വൈദേശിക അടിമത്തത്തെ സ്വാഭിമാനത്തിന്റെ വജ്രായുധംകൊണ്ട് തകർത്തെറിയാൻ പരിശ്രമിച്ച് ബലിദാനിയായ വീരവേലുത്തമ്പിയുടെ ഉജ്ജ്വല ജീവിതഗാഥ നാടകരൂപത്തില്‍ ഡോ.മധു മീനച്ചിലിന്റെ തൂലികത്തുമ്പിലൂടെ വായനക്കാരിലേക്ക്…..
പ്രധാന കഥാപാത്രങ്ങള്‍
1. വേലുത്തമ്പി
കട്ടി മീശയും കൃതാവും. നല്ല ഉയരവും വണ്ണവും ഉറച്ച ശരീരവും. നെറ്റിയില്‍ ഭസ്മ കുങ്കുമലേപനങ്ങള്‍. കഴുത്തില്‍ ഏലസും സ്വര്‍ണ്ണ രുദ്രാക്ഷവും. ഇരുപത്തെട്ട് മുപ്പത് വയസ്സ് പ്രായം തോന്നും. മുഗള്‍ ശൈലിയുള്ള തലപ്പാവും വസ്ത്രധാരണങ്ങളും. തുമ്പു വളഞ്ഞ പാദരക്ഷകള്‍, സദാസമയവും കായംകുളം വാളും കഠാരയും അരയില്‍ തൂങ്ങുന്നു.
2. യുവയോദ്ധാവ്
(വേഷപ്രച്ഛന്നനായ വേലുത്തമ്പി) – കളരി ശൈലിയിലുള്ള ഉടുത്തുകെട്ട്. വടക്കന്‍ കളരി ശൈലിയില്‍ കെട്ടിവച്ച മുടി. കസവു കരയുള്ള ഉത്തരീയം.
3. പപ്പുത്തമ്പി
പത്മനാഭന്‍ തമ്പിയെന്ന വേലുത്തമ്പിയുടെ അനുജന്‍. ഇരുപത്തഞ്ച് വയസ്സ് പ്രായം തോന്നും. കളരി സമ്പ്രദായത്തിലുള്ള ഉടുത്തുകെട്ടും പട്ട് മേല്‍ക്കുപ്പായവും വേഷം. അരയില്‍ സദാ സമയം വാളും പരിചയും. നെറ്റിയില്‍ കുറിക്കൂട്ട് കഴുത്തില്‍ ഏലസ്.
4. വൈക്കം പത്മനാഭപിള്ള
അറുപതിനടുത്ത് പ്രായം. നരകയറി തുടങ്ങിയ മുടിയും കട്ടി മീശയും കട്ടിപ്പുരികവും. ഉറച്ച ശരീരം. നെറ്റിയില്‍ കുങ്കുമം. അരയില്‍ ചുരികയും കളരിവാളും സദാ സമയം. പരുക്കന്‍ മട്ടും ഭാവവും കളരി ശൈലിയിലുള്ള ഉടുത്തുകെട്ടും ഉത്തരീയവും. ചില സമയത്ത് അരയില്‍ കൈ തോക്ക് ഉണ്ടാവും.
5. ബാലരാമവര്‍മ്മ മഹാരാജാവ്
പ്രായം ഇരുപത് ഇരുപത്തിമൂന്ന് മാത്രം. വെളുത്ത് മെലിഞ്ഞ അലസ പ്രകൃതം. തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ സാധാരണ വസ്ത്രശൈലിയും തലപ്പാവും. കഴുത്തിലും കാതിലും ആഭരണങ്ങള്‍. നനുത്ത മീശയും നേര്‍ത്ത താടിയും കുങ്കുമചന്ദനലേപനങ്ങളും.
6. ഉമ്മിണിത്തമ്പി
മുപ്പത്തഞ്ച് നാല്‍പ്പത് വയസ്സ് പ്രായം തോന്നുന്ന സുമുഖനായ വ്യക്തി. കളരി ഉടുത്തുകെട്ടും പട്ട് ഉത്തരീയവും കഴുത്തില്‍ വില കൂടിയ രത്‌നഹാരവും. അരയില്‍ തിരുകിവച്ച കഠാര. നേര്‍ത്ത കൊമ്പന്‍ മീശയും വെട്ടി ഒതുക്കിയ താടിയും.
7. സുബ്ബയ്യന്‍
വെളുത്ത വണ്ണവും കുടവയറുമുള്ള അറുപത് വയസ്സ് പ്രായം തോന്നുന്ന തമിഴ് പട്ടര്‍. വെറ്റില മുറുക്കുന്ന ശീലം. ചെല്ലപ്പെട്ടി എപ്പോഴും കൂടെയുണ്ട്. തമിഴ് കലര്‍ന്ന മലയാളത്തില്‍ അധികവും സംസാരം. മേലാസകലം ഭസ്മ ചന്ദനലേപനങ്ങള്‍, കട്ടിയുള്ള പൂണൂല്‍, കഴുത്തില്‍ ചുവന്ന ചരടില്‍ കോര്‍ത്ത രുദ്രാക്ഷം. കാതില്‍ വലിയ കടുക്കന്‍. താറ്പാച്ചി ഉടുത്തിരിക്കുന്നു. വെളുത്ത ഉത്തരീയം, അരയില്‍ പണസഞ്ചി.
8. കേണല്‍ മെക്കാളെ
നാല്‍പ്പതിനു മേല്‍ പ്രായം. വെള്ളപ്പട്ടാളത്തിന്റെ വേഷം. മാറില്‍ അധികാരമുദ്രകള്‍. ചെമ്പന്‍മുടി. അരയില്‍ കൈ തോക്കും നീണ്ട യൂറോപ്യന്‍ സ്‌റ്റൈല്‍ പടവാളും. നീണ്ട കാലുറയും ഷൂസും.
9. വള്ളിയമ്മപ്പിള്ളത്തങ്കച്ചി
അറുപത്തഞ്ചിനു മേല്‍ പ്രായം തോന്നുന്ന വേലുത്തമ്പിയുടെ മാതാവ്. വെളുത്ത് തടിച്ച് ആഢ്യത്വം തുളുമ്പുന്ന പ്രകൃതം. സെറ്റുമുണ്ടും മുലക്കച്ചയും വേഷം. കാതില്‍ തോടയും കഴുത്തില്‍ സ്വര്‍ണ്ണാഭരണങ്ങളും സ്വര്‍ണ്ണ രുദ്രാക്ഷവും. നെറ്റിയില്‍ ഭസ്മക്കുറി.
10. ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി
അമ്പത് അമ്പത്തഞ്ച് വയസ്സ് പ്രായം. കാതില്‍ കടുക്കന്‍, മാറില്‍ പൂണൂല്‍, ഭസ്മലേപിതന്‍. പാദത്തിനു മേലെ നില്‍ക്കുന്ന ഒറ്റമുണ്ടും ഉത്തരീയവും വേഷം. ഉറച്ച ശരീരം.
മറ്റ് വേഷങ്ങള്‍
1. സത്രം വിചാരിപ്പുകാരന്‍ മുത്തുപ്പിള്ള – അറുപതിനു മേല്‍ പ്രായം. ഒറ്റമുണ്ടും കരിമ്പടവും വേഷം. കാതില്‍ കടുക്കന്‍. കഷണ്ടി കയറിയ ശിരസ്സ്, തൂങ്ങിക്കിടക്കുന്ന കപ്പടാ മീശ. കൈത്തണ്ടയില്‍ വെള്ളി ഏലസ്.
2. പരാതിക്കാരി വൃദ്ധ – അറുപത്തഞ്ചിനു മേല്‍ പ്രായം. വെളുത്തു മെലിഞ്ഞ കുലീനയായ സ്ത്രീ. നെറ്റിയില്‍ ചന്ദനക്കുറി. കാതില്‍ തോട, കഴുത്തില്‍ നാഗഫണത്താലിയും സ്വര്‍ണ്ണമാലയും. സെറ്റുമുണ്ടും റൗക്കയും ഉത്തരീയവും വേഷം.
3. പരാതിക്കാരി വിധവ – നാല്‍പ്പത് വയസ്സ് പ്രായം. സെറ്റുമുണ്ടും നേര്യതും വേഷം. മെലിഞ്ഞ പ്രകൃതം. കഴുത്തില്‍ കറുത്തചരട്.
4. പാര്‍വത്യക്കാരന്‍ – അമ്പത്തഞ്ച് വയസ്സ്. നരകയറിത്തുടങ്ങി. ഒറ്റമുണ്ടും അയഞ്ഞ കുപ്പായവും. അരയില്‍ ഷാള്‍ കെട്ടിയിരിക്കുന്നു.
5. ചാന്നാന്‍ – കറുത്തു തടിച്ച മനുഷ്യന്‍. ഒറ്റമുണ്ടും ഉത്തരീയവും. കഴുത്തില്‍ ചരടില്‍ കോര്‍ത്ത ചെമ്പ് ഏലസ്.
6. വാടക കൊലയാളി – വൃദ്ധ വേഷമെങ്കിലും ഉറച്ച ശരീരം. കൈയില്‍ നീണ്ട ഊന്നുവടി. ഇതില്‍ വാള്‍ ഒളിപ്പിച്ചിരിക്കുന്നു. താടിയും മുടിയും നീട്ടി വളര്‍ത്തിയിരിക്കുന്നു. മുഷിഞ്ഞ ഒറ്റമുണ്ടും ഉത്തരീയവും വേഷം.
7. കാമ്പിത്താന്‍ – എഴുപത് വയസ് തോന്നിക്കുന്ന വെളിച്ചപ്പാട്. നെറ്റിയില്‍ വലിയ കുങ്കുമപ്പൊട്ട്. ചുവന്ന പട്ട് ഉടുത്തിരിക്കുന്നു. കഴുത്തില്‍ ചുവന്ന ചരടില്‍ കോര്‍ത്ത മൂന്നു രുദ്രാക്ഷങ്ങള്‍. നീട്ടിവളര്‍ത്തിയ ജട കെട്ടിയ മുടി.
8. രണ്ടു വീതം യൂറോപ്യന്‍ പട്ടാളക്കാരും തിരുവിതാംകൂര്‍ പട്ടാളക്കാരും.
നാന്ദി :- അതിര്‍ത്തി താണ്ടി വന്ന പറങ്കിക്കും ലന്തക്കാരനും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കുമെതിരെ പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നൂറ്റാണ്ടുകള്‍ നീണ്ട പടനയിച്ച പാരമ്പര്യമുള്ള ഭാരതീയന്‍ 1947 ആഗസ്റ്റ് 15 ന് രാഷ്ട്രീയ സ്വാതന്ത്ര്യം നേടി. ഭാരതം സ്വാതന്ത്ര്യം പ്രാപിച്ച് എഴുപത്തഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ചോരയും കണ്ണീരും വിയര്‍പ്പും കലര്‍ന്ന സ്വാതന്ത്ര്യ രണത്തിന്റെ ഇന്നലെകളുടെ ചരിത്രവഴികളെ പുതുതലമുറ വിസ്മരിക്കാന്‍ പാടില്ല. കൊളോണിയല്‍ അധിനിവേശ ശക്തികള്‍ ചമച്ച കപട ചരിത്രരേഖകളില്‍ നിറം കെട്ടുപോയ വീര പോരാളികളുടെ സ്മൃതികള്‍ വിതുമ്പുന്നത് കാതോര്‍ത്തിരുന്നാല്‍ കേള്‍ക്കാന്‍ കഴിയും. 1857 ല്‍ ബാരക്പൂരില്‍ ബ്രിട്ടീഷ് പട്ടാളത്തിനു നേരെ നിറയൊഴിച്ചുകൊണ്ട് മംഗള്‍പാണ്ഡെ എന്ന ധീര സൈനികന്‍ തുടങ്ങിവച്ച സായുധ പോരാട്ടം വിജയപരാജയങ്ങളുടെ നാള്‍വഴികള്‍ താണ്ടി ഒടുക്കം ബ്രിട്ടീഷ് രാജിന് അന്ത്യം കുറിച്ചു. എന്നാല്‍ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും അരനൂറ്റാണ്ടു മുമ്പ് 1805 ല്‍ ദക്ഷിണ ഭാരത ദേശത്ത് മലബാറില്‍ വീരപഴശ്ശിയും 1809 ല്‍ തിരുവിതാംകൂറില്‍ വീര വേലായുധന്‍ ചെമ്പകരാമന്‍ തമ്പിയും ഹൃദയരക്തം കൊണ്ട് ഭാരത മാതാവിന് തര്‍പ്പണം ചെയ്തു കഴിഞ്ഞിരുന്നു. ഒന്നാം സ്വാതന്ത്ര്യ സമരത്തിനും ഏറെ മുമ്പ് തിരുവിതാംകൂറില്‍ പടവാള്‍മുനയാല്‍ ഇതിഹാസം കുറിച്ച വീരവേലായുധന്‍ ചെമ്പകരാമന്‍ തമ്പിയുടെ സ്മരണകളെ വരെ കുഴിച്ചുമൂടാന്‍ ശ്രമിച്ച കൊളോണിയല്‍ ചരിത്രകാരന്മാര്‍ക്കുള്ള മറുപടിയാണ് ഈ അക്ഷര ദക്ഷിണ. നിഴല്‍ വീണിരുണ്ട ചരിത്രത്തിന്റെ സ്മൃതികുടീരങ്ങളിലൂടെ രംഗകലയുടെ കൈവിളക്കേന്തി നമുക്കല്‍പ്പം സഞ്ചരിക്കാം. ദേശസ്‌നേഹത്തിന്റെ വെള്ളിടി വെളിച്ചത്തില്‍ വേലുത്തമ്പിയുടെ ജീവിത രേഖകള്‍ അരങ്ങില്‍ നാടകമായി പുനര്‍ജനിക്കുന്നു. വീര വേലായുധന്‍ തമ്പി….!
രംഗം-1
(നാഞ്ചി നാട്ടിലെ ഒരു നാല്‍ക്കവല. പാതയോരത്ത് ചുമടുതാങ്ങിയും വിളക്കുകാലും. പിന്നിലായി സഞ്ചാരികള്‍ക്ക് തങ്ങാനുള്ള സത്രം. സന്ധ്യ മയങ്ങിത്തുടങ്ങിയ നേരം. വേദിയില്‍ നീലയും മഞ്ഞയും കലര്‍ന്ന പ്രകാശ വിന്യാസം. സത്രത്തില്‍ നിന്നും സത്ര വിചാരിപ്പുകാരന്‍ മുത്തുപ്പിള്ള ഒറ്റമുണ്ടുടുത്ത് കരിമ്പടം പുതച്ച് കൈയിലൊരു കുത്തുവിളക്കുമായി ഇറങ്ങി വരുന്നു. അന്തരീക്ഷത്തില്‍ തണുപ്പ് തുടങ്ങിയതായി അയാളുടെ ഭാവഹാവാദികള്‍ സൂചിപ്പിക്കുന്നു. കുത്തുവിളക്കുമായി വന്ന് വിളക്കു കാലില്‍ ദീപം പകരുന്നതോടെ വേദിയില്‍ വെളിച്ചം കൂടുന്നു).
മുത്തുപ്പിള്ള :- (കൈകള്‍ കുട്ടിത്തിരുമ്മി) ഹൊ … ഹൊ… എന്തൊരു തണുപ്പപ്പനെ … അന്തിയായപ്പഴെ കുളിരു വീണല്ലോ… മകരത്തില്‍ മരം കോച്ചൂന്ന് പഴമക്കാര്‍ പറേണത് വാസ്തവം തന്നെ… (കുത്തുവിളക്കെടുത്ത് രണ്ടു ചുവട് നടന്നതിനു ശേഷം കണ്ണിനു മേലെ കൈപ്പത്തി വച്ച് ചെമ്മണ്‍ പാതയുടെ വിദൂരതയിലേക്ക് നോക്കി ആത്മഗതം ചെയ്യുന്നു). ഇന്നിനി ഈ രാത്രി സത്രത്തില്‍ ആരു വരാന്‍. പടിപ്പുര ചാരി തല ചായ്ക്കുക തന്നെ… (അയാള്‍ മെല്ലെ സത്രത്തിനുള്ളിലേക്ക് പോകുന്നു. വേദിയില്‍ വെളിച്ചം കുറയുന്നു. ചീവീടുകളുടെ ശബ്ദത്തോടൊപ്പം അകലെയെങ്ങോ ഒരു കുറുനരി ഒാരിയിടുന്നു. കക്ഷത്തില്‍ തുണി ഭാണ്ഡം അടുക്കിപ്പിടിച്ച് ഉടുത്തിരിക്കുന്ന മുഷിഞ്ഞ ചേലത്തുമ്പ് തലയിലൂടെ ഇട്ട് വടി കുത്തി വേച്ച് വിറച്ച് കടന്നു വരുന്ന വൃദ്ധ. അവര്‍ സത്രത്തിന്റെ പടിവാതിലിലെത്തി സത്രത്തിന്റെ പടിപ്പുരയിലേക്ക് പ്രതീക്ഷയോടെ നോക്കുന്നു. വാതിലില്‍ തട്ടി വിളിക്കുന്നു)
വൃദ്ധ :- ഏയ്… സത്രം വിചാരിപ്പുകാരെ … ആരെങ്കിലും ഒന്ന് വാതില്‍ തൊറക്കണെ… (വീണ്ടും വാതിലില്‍ മുട്ടുന്നു)…. ഈ രാത്രി ഒന്നുകഴിച്ചുകൂട്ടാന്‍ ഇത്തിരി എടം തരണേ.. ആരെങ്കിലും ഒന്നു വാതില്‍ തൊറക്കണെ…. (വൃദ്ധ നിരാശയായി തിരിഞ്ഞ് നടന്ന് തന്റെ ഭാണ്ഡം ചുമടുതാങ്ങിയില്‍ വച്ച് ആത്മഗതം പോലെ പറയുന്നു)…. ഈ ശ്രീവാഴുംകോടിന്റെ മണ്ണില്‍ ഒരു കെളവിക്ക് തല ചായ്ക്കാന്‍ എടമില്ലാണ്ടായല്ലോ എന്റെ ശ്രീപപ്പനാഭാ…
(കര കര ശബ്ദത്തോടെ സത്ര വാതില്‍ തുറന്ന മുത്തുപ്പിള്ള കുത്തുവിളക്കുമായി പുറത്തേയ്ക്ക് വരുന്നു. വിളിച്ചുണര്‍ത്തിയതിന്റെ അസ്വസ്ഥത അയാളുടെ ശരീരഭാഷയിലുണ്ട്.)
മുത്തുപ്പിള്ള :- ആരാണീ രാത്രി കെടന്ന് തൊള്ള തൊറക്കണത്… ഒന്നൊറങ്ങാനും കൂടി സമ്മതിക്കാതെ..
വൃദ്ധ :- അങ്ങനെ ചൊല്ലല്ല് പുളെള… നടന്ന് തളന്ന ഈ കെളവിക്കൊന്ന് തല ചായ്ക്കാന്‍ ഈ സത്രത്തിന്റെ മൂലയ്ക്ക് ഇത്തിരിയിടം പോരും…
മുത്തുപ്പിള്ള :- (അല്‍പ്പം പരിഹാസമായി) ചക്രമുണ്ടോ തള്ളേ കൈയില്‍… ശംഖുമുദ്രയുള്ള ചെമ്പുചക്രം…
വൃദ്ധ :- അപ്പാവികള്‍ക്കത്താണിയായി ശ്രീവാഴും കോട് വാഴുന്ന പൊന്നുതമ്പുരാന്‍ പണിയിച്ചിട്ട സത്രത്തില്‍ തല ചായ്ക്കാനും ചക്രം വേണമെന്നോ… കലികാല വിളയാട്ടം…
മുത്തുപ്പിള്ള :- (പരിഹാസപൂര്‍വ്വം ചിരിക്കുന്നു) ഹ …ഹ… സത്രം വിചാരിപ്പുകാരനാകാന്‍ ഈ മുത്തുപ്പിള്ളയ്ക്ക് ചെലവായത് വെറും നാലുചെമ്പുചക്രമല്ല… അങ്ങ് തലസ്ഥാനത്തൊള്ള ജയന്തന്‍ നമ്പൂതിരിക്ക് പൊന്‍ കിഴി കൈമടക്ക് കൊടുത്തിട്ട് നേടിയതാ… ഈ വിചാരിപ്പുകാരനുദ്യോഗം… അപ്പോ എനിക്കും കൈമടക്ക് കിട്ടിയേ മതിയാകു … നാലു ചെമ്പുചക്രം കൈയിലില്ലെങ്കി നടന്നാട്ടെ…
വൃദ്ധ :- അയ്യോ പുള്ളേ അങ്ങനെ ചൊല്ലാതെ… ഭൂതപ്പാണ്ടീന്ന് വെളുപ്പാന്‍ കാലത്തെ നടക്കാന്‍ തൊടങ്ങീതാ… ഇനി ഒരടിവച്ചാ ഈ കെളവി വല്ലേടോം വീണ് ചാവും.
മുത്തുപ്പിള്ള :- കൈയില്‍ ചക്രമില്ലാത്തോര്‍ വഴിയിലോ, പുഴയിലോ വീണു ചത്താല്‍ ആര്‍ക്കു ചേതം തള്ളേ…
വൃദ്ധ :- ശ്രീപപ്പനാവന് നിരക്കാത്ത കാര്യം ചൊല്ലാതെ പുള്ളേ… ഈ തിരുവിതാംകൂര്‍ രാജ്യം തന്നെ പൂവോടും നീരോടും കൂടി ശ്രീ പപ്പനാവന് സമര്‍പ്പിച്ച് പപ്പനാവദാസന്മാരായി നാടുവാഴുന്ന പൊന്നുതമ്പുരാക്കന്മാരുടെ മണ്ണാണിത്… ഇവിടെ അഗതിയായ ഈ കെളവിക്ക് അന്തിക്കൊന്നു തല ചായ്ക്കാന്‍ കൈമടക്ക് കൊടുക്കണന്ന് വച്ചാ …..
മുത്തുപ്പിള്ള :- (വൃദ്ധയുടെ കാതിലും കഴുത്തിലുമുള്ള ആഭരണങ്ങളില്‍ കുത്തുവിളക്കുയര്‍ത്തി ആര്‍ത്തിയോടെ നോക്കി കൊണ്ട്) കാതില്‍ തങ്കത്തോടകള്‍, കഴുത്തില്‍ നാഗഫണത്താലി… എന്നിട്ടും അഗതിയാണു പോലും… വേലകള്‍ ഇറക്കാതെ കെളവി പണം തന്നാല്‍ ഇന്നിവിടെ പാര്‍ക്കാം.. അല്ലെങ്കില്‍ ഏതെങ്കിലും കൊള്ളക്കാരുടെ കൈകൊണ്ട് ഈ രാത്രി തന്നെ പരലോകം പൂകാം… അതൊന്നും കൂടാതിരിക്കാന്‍ ഈ ഭാണ്ഡം എനിക്കങ്ങ് തന്നാലും മതി (അയാള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് ചുമടുതാങ്ങിയില്‍ വച്ചിരുന്ന ഭാണ്ഡം കടന്നെടുക്കുന്നു. വൃദ്ധ വിലപിച്ചു കൊണ്ട് ഭാണ്ഡത്തില്‍ പിടിമുറുക്കുന്നു. അവിടെ ഒരു പിടിവലി നടക്കുന്നു).
വൃദ്ധ :- അയ്യോ… അരുതേ, എന്റെ ആകെ സമ്പാദ്യമാണതിനുള്ളില്‍… ഇതു ഞാന്‍ തരില്ല… (പിടിവലി നടക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ഒരു കുതിരക്കുളമ്പടി അടുത്തു വരുന്നു. മുത്തുപ്പിള്ള ആഞ്ഞു തള്ളിയതും വൃദ്ധ കൊടുങ്കാറ്റുപോലെ കടന്നു വന്ന യുവ യോദ്ധാവിന്റെ വേഷത്തിലുള്ള വേലുത്തമ്പിയുടെ കാല്‍ച്ചുവട്ടിലേക്ക് ചെന്നു വീണതും ഒരുമിച്ച്. അയാള്‍ ഒരു കൈ കൊണ്ട് വൃദ്ധയെ താങ്ങി എഴുന്നേല്‍പ്പിച്ച് സമാശ്വസിപ്പിക്കുന്നു…)
യോദ്ധാവ്: – സാരമില്ല മുത്തിയമ്മേ… കരയേണ്ട… നമുക്കെല്ലാത്തിനും പരിഹാരമുണ്ടാക്കാം… (അയാള്‍ വൃദ്ധയുടെ കണ്ണീര്‍ തുടച്ച്, ക്രുദ്ധമായ നോട്ടത്തോടെ ഭാണ്ഡവുമായി നില്‍ക്കുന്ന മുത്തുപ്പിള്ളയുടെ സമീപത്തേയ്ക്ക് ചുവടുവയ്ക്കുന്നു)
യോദ്ധാവ്: – ശ്രീപത്മനാഭന്റെ ചെമ്പുചക്രം ശമ്പളം പറ്റുന്നവന്‍, അദ്ദേഹത്തിന്റെ പ്രജകളെ കൊള്ള ചെയ്യാനും തുടങ്ങിയിരിക്കുന്നു… പ്രജാക്ഷേമതല്‍പ്പരനായ പൊന്നുതമ്പുരാന്‍ ധര്‍മ്മരാജാവിന്റെയും വലിയ ദിവാന്‍ജി രാജാകേശവദാസിന്റെയും കാലത്ത് പണിഞ്ഞ ഈ വഴിയമ്പലങ്ങള്‍ അഗതികളായ സഞ്ചാരികള്‍ക്ക് സൗജന്യമായി നല്‍കണമെന്നതറിയാത്തതല്ലല്ലോ… ഒരു നേരം അന്തിയുറങ്ങാന്‍ കൈമടക്കു ചോദിക്കുക മാത്രമല്ല.. നല്‍കിയില്ലെങ്കില്‍ പിടിച്ചുപറിക്കുന്നിടം വരെ കാര്യങ്ങള്‍ എത്തി… അതിനി നടപ്പില്ല… ചുരുങ്ങിയത് ഈ കല്‍ക്കുളത്തെങ്കിലും… (അരയില്‍ നിന്നും വാള്‍ വലിച്ചൂരി മുത്തുപ്പിള്ളയുടെ കഴുത്തില്‍ വയ്ക്കുന്നു. വൃദ്ധ തൊഴുത് വിറച്ച് നില്‍ക്കുന്നു)
മുത്തുപ്പിള്ള :- (യാചനാഭാവത്തില്‍) പൊന്നങ്ങുന്നേ ചതിക്കരുത്… അടിയന്‍ അറിവില്ലായ്മ കൊണ്ട് കാട്ടിയ തെറ്റ് പൊറുത്ത് മാപ്പാക്കണം
യുവയോദ്ധാവ്: – (പൊട്ടിച്ചിരിച്ചു കൊണ്ട്) ഹ..ഹ… പൊന്നുതമ്പുരാന്‍ കല്‍പ്പിച്ച് തന്ന ഈ ഉടവാളിന് കൈക്കൂലിക്കാരോടും തസ്‌ക്കരന്മാരോടും പൊറുത്ത പാരമ്പര്യമില്ല….
മുത്തുപ്പിള്ള:- (യോദ്ധാവിന്റെ കണ്ണുകളിലേക്ക് അല്‍ഭുതാദരവുകളോടെ നോക്കുന്നു) അങ്ങ്…
യുവയോദ്ധാവ് :- വഴിയെ മനസ്സിലാകും (വാള്‍ ഉറയിലിട്ട് പുറത്തേക്ക് നോക്കി കൈകൊട്ടുന്നു. അരയില്‍ വാളും പരിചയും ധരിച്ച യുവാക്കളായ രണ്ട് കളരി അഭ്യാസികള്‍ പാഞ്ഞു വരുന്നു) ഇയാളെ കയ്യാമം വച്ച് കല്‍തുറുങ്കിലടയ്ക്കു… വിചാരണയൊക്കെ നാം മടങ്ങി വന്നിട്ട്.
(മുത്തുപ്പിള്ളയെ വിലങ്ങു വച്ച് വലിച്ചിഴച്ച് കൊണ്ടു പോകുന്നു. യുവയോദ്ധാവ് ശാന്തനായി ഒരു പുഞ്ചിരിയോടെ സ്തംഭിച്ച് നില്‍ക്കുന്ന വൃദ്ധയെ സമീപിക്കുന്നു) അമ്മ ഭയപ്പെടേണ്ട.
വൃദ്ധ :- എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്. ഈ കെളവിക്കൊന്നും മനസ്സിലാകുന്നില്ല… എന്തായാലും സാക്ഷാല്‍ ശ്രീ പപ്പനാവനാ കുഞ്ഞിനെ ഇപ്പോ ഇങ്ങോട്ടയച്ചത്…
യുവയോദ്ധാവ് :- (പൊട്ടിച്ചിരിച്ച്) പത്മനാഭദാസന്മാരുടെ മണ്ണല്ലേ…. യോഗ നിദ്രയിലെങ്കിലും ഭഗവാന്‍ എല്ലാം കാണുന്നുണ്ട്.
വൃദ്ധ :- എന്റെ ശ്രീ പപ്പനാഭാ…
യുവയോദ്ധാവ്:- അതിരിക്കട്ടെ… ഈ രാത്രിയില്‍ അമ്മ എവിടെപ്പോകുന്നു …
വൃദ്ധ :- തലക്കുളത്തോളം പോണം കുഞ്ഞേ… ഭൂതപ്പാണ്ടീന്ന് വെളുപ്പാന്‍ കാലേ തിരിച്ചതാ… അന്തിയായതോണ്ട് ഇന്നിവിടെ തങ്ങാമെന്നു കരുതി…
യുവയോദ്ധാവ് :- എന്തിനാണമ്മ തലക്കുളത്തു പോണത്.. ഉടപ്പിറപ്പുക്കളാരെങ്കിലുമുണ്ടോ അവിടെ…?
വൃദ്ധ :- രക്തബന്ധമില്ലെങ്കിലും… അഗതി ബന്ധുവായൊരാള്‍ അവിടെ ഉണ്ട്…
യുവയോദ്ധാവ് :- അതാരാണങ്ങനെ ഒരാള്‍…
വൃദ്ധ :- വലിയ വീട്ടില്‍ വേലുത്തമ്പി… (വേദിയുടെ മുന്നിലേക്ക് നടന്ന് തെല്ലഭിമാനത്തോടെ) വീര വേലായുധന്‍ ചെമ്പകരാമന്‍ തമ്പി.
യുവയോദ്ധാവ്: – (അഭിമാനഭരിതമായ ഒരു പുഞ്ചിരി മുഖത്ത് വിരിയുന്നു) അതിന് വേലുത്തമ്പിയെ അമ്മയ്ക്കറിയുമോ…
വൃദ്ധ :- കേട്ടിട്ടേ ഒള്ളു കുഞ്ഞേ… കണ്ടു പറഞ്ഞാ ഒതവിക്ക് പെറ്റ മക്കളും തോക്കും പോലും…
യുവയോദ്ധാവ് :- തമ്പിയെ കണ്ടിട്ട് എന്തു സാധിക്കാനാണമ്മേ …
വൃദ്ധ :- ഒരു സങ്കടം ബോധിപ്പിനാണു കുഞ്ഞേ ഈ കെളവി പോണത്..
യുവയോദ്ധാവ് :- കര പ്രമാണി മൂത്ത പിള്ളയെ കണ്ടുണര്‍ത്തിച്ചാല്‍പ്പോരായിരുന്നോ..
വൃദ്ധ :- (ദീര്‍ഘനിശ്വാസത്തോടെ) കര പ്രമാണിമാരൊക്കെ കൈയൊഴിഞ്ഞു കുഞ്ഞേ… അവരൊക്കെ ബലമൊള്ളോടത്തെ നില്‍ക്കത്തൊള്ളു…
യുവയോദ്ധാവ് :- വിരോധമില്ലെങ്കില്‍, സങ്കടമെന്താണെന്നു ചൊന്നാല്‍…
വൃദ്ധ :- (വൃദ്ധ തേങ്ങുന്നു… ചേലത്തുമ്പു കൊണ്ട് കണ്ണും മൂക്കും തുടയ്ക്കുന്നു) അതൊരു വലിയ കഥയാണു കുഞ്ഞേ… ഭൂതപ്പാണ്ടിയില്‍ കരയും നെലവുമായി ഇട്ടു മൂടാന്‍ സമ്പത്തുള്ള ‘വേണാട്ടരചന്മാര്‍ വരെ സംബന്ധമാഗ്രഹിച്ച മേലാംകോട്ടുതറവാട്ടിലെ പെണ്ണാളായിരുന്നു കുഞ്ഞേ ഈ കെളവി… മംഗലം കഴിഞ്ഞെങ്കിലും ഭാഗ്യം കെട്ട ഇവള്‍ക്ക് ശ്രീ പപ്പനാവന്‍ ഒരുണ്ണിയെ തന്നില്ല… ഈ മച്ചിത്തള്ളയുടെ സമ്പത്തിനാരവകാശി… മെയ്ക്കരുത്തുള്ള താവഴിക്കാര്‍ എല്ലാമപഹരിച്ച് ഈ കെളവിയെ പുറന്തള്ളി… ഇനി ശ്രീപപ്പനാഭനും വേലുത്തമ്പിയുമല്ലാതെ ഈ അപ്പാവിക്കാരും തുണയില്ല കുഞ്ഞേ… (വൃദ്ധ ഏങ്ങിക്കരയുമ്പോള്‍ യുവയോദ്ധാവ് അവരെ ചേര്‍ത്തു പിടിക്കുന്നു)
യുവ യോദ്ധാവ് :- അമ്മ ഇന്നീ സത്രത്തില്‍ തങ്ങി നാളെ തലക്കുളത്ത് പോകണം. വേലുത്തമ്പിയെ കണ്ടു പറഞ്ഞു നോക്കണം. സഞ്ചാരിയായ തമ്പി മടങ്ങി വരുവോളം തലക്കുളത്ത് തറവാട്ടില്‍ തങ്ങണം.. (വൃദ്ധയുമായി രണ്ടു ചുവട് മുന്നോട്ട് നടന്ന് ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖത്തോടെ) എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന് ഈയുള്ളവന്റെ മനസ്സ് പറയുന്നു (പ്രതീക്ഷയോടെ വൃദ്ധ യുവാവിന്റെ മുഖത്തേയ്ക്ക് നോക്കിനില്‍ക്കുമ്പോള്‍ വേദിയില്‍ പ്രകാശം മങ്ങുന്നു).
(തുടരും)