കേരളം പ്രബുദ്ധതയുടേയും പുരോഗമനചിന്താഗതിയുടേയും നാടാണ് എന്ന് പറയാറുണ്ട്. അതിന് തെളിവായി കേരളത്തില്‍ നടന്ന സാമൂഹ്യനവോത്ഥാനശ്രമങ്ങള്‍ എടുത്തുകാണിക്കാറുമുണ്ട്. കേരളനവോത്ഥാനം എന്ന് വിളിക്കപ്പെടുന്നത് കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ നടന്ന നവോത്ഥാനശ്രമങ്ങളെയാണ്. അതിന്റെ തുടക്കമാവട്ടെ സ്വാമി വിവേകാനന്ദന്റെ കേരള (മലബാര്‍) സന്ദര്‍ശനത്തിലൂടെയാണ് ആരംഭിച്ചത്. കേരളത്തില്‍ നടമാടിയിരുന്ന തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങള്‍ സ്വാമിജി കണ്ടു. എന്നാല്‍ ഒരു അവര്‍ണ്ണന്‍ മതം മാറിയാല്‍ അയാള്‍ക്ക് സവര്‍ണ്ണനായ ആളുടെ കൂടെയിരിക്കാം എന്നതും സ്വാമിജി കണ്ടു. ഹിന്ദുവായി ജീവിക്കാന്‍ അനാചാരങ്ങള്‍ പാലിക്കണം, എന്നാല്‍ മതംമാറിയാല്‍ അതൊന്നും ബാധകമല്ല എന്ന വിചിത്രകാഴ്ചയാണ് സ്വാമിജി ഇവിടെ കണ്ടത്. അതുകൊണ്ട് സ്വാമിജി കേരളത്തെ (മലബാറിനെ) ഒരു ഭ്രാന്താലയമെന്ന് വിളിച്ചു.
കേരളത്തിലെ സാമൂഹ്യനവോത്ഥാനത്തിന് രണ്ട് ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. ഒന്നാമതായി ജാതിവിദ്വേഷം അവസാനിപ്പിക്കുക, രണ്ടാമത് മതപരിവര്‍ത്തനം തടയുക. അതിനായി ഹിന്ദുഐക്യം ആവശ്യമാണ് എന്ന് സ്വാമിജി മനസ്സിലാക്കി. ഹിന്ദുത്വാഭിമാനം ഉണരണം എന്ന് സ്വാമിജി ആഗ്രഹിച്ചു. അതുകൊണ്ടാണ് ഒരു സന്ന്യാസിവര്യന്റെ നേതൃത്വത്തില്‍ സംഘടിക്കാന്‍ ഡോ. പല്‍പ്പുവിന് അദ്ദേഹം ഉപദേശം നല്‍കിയത്. അതുപ്രകാരം ഡോ. പല്‍പ്പു ശ്രീനാരായണഗുരുദേവനെ മുന്‍നിര്‍ത്തി എസ്.എന്‍.ഡി.പി യോഗം തുടങ്ങി പ്രവര്‍ത്തനം ആരംഭിച്ചു. അതായത് കേരളത്തില്‍ നടന്നത് ഹിന്ദുനവോത്ഥാനം ആണ്.
അതിന്റെ ഉള്ളടക്കം ഹിന്ദുത്വാഭിമാനവും ഹൈന്ദവ ഐക്യത്തിനു വേണ്ടിയുള്ള അഭിലാഷവുമായിരുന്നു. അതുകൊണ്ട് ക്ഷേത്രങ്ങള്‍ നവോത്ഥാനശ്രമത്തില്‍ വലിയ പങ്ക് വഹിച്ചു. അവരാരും ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞില്ല. അതുകൊണ്ട് ഹിന്ദുക്കളില്‍ വിവാദം ഉണ്ടായില്ല. വിവിധ ജാതികള്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായില്ല. നവോത്ഥാനനായകര്‍ കാലമുയര്‍ത്തിയ വെല്ലുവിളികള്‍ ഏറ്റെടുത്തു. അവയ്ക്ക് പരിഹാരം കാണാന്‍ പരിശ്രമിച്ചു. ഈ പരിശ്രമത്തിനിടയില്‍ ഹിന്ദുത്വത്തിന് കേടുപറ്റരുതെന്ന് അവര്‍ കരുതി. ഹിന്ദുത്വത്തെ ശക്തിപ്പെടുത്താനാണ്, തകര്‍ക്കാനല്ല നവോത്ഥാനനായകര്‍ ശ്രമിച്ചത്. അവര്‍ ജാതിക്കെതിരായി പ്രവര്‍ത്തിച്ചു. എന്നാല്‍ ഈ ശ്രമത്തില്‍ ഹിന്ദുത്വാഭിമാനം തകരാതെ ശ്രദ്ധിച്ചു. അവര്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു. ക്ഷേത്രത്തില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം വേണമെന്ന് വാദിച്ചു. അതേസമയം അവര്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്തു. ബോധവത്ക്കരണവും പരിഷ്‌ക്കരണവുമായിരുന്നു അവരുടെ രീതി. അവര്‍ അനാചാരങ്ങളെ എതിര്‍ത്തു. പക്ഷെ അവരുടെ എതിര്‍പ്പ് ഭാവാത്മകമായിരുന്നു. അവര്‍ അക്രമവും പോരാട്ടവും ഒഴിവാക്കി.
എന്നാല്‍ പിന്നീട് ഈ നവോത്ഥാനത്തിന്റെ പാത തെറ്റി. ജാതിഭേദത്തോടുള്ള എതിര്‍പ്പ് ഹിന്ദുജീവിതരീതിയോടും ഹൈന്ദവമായ എല്ലാറ്റിനോടും ഉള്ള എതിര്‍പ്പായി മാറി. ആദ്യഘട്ടത്തിലെ നവോത്ഥാനനായകര്‍ ഹിന്ദുഐക്യത്തിനും പരിഹാരത്തിനും വേണ്ടി ശ്രമിച്ചപ്പോള്‍ പിന്നീട് ചിലര്‍ ഹിന്ദുത്വത്തിനെതിരായ നിലപാടുകളെടുക്കുന്നതാണ് നാം കാണുന്നത്. ‘ഒരു ക്ഷേത്രം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം കുറയും’ എന്ന് അവര്‍ പറയാന്‍ തുടങ്ങി. ക്ഷേത്രങ്ങളിലെ ആത്മീയശക്തിയെ അവര്‍ അംഗീകരിച്ചില്ല. പുതിയ നവോത്ഥാനപ്രവര്‍ത്തകര്‍ പൊതുവെ കമ്യൂണിസ്റ്റുകാരായിരുന്നു. അവര്‍ അവകാശസമരം നടത്തുന്നവരായിരുന്നു. അവര്‍ നവോത്ഥാനം നടത്താനുള്ള ദിശയ്ക്ക് എതിരായി പ്രവര്‍ത്തിച്ചു. ശ്രീനാരായണഗുരുദേവന്‍ ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് പറഞ്ഞപ്പോള്‍ ‘ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്’ എന്ന നിലപാടായിരുന്നു പുതിയ നവോത്ഥാന നായകര്‍ മുഴക്കിയത്. അവര്‍ക്ക് പാരമ്പര്യത്തില്‍ അഭിമാനമില്ലായിരുന്നുവെന്നു മാത്രമല്ല അപമാനം തോന്നിയിരുന്നുവെന്നതാണ് പരമാര്‍ത്ഥം. ഹിന്ദുത്വത്തോടുള്ള എതിര്‍പ്പ് ഇതര മതങ്ങളോടുള്ള അഭിമാനവുമായി. ആദ്യകാല നവോത്ഥാനനായകര്‍ ഭരണാധികാരികളായിരുന്നില്ല. അവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചില്ല. എന്നാല്‍ പുതിയ നവോത്ഥാന നേതാക്കള്‍ ഭരണത്തിനായി പ്രവര്‍ത്തിച്ചു. അവര്‍ രാഷ്ട്രീയക്കാരായിരുന്നു. തന്മൂലം അവരുടെ എല്ലാ തീരുമാനങ്ങളും രാഷ്ട്രീയ നേട്ടത്തിനായിരുന്നു. അതിനായി അവര്‍ ‘വോട്ടുബാങ്ക് രാഷ്ട്രീയം’ കളിക്കുകയും ന്യൂനപക്ഷപ്രീണനം അനുവര്‍ത്തിക്കുകയും ചെയ്തു. ന്യൂനപക്ഷപ്രീണനത്തിന് ഹൈന്ദവ ആചാരങ്ങളേയും സ്ഥാപനങ്ങളേയും നേതാക്കളേയും ചരിത്രത്തേയും എല്ലാം അധിക്ഷേപിച്ചു. ഹിന്ദുക്കളുടെ സാമ്പത്തിക സുസ്ഥിരത തകര്‍ത്തു. ഹിന്ദു എന്ന് പറയുന്നത് അധിക്ഷേപമായി കണക്കാക്കുന്ന ഒരു ജനതയെ സൃഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചു. ക്ഷേത്രങ്ങളെ നശിപ്പിച്ചു. ഹിന്ദുക്കളുടെ ചെറിയ അനാചാരങ്ങള്‍ പോലും പെരുപ്പിച്ച് പ്രചരിപ്പിച്ച് ആ സമൂഹത്തെ അധിക്ഷേപിച്ചു. മതേതരം എന്ന നിലപാട് എടുത്ത പാര്‍ട്ടികള്‍ വഴിവിട്ട ന്യൂനപക്ഷപ്രീണനം നടത്തി. ഭൂപരിഷ്‌ക്കരണം തുടങ്ങിയ നിയമങ്ങളിലൂടെ ഹിന്ദുവിന്റെ സാമ്പത്തികസുസ്ഥിരത തകര്‍ത്തു. ഫലത്തില്‍ നവോത്ഥാനത്തിന്റെ ദിശ മാറി. നടന്നുവെന്ന് പറയപ്പെട്ട ഈ നവോത്ഥാനം ഹിന്ദുത്വത്തെ നശിപ്പിക്കാനുള്ളതായിരുന്നു. അതില്‍ ജാതിക്കെതിരെ എന്ന പേരില്‍ ഹൈന്ദവരുടെ ആചാരങ്ങള്‍, ആരാധനാക്രമങ്ങള്‍, മതബോധം തുടങ്ങി എല്ലാം നശിപ്പിക്കപ്പെട്ടു, നവോത്ഥാനമുണ്ടായി. അതാകട്ടെ ഹിന്ദുത്വത്തിനെതിരായിട്ടുള്ളതായിരുന്നു.
ഹിന്ദുത്വത്തെ ജാതിയുടേയും അനാചാരങ്ങളുടേയും പേരില്‍ അധിക്ഷേപിച്ചിരുന്നവര്‍ ഹിന്ദുത്വത്തില്‍ പ്രചരിപ്പിക്കപ്പെട്ട ജാതിവിരുദ്ധവും മാനവികവുമായ ഉദാഹരണങ്ങള്‍ മറച്ചുവെച്ചു. ഇങ്ങനെയാണ് ‘പറച്ചി പെറ്റ പന്തിരുകുല’ത്തിന്റെ സന്ദേശം അവര്‍ തമസ്‌ക്കരിച്ചത്. എല്ലാ ജാതികളും ഒരേ മാതാപിതാക്കളുടേതാണ് എന്ന അതിന്റെ സന്ദേശം അവര്‍ പ്രചരിപ്പിച്ചില്ല.
മാധവ്ജി സംഘനേതൃത്വത്തിലേയ്ക്ക് വരുമ്പോള്‍ നവോത്ഥാനം അതിന്റെ ഒന്നാം ഘട്ടം കഴിഞ്ഞ് രണ്ടാം ഘട്ടത്തിലായിരുന്നു. ഹിന്ദുത്വം ദുര്‍ബലമായിക്കഴിഞ്ഞിരുന്നു. ഹിന്ദുത്വത്തിനെതിരായ ശക്തികള്‍ പ്രബലരായിക്കഴിഞ്ഞിരുന്നു. ഇക്കാലത്താണ് ആര്‍.എസ്.എസ്. പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിച്ചത്. ആര്‍.എസ്.എസ്. ഹിന്ദുത്വാഭിമാനം ഉണര്‍ത്തുന്നതിനായി പ്രവര്‍ത്തിച്ചു. ഹിന്ദുക്കളില്‍ അധമബോധം സൃഷ്ടിക്കുന്നതിന് വെള്ളിയാഴ്ച കടലില്‍ പോകുന്നതും പള്ളികള്‍ക്ക് മുന്നിലൂടെ ഹിന്ദുക്ഷേത്രങ്ങളുടെ ആഘോഷങ്ങളും ഘോഷയാത്രകളും പോകുന്നതും മറ്റും തടയപ്പെട്ടു. ആര്‍.എസ്.എസ്. ഇതിനെതിരായി നിലപാടെടുത്ത് ഇത്തരം അനീതികളെ ചെറുത്തുതോല്പിച്ചു. ഇത് ഹിന്ദുക്കള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. തുടര്‍ന്ന് അങ്ങാടിപ്പുറത്ത് ടിപ്പുവിന്റെ പടയോട്ടക്കാലത്തു തകര്‍ക്കപ്പെട്ട തളി മഹാദേവക്ഷേത്രം പുനരുദ്ധരിക്കാന്‍ അവിടത്തെ ഹിന്ദുക്കള്‍ ഒരുങ്ങി. എന്നാല്‍ ഇതിനെതിരെ മുസ്ലീങ്ങള്‍ നിലപാടെടുത്തു. സര്‍ക്കാരും മുസ്ലീങ്ങള്‍ക്ക് അനുകൂലമായിരുന്നു. കെ.കേളപ്പന്റെ നേതൃത്വത്തില്‍ ക്ഷേത്രപുനരുദ്ധാരണത്തിനായി സമരം നടന്നു. അതും വിജയിച്ചു. മലബാര്‍ ക്ഷേത്രസംരക്ഷണ സമിതി എന്ന സംഘടന നിലവില്‍ വന്നു. തകര്‍ന്നുകിടന്നിരുന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ ശ്രമം തുടങ്ങി. പിന്നീട് ഇത് കേരളാ ക്ഷേത്രസംരക്ഷണ സമിതി ആയി. ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ഉണ്ടായ ഹിന്ദു ഉണര്‍വ്വ് പുതിയ ഒരു അനുഭവവും ഉണര്‍വ്വും ജനങ്ങളില്‍ വളര്‍ത്തി. സമൂഹത്തില്‍ നടക്കുന്ന ഈ പ്രവണതകള്‍ എല്ലാം മാധവ്ജി സൂക്ഷ്മമായി ശ്രദ്ധിച്ചു. ക്ഷേത്രവിശ്വാസം ഹിന്ദുഐക്യത്തിന് പ്രയോജനപ്പെടുത്തണം എന്ന ചിന്ത അദ്ദേഹത്തിനുണ്ടായി. നവോത്ഥാന നായകര്‍ ക്ഷേത്രം സ്ഥാപിച്ച് അതില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ക്ഷേത്രത്തിന്റെ ശാസ്ത്രീയമായ ആവശ്യകത, തന്ത്രശാസ്ത്രത്തിലൂടെ പ്രചരിപ്പിച്ചത് മാധവ്ജിയാണ്.
കേരളാ ക്ഷേത്ര സംരക്ഷണ സമിതി
ക്ഷേത്രാരാധനയുടെ ആദ്ധ്യാത്മിക വശത്തോടൊപ്പം അതിന്റെ ശാസ്ത്രീയമായ വശങ്ങള്‍ക്കും വിശദീകരണം നല്‍കണമെന്ന് മാധവ്ജി മനസ്സിലാക്കി. ഇതിനായി അദ്ദേഹം തന്ത്രശാസ്ത്രത്തില്‍ അവഗാഹം നേടി. കേരളത്തിന് അകത്തും പുറത്തുമുള്ള പണ്ഡിതന്മാരുമായി ചര്‍ച്ചകള്‍ നടത്തി. ക്ഷേത്രാരാധനയുടെ ശാസ്ത്രീയമായ വശങ്ങള്‍ അദ്ദേഹം പ്രചരിപ്പിച്ചു. ഹിന്ദു ആചാരങ്ങളെ അന്ധവിശ്വാസം എന്ന് പ്രചരിപ്പിച്ചു വരുന്നവര്‍ക്കുള്ള കനത്ത തിരിച്ചടിയായിരുന്നു അത്. ഹൈന്ദവാചരണങ്ങള്‍ക്ക് പിന്നിലുള്ള ശാസ്ത്രതത്ത്വങ്ങള്‍ വെളിവാക്കുക വഴി അവയെ അന്ധവിശ്വാസമെന്ന് മുദ്രകുത്താനുള്ള ശ്രമം പരാജയപ്പെടുത്തി. കേരളാ ക്ഷേത്ര സംരക്ഷണ സമിതിക്ക് ഒരു പ്രവര്‍ത്തനപദ്ധതിയും പ്രവര്‍ത്തകനിരയെയും സൃഷ്ടിക്കാന്‍ മാധവ്ജി ശ്രമിച്ചു. കേരളത്തിലെ തന്ത്രിമുഖ്യന്മാര്‍ മാധവ്ജിയുടെ ഈ ശ്രമത്തെ അംഗീകരിച്ചു. ഇങ്ങനെ ഇടക്കാലത്ത് വഴിമാറിപ്പോയ ഹൈന്ദവനവോത്ഥാനത്തെ തിരികെ അതിന്റെ യഥാര്‍ത്ഥ പാതയിലേയ്ക്ക് കൊണ്ടുവരാന്‍ മാധവ്ജിക്ക് കഴിഞ്ഞു.
തന്ത്രവിദ്യാപീഠം
ജാതിവിവേചനം അവസാനിപ്പിക്കാന്‍ തൊലിപ്പുറത്തുള്ള ചികിത്സ അല്ല വേണ്ടത് എന്നും മറിച്ച് അതിന് ആഴത്തിലുള്ള ചികിത്സ ആവശ്യമാണെന്നും അദ്ദേഹം മനസിലാക്കി. അതിന് എല്ലാ വിഭാഗം ഹിന്ദുക്കളില്‍ നിന്നും ക്ഷേത്രങ്ങളില്‍ പൂജാരിമാര്‍ ഉണ്ടാകണം. വേദാധികാരം എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നു നല്‍കണം. ഈ ലക്ഷ്യങ്ങള്‍ സാധിക്കാന്‍ ആലുവായ്ക്കടുത്തുള്ള വെളിയത്തുനാട് എന്ന ഗ്രാമത്തില്‍ അദ്ദേഹം തന്ത്രവിദ്യാപീഠം സ്ഥാപിച്ചു. ഇവിടെ അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജാതി നോക്കാതെ പരിശീലനം നല്‍കുവാന്‍ മാധവ്ജി മുന്‍കൈയെടുത്തു.
പാലിയം വിളംബരം
ജാതിവിവേചനം അവസാനിപ്പിക്കാനുള്ള ശ്രമത്തിന് എല്ലാ ഹിന്ദുക്കള്‍ക്കും വേദാധികാരം ഉണ്ടാകണം എന്ന് മാധവ്ജി മനസ്സിലാക്കി. അതിനായി കേരളത്തിലെ തന്ത്രിമുഖ്യന്മാര്‍ പാലിയത്ത് ഒരുമിച്ചുചേര്‍ന്നു. നീണ്ട ചര്‍ച്ചകള്‍ക്കുശേഷം കാഞ്ചി ശങ്കരാചാര്യരുടെ നേതൃത്വത്തില്‍ സുപ്രസിദ്ധമായ പാലിയം വിളംബരം പുറപ്പെടുവിച്ചു. അതുപ്രകാരം ജാതിക്കതീതമായി എല്ലാ ഹിന്ദുക്കള്‍ക്കും വേദാധികാരം നല്‍കി. ഈ പ്രഖ്യാപനത്തിലൂടെ ജാതിവ്യത്യാസങ്ങളെ അപ്രസക്തമാക്കി. കേരളത്തിലെ ഹിന്ദുനവോത്ഥാനശ്രമങ്ങളില്‍ അതീവ പ്രാ ധാന്യം അര്‍ഹിക്കുന്നതാണ് പാലിയം വിളംബരം. ഇതുപ്രകാരം ക്ഷേത്രങ്ങളിലെ പൂജാരിമാരെ അവരുടെ ജാതി നോക്കാതെ, പൂജാവിധികളിലുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ നിയമിക്കാം. കേരളത്തിലെ ഇതര സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കള്‍ നടപ്പാക്കിയ തിലും ആഴത്തിലുള്ള മാറ്റത്തിന് തുടക്കം കുറിക്കാന്‍ ഇതുവഴി മാധവ്ജിക്ക് കഴിഞ്ഞു.
എളവൂര്‍ തൂക്കവും, ഗുരുവായൂരിലെ സമൂഹസദ്യയും
ഹിന്ദുത്വത്തെ ആക്ഷേപിക്കാനായി വിവിധ പരിപാടികള്‍ ചൂണ്ടിക്കാട്ടി അവ ശാസ്ത്രീയതയ്ക്കും പുരോഗമനാശയങ്ങള്‍ക്കും എതിരാണെന്ന് പ്രചരിപ്പിക്കുന്നത് എതിരാളികളുടെ സ്ഥിരം പരിപാടിയായിരുന്നു. കാലടിക്കടുത്തുള്ള എളവൂര്‍ എന്ന സ്ഥലത്ത് ക്ഷേത്രത്തില്‍ മനുഷ്യനെ ഇരുമ്പുകൊളുത്തില്‍ തൂക്കുന്ന ഒരു സമ്പ്രദായം നിലവിലുണ്ടായിരുന്നു. ഇതിനെതിരായ പ്രക്ഷോഭത്തില്‍ ഒടുവില്‍ മാധവ്ജി നേരിട്ട് ഇടപെട്ടു. തൂക്കം നടത്തേണ്ടതില്ല എന്ന് ബന്ധപ്പെട്ടവര്‍ തീരുമാനിച്ചു. അതേപോലെ പാഞ്ഞാളില്‍ അതിരാത്രം നടന്നപ്പോള്‍ നവദ്വാരങ്ങളും അടച്ച് ആടിന്റെ വപയെടുക്കുന്ന രീതിക്കെതിരെ ജനങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ വപ എടുക്കേണ്ട എന്ന തീരുമാനം യാഗം നടത്തുന്നവരെക്കൊണ്ട് എടുപ്പിക്കാന്‍ മാധവ്ജി ശ്രമിച്ചു. ഗുരുവായൂരില്‍ ദിവസവും നടക്കുന്ന അന്നവിതരണത്തില്‍ അവര്‍ണ്ണര്‍ക്ക് സവര്‍ണ്ണരുടെ കൂടെ ഇരിക്കാന്‍ പാടില്ല എന്ന് പറഞ്ഞ് അതിനെതിരായി കല്ലട സുകുമാരന്‍ എന്ന ദളിത് നേതാവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്നും ഗുരുവായൂരിലേയ്ക്ക് ജാഥ ആരംഭിച്ചു. ജാഥയ്ക്ക് വഴിയിലുടനീളം സംഘം സ്വീകരണം നല്‍കി. അവസാനം എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചിരുന്ന് ഗുരുവായൂരില്‍ ഭക്ഷണം കഴിച്ചു. ഇങ്ങനെ ഹിന്ദുത്വത്തെ അധിക്ഷേപിക്കാനായി ആസൂത്രണം ചെയ്ത പരിപാടികള്‍ ഹിന്ദു ഐക്യത്തിന്റെ കാഹളം മുഴക്കുന്നവയാക്കി മാറ്റുവാന്‍ സംഘത്തിന് കഴിഞ്ഞു. ഈ തീരുമാനങ്ങളിലെല്ലാം മാധവ്ജിയുടെ സാന്നിദ്ധ്യവും നിര്‍ദ്ദേശങ്ങളും പ്രധാനമായിരുന്നു.
വിശാലഹിന്ദുസമ്മേളനം ഹിന്ദുമുന്നണി
1982 ല്‍ എറണാകുളത്തു നടന്ന വിശാലഹിന്ദുസമ്മേളനത്തിന്റെ മുഖ്യസംഘാടകന്‍ മാധവ്ജിയായിരുന്നു. കമ്യൂണിസ്റ്റുകാരുടെ എതിര്‍പ്പുകള്‍ പലതും തരണം ചെയ്ത് വിശാലഹിന്ദുസമ്മേളനത്തിന്റെ തുടര്‍പ്രവര്‍ത്തനം എന്ന രീതിയില്‍ കര്‍ക്കടകമാസം രാമായണമാസമായി ആചരിക്കാന്‍ തീരുമാനിച്ചു. ‘ഹിന്ദുക്കള്‍ നാമൊന്നാണേ’ എന്ന സന്ദേശം കേരളം മുഴുവന്‍ മുഴങ്ങി.
ഭരണകൂടം എപ്പോഴും ഹിന്ദുനവോത്ഥാനത്തിന് എതിരായിരുന്നു. ഇത് പരിഹരിക്കാന്‍ ‘ഹിന്ദുവോട്ട് ബാങ്ക്’ എന്ന ആശയം സ്വാമി ചിന്മയാനന്ദന്‍ മുന്നോട്ടുവെച്ചു. തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ‘ഹിന്ദുമുന്നണി’ മത്സരത്തിനിറങ്ങി. ഇതിന്റേയും പ്രധാനസംഘാടകന്‍ മാധവ്ജിയായിരുന്നു. തിരഞ്ഞെടുപ്പില്‍ ഹിന്ദുമുന്നണി ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച വെച്ചു. ഹിന്ദുക്കളെ അധിക്ഷേപിക്കുന്നത് അപകടമാണെന്നത് ഇരുമുന്നണികളും തിരിച്ചറിഞ്ഞു.
ഹിന്ദുനവോത്ഥാനത്തെ നേര്‍വഴിക്കാക്കിയ മഹാപുരുഷന്‍
കേരളത്തിലെ നവോത്ഥാനം ആരംഭിച്ചത് ഭാവാത്മകമായാണ്. ഹൈന്ദവരക്ഷയും ഹൈന്ദവസ്വാഭിമാനവും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത് മുന്നേറിയത്. എന്നാല്‍ ഇടയ്ക്കുവെച്ച് രാഷ്ട്രീയലക്ഷ്യത്തോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി അതിനെ തട്ടിയെടുത്തു. നവോത്ഥാനം ദിശ മാറി. ഹൈന്ദവ ഉന്നതിക്കു പകരം ഹൈന്ദവമായതെല്ലാം ശാസ്ത്രവിരുദ്ധമാണെന്ന ചിന്താഗതി പരന്നു. അത് ക്ഷേത്രാചാരങ്ങളേയും ബാധിച്ചു. ഈ അവസരത്തില്‍ ക്ഷേത്രാചാരങ്ങള്‍ക്കും മറ്റ് ആചാരങ്ങള്‍ക്കും ശാസ്ത്രീയമായ വ്യാഖ്യാനം നല്‍കി. അതിനെ ശരിയായ പാതയിലേയ്ക്ക് തിരികെ കൊണ്ടുവന്നത് മാധവ്ജിയുടെ പരിശ്രമങ്ങളാണ്. അതിന് അദ്ദേഹം തന്ത്രശാസ്ത്രത്തെ ഉപയോഗിച്ചു. പിന്തിരിപ്പനായി ചിത്രീകരിക്കപ്പെട്ട ഹിന്ദുത്വം ശാസ്ത്രീയവും പുരോഗമനാത്മകവുമാണെന്ന് അദ്ദേഹം തെളിയിച്ചു. ജാതിവിവേചനത്തിനെതിരെ ക്ഷേത്രപൂജ, പന്തിഭോജനം തുടങ്ങിയ പരിപാടികള്‍ നടത്തിയ മാധവ്ജി എല്ലാ ഹിന്ദുക്കള്‍ക്കും വേദാധികാരം ഉണ്ടെന്നും സ്ഥാപിച്ചു. ഇത് ഹിന്ദുഐക്യത്തിന്റെ കാതലാണ്. അങ്ങനെ മാധവ്ജി ഹൈന്ദവ നവോത്ഥാനത്തെ അതിന്റെ ആത്മാവ് തിരിച്ചറിഞ്ഞ് മുന്നോട്ടു നയിച്ചു.