ആര്യങ്കാവ്പൂരം കൊടിയേറിയാല്‍ ഒഴിഞ്ഞു കിടക്കുന്ന ത്രാങ്ങാലി വായനശാലയുടെ പരിസരം ജനങ്ങളെക്കൊണ്ട് നിറയും. ആബാലവൃദ്ധം ജനങ്ങളും വായനശാലയുടെ സമീപമുള്ള മൈതാനത്തില്‍ ഒത്തുകൂടും. ആ മൈതാനത്തില്‍ വെച്ചാണ് ത്രാങ്ങാലിക്കുതിരകളെ കെട്ടിയുണ്ടാക്കുന്നത്. ആര്യങ്കാവ് പൂരത്തിന്റെ മുന്നോടിയായുള്ള കുതിരക്കളിയില്‍ ത്രാങ്ങാലിക്കാരുടെ കുതിര ഏറ്റവും മനോഹരവും ശക്തിയുള്ളതും വീര്യമുള്ളതുമായിരിക്കണമെന്ന് ത്രാങ്ങാലി പരിസരവാസികള്‍ക്ക് നിര്‍ബന്ധമുണ്ട്. ആര്യങ്കാവ് പൂരത്തോടനുബന്ധിച്ചുള്ള കുതിരക്കളി വളരെ പ്രസിദ്ധമാണ്. ഓരോ ദേശത്തേയും കുതിരകള്‍ അരങ്ങ് തകര്‍ത്താടും. ആദ്യം കളത്തിലിറങ്ങുന്നത് എന്നും ത്രാങ്ങാലിക്കുതിര തന്നെ. ത്രാങ്ങാലിക്കുതിരയുടെ പ്രകടനം കഴിഞ്ഞാല്‍ മാന്നനൂര്‍ കുതിരയുടെ കുതിരക്കളിയാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അവകാശങ്ങളും ചിട്ടകളും യാതൊരു പ്രതിബന്ധങ്ങളുമില്ലാതെ മുന്നോട്ടുപോകുന്നു.
കുതിരക്കളിയുടെ ഒരാഴ്ച്ചമുന്‍പു തന്നെ കുതിരയെ നിര്‍മ്മിക്കുവാനുള്ള സാധനസാമഗ്രികള്‍ ശേഖരിക്കുന്ന യുവാക്കളെയും മദ്ധ്യവയസ്‌ക്കരേയും കാണാം. മധുമാമ കുതിരനിര്‍മ്മാണത്തിന്റെ അമരക്കാരനാണ്. കൊട്ടിലില്‍ അടുക്കിവെച്ചിരിക്കുന്ന വൈക്കോല്‍ കെട്ടുകള്‍ എണ്ണി എടുത്ത് തലയിലേറ്റി വായനശാലയിലേക്ക് പോവും. അമ്മമ്മയുടെ ചീത്തപേടിച്ച് മുന്‍വശം വഴിപോകാതെ കാര്‍ത്ത്യോപ്പയുടെ വേലി പൊളിഞ്ഞു കിടക്കുന്ന വടക്കുവശം ചേര്‍ന്നാണ് തടിതപ്പല്‍. കൊട്ടിലിന്റെ പിന്‍വശം കാര്‍ത്ത്യോപ്പയുടെ വീടിന്റെ വേലി പൊളിഞ്ഞതു വഴി കടക്കുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ കാര്‍ത്ത്യോപ്പയുടെ മകന്‍ സദാശിവന്‍ കുശലാന്വേഷണത്തിനെത്തും. മധുമാമ മനസ്സില്ലാമനസ്സോടെ യാന്ത്രികമായി ഉത്തരം പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുമെങ്കിലും സദേട്ടന്റെ വാചാലതയ്ക്ക് കീഴടങ്ങേണ്ട സന്ദര്‍ഭങ്ങളുമുണ്ടാകും.
വഴിയിലൂടെ പോകുന്ന ആരേയും സദേട്ടന്‍ വെറുതെ വിടില്ല. നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പരത്തിപ്പരത്തി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ അടുക്കളയില്‍ നിന്ന് ചട്ടുകവും പിടിച്ചുകൊണ്ട് കാര്‍ത്ത്യോപ്പ രംഗത്തെത്തും.
ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കാര്‍ത്ത്യോപ്പയെ ചുവന്ന ബ്ലൗസും വെള്ളമുണ്ടും ധരിച്ചേ കണ്ടിട്ടുള്ളൂ. കയ്യില്‍ കലപില ശബ്ദമുണ്ടാക്കുന്ന വിവിധനിറമുള്ള കുപ്പിവളകള്‍… കറുത്തിരുണ്ട് ചുരുണ്ട മുടി വട്ടത്തില്‍ ഉയര്‍ത്തിക്കെട്ടിവെച്ചിട്ടുണ്ടാകും. ഇരുണ്ട നിറമുള്ള കാര്‍ത്ത്യോപ്പയ്ക്ക് മഴയും വെയിലും കാറ്റും ഒന്നും ഒരു തടസ്സമായിരുന്നില്ല. എന്നും പുലര്‍ച്ചെ കൃഷിയായുധങ്ങളുമായി സ്വന്തം വളപ്പില്‍ അധ്വാനിക്കും. വഴിയിലൂടെ കന്നുകാലികളെ തെളിച്ചുകൊണ്ട് പോകുന്ന വാല്യക്കാരോട് ‘ചറുപിറാന്ന്’ സംസാരിക്കും. കന്നുകാലികള്‍ വഴിയില്‍ കാഷ്ഠിച്ച വളം ഉണങ്ങിവരണ്ടാല്‍ പെറുക്കിയെടുത്ത് ഒരു കുട്ടയിലാക്കി വീട്ടില്‍ സൂക്ഷിക്കുന്നതുകാണാം. വീട്ടില്‍ നട്ടുനനച്ചു വളര്‍ത്തിയ പച്ചക്കറി ചെടികളുടെയും പൂച്ചെടികളുടെയും ചുവട്ടില്‍ ചാണകം കലക്കി ഒഴിക്കും. കാര്‍ത്ത്യോപ്പ രംഗപ്രവേശം ചെയ്തു കഴിഞ്ഞാല്‍ പിന്നെ മധുമാമ കഷ്ടത്തിലാകും. കാര്‍ത്ത്യോപ്പയുടെ കണ്ണുവെട്ടിച്ച് വൈക്കോല്‍ കെട്ടുമായി വായനശാലയുടെ സമീപം എത്തിച്ചേരാന്‍ മധുമാമ കാണിക്കുന്ന തത്രപ്പാട് വളരെയേറെയാണ്. കാര്‍ത്ത്യോപ്പയുടെ വീട്ടുമുറ്റത്ത് വൈക്കോല്‍ ഭൂതത്തെപ്പോലെ മധുമാമ ചാടിക്കളിക്കും.
അമ്മമ്മ മുറുക്കാന്‍ ചെല്ലം എടുത്തുകൊണ്ട് ഉമ്മറപ്പടിയില്‍ വന്നിരിക്കും. വലതുകൈ നെറ്റിയോടുചേര്‍ത്ത് പിടിച്ച് ചുറ്റുപാടും വീക്ഷിക്കും. അപ്പോള്‍ കാണാം വൈക്കോല്‍ ഭൂതം കാര്‍ത്ത്യോപ്പയുടെ വീട്ടുമുറ്റത്ത് പരക്കം പായുന്നത്. അപ്പോള്‍ നീട്ടിയൊരു വിളിയാണ്.
”പാറുക്കുട്ട്യേ… നമ്മടെ ആര്യങ്കാവിലമ്മേടെ പൂരത്തിന് വെള്ളാട്ടും പൂതനും തിറയുമല്ലേ ള്ളൂ…ത് ന്താപ്പൊ ഒരു പുതിയ നടപ്പ്…”
ചെറ്യേമ്മമ്മ പാറുക്കുട്ടി ചേച്ചിയുടെ ചോദ്യത്തിനുത്തരം നല്‍കാന്‍ കാര്‍ത്ത്യോപ്പയുടെ വീട്ടിലേക്ക് നോക്കി ഒന്ന് അവലോകനം നടത്തും. എന്നിട്ട് പറയും.
” എന്റെ വല്യേടത്തി… പൊന്നും, മിന്നും പണയം വെച്ച് കാര്‍ത്തി ഒരു പശൂനെ വാങ്ങി…അതിന് എന്തേലും തിന്നാന്‍ കൊടുക്കേണ്ടെ… സദാശിവന്‍ ആ ഞാറയ്ക്കലില്‍ നിന്ന് നാലണ കൊടുത്ത് വൈക്കോല് വാങ്ങിച്ചിരിക്യാ…. കഷ്ടം തന്നെ.”
അപ്പൊ വല്ല്യമ്മമ്മ പറയും ”ന്റെ പാറുക്കുട്ട്യേ…നീ ഒരു കാര്യം ചെയ്യ്…നമ്മുടെ കൊട്ടിലീന്ന് ഒരു പത്തു പതിനഞ്ച് വൈക്കോല്‍ കെട്ട് കാര്‍ത്തിക്ക് കൊടുക്ക്….പൈസയ്ക്ക് വൈക്കോല് വാങ്ങേണ്ട ഗതികേട് അവള്‍ക്കില്ലെന്ന് പറയ്… വടെ വന്ന് വേണ്ടതെടുത്തോട്ടെ”
ചെറ്യേമ്മമ്മ വൈക്കോല്‍ കെട്ടെടുത്ത് കാര്‍ത്ത്യോപ്പയുടെ തൊടിയിലേക്കിട്ടുകൊടുക്കും. മധുമാമ ആ വൈക്കോല്‍ കെട്ടുകള്‍ എടുത്ത് വായനശാലയിലേക്ക് ഒരുപോക്കു പോകും. കാര്‍ത്ത്യോപ്പയും സദാശിവനും സഹായത്തിനെത്തും. വല്ല്യമ്മമ്മ നാലും കൂട്ടി മുറുക്കി മുറുക്കാന്‍ ചെല്ലം അകത്തു കൊണ്ടു വെയ്ക്കും.
വായനശാലയുടെ സമീപം പോയി കുതിരയെ കെട്ടിയുണ്ടാക്കുന്നത് കാണണമെന്നുണ്ട്. രണ്ടുകുതിരകളാണ് ത്രാങ്ങാലിക്കാരുടെ വകയായിട്ടുള്ളത്. വ്രതം എടുത്ത വാല്യക്കാരാണ് നീളവും വീതിയും എല്ലാം തിട്ടപ്പെടുത്തി കുതിരയെ കെട്ടിയുണ്ടാക്കുന്നത്. കുതിരയെ കെട്ടിയുണ്ടാക്കുന്നതിനുള്ള അളവുകളും കണക്കുകളും കൃത്യമല്ലെങ്കില്‍ ആര്യങ്കാവിലമ്മേടെ പ്രീതി ലഭിക്കില്ലെന്നാണ് പറയാറുള്ളത്. ദേശത്തെ കുതിരയുടെ കെട്ടും മട്ടും ശുഭലക്ഷണം ഉള്ളതാകണം.
വായനശാലയുടെ ഒതുക്കുകല്ലില്‍ അടങ്ങിയൊതുങ്ങിയിരുന്നാല്‍ മതിയെന്ന് ശട്ടം കെട്ടി മധുമാമ വായനശാല മൈതാനത്ത് കൊണ്ടുപോകാമെന്നു വെച്ചാല്‍ വല്യമ്മമ്മ സമ്മതിക്കില്ല. ഒന്നിനോളം പ്രായമായ പെണ്‍കുട്ട്യോള് വാല്യക്കാരായ ആളുകളുടെ ഇടയില്‍ പോയിനില്‍ക്കുന്നത് കുലീനതയ്ക്ക് യോജിച്ചതല്ലത്രെ. തറവാടിന്റെ ആഭിജാത്യത്തെ ബാധിക്കുന്നതൊന്നും പെണ്‍കുട്ട്യോള് ചെയ്യാന്‍ പാടില്ലാത്രെ.
അഭിമാനവും ആഢ്യത്വവും പറഞ്ഞിരുന്നാല്‍ കുതിരനിര്‍മ്മാണം കാണാന്‍ കഴിയുകയില്ല. അമ്മമ്മയുടെ കണ്ണുവെട്ടിച്ച് കാര്‍ത്ത്യോപ്പയോടൊപ്പം മൈതാനത്തില്‍ പോകുകയേ നിര്‍വ്വാഹമുള്ളൂ. വല്യമ്മമ്മ തട്ടിന്‍പുറത്ത് നെല്ല് ചിക്കാന്‍ വന്ന നാരായണി പട്ത്ത്യാരുടെ കൂടെ പോയാല്‍ ഒരു മണിക്കൂറെങ്കിലും കഴിയും തിരിച്ചിറങ്ങാന്‍…അത്തരം സന്ദര്‍ഭങ്ങളാണ് കുതിരയെ കെട്ടുന്നത് കാണാനുള്ള ഏക പോംവഴി.
വായനശാലയുടെ മൈതാനമെത്തിയാല്‍ മധുമാമയെ കാണാനൊന്നും കഴിയാറില്ല. കുതിരയുടെ പുറത്തുകയറി തല ഘടിപ്പിച്ചു കൊണ്ടിരിക്കുകയായിരിക്കും. അതിന്റെ മേല്‍നോട്ടം എന്നും മധുമാമയ്ക്കുതന്നെ. വലിയ നീളമുള്ള മുളയുടെ തടിയില്‍ വൈക്കോലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് കുതിരയുടെ ഉടല്‍ നിര്‍മ്മിച്ചു കഴിഞ്ഞിട്ടുണ്ട്. കയറുപയോഗിച്ച് ഉടല്‍ വരിഞ്ഞു കെട്ടിയിരിക്കും. അത്ര പെട്ടെന്നൊന്നും കുതിരയ്ക്ക് ബലക്ഷയം സംഭവിക്കാതിരിക്കാനുള്ള പൊടിക്കൈകളൊക്കെ ചെയ്തിരിക്കും. അശ്വമേധം നടത്തി തിരിച്ചു വരേണ്ട കുതിരകളാണ്. കുതിരക്കളികഴിഞ്ഞാല്‍ തലയെടുപ്പോടുകൂടി വരിവരിയായി ആര്യങ്കാവിനോടു ചേര്‍ന്ന മൈതാനത്തില്‍ ത്രാങ്ങാലിക്കുതിരകളും നില്‍ക്കേണ്ട സ്ഥലം നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടതാണ്.
കുതിരനിര്‍മ്മാണത്തിന് അടുത്തതായി വേണ്ടത് മല്ലുമുണ്ടുകളാണ്. അത് സംഘടിപ്പിക്കുവാന്‍ മധ്യവയസ്‌ക്കരും മനയ്ക്കലെ യുവാക്കളും ഇറങ്ങിത്തിരിക്കും.
മണ്ണാത്തി ജാനകി അലക്കിത്തേച്ച മല്ലുമുണ്ടുകള്‍ ത്രാങ്ങാലി പ്രദേശത്ത് സുലഭമാണ്. പീടികക്കാരന്‍ രാധേട്ടന്‍ നയിക്കുന്ന യുവജനപ്പട തറവാടുകളില്‍ കയറിയിറങ്ങി മല്ലുമുണ്ടുകള്‍ സംഘടിപ്പിക്കും. വല്ല്യമ്മമ്മ ആദ്യം യുവജനതയെ ഗൗനിച്ചില്ലെന്നുനടിക്കും. പിന്നെ പറയും.
”ത്രാങ്ങാലിക്കുതിര ആര്യങ്കാവിലമ്മേടെ മുന്നില്‍ കളിച്ചു ജയിക്കേണ്ടെ…ന്തായാലും മല്ല് മുണ്ട് ഈ തറവാട്ടില്‍ നിന്നു തന്നെയാകട്ടെ. അമ്മമ്മ കാല്‍പെട്ടിയില്‍ വെച്ച മല്ലുമുണ്ടുകള്‍ കുതിരനിര്‍മ്മാണത്തിന് സമ്മാനിക്കും പോലെ ത്രാങ്ങാലിയിലുള്ള മറ്റു തറവാട്ടുകാരും മല്ലു മുണ്ടുകള്‍ നിര്‍ലോഭം നല്‍കും.അങ്ങനെ നാട്ടിലുള്ള ജനങ്ങളുടെ സഹായസഹകരണത്തോടെ ത്രാങ്ങാലിക്കുതിരയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി അരങ്ങേറും.
മധുമാമ വൈക്കോല്‍ കെട്ടിയുണ്ടാക്കിയ കുതിരയുടെ മേല്‍ രാജകീയ പ്രൗഢിയോടെ നില്‍ക്കും. വെളുത്ത മല്ലുമുണ്ടുകള്‍ വട്ടത്തില്‍ കുതിരയുടെ ചുറ്റും മനോഹരമായി ചുറ്റിയുടുക്കും. വെള്ളക്കുതിരയുടെ തലയുടെ ഇരുവശത്തും ആഭരണങ്ങളും തോരണങ്ങളും തൂക്കിയിട്ടുകൊണ്ട് സത്യേട്ടന്‍ കുതിരയെ അലങ്കരിക്കും. ആര്യങ്കാവിലമ്മേടെ ഭക്തിസാന്ദ്രമായ പടം വെട്ടിയൊരുക്കി കുതിരയുടെ നീണ്ട കഴുത്തില്‍ തുന്നിപ്പിടിപ്പിക്കും. സ്ഥലത്തെ പ്രമാണിമാരില്‍ ഒരാളായ ശിവശങ്കരേട്ടന്‍ കുതിരയുടെ അടിമുതല്‍ മുടിവരെ അലങ്കരിക്കുവാനുള്ള കല്പന പുറപ്പെടുവിക്കുന്നതോടെ ഓരോ ദേശക്കാരനും കുതിര നിര്‍മ്മാണത്തില്‍ പങ്കാളിയാവും. മനോഹരമാക്കി നിര്‍ത്തിയിട്ടിരിക്കുന്ന കുതിരയെ ആസ്വദിച്ച് ഇനി അധികനേരം മൈതാനത്തില്‍ തങ്ങിയാല്‍ തറവാടിന്റെ ആഢ്യതയ്ക്ക് ഭംഗം വരേണ്ടെന്നു കരുതി തറവാട്ടില്‍ തിരിച്ചെത്തും.
കാര്‍ത്ത്യോപ്പയുടെ പൊളിഞ്ഞ വേലിവഴി കൊട്ടിലിന്റെ സമീപം ചേര്‍ന്ന് ആരുമറിയാതെ തറവാട്ടിലെത്തുമ്പോള്‍ കൈക്കുമ്പിളില്‍ ശേഖരിച്ച അരിപ്പൂക്കള്‍ ചാണകം മെഴുകിയ മുറ്റത്തേക്ക് വലിച്ചെറിയും. നട്ടുച്ചക്ക് തൊടിയിലൂടെ നടന്ന് അരിപ്പൂക്കള്‍ പറിച്ചെടുക്കുന്നത് അത്ര നല്ലതല്ലെന്ന താക്കീതോടൂകൂടി വല്ല്യമ്മമ്മ രംഗത്തെത്തും.
തറവാട്ടിന്റെ കിഴക്കേ അറയിലിരുന്നാല്‍ പ്രകൃതിരമണീയമായ കിഴക്കേ തൊടി കാണാം. എന്തെല്ലാം തരത്തിലുള്ള മാവുകളാണെന്നോ അവിടെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത്. ഒരു നേരിയ ഇടവഴിയ്ക്കപ്പുറം മരക്കൂട്ടങ്ങളുടെ ഗാംഭീര്യം വിളിച്ചറിയിക്കുന്ന കിഴക്കേതൊടി. ഏറ്റവും കൂടുതല്‍ മാവുകളാണ് തലയുയര്‍ത്തി നില്‍ക്കുന്നത.് ചക്കരമാവ്, ചകിരിമാവ്, പുളിച്ചിമാവ്, കിളികൊക്കന്‍, ഗോമാവ്, പഞ്ചാരമാവ്, കുരുടി മാവ്, മച്ചിമാവ്, നീളന്‍മാവ്, മൂവാണ്ടന്‍ മാവ് തുടങ്ങി മാവുകള്‍ ചേര്‍ന്ന് കിഴക്കേതൊടിയെ പൂങ്കാവനമാക്കി മാറ്റിയിരിക്കുന്നു. കാമദേവന്റെ സായകമായ മാമ്പൂവ് നിലത്ത് ഉതിര്‍ന്ന് ഒരു മണം വരാനുണ്ട്. കമിതാക്കള്‍ മാവില്‍ തണലിനോടു ചേര്‍ന്ന് നിന്ന് വിരഹവേദനകള്‍ പങ്കിടുന്നതും കാണാം.
മാവുകളുടെ ഇടയിലായി അവിടവിടെയായി ശീമക്കൊന്ന, കൊന്നമരം, പുളിമരം, ഇലഞ്ഞി, തേക്ക് തുടങ്ങിയവ പേരിനു മാത്രം. രാവിലെയായാല്‍ വിവിധയിനം പക്ഷികള്‍ കിഴക്കേതൊടിയിലെത്തും. ഒരു മനോഹരമായ പക്ഷിസങ്കേതം കൂടിയാണ് കിഴക്കേതൊടി. കാക്കച്ചികളും അടയ്ക്കാ പക്ഷികളും തൂക്കണാം കുരുവികളാണ് കൂടുതലായി കാണപ്പെടുന്നത്. ചിതലക്കിളികളും കുറവല്ല.
ത്രാങ്ങാലിക്കുതിരയെ നിര്‍മ്മിക്കുന്നതിനായി മരക്കഷ്ണങ്ങള്‍ വെട്ടിയെടുക്കാന്‍ മധുമാമയും സംഘവും കിഴക്കേതൊടിയിലെ ഇല്ലിവേലി നീക്കി തൊടിയിലേക്ക് കയറിയാല്‍ എല്ലാ പക്ഷികളും ആകാശത്തേക്കു പറന്നുപൊങ്ങും. കിഴക്കേ മുറിയുടെ ജാലകം തുറന്നിരുന്നാല്‍ ഈ നയനമനോഹരമായ കാഴ്ച കാണാം. പെണ്‍കുട്ടികള്‍ക്ക് കിഴക്കേ തൊടിയിലും പല സന്ദര്‍ഭങ്ങളിലും വിലക്കുണ്ട്.
പ്രകൃതിയുടെ വര്‍ണ്ണ ജാലകങ്ങള്‍ കാണുന്നതും, ആസ്വദിക്കുന്നതും മറവിലിരുന്നുകൊണ്ടു തന്നെയാണ്. കാരണം തറവാട്ടില്‍ പിറന്ന പെണ്‍കുട്ടികള്‍ എന്തു ചെയ്യുന്നതിനും, എവിടെ പോകുന്നതിനും സമയവും സന്ദര്‍ഭവും നോക്കേണ്ടതുണ്ടെന്ന് വല്ല്യമ്മമ്മ പറയും.
മാവിന്റെ ചെറിയ ചെറിയ ശിഖരങ്ങള്‍ മുറിച്ച് കഷ്ണങ്ങളാക്കി തൊലികളഞ്ഞ് നല്ല മാവിന്‍ കൊമ്പുകള്‍ വായനശാലയെ ലക്ഷ്യം വെച്ച് നീങ്ങുമ്പോഴും കണ്ണെത്തുന്ന ദൂരം വരെ അവരോടൊപ്പം സഞ്ചരിച്ച് തിരിച്ച് പെണ്‍കുട്ടികളുടെ ലോകത്തുതന്നെ വിഹരിക്കും.
വൈകീട്ട് നാലുമണിക്ക് വീണ്ടും കുളിച്ച് പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ് കുതിരക്കളി കാണാന്‍ പോകേണ്ടതാണ്. വിമലമേമയും നന്ദിനിമേമയും ജാനകി അലക്കിയ നല്ല മുണ്ടും വേഷ്ടിയും അണിഞ്ഞിട്ടുണ്ടാകും. തറവാട്ടിലെ സുന്ദരികളെ ഒരു നോക്കു കാണാന്‍ ആര്യങ്കാവ് ക്ഷേത്രം വരെയുള്ള വഴിയരികില്‍ ആയിരം കണ്ണുകള്‍ ഉണ്ടായിരിക്കും. അങ്ങോട്ടൊന്നും നോക്കി പോകരുതെന്ന താക്കീതും നല്‍കിയാണ് വല്ല്യമ്മമ്മ കുതിരക്കളി കാണാന്‍ അയയ്ക്കുന്നത്. വായനശാലയുടെ സമീപമെത്താന്‍ ആഞ്ഞുവലിച്ച് നടക്കും. തലയെടുപ്പോടുകൂടി ദ്വിഗ്‌വിജയത്തിനായി ഒരുങ്ങി നില്‍ക്കുന്ന രണ്ടു കുതിരകളുടെ കണ്ണുകളിലും വേണ്ടത്ര തേജസ്സ് ഉണ്ടാകും.
വിമലമേമയോടു വാശിപിടിച്ച് കുതിരയെ കളത്തിലിറക്കാന്‍ പോകുന്നവരോടൊപ്പം യാത്ര തിരിക്കും. ചെണ്ടമേളവും വാദ്യഘോഷങ്ങളും ആര്‍പ്പുവിളികളും പൊറാട്ടുകളികളുമായി കുതിര ആര്യങ്കാവ് ക്ഷേത്രനടയിലെത്തുമ്പോള്‍ ആനയിക്കുവാന്‍ ആര്യങ്കാവിലമ്മ തന്നെ മുന്നിലുണ്ടാകും.
കുതിരയുടെ കാലില്‍ ഘടിപ്പിച്ചിരിക്കുന്ന മുളകഷ്ണം ഇരുപതുപേര്‍ക്കു മാത്രമേ തോളിലേറ്റാന്‍ കഴിയൂ. അതിനുള്ള കോലാഹലങ്ങള്‍ക്കു ശേഷം ശിവശങ്കരേട്ടന്‍ നിര്‍ദ്ദേശിച്ച ഇരുപതുപേര്‍ ആര്യങ്കാവിലമ്മയെ ശരണം വിളിച്ച് ആര്‍പ്പോടുകൂടി കുതിരയെ ഘടിപ്പിച്ചിരിക്കുന്ന മുളദണ്ഡ് ഇരുകൈകള്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നു.
കുതിരയുടെ ഏറ്റവും മുന്‍പില്‍ ശിവശങ്കരേട്ടനും മധുമാമയും തന്നെ. ഉയര്‍ത്തുന്ന വേളയില്‍ കുതിരയുടെ ചെറിയൊരു ചരിവ് മതി മനസ്സ് പിടയ്ക്കുവാന്‍. കുതിര കുത്തനെ നിലയുറപ്പിച്ചുകഴിഞ്ഞാല്‍ അഞ്ചാറടി പിറകോട്ടെടുത്ത് മുന്നോട്ടു പായുന്ന കുതിരയോടൊപ്പം എത്തണമെങ്കില്‍ പിന്നില്‍ ഓടേണ്ട അവസ്ഥയാണ്. ശരം കണക്കേ പായുന്ന കുതിരയുടെ ഗതി ഒന്നു മന്ദീഭവിക്കണമെങ്കില്‍ ചെറിയ കുന്നുംപുറം എത്തണം.
പിന്നീട് കുത്തനെയുള്ള കയറ്റമാണ്. കരിങ്കല്ലട്ടികള്‍, ഉരുളന്‍ കല്ലുകള്‍, കുണ്ടും കുഴിയും…എല്ലാം പിന്നിട്ട് തലയെടുപ്പോടുകൂടി അശ്വങ്ങള്‍ കുതിയ്ക്കുന്നു.
ആര്യങ്കാവിലമ്മേടെ തട്ടകത്തിലിറങ്ങി ചെയ്യേണ്ട പല അഭ്യാസങ്ങളും ജനങ്ങള്‍ കൂടി നില്‍ക്കുന്ന പെരുവഴിയില്‍ വെച്ച് ചെറുവാല്യക്കാര്‍ പ്രകടിപ്പിക്കും. കുതിരയുടെ കെട്ടിനും മട്ടിനും അഭംഗി സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയോടുകൂടിയാണ് കുതിരയെ ഏവരും അനുഗമിക്കുന്നത്.
കുതിരകളുടെ സഞ്ചാരത്തിന് പ്രതിബന്ധങ്ങളൊന്നും കൂടുതലായി ഉണ്ടാവാറില്ല. കുന്നുംപുറം കയറിയിറങ്ങി കവളപ്പാറ പോസ്റ്റോഫീസ് വഴി ആര്യങ്കാവ് റോഡില്‍ കയറിയാല്‍ ജനസാഗരമധ്യത്തില്‍ ത്രാങ്ങാലിക്കുതിരകള്‍ മണി കിലുക്കി പായും.
അതിനു പിന്നിലായി മാന്നനൂര്‍ കുതിരയും കൂനത്തറക്കുതിരയും ആറണിക്കുതിരയും പാഞ്ഞുവരുന്നുണ്ടാകും. ജനസഹസ്രങ്ങളുടെ കണ്ണുകള്‍ കുതിരയുടെ ഭംഗി, എടുപ്പ്, ആകാരസൗഷ്ഠവം എന്നിവയിലായിരിക്കും. ലക്ഷണമൊത്ത കുതിര ഏതെന്ന തര്‍ക്കവും ഭക്തജനങ്ങള്‍ക്കിടയില്‍ പൊന്തിവരും.
ആദ്യമായി ആര്യങ്കാവിലമ്മേടെ തിരുസന്നിധിയില്‍ പ്രൗഢമായി രംഗത്തിറങ്ങുന്നത് ത്രാങ്ങാലിക്കുതിരതന്നെ. അതിനുള്ള അവകാശം പണ്ടേയ്ക്കു പണ്ടേ തന്നെ ലഭിച്ചതാണ്. മധുമാമയും ശിവശങ്കരേട്ടനും സംഘവും കല്‍പടവുകള്‍ ചവിട്ടിയിറങ്ങി ക്ഷേത്രമുറ്റത്തെത്തുമ്പോള്‍ ജനസഹസ്രങ്ങള്‍ ഊര്‍ജ്ജസ്വലരാകും. ഒരാരവത്തോടെ കൂത്തുമാടം, അരങ്ങ്, ഊട്ടുപുര, ചുറ്റുമതില്‍ തുടങ്ങി എല്ലായിടത്തും ത്രാങ്ങാലിക്കാര്‍ സ്ഥാനം പിടിക്കും.
തിരുസന്നിധിയില്‍ നാലുവശത്തും മുന്നിലേയ്ക്കും പിന്നിലേയ്ക്കും നടന്ന് കുതിരയെ വായുവിലേക്ക് ഉയര്‍ത്തി കൈവിട്ട് പിടിക്കുന്ന അഭ്യാസങ്ങള്‍ ഏതൊരു ത്രാങ്ങാലി ദേശക്കാരന്റെയും ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതാണ്.
ത്രാങ്ങാലിക്കാര്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കും. കുതിരക്കളി കഴിയുന്നതുവരെ ത്രാങ്ങാലിക്കുതിരയുടെ വീര്യശൗര്യങ്ങള്‍ നിലനില്‍ക്കുവാന്‍ വേണ്ടിയാണത്. ഹൃദയം ‘പടപടാ’ന്ന് മിടിച്ച് കുതിരയുടെ കളി കണ്ടുകൊണ്ടു നില്‍ക്കുന്ന ത്രാങ്ങാലിയിലെ നിഷ്‌കളങ്ക ജനത… മാന്നനൂര്‍ കുതിരയുടെ അരങ്ങുതകര്‍ക്കല്‍ കഴിഞ്ഞേ ത്രാങ്ങാലിക്കാര്‍ ദേശത്തേക്ക് മടങ്ങുകയുള്ളു. കുതിരക്കളി കഴിഞ്ഞ് ആര്യങ്കാവിലമ്മേടെ മൈതാനത്തില്‍ നിരന്നിരിക്കുന്ന കുതിരകള്‍ ഓരോ ദേശക്കാരുടേയും ജീവിതവുമായി, കാര്‍ഷിക സംസ്‌കൃതിയുമായി ഇണങ്ങിച്ചേര്‍ന്നു നില്‍ക്കുന്നു.
കുതിരകളെ മൈതാനത്തിലിറക്കി പോകുന്ന ചെറുവാല്യക്കാര്‍ കൂടുതല്‍ ഊര്‍ജ്ജം സംഭരിച്ചിട്ടുണ്ടാകും. ആര്യങ്കാവിലമ്മ അവരെ അടുത്ത വര്‍ഷവും തങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്താന്‍ കെല്‍പുള്ളവരാക്കിത്തീര്‍ത്തിട്ടുണ്ടാകുമെന്ന് വിമലമേമ പറയും.
മാന്നനൂര്‍ കുതിരക്കളി എത്രതന്നെ ഗംഭീരമായാലും ത്രാങ്ങാലി ദേശക്കാര്‍ക്ക് എന്നും പ്രിയപ്പെട്ടത് ത്രാങ്ങാലിക്കുതിരയുടെ ചൊടിയും വീറും തന്നെയാണ്. അടുത്ത ആണ്ടില്‍ കുതിരക്കളി ഒന്നുകൂടി മെച്ചപ്പെടുത്തണമെന്ന് മനസ്സില്‍ കുറിച്ചുകൊണ്ട് ത്രാങ്ങാലിക്കാര്‍ മടങ്ങും. ആ പ്രതീക്ഷകളാണ് ഒരു ജനതതിയുടെ വിശ്വാസങ്ങളെ നിലനിര്‍ത്തുന്നത്. പ്രതീക്ഷകളും ആഗ്രഹങ്ങളും സഫലീകരിക്കാനുള്ള യാത്ര തുടര്‍ന്നുകൊണ്ട് ത്രാങ്ങാലിക്കുതിര ആര്യങ്കാവിലമ്മേടെ തിരുമുറ്റത്ത് ഇന്നും തകര്‍ത്താടുന്നു. ഇന്ന് ദേശത്തെ തറവാടുകളില്‍ നിന്നുള്ള വൈക്കോലും മരവും മല്ലുമുണ്ടും ആവശ്യമില്ല. സാമ്പത്തിക ഭദ്രത കൈവരിച്ചു കഴിഞ്ഞു ഓരോ ദേശക്കാരും. ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ഭാഗമായി കുതിര കെട്ടല്‍ കുറേകൂടി ആയാസരഹിതമായിത്തീര്‍ന്നിരിക്കുന്നു.
എങ്കിലും പഴയ ത്രാങ്ങാലിക്കുതിരയുടെ രൂപം ദേശക്കാര്‍ക്ക് ഒരിക്കലും കണ്ണില്‍ നിന്ന് മായുകയില്ല. ഒരിക്കലും വേര്‍പെടുത്താനാവാത്ത ആത്മബന്ധമായി മനസ്സിലും ആ കുതിരക്കളി വരച്ചിട്ടിട്ടുണ്ടാകും. ഏപ്രില്‍ മൂന്നിന് മനസ്സ് ആര്യങ്കാവിലമ്മേടെ തിരുമുറ്റത്തെത്തും. എന്നും ഒരു ചോദ്യം മനസ്സിലുയരും.
ഈ വര്‍ഷം കുതിരക്കളി കാണുവാന്‍ ത്രാങ്ങാലിയില്‍ പോയാലോ?
കര്‍ത്തവ്യബാഹുല്യങ്ങളുടെ അടിയില്‍പെട്ട് കരിഞ്ഞുണങ്ങി ആ ചോദ്യം സ്വപ്നമായി അവശേഷിക്കും. കടുത്ത വേനലില്‍ പൊരിഞ്ഞില്ലാതാകുന്ന തളിര്‍ച്ചെടികള്‍ പോലെ..