ഉത്തരേന്ത്യയിലെ പ്രാചീനഭാഷ പൂര്‍വ്വദ്രാവിഡം തന്നെയായിരിക്കാമെന്നു സൂചനയുളളതായി റൊമീല ഥാപര്‍ 42 അഭിപ്രായപ്പെടുന്നു. ഒരുപക്ഷേ, അതുതന്നെയായിരിക്കാം സൈന്ധവ നാഗരികതയുടെ ഭാഷയും. അക്കാലത്തെ പാത്രങ്ങളിലും സീലുകളിലും കാണുന്ന ലിപികളും വൈവിധ്യമാര്‍ന്ന ചിത്രങ്ങളും ആ നാഗരികതയുടെ ഉയര്‍ന്ന വികാസത്തെ കാണിക്കുന്നുണ്ട്. 43 കാല്‍പ്പനിക പ്രസ്ഥാന നേതാക്കളും കവികളും ദാര്‍ശനികരും മറ്റുമായ ഗെയ്‌ഥെയും ഹെര്‍ഡറും മറ്റും ഇന്ത്യയെ പ്രകൃതിയുടെ ഭൂമിയായും ഇന്ത്യയുടെ ഭാഷയെ മാനവവംശത്തിന്റെ സ്വാഭാവിക ഭാഷയായും കാണാന്‍ തുടങ്ങി. ഇത് വൈകാരികമായ ഒരു സമീപനമായിരുന്നുവെങ്കിലും, യൂറോ കേന്ദ്രീകൃതമായ കാഴ്ചപ്പാടില്‍ നിന്ന് സ്വതന്ത്രവും, കുറച്ചൂകൂടി വസ്തുനിഷ്ഠവുമായ സമീപനം സ്വീകരിക്കാന്‍ ചരിത്രമെഴുത്തുകാരെ നിര്‍ബന്ധിതരാക്കി. 44 അതോടൊപ്പം ഇന്ത്യയില്‍ പല സ്ഥലങ്ങളിലും നടന്ന ഖനനങ്ങളില്‍ നിന്ന് ഏകദേശം ഹാരപ്പന്‍ കാലഘട്ടത്തില്‍ തന്നെ തെക്കേ ഇന്ത്യയിലും ഒരു നാഗരികത വളര്‍ന്നിരുന്നുവെന്നു കാണിക്കുന്ന ധാരാളം പുരാവസ്തു അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഈ സമീപനത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. മൈലാട് തുറയിലും ആദിച്ചനല്ലൂരിലും കേരളത്തിലെ എറണാകുളം ജില്ലയിലെ പട്ടണത്തും എയ്യാലിലും മറ്റും ചേരസാമ്രാജ്യനാണയങ്ങളടക്കം പല പുരാവസ്തു അവശിഷ്ടങ്ങളും നിര്‍മ്മാണങ്ങളും കണ്ടെത്തി. അവയ്ക്ക് എഡി മൂന്നാം നൂറ്റാണ്ടു മുതല്‍ കി.മു.ആയിരാമാണ്ടുവരെ പഴക്കം നിശ്ചയിച്ചിട്ടുണ്ട്. അതിലും പ്രധാന സംഗതി, സോളമന്‍ ചക്രവര്‍ത്തിയുടെ കാലത്തുപോലും പശ്ചിമഘട്ട പര്‍വ്വതനിരകളിലെ സുഗന്ധവ്യഞ്ജനങ്ങളും തേക്കുതടിയും ആനക്കൊമ്പും കയറ്റി അയച്ചിരുന്നതായി വൈദേശികരേഖകള്‍ ഉണ്ടായിരിക്കേ, ഈ പ്രദേശങ്ങളില്‍ ആള്‍പ്പാര്‍പ്പില്ലാതെ ഇവയൊക്കെ ശേഖരിച്ചു കയറ്റുമതി ചെയ്യുന്നതെങ്ങനെ എന്ന ചോദ്യത്തെ ആരും നേരിട്ടിട്ടില്ലെന്നതാണ്. അതുപോലെതന്നെ, ഹാരപ്പാസീലുകളോട് അടുത്തുനില്ക്കുന്ന സീലുകള്‍ മൈസൂര്‍, ആന്ധ്രയിലെ കുര്‍നൂല്‍ (കുമുല്‍), തമിള്‍നാട് എന്നിവിടങ്ങളില്‍നിന്ന് ലഭിച്ചിട്ടുമുണ്ട്. 2007ല്‍ മൈയിലാടുതുറ, ആദിച്ചനല്ലൂര്‍ (തമിഴ്‌നാട്) (2006) എന്നിവിടങ്ങളില്‍നിന്നും ഹാരപ്പന്‍സീലുകള്‍ അതേ ലിപികളോടുകൂടിയതുതന്നെ ലഭിക്കുകയും ചെയ്തു. 45 എസ്. ഗുരുമൂര്‍ത്തി സിന്ധുനദീ തടത്തില്‍നിന്ന് ക്രമേണ മധ്യേന്ത്യവഴി ഡക്കാണ്‍ പീഠഭൂമിയിലുമെത്തിയവര്‍ അവിടെ കുറേക്കാലം താവളമടിച്ചതിനുശേഷം പ്രാദേശിക ജനതയുടെ സമ്മര്‍ദ്ദം മൂലം വീണ്ടും തെക്കോട്ടു നീങ്ങിയിരിക്കാമെന്നാണ.് പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചെന്നെത്തുന്ന നിഗമനം, തമിഴ്‌നാട്ടില്‍ ക്രി.മു. ഒന്നാം സഹസ്രാബ്ദത്തിലെങ്കിലും ആയസയുഗം പ്രാമുഖ്യത്തിലെത്തിയിരുന്നുവെന്നാണ്. ആദിച്ചനെല്ലൂരില്‍ നിന്നുകണ്ടെടുത്തിട്ടുളള കപ്പുകളും പാത്രങ്ങളും അവയില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ചിത്രങ്ങളും ഉള്‍പ്പെടുന്ന പുരാവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ പ്രാദേശികവസ്തുക്കള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിട്ടുളളവയാണ്. ഇറക്കുമതി ചെയ്ത വസ്തുക്കളുപയോഗിച്ച് ഉണ്ടാക്കിയിട്ടുളളവയല്ലെന്നും രാസപരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ടെന്ന് ഗുരുമൂര്‍ത്തി 46ചൂണ്ടിക്കാട്ടുന്നു. നീലഗിരിയില്‍ നിന്ന് ലഭിച്ചിട്ടുളള വെങ്കല വസ്തുക്കളില്‍ കപ്പുകള്‍, ബൗള്‍സ്, വെയ്‌സസ്, വിളക്കുകള്‍, മോതിരങ്ങള്‍, കമ്മലുകള്‍, കഠാര എന്നിവ വ്യത്യസ്ത ഡിസൈനുകളില്‍ കാണപ്പെടുന്നുണ്ട്. സ്വര്‍ണവും ഇവയുടെ നിര്‍മ്മിതിക്ക് ഉപയോഗിച്ചിട്ടുണ്ട്. അതിനാല്‍ തമിഴ്‌നാട്ടില്‍ വെങ്കല (Bronze) യുഗസംസ്‌കാരമില്ലെന്നുള്ള മുന്നഭിപ്രായങ്ങള്‍ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇരുമ്പുയുഗമെന്നോ, മഹാശിലായുഗമെന്നോ വിളിക്കപ്പെടുന്ന കാലഘട്ടം തമിഴ്‌നാട്ടില്‍ കി.മു.1400നുമുമ്പോ, അക്കാലത്തോ നിലനിന്നിരുന്നുവെന്ന് ഇത് തീര്‍ച്ചപ്പെടുത്തുന്നു. ഈ കാലഘട്ടത്തിലാണ് മഹാരാഷ്ട്രയില്‍ ജോര്‍വേ സംസ്‌കാരം നിലനിന്നിരുന്നതായി നിര്‍ദേശിക്കപ്പെട്ടിട്ടുളളത്. ദക്ഷിണേന്ത്യന്‍ നാഗരികത ഹാരപ്പന്‍ സംസ്‌കാരത്തിന്റെ അന്ത്യഘട്ടമാകുമ്പോഴെങ്കിലും വികസിച്ചിട്ടുണ്ടായിരിക്കണമെന്ന് ഇത് സൂചിപ്പിക്കുന്നു. ഹാരപ്പന്‍-പ്രാങ്ഹാരപ്പന്‍ സംസ്‌കാരവും തമിഴക സംസ്‌കാരവും തമ്മിലുളള സാദൃശ്യങ്ങളുടെ ഒരുപട്ടിക അദ്ദേഹം നല്കിയിരിക്കുന്നതില്‍ ശവസംസ്‌കാരച്ചടങ്ങുകളും സ്മാരകങ്ങളും കിണറുകളും ഇഷ്ടികയുടെ രൂപവും വലിപ്പവും, അമ്മദൈവങ്ങളുടെ രൂപങ്ങളും പ്രതിമകളും (തിരുക്കമ്പുലിയൂര്‍ഖനനം), തലപ്പാവ് ധരിച്ച സ്ത്രീയുടെ വെങ്കലരൂപം (ആദിച്ചനല്ലൂര്‍), ലിപികള്‍, തലയോട്ടികള്‍ എന്നിവയെല്ലാമുള്‍പ്പെടുന്നു. ഇതുകൂടാതെ ഇന്നത്തെ കേരളത്തില്‍ പശ്ചിമഘട്ടനിരകളിലും ആറ്റിങ്ങല്‍ (മാമം), കൊല്ലത്ത് മങ്ങാട്ട്, പാലക്കാട്, എറണാകുളം ജില്ലയിലെ പട്ടണം, നിലമ്പൂര്‍ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ അടുത്തിടെ നടന്ന ഖനനങ്ങളില്‍ നിന്ന് ലഭിച്ചിട്ടുളള ശിലായുഗത്തിന്റെ വിവിധ ഘട്ടങ്ങളിലെ അവശിഷ്ടങ്ങളും തെളിയിക്കുന്നത്, ഹാരപ്പന്‍ കാലഘട്ടത്തില്‍ തന്നെ നദീതീരങ്ങള്‍ കേന്ദ്രമാക്കി, ദക്ഷിണേന്ത്യയില്‍ പരക്കെ, ഒരു നാഗരികത, അസംഘടിത ഗ്രാമസമുദായങ്ങളുടെ രൂപത്തില്‍ ഒരു സ്വയംപര്യാപ്ത ഗോത്ര സാമൂഹ്യ ജീവിതവ്യവസ്ഥയായി പശ്ചിമഘട്ട പര്‍വ്വതനിരകളിലും നിലനിന്നിരുന്നുവെന്നാണ്. വേട്ടയാടിയും പെറുക്കിത്തിന്നും കഴിഞ്ഞിരുന്ന ഈ ഗോത്രസമൂഹങ്ങളുടെ സാമ്പത്തിക ഘടനയുടെ അടിസ്ഥാനത്തിലുള്ള സംസ്‌കാരവും ജീവിതദര്‍ശനവും ഇന്നും വളരെ ശോഷിച്ചെങ്കിലും നിലനില്‍ക്കുന്നുണ്ട്. അവരില്‍തന്നെ പ്രാചീനഗോത്രങ്ങളും പിന്നീട് പലകാരണങ്ങളും സാഹചര്യങ്ങളുംമൂലം മലമ്പ്രദേശങ്ങളിലേയ്ക്ക് കുടിയേറിയവരും ഉള്‍പ്പെടെയുള്ള സമൂഹങ്ങളും ഗോത്രങ്ങളുമുണ്ട്. ഉദാഹരണം ഇടുക്കിയിലെ മന്നാന്‍, മുതുവാന്‍, മലയരയര്‍, തെന്മലയിലെ പളിയര്‍, വയനാട്ടിലെ കുറിച്യര്‍ തുടങ്ങിയവര്‍. അവരും അവരുടേതായ ഒരു പാരമ്പര്യവും സംസ്‌കാരവും രൂപപ്പെടുത്തി.
പഞ്ചജനം
പഞ്ചജനത്തെപ്പറ്റിയുള്ള വൈദിക സാഹിത്യത്തിലെ പരാമര്‍ശത്തെ വേദപണ്ഡിതര്‍ വ്യത്യസ്തരീതികളില്‍ വ്യാഖ്യാനിക്കുന്നത് നമുക്ക് വിടാം. വൈദിക കാലത്തിന് മുമ്പ് ഇന്ത്യയിലേയ്ക്ക് കടന്നുവന്ന, ദ്രാവിഡരോട് സാദൃശ്യമുള്ള മെഡിറ്ററേനിയന്മാരും അതിനുംമുമ്പേ ഇവിടെ അധിവസിച്ചിരുന്ന പ്രാങ്-ആസ്റ്റ്രലോയ്ഡ് വംശക്കാരും, രണ്ടാമത് കടന്നുവന്നവര്‍ പഞ്ചജനങ്ങളുമായിത്തീര്‍ന്നുവെന്നുമുള്ള 47 രാമചന്ദ്ര ജയിനിന്റെ വീക്ഷണം പലരും പങ്കിട്ടിട്ടുണ്ട്. 48 പഞ്ചജന സിദ്ധാന്തത്തിന് ഐന്തിണൈ പരികല്‍പ്പനയുമായി ബന്ധമുണ്ടാകാമെന്നും അത് ആര്യാവര്‍ത്തത്തിന് അപരിചിതമല്ലെന്നും ഭാഷാപരവും ജനസമുദായികപരവുമായ ചലനങ്ങളുമായി ബന്ധപ്പെടുത്തി ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഗുണ്ടര്‍ട്ട് നിഘണ്ടുവില്‍ തമിഴ്, കേരള, തുളു, കന്നഡ, ആന്ധ്ര നിവാസികളെ പഞ്ചദ്രാവിഡരെന്ന് വകതിരിക്കുന്നു. മോണിയര്‍ വില്യംസിന്റെ നിഘണ്ടുവില്‍ ആന്ധ്ര, കന്നഡ, ഗുജറാത്ത്, ത്രൈലിംഗ, മഹാരാഷ്ട്ര എന്നിവ ഉള്‍പ്പെടുത്തുമ്പോള്‍ തമിഴില്ല. ത്രിലിംഗമെന്നത് തമിഴകത്തെ ഉദ്ദേശിച്ചാകാം. തിരുമൂലനാര്‍, ചേര, ചോള, പാണ്ഡ്യ, കൊങ്ങ്, തൊണ്ടൈ എന്നിവയെ പഞ്ചദ്രാവിഡദേശമെന്ന് വ്യാഖ്യാനിക്കുന്നു. ഏതായാലും ചേര, ചോള, പാണ്ഡ്യ, കന്നഡ, ആന്ധ്രരാണ് പഞ്ചദ്രാവിഡരെന്ന് കരുതുന്നതാണ് ഉചിതം. പഞ്ചഗൗഡരെപ്പറ്റിയും ഇതുപോലെ അഭിപ്രായഭേദങ്ങളുണ്ട്. അംഗ, വംഗ, കലിംഗ, പുണ്ഡ്ര, സിംഹ എന്നിവര്‍ ആര്യപൂര്‍വരും ദ്രാവിഡപൂര്‍വരുമായ പ്രോട്ടോ- ആസ്റ്റ്രലോയ്ഡുകളാണെന്നും എ.ഡി.ഒന്നാം സഹസ്രാബ്ദം വരെ ഈപ്രദേശങ്ങളില്‍ ബ്രാഹ്മണരെ അടുപ്പിച്ചിരുന്നില്ലെന്നും രാമചന്ദ്ര ജയിന്‍ എത്‌നോളജി ഒഫ് ഏന്‍ഷ്യന്റ് ഭരതാസ് എന്ന കൃതിയില്‍ ചൂണ്ടിക്കാട്ടുന്നു. കല്‍ഹണന്റെ രാജതരംഗിണിയില്‍ വടക്കേ ഇന്ത്യ മുഴുവന്‍ പഞ്ചഗൗഡ ദേശമാണെന്ന് കരുതുന്നത് കൂടാതെ അവര്‍ ഇരുണ്ടനിറമുള്ള പോരാളികളാണെന്നും പറയുന്നു. 49 ഡി.സി.സര്‍ക്കാര്‍ സ്‌കന്ദപുരാണത്തെ അടിസ്ഥാനമാക്കി, പഞ്ചഗൗഡപ്രദേശങ്ങള്‍ വിന്ധ്യന് വടക്ക് സാരസ്വതം, കന്യാകുബ്ജം, മിഥില, ഉല്‍ക്കലം, ഗൗഡം എന്നിവയാണെന്ന് കരുതുന്നു. 50 ഏതായാലും പഞ്ചദ്രാവിഡ – പഞ്ചഗൗഡദേശങ്ങള്‍ ആര്യാവര്‍ത്തത്തിന് പുറത്തായിരുന്നുവെന്നതില്‍ സംശയമില്ല. പിന്നീട് മധ്യദേശത്തെ ആര്യ ബ്രാഹ്മണര്‍ അവരിലൊരു വിഭാഗത്തെ അംഗീകരിക്കുകയും വിശുദ്ധരാക്കുകയും ചെയ്തിരിക്കാം.
തെക്കന്‍ദിക്കിന്റെ മാഹാത്മ്യം വര്‍ണിച്ചുകൊണ്ട്പറയുന്നത്, 51 ‘സര്‍വസ്വവും ദാനം ചെയ്യുന്ന നായകരെന്ന ശൂദ്രരാജാക്ക’ളുള്ള ദിക്കെന്നാണ്. അവരില്‍ ചിലര്‍ പ്രഭുവില്‍നിന്ന് കിട്ടിയതുകൊണ്ട് ഉപജീവനംകഴിക്കുകയും, ചിലര്‍ സേവിച്ച് നില്‍ക്കുകയും, ചിലര്‍ ക്ഷുദ്രം ചെയ്ത് ധനം സമ്പാദിക്കുകയും, ചിലര്‍ തമ്മില്‍ തല്ലിച്ച് ധനമാര്‍ജ്ജിക്കുകയും ചെയ്തു. ചിലര്‍ അടുക്കളവേല ചെയ്തും പലരും ഹീനവൃത്തിയെടുത്തും കാലം കഴിക്കുന്നുവെന്നാണ് ശതാനീകന്റെ ചോദ്യത്തിന് സ്‌കന്ദന്‍ പറഞ്ഞ മറുപടി. നാരദനും ഇതാണ് പറഞ്ഞിട്ടുള്ളത്. മറാത്തയിലെ ചിത്പവനബ്രാഹ്മണരെപ്പോലെ പലവിഭാഗങ്ങളും നോര്‍ഡിക് മാതൃകകളുടെ ശരീര പ്രകൃതങ്ങള്‍ (കാക്കസോയ്ഡ് വിഭാഗത്തില്‍പ്പെട്ട ഉയര്‍ന്ന ശരീരവും ചെമ്പന്‍ മുടിയും നീലക്കണ്ണുകളും ഉത്തര യൂറോപ്യരെ പോലെ നീണ്ട തലയും തവിട്ട്‌നിറമോ, അര്‍ദ്ധതവിട്ട് നിറമോ ആയ തൊലിയും) കൂടുതലുള്ളവരായിരിക്കുമെന്നുള്ള എസ്.കെ.ചാറ്റര്‍ജിയുടെ അഭിപ്രായം 51 ശ്രീകാന്ത് തലഗെരി ഉദ്ധരിക്കുന്നുണ്ട്. പരശുരാമന്‍ മുക്കുവരുടെ ചൂണ്ടനൂല്‍ മുറിച്ച് പൂണൂലാക്കി അവരെയും ചിത്പവനബ്രാഹ്മണരാക്കിയതും ഓര്‍ക്കേണ്ടതാണ്. ഇതെല്ലാം ആര്യര്‍ ജന്മംകൊണ്ട് ഒരു വംശീയസ്വത്വമുള്ളവരല്ലെന്ന് തെളിയിക്കുന്നുണ്ട്. 52
ഇന്ത്യാചരിത്രത്തിന്റെ ആരംഭം
ഇന്ത്യയും മധ്യേഷ്യന്‍പ്രദേശങ്ങളും ഒന്നായിരുന്ന ഒരു ഭൂമിശാസ്ത്രസാഹചര്യത്തില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യാചരിത്രം ആരംഭിക്കുന്നത്. സൊരാഷ്ട്രിയനും വേദകാലത്തെ ഇന്ത്യയും ഇന്റോ-ഇറാനിയന്‍ സംസ്‌കാരത്തിന്റെ പൊതുമതത്തില്‍നിന്ന് ഉരുത്തിരിഞ്ഞുവെന്ന അഭിപ്രായം പ്രാചീന ചരിത്ര വിദഗ്ദ്ധര്‍ പലരും ഉന്നയിച്ചിട്ടുണ്ട്. 53 ഋഗ്വേദത്തില്‍, അനാര്യന്മാരായ അധിപന്മാര്‍ ബലമായി നിര്‍മ്മിക്കപ്പെട്ട നഗരങ്ങളില്‍ മതിലുകള്‍ കൊണ്ട് ചുറ്റപ്പെട്ട കോട്ടകള്‍ക്കുള്ളില്‍ രാജകീയമായി പാര്‍ക്കുന്നതിനെപ്പറ്റി സൂചിപ്പിച്ചിട്ടുള്ളതില്‍ നിന്നും ഋഗ്വേദകാലത്തിനുമുമ്പുതന്നെ (ബി.സി.1700) വികാസം പ്രാപിച്ച ഒരു ജനസമൂഹം ഇന്ത്യയില്‍ പാര്‍പ്പുറച്ചിരുന്നതായി മനസ്സിലാക്കാം. 54 ഇതില്‍ തുര്‍വസുക്കളും യദുക്കളും ശ്രിഞ്ജയന്മാരെയും അവരുടെ സഖ്യകക്ഷികളായ ഭരതന്മാരെയും ശക്തമായെതിര്‍ത്ത് പരാജയപ്പെടുത്തി കാലിമേപ്പുകാരാക്കി മാറ്റുന്നതിനെപ്പറ്റി വ്യക്തമായ പരാമര്‍ശങ്ങളുണ്ട്. ആദ്യപരാജയങ്ങള്‍ക്കുശേഷം ഭരത-ശ്രിഞ്ജയന്മാര്‍ യുദ്ധത്തില്‍ ജയിച്ച് രാജ്യങ്ങള്‍ സ്ഥാപിക്കുന്നതും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 55 സൊരാഷ്ട്രന്‍ വിശുദ്ധഗ്രന്ഥമായ സെന്റ്അവസ്തയില്‍ ഇറാന്‍കാര്‍, ഇന്ത്യക്കാര്‍, തുര്‍മേനിയക്കാര്‍ എന്നിവരുടെ പൂര്‍വികര്‍ ആര്യ, സൈമീരിയ, തുറ എന്നിവരുടെ മക്കളാണെന്ന് പ്രസ്താവിക്കുന്നു. പ്രാചീന ഇന്ത്യയും മധ്യേഷ്യയും തമ്മില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-സാമ്പത്തികബന്ധങ്ങളുടെ അതിദീര്‍ഘമായ പാരമ്പര്യമുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. ഈ രണ്ട് പ്രദേശങ്ങള്‍ തമ്മിലും പൊതുവായ അതിരുകളും കാലാവസ്ഥാപരമായ ഐക്യവും സമാനങ്ങളായ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും, ഭൗമ-സാംസ്‌കാരിക ചാര്‍ച്ചവേഴ്ചകളും അതിശക്തമായിരുന്നു. ഈ പ്രദേശങ്ങള്‍ തമ്മില്‍ അവിരാമമായ പോക്കുവരവുകളും വസ്തുക്കളുടെയും ആശയങ്ങളുടെയും കൈമാറ്റങ്ങളും തികച്ചും സാധാരണവും സ്വാഭാവികവുമായിരുന്നു. ഇറാന്‍, മധ്യേഷ്യയിലെ ഇതരരാജ്യങ്ങളിലെ ജനങ്ങള്‍ എന്നിവര്‍ക്ക് പൊതുപാരമ്പര്യങ്ങളാണുള്ളതെന്ന് പ്രാചീന സാഹിത്യകൃതികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തെക്കേ ഉസ്ബക്കിസ്ഥാനിലെ അമു താഴ്‌വാരത്തിലും സമര്‍ഖണ്ഡിന്റെ വടക്കു-കിഴക്കേ അതിരിലും ഉസ്ബക്കിസ്ഥാന്‍, കിര്‍ക്കിസ്ഥാനിലെ ടക്ക ്- മക്ക് (Tak-Mak) എന്നിവിടങ്ങളിലും നടത്തിയ ഖനനങ്ങളും പ്രാചീനേന്ത്യയും മധ്യേഷ്യയും തമ്മില്‍ അതിപ്രാചീനകാലം മുതലുണ്ടായിരുന്ന ബന്ധങ്ങള്‍ക്ക് ധാരാളം തെളിവുകള്‍ നല്കിയിട്ടുണ്ട്. 56 മധ്യേഷ്യയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ഭരണാധികാരികള്‍ വന്നതുപോലെ മധ്യേഷ്യ ഇന്ത്യക്കാരും ഭരിച്ചിരുന്നു. ഭാരതവര്‍ഷം മധ്യേഷ്യയില്‍ ഉത്തരപഥത്തിലെ വംക്ഷു (Vamkshu) വരെ വ്യാപിച്ചിരുന്നത് ഒരു ഉദാഹരണം. അഥര്‍വവേദം, സാമവേദം, ഐതരേയബ്രാഹ്മണം, പുരാണങ്ങള്‍, രാമായണഭാരതാദി ഇതിഹാസങ്ങള്‍, മനുസ്മൃതി തുടങ്ങി മുദ്രാരാക്ഷസം, രഘുവംശം, രാജതരംഗിണി, ബൃഹദ്കഥ, കഥാസരിത് സാഗരം തുടങ്ങിയവയിലെല്ലാം ഇത് വ്യക്തമാക്കുന്ന പരാമര്‍ശങ്ങളുണ്ട്. മഹാഭാരതത്തിലെ കുരുവംശം, പഞ്ചാബിലെ ബഹ്‌ളികള്‍, ശാകന്മാര്‍, യവനര്‍. കംബോജര്‍, പല്ലവര്‍, പരദാസ് തുടങ്ങിയവരെല്ലാം ക്രിസ്തുവിനുമുമ്പ് മധ്യേഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയവരാണ്.
പരാമൃഷ്ടകൃതികള്‍
42. ആര്യദ്രാവിഡ വിവാദവും മതനിരപേക്ഷതയും: റൊമീലാഥാപര്‍. മലയാള വിവ. പി.ഗോവിന്ദപ്പിള്ള. പുറം 25. ചിന്ത പബ് 1997.
43. ഇ.പു.പുറം 53.
44. The Hindu: 2006 May; Aug. 3.2005.
45. Harappa and Tamil Culture : S.Gurumoorthy: P-6. Intanm.com.
46. പുറം-8.
47. Ethnology of Ancient Bharatas Ramachandra Jain.
48. Points of Contacts between Prakrt and Malayalam p.37– -40 M.P.Sankunni Nayar DLA 1995.
49. Studies in the Geography of Ancient and Medieval India p. 15 D C Sirkar.
50. Points of Contacts between Prakrt and Malayalam p. 43 M.P.S.
50. പ്രാചീനമലയാളം പു 170 ചട്ടമ്പിസ്വാമികള്‍ മാതൃഭൂമി ബുക്‌സ്.
51. The Aryan Invation Theory and Indian Nationalism p.83 Srikanth Talageri Voice of India 2003.
52. The Hindu Tradition:Dating and Historical Reconstruction;Wikipedia.org/wiki/Rgveda.
53. An Outline History of the Indian People: H.R.Ghosel-p.11 Pub Division1962.
54. ഇ.പു. പു.12.
55. Ancient India and Central India p.1 free Encyclopedia.
56. Ancient India and Central Asia-wikipedia. P-2, free encyclopedia.