ബി.സി.ഏഴായിരത്തോടുകൂടി മധ്യആഫ്രിക്കയില്‍ കാലാവസ്ഥാനുസൃതമായ മഴയ്ക്ക് സ്ഥിരത കൈവന്നു. അതോടൊപ്പം വേട്ടയാടിയും ഭക്ഷണം ശേഖരിച്ചും ജീവിച്ചിരുന്ന ഉല്പാദന- ശേഖരണവ്യവസ്ഥയില്‍ നിന്ന് ഉല്പാദകവ്യവസ്ഥയിലേയ്ക്ക് പതുക്കെ ജനങ്ങള്‍ മാറിത്തുടങ്ങി. ആടുമേയ്ക്കലും, കൃഷിയുമാണ് ആദ്യം ആരംഭിച്ചത്. സ്ഥിരതയുള്ള മഴ, മിശ്രകാര്‍ഷികവ്യവസ്ഥയിലേയ്ക്കും ആടുമാടുകളെ വളര്‍ത്തുന്നതിലേയ്ക്കും ബാര്‍ലികൃഷിയിലേയ്ക്കും നയിച്ചു. അവിടെനിന്ന് കുഴിച്ചെടുത്തിട്ടുള്ള കുട്ടകളും വട്ടികളുംപോലുള്ള ഉപകരണങ്ങളും ശിലാമില്ലുകളും കാണിക്കുന്നത് അവ ധാന്യങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ചിരുന്നുവെന്നാണ്. ധാന്യങ്ങളും സസ്യങ്ങളും സമൃദ്ധമായി ഉണ്ടായിരുന്നതിനാല്‍ അവര്‍ ഉല്പാദനത്തില്‍ വ്യാപൃതരായിരുന്നെന്നു കരുതാന്‍ വയ്യ. അവര്‍ വേട്ടയാടലും മീന്‍പിടുത്തവും പെറുക്കിശേഖരിക്കലും ജീവിത സമ്പ്രദായമാക്കിയിരുന്നിരിക്കാം. അഥവാ അവരുടെ ആവാസപരിസരങ്ങളെ ചൂഷണം ചെയ്താണ് അവര്‍ കഴിഞ്ഞിരുന്നതെന്നും പറയാം. എന്നാല്‍ ബി.സി. 12000-7000 കാലഘട്ടത്തില്‍ വരള്‍ച്ചയുള്ള കാലാവസ്ഥ തിരികെ വന്നപ്പോള്‍ അവര്‍ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി കാലിവളര്‍ത്തലും കൃഷിയും ആരംഭിച്ചു. ഈ ആഫ്രിക്കന്‍ ജലശിലായുഗകാലത്താകാം അവര്‍ ഗൗരവതരമായ വിധത്തില്‍ കന്നുകാലികളെ വളര്‍ത്താനും ചെടികള്‍ ശേഖരിക്കാനും അങ്ങനെ ഭക്ഷ്യവിഭവങ്ങള്‍ പുതുതായി ഉല്പാദിപ്പിക്കാനും തയ്യാറായത്. വേട്ടയാടലും മീന്‍പിടിത്തവും തേന്‍ശേഖരണവും തൊഴിലാക്കിയിരുന്ന സമൂഹം കാലാവസ്ഥയുടെ മാറ്റം മനസ്സിലാക്കി, വീട്ടുമൃഗങ്ങളെ വളര്‍ത്താനും കൃഷിചെയ്യാനുമാരംഭിച്ചുവെന്നാണ് പറയപ്പെടുന്നത്. മഴയുടെ തിരിച്ചുവരവും കൃഷിയില്‍ അവരുടെ താല്പര്യം വര്‍ദ്ധിപ്പിച്ചിരിക്കാം. ഈ സാഹചര്യത്തിലാകാം മിശ്ര സമ്പദ്‌വ്യവസ്ഥ രൂപപ്പെട്ടത്. ഒരു വശത്ത് പരമ്പരാഗതരീതിയും മറുവശത്ത് പുതിയ ഉല്പാദനരീതികളും പ്രയോഗിക്കുവാന്‍ അവര്‍ തയ്യാറായി. തുടര്‍ന്ന് വ്യത്യസ്ത സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ആരംഭിക്കുകയും അത് വ്യാപാരമെന്ന പുതിയൊരു കര്‍മ്മരംഗം കൂടി തുറക്കാന്‍ ഇടയാക്കുകയും ചെയ്തു. മെഡിറ്ററേനിയന്‍ സസ്യങ്ങള്‍ സഹാറയുടെ ഉയര്‍ന്ന മേഖലകളില്‍ ധാരാളം വളര്‍ന്നിരുന്നു. ഈ മേഖലയില്‍ നിന്ന് ധാരാളം കളിമണ്‍പാത്രങ്ങളുടെയും അരകല്ലുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഭാഷാപരമായി പ്രോട്ടോസഹാറന്മാരും ഇളമൈറ്റുകള്‍, ദ്രാവിഡര്‍, സുമേറിയന്മാര്‍ തുടങ്ങിയവരുമായി വളരെയധികം ചാര്‍ച്ചയുണ്ട്. അവര്‍ വംശമുഖ്യനെ സര്‍ എന്നും, താമസിച്ചിരുന്ന നഗര ടൗണിനെ ഊര്‍ (Ur) എന്നും വിളിച്ചു. മനുഷ്യനെ ഒകു (Oku)വെന്നും, കുടുംബത്തിലെ അമ്മയെ അമ്മ അല്ലെങ്കില്‍ മാ (amma or ma) എന്നും, പിതാവിനെ പ (pa), ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ദേ (de), /ദി, (di), ദു (du) എന്നും വിളിച്ചു. ഈ പദങ്ങള്‍ക്ക് ദ്രാവിഡഭാഷകളുമായുള്ള രൂപപരവും അര്‍ത്ഥപരവുമായ സാദൃശ്യം അതിപ്രധാനമാണ്. ബോട്ട് അഥവാ വള്ളത്തെ അവര്‍ കലം (kalam) എന്ന് പരാമര്‍ശിച്ചു. കലമെന്ന വാക്കിന് മലയാളത്തിലും കപ്പല്‍, ബോട്ട്, വള്ളം എന്നൊക്കെയാണല്ലോ അര്‍ത്ഥം. കോലത്തുനാട്, വഞ്ചിനാട് എന്നീ ദേശനാമങ്ങളും വള്ളം അഥവാ കപ്പലുമായി ബന്ധപ്പെട്ട് രൂപപ്പെട്ടതാണ്. അവരുടെ പ്രധാന ആരാധനാദേവത അമന്‍ അഥവാ അമു (Amon or Amu) എന്നറിയപ്പെട്ടു. അവര്‍ സിറ്റിസ്റ്റേറ്റുകളുടെ ഒരു കോണ്‍ഫെഡറേഷന്‍ സ്ഥാപിച്ചു. അതിനെ മത്സ്യകോണ്‍ഫെഡറേഷന്‍ അഥവാ മാ കോണ്‍ഫെഡറേഷന്‍ എന്നാണ് വിളിച്ചത്. അതിലൊരു വിഭാഗം പ്രാചീന ലിബിയക്കാര്‍ തെമഹു (Temahu) എന്നറിയപ്പെട്ടു. അവര്‍ കന്നുകാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്നു. ഇവര്‍ ‘അമനെ’ക്കൂടാതെ ‘നെയ്ത്’ എന്ന അമ്മ ദൈവത്തേയും ആരാധിച്ചിരുന്നു. യൂറോപ്പില്‍ അഥീനയെന്നും മിനോവന്മാര്‍ നിയ (nia) എന്നും ഈ ദേവതയെ വിളിച്ചിരുന്നു. മാ കോണ്‍ഫെഡറേഷനില്‍ ഈജിപ്റ്റ്, ഇളമൈറ്റുകള്‍, ദ്രാവിഡര്‍, മാന്‍ഡിങ്, സുമേറിയ എന്നിവ ഉള്‍പ്പെടുന്നു.
അവര്‍ ഉപയോഗിച്ചിരുന്ന ബോട്ടുകളുടെ മാതൃകകള്‍, മെസപ്പൊട്ടേമിയ, ഇന്ത്യ തുടങ്ങിയിടങ്ങളില്‍ നിന്ന് പില്‍ക്കാലത്ത് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. മധ്യ ആഫ്രിക്കയിലും, ഇന്ത്യയിലും മറ്റും കണ്ടുകിട്ടിയിട്ടുള്ള ഗുഹാചിത്രങ്ങളില്‍ മനുഷ്യര്‍, മൃഗങ്ങള്‍ എന്നിവയോടൊപ്പം വള്ളങ്ങള്‍, നങ്കൂരം, ബോട്ട് സഞ്ചാരം എന്നിവയുടെ ചിത്രങ്ങളുമുണ്ട്. നുബിയയിലെ തുഷ്‌കയില്‍ 7000 ബിസിയില്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരുന്നവരെ അനുജനങ്ങള്‍ എന്ന് വിളിച്ചിരുന്നു. അവരാണ് ഈജിപ്തിലേയ്ക്കും മെസപ്പൊട്ടേമിയയിലേയ്ക്കും പരിഷ്‌കൃതി (civilisation) കൊണ്ടുവന്നത്.
ബി.സി. 4200ല്‍ സഹാറ മരുഭൂവല്‍ക്കരണം തുടങ്ങിയതോടെ അവിടെനിന്ന് പല ഭാഗങ്ങളിലേയ്ക്കും അവര്‍ കുടിയേറിത്തുടങ്ങി. ആ സമയത്ത് സഹാറയില്‍ മഴ കുറയുകയും നൈല്‍ താഴ്‌വരകള്‍ കൂടുതല്‍ ജീവിതവ്യമാകുകയും ചെയ്തു. നൈല്‍ താഴ്‌വരയില്‍ പ്രോട്ടോ ഈജിപ്തുകാര്‍ മുന്‍പുതന്നെ കുടിയേറിയിരുന്നതിനാല്‍, പ്രോട്ടോസുമേറിയക്കാര്‍ മെസപ്പൊട്ടേമിയയിലേയ്ക്കും ഇലമൈറ്റുകള്‍ ഇറാനിലേയ്ക്കും കടന്നുചെന്നു. ബി.സി. 4000 ന് ശേഷമുള്ള വെള്ളപ്പൊക്കംമൂലം മെസപ്പൊട്ടോമിയ വിട്ടോടിപ്പോയിരുന്ന അനുക്കള്‍ നിര്‍മ്മിച്ചിരുന്ന നഗരപ്രദേശങ്ങളിലാണ് ഇളമൈറ്റുകള്‍ താവളമടിച്ചിരുന്നത്. അവര്‍ ദ്രാവിഡം, മാന്റിങ് വര്‍ഗത്തില്‍പ്പെട്ട ഭാഷകളാണ് സംസാരിച്ചിരുന്നത്.
തെക്കേ ഇന്ത്യയിലേയ്ക്ക് അവരുടെ കുടിയേറ്റം ആഫ്രിക്കയില്‍ നിന്നുള്ള രണ്ട് കുടിയേറ്റങ്ങളുടെ ഫലമാണ് – സിന്ധൂനദീ തടങ്ങളിലേയ്ക്കും ഇന്ത്യയിലേയ്ക്കും. പ്രോട്ടോദ്രാവിഡന്മാര്‍ 2400 ബി.സിയ്ക്കുശേഷം മധ്യ-ദക്ഷിണ സഹാറയില്‍ പാര്‍ത്തിരുന്ന പ്രോട്ടോസഹാറക്കാരുടെ പിന്മുറക്കാരാണ്. കാര്‍ഷികവ്യവസ്ഥയുടെ ആദ്യത്തെ തെളിവുകള്‍ സഹാറയില്‍ നിന്നാണ് കിട്ടിയിട്ടുള്ളത്.30 ദ്രാവിഡരും ഇളമൈറ്റുകളുമായി അടുത്ത ചാര്‍ച്ചയുണ്ടെന്ന കാവല്ലി ഫോര്‍സായുടെ (Cavallie Sforza) അഭിപ്രായം ഭദ്രരാജു കൃഷ്ണമൂര്‍ത്തി ഉദ്ധരിക്കുന്നു. ഗ്രീക്ക്, തമിഴ്, എളമൈറ്റ് ഭാഷകള്‍ തമ്മിലുള്ള അടുത്ത സാദൃശ്യം വാക്കുകള്‍, വ്യാകരണാംശങ്ങള്‍, രാഷ്ട്രീയഘടന, സാമ്പത്തിക സൂചനകള്‍ എന്നിവ താരതമ്യം ചെയ്ത് സ്ഥാപിക്കുകയും ചെയ്യുന്നു.31 ദ്രാവിഡര്‍ ഇന്ത്യയില്‍ ജനിച്ച് വിവിധപ്രദേശങ്ങളിലേയ്ക്കു വ്യാപിച്ചവരാണെന്ന് കാവല്ലി ഫോര്‍സായുടെ നിരീക്ഷണവും കൃഷ്ണമൂര്‍ത്തി സൂചിപ്പിക്കുന്നുണ്ട്. ആദ്യകാല നീഗ്രിറ്റോയ്ഡുകളൊഴികെ ഗോത്രസമൂഹങ്ങളുള്‍പ്പെടെ എല്ലാവരും കുടിയേറിയവരാണെന്ന വസ്തുത ഇന്ന് വിവിധ ഖനന-ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.32 ശൂദ്രോയ്ഡുകളും ആഫ്രിക്കക്കാരും തമ്മിലുള്ള ഐക്യം നിറം, ശരീരഘടന, ഭാഷ, ആചാരവിശ്വാസങ്ങള്‍, കൃഷി, ജനിതകപാരമ്പര്യം, സസ്യങ്ങള്‍, ഉരഗങ്ങള്‍, സസ്തനികള്‍ എന്നിവയിലെല്ലാം സുവ്യക്തമാണെന്ന് ഇന്‍ഡോപീഡിയ പ്രസ്താവിക്കുന്നു. ബി.സി.3000-ത്തിലെ ആഫ്രിക്കയിലെയും ഇന്ത്യയിലെയും മഹാശിലായുഗ സംസ്‌കാരങ്ങള്‍ തമ്മില്‍ അടുത്ത സാദൃശ്യമുണ്ട്. രണ്ടിടത്തും കറുത്തതും ചുവന്നതുമായ അവശിഷ്ടങ്ങള്‍, മണ്‍പാത്രങ്ങള്‍, അസ്ഥികള്‍ തുടങ്ങിയവയും ഗുഹാചിത്രങ്ങളും ഒരുപോലെയുള്ളവയാണ്. ഇത് ഈ പ്രദേശങ്ങള്‍ തമ്മില്‍ പണ്ടുമുതലുള്ള ബന്ധങ്ങളെയാണ് തെളിയിക്കുന്നത്. അതില്‍ നല്കുന്ന ചില ഉദാഹരണപദങ്ങള്‍ നോക്കുക:
ബോട്‌സ്വാന, ബോഫു തത്സ്വാന (പ്രദേശം)- ഗോണ്ട്വാന (പ്രദേശം) ഉബാംഗി (നദി), ഭംഗി (ജാതി), ഗോണ്ടര്‍ (ഠൗണ്‍, പ്രദേശം)-ഗോണ്ട്-ഒരു ഗോത്രം, കോംഗോ (നദി, പ്രദേശം, ഗോത്രം), കൊങ്ങുനാട് (പ്രദേശം) കൊങ് / ഖോണ്ട് (ഗോത്രം). 33 എത്യോപ്യയിലെ ഗാലകളും (Galla) ഇന്ത്യയിലെ ഗോപാലരും (gopala) മിക്കവാറും ഒരേ വംശത്തില്‍പ്പെട്ട ആട്ടിടയന്മാരാണ്. മഹാശിലായുഗാവശിഷ്ടങ്ങള്‍, മണ്‍പാത്രങ്ങള്‍, അസ്ഥികള്‍ തുടങ്ങിയവും ഗുഹാചിത്രങ്ങളും ഒരുപോലെയുള്ളവയാണ്. ഇത് ഈ പ്രദേശങ്ങള്‍ തമ്മില്‍ പണ്ടു മുതലുള്ള ബന്ധങ്ങളെയാണ് കാണിക്കുന്നത്. സൊമാലിയയിലെ ഗൊദബാകളുമായുള്ള ബന്ധത്തില്‍ നിന്നായിരിക്കണം ഡക്കാനിലെ ഗോദാവരി നദിക്ക് ആ പേര് കിട്ടിയതെന്നും ഈ പ്രബന്ധത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. അതുപോലെ ഗോണ്ടുകള്‍ക്കുമുണ്ട് ആഴത്തിലുള്ള ആഫ്രിക്കന്‍ ബന്ധം.
ദ്രാവിഡരുടെ ഐതിഹ്യങ്ങളില്‍ ഒരു പ്രാചീനഭൂമി കടലില്‍ താഴ്ന്നുപോയതായി സൂചനകളുണ്ട്. ജനനിബിഡമായ നഗരങ്ങള്‍ നിറഞ്ഞസ്ഥലമായിരുന്നു അതെന്നാണ് തമിഴ് ജനതയുടെ വിശ്വാസം.34 സഹാറയിലെ നുബിയനുകളുമായി അടുത്തബന്ധമുള്ള ഈ ദ്രാവിഡരാണ് കെര്‍മസാമ്രാജ്യം സ്ഥാപിച്ചത്. ഈജിപ്റ്റ് കെര്‍മയുമായി നിരന്തരം യുദ്ധത്തിലായിരുന്നതിനാല്‍ ലെമൂറിയയിലൂടെയുളള ബന്ധം കൂടുതല്‍ സ്വാഭാവികമാണ്.
35 ടി.ആര്‍. ശേഷ ഐയ്യങ്കാര്‍ സുമേറിയക്കാര്‍, ആസ്ത്രലോയ്ഡ്‌സ് എന്നിവര്‍ ദ്രാവിഡരില്‍ നിന്ന് ജനിച്ചതാണെന്ന് പ്രസ്താവിക്കുന്നു. ബ്രാഹ്മണര്‍ പോലും ദ്രാവിഡരാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഇന്ത്യയിലെ ദ്രാവിഡര്‍ ഒരു കാലത്ത് ലോകം മുഴുവന്‍ വ്യാപിച്ചിരുന്നതായും അദ്ദേഹം കരുതുന്നു (പുറം 30-44). അതുപോലെ ദ്രാവിഡര്‍ നീഗ്രോവംശത്തില്‍ നിന്ന് ഉത്ഭവിച്ചവരാണെന്ന കാര്യത്തിലും അദ്ദേഹത്തിന് ഒരു സംശയവുമില്ല. വിന്റേഴ്‌സ് ഉള്‍പ്പെടെ വിവിധ പണ്ഡിതന്മാര്‍ ആഫ്രോ-ദ്രാവിഡ ഭാഷാഗോത്രത്തെപ്പറ്റി വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്.
നരവംശശാസ്ത്രജ്ഞനായ ടോപിനാര്‍ഡ് ഇന്ത്യന്‍ ഉപദ്വീപിലെ ജനങ്ങളെ മൂന്നുവിഭാഗങ്ങളായി തിരിക്കുന്നു. കറുത്തവര്‍, മംഗോളിയര്‍, ആര്യന്‍ എന്നിങ്ങനെ. കറുത്തവരില്‍ ഏറ്റവും പ്രാചീനര്‍ യേനാഡികളും കുറുമ്പരുമാണ്. മംഗോളിയര്‍ മധ്യേന്ത്യന്‍ പീഠഭൂമികളിലാണ് രണ്ടു പാരമ്പര്യങ്ങളായി കാണപ്പെടുന്നത്. ഒന്ന് വടക്കു-കിഴക്കനും മറ്റേത് വടക്കു-പടിഞ്ഞാറനും. കറുത്തവരുടെ കുടിയേറ്റത്തിന്റെ അവശിഷ്ടങ്ങള്‍ ദ്രാവിഡരില്‍ അഥവാ തമിഴ് ഗോത്രങ്ങളില്‍ കാണാം. രണ്ടാമത്തേത് ജാട്ടുകളിലും മൂന്നാമത്തേത് ആര്യന്മാരിലുമാണ്. മനുഷ്യരുടെ 12 വര്‍ഗങ്ങളില്‍ (species) ദ്രാവിഡര്‍, നൂബിയനുകള്‍, മെഡിറ്ററേനിയന്‍കാര്‍ എന്നിവര്‍ മൂന്നും തമ്മില്‍ മറ്റുള്ളവരില്‍ നിന്ന് ഭിന്നമായി, വളരെയധികം അടുത്ത ബന്ധമുള്ളതായി സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രസിദ്ധ നരവംശശാസ്ത്രജഞനായ ഹെക്കലിനെ ഉദ്ധരിച്ച് അയ്യങ്കാര്‍ അഭിപ്രായപ്പെടുന്നു. ഈജിപ്ഷ്യന്‍-ഹാരപ്പാ സംസ്‌കാരങ്ങളുടെ നിര്‍മാതാക്കള്‍ ആദ്യഘട്ടത്തില്‍ ആഫ്രിക്കയിലെ നീഗ്രോവംശക്കാരായിരുന്നു. ചുരുക്കത്തില്‍ പ്രാചീന സംസ്‌കാരങ്ങളുടെയെല്ലാം നിര്‍മാതാക്കള്‍ നീഗ്രോവംശജരുടെ ഭിന്ന ശാഖകളായിരുന്നുവെന്നാണ് ഇവിടെ വ്യക്തമാകുന്നത്. ഇവര്‍ ഇന്ത്യയില്‍ ഹാരപ്പാ-മൊഹന്‍ജദാരോ, മധ്യപ്രദേശിലെ ഭീമബേഡ്ക്കര്‍, നര്‍മദാതീരങ്ങള്‍, ആന്ധ്ര, കന്നഡ, തമിഴ്‌നാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും പൂര്‍വ-പശ്ചിമഘട്ട മലനിരകളില്‍ നിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ള പുരാവസ്തുപരമായ അവശിഷ്ടങ്ങളും ഇന്നും കടന്നുചെല്ലാന്‍ പ്രയാസമേറിയ വനാന്തരങ്ങളിലെ പ്രകൃതിജന്യമായ ഗുഹകളില്‍ കാണുന്ന വൈവിധ്യമേറിയ ചിത്രശേഖരങ്ങളുമെല്ലാം നീഗ്രോവംശത്തില്‍പ്പെടുന്ന വിവിധ ഗോത്രസമൂഹങ്ങളുടെ ആഫ്രിക്ക മുതല്‍ ആസ്‌ത്രേലിയ വരെയുള്ള ഈ വ്യാപനത്തിന്റെ അനിഷേധ്യങ്ങളായ തെളിവുകളാണ്. ഒരേപ്രദേശത്തുനിന്നുതന്നെ വിവിധ സംസ്‌കാരങ്ങളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുള്ളതില്‍ നിന്ന്, ഒരു പ്രദേശം വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്ത സംസ്‌കാരക്കാര്‍ ആവാസ കേന്ദ്രമാക്കിയിരുന്നുവെന്ന് തെളിയുന്നു. 36 ദ്രാവിഡരെപ്പറ്റി വിശദമായി പഠിച്ചിട്ടുളള ക്ലൈഡ് അഹമ്മദ് വിന്റേഴ്‌സിന്റെ അഭിപ്രായത്തില്‍ ദ്രാവിഡരായിരുന്നു ഹാരപ്പന്‍ സംസ്‌കാരത്തിന്റെ സ്ഥാപകര്‍. പുരാശാസ്ത്ര വിജ്ഞാനീയപരവും ഭാഷാശാസ്ത്രപരവുമായ തെളിവുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. സിന്ധൂനദീതടത്തില്‍ നിന്നാരംഭിച്ച് വടക്ക് കിഴക്കേ അഫ്ഗാനിസ്ഥാനിലൂടെ തുര്‍ക്കിസ്ഥാന്‍ വരെ വ്യാപിച്ചിരുന്നതാണ് ആ സംസ്‌കാരം. ക്രി.മു 2600 മുതല്‍ 1700വരെ അത് നിലനിന്നു. ഈജിപ്ഷ്യന്‍ രാജവംശത്തെക്കാള്‍ ഇരട്ടി വലിപ്പമേ ഹാരപ്പന്‍ സംസ്‌കാരത്തിനുണ്ടായിരുന്നുള്ളു. മെസപ്പൊട്ടേമിയ, ഇറാന്‍ എന്നിവയുമായുളള വാണിജ്യ ബന്ധങ്ങള്‍ക്കപ്പുറം ഹാരപ്പന്‍ നാഗരിക രാജ്യങ്ങള്‍ക്ക് മധ്യേഷ്യയുമായും ശക്തമായി വ്യാപാരബന്ധങ്ങളുണ്ടായിരുന്നു. അതായത,് സുമേറിയന്‍, ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങളും സൈന്ധവ സംസ്‌കാരവും ദ്രാവിഡീയമാണെന്നര്‍ഥം. ഈ ദ്രാവിഡരാകട്ടെ, ആസ്റ്റ്രിക് വംശത്തിന്റെ ഒരു ശാഖയുമാണ്. എന്നാല്‍ പ്രാചീന ഇന്ത്യാചരിത്രത്തില്‍ ആര്യ-ദ്രാവിഡരെന്നു രണ്ട് വിഭാഗങ്ങള്‍ മാത്രമല്ല ഉണ്ടായിരുന്നതെന്ന് കൊസാംബി സൂചിപ്പിക്കുന്നത് നാഗന്മാരെ ചൂണ്ടിക്കാട്ടിയാണ്. ഇവര്‍ വനവാസികളാണെന്ന് കോസാംബിയും37 നദീതീരങ്ങളില്‍ പാര്‍ത്തിരുന്നവരാണെന്ന് ടി.എച്ച്. ചെന്താരശ്ശേരിയും പറയുന്നു. എന്നല്ല 38 ദ്രാവിഡനെന്നും നാഗനെന്നും പറയുന്നത് ഒരു വര്‍ഗത്തിന്റെ തന്നെ രണ്ട് പേരുകളാണത്രെ. ഡോ.ബി.ആര്‍. അംബേദ്കര്‍ ദ്രാവിഡരും നാഗന്മാരും ഒന്നാണെന്നും അവര്‍ മെഡിറ്ററേനിയന്മാരാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തില്‍ ഈ നാഗന്മാരും ആദിചേരന്മാരും ഒന്നിച്ചു ചേര്‍ന്നുവെന്ന അംബേദ്കറുടെ അഭിപ്രായം ചെന്താരശ്ശേരിയും പങ്കിടുന്നു. ഉത്തരേന്ത്യന്‍ നാഗന്മാര്‍ ദ്രാവിഡത്തിന്റെ ഒരു ശാഖയായ തമിഴ് വിട്ട് സംസ്‌കൃതം സ്വീകരിച്ചെങ്കിലും ദക്ഷിണേന്ത്യക്കാര്‍ അതിനു തയ്യാറായില്ലെന്ന അദ്ദേഹത്തിന്റെ വാദഗതി പ്രമുഖ ദ്രാവിഡ ഭാഷാശാസ്ത്രജ്ഞര്‍ക്കെല്ലാം സമ്മതമാണ്. 39 ആര്യ-ദ്രാവിഡ ഭാഷകള്‍ക്കു പുറമേ ആസ്റ്റ്രോ-ഏഷ്യാറ്റിക് എന്ന് ഷ്മിത്ത് വിളിക്കുന്ന ഗോത്രത്തില്‍പ്പെട്ട ഭാഷകളും ഇന്ത്യയിലുണ്ട്. ഇത് ദ്രാവിഡപൂര്‍വ്വികരായി ഇന്ത്യയില്‍ കുടിപാര്‍ത്തിരുന്ന ഒരു ആദിമ ജനസമൂഹത്തെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. ഈ വര്‍ഗക്കാര്‍ ഇന്ത്യയില്‍ വളരെയധികം സ്ഥലങ്ങളില്‍ ഒരുകാലത്ത് പരന്നുകിടന്നിരുന്നുവെന്നും അവരുടെ ശാഖകള്‍, സുമാത്ര, ജാവ തുടങ്ങിയ പൂര്‍വേഷ്യന്‍ പ്രദേശങ്ങളിലെല്ലാം താമസിച്ചിരുന്നുവെന്നുമാണ് പറയപ്പെടുന്നത്. ആര്യന്മാര്‍ ഈ ദ്രാവിഡേതര വര്‍ഗത്തെ നിഷാദര്‍ എന്നാണ് വിളിച്ചിരുന്നത്. വര്‍ഗപരമായി ദ്രാവിഡരും മുണ്ഡകളും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം ഒന്നായിച്ചേര്‍ന്നിട്ടുണ്ടെങ്കിലും ഈ രണ്ടുകൂട്ടരുടെയും ഭാഷകള്‍ ഇപ്പോഴും വേറിട്ടു നില്‍ക്കുന്നു. തെക്കേ ഇന്ത്യയിലെ ജനസംഖ്യയില്‍ ദ്രാവിഡര്‍ക്കും മുമ്പുളള പോളിനേഷ്യക്കാരുടെ കലര്‍പ്പ് ധാരാളമുണ്ടെന്നും ദ്രാവിഡരുടെ ആഗമനത്തിനുശേഷവും മലയയില്‍ നിന്ന് ഇവിടെ കുടിയേറിപ്പാര്‍പ്പ് ഉണ്ടായിട്ടുണ്ടെന്നും ജയിംസ് ഹോര്‍ണല്‍ പറയുന്നത് സില്‍വിയന്‍ ലെവി ചൂണ്ടിക്കാട്ടുന്നുണ്ട്. ഭാഷാശാസ്ത്രജ്ഞനായ എഫ്.ആര്‍.കൂപ്പര്‍ ദീര്‍ഘമായ ഒരു പഠനത്തിലൂടെ40 വൈദികകാലത്തുതന്നെ ഇന്നത്തെ മുണ്ഡ ഭാഷയുടെ പൂര്‍വരൂപത്തില്‍ നിന്ന് പല പദങ്ങളും സംസ്‌കൃതത്തില്‍ പകര്‍ന്നിട്ടുണ്ടെന്നും മുണ്ഡയും ദ്രാവിഡവുമായി നാലായിരം കൊല്ലത്തോളമുളള അടുത്തബന്ധമുണ്ടെന്നും സ്ഥാപിക്കുന്നത,് ഡോ. കെ.എന്‍.എഴുത്തച്ഛന്‍ എടുത്തുകാട്ടുന്നുണ്ട്. ഗോണ്ഡപോലെതന്നെ വടക്കേ ഇന്ത്യയിലെ കാട്ടുവാസികളായ ഒല്ലര്‍ സംസാരിക്കുന്ന ഒല്ലാരിയും ഒരു മൂലദ്രാവിഡഭാഷയാണ്. ഇത് സംസാരിച്ചിരുന്നത് പ്രാചീന തമിഴ് സാഹിത്യത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുളള ഒലിനാഗരായിരിക്കണമെന്ന് സൂധാഭൂഷണ്‍ ഭട്ടാചാര്യയും മറ്റും സ്ഥാപിച്ചിട്ടുണ്ട്. 41 ഡോ. എഴുത്തച്ഛന്റെ നിരീക്ഷണം, പര്‍ജി, ഒല്ലാരി, പോയ എന്നിവയും കൊലാമി, നൈകി എന്നിവയും ചേര്‍ന്ന് മധ്യേന്ത്യയില്‍ ഒരു നല്ല ദ്രാവിഡഭാഷാ കുടുംബമുണ്ടെന്നാണ്. ഇവയ്ക്ക് ദക്ഷിണദ്രാവിഡ ഭാഷകളോട്, വിശേഷിച്ച് തെലുങ്കിനോട് വ്യക്തമായ ബന്ധമുണ്ട്. ചുരുക്കത്തില്‍, ദ്രാവിഡര്‍, ആര്യര്‍ എന്നീ ഭാഷാ- സംസ്‌കാര വിഭാഗങ്ങള്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനു മുമ്പുതന്നെ പ്രാചീനഗോത്ര വര്‍ഗക്കാരായ ജനസമൂഹങ്ങള്‍ ഇന്ത്യയിലെല്ലായിടത്തും ചിതറിപ്പരന്നിരുന്നുവെന്നും അവരുടെ ഭാഷയും സംസ്‌കാര പൈത്യകങ്ങളും കൂടി ഉള്‍പ്പെട്ട ഒരു സങ്കരപൈതൃകമാണ് ദ്രാവിഡ-ആര്യ സംസ്‌കാര പാരമ്പര്യങ്ങള്‍ക്കുള്ളതെന്നും ഈ പൈതൃകങ്ങള്‍ ഇന്ന് ഇഴതിരിച്ചെടുക്കാന്‍ സാധ്യമല്ലെങ്കിലും ഓരോന്നിന്റെയും സവിശേഷമുദ്രകള്‍ പൊതുസംസ്‌കാര ധാരയില്‍നിന്ന് വേറിട്ടു മനസ്സിലാക്കാന്‍ കഴിയുമെന്നും വ്യക്തമാണ്.
30 Dravidian Languages B.Krishnamoorthi p.3
31 ibid p.3
32 http:/www.assatashakur. org./ forum/archive/indexthp/t-41-46,p.3/10 Sudroid(Indo-African Race
33 ibid.p.24
34 ibid.p.4/10
35 Dravidian India:Extracts from T.R.Shesha Iyengar’s Dravidian India by.Dr.Samar abbas
36 Are Dravidians of African Orogin. second ISAS,1980 Asian Rearch Service 1981.p.789-807
37 ആദി ഇന്ത്യരുടെ ചരിത്രം: റ്റി.എച്ച്.പി. ചെന്താരശ്ശേരി; പുറം.81-82, മൈത്രി ബുക്ക്‌സ്, 1999
38 ഇ.പു. പുറം 83
39 തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ : കെ.എന്‍.എഴുത്തച്ഛന്‍ (ആര്യര്‍ക്കും ദ്രാവിഡര്‍ക്കും മുന്‍പ് എന്ന ലേഖനം) പുറം 19. കേ.സ.അ. 1991
40 ഇ.പു.പു.19
41 ഇ.പു. പു.88
(തുടരും)