ”സാര്‍ സാറിന്റെ മകന്‍ ഭ്രാന്തിളകി സാറിന്റെ മാഡത്തെ അടിച്ചു.” ”അവന്‍ മെന്റലി റിട്ടാര്‍ഡഡാണ്”, കപാലിയുടെ പതിഞ്ഞ ശോകാര്‍ദ്രമായ ശബ്ദം. ”അച്ഛന്‍ ഇന്റലെക്ച്വലി റിട്ടാര്‍ഡഡും. സാക്ഷാലീശ്വരനുപോലും മാറ്റാനൊക്കാത്ത രോഗങ്ങള്‍,” അടുത്തു നിന്ന ആനന്ദ് ആത്മഗതം പറഞ്ഞു.
എല്ലാം കണ്ടമ്പരന്ന സാന്ദീപനി തന്റെ ആശ്രമ കവാടത്തില്‍ നിന്നുകൊണ്ട് പുനര്‍ദത്തനെയന്വേഷിച്ചു വൈവസ്വതപുരിക്കു പോകന്‍ തുടങ്ങിയ പ്രിയശിഷ്യനായ കൃഷ്ണനെ തിരികെ വിളിച്ചപേക്ഷിച്ചു: ”ഭഗവന്‍, പുനര്‍ദത്തനെ പിന്നെക്കിട്ടിയാലും മതി. അതില്‍കൂടുതലായി എനിക്കു മറ്റൊന്നപേക്ഷിക്കുവാനുണ്ട്.” ഗുരുവിന്റെ ആജ്ഞ ശിരസ്സാ വഹിക്കാന്‍പോരുന്ന മന്ദസ്മിതത്തോടെ വനമാലി നമ്രശിരസ്‌ക്കനായി ഗുരുസവിധത്തില്‍ നിന്നു. കെട്ടഴിഞ്ഞ ചികുരഭാരത്തിന്റെ മാനക്കേടില്‍ വിലപിച്ച കൃഷ്ണയെപ്പോലെ സാന്ദീപനി ആര്‍ത്തനായപേക്ഷിച്ചു: ”കൃഷ്ണാ എന്റെ മാനക്കേടിനൊരറുതി വരുത്തണം. എന്റെ പേരിനെയാക്ഷേപിക്കുന്ന ഈ ‘സാന്ദീപനി’ ക്കുനേരെ അനവധിയധര്‍മ്മങ്ങളെ ഭസ്മമാക്കിയ അങ്ങയുടെ സുദര്‍ശനത്തെ അയക്കുക. അതുകണ്ടു ഞാന്‍ ഒരിക്കലെങ്കിലും ആത്മനിര്‍വൃതികൊള്ളട്ടെ.” ഭഗവാന്‍ ഒരുനിമിഷം അമ്പരന്നുപോയി. ”എന്ത് തന്റെ ഗുരുവിന്റെ പേരിനു നേരെ സുദര്‍ശനത്തെയയക്കുകയോ?” കുരുക്ഷേത്രത്തിലെ അര്‍ജുനനെപ്പോലെ ചക്രായുധന്‍ വിഷണ്ണനായി… പക്ഷെ ഗുരുവിന്റെ ഗീതോപദേശം തമസ്സിന്റെ അഗാധതകളെയകറ്റുമാറ് പ്രതിദ്ധ്വനിച്ചു. ”ഭഗവന്‍ അവരതു നേരത്തെതന്നെ ചെയ്തുകഴിഞ്ഞതാണ്. അവിടുന്നു വെറുമൊരായുധം മാത്രമാണ്. അമാന്തിക്കാതെ എന്റെയപേക്ഷയെ കൈക്കൊള്ളുക.” ഭഗവാന്‍ പിന്നെയൊന്നും ആലോചിച്ചില്ല. വിവശതയില്‍നിന്നുമെഴുന്നേറ്റു. ഗുരുവിന്റെ ആജ്ഞ നിറവേറ്റാന്‍ ഒരിക്കലൂടെ ചക്രധാരിയായി.