ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് നാം അഭിമാനത്തോടെ പറയുന്ന ഭാരതത്തില്‍ ജനാധിപത്യ ധ്വംസനം നടന്നിട്ട് അമ്പതാണ്ട് തികയുകയാണ്. ഇന്ദിരാഗാന്ധി തന്റെ സിംഹാസനം ഉറപ്പിക്കുന്നതിനുവേണ്ടി ഭരണഘടനയെ അട്ടിമറിച്ച്, പൗരാവകാശങ്ങള്‍ ധ്വംസിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണകൂട ഭീകരത അഴിച്ചുവിട്ടിട്ട് അമ്പത് വര്‍ഷം തികയുകയാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 352 അനുസരിച്ച് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിന് ഭീഷണി ഉണ്ടാവുമ്പോള്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിയും. പ്രസ്തുത വകുപ്പ് ഉപയോഗിച്ചാണ് ഇന്ദിര തന്റെ അധികാരക്കസേരയുടെ സുരക്ഷിതത്വം ഉറപ്പിക്കുന്നതിനു വേണ്ടി 1975 ജൂണ്‍ 25ന് അര്‍ദ്ധ രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അന്നുമുതല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ച 1977 മാര്‍ച്ച് 21 വരെ ഭാരതത്തില്‍ അരങ്ങേറിയത് ഫാസിസ്റ്റ് ഭരണമായിരുന്നു.
ഇന്ദിരയുടെ ഫാസിസ്റ്റ് മുഖം
ഭാരതം കണ്ട ആദ്യത്തെയും അവസാനത്തെയും (ഇനി ഒരിക്കലും അത്തരത്തില്‍ അടിയന്തരാവസ്ഥ ഉണ്ടാവില്ല എന്ന വിശ്വാസത്താല്‍ പറയുന്നതാണ്) ഏകാധിപതി ഇന്ദിരയാണ്. ഭരണഘടനയുടെ പതിപ്പ് ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യം ജനാധിപത്യം എന്ന് വിളിച്ചു കൂവുന്ന യുവനേതാവ് തന്റെ മുത്തശ്ശി ഭരണഘടനയെ അട്ടിമറിച്ച ചരിത്രം പഠിക്കുന്നത് നല്ലതാണ്. ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിലൂടെ ജനാധിപത്യത്തെ പുനഃസ്ഥാപിക്കാന്‍ പ്രവര്‍ത്തിച്ച കര്‍മ്മനിരതരായ ദേശസ്‌നേഹികളുടെ ജീവനും ജീവിതവും പാഠമാക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ അടിയന്തരാവസ്ഥ പോരാട്ടത്തെ കുറിച്ച് പാഠപുസ്തകങ്ങളില്‍ എവിടെയും ഉള്‍പ്പെടുത്തിക്കാണുന്നില്ല. ജനാധിപത്യത്തെയും ഭരണഘടനയെയും കുറിച്ച് പഠിപ്പിക്കുമ്പോള്‍ – സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പഠിപ്പിക്കുന്നത് പോലെ തന്നെ – ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ചും പഠിപ്പിക്കേണ്ടതുണ്ട്.
വിവിധ കക്ഷി ജനാധിപത്യ സമ്പ്രദായം ഉള്ള (Multy party Political Democracy) ഭാരതത്തില്‍ പക്ഷേ എല്ലാകാലത്തും (ചുരുങ്ങിയ ചില കാലം ഒഴിച്ചാല്‍) ഏകകക്ഷി മേധാവിത്വമാണ് ഉണ്ടായിരുന്നത് (Single party domination). 75 വര്‍ഷത്തെ ചരിത്രത്തില്‍ ഏകദേശം അമ്പത് വര്‍ഷത്തോളം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മേധാവിത്വം തന്നെയാണ് രാജ്യത്ത് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് മേധാവിത്വം എന്നാല്‍ നെഹ്‌റു കുടുംബത്തിന്റെ അപ്രമാദിത്വം എന്ന് തന്നെ വിളിക്കാവുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും പ്രധാനമന്ത്രിയായിട്ടുണ്ടെങ്കില്‍ അപ്പോഴും ഭരണം നിയന്ത്രിച്ചിരുന്നത് അവര്‍ തന്നെയായിരുന്നു. മന്‍മോഹന്‍സിംഗിന്റെ പത്തുവര്‍ഷക്കാലത്തെ ഭരണം നാം കണ്ടതാണ്.
അധികാരത്തിന്റെ മത്തുപിടിക്കുമ്പോള്‍ തന്റെ അധികാരത്തിന് നേരെ ഉയരുന്ന എതിര്‍പ്പുകളെ ഇല്ലാതെയാക്കാനുള്ള ത്വര ഉണ്ടാവും. ‘അധികാരം ദുഷിപ്പിക്കും, പരമാധികാരം പൂര്‍ണമായും ദുഷിപ്പിക്കും’ (Power corrupts absolute Power corrupts absolutely) എന്ന ചൊല്ല് അന്വര്‍ത്ഥമാക്കി കൊണ്ടാണ് ഇന്ദിര പ്രവര്‍ത്തിച്ചതും പെരുമാറിയതും. അതിന്റെ പരിണതഫലമായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം. ബ്രിട്ടീഷുകാരെ പോലും നാണിപ്പിക്കുന്ന തരത്തില്‍ സ്വന്തം പൗരന്മാരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച് ഒതുക്കുന്നതില്‍ ഇന്ദിര കാണിച്ച വൈഭവം സമാനതകളില്ലാത്തതാണ്. ഇന്ദിരയെ സമാധാനത്തിന്റെ വെള്ളരിപ്രാവായും മാലാഖയായും ഒക്കെ വാഴ്ത്തിപ്പാടാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കുക അവര്‍ മാലാഖയുമായിരുന്നില്ല വെള്ളരിപ്രാവുമായിരുന്നില്ല. പിന്നെയോ? അടിയന്തരാവസ്ഥ പ്രക്ഷോഭകാരികള്‍ ചുവരില്‍ എഴുതിപ്പിടിപ്പിച്ച ഒരു മുദ്രാവാക്യം ഉണ്ടായിരുന്നു ‘ഇന്ദിരാഗാന്ധി ഭാരത യക്ഷി’ എന്ന്. സ്വാതന്ത്ര്യം ആഗ്രഹിച്ച, ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച ജനങ്ങളുടെ ചോര ഊറ്റിക്കുടിച്ച യക്ഷി തന്നെയായിരുന്നു ഇന്ദിര.
അടിയന്തരാവസ്ഥയിലേക്ക്
ഇന്ദിരയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തു കൊണ്ട് എതിര്‍ സ്ഥാനാര്‍ത്ഥിയായ രാജ്‌നാരായണന്‍ അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ 1975 ജൂണ്‍ 12ന് പുറപ്പെടുവിച്ച വിധിന്യായമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമെന്നാണ് പൊതുവായ ധാരണ. രാജ്‌നാരായണന്‍ നല്‍കിയ ഹര്‍ജി അനുവദിച്ച് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജഗ്‌മോഹന്‍ ലാല്‍ സിന്‍ഹ ഇന്ദിര തിരഞ്ഞെടുപ്പില്‍ അഴിമതി കാട്ടി എന്ന് കാണുകയും ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കുകയും ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. മേല്‍പ്പറഞ്ഞ തിരഞ്ഞെടുപ്പ് വിധി ഒരു കാരണമായിട്ടുണ്ടെങ്കിലും അതിനേക്കാള്‍ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം രാജ്യത്ത് നിലനില്‍ക്കുന്നുണ്ടായിരുന്നു എന്നതാണ് സത്യം. തികഞ്ഞ അഴിമതിയും, സ്വജനപക്ഷപാതവും, പട്ടിണിയും, ദാരിദ്ര്യവും, തൊഴിലില്ലായ്മയും മൂലം രാജ്യത്തെ ജനങ്ങള്‍ ഇന്ദിരയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെയും കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും ഏകദേശം രണ്ടു വര്‍ഷക്കാലം നടത്തിയ വമ്പിച്ച പ്രക്ഷോഭത്തിനു മുന്നില്‍ അടിപതറിയപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ഇന്ദിര രാജ്യത്തെ ഏകാധിപത്യത്തിലേക്ക് തള്ളിവിട്ടത്. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ സമചിത്തതയോടെ നേരിടാന്‍ കഴിയാത്ത ആളായിരുന്നു ഇന്ദിര. അധികാരം തന്നിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതിന് വേണ്ടിയും പാര്‍ട്ടിയും സര്‍ക്കാരും തന്നിലേക്ക് ചുരുക്കുന്നതിന് വേണ്ടിയും തനിക്ക് രക്ഷപ്പെടാനായി തന്റെ കൂടെ നില്‍ക്കുന്നവരെ ഏത് ആപത്തിലേക്ക് തള്ളിവിടുന്നതിനും യാതൊരു മടിയും കാട്ടിയിട്ടില്ലാത്ത ആളാണ് ഇന്ദിര.
പിടിവാശിയുടെയും നിര്‍ബന്ധ ബുദ്ധിയുടെയും കാര്യത്തില്‍ ലവലേശം വിട്ടുവീഴ്ച കാട്ടിയിട്ടില്ല അവര്‍. അവരുടെ പതിനഞ്ചാമത്തെ വയസ്സില്‍ അവരെ ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും തിരികെ കൂട്ടാന്‍ ചെന്ന നെഹ്‌റുവിനോടൊപ്പം പോരാന്‍ ഇന്ദിര തയ്യാറായില്ല. എനിക്ക് വരാന്‍ താല്പര്യമില്ല എന്നും നിര്‍ബന്ധിക്കുകയാണെങ്കില്‍ ഞാന്‍ വരാം പക്ഷേ ഞാന്‍ നിങ്ങളോട് മിണ്ടില്ല എന്നുമാണ് ഇന്ദിര നെഹ്‌റുവിനോട് പറഞ്ഞത്. അത് വകവയ്ക്കാതെ ഇന്ദിരയെ കൂട്ടിക്കൊ ണ്ടുവന്ന നെഹ്‌റുവിനോട് 16 -17 ദിവസത്തെ ഒന്നിച്ചുള്ള യാത്രയ്ക്കിടയില്‍ ഒരക്ഷരം പോലും അവര്‍ ഉരിയാടിയില്ല. ഒടുവില്‍ നെഹ്‌റു അവരെ ഇംഗ്ലണ്ടിലേക്ക് തന്നെ തിരിച്ചയച്ചു. ഇന്ദിരയുടെ ഈ കരുണയില്ലാത്ത സ്വഭാവത്തെക്കുറിച്ച് നെഹ്‌റു തന്നെ വിജയലക്ഷ്മി പണ്ഡിറ്റിന് എഴുതിയിട്ടുണ്ട്. ഇന്ന് പലരും ധരിച്ചു വെച്ചിരിക്കുന്നത് പോലെ രാജ്യം ഭരിക്കുക എന്നത് തങ്ങളുടെ അവകാശമാണെന്നും അതിന് തങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്നും ഉള്ള നെഹ്‌റു കുടുംബക്കാരുടെ ചിന്തയുടെ മൂര്‍ത്തിമദ്ഭാവം ആയിരുന്നു ഇന്ദിര. അതിനാല്‍ തന്നെ താന്‍ അല്ലാതെ മറ്റാരെയും അംഗീകരിക്കാന്‍ അവര്‍ തയ്യാറും അല്ലായിരുന്നു.
അടിസ്ഥാനപരമായി ഇന്ദിര ജനാധിപത്യത്തിനെതിരായിരുന്നു. പ്രതിപക്ഷം ഇല്ലെങ്കില്‍ രാജ്യത്തെ വേഗം ശക്തിപ്പെടുത്താന്‍ കഴിയുമെന്നായിരുന്നു അവരുടെ വിശ്വാസം. പാര്‍ട്ടിയെകൈപ്പിടിയില്‍ ഒതുക്കി പാര്‍ട്ടി പ്രസിഡന്റിനെ പാവയാക്കി ഭരണകൂടത്തെ കയ്യിലൊതുക്കി മന്ത്രിസഭയെ തന്റെ നിഴലില്‍ നിര്‍ത്തി മുന്നോട്ടുപോകാനാണ് ഇന്ദിര ശ്രമിച്ചത്. ചുരുക്കത്തില്‍ മന്ത്രിസഭയിലും പാര്‍ട്ടിയിലും തനിക്ക് എതിരാളി ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ചെടുത്തു. 1967ലെ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞെങ്കിലും 11 സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടപ്പെട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയായി. പാര്‍ട്ടിക്കകത്ത് ഇത് തന്റെ എതിര്‍ചേരിയില്‍ നിന്നവരെ ഒതുക്കാനുള്ള അവസരമായി ഇന്ദിര ഉപയോഗിച്ചു. രാഷ്ട്രപതിസ്ഥാനത്തേക്ക് പാര്‍ട്ടി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയായിരുന്ന നീലം സഞ്ജീവ റെഡ്ഡിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവച്ച അതേ ഇന്ദിര വി.വി. ഗിരിയെ സ്വതന്ത്രനായി മത്സരിക്കാന്‍ പ്രേരിപ്പിക്കുകയും മനസ്സാക്ഷി വോട്ട് എന്ന മുദ്രാവാക്യമുയര്‍ത്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് വി.വി. ഗിരിയെ ജയിപ്പിച്ചെടുക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ ചെറുതായെങ്കിലും തനിക്കെതിരെ ഉയരുമായിരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഇന്ദിരയ്ക്ക് അതുവഴി സാധിച്ചു. തന്റെ ആരാധകരെ ഇറക്കി പാവങ്ങളുടെ മിശിഹാ എന്ന ലേബല്‍ അവര്‍ ഉണ്ടാക്കിയെടുത്തു. അങ്ങനെ എല്ലാ തരത്തിലും പാര്‍ട്ടിയെ കൈപ്പിടിയില്‍ ഒതുക്കിയ അവര്‍ 1970 ഡിസംബറില്‍ രാജ്യത്ത് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചും, പ്രിവിപഴ്‌സ്സമ്പ്രദായം നിര്‍ത്തലാക്കിയും, ഗരിബി ഹഡാവോ എന്ന മുദ്രാവാക്യം ഉയര്‍ത്തിയും ജനങ്ങളെ വരുതിയിലാക്കിയ അവര്‍ 521ല്‍ 350 സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചെടുത്തു. ഇതേ സമയത്ത് തന്നെ ബംഗ്ലാദേശ് വിഷയമുണ്ടാവുകയും പ്രതിപക്ഷ നേതാക്കന്മാരുടെ അടക്കം പിന്തുണ നേടി ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി അവര്‍ മാറുകയും ചെയ്തു. രാജ്യതാത്പര്യം മുന്‍നിര്‍ത്തി പിന്തുണച്ചവരുടെ പിന്തുണ അവര്‍ സ്വാര്‍ത്ഥ താല്പര്യത്തിനായി ഉപയോഗിച്ചു. ഈ തക്കത്തിന് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടത്തി വിജയം തൂത്തുവാരി ഏകഛത്രാധിപതിയായി മാറി ഇന്ദിര.
അങ്ങനെ പാര്‍ട്ടി പൂര്‍ണമായും അവരുടെ നിയന്ത്രണത്തിലായി. ചുരുക്കത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ദിരയുടെ സ്വകാര്യ സ്വത്തായി. തനിക്കെതിരെ ഉയരാവുന്ന ചെറിയ ശബ്ദങ്ങളെ പോലും ഇല്ലാതാക്കി മന്ത്രിസഭ എന്നത് ഇന്ദിരയുടെ നിഴല്‍ മാത്രമായി. സംസ്ഥാനങ്ങളിലും അവര്‍ മേല്‍ക്കൈ നേടി. ബംഗ്ലാദേശ് യുദ്ധം അവര്‍ക്ക് നേടിക്കൊടുത്ത പ്രതിച്ഛായ മൂലം പാര്‍ട്ടിക്കുള്ളില്‍ അവരോട്എതിര്‍പ്പുള്ളവര്‍ പോലും സ്വയരക്ഷഓര്‍ത്ത് അവരോട് ഏറ്റുമുട്ടാന്‍ മടിച്ചു. ഫലമോ പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യ സമ്പ്രദായം അവസാനിച്ചു. യൂണിറ്റ് പ്രസിഡന്റ് മുതല്‍ മേല്‍ത്തട്ട് വരെയുള്ള എല്ലാവരെയും അവര്‍ നേരിട്ട് നോമിനേറ്റ് ചെയ്തു. പാര്‍ട്ടിയോട് അല്ല ഇന്ദിരയോടുള്ള കൂറ് ആയിരുന്നു അടിസ്ഥാന മാനദണ്ഡം. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതിനു പോലും നിയമസഭാ സാമാജികര്‍ക്ക് പങ്കില്ലാതായി. എല്ലാം ദല്‍ഹിയില്‍ നിന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഹൈക്കമാന്‍ഡ് എന്നാല്‍ ഇന്ദിര എന്നായിരുന്നു (ഇന്നും ഈ രീതിക്ക് മാറ്റമൊന്നുമില്ല). ബംഗാളിലും, മധ്യപ്രദേശിലും, ഗുജറാത്തിലും, കര്‍ണാടകയിലും, ഒറീസയിലും ഒക്കെ അവര്‍ അവരുടെ ഇഷ്ടക്കാരെ മുഖ്യമന്ത്രിമാരായി നിയമിച്ചു. ഏകാധിപത്യം പാര്‍ട്ടിയിലും അവിടെനിന്ന് ക്രമേണ ഭരണത്തിലേക്കും വ്യാപിപ്പിക്കുക ആയിരുന്നു ഇന്ദിര. ഇതിനോടൊപ്പം തന്നെ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങിനെ (ഞഅണ) ഉപയോഗിച്ച് മന്ത്രിമാരുടെയും, എംപിമാരുടെയും, മുഖ്യമന്ത്രിമാരുടെയും, എംഎല്‍എമാരുടെയും, പ്രതിപക്ഷ നേതാക്കന്മാരുടെയും ഒക്കെ വിവരങ്ങള്‍ രഹസ്യമായി ചോര്‍ത്തി അവരെ മുള്‍മുനയില്‍ നിര്‍ത്തി തന്റെ വിനീത വിധേയ ദാസന്മാരാക്കുന്നതിലും ഇന്ദിര വിജയിച്ചു. ഒന്നിനും വഴങ്ങാത്ത നേതാക്കന്മാരെ സിഐഎ ഏജന്റുമാരായി മുദ്രകുത്താനും നാണം കെടുത്താനും അവര്‍ മടിച്ചില്ല. പാര്‍ലമെന്റിനെ വെറും നോക്കുകുത്തിയാക്കി കാര്യങ്ങള്‍ തന്റെഇച്ഛയ്‌ക്കൊത്തു നീക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇറക്കുമതി ലൈസന്‍സ് വിഷയത്തില്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കാമെന്ന് സഭയില്‍ ഉറപ്പുനല്‍കിയ ഇന്ദിര അത് ലംഘിച്ച് അംഗങ്ങളെ വഞ്ചിച്ചു. നാഗര്‍വാലാ കേസില്‍ പാര്‍ലമെന്റില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ അംഗങ്ങളെ ആക്ഷേപിച്ചുകൊണ്ട് സഭയില്‍ നിന്നും ഇന്ദിര ഇറങ്ങിപ്പോയി (60 ലക്ഷം രൂപ നാഗര്‍വാലയ്ക്ക് നല്‍കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരെ ഇന്ദിരയുടെ ശബ്ദത്തില്‍ ഫോണില്‍ കൂടി വിളിച്ചു പറഞ്ഞ സംഭവം -അതിന്റെ സത്യം ഇനിയും പുറത്തുവന്നിട്ടില്ല). സഭയോട് കാണിക്കുന്ന അനാദരവില്‍ പ്രതിഷേധിച്ച് വാജ്‌പേയി അടക്കമുള്ള എംപിമാര്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചു.
പാര്‍ലമെന്റിനെയും, പാര്‍ട്ടിയെ യും ഭരണകൂടത്തെയും കൈപ്പിടിയില്‍ ഒതുക്കിയ ഇന്ദിര അടുത്തഘട്ടമായി ജുഡീഷ്യറിയെചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. കമ്മിറ്റഡ് ജുഡീഷ്യറിയെ (Committed Judiciary) സൃഷ്ടിക്കുക എന്നതായിരുന്നു ആദ്യപടി. ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന തൂണുകളില്‍ രണ്ടെണ്ണം കയ്യിലൊതുങ്ങിയപ്പോള്‍ മൂന്നാമത്തതിന് ലക്ഷ്യമിട്ടു ഇന്ദിര. ഇതിന്റെ ഭാഗമായി 1973ല്‍ മൂന്ന് ജഡ്ജിമാരുടെ സീനിയോറിറ്റി മറികടന്ന് ജസ്റ്റിസ് എ.എന്‍. റേയെ (A.N RAY) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. സീനിയോറിറ്റി മറികടന്നായിരുന്നു ഈ നിയമനം. അര്‍ഹരായവരുടെ സ്ഥാനക്കയറ്റം തടഞ്ഞും, അനാവശ്യമായി സ്ഥലംമാറ്റിയും ജഡ്ജിമാരെ ഇന്ദിര ഭയപ്പെടുത്തി. ഇതിനുപുറമേ കോടതിവിധികളെ മറികടക്കാന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തു. അമര്‍നാഥ ചൗളയുടെ തിരഞ്ഞെടുപ്പ് ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ വന്ന ഹര്‍ജിയില്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചെലവാക്കുന്ന പണവും സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കൂട്ടാമെന്ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചതിനെ മറികടക്കാന്‍ ഇന്ദിര ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി. തനിക്കെതിരെ രാജ്‌നാരായണന്‍ അലഹബാദ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ തനിക്കെതിരെ വരാനിടയുള്ള കോടതിവിധിയെ മറികടക്കാന്‍ വേണ്ടി കൂടിയുള്ളതായിരുന്നു ഇന്ദിരയുടെ നീക്കം.
മാധ്യമങ്ങളെ തന്റെ വരുതിയില്‍ നിര്‍ത്താനും വഴങ്ങാത്തവരെ ഉപദ്രവിക്കാനും അവര്‍ മടിച്ചില്ല. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നാണ് മാധ്യമങ്ങള്‍ അറിയപ്പെടുന്നത്. പക്ഷേ അഴിമതിക്കും അക്രമത്തിനും ഏകാധിപത്യത്തിനും മറ്റും എതിരായുള്ള മാധ്യമങ്ങളുടെ നിഷ്പക്ഷ നിലപാട് ഇന്ദിരയില്‍ അസ്വസ്ഥത ഉണ്ടാക്കി. മാധ്യമങ്ങളെ കൂച്ചു വിലങ്ങിടാനായി പത്രങ്ങളുടെ പേജിന്റെ എണ്ണം നിയന്ത്രിക്കുന്നതിനും, വില നിര്‍ണയിക്കുന്നതിനും ഒക്കെ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് അവര്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധം എന്നു കണ്ടു കോടതി റദ്ദാക്കി. അപ്പോള്‍ ന്യൂസ് പ്രിന്റ് ക്വാട്ട കുറച്ചും പരസ്യം നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയും മാധ്യമങ്ങളെ അവര്‍ ശ്വാസം മുട്ടിച്ചു. മാത്രമല്ല, നെഹ്‌റു ബ്രിഗേഡ്, ഇന്ദിരാ ബ്രിഗേഡ്, സഞ്ജയ് സേന എന്നീ പേരുകളിലുള്ള ഇന്ദിരയുടെ ആക്രമിസംഘം പത്രസ്ഥാപനങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും മേല്‍ അതിക്രമം അഴിച്ചുവിട്ടു തുടങ്ങി. ‘ട്രിബ്യൂണ്‍’ എന്ന പത്രത്തിന്റെ കോപ്പികള്‍ കൊണ്ടുപോയ വാഹനവും പത്രക്കോപ്പികളും അവര്‍ നശിപ്പിച്ചു. പാറ്റ്‌നയില്‍ ‘സേര്‍ച്ച്ലൈറ്റ്’ എന്ന പത്ര സ്ഥാപനത്തിന്റെ ഓഫീസ് തീയിട്ടു നശിപ്പിച്ചു. ശിവനാരായണന്‍ ശര്‍മ, ശങ്കര്‍ലാല്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകരെ കൊല ചെയ്തു. ഇത്തരത്തില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത അക്രമങ്ങളാണ് മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ ഇന്ദിര നടത്തിയത്. തനിക്കെതിരെ ഒരു കരങ്ങളും ഒരു ശബ്ദവും ഉയരാന്‍ പാടില്ല എന്ന് ഇന്ദിരയ്ക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.
ഗുജറാത്ത് പ്രക്ഷോഭം
ഗുജറാത്തിലെ മോര്‍വി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച ചരിത്രപ്രസിദ്ധമായ സമരം അഴിമതിക്കെതിരെയുള്ള പോരാട്ടമായി മാറുകയായിരുന്നു. ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന ഗ്യാന്‍ ശ്യാം ഓസയെ ((Ghyan syam ozha) തല്‍സ്ഥാനത്തുനിന്നും മാറ്റി ഇന്ദിര തന്റെ താളത്തിന് തുള്ളുന്ന ചിമന്‍ ഭായി പട്ടേലിനെ മുഖ്യമന്ത്രിയായി നിയമിച്ചു. ഗുജറാത്തില്‍ ആകമാനം അരങ്ങേറിയ അഴിമതിയും, വിലക്കയറ്റവും, പട്ടിണിയും, തൊഴിലില്ലായ്മയും ജനങ്ങളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചു. എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വര്‍ധിപ്പിച്ച ട്യൂഷന്‍ ഫീസും മെസ് ഫീസും കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. ഇതേസമയം രാജ്‌കോട്ടില്‍ വിദ്യാര്‍ത്ഥികള്‍ കുടിവെള്ളത്തിനായി സമരം ചെയ്യുന്നുണ്ടായിരുന്നു.സമരം അനുനയത്തില്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം സര്‍ക്കാര്‍ സമരത്തെ അടിച്ചൊതുക്കാന്‍ പരിശ്രമിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്ന ആവശ്യത്തില്‍ നിന്നും പ്രക്ഷോഭം മുഖ്യമന്ത്രിയുടെ രാജി എന്ന നിലയിലേക്ക് മാറി. വിദ്യാര്‍ഥികള്‍ പൊതുജന പിന്തുണയോടു കൂടി സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാത്തരം ആള്‍ക്കാരെയും ചേര്‍ത്തുകൊണ്ട് ‘നവനിര്‍മ്മാണ സമിതി’ എന്ന പേരില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തി. പോലീസിനെ ഉപയോഗിച്ച് സമരത്തെ മര്‍ദ്ദിച്ചൊതുക്കാന്‍ ചിമന്‍ഭായ് എല്ലാ ശ്രമവും നടത്തി. സംസ്ഥാനത്തെ ജനങ്ങള്‍ ഒന്നാകെ വിദ്യാര്‍ഥികളുടെ സമരം ഏറ്റെടുത്തതോടുകൂടി മന്ത്രിസഭ തന്നെ തകരുന്ന അവസ്ഥയായി. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭയിലെ നാല് അംഗങ്ങള്‍ 1974 ഫെബ്രുവരി 7ന് രാജിവച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ ഇന്ദിര ചിമന്‍ ഭായ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. സമരത്തിനിടയില്‍ നടന്ന പോലീസ് വെടിവെപ്പിലും മറ്റുമായി 43 പേര്‍ മരണമടഞ്ഞു, നൂറിലധികം ആള്‍ക്കാര്‍ക്ക് ഗുരുതരമായി പരിക്കു പറ്റുകയും പതിനാലായിരത്തിലധികം ആള്‍ക്കാരെ അറസ്റ്റ് ചെയ്തു ജയിലില്‍ അടയ്ക്കുകയും ചെയ്തു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ഇന്ദിരയുടെ തീരുമാനം പിന്‍വലിച്ച് നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് നവനിര്‍മ്മാണ സമിതി പ്രക്ഷോഭവുമായി മുന്നോട്ടുപോയത് ഇന്ദിരയ്ക്ക് കൂടുതല്‍ തലവേദന സൃഷ്ടിച്ചു. ഗുജറാത്ത് വിദ്യാര്‍ത്ഥിപ്രക്ഷോഭത്തിലെ നെടുനായകത്വം വിദ്യാര്‍ത്ഥി പരിഷത്തിനായിരുന്നു.
ബീഹാര്‍ പ്രക്ഷോഭം
ഇതേസമയം തന്നെ ബീഹാറിലും വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചു. 1973 ഡിസംബറില്‍ ചേര്‍ന്ന എബിവിപിയുടെ ബീഹാര്‍ സംസ്ഥാന കമ്മിറ്റി യോഗം പന്ത്രണ്ടിന അവകാശ പത്രിക അംഗീകരിക്കുക എന്ന ആവശ്യവുമായി വിദ്യാര്‍ത്ഥി പ്രക്ഷോഭം ആരംഭിക്കുവാനും അതിനായി വിദ്യാര്‍ത്ഥി നേതാക്കളുടെ സമ്മേളനം വിളിച്ചുകൂട്ടാനും തീരുമാനിച്ചു. അതനുസരിച്ച് 1163 വിദ്യാര്‍ത്ഥി നേതാക്കള്‍ പങ്കെടുത്ത സമ്മേളനം 12 അംഗ സമരസമിതിക്ക് രൂപം നല്‍കുകയും പന്ത്രണ്ടിന അവകാശ പത്രിക അംഗീകരിക്കാത്ത പക്ഷം വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് 18 ന് ബീഹാര്‍ നിയമസഭ ഘരാവോ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടയില്‍ ഭാരതീയ ജനസംഘം മാര്‍ച്ച് 18ന് ബിഹാര്‍ ബന്ദ് നടത്താന്‍ ആഹ്വാനം ചെയ്തു. സമരക്കാരോട് അനുനയത്തില്‍ ഇടപെടുന്നതിന് പകരം പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താന്‍ ആണ് സര്‍ക്കാര്‍ ശ്രമിച്ചത്. ബസ് കണ്‍സഷന് വേണ്ടി സമരം ചെയ്ത വിദ്യാര്‍ഥികളെ ഗുണ്ടകളും പോലീസും ചേര്‍ന്ന് ആക്രമിച്ചു. അതിനെതിരെ പ്രകടനം നടത്തിയ സമരക്കാര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തി, ഇരുപത്ത ഞ്ചിലധികം ആള്‍ക്കാര്‍ക്ക് ജീവന്‍ നഷ്ടമായി. 1974 മാര്‍ച്ച് 18ന് ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ബീഹാര്‍ അസംബ്ലി വളഞ്ഞു. വിദ്യാര്‍ത്ഥി പ്രക്ഷോഭം വളരെ സമാധാനപരമായിരുന്നു. എന്നാല്‍ സമരത്തെ തകര്‍ക്കുന്നതിന് വേണ്ടി പോലീസ് ഗുണ്ടകള്‍ സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറുകയും അക്രമം അഴിച്ചുവിടുകയും ചെയ്തു. കൊള്ളയും കൊള്ളി വയ്പും നടത്താന്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരും ഗുണ്ടകളോടൊപ്പം കൂടി. അവസരം മുതലെടുത്ത പോലീസ് സമരക്കാര്‍ക്കു നേരെ അക്രമം അഴിച്ച് വിട്ടു. അന്‍പതിലധികം ആള്‍ക്കാര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്താകമാനം
സമരക്കാര്‍ക്കെതിരെ പോലീസ് വ്യാപകമായി അക്രമം അഴിച്ചുവിട്ടു. കണ്ണില്‍ കണ്ടവരെയൊക്കെ ഉപദ്രവിച്ചു. 25000 ത്തിലധികം ആള്‍ക്കാരെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. 9 മാസത്തെ സമരത്തിനിടയില്‍ നൂറിലധികം ആള്‍ക്കാരാണ് പോലീസ് വെടിവെപ്പില്‍ മാത്രം മരണമടഞ്ഞത്. സമരം വ്യാപകമാവുകയും അക്രമാസക്തമാവുകയും ചെയ്തതോടെ എബിവിപി നേതാക്കന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച് ലോക് നായക് ജയപ്രകാശ് നാരായണന്‍ സമരം ഏറ്റെടുത്ത് സമരമുഖത്തേക്ക് വന്നു. സമരം സമാധാനപരമായിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിര്‍ബന്ധം.
ജെപി സമരമുഖത്തേക്ക്
ഈ കാലത്ത് ലോകനായക് ജയപ്രകാശ് നാരായണന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. രാജ്യത്ത് അഴിമതിയും, ഭരണകൂട ഭീകരതയും അരങ്ങേറിയപ്പോള്‍ അദ്ദേഹം സമൂഹത്തിലെ പ്രമുഖരായ ആള്‍ക്കാരെയും വിവിധ രാഷ്ട്രീയ നേതാക്കളെയും ഒക്കെ ചേര്‍ത്ത് ‘സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി’ (Citizens for Democracy) എന്ന പ്രസ്ഥാനത്തിന് രൂപം കൊടുത്തു. അഴിമതിക്കെതിരെ പൊതുജനമുന്നേറ്റം നടത്തുക, തിരഞ്ഞെടുപ്പ് രംഗത്ത് ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുക, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിന് പാര്‍ലമെന്റിനെ ശക്തിപ്പെടുത്തുക എന്നതൊക്കെയായിരുന്നു സിറ്റിസന്‍സ് ഫോര്‍ ഡെമോക്രസിയുടെ ലക്ഷ്യം. ഈ ആവശ്യവുമായി ജയപ്രകാശ് നാരായണന്‍ ഇന്ദിരയെ കണ്ടുവെങ്കിലും അഴിമതി എന്നത് വെറും ആരോപണം മാത്രമാണെന്നും അഴിമതി കൃത്യമായി ചൂണ്ടിക്കാണിച്ചാല്‍ നടപടി സ്വീകരിക്കാമെന്നും പറഞ്ഞ് ജെപിയുടെ ആവശ്യത്തെ നിരാകരിക്കുകയാണ് ഉണ്ടായത്. എന്നാല്‍ 1972 ഒക്ടോബര്‍ 9 ന് എഐസിസി യോഗത്തില്‍ അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി സിദ്ധാര്‍ത്ഥ ശങ്കര്‍ റേ പറഞ്ഞത് അഴിമതി കൃത്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ പദ്ധതികള്‍ വിജയിക്കില്ല എന്നാണ്. മുഖ്യമന്ത്രിയായി ആറുമാസക്കാലത്തിനുള്ളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് റേ അപ്രകാരം പരസ്യമായി പറഞ്ഞത്.
ജയപ്രകാശ് നാരായണന്‍ സമരമുഖത്തേക്ക് വന്നതോടുകൂടി സമരത്തിന് പുത്തന്‍ ഉണര്‍വ് ഉണ്ടാവുകയും സമരം പുതിയ പുതിയ മേഖലകളിലേക്ക് വ്യാപിക്കുകയും ചെയ്തു. കോപാകുലയായ ഇന്ദിര സമരത്തെ ഏതുതരത്തിലും അടിച്ചമര്‍ത്തും എന്ന് പരസ്യമായി പ്രഖ്യാപിച്ചു. അവര്‍ ജെപിക്കെതിരെ പരസ്യപ്രചാരണങ്ങളുമായി രംഗത്തുവന്നു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു, രാജ്യത്ത് അരാജകത്വം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു ഇങ്ങനെയൊക്കെയായിരുന്നു ആരോപണങ്ങള്‍. ജെപി രംഗത്ത് വന്നതോടുകൂടി കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് ഇതര പാര്‍ട്ടികള്‍ എല്ലാം ജെപിയുടെ അഴിമതി വിരുദ്ധ സമരത്തില്‍ അണിചേര്‍ന്നു. 1974 ഏപ്രില്‍ എട്ടിന് തിരഞ്ഞെടുക്കപ്പെട്ട ആയിരം പ്രവര്‍ത്തകര്‍ ജെപിയുടെ നേതൃത്വത്തില്‍ വായ് മൂടിക്കെട്ടി ഇരുകൈകളും പിറകിലേക്ക് ബന്ധിച്ച് പാറ്റ്‌ന നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനം കാണാന്‍ പതിനായിരങ്ങള്‍ തെരുവോരങ്ങളില്‍ തടിച്ചുകൂടി. ആള്‍ക്കാര്‍ പ്രകടനത്തിനു നേരെ പുഷ്പവൃഷ്ടി നടത്തി. ഏപ്രില്‍ 9ന് സര്‍ക്കാര്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചതോടുകൂടി സര്‍ക്കാര്‍ ഓഫീസുകള്‍ സതംഭിച്ചു. അന്നേദിവസം വൈകുന്നേരംപാറ്റ്‌ന ഗാന്ധി മൈതാനിയില്‍ നടന്ന പടുകൂറ്റന്‍ റാലിയില്‍ വച്ചാണ് ജയപ്രകാശ് നാരായണന് ‘ലോക് നായക്’ എന്ന പട്ടം ചാര്‍ത്തിയത്. തുടര്‍ന്ന് സംസ്ഥാനത്താകമാനം നിരാഹാര സമരങ്ങളും പ്രകടനങ്ങളും വിദ്യാര്‍ത്ഥി റാലികളും അരങ്ങേറി. ജൂണ്‍ 5ന് ലക്ഷക്കണക്കിന് ആള്‍ക്കാരെ നയിച്ചുകൊണ്ട് ജെപി ഗവര്‍ണറെ കാണുകയും ഒരുകോടി ആള്‍ക്കാര്‍ ഒപ്പിട്ട നിവേദനം നല്‍കുകയും ചെയ്തു. പ്രകടനം കഴിഞ്ഞ് പിരിഞ്ഞു പോയവരെ വിവിധ ഇടങ്ങളില്‍ വച്ച് പോലീസും ഇന്ദിരയുടെ ഗുണ്ടകളും ആക്രമിച്ചു. ജെപിയുടെ നിര്‍ദ്ദേശപ്രകാരം ബീഹാറില്‍ പതിനായിരത്തിലധികം ജനസംഘര്‍ഷ സമിതികള്‍ നിലവില്‍ വരികയും സമരം ശക്തമാവുകയും ചെയ്തതോടെ പോലീസ് രാജും വ്യാപകമായി. ലാത്തിച്ചാര്‍ജും വെടിവെപ്പും നിത്യ സംഭവങ്ങളായി, ജയിലുകള്‍ സമരക്കാരെ കൊണ്ട് നിറഞ്ഞു. ഒക്ടോബര്‍ 3, 4, 5 തീയതികളില്‍ മൂന്ന് ദിവസത്തെ ബീഹാര്‍ ബന്ദിന് സമരസമിതി ആഹ്വാനം ചെയ്തു. പോലീസ് എല്ലാ മര്‍ദ്ദനോപാധികളും പുറത്തെടുത്തു. ഗാന്ധി മൈതാനത്തേക്ക് മാര്‍ച്ച് ചെയ്ത ജെപി, നാനാജി ദേശ്മുഖ് അടക്കമുള്ളവരെ പൊലീസ് ആക്രമിച്ചു. സമരം ബീഹാറിന് പുറത്തേക്ക് വ്യാപിച്ചു. ഗുജറാത്ത് പ്രക്ഷോഭകാരികളും സമരത്തിന് പിന്തുണ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തി. ജെപി ചെല്ലുന്നിടത്തൊക്കെ ലക്ഷങ്ങളാണ് ജെ.പിയെ സ്വീകരിച്ചത്. സമരത്തിന് ജനപിന്തുണ ഏറുന്നത് കണ്ട് ഇന്ദിര വിറളിപൂണ്ട് എങ്ങനെയും സമരത്തെ അടിച്ചമര്‍ത്താന്‍ തയ്യാറെടുത്തു. ഇതിനിടയില്‍ 1975 ജനുവരി മൂന്നിന് കേന്ദ്ര റെയില്‍വേ മന്ത്രി എല്‍.എന്‍. മിശ്ര ഒരു ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഈ അവസരം മുതലെടുത്ത് സമരത്തെ ഒതുക്കാന്‍ ഇന്ദിര ശ്രമം ആരംഭിച്ചു. ജയപ്രകാശ് നാരായണന്റെ പ്രേരണയാലാണ് കൊലപാതകം നടന്നതെന്നും തന്നെയാണ് അവര്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വച്ചതെന്നും ഇന്ദിര പ്രചരിപ്പിച്ചു. പക്ഷേ ജനങ്ങളുടെ അഴിമതി വിരുദ്ധ മുന്നേറ്റത്തിന് മുന്നില്‍ അതൊന്നും വിലപ്പോയില്ല. 1975 മാര്‍ച്ച് 6 ന് ‘സിംഹാസനം ഒഴിയൂ; ജനങ്ങള്‍ വരുന്നു’ എന്ന മുദ്രാവാക്യവുമായി ദല്‍ഹിയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ദല്‍ഹി ജനസാഗരമായി. സമരം കൂടുതല്‍ ശക്തമായതോടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ നിന്നും ശ്രീമതി ഇന്ദിരയോട് പലരും ആവശ്യപ്പെട്ടു. അവര്‍ അതിന് വഴങ്ങിയില്ല എന്നു മാത്രമല്ല അത്തരം അഭിപ്രായങ്ങള്‍ പറഞ്ഞവരെ ഒറ്റപ്പെടുത്തി. മോഹന്‍ ധാരിയയെ മന്ത്രിസഭയില്‍ നിന്നു തന്നെ നീക്കം ചെയ്തു. ഇതിനിടയില്‍ ചര്‍ച്ചയ്ക്കായി ഇന്ദിരയെ കണ്ട ജെപിയോട് ഒരു അനുനയത്തിനും തയ്യാറല്ല എന്ന് അവര്‍ തീര്‍ത്തു പറഞ്ഞു. എന്ന് മാത്രമല്ല ഒത്തുതീര്‍പ്പിന്റെ വാതായനങ്ങള്‍ അടഞ്ഞു എന്നും ഒരുപറ്റം ആള്‍ക്കാരുടെ മുദ്രാവാക്യം വിളിക്കു മുന്നില്‍ വളയാന്‍ ഇല്ല എന്നും അവര്‍ പരസ്യമായി പ്രസ്താവിച്ചു.
ഇതിനിടയില്‍ ഗുജറാത്ത് പ്രക്ഷോഭകാരികളുടെ ഗുജറാത്ത് തിരഞ്ഞെടുപ്പ് എന്ന ആവശ്യത്തിനുമേലുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മൊറാര്‍ജി ദേശായി മരണംവരെ നിരാഹാരം പ്രഖ്യാപിച്ചു. ഏതാണ്ട് രണ്ട് ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ രാജി ഭീഷണി മുഴക്കി. ഗത്യന്തരം ഇല്ലാതെ 1974 മാര്‍ച്ച് 15ന് നിയമസഭ പിരിച്ചുവിട്ടെങ്കിലും തിരഞ്ഞെടുപ്പ് നടത്താന്‍ ഇന്ദിര മടിച്ചു. ഒടുവില്‍ 1975 ഏപ്രില്‍ മൊറാര്‍ജി ദേശായി വീണ്ടും നിരാഹാരം ആരംഭിച്ചതോടെ ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് എന്ന ആവശ്യത്തിന് വഴങ്ങേണ്ടി വന്നു.
1975 ജൂണ്‍ 12
ഇതിനിടയിലാണ് കൂനിന്മേല്‍ കുരു എന്ന പോലെ രാജ് നാരായണന്‍ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് അലഹബാദ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ 1975 ജൂലായ് 12ന് കോടതി വിധി പറഞ്ഞത്. ഇന്ദിര തിരഞ്ഞെടുപ്പ് അഴിമതി കാട്ടിയെന്ന് കണ്ട ജസ്റ്റിസ് ജഗ്ഗ് മോഹന്‍ലാല്‍ സിന്‍ഹ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കുകയും ആറ് വര്‍ഷക്കാലത്തേക്ക് ഇന്ദിര തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുകയും ചെയ്തു. ജൂണ്‍ 12ന് രാവിലെ കോടതിവിധി വന്നെങ്കില്‍ ഇരട്ടപ്രഹരം എന്ന പോലെ അന്നേ ദിവസം വൈകുന്നേരം ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലവും പുറത്തുവന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു തുന്നംപാടി. തിരഞ്ഞെടുപ്പ് കേസ് വിധി തനിക്കെതിരായിട്ടും ഇന്ദിര രാജിവയ്ക്കാന്‍ തയ്യാറായില്ല. പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള സമയം എന്ന നിലയില്‍ കോടതിവിധിക്ക് 20 ദിവസത്തെസ്റ്റേ വാങ്ങിയതിന് ശേഷം പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കുകയോ പുതിയ നേതാവിനെ തിരഞ്ഞെടുക്കുകയോ ചെയ്യുന്നതിന് പകരം ഇന്ദിര കോടതി വിധിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുകയും വിധി പ്രസ്താവിച്ച ജഡ്ജിയുടെ കോലം അവരുടെ സാന്നിധ്യത്തില്‍ പരസ്യമായി കത്തിക്കുകയും ചെയ്തു. കോടതിവിധി തനിക്കെതിരാണെങ്കിലും ജനവിധി തനിക്ക് അനുകൂലമായതിനാല്‍ താന്‍ രാജിവെക്കേണ്ടതില്ല എന്നതായിരുന്നു ഇന്ദിരയുടെ നിലപാട്. സ്വാര്‍ത്ഥ താല്പര്യക്കാരെ മുഴുവന്‍ തനിക്ക് അനുകൂലമായി നിര്‍ത്താന്‍ ഇന്ദിരയ്ക്ക് കഴിഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്തു കൃഷ്ണകാന്ത്, ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ ഇന്ദിര രാജിവെക്കണമെന്ന നിലപാടുമായി മുന്നോട്ടു വന്നപ്പോള്‍ ഇന്ദിര പാര്‍ട്ടി പ്രസിഡന്റ് ബറുവയെ കളത്തില്‍ ഇറക്കി സാഹചര്യം അനുകൂലമാക്കി. നിരവധി വാഗ്ദാനങ്ങള്‍ നല്‍കി എംപിമാരെ വിലക്കെടുത്തതിനു ശേഷം 1975 ജൂണ്‍ 18ന് പാര്‍ലമെന്ററി പാര്‍ട്ടിയോഗം വിളിച്ചുചേര്‍ത്തു ഇന്ദിര. പകരം നേതാവിനെ തിരഞ്ഞെടുക്കാതെ പകരം പങ്കെടുത്ത എംപിമാരൊക്കെ ഇന്ദിരയെ വാഴ്ത്തിപ്പാടി. ഈ യോഗത്തില്‍ വച്ചാണ് ഭാരതം കേട്ട ഏറ്റവും മോശപ്പെട്ട മുദ്രാവാക്യമായ ‘ഇന്ദിരയാണ്ഇന്ത്യ- ഇന്ത്യയാണ് ഇന്ദിര’ എന്ന് പാര്‍ട്ടി പ്രസിഡന്റ് പ്രഖ്യാപിക്കുന്നത്. ഇതേസമയം പ്രതിപക്ഷം നടപടികള്‍ കടുപ്പിച്ചു. അവര്‍ രാജ്യവ്യാപകമായി പ്രതിഷേധ യോഗങ്ങള്‍ ആരംഭിച്ചു. ജുഡീഷ്യറിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ ഇന്ദിരയോട് രാജിവയ്ക്കാന്‍ നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെടുന്ന നിവേദനം അവര്‍ രാഷ്ട്രപതിക്ക് നല്‍കി. മാധ്യമങ്ങളും ഇന്ദിര സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നു. ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ്സ് തുടങ്ങിയ മാധ്യമങ്ങള്‍ ഇന്ദിര കൈക്കൊണ്ട മാന്യതയില്ലാത്ത നടപടിയെ വിമര്‍ശിച്ചു. പക്ഷേ ഇന്ദിര സ്ഥാനമൊഴിയാന്‍ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല തന്നെ വിമര്‍ശിച്ചവരെയും എതിര്‍ത്തവരെയും പാഠം പഠിപ്പിക്കുവാന്‍ തന്നെ തീരുമാനിച്ചു. രാജിവെച്ച് അപ്പീല്‍ കോടതിയില്‍ നിന്നും അനുകൂല വിധി വരുന്നതുവരെ മാറിനില്‍ക്കാന്‍ ഇന്ദിര തയ്യാറല്ലായിരുന്നു. ചിലപ്പോള്‍ ഇനിയൊരിക്കലും തിരിച്ചുവരാന്‍ കഴിയാതെ പോകുമെന്ന് അവര്‍ ഭയന്നു. പരിഹാരത്തിനായി ഇന്ദിര പലരുമായി കൂടിയാലോചിച്ചു. സിദ്ധാര്‍ത്ഥ ശങ്കര്‍ റേ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരയ്ക്ക് ഉപദേശം നല്‍കി. ഇതിനിടെ ജൂണ്‍ 20ന് ദല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് റാലി ഇന്ദിരയില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചു. പ്രതിപക്ഷവും പ്രതിഷേധം കടുപ്പിച്ചു, അവര്‍ ജൂണ്‍ 25ന്ദല്‍ഹിയില്‍ വന്‍പ്രതിഷേധയോഗം സംഘടിപ്പിച്ചു. പ്രതിപക്ഷം സമരം രാജ്യത്താകമാനം ശക്തമാക്കാനുള്ള നീക്കം ആരംഭിച്ചു. രാജ്യത്താകമാനം ജനരോഷം തനിക്കെതിരെ ഉയരുന്നത് ഇന്ദിര മനസ്സിലാക്കി. ഒടുവില്‍ സിംഹാസനവും ചെങ്കോലും വിട്ടു നല്‍കാന്‍ തയ്യാറല്ലാതിരുന്ന ഇന്ദിര 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രിയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടുകൂടി പ്രതിപക്ഷ നേതാക്കളെ മുഴുവന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച ഇന്ദിര ആരുടെ മുന്നിലും തോല്‍ക്കാന്‍ തയ്യാറല്ല എന്ന് പറഞ്ഞുകൊണ്ട് കിരാതമായ ഏകാധിപത്യ ഭരണം ആരംഭിച്ചു. ജനാധിപത്യം പുലരണം എന്ന് ആഗ്രഹിച്ച, പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹിച്ച, ഭരണഘടന നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച പതിനായിരങ്ങള്‍ ഏകാധിപത്യ ഭരണത്തിനെതിരെ രംഗത്തുവന്നു. പിന്നീട് അങ്ങോട്ട് 1977 മാര്‍ച്ച് 21ന് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നത് വരെ നടന്ന പ്രക്ഷോഭങ്ങളും മര്‍ദ്ദനങ്ങളും ചരിത്രത്തിന്റെ ഭാഗമാണ്. ഒടുവില്‍ ഏകാധിപതിയായ ഇന്ദിര ബഹുജന സമരത്തിന് മുന്നില്‍ മുട്ടുമടക്കി. ഇന്ദിരയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത് രാഷ്ട്രീയ സ്വയംസേവക സംഘം ആയിരുന്നു. ലോക സംഘര്‍ഷ സമിതി എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കിയ സംഘം ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി സംഘത്തിന്റെ സംഘടനാ ശൃംഖല ഉപയോഗിച്ച് അടിയന്തരാവസ്ഥക്കെതിരെ പോരാട്ടം സംഘടിപ്പിച്ചു. ഇന്ദിര ഒരു ഏകാധിപതി ആകുമെന്നോ ജനാധിപത്യരീതിയില്‍ സമാധാനപരമായി നടക്കുന്ന സമരത്തെ അടിച്ചൊതുക്കാന്‍ അസാധാരണ പ്രവൃത്തികള്‍ക്ക് മുതിരുമെന്നോ ആരും കരുതിയില്ല. ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത ഇന്ദിരയുടെ ഉള്ളില്‍ ഏകാധിപതി ആകാനുള്ളവാഞ്ഛയുണ്ടെങ്കിലും ഇന്ദിരയ്ക്ക് അതിനുള്ള ധൈര്യം ഉണ്ടാകുമെന്നോ കോണ്‍ഗ്രസ് പാര്‍ട്ടി അത് അനുവദിക്കുമെന്നോ ആരും കരുതിയില്ല- പക്ഷേ എല്ലാവരുടെയും പ്രതീക്ഷകളെ ഇന്ദിര തകിടം മറിച്ചു. ഇന്ദിരയെപ്പോലൊരു ഏകാധിപതി ഇനി ഒരിക്കലും ഉണ്ടാകാതിരിക്കാനും, ഇനിയൊരിക്കലും അടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാനും പുതുതലമുറ അടിയന്തരാവസ്ഥയുടെയും ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നടന്ന പോരാട്ടത്തിന്റെയും ചരിത്രം പഠിച്ചേ തീരൂ.
Reference:
1.A Saga of struggle
2.Student movement- the untold story
3.Indian Express
(ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ ഉപാധ്യക്ഷനാണ് ലേഖകന്‍)