കോഴിക്കോട് : വഖഫ് ബോർഡിന്റെ ഭൂമിയധിനിവേശത്തിന് എതിരായി നിലപാടെടുത്തതിന്റെ പേരിൽ ക്രൈസ്തവസഭയെ അധിക്ഷേപിച്ചു ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമo. മാധ്യമം വെബ്സൈറ്റില് 2025 ഏപ്രിൽ അഞ്ചിന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അധിക്ഷേപ പരാമർശങ്ങളുള്ളത്. ഇറ്റാലിയൻ ഏകാധിപതി ബെനിറ്റോ മുസ്സോളിനിയുടെ പിന്നിൽ പോപ്പ് പയസ് മാർപ്പാപ്പയാണെന്നാണ് ഡോ. ബദീഉസ്സമാൻ എഴുതിയ ലേഖനത്തിലെ ആരോപണം. ക്രൈസ്തവ സമുദായത്തിലുള്ളവരെ തീവ്രവാദ പറ്റങ്ങളെന്നും കെ.സി.ബി.സിയും കത്തോലിക്കാസഭാനേതൃത്വവും മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും ലേഖനം ആക്ഷേപിക്കുന്നു. തീവ്ര വർഗീയ ചുവയിൽ എഴുതിയിരിക്കുന്ന ലേഖനത്തിൽ ക്രൈസ്തവ സഭാനേതൃത്വത്തെ മതവ്യാപാരികളെന്നുo സുഖലോലുപരുമെന്ന് ആക്ഷേപിക്കുന്നതിന് പുറമെ പള്ളി മേടകളെ കള്ളന്മാരുടെ ഗുഹയെന്നും പരാമർശിക്കുന്നു.
ലേഖനത്തിന്റെ പൂർണ്ണരൂപം
“പോപ് പയസ് പതിനൊന്നാമനും ഇറ്റാലിയൻ ഫാഷിസ്റ്റ് ഏകാധിപതി ബെനിറ്റോ മുസോളിനിയും തമ്മിലെ ബന്ധത്തെ അപഗ്രഥിക്കുന്ന ഗ്രന്ഥമാണ് ഡേവിഡ് ഐ. കെർട്സർ എഴുതിയ Pope and Mussolini: The Secret History of Pius XI and the Rise of Fascism in Europe. ഫാഷിസ്റ്റ് ഭരണകൂടവുമായി 1920-30 കാലത്ത് ക്രൈസ്തവ സഭാനേതൃത്വം നടത്തിയ കൊള്ളക്കൊടുക്കകൾ വത്തിക്കാൻ ആർക്കൈവുകളുടെ വെളിച്ചത്തിൽ വിശദീകരിക്കുകയാണ് കെർട്സർ.മുസോളിനിയെ പ്രീണിപ്പിച്ച് പയസ് പതിനൊന്നാമൻ, ഇറ്റലിയിലെ ചർച്ചിന്റെ സ്വാധീനം ശക്തിപ്പെടുത്താമെന്നുകണ്ടു. തിരിച്ച് അധികാരം ഉറപ്പിക്കുന്നതിന് കത്തോലിക്കാ പിന്തുണ അനിവാര്യമാണെന്നു മുസ്സോളിനിയും കണ്ടു. വത്തിക്കാൻ സിറ്റിയെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച 1929 ലെ ലാറ്ററൻ ഉടമ്പടികൾ ഈ സഖ്യത്തിന്റെ പ്രധാന ഫലമായിരുന്നു. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഇന്ത്യയിൽ കത്തോലിക്കാ സഭാ നേതൃത്വം അതേ വിഡ്ഢിത്തം ആവർത്തിക്കുകയാണിപ്പോൾ.
സഭാ നേതൃത്വത്തിന്റെ അമിതാവേശം
വഖഫ് വിഷയത്തിൽ സംഘ് പരിവാറിന്റെ തോളത്തു കൈയിട്ട് കേരള കാത്തലിക് ബിഷപ്സ് കോൺഫറന്സ് (കെ.സി.ബി.സി) രംഗത്തുവന്നതിനെ ഒരു മുസ്ലിം-ക്രൈസ്തവ പ്രശ്നമായേ കാണേണ്ടതില്ല. പൊതുജനങ്ങളുമായോ സാമൂഹിക ഇടപെടലുകളുമായോ നേർക്കുനേർ ബന്ധമില്ലാതെ അരമന വാഴുന്ന പുരോഹിത നേതൃത്വം പോർചുഗീസ്, ബ്രിട്ടീഷ്, കോൺഗ്രസ് കാലങ്ങളിലെ പോലെ ഭരണകൂടത്തോടു ചേർന്നുനിന്ന് സമ്പാദിച്ചുകൂട്ടിയ സ്വത്തിനുനേരെ ബി.ജെ.പി സർക്കാറിന്റെ നോട്ടമെത്താതിരിക്കാൻ നടത്തുന്ന സൂത്രക്കളിയാണ് ഇപ്പോൾ കാണുന്നത്. സഭാ നേതൃത്വത്തിന് സുഖാഡംബരങ്ങളിൽ മാത്രമാണ് താൽപര്യം എന്നത് രഹസ്യമൊന്നുമല്ല. രണ്ടുമാസം മുമ്പ് നടന്ന വിചിത്രമായ ഒരു കോടതിവ്യവഹാരം നോക്കുക.അപകടത്തിൽ മരിച്ച പുരോഹിതന്റെ ബന്ധുക്കൾക്ക് കിട്ടേണ്ട നഷ്ടപരിഹാരത്തുക സഭക്ക് കിട്ടണമെന്നുപറഞ്ഞ് കൊടുത്ത കേസിൽ, അത് കുടുംബത്തിന് മാത്രമേ കൊടുക്കൂ എന്നുപറഞ്ഞ് കേരള ഹൈകോടതി തള്ളി. ജീവിച്ചിരിക്കുന്ന പുരോഹിതന്മാർ സിവിൽ ഡെത്ത് സംഭവിച്ചവരാണ് എന്നതിനാൽ ആദായനികുതി അടക്കേണ്ടതില്ല എന്ന വിചിത്ര നിയമം ബ്രിട്ടീഷുകാരെ കൊണ്ട് പടച്ചുണ്ടാക്കി അതിന്റെ ഗുണഫലം സ്വാതന്ത്ര്യത്തിന്റെ 70 കൊല്ലം കഴിഞ്ഞും അനുഭവിച്ച സഭാനേതൃത്വമാണ്, മരിച്ചിട്ടും വിടാതെ നഷ്ടപരിഹാരം കൂടി പിടിച്ചടക്കാൻ നോക്കുന്നത്. സാധാരണ വിശ്വാസികളെ സ്വത്ത്, പദവി സമ്പാദനത്തിനുള്ള ഉപാധികളായി മാത്രമാണ് അവർ ഉപയോഗിക്കുന്നത്. അല്ലെങ്കിൽ എന്തേ വഖഫ് നിയമ പരിഷ്കാരത്തിന് ബഹളം വെക്കുന്ന സഭ, സഭാ സ്വത്തുക്കളുടെ കൈകാര്യകർതൃത്വത്തിൽ സഭാ മക്കൾക്ക് അവകാശം നൽകുന്ന ചർച്ച് നിയമത്തെ നഖശിഖാന്തം എതിർക്കുന്നു?
വഖഫ് വിരുദ്ധ പ്രചാരണത്തിന്റെ ഗുണദോഷങ്ങൾ
ക്രൈസ്തവ സമുദായങ്ങളിലെ തീവ്രവാദിപ്പറ്റങ്ങൾ (fringe elements) വിഷം വമിപ്പിക്കുമ്പോൾ അതു മുഖ്യധാരയിൽ പെടാത്തവരല്ലേ എന്ന സമാധാനമായിരുന്നു ഇത്രനാളും കേരളത്തിനുണ്ടായിരുന്നത്. എന്നാൽ, വഖഫ് ഭേദഗതിക്കുവേണ്ടി മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നത് കെ.സി.ബി.സിയും കത്തോലിക്കാസഭ നേതൃത്വവും അവരുടെ മാധ്യമങ്ങളുമൊക്കെയാണ്. ഒരു മതനേതൃത്വം മറ്റൊരു മതത്തിന്റെ വിഷയത്തിൽ ഇടപെട്ട് വർഗീയത പ്രചരിപ്പിക്കുന്നത് കേരളം ആദ്യമായി ഞെട്ടലോടെ കാണുകയാണ്. മറിച്ച് ആലോചിക്കൂ. ചർച്ച് നിയമം പാസാക്കണമെന്നുപറഞ്ഞ് കേരളത്തിലെ ഏറ്റവും പ്രബലമായ മുസ്ലിം സംഘടന ബി.ജെ.പി നേതാക്കളെ നിരന്തരം കണ്ട് പിന്തുണ അറിയിച്ചാൽ, പള്ളികളിൽ വെള്ളിയാഴ്ച പ്രസംഗങ്ങളിൽ ചർച്ച് നിയമത്തിനുവേണ്ടി വിശ്വാസികളെ ഉദ്ബോധിപ്പിക്കണമെന്നുപറഞ്ഞാൽ അതിൽ പരം അശ്ലീലതയും മര്യാദകേടും മറ്റെന്തുണ്ട്?സഭാനേതൃത്വത്തിന്റെ വഖഫ്/മുസ്ലിം വിരുദ്ധാവേശം കൊണ്ട് ഗുണവുമുണ്ടായി. കൊളോണിയൽ ആധിപത്യം ബോധപൂർവം സൃഷ്ടിച്ച ഒന്നാണല്ലോ പോരടിക്കുന്ന ഹിന്ദു-മുസ്ലിം സമുദായങ്ങളും മധ്യസ്ഥനായി ക്രൈസ്തവ ബ്രിട്ടനും എന്നത്. ഈ നരേറ്റീവിന്റെ മറവിൽ ഭൗതിക വിഭവങ്ങളുടെ ഭീകരമാംവിധം ആനുപാതികമല്ലാത്ത വിഹിതമാണ് കത്തോലിക്കാസഭാ നേതൃത്വം നേടിയെടുത്തത് എന്ന കാര്യം പൊതു ചർച്ചയിലെത്തി. 1940കളിൽ ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയ നിയമത്തിന്റെ മറവിൽ പുരോഹിതന്മാരുടെയും സന്ന്യസ്ഥരുടെയും ഇൻകം ടാക്സ് വകയിൽ സഭാ നേതൃത്വത്തിന് ശതകോടികൾ കിട്ടിയിട്ടുണ്ട് എന്ന് മാലോകരറിയുന്നത് അടുത്തിടെയാണല്ലോ.
പ്രധാന ചോദ്യങ്ങൾ
സഭാനേതൃത്വത്തിൽനിന്ന് സഭാമക്കൾക്കും കേരളത്തിനുതന്നെയും ഉത്തരംകിട്ടേണ്ട ചോദ്യങ്ങൾ പലതുണ്ട്. മുഴുവൻ നഗരങ്ങളിലും കണ്ണായ സ്ഥലങ്ങളിൽ കോടികളുടെ സ്ഥലങ്ങൾ എങ്ങനെയാണ് സഭയുടെ കൈയിൽ വന്നത്? ബ്രിട്ടീഷുകാർ ഭരിച്ചപ്പോൾ സഭാനേതൃത്വത്തിന് നൽകിയ ഭൂമി എത്ര? അത് പാട്ടമോ ദാനമോ? പാട്ടാവധി കഴിഞ്ഞവയെത്ര? അതിൽ മുമ്പത്തെ സർക്കാറുകൾ റെഗുലറൈസ് ചെയ്ത് നൽകിയതെത്ര? മാനദണ്ഡങ്ങളെന്ത്?
ബ്രിട്ടീഷുകാർ പോകുമ്പോൾ ഏകപക്ഷീയമായി സഭകൾക്ക് നൽകിയതെത്ര? അങ്ങനെയുണ്ടെങ്കിൽ വിഭജനത്തിനുശേഷം പാകിസ്താനിലേക്ക് പോയവരുടെ സ്വത്തുക്കൾ ശത്രു സ്വത്ത് നിയമത്തിന്റെ പരിധിയിൽ വന്നപ്പോൾ ബ്രിട്ടീഷുകാരൻ എന്ന യഥാർഥ ശത്രു കൈയടക്കിയ സ്വത്തുക്കൾ എങ്ങനെ ഗവൺമെൻറിൽ ചേരാതെ പോയി?
സ്വാതന്ത്ര്യത്തിനുശേഷം കേരളത്തിലെ മാറിവന്ന ഗവൺമെൻറുകൾ സഭകൾക്ക് പതിച്ചുകൊടുത്ത സ്ഥലങ്ങൾ എത്ര? സഭയുടെ കൈവശം പുറമ്പോക്ക് സ്ഥലങ്ങൾ എത്ര വന്നുചേർന്നു? എങ്ങനെ?
ദലിതർക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കുമൊക്കെ ഭൂമി കണ്ടെത്തുന്നതിന് പ്രയാസപ്പെടുന്ന കേരളത്തിൽ പൊതുഭൂമിയുടെ വലിയൊരു ഭാഗം ഒരു പ്രത്യേക മതത്തിലെ ഏജൻസികൾക്ക് മാത്രം ലഭിച്ചത് പുനഃപരിശോധിക്കുകയും അത് പുനർവിതരണത്തിന് ലഭ്യമാക്കുകയും ചെയ്യേണ്ടതല്ലേ എന്ന അന്വേഷണത്തിന് കത്തോലിക്കാസഭാ നേതൃത്വത്തിന്റെ പുതിയ നീക്കം വഴിതെളിക്കുന്നു.
ക്രൈസ്തവ സമുദായത്തിന് ഇരട്ട നഷ്ടം
സാധാരണ ക്രൈസ്തവ വിശ്വാസികളെ ഇരട്ട നഷ്ടത്തിലേക്ക് കൊണ്ടുപോവുകയാണ് സഭാ നേതൃത്വം. അവരുടെ ഈ പിറകിൽനിന്നുള്ള കുത്ത് മുസ്ലിംകൾക്കും മറ്റു മതവിഭാഗങ്ങൾക്കുമിടയിൽ ക്രൈസ്തവ സമുദായത്തിനുണ്ടായിരുന്ന മാന്യതയും ആദരവും ഇല്ലാതാക്കുന്നു. ഇങ്ങനെ മുസ്ലിംകളെ ഒറ്റിക്കൊടുക്കുന്നതുകൊണ്ട് ആർ.എസ്.എസ് അവരെ വിശ്വസിക്കണമെന്നുണ്ടോ? ബ്രിട്ടീഷ് /കോൺഗ്രസ് പർവങ്ങൾ കഴിഞ്ഞ് സുഖാഡംബരങ്ങളുടെ സംരക്ഷണത്തിന് തങ്ങളേക്കാൾ വലിയ മുസ്ലിം വിരുദ്ധത ചമയുന്ന സഭാനേതൃത്വത്തെ ആർ.എസ്.എസും മനസ്സിലാക്കി എന്നറിയാൻ സംഘ്പരിവാറിന്റെ ക്രൈസ്തവ വേട്ടയുടെ സമീപകാല റിപ്പോർട്ട് മതി.
വീണ്ടും മുസോളിനി-സഭാ കഥയിലേക്ക്. ഈയിടെ പ്രസിദ്ധീകരിച്ച ‘ഹോപ്’ എന്ന ആത്മകഥയിൽ ഫ്രാൻസിസ് മാർപാപ്പ, മുസോളിനി ബാന്ധവത്തിൽ ഇറ്റലിയിലെ മിലാനിൽ നിന്ന് ഓഷ് വിറ്റ്സിലേക്ക് ഹിറ്റ്ലർ ജൂതന്മാരെ ട്രെയിനിൽ തെളിച്ചു കൊണ്ടുപോകുമ്പോൾ മിലാൻകാർ നിസ്സംഗരായി നോക്കിനിന്ന കഥ പറയുന്നുണ്ട്. ഇന്ന് കേരളത്തിലെ സഭാ നേതൃത്വം പാപ്പ ഹൃദയവേദനയോടെ പറഞ്ഞ നിസ്സംഗ ഭാവത്തിലല്ല. വേട്ടക്കാർക്കൊപ്പം നിന്നു ഇരകളെ വേട്ടയാടുന്നവരുടെ അർമാദത്തിലാണ്. മുനമ്പത്തെ പാവപ്പെട്ടവരോടുള്ള അനുകമ്പയാണ് സംഘ്പരിവാറിന്റെ പ്രചാരണക്കാരായി സഭയെ മാറ്റിയെന്നത് പെരും നുണയാണ്. സർക്കാറിൽനിന്ന് പലവഴി നേടിയെടുത്ത സമ്പത്തിൽ എത്ര സഭയിലെ പാവപ്പെട്ടവർക്കായി നേതൃത്വം ചെലവഴിച്ചു എന്നു പരിശോധിച്ചാൽ മനസ്സിലാവും മുനമ്പം വെച്ചുള്ള കളിയുടെ യാഥാർഥ്യം.
സംഘ്പരിവാർ കാലത്ത് മുസ്ലിംകളെ ഒറ്റി സാമ്രാജ്യങ്ങൾ സംരക്ഷിക്കാമെന്ന് കിനാവ് കാണുന്നവരെ ഒന്നുമാത്രം ഓർമിപ്പിക്കുന്നു. ചരിത്രം രേഖീയമായല്ല, ചാക്രികമായാണ് പുരോഗമിച്ചിട്ടുള്ളത്. സ്വാതന്ത്ര്യസമരത്തിനുനേരെ മുഖം തിരിച്ചുനിന്ന് ഗാന്ധിയെ അന്തിക്രിസ്തുവായിക്കണ്ട് അന്ത്യദിനം വരെ ബ്രിട്ടീഷ് ഭരണം തന്നെ എന്ന് കരുതിയിരിക്കെ, സ്വാതന്ത്ര്യം കിട്ടുമെന്നറിഞ്ഞ് ഒരൊറ്റ രാത്രി കൊണ്ട് മി. എം.കെ. ഗാന്ധിയെ മഹാത്മാഗാന്ധിയാക്കി മാറ്റുന്ന അത്ഭുതപ്രവൃത്തി പോലെ എളുപ്പമാവില്ല ആൽഫാ- ബീറ്റാ ജെൻ കാലത്തെ ഒടിമറിയലുകൾ. പൊതുഖജനാവിന് അവകാശപ്പെട്ട ഇൻകം ടാക്സ് അടക്കാതെ സമ്പാദിച്ചുകൂട്ടിയ പണത്തിന് സഭാനേതൃത്വം മറുപടി പറയേണ്ടിവരും; അധീനതയിലുള്ള ഭൂമി കൈവശമെത്തിയതിന്റെ നാൾവഴികൾ പരിശോധനാ വിധേയമാകും.
ജറൂസലമിൽ എത്തിയ യേശു ദൈവാലയാങ്കണത്തെ കച്ചവടതാൽപര്യങ്ങൾക്ക് ഉപയോഗിച്ചവരെ പുറത്താക്കി ജനത്തെ ഉപദേശിച്ചു: “എന്റെ ആലയം സകലജനതകൾക്കുമുള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും എന്നല്ലേ രേഖപ്പെടുത്തിയിരിക്കുന്നത്? നിങ്ങളോ, അതിനെ കള്ളന്മാരുടെ ഗുഹ ആക്കിയിരിക്കുന്നു’’. സാധാരണ വിശ്വാസികളുടെ ജീവിതം തുരന്ന പുരോഹിത നേതൃത്വം അവരുണ്ടാക്കിയ കള്ളന്മാരുടെ ഗുഹകളുടെ സുരക്ഷിതത്വങ്ങളിൽനിന്ന് പുറത്തുവരേണ്ടി വരുകതന്നെ ചെയ്യും”.