രാമായണേതിഹാസത്തില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്ന കഥാപാത്രമല്ലെങ്കിലും, കഥാഗതിയെ പൊടുന്നനെ വഴിതിരിച്ചുവിട്ട നീചകഥാപാത്രമായിട്ടാണ് കൈകേയി പരക്കെ അറിയപ്പെടുന്നത്.
അയോദ്ധ്യയില്‍ നിന്ന് ഏഴുദിവസത്തെ വഴിദൂരമുണ്ടായിരുന്ന കേകയരാജ്യത്തിന്റെ അധിപതിയായ അശ്വപതിയുടെ പുത്രിയും വില്ലാളിവീരനായ യുധാജിത്തിന്റെ സഹോദരിയും അയോദ്ധ്യാധിപതിയായ ദശരഥന്റെ മൂന്ന് പത്‌നിമാരിലൊരുവളും ഭരതമാതാവുമായ കൈകേയി, ആകാരസൗഷ്ഠവം കൊണ്ടും വാക്ചാതുര്യം കൊണ്ടും ബുദ്ധിശക്തികൊണ്ടും ആരിലും മതിപ്പുളവാക്കാന്‍ പോന്ന ദീപ്തവ്യക്തിത്വത്തിനുടമയായിരുന്നു. വിദര്‍ഭരാജപുത്രിയെ വൈദേഹിയെന്നും പാഞ്ചാലരാജപുത്രിയെ പാഞ്ചാലിയെന്നും മിഥിലാരാജപുത്രിയെ മൈഥിലിയെന്നും മറ്റും രാജ്യനാമവുമായി ബന്ധപ്പെടുത്തി നാമകരണം ചെയ്യുന്ന പതിവ് പ്രാചീനകാലത്തുണ്ടായിരുന്നു. ഈ പതിവനുസരിച്ചാണത്രേ കേകയരാജപുത്രിക്ക് കൈകേയി എന്ന നാമം സിദ്ധിച്ചത്.
രാജപത്‌നിമാരായ കൗസല്യയേക്കാളും സുമിത്രയേക്കാളും ദശരഥന് പ്രിയപ്പെട്ടവള്‍ കൈകേയിയായിരുന്നു. പട്ടമഹിഷിയായ കൗസല്യയേക്കാള്‍, രാജാവിന്റെ മനസ്സിലും കൊട്ടാരത്തിനുള്ളിലും കൊട്ടാരത്തിന് പുറത്തും അധികാരകേന്ദ്രമെന്ന നിലയില്‍ സ്വാധീനശക്തിയായി വര്‍ത്തിക്കുവാന്‍ സാധിച്ചതും കൈകേയിക്കായിരുന്നു. രാജപത്‌നിമാരില്‍ ഏറ്റവും സുന്ദരിയും ചെറുപ്പക്കാരിയുമായിരുന്ന കൈകേയിയുടെ സാന്നിധ്യവും സാമീപ്യവും അനിര്‍വചനീയമായ അനുഭൂതിയായി, സുഖദമായ ലഹരിയായി ദശരഥന് അനുഭവവേദ്യമായിത്തീര്‍ന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒട്ടേറെ കഥാസന്ദര്‍ഭങ്ങള്‍ രാമായണത്തിലുണ്ട്. കാമകലയില്‍ അതിവിദഗ്ദ്ധയായ കൈകേയിയുടെ ശാഠ്യങ്ങള്‍ക്ക് എന്നും വഴങ്ങിക്കൊടുത്തിരുന്നു അദ്ദേഹം. ദേവാസുരയുദ്ധവേളയില്‍ പോലും കൈകേയിയെ കൂടെക്കൊണ്ടുപോകുവാന്‍ ദശരഥന്‍ തയ്യാറായത് ഇതിന് നേര്‍തെളിവാണ്. ആപത്തിന്റെ ചിറകടിയൊച്ചകളാല്‍ മുഖരിതമായ യുദ്ധഭൂമിയില്‍ തനിക്കൊപ്പം അനുഗമിക്കാന്‍ സര്‍വഥാ യോഗ്യ, പത്‌നിമാരുടെ നിരയില്‍ കൈകേയി മാത്രമാണെന്ന് ദശരഥന്റെ മനസ്സ് മന്ത്രിച്ചു കാണണം. ഇരുവരും തമ്മിലുള്ള ഹൃദയൈക്യത്തിന്റെ ആഴം വ്യക്തമാവുന്നുണ്ടിവിടെ.
ദേവാസുര യുദ്ധത്തില്‍ ദേവപക്ഷത്തെ സഹായിക്കാനായി എത്തിയ ദശരഥ മഹാരാജാവ് ഒരേ സമയം പത്തുദിക്കുകളിലേക്ക് അഭിമുഖമായി നിന്നുകൊണ്ട് അസുരന്മാരോട് അടരാടിയതും ഇങ്ങനെ സര്‍വാഭിമുഖമായി തേരുപയോഗപ്പെടുത്തിയതിന്റെ ഉലച്ചില്‍ നിമിത്തം തേര്‍ച്ചക്രത്തിന്റെ നടുവിലെ കീലമിളകി രഥം തകര്‍ന്നു വീഴുമെന്ന ഘട്ടമെത്തിയപ്പോള്‍ രാജാവിനെ അതുകാട്ടി പരിഭ്രമിപ്പിക്കാതെ സ്വന്തം ചൂണ്ടാണിവിരല്‍ ശ്രദ്ധയോടെ ചേര്‍ത്തുനിര്‍ത്തി യുദ്ധം പര്യവസാനിക്കും വരെ തേരിന്റെ കോട്ടം തീര്‍ത്തതും കൈകേയിയായിരുന്നു. കൈവിരല്‍ ചതഞ്ഞ് രക്തമൊഴുകുമ്പോഴും വേദന കടിച്ചമര്‍ത്തിക്കൊണ്ട് തളരാതെ നിലകൊണ്ടുവെന്നുമാത്രമല്ല, അതുവഴി ധര്‍മപക്ഷത്തിന് വിജയം സിദ്ധിക്കുവാനും സ്വജീവന്‍ തൃണവത്ഗണിച്ചും ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കുവാനും രാജ്യസുരക്ഷ ഉറപ്പുവരുത്താനും കൈകേയിക്ക് സാധിച്ചു.
വിപദിധൈര്യം, പ്രത്യുല്പന്നമതിത്വം, വിവേകം, കര്‍മധീരത, പതിഭക്തി തുടങ്ങിയ സദ്ഗുണങ്ങളുടെ വിളനിലമായിരുന്നു കൈകേയി എന്നു വ്യക്തമാകുന്ന കഥാസന്ദര്‍ഭമാണ് ദേവാസുരയുദ്ധവേളയിലെ അവരുടെ സാന്നിദ്ധ്യവും ഇടപെടലുകളും. സ്ത്രീകള്‍ അബലകളാണെന്നും അവിവേകികളാണെന്നും ഭീരുക്കളാണെന്നും ബുദ്ധികെട്ടവരാണെന്നും വീടാകുന്ന കൂട്ടിലടക്കപ്പെട്ട നിസ്സഹായ ജന്മങ്ങളാണെന്നുമുള്ള പൊതുധാരണ തകിടം മറിച്ച കൈകേയി, ഭാരതീയ വനിതാസങ്കല്‍പത്തിന്റെ ഉദാത്തഭാവത്തിലേക്കുയര്‍ന്ന സത്മുഹൂര്‍ത്തത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയെങ്കിലും നാം വിലയിരുത്തണം.
മായായുദ്ധപടുവായ ശംബരാസുരനെ വധിച്ച് വിജയശ്രീലാളിതനായ ദശരഥന്‍ കൈകേയിയുടെ ആത്മധൈര്യം നിറഞ്ഞ പ്രവൃത്തിയറിഞ്ഞ് സന്തുഷ്ടചിത്തനായി അഭിനന്ദനപൂര്‍വ്വം രണ്ടു വരങ്ങള്‍ ചോദിച്ചു കൊള്ളാന്‍ ആവശ്യപ്പെട്ടതും ഇഷ്ടമുള്ളതെന്തും താന്‍ സാധിച്ചു കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയതും തനിക്കിപ്പോള്‍ വരങ്ങളൊന്നുമാവശ്യമില്ലെന്നും പിന്നീട് ഉചിത സന്ദര്‍ഭത്തില്‍ രണ്ടുവരങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളാമെന്ന് കൈകേയി മറുപടി നല്‍കിയതും ഏറെ വിഖ്യാതമാണല്ലോ. വരം പിന്നീടാവശ്യപ്പെട്ട് കൊള്ളാമെന്ന് കൈകേയി പറഞ്ഞതിന് പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് ന്യായമായി സംശയിക്കാനാവും. ആ സംശയം അസ്ഥാനത്തല്ലെന്ന് വിച്ഛിന്നാഭിഷേക സന്ദര്‍ഭത്തിലുണ്ടായ സംഭവവികാസങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഉന്നതമായ മാതൃഭാവത്തില്‍ നിന്ന് കൈകേയി അധഃപതിച്ചത് മന്ഥരയുടെ ഏഷണിയുടെ വിഷദംശനമേറ്റതിനാലാണ്. എന്തും തന്നോടാലോചിച്ച ശേഷമേ ഭര്‍ത്താവ് നാളിതുവരെ പ്രവര്‍ത്തിച്ചിരുന്നുള്ളൂ. വളരെ പ്രധാനപ്പെട്ട രാജ്യാഭിഷേകം മാത്രം തന്നില്‍ നിന്ന് രാജാവ് മറച്ചുവെച്ചതെന്തുകൊണ്ടാണെന്ന ചോദ്യം അവളുടെ അന്തരംഗത്തില്‍ അഗ്നിജ്വാല പോലെ പടര്‍ന്നു കത്തിയിരിക്കണം. പണ്ട് തരാമെന്നേറ്റ വരം ഉടനടി ദശരഥനോടാവശ്യപ്പെടണമെന്ന മന്ഥരയുടെ നിര്‍ദ്ദേശം ശിരസ്സാ വഹിക്കുവാന്‍ ഇതോടെ കൈകേയിയുടെ മനസ്സ് പാകപ്പെടുകയായിരുന്നു.
സ്വപുത്രനായ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യണമെന്നും ശ്രീരാമചന്ദ്രനെ പതിനാലുവര്‍ഷക്കാലത്തേക്ക് വനവാസത്തിനയക്കണമെന്നും ദശരഥനോട് ആവശ്യപ്പെടാന്‍ മാത്രം കഠിനഹൃദയയായി പരിണമിക്കുകയാണ് ഇതോടെ കൈകേയി. ഒരിക്കല്‍ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ച അതേ കൈകേയി തന്നെയാണ് നിരന്തരമായ സമ്മര്‍ദ്ദങ്ങളിലൂടെ ഭര്‍ത്താവിന്റെ ഹൃദയത്തെ ശകലീകരിച്ച് മരണത്തിലേക്ക് തള്ളിവിടുന്നത്. ലോകം മുഴുവന്‍ എതിരു നിന്നിട്ടും മുന്നോട്ടുവെച്ച കാല്‍ പിന്നാക്കം വെക്കുവാന്‍ അവള്‍ തയ്യാറായില്ല എന്ന വസ്തുതയും നാം കാണാതിരുന്നുകൂടാ. സുമന്ത്രരും എന്തിന് വസിഷ്ഠര്‍ഷി പോലും ‘ദുഷ്‌ടേ, നിശാചരീ, ദുര്‍വൃത്തമാനസേ, കഠോരശീലേ’ എന്നു വിളിച്ച് കൈകേയിയെ കണക്കറ്റ് വിമര്‍ശിക്കുന്നുണ്ട്. കേകയത്തില്‍ നിന്ന് മടങ്ങിയെത്തിയ ഭരതനും സ്വമാതാവിനെ നിശിതമായി കുറ്റപ്പെടുത്തുന്നുണ്ട്. പിതാവിന്റെ മരണത്തിന് കാരണക്കാരിയായും കുലം നശിപ്പിക്കുവാന്‍ വന്ന കാളരാത്രിയായും ദുരമൂത്ത കറുത്ത മനസ്സിനുടമയായും നരകവാസമുറപ്പിച്ചവളായും കൈകേയിയെ ഭരതന്‍ ആക്ഷേപിക്കുന്ന സന്ദര്‍ഭം രാമായണത്തിലെ വികാരഭരിതമായ ഏടുകളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ‘നിന്റെ വയറ്റില്‍ പിറക്കേണ്ടിവന്ന മഹാപാപിയാണ് ഞാന്‍’ എന്നുവരെ ഭരതന്‍ പൊട്ടിത്തെറിക്കുന്നുണ്ട്. ഭരതന്റെ ക്രൂരഭര്‍ത്സനങ്ങളേറ്റ് ആ മാതൃഹൃദയം വിങ്ങിവിങ്ങിക്കരഞ്ഞിരിക്കണം. രാജകൊട്ടാരത്തിലുള്ള സകലരും രാജ്യനിവാസികളൊന്നടങ്കവും ശാപവചസ്സുകള്‍ ചൊരിഞ്ഞ് കൈകേയിയെ മുറിപ്പെടുത്തുന്നുണ്ട്.
അധികതുംഗപദത്തില്‍ രാജ്ഞിയായി ശോഭിച്ചിരുന്ന കൈകേയി പൊടുന്നനെ ഞെട്ടറ്റ പൂവിന്റെ ദയനീയാവസ്ഥയിലേക്ക് മാറിത്തീരുന്നതാണ് തുടര്‍ന്ന് നാം കാണുന്നത്. പ്രശംസകളും നല്ലവാക്കുകളും മാത്രം കേട്ടു ശീലിച്ച അവരുടെ കാതുകളിലേക്ക് ശാപവചസ്സുകള്‍ കഠോരമായി പതിച്ചത് വിധിവൈപരീത്യമെന്നേ പറയാവൂ. ആര്‍ക്കുവേണ്ടിയാണോ താന്‍ ഈ സാഹസപ്രവൃത്തി ചെയ്തത് അവനില്‍ നിന്ന് – ഭരതനില്‍ നിന്ന്- വിപരീത പ്രതികരണമുണ്ടാവുമെന്ന് സ്വപ്‌നേപി കൈകേയി ചിന്തിച്ചിരുന്നില്ല. സിംഹത്തെപോലെ ഗര്‍ജിച്ചും പാമ്പിനെപ്പോലെ ചീറ്റിയും ഭരതന്‍ തന്നോട് കയര്‍ത്തു സംസാരിച്ചതോടെ കൈകേയി പൂര്‍ണമായും ഒറ്റപ്പെട്ടുപോകുന്നുണ്ട്. സ്വപുത്രനായ ഭരതന് രാജകിരീടം ഉറപ്പാക്കാനായി കഠിനമായി പ്രയത്‌നിച്ചെങ്കിലും കൈകേയിക്ക് ലക്ഷ്യം നേടാനാവുന്നില്ല. സകലരുടെയും വെറുപ്പ് സമ്പാദിക്കുവാനേ അവള്‍ക്കായുള്ളൂ. ഇതോടെ രാമായണത്തിലെ ഒരു ദുരന്ത കഥാപാത്രമായി കൈകേയി മാറിത്തീരുകയായിരുന്നു. എന്നാല്‍ ഇവിടം കൊണ്ടവസാനിക്കുന്നതല്ല കൈകേയീ ചരിതം.
രാമനും സീതക്കും മരവുരിയും വത്കലവും നല്‍കി വനവാസത്തിനയക്കാന്‍ മാത്രം കഠിനചിത്തയായിത്തീര്‍ന്ന കൈകേയി പിന്നീട് സൗമ്യഭാവത്തിലേക്ക് പരിണമിക്കുന്നതും വാത്മീകി കാട്ടിത്തരുന്നുണ്ട്. ഭരതന്റെ ഭര്‍ത്സനങ്ങളേറ്റു തളര്‍ന്നുപോയ കൈകേയിയുടെ അന്തര്‍നേത്രങ്ങള്‍ ക്രമേണ ധര്‍മനിഷ്ഠയിലേക്ക് നീളുന്നതും അനര്‍ഹമായ സ്ഥാനലബ്ധി കൊടിയ പാപമാണെന്ന ബോധം അവളില്‍ അങ്കുരിക്കുന്നതും രാമായണത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. അഴിഞ്ഞുലഞ്ഞ മുടിയും കരഞ്ഞുകലങ്ങിയ കണ്ണുകളും കണ്ണീരിറ്റിറ്റുവീണ് കണ്‍മഷി പടര്‍ന്നൊഴുകിയ മുഖവുമായി ക്രോധാലയത്തില്‍ പാര്‍ത്ത പ്രതിനായികാഭാവമാര്‍ന്ന കൈകേയിയുടെ ചിത്രം ഇതോടെ മാഞ്ഞുപോവുകയാണ്. സ്വാര്‍ത്ഥതയുടെ തമസ്സകന്നും രാമതത്വം ശരിയായി ഗ്രഹിച്ചും ധര്‍മദീപമായി അയോദ്ധ്യയില്‍ വസിക്കുന്ന കൈകേയിയെ നാം കാണാതിരുന്നുകൂടാ. പശ്ചാത്താപമാണ് യഥാര്‍ത്ഥ പ്രായശ്ചിത്തമെന്നു തിരിച്ചറിഞ്ഞ വിവേകമതിയായ ഈ പുതിയ കൈകേയിയില്‍ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്.
മന്ഥരയുടെ സംസര്‍ഗമാണ് കൈകേയിയുടെ ധാര്‍മികാധപതനത്തിന് വഴിതെളിയിച്ചത്. ദുഷ്ടജനങ്ങളുമായുള്ള സഹവാസവും സമ്പര്‍ക്കവും വര്‍ജിക്കേണ്ടതുണ്ടെന്ന ജീവിതപാഠമാണ് കൈകേയീ ചരിതത്തില്‍ നിന്ന് നാം ഉള്‍ക്കൊള്ളേണ്ടത്. രാമനെ തിരികെ അയോദ്ധ്യയിലേക്ക് കൂട്ടിക്കൊണ്ടുവരാനായി ഭരതനൊപ്പം വനത്തിലേക്ക് പുറപ്പെടുന്ന സംഘത്തില്‍ കൈകേയിയുണ്ടായിരുന്നു എന്നതുതന്നെ അവര്‍ക്കുണ്ടായ മനഃപരിവര്‍ത്തനത്തിന്റെ നേര്‍തെളിവാണ്. യോഗിനിയുടെ തലത്തിലേക്ക് ഉയരുന്ന ഈ പുതിയ കൈകേയി, വന്നുപോയ പിഴവുകള്‍ തിരുത്തി ആത്മതത്വത്തിലേക്ക് വളരാന്‍ ഇച്ഛിക്കുന്ന ജീവാത്മാവിന്റെ പ്രതീകമത്രേ.
രാവണനിഗ്രഹാനന്തരം അയോദ്ധ്യയിലേക്ക് മടങ്ങിയെത്തുന്ന ശ്രീരാമനെ സ്വീകരിക്കുവാനും മുന്‍നിരയില്‍ത്തന്നെ കൈകേയിയുണ്ടായിരുന്നു. നിഷ്‌കന്മഷഭാവത്തോടെ കൈകേയീ മാതാവിനെ നമസ്‌കരിക്കുന്നുണ്ട് ശ്രീരാമചന്ദ്രന്‍. കൈകേയിക്ക് കൈവന്ന മഹാസൗഭാഗ്യവും അംഗീകാരവുമായി രാമന്റെ ഈ പ്രവൃത്തിയെ വിലയിരുത്താനാവും. മനോമാലിന്യങ്ങള്‍ കയ്യൊഴിഞ്ഞ് തപസ്വിനീഭാവത്തോടെ ജീവിതം നയിക്കുവാന്‍ തീരുമാനിച്ച കൈകേയിക്ക് ഇതില്‍ പരമെന്ത് ധന്യത കൈവരാന്‍? ധര്‍മ്മപക്ഷത്തിന്റെ വിജയത്തിന് വഴിയൊരുക്കും വിധം രാവണനെ നിഗ്രഹിക്കുവാന്‍ ശ്രീരാമചന്ദ്രന് സാധിച്ചതിന് പരോക്ഷമായാണെങ്കിലും കാരണമായിത്തീര്‍ന്നത് കൈകേയിയുടെ പിടിവാശിയും ദുരാഗ്രഹവുമായിരുന്നു. അറിയാതെയാണെങ്കിലും അവതാര കൃത്യനിര്‍വഹണത്തിന് പാത തെളിച്ചത് കൈകേയിയാണ്. കൈകേയിയെ ദോഷദൃഷ്ടിയോടെ കാണരുതെന്നും രാമന്റെ വനവാസം ലോകത്തിന് ശാന്തിയും സുഖവും സമാധാനവും പകര്‍ന്നേകുമെന്നും, വികാരത്താല്‍ വിക്ഷിപ്തചിത്തനായ ഭരതനെ ഭരദ്വാജമഹര്‍ഷി ഉപദേശിക്കുന്നതിന്റെ ആന്തരാര്‍ത്ഥം തിരിച്ചറിഞ്ഞാല്‍ കൈകേയിയുടെ ജന്മോദ്ദേശ്യത്തിന്റെ പൊരുള്‍ വ്യക്തമാവും.