കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്തത്തിൻ്റെ പ്രാന്ത കാര്യാലയത്തിൻ്റെ ഗൃഹപ്രവേശം നടന്നു. രാവിലെ ഗണപതി ഹോമവും തുടർന്ന് ഭാരതമാതാവിൻ്റെ ഫോട്ടോയിൽ പുഷ്പാർച്ചനയും ഉണ്ടായി.ആർഎസ്എസ് മുതിർന്ന പ്രചാരകൻ എസ്. സേതുമാധവൻ ഭാരത മാതാവിൻ്റെ ഛായാചിത്രത്തിനു മുന്നിൽ ദീപ പ്രോജ്ജ്വലനം നടത്തി പുഷ്പം അർച്ചിച്ചുകൊണ്ട് ഗൃഹപ്രവേശന കർമ്മം നിർവ്വഹിച്ചു. തുടർന്ന് മുതിർന്ന പ്രചാരകൻ കെ. ഗംഗാധരൻ കാര്യാലയത്തിൻ്റെ മുറ്റത്ത് കല്പ വൃക്ഷം നടുകയും പ്രാന്ത സംഘചാലക് അഡ്വ.കെ. കെ ബാലറാം തുളസിത്തറയിൽ തുളസി തൈ നടുകയും ചെയ്തു. കാര്യാലയ നിർമ്മാണത്തിൽ പങ്കാളികളായ വ്യക്തികളെ ദക്ഷിണ നൽകി ആദരിച്ചു. നൂറുകണക്കിന് കുടുംബങ്ങൾ വ്യത്യസ്ത സമയങ്ങളിലായി നടന്ന ചടങ്ങിൽ പങ്കുകൊണ്ടു. വൈകുന്നേരം ഭഗവതിസേവയും ഉണ്ടായി. ചാലക്കുടി മുതൽ മഞ്ചേശ്വരം വരെയുള്ള 18 സംഘ ജില്ലകൾ ഉൾക്കൊള്ളുന്നതാണ് ആർഎസ്എസ്സിൻ്റെ ഉത്തര കേരള പ്രാന്തം. കോഴിക്കോട് ആണ് പ്രാന്തകേന്ദ്രമായി പ്രവർത്തിക്കുക. മാധവ കൃപ എന്ന പേരിലാണ് കാര്യാലയം നിലകൊള്ളുന്നത്. ചടങ്ങിൽ ക്ഷേത്രീയ പ്രചാരക് പി.എൻ ഹരികൃഷ്ണൻ, ശാരീരിക് ശിക്ഷൺ പ്രമുഖ് ഡി.ശങ്കർ, പ്രാന്ത കാര്യവാഹ് പി.എൻ ഈശ്വരൻ, സഹകാര്യവാഹ് പി.പി സുരേഷ് ബാബു, അഖണ്ഡ പ്രാന്ത ബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ് കെ.പി രാധാകൃഷ്ണൻ, പ്രാന്തപ്രചാരക് ആ. വിനോദ്, സഹപ്രചാരക് വി. അനീഷ്, ദക്ഷിണ പ്രാന്തപ്രചാരക് എസ്. സുദർശൻ, ദക്ഷിണ പ്രാന്ത കാര്യവാഹ് ടി.വി പ്രസാദ് ബാബു, പ്രചാർ പ്രമുഖ് എം. ഗണേശ്,പ്രാന്ത ബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ് എം. ബാലകൃഷ്ണൻ, ശാരീരിക് ശിക്ഷൺ പ്രമുഖ് ഓ.രാഗേഷ്, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അധ്യക്ഷൻ പി.ഗോപാലൻകുട്ടി മാസ്റ്റർ,തുടങ്ങി നിരവധി കാര്യകർത്താക്കൾ പങ്കാളികളായി.