കിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് സിന്ധുസാഗരവും അതിരിട്ട കേരളം കൃത്യമായ ഋതുചക്രങ്ങളില്‍ വേനലും മഞ്ഞും മഴയുമെത്തിയിരുന്ന സുന്ദരഭൂമിയായിരുന്നു. കാലവര്‍ഷവും തുലാവര്‍ഷവും മഞ്ഞുകാലവും വേനല്‍കാലവും ചിട്ടയോടെ വിരുന്നുവന്നിരുന്ന മലനാട്ടില്‍ ഇന്ന് കാലാവസ്ഥ പ്രവചനങ്ങള്‍ക്ക് പിടിതരാതെ ഒഴിഞ്ഞുമാറുന്നു. വര്‍ദ്ധിച്ചുവരുന്ന ചൂടും പേമാരിയും പ്രകൃതിദുരന്തങ്ങളും നിത്യസംഭവമായിത്തീര്‍ന്നിരിക്കുന്നു. മഴക്കാലത്തിനും മഞ്ഞുകാലത്തിനുമിടയില്‍ സുഖശീതളമായ കുറച്ചുമാസങ്ങള്‍ നമുക്കുണ്ടായിരുന്നു. എന്നാല്‍ പ്രളയം പെയ്തിറങ്ങി മണ്ണ് തണുത്താലും വെയില്‍ തെളിയുമ്പോള്‍ അസഹ്യമായ ചൂട് വ്യാപിക്കുന്നത് ഇന്ന് നമുക്ക് അനുഭവവേദ്യമാണ്. ഇത് കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. ആഗോളതാപനമെന്ന പ്രതിഭാസം ഭൂമിയിലെ എല്ലാ മേഖലകളെയും ഗ്രസിച്ചിരിക്കുകയാണ്. കാലാവസ്ഥാവ്യതിയാനം സംഭവിച്ചു എന്നത് ഇന്ന് മലയാളിക്കും ബോധ്യമായിത്തുടങ്ങിയിരിക്കുന്നു. ഓണവും വിഷുവും തിരുവാതിരയുമൊക്കെ ഋതുപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ആഘോഷിച്ചിരുന്ന മലയാളിക്ക് കണിക്കൊന്ന പൂക്കുന്നതിനും മാവ് കായ്ക്കുന്നതിനും വരെ കൃത്യമായ ചില മാസങ്ങളുണ്ടായിരുന്നു. ഇന്ന് കാലംതെറ്റി പൂക്കുന്ന കണിക്കൊന്നയും, വഴിതെറ്റി വരുന്ന മാമ്പഴക്കാലവും കണ്ട് അന്ധാളിച്ചുനില്‍ക്കുന്ന പഴമക്കാര്‍ ‘സുകൃതക്ഷയ’ മെന്ന് പറഞ്ഞൊഴിഞ്ഞേക്കാമെങ്കിലും പ്രകൃതിയോട് മനുഷ്യന്‍ നടത്തിയ ദുഷ്‌ചെയ്തികളാണ് ഇതിനൊക്കെ കാരണമെന്ന് നാം തിരിച്ചറിയേണ്ടതാണ്.
ഈ ദശകം ചരിത്രത്തിലെ ഏറ്റവും ചൂടേറിയതാവുമെന്ന് ഐക്യരാഷ്ട്രസംഘടന തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗോളതാപനമെന്ന പ്രതിഭാസം ഉണ്ടാവാന്‍ കാരണം അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചുവരുന്ന കാര്‍ബണ്‍ ഘടകങ്ങളുടെ സാന്നിദ്ധ്യമാണ്. ഇതാകട്ടെ വികസനമെന്ന പേരില്‍ മനുഷ്യന്‍ പടുത്തുയര്‍ത്തുന്ന ഫാക്ടറികളും വാഹനങ്ങളും പുറംതള്ളുന്ന മാലിന്യങ്ങളില്‍ നിന്നും ഉണ്ടാകുന്നതാണുതാനും. ഭൂമിയുടെ അന്തരീക്ഷത്തില്‍ 14 മുതല്‍ 45 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വ്യാപിച്ചിരിക്കുന്ന ഓസോണ്‍ പാളിയെന്ന അന്തരീക്ഷകവചം ദ്രവിച്ച് വരുന്നതായാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. സൂര്യനില്‍ നിന്നും വരുന്ന മാരകകിരണങ്ങളെ തടഞ്ഞുനിര്‍ത്തി ഭൂമിയിലെ കാലാവസ്ഥയെ സുഖകരമാക്കുന്നതില്‍ ഓസോണ്‍ പാളി വലിയ പങ്കാണ് വഹിച്ചിരുന്നത്.
വന്‍ശക്തിരാഷ്ട്രങ്ങള്‍ തുടര്‍ച്ചയായി നടത്തുന്ന ബഹിരാകാശപരീക്ഷണങ്ങളും അന്തരീക്ഷത്തിലേക്ക് ഫാക്ടറികള്‍ വിസര്‍ജിക്കുന്ന രാസമാലിന്യങ്ങളുമെല്ലാം ചേര്‍ന്ന് ഓസോണ്‍ കവചത്തെ കാര്‍ന്നുതിന്നുകയാണ്. ധ്രുവപ്രദേശങ്ങള്‍ക്കു മേലെ ഒസോണ്‍ പാളിക്ക് കാര്യമായ വിള്ളല്‍ വീണിരിക്കുന്നു. ഭൂമിയിലെ ശുദ്ധജലത്തിന്റെ വന്‍ശേഖരം ഉത്തര ദക്ഷിണ ധ്രുവങ്ങളിലെ മഞ്ഞുമലകളിലാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. ആഗോളതാപനം വര്‍ദ്ധിച്ചതോടെ ഈ മഞ്ഞുമലകള്‍ ഉരുകിത്തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 33000 ടണ്‍ മഞ്ഞുമലകളാണ് ഉരുകി ഒലിച്ച് കടലില്‍ ചേര്‍ന്നത്. ഇത് കടല്‍ ജല നിരപ്പിനെ ഉയര്‍ത്തുന്നു. അന്തരീക്ഷ ഊഷ്മാവില്‍ കഴിഞ്ഞ ഏതാനും ദശകം കൊണ്ട് 1.1 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധനവുണ്ടായിരിക്കുന്നു. അത് 4 ഡിഗ്രി സെന്‍ഷ്യസിലേക്കെത്തിയാല്‍ ഉത്തര ദക്ഷിണ ധ്രുവങ്ങളിലെ മഞ്ഞുമലകള്‍ പൂര്‍ണ്ണമായി ഉരുകുകയും കടല്‍ നിരപ്പ് കുറഞ്ഞത് 80 മീറ്റര്‍ ഉയരുകയും ചെയ്യും. എന്നുപറഞ്ഞാല്‍ കല്പാന്ത പ്രളയം സംഭവിക്കുമെന്നുസാരം. ഇപ്പോള്‍ തന്നെ ലോകം മുഴുവനുമുള്ള തീരദേശ നഗരങ്ങള്‍ കടല്‍ കൈയേറുന്ന അവസ്ഥയിലാണുള്ളത്.
പെട്രോളിയം, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തില്‍ നിന്നാണ് കാര്‍ബണ്‍ അന്തരീക്ഷത്തില്‍ കലരുന്നത്. 2015ല്‍ ലോകരാഷ്ട്രങ്ങള്‍ ഒപ്പിട്ട പാരീസ് കരാറില്‍ 2020 ഓടെ കാര്‍ബണ്‍ വിസര്‍ജ്ജനം കുറയ്ക്കണമെന്ന ധാരണയിലെത്തിയിരുന്നു. ഇതിന് ഫോസില്‍ ഇന്ധനങ്ങള്‍ക്കു പകരം വൈദ്യുതിയേയും സൗരോര്‍ ജ്ജത്തെയുമൊക്കെ ആശ്രയിക്കുന്ന നവീന സാങ്കേതിക വിദ്യകള്‍ പ്രയോഗത്തില്‍ വരുത്തേണ്ടതുണ്ട്. ആ നിലയ്ക്കുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തിയില്ലെങ്കില്‍ ഭൂമി ജീവലോകത്തിന് വാസയോഗ്യമല്ലാതായിത്തീരും. കഴിഞ്ഞ നൂറുവര്‍ഷത്തിനിടെ മനുഷ്യന്‍ അന്തരീക്ഷത്തിലേക്ക് വിസര്‍ജ്ജിച്ചത് ഏതാണ്ട് 40 ലക്ഷം ടണ്‍ കാര്‍ബണാണ് എന്നറിയുമ്പോഴാണ് ഭൂമി എത്തിപ്പെട്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നത്തിന്റെ ഗൗരവം പിടികിട്ടുക.
ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നത് കടലാണ്. കടലിലെ താപനിലയും അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഭൂമിയില്‍ മനുഷ്യന്‍ സൃഷ്ടിക്കുന്ന രാസമാലിന്യങ്ങളും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും അവസാനം ഒഴുകിയെത്തുന്നത് കടലിലേക്കാണ്. ഇന്ന് കടല്‍ ഒരു കുപ്പക്കുഴിയായി മാറിയിരിക്കുന്നു എന്ന് പറയാം. 150 വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായിരുന്നതിനേക്കള്‍ 25% അമ്ലം കടലില്‍ കൂടിയിരിക്കുന്നു. ഇതുമൂലം നിരവധി മത്സ്യവര്‍ഗ്ഗങ്ങള്‍ എന്നന്നേക്കുമായി തിരോഭവിച്ചിരിക്കുകയാണ്. കടലിലെ താപനിലയും അമ്ലതയും ഉയരുമ്പോള്‍ മറ്റൊരുദുരന്തം കൂടി സംഭവിക്കുന്നുണ്ട്. അത് കടലിലെ സസ്യജാലങ്ങളുടെ തിരോധാനമാണ്. കടലിലെ കാടുകള്‍ നശിക്കുന്നു എന്ന് ചുരുക്കം. ഭൂമിയിലെ പ്രാണവായുവിന്റെ 30 ശതമാനം മാത്രമാണ് കരയിലെ വൃക്ഷങ്ങളും സസ്യലതാദികളും പ്രദാനം ചെയ്യുന്നത്. ബാക്കി 70 ശതമാനം പ്രാണവായുവും ഉല്‍പ്പാദിപ്പിക്കുന്നത് കടല്‍ സസ്യങ്ങളാണ്. എന്നു പറഞ്ഞാല്‍ കടല്‍ മലിനമായി ജലസസ്യങ്ങള്‍ നശിച്ചാല്‍ ഭൂമിയിലെ പ്രാണവായുവിന്റെ അളവ് കുറയുമെന്ന് സാരം. ദില്ലിപോലുള്ള നഗരങ്ങള്‍ പ്രാണവായുവിനായി പിടയുന്ന വാര്‍ത്തകള്‍ അടുത്തകാലത്ത് പുറത്തു വന്നിരുന്നു. ഓക്‌സിജന്‍ പാര്‍ലറുകള്‍ ഒരു ആഡംബരമല്ലാത്ത അവസ്ഥയിലേക്കാണ് കാലം പുരോഗമിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം കൊടുങ്കാറ്റുകളുടെ പ്രഭവ കേന്ദ്രമാക്കി ഭാരതത്തിന്റെ ഉള്‍ക്കടലുകളെ മാറ്റിയിരിക്കുന്നു. കൊടുങ്കാറ്റും പേമാരിയും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് പ്രകൃതിയുടെ വലിയ മുന്നറിയിപ്പായി മനുഷ്യന്‍ മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തില്‍ അടുപ്പിച്ചുണ്ടായ രണ്ട് പ്രളയങ്ങള്‍ വരുത്തിവച്ച നാശനഷ്ടങ്ങള്‍ ചില്ലറയല്ല. കാര്‍ഷിക ഉല്‍പ്പാദന മേഖലകളെ അതിവൃഷ്ടിയും അനാവൃഷ്ടിയും ഏറെ സ്വാധീനിക്കും. മേല്‍മണ്ണിലെ സൂക്ഷ്മ മൂലകങ്ങളാണ് ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നത്. പ്രളയങ്ങള്‍ മൂലം മേല്‍മണ്ണ് ഒലിച്ച് പോകുന്നതുകൊണ്ട് ദീര്‍ഘകാലം ഇത് കൃഷിയേയും ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ചുരുക്കിപ്പറഞ്ഞാല്‍ ആഗോളതാപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനവും മനുഷ്യകുലത്തിനു മാത്രമല്ല ഭൂമിയിലെ ആവാസവ്യവസ്ഥയെ ആകെ തന്നെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. പരിസ്ഥിതി സൗഹൃദമായ ജീവിത രീതിയിലേക്ക് മനുഷ്യ സമൂഹം മാറാത്തിടത്തോളം കാലം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. മനുഷ്യന്റെ തെറ്റായ പ്രവൃത്തികള്‍ മൂലം ഭൂമിക്ക് ആഗോളതാപനമെന്ന മഹാരോഗം ഗ്രസിച്ചിരിക്കുകയാണ്. പനിപിടിച്ച ഭൂമിയില്‍ ജീവലോകം നിലനില്‍പ്പിന്റെ ഭീഷണി നേരിടാന്‍ പോവുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പുകളെ ഉള്‍ക്കൊണ്ടുകൊണ്ട് പരിസ്ഥിതി സൗഹൃദമായ വികസന സങ്കല്പത്തിലേക്ക് മാനവകുലം ചുവടുമാറേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.