മാവേലി വാണ മലയാളനാടിനെ കുറിച്ചുള്ള മധുരസ്മരണകള്‍ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് മലയാളികള്‍. ആ നല്ല നാളുകളുടെ ഒരു സവിശേഷതയായി കവി പറയുന്നത് ‘ബാലമരണങ്ങള്‍ കേള്‍പ്പാനില്ല’ എന്നാണ്. എന്നാല്‍ ഇന്ന ത്തെ കേരളത്തിന്റെ അവസ്ഥ എന്താണ്? ബാലകൊലപാതകങ്ങളും ബാലപീഡനങ്ങളും അരങ്ങു തകര്‍ക്കുന്ന സംസ്ഥാനമായി കേരളം അധഃപതിച്ചിരിക്കുകയല്ലേ? ആരാണ് ഈയൊരവസ്ഥയ്ക്ക് ഉത്തരവാദി? എന്താണ് ഇതിനൊരു പരിഹാരം? പൊതുസമൂഹം ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.
കുഞ്ഞുങ്ങളെ അതിക്രൂരമായി പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിത്യേന പുറത്തുവരുന്നത്. ഈയിടെ തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ് ഏഴുവയസ്സുകാരനായ മകന്‍ മരിച്ച സംഭവം കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു. തൊട്ടുപിന്നാലെ കൊച്ചിയില്‍ മൂന്നു വയസ്സുകാരനായ മകന്‍ മരിച്ചത് സ്വന്തം അമ്മയുടെ മര്‍ദ്ദനമേറ്റാണ്. മദ്യപിച്ചെത്തിയ പിതാവ് മകന്റെ കൈ അടിച്ചൊടിച്ചത് കണ്ണൂരിലാണ്. കോഴിക്കോട് രാമനാട്ടുകരയില്‍ അഞ്ചു വയസ്സിനുതാഴെയുള്ള മൂന്നു മക്കളെ ഭക്ഷണം പോലും നല്‍കാതെ ഒരു ദിവസം മുഴുവന്‍ മുറിയില്‍ പൂട്ടിയിട്ടത് സ്വന്തം അമ്മയാണ്. ഒടുവില്‍ പോലീസെത്തിയാണ് കുട്ടികളെ മോചിപ്പിച്ചത്. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികമായ അതിക്രമങ്ങളുടെ അനേകം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി സംഭവങ്ങള്‍ കുടുംബങ്ങളില്‍ നടക്കുന്നതായും വാര്‍ത്തയുണ്ട്. സംരക്ഷണം നല്‍കേണ്ടവര്‍ തന്നെയാണ് മിക്ക സംഭവങ്ങളിലും കുട്ടികളെ മര്‍ദ്ദിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നത് എന്നതിനാല്‍ പല സംഭവങ്ങളും നാലാളറിയാതെ ഒതുക്കിത്തീര്‍ക്കുകയാണ് എന്നും പറയപ്പെടുന്നു. അയല്‍ക്കാരും ബന്ധുക്കളുമൊന്നും നമുക്ക് അന്യരല്ലല്ലോ! 2018ല്‍ മാത്രം 4008 ബാല പീഡനക്കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ആറ് വര്‍ഷം മുമ്പ് ഇടുക്കിയില്‍ അച്ഛന്റെയും വളര്‍ത്തമ്മയുടെയും ക്രൂരമര്‍ദ്ദനമേറ്റ് പത്തു വയസ്സുകാരനായ മകന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ബാലപീഡനക്കേസുകളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ഈ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച് സംസ്ഥാനത്തെ കുടുംബങ്ങളില്‍ നടത്തിയ ഒരു സര്‍വ്വെയുടെ നിഗമനങ്ങള്‍ ഈയിടെ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ സമയത്താണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ബാലപീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും. സര്‍ വെ ഫലം പുറത്തുവരാന്‍ ആറു വര്‍ഷമെടുത്തു എന്നതു തന്നെ ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിനുള്ള അലസതയും അനാസ്ഥയുമാണ് കാണിക്കുന്നത്. ഈ സര്‍വ്വെ പ്രകാരം സംസ്ഥാനത്തെ 12 ലക്ഷത്തോളം കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്നാണ് സാമൂഹികനീതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വളര്‍ത്തു മാതാപിതാക്കള്‍, മനോദൗര്‍ബല്യമുള്ളവര്‍, മദ്യപരായ മാതാപിതാക്കള്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍, വിവാഹമോചിതര്‍ തുടങ്ങിയവരുടെ കുടുംബങ്ങളിലെ കുട്ടികളാണ് ഏറ്റവും അരക്ഷിതാവസ്ഥ നേരിടുന്നത്. മദ്യപരായ മാതാപിതാക്കളുള്ള 94,685 കുടുംബങ്ങള്‍ സംസ്ഥാനത്തുണ്ടെന്നാണ് അംഗന്‍വാടി ജീവനക്കാര്‍ വീടുതോറും കയറിയിറങ്ങി നടത്തിയ സര്‍വ്വെയിലൂടെ വെളിപ്പെട്ടത്. ഒട്ടും ആരോഗ്യകരമല്ലാത്ത ഒരു സാമൂഹ്യാന്തരീക്ഷം കേരളത്തില്‍ രൂപപ്പെട്ടുവരുന്നു എന്നതിന്റെ സൂചന കൂടിയാണ് ഈ സര്‍വ്വെ ഫലങ്ങള്‍.
വിദ്യാഭ്യാസവും സാമ്പത്തിക മുന്നാക്കാവസ്ഥയും ഉള്ള കുടുംബങ്ങളിലും കുട്ടികള്‍ പലതരത്തിലുള്ള പീഡനങ്ങള്‍ക്കും വിധേയരാകുന്നുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടാത്തതിന് ആറ് എ പ്ലസ് കിട്ടിയ മകനെ അച്ഛന്‍ മണ്‍വെട്ടിയുടെ കൈ കൊണ്ട് മര്‍ദ്ദിച്ചത് ഈയിടെയാണ്. കുട്ടികളെ അടിച്ചുപഠിപ്പിക്കുന്നത് ശീലമാക്കിയവരാണ് പല രക്ഷിതാക്കളും. കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന കാര്യത്തില്‍ യാതൊരു ധാരണയുമില്ലാത്ത ഇവര്‍ അവര്‍ക്കു കുട്ടിക്കാലത്ത് കിട്ടിയ ‘പാഠങ്ങള്‍’ മക്കളില്‍ പ്രയോഗിക്കുകയാണ്. കേരളത്തിലെ രക്ഷിതാക്കളില്‍ മിക്കവരും ഇത്തരം ശിക്ഷണ നടപടികളിലൂടെ കടന്നുപോയവരായതിനാല്‍ അവര്‍ കുട്ടികളെ ഇതേ വഴിയിലൂടെ നയിക്കുന്നു. ഇതും സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള കാരണമാവുന്നു. മദ്യത്തിന്റെ അമിതമായ ഉപയോഗം കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഇല്ലാതാക്കണമെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് 2012ല്‍ പോക്‌സോ നിയമം കൊണ്ടുവന്നത്. 2018ല്‍ ചില ഭേദഗതികളോടെ നിയമം കര്‍ശനമാക്കിയെങ്കിലും പോക്‌സോയുടെ പരിധിയില്‍ വന്ന കേസ്സുകളുടെ എണ്ണം കൂടിയതല്ലാതെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ എണ്ണം കുറഞ്ഞില്ല. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് എന്ന ഈ നിയമത്തിന്റെ പരിധിയില്‍ പെണ്‍കുട്ടികള്‍ മാത്രമാണ് വരുന്നത് എന്നത് ഒരു പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആണ്‍കുട്ടികളും പലതരത്തിലും പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നതിനാല്‍ അവരുടെ സുരക്ഷയ്ക്കും കര്‍ശനമായ നിയമങ്ങളുണ്ടാകേണ്ടതുണ്ട്. പോക്‌സോ നിയമപ്രകാരം എടുക്കുന്ന കേസുകള്‍ പ്രത്യേക കോടതികളിലൂടെ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്നാണ് നിയമം. കേരളത്തില്‍ മാത്രം ആറായിരത്തിലധികം കേസുകള്‍ ഇത്തരത്തില്‍ തീര്‍പ്പാക്കാനുണ്ട്. 2018ല്‍ മാത്രം കുട്ടികള്‍ക്കെതിരെ 3478 കുറ്റകൃത്യങ്ങളുണ്ടായതില്‍ 1101 എണ്ണത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് പല സന്നദ്ധ സംഘടനകളും പ്രവര്‍ത്തിക്കുന്നുവെന്നത് കുറച്ചൊക്കെ ആശ്വാസകരമാണ്. ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടന 1098 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ അവരുടെ സേവനം പീഡനത്തിനിരയാകുന്നവര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. പലപ്പോഴും ബന്ധുക്കളോ കുട്ടികളുമായി ഏറ്റവും അടുപ്പമുള്ളവരോ ആണ് കുറ്റവാളികള്‍ എന്നതിനാല്‍ ആര് പരാതി കൊടുക്കും എന്ന അവസ്ഥയുമുണ്ട്. പോക്‌സോ നിയമം ദുരുപയോഗപ്പെടുത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുകയും അവര്‍ക്ക് കര്‍ശനമായ ശിക്ഷ കാലതാമസം ഉണ്ടാകാതെ നല്‍കുകയും ചെയ്യുന്നത് കുറ്റകൃത്യങ്ങള്‍ കുറയാനിടയാക്കുമെന്നു തന്നെയാണ് ഈ വിഷയത്തില്‍ വിദഗ്ദ്ധരായവര്‍ ചൂണ്ടിക്കാട്ടുന്നത്.
മൂല്യാധിഷ്ഠിതമായ കുടുംബവ്യവസ്ഥയാണ് നമ്മുടെ സംസ്‌കാരത്തില്‍ കുട്ടികളെ ആരോഗ്യകരമായ ഒരന്തരീക്ഷത്തില്‍ വളര്‍ത്താന്‍ സഹായിച്ചിരുന്നത്. ഇന്ന് ഉപഭോഗ സംസ്‌കാരത്തിനു പ്രാധാന്യം നല്‍കുന്ന ജീവിതശൈലി പല കുടുംബങ്ങളിലും സ്വീകരിക്കപ്പെടുന്നതു വഴി കുട്ടികള്‍ക്ക് ശരിയായ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കപ്പെടുന്നില്ല. ഇവര്‍ക്കു മാതൃകയാകേണ്ട രക്ഷിതാക്കള്‍ വഴിവിട്ട ജീവിതം നയിക്കുമ്പോള്‍ അതു സമൂഹത്തിന് മൊത്തം വിപത്തായി മാറുകയാണ് ചെയ്യുന്നത്. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അവരെ ഉത്തമപൗരന്മാരായി വളര്‍ത്തിയെടുക്കുന്നതിനും സര്‍ക്കാരും സന്നദ്ധ സംഘടനകളും വിവിധ സ്ഥാപനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം നല്‍കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കഴിയേണ്ടതുണ്ട്.