പരമശിവന്‍ കൈലാസ ഗൃഹത്തില്‍നിന്ന് പുറത്തേക്ക് പോയിരുന്ന സമയത്താണ് ഗണപതിയുടെ ജനനം സംഭവിക്കുന്നത്. പതിയുടെ മടങ്ങി വരവും പ്രതീക്ഷിച്ച്, നീരാടുവാന്‍ തയ്യാറെടുത്തിരുന്ന പാര്‍വ്വതീദേവി അക്ഷമയോടെ അവിടെ ഇരിക്കുന്ന വേളയില്‍ തന്റെ ദേഹത്ത് ലേ പനം ചെയ്തിരുന്ന മഞ്ഞളും സുഗന്ധദ്രവ്യങ്ങളും എണ്ണയും ചേര്‍ന്ന മിശ്രിതത്തെ വടിച്ചെടുത്ത് ഒരു കുഞ്ഞ് രൂപത്തെ സൃഷ്ടിക്കുകയും അതിന് ജീവന്‍ നല്‍കുകയും ചെയ്തു. അടുത്ത നിമിഷം അത് വളര്‍ന്ന് തേജസ്വിയായ ഒരു കുഞ്ഞായി മാറി.
ഒടുവില്‍ പിതാവായ പരമേശ്വരന്‍ പുറത്തേക്ക് പോയിരിക്കുന്നതിനാല്‍ ആരെയും അകത്തേക്ക് കയറ്റിവിടരുതെന്ന നിര്‍ദ്ദേശവും നല്‍കി തന്റെ മാനസ പു ത്രനായ ആ കുഞ്ഞിനെ കാവല്‍ നിര്‍ത്തിയിട്ട് അമ്മ നീരാടുവാന്‍ ഗൃഹത്തിനുള്ളിലേക്ക് പോയി. അപ്പോഴാണ് പരമശിവന്‍ മടങ്ങിവന്നത്. അത് പിതാവാണെന്ന് തിരിച്ചറിഞ്ഞിട്ടും ആരെയും അകത്തേക്ക് കടത്തിവിടരുതെന്നുള്ള അമ്മയുടെ നിര്‍ദ്ദേശത്തില്‍ത്തന്നെ ഉറച്ചുനിന്ന ആ ബാലന്‍ ശിവനെ അകത്തേ ക്ക് കടക്കുവാന്‍ അനുവദിച്ചില്ല. തന്റെ അന്തഃപുരത്തിലേക്ക് കടക്കുവാന്‍ സമയവും അനുവാദവും വേണ്ടിവരുന്ന ആ അവസ്ഥ ശിവനെ കോപാകുലനാക്കി. അദ്ദേഹം പലതവണ അവനോട് തന്റെ മാര്‍ഗ്ഗം തടയരുതെന്ന് പറഞ്ഞിട്ടും കുട്ടി, അവന്റെ നിലപാടില്‍തന്നെ ഉറച്ചുനിന്നു. അതൊരു യുദ്ധത്തിന്റെ നിലയിലേക്ക് ഉയരുകയും ശിവന്‍ സ്വയം മറക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം ആ കുഞ്ഞിന്റെ ശിരസ്സിനെ ഖണ്ഡിച്ചുകളഞ്ഞു. ശബ്ദം കേട്ട് പുറത്തേക്ക് വന്ന പാര്‍വ്വതി തന്റെ പുത്രന്റെ അവസ്ഥകണ്ട് നിലവിളിച്ചു. ദിഗന്തങ്ങളിലേക്ക് പടര്‍ന്ന ആ കരച്ചില്‍ ലോകത്തെയാകെ വിറപ്പിച്ചു. അത് മറ്റ് ദേവതകളെയും കൈലാസത്തില്‍ എത്തിച്ചു. പക്ഷേ ആരൊക്കെ ആശ്വസിപ്പിച്ചിട്ടും ദേവി ശാന്തയായില്ല. തന്റെ മകനെ തിരിച്ച് തന്നേപറ്റൂ എന്ന ആവശ്യവുമായി ആ അമ്മ കരച്ചില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. മറ്റ് പോംവഴികള്‍ കാണാതെ ദേവതകള്‍ മൃത്യുഞ്ജയനായ ശിവനോടുതന്നെ ആ കുഞ്ഞിന് ജീവന്‍ തിരിച്ചുനല്‍കു വാന്‍ അഭ്യര്‍ത്ഥിച്ചു.
ശക്തി നിലവിളിക്കുവാന്‍ കാരണം, ശക്തിക്ക് മാത്രമായി സൃഷ്ടിക്ക് ഉണ്മ നല്‍കുവാന്‍ സാധ്യമല്ല. ശിവമായ ഈശ്വര ചൈതന്യത്തിന്റെ ചേര്‍ച്ചയും കൂടിയുണ്ടെങ്കിലേ ബോധരൂപമാര്‍ന്ന ഈ സൃഷ്ടിയെല്ലാം സംഭവിക്കുകയുള്ളൂ. അതുകൊണ്ടാണ് ഒരിക്കല്‍ ഗണപതിക്ക് ജീവന്‍ നല്‍കിയ പാര്‍വ്വതി നിസ്സഹായയായി ഇവിടെ ഗണപതിയുടെ ജീവനുവേണ്ടി ശിവനോട് കേഴുന്നത്. ഇതിന്റെ അന്തരാര്‍ത്ഥത്തില്‍ ഒരു വലിയ സൃഷ്ടി രഹസ്യമുണ്ട്. സൃഷ്ടിക്ക് പാര്‍വ്വതി നല്‍കുന്ന ജീവന്‍ പ്രാണനാണ്. ആ പ്രാണശരീരത്തില്‍ ശിവമായ ബോധം ആത്മാവായി പ്രകാശിച്ചാലെ, (അതായത് ശിവശക്തി സംയോഗത്താല്‍ സൃഷ്ടിച്ചെടുക്കുന്ന എല്ലാ ശരീരങ്ങളിലും ശിവരൂപമായ ബോധം അധികമായി പ്രകാശിച്ചാലെ) സൃഷ്ടികള്‍ ഉണ്മയെ പ്രാപിക്കൂയെന്നതാണ്.
ദേവിയും ദേവതകളും അങ്ങനെ ആവശ്യപ്പെട്ടപ്പോള്‍, തന്റെ അവിവേകത്തെയോര്‍ത്ത് പശ്ചാത്തപിച്ച് ഇരിക്കുകയായിരുന്ന ശിവന്‍ കുഞ്ഞിന് ജീവന്‍ നല്‍കുവാന്‍ തയ്യാറായി. അല്പസമയം ധ്യാനനിരതനായി ഇരുന്നതിനുശേഷം അദ്ദേഹം കണ്ണുതുറന്ന് ദേവതകളോട് നേരെ വടക്കോട്ട് പോകുവാനും അവിടെ ആദ്യം കാണുന്ന മൃഗത്തിന്റെ തല വെട്ടിക്കൊണ്ടുവരുവാനും ആവശ്യപ്പെട്ടു. അങ്ങനെ പോയപ്പോള്‍ ദേവന്മാര്‍ ആദ്യം കണ്ടെത്തിയത് ഒരു ആനയെയായിരുന്നു. അവര്‍ അതിന്റെ ശിരസ്സിനെ എടുത്ത് പരമേശ്വരന് നല്‍കുന്നു. അദ്ദേഹം അതിനെ കുഞ്ഞിന്റെ ഉടലിനോട് ചേര്‍ത്ത് വീണ്ടും ജീവന്‍ നല്‍കു ന്നു. പക്ഷേ തന്റെ കുഞ്ഞിന് ആനയുടെ തല നല്‍കിയത് അമ്മയെ തൃപ്തയാക്കിയില്ല. ഇത് തിരിച്ചറിഞ്ഞ കൈലാസനാഥന്‍ കുഞ്ഞിന് ഗണങ്ങളുടെ പതിയെന്ന സ്ഥാനം നല്‍കുകയും എല്ലാ വിഘ്‌നങ്ങളേയും അകറ്റി അവന്ഐശ്വര്യം പ്രദാനം ചെയ്യുമെന്നും അതിനാല്‍തന്നെ ചെയ്യപ്പെടുന്ന എല്ലാ കര്‍മ്മങ്ങളുടെയും ആരംഭത്തില്‍ അവന്‍ പൂജിക്കപ്പെടുമെന്നും പറഞ്ഞ് കുഞ്ഞിനെ അനുഗ്രഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ ശിവന്‍ എന്താണ് അവിടെ ചെയ്തത്?
കുഞ്ഞിന് ഉണ്മ നല്‍കുവാന്‍ തയ്യാറായ അദ്ദേഹം അല്പനിമിഷം ധ്യാനനിരതനായ ശേഷം ദേവകളോട് ഒരു മൃഗത്തിന്റെ തലയാണ് ആവശ്യപ്പെടുന്നത്. എന്തെന്നാല്‍ കൊണ്ടുവരുവാന്‍ പോകുന്നത് ഒരു ആനയുടെ തലയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ആവശ്യവും അതായിരുന്നു. പാര്‍വ്വതി ശരീരതലത്തില്‍ പ്രാണന്‍ നല്‍കി സൃഷ്ടിച്ച കുഞ്ഞി നെ, ശിവന്‍ അവിടെ നിന്നും ഉയര്‍ത്തി പരമബോധസ്വരൂപമായ സൃഷ്ടിജ്ഞാനത്തിലേക്ക് ചേര്‍ക്കുകയായിരുന്നു. ഏതൊരു വസ്തുവും സൃഷ്ടിച്ചെടുക്കണമെങ്കില്‍ ആദ്യം വേണ്ടത് അതിനേക്കു റിച്ചുള്ള വ്യക്തമായ ധാരണയാണല്ലോ. ധാരണയെന്നാല്‍ അതിനേക്കുറിച്ചുള്ള വ്യക്തമായ അറിവാണ് അല്ലെങ്കില്‍ ജ്ഞാനമാണ്. ഈശ്വരനിലും ആ ജ്ഞാനമുണ്ടായിരുന്നു. സൃഷ്ടിക്ക് ആധാരമായ ആ ആദിജ്ഞാനം അദ്ദേഹത്തോട് അഥവാ പ്രണവത്തോട് അല്ലെങ്കില്‍ ഓങ്കാരത്തോട് ലയിച്ചാണ് നില്‍ക്കുന്നത്. അതാണ് ഈശ്വരനെ ജ്ഞാനസ്വരൂപനാക്കുന്നത്. ആ ചേര്‍ച്ചയോടെയാണ് ഗണപതിയും പ്രണവസ്വരൂപനാകുന്നത്. വാസ്തവത്തില്‍ ഇതാണ് ആ കുഞ്ഞിന്റെ തലയെ ഉടലിന് യോജിക്കാത്തവിധം വലുതാക്കുന്നത്. ആ ഓങ്കാരത്തില്‍നിന്നും ശക്തി പ്രാണനായി വ്യാപിച്ച് ഓരോരോ രൂപങ്ങളായി മാറിയാണ് വൈവിദ്ധ്യങ്ങളുടെ ഈ ഭൂമിയെ സൃഷ്ടിച്ചെടുക്കുന്നത്. അതായത് ആ ഓങ്കാരശരീരത്തില്‍നിന്നും ശക്തി പ്രാണനായി ദീര്‍ഘിച്ച് ഈ ജീവരാശികളുടെ ലോകതലത്തില്‍ എത്തുകയായിരുന്നു. പ്രാണന്റെ ആ നീണ്ട യാത്രയാണ് വലിയ തലയില്‍ നിന്നും നീണ്ടുനില്‍ക്കുന്ന മൂക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെയാണ് തുമ്പിക്കൈ യുള്ള ആനയുടെ തല ഗണപതിയ്ക്ക് പ്രതീകമായി വരുന്നത്.
അതുപോലെ ഗണപതിയുടെ മുഖത്ത് ഏറ്റവും ശ്രദ്ധേയമാകുന്നത് അദ്ദേഹത്തിന്റെ കണ്ണുകളാണ്. വലിയ തലയും നീളമേറിയ മൂക്കും അദ്ദേഹത്തിനുണ്ടെങ്കിലും അവിടുത്തെ കണ്ണുകള്‍ തീരെ ചെറുതാണ് അത് അര്‍ത്ഥമാക്കുന്നത് ബുദ്ധിരൂപന് പ്രമാണമാകുന്നത് കാഴ്ചയല്ല അനുഭവങ്ങളാണ് എന്നതാണ്. ഭൂമുഖത്തെ എല്ലാ ജീവന്റെയും ബുദ്ധിയുടെ തലം അതതിന്റെ അനുഭവങ്ങളിലൂടെയാണ് രൂപപ്പെടുന്നത്. ഇന്ദ്രിയ വിഷയങ്ങളായ ശബ്ദ-സ്പര്‍ശ-രൂപ-രസ-ഗന്ധങ്ങളില്‍ ജീവബുദ്ധി പ്രമാണമാക്കുന്നത് ചെവികളിലൂടെ വരുന്ന ശബ്ദവും ശരീരംകൊണ്ടുള്ള സ്പര്‍ശവും മൂക്കിലൂടെ എത്തുന്ന മണവും നാവിലൂടെ അറിയുന്ന രുചിയുമായ അനുഭവങ്ങളെയാണ്. ഇവിടത്തെ ഒരു ജീവിയും കണ്ടല്ല; കൊണ്ടാണ് അവയ്ക്കുവേണ്ട തിരിച്ചറിവുകളെ ഉണ്ടാക്കുന്നത്. ആന്തരികമായി മനുഷ്യനും അങ്ങനെ തന്നെയാണ്. ഈ വിധം അനുഭവങ്ങളുടെ ഗണപതിയെ രൂപപ്പെടുത്തുവാന്‍ കഴിയുന്ന രീതിയിലാണ് എല്ലാ ജീവികളിലെയും ഇന്ദ്രിയങ്ങളെ പ്രകൃതി സൃഷ്ടിച്ചിരിക്കുന്നത്. ബഹിര്‍മുഖമായി നില്‍ക്കുന്ന അവയുടെ മനോഭാവങ്ങളെയാണ് സദാ ചലിച്ചുകൊണ്ടിരിക്കുന്ന ഗണപതി ശിരസ്സിലെ വലിയ രണ്ട് ചെവികളിലൂടെ സൂചിപ്പിക്കുന്നത്. ഇന്ദ്രിയങ്ങളിലൂടെ പുറത്തുനിന്നുള്ളതിനെ എപ്പോഴും തന്റെ ഉള്ളിലേക്ക് ആനയിച്ച് സ്വയം പുഷ്ടിപ്പെടുത്തുകയാണ് ബുദ്ധി ഗണപതിയിലെ ആ ചെവികള്‍.
അദ്ദേഹത്തിന്റെ നാവിലെ രുചിയും വളരെ ശ്രദ്ധേയമാണ്. ഗണപതി മോദക പ്രിയനാണ്. ആ രുചി മധുരത്തിലല്ല, മോദകത്തിലാണ്; ആമോദത്തിന്റെ പ്രതീകമായ മോദകത്തില്‍. അതായത് ആനന്ദമേകാത്ത ഒന്നും അദ്ദേഹത്തിന് പഥ്യമല്ല. ആനന്ദമേകാത്ത ഒന്നിലും നമുക്കും രുചി തോന്നാത്തതിന് കാരണം അവയില്‍ നമ്മുടെ ഉള്ളിലെ ഗണപതിക്ക് രുചി തോന്നാത്തതുകൊ ണ്ടാണ്. ഇനി ഉള്ളിലെ ഗണപതിക്ക് രുചി തോന്നുന്നത് ലോകത്തിന് പഥ്യമാകാത്ത താണെങ്കിലും നാം അതുതന്നെ വളരെ ഉത്സാഹത്തോടെ സ്വീകരിക്കും. അതായത് പ്രണവ സ്വരൂപനായ വിഘ്‌നേശ്വരന്റെ വഴികള്‍ നാം ഉദ്ദേശിക്കുന്നതിനെക്കാള്‍ ആഴത്തിലും പരപ്പിലുമാണ് നമ്മില്‍ വേരോടിയിരിക്കുന്നത്. ഇങ്ങനെ ശരീരതലത്തെയാകെ ആഴ്ന്നുനില്‍ക്കുന്ന ഗണപതിയെ പാര്‍വ്വതി എങ്ങനെയാണ് രൂപപ്പെടുത്തുന്നതെന്നും ഈ കഥയില്‍ വ്യക്തമാണ്.
ബ്രഹ്മമായ ശിവ ചൈതന്യമാണ് നമ്മില്‍ ഓരോരുത്തരിലും ബോധമായി വിളങ്ങുന്നതെന്ന് പറഞ്ഞല്ലോ. ആ ചൈതന്യമായ ബോധം ജീവശരീരങ്ങളെ പ്രാപിക്കുമ്പോള്‍ ശക്തി അഥവാ പ്രാണന്‍ രൂപപ്പെടുത്തുന്ന ആ ശരീരങ്ങളില്‍ ചില കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. നമ്മുടെ ഇന്ദ്രിയങ്ങളില്‍ കൂടി ഉള്ളിലേക്ക് വരുന്ന ചെറുതും വലുതുമായ ലോകസത്ത ഉള്ളിലുള്ള ഈ ബോധത്തിലാണ് പതിക്കുന്നത്. അങ്ങനെയാണ് അതെല്ലാം നമുക്ക് അനുഭവങ്ങളായി തീരുന്നത്. ഇങ്ങനെ ശക്തി യുടെ മേല്‍ വന്ന്പതിക്കുന്ന ഒരോ അനുഭവങ്ങളില്‍നിന്നും ശക്തി വിവരങ്ങളായി ചിലത് ജീവികളുടെ മസ്തിഷ്‌കത്തില്‍ സൂക്ഷിച്ചുവയ്ക്കുന്നു. ഇതുകൊണ്ടാണ് മുമ്പ് കണ്ട വസ്തുക്കളെ വീണ്ടും കാണുമ്പോള്‍, അത് കസേ രയും മേശയുമായെല്ലാം നമുക്ക് പെട്ടെന്ന് തിരിച്ചറിയുവാന്‍ കഴിയുന്നത്. ഈ നിര്‍ണ്ണയിക്കുവാനുള്ള ശക്തിവിശേഷമാണ് ജീവികളില്‍ ബുദ്ധിയായി പ്രവര്‍ത്തിക്കുന്നത്. ഈ ബുദ്ധിയാണ് പാര്‍വ്വതി സ്‌നാനം ചെയ്യുന്നതിനുതൊ ട്ടുമുമ്പ് തന്റെ ശരീരത്തില്‍നിന്നും വടിച്ചെടുത്ത് രൂപപ്പെടുത്തുന്ന കുഞ്ഞ്.
അതുപോലെ ഉള്ളിലെ ശിവ ചൈതന്യവുമായാണല്ലോ നാം പുറം ലോകങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിനെയാണ് ശിവന്‍ പുറത്തേക്ക് പോയി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുറത്തുനിന്ന് ശിവന്‍ മടങ്ങി വരുന്നതിന് രണ്ട് അര്‍ത്ഥങ്ങളുണ്ട് ഒന്ന് ശിവന്‍ തന്റെ തന്നെ ശക്തിയുമായി ലയിച്ച് പൂര്‍ണ്ണതയെ പ്രാപിക്കുവാന്‍ അഥവാ മോക്ഷഭാവത്തെ വീണ്ടെടുക്കുവാനാണ് തിരിച്ചെത്തുന്നത്. ഇത് പാരമാര്‍ത്ഥികമായ നമ്മിലെ ശിവന്റെ കഥയാണ്. എന്നാല്‍ വ്യാവഹാരികനായ നമ്മിലെ ലൗകിക ശിവന്‍ തിരിച്ചെത്തുന്നത് എല്ലാ അര്‍ത്ഥത്തിലുമുള്ള കൂടണയല്‍ മാത്രമാണ്. ഏത് ഭാവത്തില്‍ ആയാലും ശിവന് വിഘ്‌നങ്ങള്‍ തീര്‍ക്കുന്നത് ശക്തി സൃഷ്ടിച്ച ഈ കുഞ്ഞാണ്. അവനാണ് അച്ഛന്റെ വഴിയില്‍ വിഘ്‌നങ്ങള്‍ തീര്‍ക്കുന്നത്. അതായത് നമ്മുടെ ബുദ്ധി തന്നെയാണ് നമുക്ക് വിഘ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നത്. ഈ ബുദ്ധി അനുകൂലിക്കാതെ നിങ്ങള്‍ക്ക് ഈ ലോകത്ത് ഒന്നും നേടുവാന്‍ കഴിയില്ല. ഇങ്ങനെ ശരീരങ്ങളുടെ തലത്തില്‍ ഒതുങ്ങി നിന്നിരുന്ന കുഞ്ഞിനെ ശിവന്‍ ഗണങ്ങളുടെ പതിയാക്കിയപ്പോള്‍ പഞ്ചഭൂതങ്ങളായ ആകാശവും വായുവും അഗ്‌നിയും ജലവും ഭൂമിയുമടങ്ങുന്ന ഭൂതഗണങ്ങളെല്ലാം ഗണപതിയുടെ അധീനതയിലായി. അങ്ങനെ ശരീരങ്ങളില്‍ മാത്രമല്ല ഈ വിശ്വം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ബുദ്ധിവൈഭവമാണ് ഗണപതി. ഇവിടെയുള്ള ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാ കണികകളും അതതിലുള്ള ബുദ്ധിയാല്‍ (ഗണപതിയാല്‍) ചിട്ടപ്പെടുത്തിയതാണ്.
(തുടരും)