കോണ്‍ഗ്രസ് ഇന്ത്യന്‍ മുസ്ലിംകളില്‍ ഭീതി പരത്തുകയാണെന്നും നിഴല്‍യുദ്ധം നിര്‍ത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് പൗരത്വം നല്‍കുമോയെന്നും പ്രധാനമന്ത്രി ചോദിച്ചു. ‘കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും പൗരത്വ ഭേദഗതി ബില്ലിന്മേല്‍ നുണ പ്രചാരണം നടത്തുകയാണ്. ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന് മേല്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ്. കലാപങ്ങള്‍ പരത്തുന്നതിന് പിന്നില്‍ കോണ്‍ഗ്രസാണ്. ദേശീയ പൗരത്വ നിയമം ഏതെങ്കിലുമൊരു ഇന്ത്യന്‍ പൗരന്റെ എന്തെങ്കിലും അവകാശങ്ങള്‍ നിഷേധിക്കുന്നതല്ല. ഇന്ത്യന്‍ പൗരനെ യാതൊരു തരത്തിലും ബാധിക്കാത്ത നിയമമാണിത്. വിദ്യാര്‍ത്ഥികള്‍ ജനാധിപത്യപരമായി സമരം ചെയ്യണം. രാജ്യത്തിന്റെ ഭരണഘടനയാണ് നമ്മുടെ വിശുദ്ധ ഗ്രന്ഥം. സര്‍ക്കാരിന്റെ നയങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടത്തൂ, ജനാധിപത്യപരമായി പ്രതിഷേധിക്കൂ’, കോളേജുകളിലെ യുവാക്കളോട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
നിങ്ങളെ ഞങ്ങള്‍ കേള്‍ക്കും. എന്നാല്‍ ചില പാര്‍ട്ടികളും നഗര നക്‌സലുകളും നിങ്ങളുടെ ചുമലുകളില്‍ തീ പടര്‍ത്തുകയാണ്. നഗര നക്‌സലുകളാണ് വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് കുഴപ്പത്തില്‍ ചാടിക്കുന്നത്. മതവിവേചനം നേരിടുന്ന മൂന്ന് അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ ജനവിഭാഗത്തിന് പൗരത്വം ലഭിക്കാനുള്ള നടപടികള്‍ ലളിതവല്‍ക്കരിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. അവര്‍ക്ക് തിരികെ പോകാനാവാത്തതിനാല്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും മോദി വിശദീകരിച്ചു.
എത്ര പ്രതിഷേധം നടന്നാലും പാര്‍ലമെന്റ് പാസാക്കിയ നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി. ‘ഇരുസഭകളിലും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ വിഷയത്തെ പ്രതിപക്ഷം ദുരുപയോഗം ചെയ്യുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുമെന്നും വ്യക്തമായിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കി, ഭീകരവാദ സംഘടനകളുടെ സഹായത്തോടെ നടക്കുന്ന അക്രമങ്ങള്‍ വെച്ചു പൊറുപ്പിക്കില്ല’,ആഭ്യന്തരമന്ത്രി പറഞ്ഞു.