ഇനി ഗണപതി എങ്ങനെയാണ് വിഘ്‌നങ്ങളെ നിവാരണം ചെയ്യുവാനും അല്ലെങ്കില്‍ ഉണ്ടാക്കുവാനും പ്രാപ്തനാകുന്നതെന്ന് നോക്കാം. മുമ്പ് പറഞ്ഞതുപോലെ നമ്മിലെ അനുഭവങ്ങളില്‍ നിന്ന് രേഖപ്പെടുത്തി വയ്ക്കുന്ന വിവരങ്ങള്‍ പരമമായ ബോധത്തിന്റെ തുണ്ടുകളായാണ് നമ്മളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏതുപോലെ എന്നാല്‍ സൂര്യപ്രകാശം ജലത്തില്‍വീണ് പ്രതിഫലിച്ചെത്തുമ്പോള്‍, ചലിക്കുന്ന പ്രകാശത്തിന്റെ തുണ്ടുകളായാണ് ചുമരില്‍ അത് കാണപ്പെടുന്നത്. അതുപോലെ ശരീരങ്ങളിലെ ചലിക്കുന്ന പ്രാണനില്‍ ബോധം തെളിയുമ്പോള്‍, അതില്‍നിന്ന് പ്രതിഫലിച്ചെത്തുന്ന വിവരങ്ങളും ചലിക്കുന്ന ബോധത്തിന്റെ തുണ്ടുകളായാണ് നമ്മുടെ തലച്ചോറില്‍ ആലേഖനം ചെയ്തിരിക്കുന്നത്. നിത്യതയുള്ള ബോധവുമായി ചേര്‍ന്ന് രൂപപ്പെട്ടതിനാല്‍ ഈ വിവരങ്ങള്‍ ശരീരനാശത്തോടെ ഇല്ലാതാകുന്നില്ല. പിന്നെയും നിലനില്‍ക്കുന്ന ഇതിന്റെ അടിസ്ഥാനത്തിലാണ് മരണശേഷം പുതിയ ശരീരങ്ങളെ പഞ്ചഭൂതങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത്. പുതിയ ശരീരത്തിലെ പ്രാണനില്‍ നിത്യമായ ശിവചൈതന്യം ആത്മാവായി വീണ്ടും പ്രതിഫലിക്കുമ്പോള്‍ അതില്‍നിന്ന് പുതിയ ബുദ്ധിയായി രൂപപ്പെടുന്നത് പഴയ കര്‍മ്മഫലങ്ങളുടെ മേല്‍ സൃഷ്ടിച്ച ഈ ശരീരങ്ങളിലെ പരിമിതികളില്‍ കൂടിയാകും. നമ്മിലുള്ള ആ പരിമിതിയുടെ അടിസ്ഥാനത്തില്‍തന്നെയാണ് പഞ്ചഭൂത നിര്‍മ്മിതമായ പുറംലോകവും പ്രതികരിക്കുന്നത്. കാലം നമുക്ക് നല്‍കുന്ന സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും മാത്രമല്ല ചെറുതും വലുതുമായ ഓരോ അനുഭവങ്ങളും അതിഥികളായി വരുന്നതും ഇതില്‍നിന്നാണ്. ഇങ്ങനെ ഇന്ന് നമ്മിലുള്ള ആ പരിമിതികള്‍ തന്നെയാണ് നാളത്തെ നമ്മുടെ മാര്‍ഗ്ഗങ്ങളില്‍ വിഘ്‌നങ്ങളായി തീരുന്നത്.
മറ്റൊരു പ്രധാനപ്പെട്ട സംഗതി, ഇങ്ങനെ നമ്മില്‍ രേഖപ്പെടുത്തി വയ്ക്കുന്നതിന്റെ സൂക്ഷ്മമായ രൂപത്തെയാണ് കര്‍മ്മഫലങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. അതിനര്‍ത്ഥം വിഘ്‌നേശ്വരനായ ഗണപതിയുടെ സൂക്ഷ്മമായരൂപം കര്‍മ്മഫലങ്ങളാണെന്നാണ്. അങ്ങനെയാണ് വിഘ്‌നങ്ങളെ ഉണ്ടാക്കുവാനും പ്രീതനായാല്‍ അതിനെ നിവാരണം ചെയ്യുവാനും ഗണപതി പ്രാപ്തനാകുന്നത്.
അതുപോലെ ഇവിടെയുള്ള നമ്മുടെ എല്ലാ വ്യവഹാരങ്ങളിലും രണ്ട് അസ്തിത്വങ്ങളുണ്ട്. ഒന്ന് പാരമാര്‍ത്ഥികമായ സത്യവും മറ്റൊന്ന് വ്യാവഹാരികമായ മിഥ്യയുമാണ്. ഇത് രണ്ടും ഒന്നുപോലെ എല്ലാ ജീവികളിലുമുള്ളതു കൊണ്ടാണ് ഈ ലോകജീവിതങ്ങള്‍ തന്നെ നടക്കുന്നത്. ഞാനെന്നും നീയെന്നുമുള്ള ദ്വൈതചിന്തയ്ക്ക് അടിസ്ഥാനം തന്നെ ഈ അസ്തിത്വങ്ങളാണ്. വ്യാവഹാരികമായ ഈ ലോകത്തുനിന്നും ലോകര്‍ക്ക് പരമപദത്തെ എളുപ്പത്തില്‍ പ്രാപിക്കുവാനുള്ള വഴിയും, ഭഗവാന്‍ ഉണ്മനല്‍കിയ ഈ വിഘ്‌നേശ്വരന്റെ മുഖത്തുതന്നെ അദ്ദേഹം വച്ചിട്ടുണ്ട്. ഗണപതി മുഖത്ത് ഒരുപോലെ വളര്‍ന്നിറങ്ങിയ രണ്ട് വെള്ള കൊമ്പുകള്‍, രണ്ടെന്ന ചിന്തയിലുള്ള ലോകസത്തകളാണ്. അതുകൊണ്ടുതന്നെ ഇതിലൊന്ന് ലോകത്തെപ്പോലെ ക്ഷണികവും മിഥ്യയുമാണ്. വിഘ്‌നങ്ങളുമായി ഗണപതി മുന്നിലെത്തുമ്പോള്‍ സധൈര്യം നിങ്ങളിലെ ഇച്ഛകൊണ്ട് ഇതിലെ മിഥ്യയുടെ കൊമ്പിനെ വെട്ടിമാറ്റുക. അപ്പോള്‍ അവിടുന്ന് ഏകദന്തനായ മോക്ഷഗണപതിയാകും. അപ്പോള്‍ മാത്രമേ നിങ്ങളെ മോക്ഷമടക്കമുള്ള എല്ലാ ലക്ഷ്യങ്ങളിലുമെത്തിക്കാന്‍ ഈ വിഘ്‌നേശ്വരന്‍ നിര്‍ബന്ധിതനാകൂ. അതിനു കഴിഞ്ഞില്ലെങ്കില്‍ ശക്തിയുടെ നീരാട്ട് കഴിയുന്നതുവരെ നിങ്ങള്‍ കാത്തുനില്‍ക്കേണ്ടിവരും. എന്നാല്‍ പാര്‍വ്വതിയുടെ ആ നീരാട്ട് നിങ്ങള്‍ എത്ര കാലം കാത്തുനില്‍ക്കുന്നുവോ അത്രയും കാലം നീളുമെന്നതാണ് വാസ്തവം. എന്താണ് പാര്‍വ്വതിയുടെ നീരാട്ടെന്നാല്‍, ശക്തി അഥവാ പ്രാണന്‍ ജലത്തില്‍ നിന്നാണ് ഇവിടെയുള്ള ജീവനുള്ളതും അല്ലാത്തതുമായ സര്‍വ്വതിനെയും സൃഷ്ടിച്ചെടുക്കുന്നത്. അതിനാല്‍ ശക്തിയുടെ നീളുന്ന നീരാട്ട് സമ്മാനിക്കുന്നത് ജനനമരണങ്ങളുടെ നീണ്ട ജന്മപരമ്പരകളാണ്. തന്റെ ഉണ്മ മറന്നുള്ള ആ യാത്രകള്‍ യഥാര്‍ത്ഥത്തില്‍ ശിവന്‍ ആഗ്രഹിക്കുന്നതല്ല. അതില്‍നിന്ന് ഒഴിവാകാന്‍ സധൈര്യം ശിവശിഷ്യനായ പരശുരാമന്‍ ചെയ്തതുതന്നെ ചെയ്യുക.
ഒരിക്കല്‍ ശിവന്റെ അടുത്തേക്ക് പോകണമെന്ന ലക്ഷ്യവുമായി എത്തിയ പരശുരാമനെ ഗണപതി തടഞ്ഞപ്പോള്‍ രാമന്‍ അദ്ദേഹത്തിന്റെ കൊമ്പുകളില്‍ ഒന്നിനെ മുറിച്ചുകളഞ്ഞു. അതായത്, നിര്‍ബന്ധപൂര്‍വ്വം നമ്മുടെ ഉള്ളിലെ ദ്വൈതഭാവത്തെ (രണ്ടെന്ന ചിന്തയെ) ഉണ്ടാക്കുന്ന ഗണപതിയുടെ കൊമ്പിനെ ഛേദിച്ച് ഉള്ളിലെ ശിവനെന്ന പൂര്‍ണ്ണതയിലെത്തുക. അതുമാത്രമാണ് ധീരനായവന്റെ മോക്ഷമാര്‍ഗ്ഗം.
ഒരിക്കല്‍ മഹാതാപസനായ പരാശര മഹര്‍ഷിയുടെ തപസ്സിന്റെ മാര്‍ഗത്തില്‍ വിഘ്‌നങ്ങള്‍ തീര്‍ത്തുകൊണ്ട് ഒരു എലി അദ്ദേഹത്തെ വല്ലാതെ ശല്യംചെയ്തിരുന്നു. ആകൃതിയും വികൃതിയും കൊണ്ട് ആ ജീവി തന്റെ വിഘ്‌നങ്ങള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടേയിരുന്നു. അത് അദ്ദേഹത്തിന്റെ കൈകളില്‍ ഒതുങ്ങാതെ വന്നപ്പോള്‍, മഹര്‍ഷി തന്റെ ബുദ്ധിയുടെ അതിദേവതയായ ഗണപതിയോട് സഹായം അഭ്യര്‍ത്ഥിച്ചു. ഗണപതി അതിനെ കീഴടക്കുകയും തന്റെ വാഹനമാക്കുകയും ചെയ്തു. അര്‍ത്ഥമാക്കുന്നത്, പഞ്ചഭൂതങ്ങള്‍ നിര്‍മ്മിക്കുന്നതും ശരീരതലത്തില്‍നിന്ന് നമുക്ക് അനുഭവിക്കുവാനും ചിലപ്പോള്‍ കാണുവാനും കഴിയുന്ന വിഘ്‌നങ്ങളുടെ പ്രതീകമാണ് ആ ചെറിയ മൂഷികന്‍. മനുഷ്യന് ബുദ്ധിശക്തിയില്‍, ആനയുടെതന്നെ വലിപ്പമുണ്ടെങ്കിലും അവനിലെ ജീവഭാവം എലിയെപ്പോലെ അവന്റെ ഉള്ളിലെ സത്താബോധത്തെത്തന്നെ തുരന്നുകൊണ്ടിരിക്കുകയാണ്. എന്നാലിത് സാധരണ മനുഷ്യന് വേഗം മനസ്സിലാകുന്ന കാര്യമല്ല. തപസ്സിന്റെ വഴിയില്‍ മുന്നേറാന്‍ ശ്രമിക്കുമ്പോഴേ നിങ്ങളുടെ ഉള്ളിലെ ആ തുരപ്പന്റെ ശല്യം അസഹനീയമായി അനുഭവപ്പെടൂ. അവനെ നിയന്ത്രിച്ച് വരുതിയിലാക്കുവാന്‍ നിങ്ങളിലെയും പ്രകൃതിയിലെയും ബുദ്ധിവൈഭവമായ മഹാഗണപതിയുടെ സഹായംകൊണ്ടേ സാധിക്കൂ. അതാണ് പരാശരമഹര്‍ഷി ചെയ്തത്. എന്നാല്‍ താപസന്മാര്‍ക്ക് മാത്രമല്ല ഒന്നുമറിയാതെ ഈ ലോകജീവിതത്തില്‍ മുഴുകുന്ന സാധാരണ മനുഷ്യര്‍ക്കും പഞ്ചഭൂതങ്ങള്‍ ഒരുക്കുന്ന അനുഭവതലത്തിലെ വിഘ്‌നങ്ങളുടെ ഈ ചെറിയ മൂഷികനെ അവഗണിക്കാന്‍ കഴിയുന്നതല്ല. രോഗാണുക്കള്‍ തീര്‍ക്കുന്ന മഹാവ്യാധികളും കൊടും കാറ്റും പേമാരിയും പ്രളയവും ഈ വലിയ ലോകത്ത് മനുഷ്യനെ കാത്തിരിക്കുന്ന ചെറിയ ചെറിയ വിഘ്‌നങ്ങള്‍ മാത്രമാണ്. എന്നാല്‍ പ്രപഞ്ചത്തിലെ ബുദ്ധിവൈഭവത്തിന് എല്ലാ വിഘ്‌നങ്ങളും അധീനമാണ്. അതാണ് മൂഷികനുമുകളിലെ വിഘ്‌നേശ്വരന്‍ സൂചിപ്പിക്കുന്നത്. ജീവിതവഴികളില്‍ ഒരേസമയം വിഘ്‌നങ്ങളെ കൊണ്ടുവരുന്നവനും അവയ്ക്കുള്ള പരിഹാരകനുമാണ് മൂഷിക പുറത്ത് സഞ്ചരിക്കുന്ന (മൂഷികനെ വാഹനമാക്കിയ) ഈ മഹാ ഗണപതി. അദ്ദേഹം എലി മുതല്‍ ആനത്തലവരെ അതായത് യാതൊരു രൂപഭേദവുമില്ലാതെ, ഈ പ്രപഞ്ചമാകെ നിറഞ്ഞ് സഞ്ചരിക്കുന്ന മഹാസത്യമാണ്.
ഇതുകൊണ്ടാണ് എല്ലാ പ്രവൃത്തികളും ആരംഭിക്കുന്നതിന് മുമ്പ്തന്നെ സര്‍വ്വ വിഘ്‌നങ്ങളേയും അകറ്റി അനുഗ്രഹിക്കുവാന്‍ ഗണപതിയോട് പ്രാര്‍ത്ഥിക്കണമെന്ന് പരമേശ്വരന്‍തന്നെ വിധിച്ചത്.
ഇവിടെ ഗണപതിയുടെ ജനനത്തെക്കുറിച്ച് നിലവിലുള്ള മറ്റൊരു കഥയുംകൂടി സ്മരണീയമാണ്. അത് മുകളില്‍പറഞ്ഞ നമ്മുടെ നിഗമനങ്ങളെ ശരിവെക്കുന്നതാണ്.
ദേവന്മാരുടെ ആവശ്യപ്രകാരം മഹാഗണപതിയെ പുത്രനായി കിട്ടുവാനായി പാര്‍വ്വതി ജീര്‍ണാപുരത്തിന് വടക്കുള്ള ലേഖാനദിയുടെ കരയില്‍ ചെന്ന് കഠിനമായി തപസ്സ് ചെയ്യുന്നു. അതില്‍ പ്രസാദിച്ച ഗണപതി ഭഗവാന്‍ താന്‍ പുത്രനായി ജനിക്കാമെന്ന് ദേവിക്ക് വരവും നല്കുന്നു. എന്നാല്‍ കാലം വൈകിയിട്ടും തന്നില്‍ ഗര്‍ഭലക്ഷണങ്ങളൊന്നും കാണാത്തതിനാല്‍ ദേവി ആശങ്കയിലാവുകയും, കളിമണ്ണുകൊണ്ട് ഒരു ഗണപതി പ്രതിമയെ ഉണ്ടാക്കി അതില്‍ പൂജയും അര്‍ച്ചനയും നടത്തുകയും ചെയ്യുന്നു. ആ സമയം ഗണപതി പ്രതിമ സൂര്യനെപ്പോലെ വെട്ടിത്തിളങ്ങുകയും, ആ ദിവ്യജ്യോതിസ്സ് അനുനിമിഷം വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് ദേവിയെ മൂടുകയും ഒടുവില്‍ പാര്‍വ്വതി മോഹാലസ്യപ്പെട്ട് വീഴുകയും ചെയ്യുന്നു. അല്പംകഴിഞ്ഞ് ദേവി ഉണര്‍ന്നപ്പോള്‍ കണ്ടത് പ്രതിമയുടെ സ്ഥാനത്ത് പുഞ്ചിരിതൂകി നില്‍ ക്കുന്ന ഒരു പൈതലിനെയാണ്. അതാണ് ഗണപതിയെന്നാണ് ആ കഥ പറയുന്നത്.
ഹൈന്ദവ ദര്‍ശനം അനുസരിച്ച് ശിവശക്തി സംയോഗമമായ ഈ സൃഷ്ടി ഒരിക്കല്‍ അവസാനിക്കും. അന്ന് സാക്ഷാത്കാരശക്തിയായ പാര്‍വ്വതി ശിവനില്‍ പൂര്‍ണ്ണമായും ലയിച്ച് ആദ്യരൂപമായ ഈശ്വരാവസ്ഥയിലേക്ക് അതായത് ബ്രഹ്മാവസ്ഥയിലേക്ക് തിരിച്ചുപോകുന്നു. അതോടൊപ്പം ഈ സൃഷ്ടിയായി നില്‍ക്കുന്ന കര്‍മ്മഫലങ്ങളുടെ ഗണപതിയും സൂക്ഷ്മരൂപത്തെ അര്‍ജ്ജിച്ച് ഈശ്വരനില്‍ മറയുന്നു. എന്നാല്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും സൃഷ്ടി നടത്തുവാന്‍ ഈശ്വരന്‍ ഇച്ഛിക്കുമ്പോള്‍ ശിവനും പാര്‍വ്വതിയുമായി ദേവമനസ്സുകള്‍ രമിക്കുകയും, ഈശ്വരനില്‍ മറഞ്ഞ കര്‍മ്മഫലങ്ങളുടെ ജ്ഞാനരൂപമായ ഗണപതിയിലൂടെ ഇതെല്ലാം വീണ്ടും സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. ശക്തിയായ പാര്‍വ്വതി അത് ചെയ്യുന്നതാണ് ഗണപതിയെ തപസ്സ് ചെയ്തു എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. അന്ന,് ജീര്‍ണിച്ചുപോയ ദേശത്തുനിന്ന് കാലപ്രവാഹത്തില്‍ ആലേഖനം ചെയ്തതിനെ ഏറ്റവും സ്ഥൂലമായ രൂപത്തില്‍ (കളിമണ്ണില്‍നിന്ന്) ശക്തി വീണ്ടും രൂപപ്പെടുത്തുന്നു. അതില്‍ ശിവചൈതന്യം അവധിയില്ലാതെ തിളങ്ങുകയും ചെയ്യുമ്പോള്‍ അമ്മയെ മോഹത്തിലാഴ്ത്തിക്കൊണ്ട് പൈതല്‍ ജനിക്കുന്നു. വീണ്ടും ജനിച്ചത് കര്‍മ്മബന്ധങ്ങളുടെ ഗണപതിയാണെന്ന് ശക്തി സ്വബോധത്തെ വീണ്ടെടുക്കുമ്പോള്‍ കണ്ടെത്തുകയും ചെയ്യുന്നു. ഇതാണ് ജീര്‍ണാപുരത്തെ ലേഖാനദിക്കരയിലെ ശക്തിയുടെ തപസ്സിനാല്‍ സംഭവിച്ചത്.
ഇങ്ങനെ ജനനമരണങ്ങള്‍ക്കും കാല ദേശങ്ങള്‍ക്കും അപ്പുറത്തേക്ക് വ്യാപിച്ചു നില്‍ക്കുന്ന ആ ബുദ്ധിവൈഭവത്തിന്റെ തലവെട്ടിയും ദ്വൈതചിന്തയുടെ കൊമ്പ് മുറിച്ചും മോക്ഷം നേടണമെങ്കില്‍ ശിവന്‍ പകര്‍ന്നുനല്‍കുന്ന പ്രത്യേക ആര്‍ജ്ജവം നിങ്ങളില്‍ ഉണ്ടെങ്കിലേപറ്റൂ. അതില്ലെങ്കില്‍ ‘ഹേ…മനുഷ്യാ…’ ആ ഗണപതിയെന്ന വൈഭവത്തിനുമുന്നില്‍ സാഷ്ടാംഗം പ്രണമിച്ച്, ശരണമടയുക. അതുകൊണ്ടാണ്, ഈ ലോകം മുഴുവന്‍ നിറയുന്ന ഈശ്വരനെ വെറും ഒരു ജീവിയായ നിന്നിലെ ‘ഞാന്‍’ ‘ഞാനെ’ന്ന അഹങ്കാര ഗണപതിയായ ബുദ്ധിയുടെ മുകളില്‍, പ്രതിഷ്ഠിച്ചുകൊണ്ടു ദൈനംദിന ജീവിത വഴികളില്‍കൂടി മുന്നേറുവാന്‍ പൂര്‍വ്വിക ര്‍ പറഞ്ഞത്. ദേവന്റെ തിടമ്പ് ഒരു ജീവിയായ ആനയുടെ തലയ്ക്ക് മുകളില്‍ വച്ചുകൊണ്ട് തിരക്കേറിയ ജീവിതവീഥികളില്‍ കൂടി എഴുന്നള്ളിപ്പായി ഇന്നും നീ കൊണ്ട് നടക്കുന്നതും അവര്‍ നല്‍കിയ ആ ജീവിത പാഠമാണ്.
ഉള്‍ക്കണ്ണും ഉള്‍ക്കാഴ്ചയും നഷ്ടമായ നമുക്ക് ആ ഗണപതി വെറും മിത്തായില്ലെങ്കിലേ അത്ഭുതമുള്ളൂ. ആ വിശ്വരൂപിയായ ഈശ്വരന്റെ ബുദ്ധിയും സിദ്ധിയും തിരിച്ചറിഞ്ഞ് ഉപാസിച്ചവരെയാണ് ഗാണപത്യര്‍ എന്ന് വിളിച്ചിരുന്നത്. ചിന്താശക്തിയില്‍ ഉണരുന്ന മാനവ ജനതയ്ക്ക് ഒരിക്കലും അവഗണിക്കാന്‍ കഴിയുന്നതല്ല ഗാണപത്യദര്‍ശനം. പലവഴികളില്‍ക്കൂടി ഈശ്വരനിലെത്താന്‍ ശ്രമിക്കുന്ന ഭാരതീയരായ നമുക്ക് വേണ്ടതും ആ തിരിച്ചറിവാണ്, ഗണനീയമീ ഗാണപത്യമെന്ന തിരിച്ചറിവ്.
(അവസാനിച്ചു)