കേരളത്തില്‍ ഇന്ന് ജീവിക്കുന്ന ഒരു ശരാശരി വിദ്യാര്‍ത്ഥിയുടെ സ്വപ്‌നം വിദേശപഠനമാണ്. ആറേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു നല്ല ജോലി എന്ന് മാത്രം സ്വപ്‌നം കണ്ടിരുന്ന തലമുറയില്‍ നിന്ന് വിദേശങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ച തരത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തെ മാറ്റിയെടുത്തതില്‍ ഒന്നാമത്തെ ഉത്തരവാദി എസ്എഫ്‌ഐയാണ്. സാക്ഷരതയില്‍ അഭിമാനം കൊണ്ടിരുന്ന കേരളത്തില്‍ നിന്ന് ഇന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ റാഗിങ്ങിന്റെതാണ്. സിദ്ധാര്‍ത്ഥന്‍ കൊല്ലപ്പെട്ട് വര്‍ഷം ഒന്ന് തികയുമ്പോഴേക്കും സമാനമായ റാഗിങ്ങുകള്‍ കേരളത്തിലെ കലാലയങ്ങളില്‍ അതിഭീകരമാംവിധം വര്‍ദ്ധിച്ചു വരികയാണെന്ന യാഥാര്‍ഥ്യം കേരള മനസ്സാക്ഷിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നു. സിദ്ധാര്‍ത്ഥന്‍ കൊലചെയ്യപ്പെടുമ്പോള്‍ ഇത്തരം റാഗിങ്ങുകള്‍ ഒറ്റപ്പെട്ട സംഭവമാണെന്ന് പലരും മനസ്സില്‍ കരുതി. കാരണം അത്തരം വാര്‍ത്തകളൊന്നും സിദ്ധാര്‍ത്ഥന്‍ വിഷയം നടക്കുന്നതുവരെ അടുത്തകാലങ്ങളില്‍ കേരളം ചര്‍ച്ച ചെയ്തിട്ടേയില്ല. പക്ഷേ ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലാണ് കേരളത്തിലെ ക്യാംപസുകളില്‍ അരങ്ങേറുന്ന റാഗിങ്ങ് മഹാമഹം എന്ന് സമൂഹം തിരിച്ചറിയുന്നുണ്ട്. വയനാട് പൂക്കോട് വെറ്റിനറി കോളേജാണെങ്കിലും, കോട്ടയം ഗാന്ധിപുരം ഗവ.നഴ്‌സിങ് കോളേജാണെങ്കിലും തിരുവനന്തപുരം കാര്യവട്ടം ക്യാംപസാണെങ്കിലും ക്രൂരമായ റാഗിങ്ങ് നടന്ന ഈ മൂന്ന് സ്ഥാപനങ്ങളെയും കോര്‍ത്തിണക്കുന്ന ഒറ്റക്കാര്യം ഇവിടങ്ങളിലൊക്കെ എസ്എഫ്‌ഐ മാത്രമേയുള്ളൂ, അല്ലെങ്കില്‍ അവരുടെ ഫാസിസമാണ് നടപ്പിലാക്കുന്നത് എന്നതാണ്. റാഗിങ്ങും ലഹരിയും അരാഷ്ട്രീയ ക്യാംപസുകളുടെ സംസ്‌കാരമാണെന്ന് ഉച്ചഭാഷിണി മുഴക്കുന്ന എസ്എഫ്‌ഐ ഈ ക്രൂരകൃത്യങ്ങളൊക്ക നടന്ന ക്യാംപസുകളില്‍ എസ്എഫ്‌ഐ മാത്രമാണെന്ന നഗ്‌നസത്യം കുഴിവെട്ടി മൂടി. ഗവ.നഴ്‌സിങ് കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റില്ലെന്ന ക്യാപ്‌സ്യൂള്‍ ഇറക്കിയെങ്കിലും വെള്ളം തൊടാതെ വിഴുങ്ങാന്‍ കേരളം തയ്യാറായില്ല. എസ്എഫ്‌ഐ വണ്ടൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന, എസ്എഫ്‌ഐയുടെ എല്ലാവിധ സമ്മേളങ്ങളിലും പങ്കെടുക്കുന്ന, ഇക്കാലത്ത് യുവജനങ്ങളുടെ തിരിച്ചറിയല്‍ രേഖയായ സമൂഹമാധ്യമ പ്രൊഫൈലില്‍ രാഹുല്‍ രാജ് കോമ്രാഡ് എന്ന് പച്ചകുത്തിയ, പ്രോഫൈലില്‍ നൂറുകണക്കിന് എസ്എഫ്‌ഐ ചിത്രങ്ങള്‍ ഫയലായി സൂക്ഷിച്ച, ഇടതുപക്ഷ അനുകൂല നഴ്‌സിങ് വിദ്യാര്‍ത്ഥി സംഘടന കെജിഎസ്എന്‍എയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഒരാള്‍ എസ്എഫ്‌ഐ അല്ലെന്ന് നോട്ടീസ് അടിച്ചിറക്കിയാല്‍ തൊണ്ടതൊടാതെ വിശ്വസിക്കാന്‍ കേരളീയ സമൂഹം വിഡ്ഢികളാണോ? ഒരു നുണ ആയിരംതവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകില്ലെന്ന സാമാന്യയുക്തി എസ്എഫ്‌ഐയുടെ നേതൃത്വത്തിന് നഷ്ടപ്പെട്ടു.
സിദ്ധാര്‍ത്ഥനെ മരണത്തിലെത്തിച്ച ക്രൂരത ഇനിയൊരിക്കലും ആവര്‍ത്തിക്കരുതെന്ന നിശ്ചയദാര്‍ഢ്യത്തോടെയുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നതാണ് വീണ്ടും വീണ്ടും അരങ്ങേറുന്ന റാഗിങ്ങുകള്‍ പറഞ്ഞുവെക്കുന്നത്. ക്ഷമയും ദയയും സഹാനുഭൂതിയും കരുതലും സ്‌നേഹവുമൊക്കെ ചേര്‍ന്നുള്ള സേവനത്തിന്റെ പേരാണ് നഴ്‌സ്. അതിനോടൊപ്പം കമ്മ്യൂണിസം ചേര്‍ന്നാല്‍ അതിന് നേരെ വിപരീത ഫലമായിത്തീരുമെന്നതാണ് കോട്ടയം ഗവ.നഴ്‌സിങ് കോളേജ് കാണിച്ചുതരുന്നത്. സ്‌നേഹമാകുന്ന മരുന്നുകൊണ്ട് മുറിവുകള്‍ വെച്ചുകെട്ടേണ്ടയാളുകള്‍ സഹപാഠിയെ കട്ടിലില്‍ ബലമായി കിടത്തി കയ്യും കാലും തോര്‍ത്തുകൊണ്ട് കെട്ടിയിട്ട് ശരീരം മുഴുവന്‍ വരഞ്ഞ് മുറിവേല്‍പ്പിക്കുകയും മുറിവില്‍ ലോഷന്‍ ഒഴിച്ച് രസിക്കുകയും വണ്‍, ടു, ത്രീ എണ്ണിയെണ്ണി കോമ്പസ് പ്രയോഗം നടത്തുന്നതും അടിക്കുന്നതുമൊക്കെ എങ്ങനെയാണ് വിശ്വസിക്കാന്‍ കഴിയുക? ക്രൂരതയുടെ ദൃശ്യം പുറത്തുവന്നതുകൊണ്ട് പൊതുസമൂഹത്തിന് വിഷയത്തിന്റെ ഭീകരത മനസ്സിലായി. ഒന്നാലോചിച്ചു നോക്കൂ സിദ്ധാര്‍ത്ഥന്‍ എത്രത്തോളം ക്രൂരത നേരിട്ടിരിക്കാം. ഡിസംബര്‍ 13ന് അരങ്ങേറിയ ക്രൂരകൃത്യം പുറത്തറിയുന്നത് രണ്ട് മാസങ്ങള്‍ക്ക് ശേഷം മാത്രമാണ്. പലരും വിഷയം അറിഞ്ഞിട്ടും ഭയം കാരണം മൗനം ഭജിക്കുന്നു. സിദ്ധാര്‍ത്ഥന്‍ മരണപ്പെട്ടതുകൊണ്ട് മാത്രമാണ് വിഷയം പുറത്തറിഞ്ഞത്, അല്ലെങ്കില്‍ എസ്എഫ്‌ഐ അടക്കിവാഴുന്ന കോളേജിനുപുറത്തുനിന്ന് ഒരു വാര്‍ത്തയും പുറത്തെത്തില്ലായിരുന്നു. സിദ്ധാര്‍ത്ഥന്‍ മരണപ്പെട്ടിട്ടും ആഴ്ചകളെടുത്തു വിഷയം പുറത്തുവരാന്‍, പലരും കുഴിവെട്ടിമൂടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പക്ഷേ ഇങ്ങനെ കുഴിവെട്ടി മൂടിയ എത്രയെത്ര റാഗിങ്ങുകള്‍ കേരളത്തിലെ എസ്എഫ്‌ഐയുടെ ഏകാധിപത്യക്യാംപസുകളില്‍ നടന്നിരിക്കും?
ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ദുരന്തം ഏതു നിന്ദ്യസംഭവവും കുറച്ചുനാള്‍ ദൃശ്യമാധ്യമങ്ങളിലെ അന്തിചര്‍ച്ചകളിലും അച്ചടി മാധ്യമങ്ങളിലെ എഡിറ്റോറിയല്‍ സ്‌പെയ്‌സിലും നാലുകോളം വാര്‍ത്തയിലും സാമൂഹ്യമാധ്യമങ്ങളിലെ രോഷപ്രകടങ്ങളിലും തെറിവിളികളിലും കവലകളിലെ സംസാരങ്ങളിലും സജീവമായിരുന്നശേഷം മറഞ്ഞുപോവുകയാണ്. ഇരയാക്കപ്പെട്ടവരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ഉള്ളില്‍ മാത്രമാണ് പിന്നെയത് വ്രണമായി അവശേഷിക്കുന്നത്. ആ വിങ്ങല്‍ സമൂഹത്തിന്റെയും യുവതലമുറയുടെയും കൂടിയായെങ്കില്‍ മാത്രമേ ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് അറുതിയാവുകയുള്ളൂ….
കേരളത്തിലെ 99% റാഗിങ്ങുകളിലും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതികള്‍. പിന്നീടവരെ പുറത്താക്കിയെന്ന പതിവ് പല്ലവി, ശേഷം ഇരയോടൊപ്പമെന്നുള്ള പ്രഖ്യാപനവും. ഇതോടുകൂടി മലയാളം സിനിമയിലെ സ്ഥിരം കണ്‍വിന്‍സിംഗ് നടന്‍ സുരേഷ് കൃഷ്ണയുടെ റോള്‍ പൊതുസമൂഹത്തില്‍ എസ്എഫ്‌ഐയും സിപിഎമ്മും ഭംഗിയായി നിറവേറ്റുന്നു. ശേഷം വേട്ടക്കാരനൊടൊപ്പമുള്ള ഓട്ടമാണ്, നമുക്ക് സിദ്ധാര്‍ത്ഥന്റെ കേസിലെ സംഭവ വികാസങ്ങള്‍ പരിശോധിക്കാം. സസ്‌പെന്‍ഷനിലായ ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കണമെന്ന് പരസ്യനിലപാടെടുത്തു, പ്രതികള്‍ക്ക് സാമ്പത്തികമുള്‍പ്പെടെയുള്ള വഴിവിട്ട സഹായങ്ങള്‍, സസ്‌പെന്‍ഷനിലായവര്‍ക്ക് വേണ്ടി പണപ്പിരിവ്, നിയമ സഹായം, സിദ്ധാര്‍ത്ഥനെ വ്യക്തിഹത്യ ചെയ്തുകൊണ്ടുള്ള പ്രചാരണങ്ങള്‍, മരണശേഷം സഹപാഠിയുടെ പേരില്‍ കോളേജിലെ ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മറ്റിക്ക് മലയാളം എഴുതാനറിയാത്ത വിദ്യാര്‍ത്ഥിയുടെ പേരില്‍ സിദ്ധാര്‍ത്ഥനെ കുറ്റക്കാരനായി ചിത്രീകരിക്കാന്‍ മറ്റാരോ എഴുതിനല്‍കിയ വ്യാജ പരാതി, വിദ്യാര്‍ത്ഥികളുടെ മാനസികാവസ്ഥ വീണ്ടെടുക്കാന്‍ ക്യാംപസില്‍ വിനോദ പരിപാടികള്‍ ആസൂത്രണം ചെയ്ത കോളേജ് യൂണിയന്‍. ഇനി സര്‍വകലാശാല ചെയ്തത് പ്രതികള്‍ക്ക് അനുകൂലമായ വിധികളില്‍ അപ്പീല്‍ നല്‍കുന്നതില്‍ ഗുരുതര വീഴ്ച, ഏറ്റവുമൊടുവില്‍ പ്രതികള്‍ക്ക് പുനഃപ്രവേശന വിധിവന്നപ്പോള്‍ അതിനെതിരെ സര്‍വകലാശാല അപ്പീല്‍ നല്‍കിയില്ല, ഹാജരില്ലാത്ത വിദ്യാര്‍ത്ഥികളെ പ്രാക്ടിക്കല്‍ പരീക്ഷ എഴുതിച്ചു, റാഗിങ്ങ് തടയാത്തതിനുള്ള ശിക്ഷ രണ്ട് ഉദ്യോഗസ്ഥരില്‍ മാത്രമായി ചുരുക്കി, എന്തിനധികം പറയുന്നു, സിദ്ധാര്‍ത്ഥന്റെ ഓര്‍മ്മദിനമായ ഫെബ്രു. 18ന് സിദ്ധാര്‍ത്ഥനൊപ്പമാണെന്ന് പറയുന്ന സര്‍വകലാശാല അധികൃതരോ കോളേജ് യൂണിയനോ എസ്എഫ്‌ഐ നേതാക്കളോ മൗനാചരണംപോലും നടത്തിയില്ല, അതേസമയം വാഹനാപകടത്തില്‍ മരണപ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയുടെ അനുസ്മരണായോഗം വിപുലമായിത്തന്ന നടന്നു.
വിവസ്ത്രനാക്കിയും മുളവടികൊണ്ട് തലയ്ക്കടിച്ചും തുപ്പിയ വെള്ളം കുടിപ്പിച്ചും യൂണിയന്‍ റൂമിലിട്ട് ക്രൂരത കാട്ടിയ കാര്യവട്ടം ക്യാംപസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു എന്നറിയുമ്പോഴാണ് റാഗിങ്ങുകള്‍ക്ക് എത്രമാത്രം ഭരണകൂട പിന്തുണ ലഭിക്കുന്നുണ്ട് എന്ന് നമുക്ക് മനസ്സിലാവുക. ട്രോമായനുഭവിക്കുന്ന ഇരയ്ക്ക് ഇനി ഇവരുടെ ഭീഷണികൂടി നേരിടാം, അല്ലെങ്കില്‍ പഠനം നിര്‍ത്തിപോകാം. ഇതുമാത്രമാണ് മുന്നിലുള്ള വഴി.
ബ്രണ്ണനിലെ ഗുണ്ടായിസം
നമ്മുടെ കേരളമുഖ്യന്‍ വടിവാളുകള്‍ക്കിടയിലൂടെ നടന്ന അതേ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ കഴിഞ്ഞദിവസം എബിവിപി പ്രവര്‍ത്തകനായ മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായ ഗോകുലിനെ എസ്എഫ്‌ഐയുടെ ചെന്നായ്ക്കള്‍ വളഞ്ഞിട്ടാക്രമിക്കുന്നതും അതിനെ സധൈര്യം നേരിട്ട ഗോകുലിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആധുനികകാലത്ത് എസ്എഫ്‌ഐയുടെ കൊടുംകൃത്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് സിസിടിവി ക്യാമറകളും സാമൂഹ്യമാധ്യമങ്ങളുമാണ്. എംജി സര്‍വകലാശാലയില്‍ എഐഎസ്എഫ് വനിതാ നേതാവിനോട് തന്തയില്ലാത്ത കൊച്ചിനെയുണ്ടാക്കിത്തരുമെന്ന് ആക്രോശിച്ചതുമുതല്‍ ബ്രണ്ണന്‍ കോളേജിലെ അക്രമം വരെ അങ്ങനെയാണ് പുറത്തു ചര്‍ച്ചയായത്. ബ്രണ്ണന്‍ കോളേജിലെ അക്രമം പുറത്തുവന്ന് മണിക്കൂറുകള്‍ കഴിയുന്നതിനുമുമ്പേ ക്യാപ്‌സ്യുളുകള്‍ വില്‍പ്പനയ്‌ക്കെത്തി, ലഹരി സംഘത്തെയാണ് മര്‍ദിച്ചതെന്ന്. കണ്ണൂര്‍ യുണിവേഴ്‌സിറ്റിയിലെത്തന്നെ അറിയപ്പെടുന്ന ഗുസ്തിതാരവും നിരവധി മത്സരങ്ങളില്‍ ബ്രണ്ണന്‍ കോളേജിനെ പ്രതിനിധീകരിച്ച് മെഡലണിഞ്ഞ ഒരു കായികതാരത്തെയാണ് എസ്എഫ്‌ഐ കരിവാരിത്തേക്കാന്‍ ശ്രമിച്ചത്. ഗോകുലിനെ അക്രമിച്ചവരില്‍ പ്രധാനികള്‍ യദു, പി. കെ.ബിനില്‍ (കണ്ണൂര്‍ സര്‍വകലാശാല ക്യാംപസ് ആന്ത്രപ്പോളജി വിദ്യാര്‍ത്ഥി), അദിന്‍ സുബി (സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്), മൂവരും ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥികളേയല്ല, കൂടാതെ കൊലക്കേസ് പ്രതിയും ഡിഫി നേതാവുമായ അഖില്‍ എസ്എഫ്‌ഐ ജില്ലാനേതാവ് സഞ്ജിവ് എന്നിവരും അക്രമത്തിന് നേതൃത്വം നല്‍കി. പുറത്തുനിന്നുള്ളവര്‍ക്ക് എങ്ങനെയാണ് ക്യാംപസിനകത്ത് കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാനാവുക? അക്രമത്തിന്റെ ഭീകരമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പ്രതികള്‍ക്കെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പിണറായി വിജയന്‍ ഭരിക്കുന്ന പോലീസ് തയ്യാറായിട്ടില്ല.
ഒന്ന് ചിന്തിച്ചുനോക്കൂ, എത്ര ഭീകരമാണ് കേരളത്തിലെ കലാലയങ്ങളുടെ അവസ്ഥ. ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച വിദേശങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്കിന്റെ കാരണമെന്തെന്ന് തലപുകച്ച് പുണ്ണാക്കേണ്ടതുണ്ടോ? എസ്എഫ്‌ഐയുടെ ക്രിമിനല്‍ സംഘങ്ങളും അതിന്റെ കുടക്കീഴില്‍ എന്ത് തെമ്മാടിത്തവും കാട്ടിക്കൂട്ടാനുള്ള ലൈസന്‍സാവുകയും ഭരണകൂടവും പോലീസും അതിന് കുടപിടിക്കുകയും ചെയ്യുന്നതോടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ച പൂര്‍ണ്ണമാവുകയാണ്.