ഭാരതത്തിന്റെ ദേശീയതയെയും സംസ്‌കാരത്തെയും അവമതിക്കുകയും അവഹേളിക്കുകയും ചെയ്ത പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. ഇതിന്റെ ഫലമായി ദേശീയ രാഷ്ട്രീയത്തിന്റെ പുറമ്പോക്കില്‍ പോലും ഇടമില്ലാതെ പുറന്തള്ളപ്പെട്ടിട്ടും തങ്ങളുടെ രാഷ്ട്രീയനയം തിരുത്താനോ പുനഃപരിശോധിക്കാനോ അവര്‍തയ്യാറായിട്ടില്ല. രാഷ്ട്രത്തിന്റെ മാനബിന്ദുക്കളെ നിരന്തരം മാനഭംഗപ്പെടുത്താന്‍ മാര്‍ക്‌സിസ്റ്റുകള്‍ ഇപ്പോഴും മത്സരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് ഭരണത്തിനുകീഴില്‍ കേരളത്തില്‍ രാഷ്ട്രവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും അരങ്ങേറുകയാണ്.
ഇക്കഴിഞ്ഞ ഗുരുപൂര്‍ണിമാ ദിനത്തില്‍ കേരളത്തിലെ ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ പാദപൂജ നടത്തിയതിനെ വലിയതോതില്‍ വിമര്‍ശിച്ച് സിപിഎം രംഗത്തു വരികയുണ്ടായി. കാസര്‍കോട് ബന്തടുക്കയിലെ കക്കച്ചാല്‍ സരസ്വതി വിദ്യാനികേതനിലെ വിദ്യാര്‍ത്ഥികള്‍ വിരമിച്ച അധ്യാപകരുടെ കാല്‍ കഴുകി ഗുരുവന്ദനം നടത്തിയ സംഭവം അപലപനീയമാണെന്നും വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിലപാടെടുത്തു. ഇതിനുപിന്നാലെ ആര്‍എസ്എസ് സങ്കല്‍പ്പിക്കുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയിലേക്ക് കേരളത്തെ കൊണ്ടുപോകാനുള്ള ശ്രമമാണ് ഗുരുപൂജയെന്നും ഫ്യൂഡല്‍ സംസ്‌കാരത്തിന്റെ ഭാഗമായി സനാതനധര്‍മം നടപ്പാക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമമാണ് ഗുരുപൂജയിലൂടെ കണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അഭിപ്രായപ്പെട്ടു. കാസര്‍കോട് പ്രതിഷേധവുമായി എസ്എഫ്‌ഐയും രംഗത്തെത്തി. ഏറ്റവുമൊടുവില്‍ കാസര്‍കോട്ടും മാവേലിക്കരയിലും വിദ്യാര്‍ത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കുകയാണ്.
വ്യാസപൗര്‍ണമി നാളില്‍ പൗരാണികകാലം മുതല്‍ ഭാരതമെമ്പാടും സമ്പ്രദായ ഭേദമന്യേ നടക്കുന്ന ചടങ്ങാണ് ഗുരുപൂജ. അതിനെ അവഹേളിക്കുകവഴി സിപിഎം ഒരിക്കല്‍ക്കൂടി അവരുടെ നയസമീപനം വ്യക്തമാക്കുകയാണ്. ഭാരതത്തിന്റെ ഏകതയെയും അസ്മിതയെയും പ്രതിനിധാനം ചെയ്യുന്ന പ്രതീകങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരന്തരം കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അടുത്തിടെ ഭാരതമാതാവിനെ തന്നെ ആക്ഷേപിക്കാന്‍ കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ രംഗത്തിറങ്ങി. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ അവര്‍ ഗുരുപൂജയെ എതിര്‍ക്കുന്നത്. ഗുരുനിന്ദയും ഗുരുഹത്യയുമാണ് തങ്ങളുടെ നയമെന്ന് സിപിഎം ആവര്‍ത്തിച്ചു തെളിയിച്ചിട്ടുണ്ട്. കേരള നവോത്ഥാനത്തിന്റെ പ്രവാചകനായ ശ്രീനാരായണഗുരുവിനെ ‘സിമന്റ് നാണു’ എന്ന് ആക്ഷേപിച്ച പൈതൃകമാണ് അവരുടേത്. 2015 ല്‍ അവര്‍ ഗുരുദേവന്റെ ചിത്രത്തെ കുരിശില്‍ തറച്ച് അപമാനിച്ചു. ഹൈന്ദവ ധര്‍മ്മാചാര്യന്മാരെ അവഹേളിക്കാന്‍ തുടര്‍ച്ചയായി സിപിഎം അരിവാളും ചുറ്റികയുമേന്തി തെരുവിലിറങ്ങുകയാണ്. എറണാകുളം പൂത്തോട്ടയില്‍ മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്തതും ലോകാരാദ്ധ്യയായ മാതാഅമൃതാനന്ദമയി ദേവിയെ നിരന്തരം ആക്ഷേപിച്ചതും ശബരിമല ക്ഷേത്രത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയതും മറക്കാവുന്നതല്ല. സര്‍വ്വാദരണീയനായ പേജാവര്‍ മഠാധിപതിയെ ‘കൊടും ഭീകരന്‍’ എന്ന് വിളിച്ചത് സിപിഎമ്മിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. സന്യാസിമാരെയും ആശ്രമങ്ങളെയും അവര്‍ സംഘടിതമായി ആക്രമിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും തുടര്‍ക്കഥയാണ്. അദ്ധ്യാപകരെയും ഗുരുക്കന്മാരെയും അക്രമിക്കുകയും വേട്ടയാടുകയും ചെയ്ത ചരിത്രമാണ് അവരുടേത്. മുന്‍പ് പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് വിരമിച്ച പ്രിന്‍സിപ്പലിന് എസ്എഫ്‌ഐക്കാര്‍ കുഴിമാടം ഒരുക്കിയത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്ന അദ്ധ്യാപകനെ മൊകേരി എല്‍പി സ്‌കൂളിലെ ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയും പിന്നീട് ഈ കേസില്‍ കോടതി ശിക്ഷിച്ച കുറ്റവാളിയെ അതേ സ്‌കൂളിന്റെ പിടിഎ പ്രസിഡന്റായി അവരോധിക്കുകയും ചെയ്യാന്‍ മടികാണിക്കാത്ത പാര്‍ട്ടിയാണത്. അവരുടെ ഗുരുനിന്ദകള്‍ക്ക് ഇരയായത് രാഷ്ട്രീയ എതിരാളികള്‍ മാത്രമായിരുന്നില്ല. പാര്‍ട്ടിക്കുവേണ്ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകത്തെ പോലും പരസ്യമായി ന്യായീകരിച്ച എം.എന്‍. വിജയന്‍ എന്ന അദ്ധ്യാപകന്‍ കൂടിയായ തങ്ങളുടെ രാഷ്ട്രീയ ഗുരുനാഥനെ ‘പുരയ്ക്കുമേല്‍ ചാഞ്ഞമരം’ എന്ന് വിശേഷിപ്പിച്ച് അധിക്ഷേപിച്ചതും വേട്ടയാടിയതും സിപിഎം നേതാക്കള്‍ തന്നെയായിരുന്നു.
ഹൈന്ദവ ആചാരമെന്ന നിലയിലാണ് സിപിഎം ഗുരുപൂജയെ എതിര്‍ക്കുന്നത്. ഒരുഭാഗത്ത് മതശക്തികളുടെ മല്‍പ്പിടുത്തങ്ങള്‍ക്ക് കീഴടങ്ങി സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് പിന്തിരിയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഹൈന്ദവമായതിനെയെല്ലാം നിന്ദിച്ച് നാഴികയ്ക്ക് നാല്പതുവട്ടം മതേതരത്വം ഉദ്‌ഘോഷിക്കുന്നവര്‍ എസ്എഫ്‌ഐ സമ്മേളനത്തിനിടെ നിസ്‌കാരപ്പായ വിരിച്ചു കൊടുത്തത് കേരളം കണ്ടതാണ്. ഗുരുപൂജ ചെയ്തതിന്റെ പേരിലും ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ പങ്കെടുത്തതിന്റെ പേരിലുമൊക്കെ ബാലാവകാശ കമ്മീഷനെക്കൊണ്ട് കേസെടുപ്പിച്ചവര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സ്വകാര്യ ക്ലിനിക്കില്‍ സുന്നത്ത് കര്‍മ്മത്തിനിടെ രണ്ട് മാസം പ്രായമായ കുട്ടി മരിച്ച സംഭവത്തില്‍ യാതൊരു പ്രതിഷേധവും നടത്താന്‍ തയ്യാറായിട്ടില്ല.
ഭാരതത്തിന്റെ ദേശീയ മൂല്യസങ്കല്‍പ്പങ്ങളെയും മാനബിന്ദുക്കളെയും മാനഭംഗപ്പെടുത്തുക വഴി മതമൗലികവാദികളുടെ പിന്തുണ നേടി മൃതപ്രായമായിത്തീര്‍ന്ന മാര്‍ക്‌സിസത്തിന്റെ വരണ്ടവേരുകള്‍ക്ക് പുതുജീവന്‍ നല്‍കാനാണ് സിപിഎം ശ്രമിക്കുന്നത്. ഭാരതത്തിലെ രാഷ്ട്രസങ്കല്പത്തിന്റെ പ്രാണശക്തിയായ ഭാരതമാതാവിനെ ‘കാവിക്കൊടി പിടിച്ച സ്ത്രീ’ എന്ന് ആക്ഷേപിച്ചത് കവലച്ചട്ടമ്പി മൂത്ത് വിദ്യാഭ്യാസ മന്ത്രിയായ കമ്മ്യൂണിസ്റ്റ് നേതാവാണ്. ഭാരതമാതാവിന്റെ നഗ്‌നചിത്രം വരച്ച എം.എഫ്. ഹുസൈന് രവിവര്‍മ്മ പുരസ്‌കാരം നല്‍കി ആദരിച്ചത് ഇടതുപക്ഷ സര്‍ക്കാരായിരുന്നു. ചരിത്രത്തില്‍, നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് പ്രാണാര്‍പ്പണം ചെയ്യാന്‍ പ്രേരണപകര്‍ന്ന ഭാരതമാതാവിനെ ആക്ഷേപിക്കുകവഴി രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തെ കൊഞ്ഞനം കുത്തുകയാണ് സിപിഎം ചെയ്യുന്നത്. ഭാരതത്തിന്റെ സൈനികര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് പോലും ആരോപിക്കാന്‍ സിപിഎം നേതാക്കള്‍ക്ക് മടിയുണ്ടായിരുന്നില്ല. പാദപൂജയല്ല മറിച്ച് പാദവിച്ഛേദമാണ് പാര്‍ട്ടിയുടെ നയപരിപാടിയെന്ന് സിപിഎം പലതവണ പ്രവൃത്തിയിലൂടെ തെളിയിച്ചിട്ടുണ്ട്. രാഷ്ട്രത്തെ പാദവിച്ഛേദം ചെയ്യുകയെന്ന ആഹ്വാനത്തോടെ സംഘടിപ്പിച്ച ‘കട്ടിംഗ് സൗത്ത്’ എന്ന മാധ്യമ സെമിനാറിന്റെ ഉദ്ഘാടകന്‍ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെയായിരുന്നു. ഇപ്പോള്‍ അദ്ധ്യാപകരുടെ പാദപൂജ ചെയ്തതിനെ സിപിഎം നഖശിഖാന്തം എതിര്‍ക്കുമ്പോള്‍, കണ്ണൂരില്‍ ആര്‍എസ്എസുകാരനായതിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയുടെ ക്രിമിനല്‍ സംഘം പാദവിച്ഛേദം നടത്തിയ ഒരു അദ്ധ്യാപകന്‍ പാര്‍ലമെന്റ് അംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടുവെന്നത് കാലത്തിന്റെ കാവ്യനീതിയാവാം. മതേതര രാഷ്ട്രീയത്തിന്റെ മറവില്‍ രാഷ്ട്രത്തിന്റെ മാനബിന്ദുക്കളെയാകമാനം മാനഭംഗപ്പെടുത്താനുള്ള ഗൂഢശ്രമങ്ങളെ രാഷ്ട്രസ്‌നേഹികള്‍ കരുതിയിരിക്കേണ്ടതുണ്ട്.