ഞായറാഴ്ച.
തലേന്ന് കിട്ടിയ വേനല്‍ മഴയുടെ സന്തോഷത്തില്‍ പ്രസന്നവദനയായ മുറ്റം. കിളികളുടെ ഉത്സാഹം, ബഹളം.
അത് നോക്കിയിരിക്കേ ഗേറ്റില്‍ ഒരു ശബ്ദം. ഉണ്ണി വക്കീല്‍ ആണ്.
‘വരൂ വരൂ കുറേ നാളായല്ലോ കണ്ടിട്ട്.’ ഞാന്‍ ഇരിക്കാന്‍ പറഞ്ഞു.
ഉണ്ണിവക്കീല്‍ ഇരുന്ന പാടെ ചോദിച്ചു.
‘വഖഫ് ഭേദഗതിയ്‌ക്കെതിരെയുള്ള പ്രതിഷേധം കണ്ടില്ലേ?’
‘ബംഗാളിലെപ്പോലെ അക്രമാസക്തമായില്ലെങ്കില്‍ നല്ലത്.’
‘പറയാന്‍ പറ്റില്ല. ഈയിടെ ഒരു മുന്‍മന്ത്രി പറഞ്ഞത് കേട്ടില്ലേ? അക്രമം കാട്ടുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മതപഠനം ഉള്ളവരാണെന്ന്.’
‘കേട്ടു. മറ്റാരെങ്കിലും ആയിരുന്നു അത് പറഞ്ഞത് എങ്കില്‍ പുലിവാലായേനെ. എന്തായാലും എനിക്ക് പലതവണ തോന്നിയതാണ് അത്. മയക്കുമരുന്നിന്റെ കാര്യത്തില്‍ മാത്രമല്ല. പരിസ്ഥിതി മലിനീകരണം, പരിസര ശുചിത്വം, ശബ്ദമലിനീകരണം, റോഡിലെ അച്ചടക്കം, സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം തുടങ്ങി മറ്റു പല കാര്യത്തിലും മതപഠനം നേടിയവരാണ് സമൂഹത്തില്‍ ഏറെ മോശമായി പെരുമാറുന്നത്.’
‘എന്താണ് പഠിപ്പിക്കുന്നത് എന്ന് നോക്കണം. സ്വര്‍ഗ്ഗത്തിലെ കാര്യങ്ങള്‍ മാത്രം പഠിപ്പിച്ചു ഭൂമിയിലെ കാര്യങ്ങള്‍ പാടെ അവഗണിച്ചാല്‍ അങ്ങനെയിരിക്കും.’
‘പക്ഷേ പ്രസ്തുത യുവാക്കള്‍ക്ക് കര്‍മ്മ കുശലത കൂടും. ട്രാഫിക് നിയന്ത്രണത്തില്‍ സഹായം, അപകടം സംഭവിച്ചാല്‍ സഹായം എന്നിവയില്‍ അവരാണ് മുന്‍കൈ എടുക്കാറുള്ളത്. നന്മമരങ്ങളാവുന്നതും അവരാണല്ലോ.’
‘ശരിയാണ്. എന്നിരുന്നാലും ധാര്‍മ്മികത, പരിസര ശുചിത്വം, സഹജീവിസ്‌നേഹം, സഹിഷ്ണുത, കരുണ, ദയ, പൗരത്വബോധം, സമൂഹത്തില്‍ എങ്ങനെ പെരുമാറണം, എങ്ങനെ സംസാരിക്കണം, എങ്ങനെ ഇരിക്കണം, എങ്ങനെ ഭക്ഷണം കഴിക്കണം എന്നെല്ലാം എല്ലാ കുട്ടികള്‍ക്കും മതപഠനത്തിന്റെ ഭാഗമായി പഠിപ്പിച്ചു കൊടുത്തിരുന്നെങ്കില്‍ എന്ന് ഞാന്‍ പല തവണ ചിന്തിച്ചിട്ടുണ്ട്.’
‘മദ്രസ്സകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ സിലബസ്സും വേണം.’
‘സര്‍ക്കാര്‍ സഹായമില്ലെങ്കിലും ക്രിസ്ത്യാനികള്‍ക്ക് ബൈബിള്‍ ക്ലാസ്സുണ്ട്, ഹിന്ദു കുട്ടികള്‍ക്ക് ഒന്നുമില്ല. അമ്പലം മൊത്തം വിഴുങ്ങുന്ന സര്‍ക്കാര്‍ അതിന് മുന്‍കൈ എടുക്കണം. നല്ല സ്വഭാവങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്ന ബാലഗോകുലത്തിന്റെ ശാഖ എല്ലാ പ്രൈമറി സ്‌കൂളിലും വേണം.’
‘ഹ.ഹ.ഹ.. ആരും കേള്‍ക്കണ്ട.. വാളെടുത്താല്‍ അങ്കക്കലി എന്ന് പറഞ്ഞ പോലെ ചാടി വീഴും ചിലര്‍.’
‘അമ്പലങ്ങള്‍ ദേവസ്വം വകയാണല്ലോ. ദേവസ്വം സര്‍ക്കാര്‍ വകയും. പള്ളികള്‍ ഏറെയും വഖഫ് വക. മദ്രസ്സകളും വഖഫ് വക. വഖഫും സര്‍ക്കാര്‍ വകയാക്കണം. ചര്‍ച്ചുകളും സര്‍ക്കാര്‍ വകയാക്കണം. എത്രായിരം മുസ്ലിം പള്ളികളും ക്രിസ്ത്യന്‍ പള്ളികളും കൈവശം വന്നു ചേരും? എത്ര വരുമാനം സര്‍ക്കാരിന് ലഭിക്കും? ഗോവിന്ദന്‍മാഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘കോടി കോടികള്‍ കയ്യില്‍ വരും. എന്താ പുളിക്ക്യോ?’
ഉണ്ണിയ്ക്ക് അരിശം വന്നുവോ എന്തോ?
പുള്ളിയുടെ ശബ്ദം കനത്തു. ‘അതിന് വെറും പെറുക്കി സെക്കുലറിസ്റ്റുകള്‍ ആവാതെ മാര്‍ക്‌സിസ്റ്റുകള്‍ യഥാര്‍ത്ഥ മതേതരവാദികളാവട്ടെ.’
ഞാന്‍ വിഷയം മാറ്റി.
‘അല്ല, ഒന്ന് ചോദിക്കട്ടെ മുസ്ലിം രാജാക്കന്മാര്‍ വഖഫ് ചെയ്ത പോലെയല്ലേ നമ്മുടെ രാജാക്കന്മാര്‍ തൃപ്പടിദാനം ചെയ്തതും എല്ലാം ശ്രീപത്മനാഭന് ദാനം ചെയ്തു പത്മനാഭദാസനായി കഴിഞ്ഞതും. പ്രജകള്‍ എല്ലാ മതസ്ഥരും ഉണ്ടായിരുന്നു. മുഗളന്മാര്‍ ഭരിക്കുമ്പോള്‍ ഇന്ത്യയില്‍ ഹിന്ദുക്കളായിരുന്നു കൂടുതലും. എന്നിട്ടും മുഗളന്മാര്‍ ദാനം ചെയ്ത വഖഫ് സ്വത്തുക്കള്‍ മുസ്‌ലിങ്ങള്‍ക്ക് മാത്രമായി നിലനിര്‍ത്തുന്നത് ശരിയോ? ഭരണസമിതിയില്‍ ഒരാള്‍ അമുസ്ലിം എന്ന് കേട്ട് ബഹളം വെയ്ക്കുന്നത് കണ്ടില്ലേ? ശ്രീപത്മനാഭന്റെ സ്വത്തുക്കളെപ്പറ്റി പറയുമ്പോള്‍ നികുതിദായകരായി എല്ലാ മതസ്ഥരും ഉണ്ടായിരുന്നു എ ന്നൊക്കെ പറയാറുണ്ട്. നിധി, നിലവറ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നാട്ടുകാരില്‍ നിന്ന് കരം പിരിച്ച കാര്യം പറയും.
മുഗളന്മാര്‍ താജ്മഹല്‍, ചെങ്കോട്ട എന്നിവ ഉണ്ടാക്കിയത് ഉസ്‌ബെകിസ്താനില്‍ നിന്ന് കൊണ്ടുവന്നതു കൊണ്ടല്ലല്ലോ. സത്യത്തില്‍ വഖഫിന്റെ കാര്യം പറഞ്ഞ് എന്തൊരു ബഹളമാണ്. വഖഫ് എന്ന് പറഞ്ഞാല്‍ അള്ളാഹുവിന് കൊടുത്തതല്ലേ? അള്ളാഹു എല്ലാവരുടെയും ദൈവമല്ലേ? പിന്നെന്തിനാ, ആര്‍.എസ്.എസ്, കവര്‍ച്ച എന്നൊക്കെ പറയുന്നത്?’
‘ഹ..ഹ..ഹ..’ ഉണ്ണി ചിരിച്ചു. ‘കോഴിക്കോട് ബീച്ചിലെ ജാഥ ഞാനും കണ്ടു. സ്ത്രീകള്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു പോകുന്നു.’
‘ഈയിടെ ഒരു ഉസ്താദ് പറയുന്നതു കേട്ടു സ്ത്രീകള്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചാല്‍ ആകാശത്തിനു ദ്വാരം ഉണ്ടാവും എന്ന്.’
‘ഹ.ഹ… ഓസോണ്‍ ഹോള്‍ ആയിരിക്കും.! സ്ത്രീകള്‍ക്ക് അത് എളുപ്പം സാധിക്കുമായിരിക്കും.’
‘അല്ല, ഒരു ചോദ്യം ചോദിക്കട്ടെ ഈ വഖഫ് പോലെയല്ലേ ‘വക’? നമ്മുടെ ക്ഷേത്രങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം വക, മലബാര്‍ ദേവസ്വം വക, സാമൂതിരി വക എന്നൊക്കെ എഴുതിവെക്കുന്നുണ്ടല്ലോ.’
‘അല്ല. വഖഫ് ചുരുക്കം ചില വ്യക്തികള്‍ കൈകാര്യം ചെയ്യുന്ന ട്രസ്റ്റ് ആണ്, മറ്റേത് പരമ്പരാഗത അവകാശികളും, സര്‍ക്കാര്‍ അവരില്‍ നിന്ന് പിടിച്ചെടുത്ത സ്ഥാപനങ്ങളും ആണ്. വക ഉടമസ്ഥതയെ സൂചിപ്പിക്കുന്നു. അതല്ലാതെ വലിയ താരതമ്യമൊന്നുമില്ല.’
‘വക’ എന്ന വാക്കിന്മേല്‍ ഞാന്‍ കുറച്ച് ഗവേഷണം നടത്തി. ആ വാക്ക് ലോകത്ത് എമ്പാടും ഉപയോഗിച്ച് വരുന്നുണ്ട്. പോളിനേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍, സ്‌കാന്ഡിനേവിയന്‍ രാജ്യങ്ങളിലും അമേരിക്കന്‍ ആദിവാസി ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലും എല്ലാം അത് ഉപയോഗിച്ച് വരുന്നു. അര്‍ത്ഥത്തില്‍ വ്യത്യാസമുണ്ട്. ചിലയിടത്ത് നമ്മുടെ വക തന്നെ അര്‍ത്ഥം. 2010 ലെ വേള്‍ഡ് കപ്പ് ഫുട്‌ബോളിന്റെ ഷക്കീറയുടെ പാട്ടില്‍ വക്കാ വക്കായുണ്ട് ‘സാമിനാമിന വക്കാ വക്കാ ഹേ ഹേ ദിസ് ടൈം ഫോര്‍ ആഫ്രിക്കാ’, കേട്ടിട്ടില്ലേ?’
‘ഹോ… അത് ഭയങ്കര ഹിറ്റ് ആയിരുന്നു. സന്തോഷം വരുമ്പോള്‍ പാടാന്‍ പറ്റിയ പാട്ട്.’
‘അതിലെ വക്കാ എന്ന ആഫ്രിക്കന്‍ വാക്കിന്റെ അര്‍ത്ഥം ചെയ്യുക’ Do it’, ‘Perform’എന്നൊക്കെയാണ്.
‘നമ്മുടെ വകയുടെയും അര്‍ത്ഥങ്ങള്‍ മാറിമാറി വരുന്നത് കാണുന്നുണ്ടല്ലോ’.
‘ശരിയാണ്’ സാമൂതിരി വക ‘ഉടമസ്ഥത’യെ കുറിക്കുന്നു. കുരുത്തക്കേട് കാട്ടുന്ന കുട്ടികള്‍ ചുമരില്‍ കുത്തിവരച്ചാല്‍ നാം ആരുടെ വകയാണിത്? എന്ന് ദേഷ്യപ്പെട്ട് ചോദിക്കുമ്പോള്‍ അതിന് ‘പണി’ എന്നര്‍ത്ഥം വരും. അത് വകയിരുത്തിയോ? എന്ന് ചോദിച്ചാല്‍ കണക്കില്‍ കൊള്ളിച്ചുവോ എന്നര്‍ത്ഥം വരും. വക മാറ്റി ചിലവഴിച്ചു എന്ന് പറഞ്ഞാല്‍ ഉദ്ദേശിച്ചതിനല്ലാതെ എന്നര്‍ത്ഥം വരും. ആളെ വകവരുത്തി എന്ന് പറഞ്ഞാലോ കൊന്നു എന്നും അര്‍ത്ഥം വരും. മുടി വകഞ്ഞിട്ടാല്‍ അത് വിഭജിച്ച് ഇടലാവും. ‘ഒരു വക’ എന്ന് പറഞ്ഞാല്‍ മോശം, കൊള്ളില്ല എന്നൊക്കെ അര്‍ത്ഥം വരും. വകയില്‍ ഒരമ്മാവനാ എന്ന് പറഞ്ഞാല്‍ അകന്ന ബന്ധുവാണ്. ഒരു വകതിരിവ് ഇല്ല എന്ന് പറഞ്ഞാലോ?
‘രാഹുല്‍ ഗാന്ധിയെ ഓര്‍മ്മ വരും’
‘ഹ.ഹ.ഹ… ശരിയാ ‘ഒരു വകയ്ക്ക്’ കൊള്ളില്ല’.
‘വക പോലെയല്ല വഖഫ്. വഖഫ് കൊണ്ട് പല ഉപയോഗങ്ങളും ഉണ്ട്’
‘ശരിയാ.. ഇവിടെ വഖഫ് ആക്കി തനിക്കാക്കുകയാണ് ചിലര്‍’ എന്ന് ഉണ്ണി പറഞ്ഞപ്പോള്‍ വഖഫിനു വേറെ അര്‍ത്ഥം വന്നു. ‘അതിന്റെ ശരിയായ മാനേജ്‌മെന്റിനാണ് വഖഫ് ബില്‍ ഭേദഗതി ചെയ്യുന്നത്’.
‘എന്തായാലും ഏതെങ്കിലും ഒരു വസ്തു ദേവസ്വം വക ആണെന്നോ അല്ലെന്നോ പറഞ്ഞിട്ടോ ആരുടേയും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. അതുപോലെയല്ല വഖഫ് ബില്ലില്‍. ഒരു ഭേദഗതി കൊണ്ട് വന്നപ്പോഴേ അനേകം പേര്‍ക്ക് വീട് നഷ്ടപ്പെട്ടു ജീവനും പൊലിഞ്ഞു. ഭയങ്കരം തന്നെ.’
‘അതെല്ലാം ഒരൊറ്റ പാര്‍ട്ടിയുടെ അതി പ്രീണന നയം കൊണ്ടുണ്ടായതാണ്. എലിയുടെയും തവളയുടെയും കഥ കേട്ടിട്ടില്ലേ?’
‘ഏതാണ് അത്?’
ഒരു എലിയോട് ഒരു തവളയ്ക്ക് അമിതപ്രേമം. തവള എലിയെ തന്റെ കുളത്തിലേക്ക് ക്ഷണിച്ചു. എലി കുളത്തിന്‍ കരയിലെത്തിയപ്പോള്‍ ഭയന്നു. തവള ധൈര്യം നല്‍കി. ഒന്നും സംഭവിക്കില്ല ഇനി വേണമെങ്കില്‍ രണ്ടുപേരുടെയും കാലുകള്‍ തമ്മില്‍ കെട്ടിയിടാം എന്ന് പറഞ്ഞു കാലുകള്‍ തമ്മില്‍ കൂട്ടിക്കെട്ടി വെള്ളത്തിലേക്ക് എടുത്ത് ചാടി. വെള്ളത്തില്‍ മുങ്ങിയ എലി വെപ്രാളപ്പെട്ടു മുങ്ങി പൊങ്ങി, ഇതെല്ലാം കണ്ടു അടുത്തുള്ള ഒരു മരത്തില്‍ ഒരു പ്രാപ്പിടിയന്‍ ഇരിക്കുന്നുണ്ടായിരുന്നു. അത് വന്നു എലിയെ റാഞ്ചിക്കൊണ്ടുപോയി. ബോണസ് ആയി തവളെയെയും കിട്ടി.
പാഠം: വ്യാജപ്രീതി പ്രതിപത്തി, വിപത്ത് എന്നിവ ക്ഷണിച്ച് വരുത്തും.
‘ശരിയാണ്. അനന്തമായ അവകാശങ്ങള്‍ വഖഫിന് കൊടുത്തത് വഴി ആ പാര്‍ട്ടിയും നാശത്തിലേയ്ക്ക് കൂപ്പു കുത്തും. പക്ഷഭേദ വിവേചനം ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കും.’
വാസ്തവത്തില്‍ ഈശ്വരനാമത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഏല്‍പ്പിച്ച സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തിയിരുന്നില്ലെങ്കില്‍, അന്യായമായി ഭൂമി വെട്ടിപ്പിടിച്ചിരുന്നില്ലെങ്കില്‍ കണ്ടതെല്ലാം വഖഫ് ആണെന്ന് പറഞ്ഞിരുന്നില്ലെങ്കില്‍…’ ഉണ്ണി ഒന്ന് നിര്‍ത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു..
‘ഒരു സുന്നി വഖഫ്‌ബോര്‍ഡ് താജ്മഹല്‍ തങ്ങളുടേതാണെന്ന് പറഞ്ഞപ്പോള്‍ കോടതി ഷാജഹാന്റെ പക്കല്‍ നിന്നു കിട്ടിയ ആധാരം കാണിക്കാന്‍ പറഞ്ഞുവത്രേ. എന്തായാലും മുഗള്‍ കാലഘട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകളുടെ മനസ്സില്‍ ഒരു ഈഷല്‍ കടന്നു കൂടിയിട്ടുണ്ട്. അതൊക്കെ ഈ ഭേദഗതി തീര്‍ക്കുമെന്ന് കരുതാം.’
‘കോടതി സമ്മതിച്ചാല്‍..’ എന്ന് വക്കീല്‍.
‘നോക്കാം. കോടതി അധിനിവേശ ശക്തികളുടെ കൂടെയാണോ അതോ ജനങ്ങളുടെ കൂടെയാണോ എന്ന്’.
‘അല്ലെങ്കില്‍ ഈ ഭൂമിയൊക്കെ ആരുടെതാണ്? എന്തിനാണീ ബഹളമൊക്കെ?’ ഞാന്‍ തത്വചിന്തകനായി.
‘ഈശാവാസ്യമിദം സര്‍വ്വം’ എന്ന ഈശാവാസ്യ ഉപനിഷത്തിലെ വരികള്‍ ഓര്‍ത്തു.
ഈ വിശ്വത്തെ ത്യാഗപൂര്‍വ്വം അനുഭവിച്ചുകൊണ്ടിരിക്കുക. അത്യാഗ്രഹം പാടില്ല. എന്തെന്നാല്‍ ഈ സ്വത്തുക്കള്‍ ആരുടേതാണ്?
ച്ചാല്‍….
സര്‍വ്വ വകകളും വഖഫും ആനയും അമ്പാരിയും അമ്പലവും പള്ളിയും നമ്മളും നമ്മള്‍ നമ്മുടേതെന്നു പറയുന്നതും എല്ലാം അവിടുത്തേതാണ്.
സ്വസ്തി.