അന്തരിന്ദ്രിയങ്ങളിലാകാശം ഏകാന്തത
ജന്തു കാമങ്ങള്‍ പൂത്ത ഗന്ധമാദനം ദൂരെ
പിറകില്‍ നിന്നും കേള്‍ക്കാം കാമ കാലോന്‍മാദ
നൃത്ത നിര്‍ഝരം ചിലമ്പുടഞ്ഞൊഴുകും സ്വരോദകം
ഗംഗയായിരിയ്ക്കണം ശിവതാണ്ഡവ ശ്രുതി
മധുരം മദംകൊണ്ട ഹൃദയം അവള്‍ക്കല്ലേ?
ഏത്രയോ കാതം ദൂരെ നിന്നു പിന്‍വിളി, സ്‌നേഹ-
തപ്ത തീര്‍ത്ഥത്തില്‍ മുങ്ങി നിവരുന്നനുഭൂതി
ഉടലാഴങ്ങള്‍ക്കുളളില്‍ വേദന കനപ്പിച്ച
വര്‍ത്തമാനത്തില്‍ വീഴ്ചയാഴങ്ങള്‍ക്കടിത്തട്ടില്‍.
നിശ്ചലം നിരാലംബം നിര്‍ഭയം കിടക്കയാ –
ണപ്പൊഴുമോര്‍മ്മക്കാട്ടില്‍ ഗന്ധമാദനം പൂത്തു.
ആരിവളെന്നോ പണ്ട് ദ്രുപദവസന്തമായ്
കാമുകാന്തരങ്ങളെ നീറ്റിയ നീലാഞ്ജനം .
പാര്‍വണകുമാരനാമര്‍ജ്ജുനന്‍ ലക്ഷ്യം ഭേദി –
ച്ചാദിമോന്മാദം പൂത്ത സ്വര്‍ണകര്‍ണികാരാഗുരം
ആയിരങ്ങള്‍തന്‍ കണ്ഠമിടറും പടഹങ്ങള്‍ –
ക്കിടയില്‍ വീരാംഗുലം വരിച്ച ശ്യാമ സ്വപ്‌നം
വേട്ടത് വിജയനെയെങ്കിലും വിധിച്ചാര്‍ത്താല –
ഞ്ചു പേര്‍ക്കായിട്ടുള്ളം പകുത്തു കൊടുത്തവള്‍ ..
ഉത്തമമരതകം ചേര്‍ത്തു തുന്നിയ ശയ്യാ –
തല്പവേദിയില്‍ സുഖ സാമ്രാജ്യം ഭരിച്ചവള്‍.
ഇവളാണിപ്പോളാര്‍ത്ത ഗര്‍ത്ത ഭൂമിയില്‍ ജനി –
മൃതിതന്‍ നേര്‍രേഖയില്‍ നിശ്ചലം കിടപ്പവള്‍.
പ്രൗഢഗംഭീരം മോക്ഷ ഗോപുരവാതില്‍ തേടി
അഞ്ചു ചക്രവര്‍ത്തികള്‍ക്കൊപ്പം പിറകില്‍ നടന്നവള്‍
വീണുപോയാത്മാവിന്റെ മോക്ഷവീഥിയില്‍ കഴ-
ലിടറിയിരുള്‍ഗുഹയ്ക്കുള്ളിലായൊറ്റയ്ക്കായി
ഗതകാലത്തിന്‍ യുദ്ധ ഗദ്ഗദ ഭൂവില്‍ തന്നെ
രതിയും വിരതിയും വിട്ടെറിഞ്ഞു പോന്നവര്‍
അവരാറുപേരാണിരുള്‍ തിങ്ങിയകൂര്‍പ്പന്‍ മുള്ളു –
നിറയും നോവിന്‍ ശൂലവഴിയേറെയും താണ്ടി
അകലെ കാണും മോക്ഷ സ്വപ്‌ന ഗോപുരത്തിന്റെ
യരികത്തെത്താനായിട്ടാധിയില്‍ നടന്നവര്‍
അവര്‍ക്കു മുമ്പേ വഴികാട്ടുവാനാകാമാകേ
മെലിഞ്ഞു ശോഷിച്ചൊരു സാരമേയവും കൂടി
അവനെ കണ്ടിട്ടില്ലാ മുമ്പവരൊരിയ്ക്കലും
അവനോയിരുട്ടിലും കാല്‍ ഗതി നയിയ്ക്കുന്നു.
അറപ്പാണുള്ളില്‍ പോലുമവനെ കാണുന്നേരം
വെറുപ്പും ഭയവുമുണ്ടെങ്കിലുമവനത്രെ
നേര്‍ഗതി നയിയ്ക്കുവാന്‍ മുന്നിലെത്തിയോന്‍നേരാം
നേരിന്റെ രൂപം കാഴ്ചയ്ക്കാരെയും പേടിപ്പിയ്ക്കും !
അവന്റെ പാദങ്ങള്‍ക്കില്ലിടര്‍ച്ച തളര്‍ച്ചകള്‍
കൂരിരുള്‍ തണുപ്പുകളവനെ ബാധിച്ചില്ല.
നിര്‍ഭയം നിസ്സംഗത സ്ഫുരിയ്ക്കും മുഖത്തോടെ
അവനേ മുമ്പില്‍ നടന്നവര്‍ക്കു വഴികാട്ടി.
‘ആര്യ പുത്രരേ അയ്യോ വീണു ഞാനെ’ന്നാര്‍ത്തമാം
പിന്നില്‍ നിന്നൊരു വിളി നിന്നുപോയെല്ലാവരും.
‘പാഞ്ചാലി വീണൂ ജ്യേഷ്ഠാ’യെന്നൊരു തേങ്ങല്‍
ഭീമഹൃദയം പിളര്‍ന്നെതാണാഴത്തിലതും കേട്ടു.
‘പാപിയാണവള്‍ ഭര്‍ത്താവഞ്ചു പേരുണ്ടായിട്ടും
പാര്‍ത്ഥനെ മാത്രം സ്‌നേഹിച്ചെന്നതു തെറ്റല്ലയോ?’
സ്‌നേഹവും തെറ്റാണെന്നോ തെറ്റിന്റെയാഴങ്ങളില്‍
നിന്നുറന്നൊഴികിയ വാക്കുകളാവാമതും
എന്നതു ചൊല്ലി കൊണ്ട് തിരിഞ്ഞു നോക്കാന്‍ പോലും
നിന്നതില്ലഗ്രേസരന്‍ ധര്‍മജനവനെത്രെ.
വാലാട്ടി നടകൊള്ളും ശ്വാവിനെ പിന്‍പറ്റിക്കൊ-
ണ്ടിടറി പോകുന്നഞ്ചു പ്രാണ നായകന്‍മാരെ,
മൃതിതന്‍ഭായാനക മുഖ വാതിലിന്‍ നില്‍ക്കെ
മനസ്സിന്‍ കണ്ണാലവള്‍ കണ്ടൊരു നിമിഷാര്‍ദ്ധം –
പിന്നെയോര്‍മ്മകള്‍ മേയും ഗന്ധമാദനത്തിന്റെ
മങ്ങിയ തണല്‍തേടി മാനസം പറക്കുന്നു.
ആയിരം സൗഗന്ധികം പൂത്ത കാനനത്തിന്റെ
അകലത്താരോ ദീനദീനനായ് കേഴുന്നുണ്ടോ?
ആരവന്‍ ദുര്യോധനരോദനം പോലെ ചോര
മണക്കും കാര്‍കൂന്തലിന്നോര്‍മ്മകള്‍ തിളയ്ക്കുന്നു.
പകയില്ലിപ്പോള്‍ വെറും സഹതാപമേയുള്ളൂ.
പറയാനാളില്ലാത്തോര്‍ക്കെന്തിന് പ്രതികാരം?
മൃതിതന്‍ നീലാകാശം കണ്ടു കണ്ടിരിയ്ക്കുമ്പോള്‍
അരികത്തൊരാള്‍ പോലുമില്ലെന്ന പേടി സ്വപ്‌നം
മുറുകെ പിടിച്ചുള്ളം പൊള്ളുന്നരേകാന്തത.
ഉയരം കൂടുന്തോറും വീഴ്ചകളഗാധമായ്
ഹൃദയം പിളര്‍ക്കുമെന്നറിവില്‍ പിടഞ്ഞുകൊ-
ണ്ടുരിയാടുവാന്‍ പോലുമാരാരുമില്ലാത്താഴ
ക്കടലില്‍ കിടുക്കുന്നു പാഞ്ചാല മഹാരാജ്ഞി
മരണം വന്നേ പറ്റൂവത്രയും നേരം ദുഃഖ
സ്മരണം മാത്രം തുണ മിഴിയും വരളുന്നു.
അശ്വമേധങ്ങള്‍ രാജസൂയങ്ങളനവധി
വിശ്വദിഗ്വിജയങ്ങള്‍ നേടിയ മഹാരഥര്‍
വഴിതെറ്റുന്നു വെറും സാരമേയത്തിന്‍ പിന്നില്‍
ഗതികെട്ടലയുന്ന കാഴ്ചകള്‍ മനക്കണ്ണില്‍
നിമിഷാര്‍ദ്ധത്തില്‍ മാത്രം കണ്ടിരിയ്ക്കണം പിന്നെ
ദ്രുപദ സ്വപ്‌നാംഗന കണ്ണടച്ചിരിയ്ക്കണം
മരണം ചിലര്‍ക്കൊക്കെ മതിപ്പാണെന്നാല്‍ ചിലര്‍ –
ക്കറിവിന്നാഴങ്ങളില്‍ ചെന്നുണര്‍ന്നിരിയ്ക്കലും.