‘ഞാന്‍ പേര്‍ഷ്യേലൊന്നും പോയിട്ടില്ല. അതോണ്ടന്നെ അവ്‌ടെത്തെ കാര്യങ്ങളൊന്നും എനിയ്ക്കറീല്ല്യ… ഇങ്ങളും ഇങ്ങടെ ജീവിതവും പ്രയാസ്സങ്ങളും ഒന്നും. ഉണ്ണ്യേ… നീയ്യന്നെ ഒന്ന് പറയ്… അല്ല, ഇങ്ങനേംണ്ടാവോ മനുഷ്യജാതിയില്‍ പിറന്നോര്…’
തീക്ഷ്ണമായൊരു മധ്യാഹ്നത്തിന്റെ പടികടന്ന് സായന്തനത്തിന്റെ നിഴലിനെ സ്വന്തമാക്കാനുള്ള തിരക്കുപിടിച്ച പ്രയാണത്തിലാണ് പ്രകൃതി.
ഏകദേശം എണ്‍പതു പിന്നിട്ട കോതേട്ടന്‍ മുറ്റത്തു വന്നു നിന്നതും എന്നെ കണ്ടമാത്രയില്‍ മുഖവുരയില്ലാതെ ഒരു ഇടര്‍ച്ചയുടെ അകമ്പടിയോടെ ഇത്രയും പറഞ്ഞതും പെട്ടെന്നായിരുന്നു. കെട്ടി നിര്‍ത്തിയതെന്തോ പൊട്ടിച്ചു വിട്ട ആശ്വാസത്തോടെ പിന്നെയാണ് അദ്ദേഹം എന്റെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിക്കാനുള്ള ശ്രമം നടത്തിയത്.
‘ഉണ്ണി ഒരിക്കല്‍ കൂടി ഇയ്‌ക്കൊരു സഹായം ചെയ്തു തരണം…’
ബീഡിക്കറ പൊലിമ നഷ്ടപ്പെടുത്തിയ വിടവുകള്‍വീണ പല്ലുകള്‍, പിന്നിട്ട കാലത്തിന്റെ നിറം മങ്ങിയ ഒരു ഛായാചിത്രം പോലെ തോന്നിച്ചു.
വരുത്തി തീര്‍ത്ത ഒരു പുഞ്ചിരിക്കുമപ്പുറം ദയനീയമായിരുന്നു അപ്പോളാമുഖം. മാസം കള്ളക്കര്‍ക്കിടകമാണെങ്കിലും കാലം തെറ്റിത്തെറിച്ച വെയിലിന്റെ കൊടുമയും ഉള്ളിലെരിയുന്ന കനലിന്റെ ഉഷ്ണവും ഒന്നായി ചേര്‍ന്നപ്പോള്‍ കാറും കോളും വേണ്ടാത്ത കോതേട്ടന്റെ ശരീരത്തില്‍ അതൊരു പെരുമഴയായി…, ചുളിവുകള്‍ തീര്‍ത്ത ചാലുകളിലൂടെ അതൊരു മഴവെള്ളപ്പാച്ചിലായി… തോളിലെ നിറം മങ്ങിയ തോര്‍ത്തെടുത്ത് മുഖവും ശരീരവും തുടച്ചെടുക്കുമ്പോഴും കോതേട്ടന്റെ ദൃഷ്ടി എന്നില്‍ തന്നെയായിരുന്നു. തിരക്കിട്ടു നടന്നതുകൊണ്ട് കൂടിയാകാം ശ്വാസനാളത്തിന്റെ മല്‍പ്പിടുത്തത്തില്‍ അദ്ദേഹത്തിന്റെ ശരീരം ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. ഈ സമയം കോതേട്ടനെപ്പോലെ തന്നെ വാര്‍ദ്ധക്യം ബാധിച്ച പാതിയും കുടുക്കുകള്‍ നഷ്ടപ്പെട്ട നരച്ച ഷര്‍ട്ടിന്റെ വിടവിലൂടെ അയാളുടെ അസ്ഥികൂടം കൂടുതല്‍ തെളിഞ്ഞു വന്നു. കോതേട്ടന്‍ ആകെ പരവശനായിരിക്കുന്നു. കണ്ണുകള്‍ പേടിപ്പെടുത്തും വിധം ഉള്‍വലിഞ്ഞുപോയിരുന്നു. കാലം കവര്‍ന്നെടുത്ത കവിളിലെ മാംസപേശികളില്‍ നിന്നും തള്ളിനില്‍ക്കുന്ന താടിയെല്ലുകള്‍ ആര്‍ക്കും പറിച്ചെടുക്കാനാവുന്ന പരുവത്തിലായിരിക്കുന്നു.
ആ കാഴ്ച എന്നില്‍ ഒരു നോവു പടര്‍ത്തി. തന്റെ അച്ഛന്റെ പ്രിയപ്പെട്ട ചങ്ങാതിയായിരുന്നു. അതുകൊണ്ടുതന്നെ പിതൃതുല്യമായ ഒരു ആത്മബന്ധം അദ്ദേഹവുമായി നേരത്തെ ഉണ്ടായിരുന്നു.
ഗ്രീഷ്മവും ശിശിരവും വസന്തവും വര്‍ഷവും ഓടിയൊളിച്ച കാലത്തിന്റെ പിന്നാമ്പുറത്തേക്ക് മനസ്സ് ഒരുവട്ടം കൂടി പാഞ്ഞു. പതിവുപോലെ അനുവദിച്ചുകിട്ടിയ അവധിയില്‍ പറന്നെത്തിയ ആഹ്ലാദത്തിന്റെ ആര്‍ത്തി പൂണ്ട മുഹൂര്‍ത്തങ്ങളില്‍ ഒന്നിലാണ് ഒരു ഡിസംബറിന്റെ പുലര്‍കാല മഞ്ഞിന്റെ നനവ് പറ്റി കോതേട്ടന്‍ അന്നൊരിക്കല്‍ കയറിവന്നത്.
‘മോനെ കാണണംന്ന് കുറെയായി വിചാരിക്കുന്നു. തെളിച്ച വഴിയെ മക്കള്‍ നടന്നില്ലെങ്കില്‍ നടക്കുന്ന വഴി തെളിക്കാനല്ലേ പറ്റൂ… എങ്കിലും ഒരച്ഛന്‍ എന്ന നിലയില്‍ കണ്ണടയും മുമ്പേ ചെയ്യേണ്ടത് പരമാവധി ചെയ്തുവെന്ന ഒരു മനസ്സമാധാനം ഉണ്ടാവോലോ…’
കോതേട്ടന്‍ പറഞ്ഞുവരുന്നത് എന്താണെന്നറിയാതെ തെല്ലു പകച്ചുനിന്ന ഞാന്‍ അദ്ദേഹത്തെ പൂമുഖത്തെ കസേരയിലേക്ക് നയിച്ചു.
പൃഷ്ഠം ഉറക്കാത്തൊരു ഇരുത്തവുമായി അദ്ദേഹം തുടരുകയായിരുന്നു.
ഇതിനിടയില്‍ ചായയുമായി വന്ന സഹധര്‍മ്മിണിക്ക് ഒരു നിറ പുഞ്ചിരി നല്‍കി കോതേട്ടനത് വാങ്ങുമ്പോള്‍ കയ്യിന്റെ വിറയലില്‍ എന്റെ കണ്ണൊന്നുടക്കി. ക്ഷയിച്ചു പോയ ഒരു വന്‍മരം ഇളങ്കാറ്റിലും പിടിച്ചുനില്‍ക്കാന്‍ പൊരുതി നില്‍ക്കുന്നതായി തോന്നി.
‘കാര്യങ്ങളൊക്കെ കഷ്ടപ്പാടാണ്. ഇയ്ക്കാണെങ്കില്‍ ഓരോ വയ്യായ്കള്‍ വന്ന് പിടിവലി കൂടാന്‍ തുടങ്ങിയിര്‍ക്കാണ്. കൊട്ടടക്ക വിറ്റും വെറ്റില നുള്ളിയും ഇനി എത്ര കാലാച്ചാ… ആകെയുള്ളോരു ആണ്‍ത്തര്യാ. ഓനാണെങ്കില്‍…’
സന്ദര്‍ഭത്തിന് കാത്തുനില്‍ക്കാതെ പെട്ടെന്നൊരു ചുമ കോതേട്ടന്റെ വാക്കുകളെ മുറിക്കാനായി ഓടിയെത്തി. ഈ സമയം ഒരൊറ്റമൂലി പോലെ കരുതിവെച്ച ചെവിടിടയിലെ ഒരു മുറി ബീഡി കത്തിച്ചൊന്ന് ആഞ്ഞു വലിക്കാനായി കയ്യിലെടുത്തെങ്കിലും എന്റെ മുഖത്തേക്ക് നോക്കി എന്തോ ആ ശ്രമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. വറ്റിവരണ്ടുകിടന്ന കണ്‍തടങ്ങളില്‍ നിന്നും പിറവിയെടുത്ത ഉറവ പുറത്തേക്ക് തുളുമ്പി നിന്നു. ചുമ ചങ്കിലെ പിടുത്തം മുറുക്കുന്നതിനിടയില്‍ കോതേട്ടന്റെ വാക്കുകള്‍ മുറിഞ്ഞുവീണു.
‘ഇപ്പോള്‍ ഇതാ ഇതിനൊരു മറുമരുന്ന്.’
മുറിബീഡി എടുത്തേടത്ത് തിരിച്ചു വെച്ചുകൊണ്ട് ഹാസ്യത്തിന്റെ മേമ്പൊടിയില്‍ പറഞ്ഞ വാക്കുകളില്‍ ഒരു നിരാശയുടെ ധ്വനിയുണ്ടായിരുന്നു. കോതേട്ടന്റെ അപ്പോഴത്തെ അവസ്ഥ എന്നിലും ഒരസ്വസ്ഥത സൃഷ്ടിച്ചു.
‘നിധിന്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത്…?’
‘ഓന്റെ കാര്യം തന്ന്യാ ഞാനിപ്പോ പറഞ്ഞു വരുന്നത്. ഓനെ ഇനീം ഇവിടെ നിര്‍ത്തിയാല്‍ മുളയും കായും പിടിക്കാതെ മുരടിച്ചു പോകും. ഉണ്ണി ഒന്നു മനസ്സുവെച്ചാല്‍ അവനെ….’
മുഴുവന്‍ പൂരിപ്പിക്കാതെ തന്നെ കാര്യങ്ങള്‍ ഗ്രഹിക്കുമെന്ന ധാരണയില്‍ അനുകൂലമായൊരു മറുപടിക്കായി കോതേട്ടന്‍ കണ്ണും കാതും കരളും എന്നിലേക്ക് അടുപ്പിച്ചു പിടിച്ചു.
മൂന്ന് സഹോദരിമാര്‍ക്കുള്ള ഒരു കുഞ്ഞാങ്ങള.. കുഞ്ഞാങ്ങളയുടെ വിജയത്തിനായി വഴി മാറി കൊടുത്ത സഹോദരിമാര്‍… പക്ഷേ പഠിപ്പില്‍ നിന്നും വഴുതി വേറെ എന്തിനോടൊക്കെയൊ ഉള്ള അവന്റെ പ്രണയ സഞ്ചാരം ഒഴുകി. പ്രത്യേകിച്ച് ലക്ഷ്യമോ ബോധമോ ഇല്ലാതെ….
കോതേട്ടന്‍ വെയിലും മഴയും കൊള്ളിക്കാതെ ഒരു നിധി കാത്തു സൂക്ഷിക്കുന്നതുപോലെയാണ് പരിമിതികളെ മറികടന്ന് പരിഭവങ്ങളില്ലാതെ അവനെ വളര്‍ത്തിയത്. ചേച്ചിമാര്‍ക്ക് കിട്ടാതെപോയ സൗഭാഗ്യങ്ങള്‍ അവന് കൊടുത്തതും കൂടുതല്‍ ലാളിച്ചതും ഈ വീടിനൊരു നെടുംതൂണായി അവന്‍ വളരുമെന്ന ഒരച്ഛന്റെ മനസ്സിന്റെ പ്രത്യാശ തന്നെയായിരുന്നു. അമ്മയും പെങ്ങന്മാരും അവനെ മത്സരിച്ച് സ്‌നേഹം ഊട്ടി. എന്നിട്ടും നിധിനെന്തേ ഇങ്ങനെയായത്… ഒരച്ഛന്റെ വേവും വിയര്‍പ്പുമൊന്നും ഒരു പുത്രന്റെ മനസ്സിനെ സ്പര്‍ശിക്കാതെ പോയത് എന്തുകൊണ്ടായിരിക്കാം…
അമിതമായ സ്‌നേഹവും ലാളനയും, ഇല്ലായ്മകള്‍ അറിയാതെ വളര്‍ന്നതും നിധിനെ അഹങ്കാരിയാക്കിയോ…
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ അങ്ങനെ മനസ്സില്‍ അലയടിക്കവേ കാലം വെച്ച് നീട്ടുന്ന കായ്ഫലങ്ങളില്‍ ചിലതൊക്കെ പേടായും പൂക്കുത്തു പിടിച്ചും തീരാറുണ്ടല്ലോ എന്നൊരു പ്രകൃതിതത്വം മുന്നില്‍ തെളിഞ്ഞു നിന്നു.
മകനെ പരുപരുത്ത ജീവിതപാതയില്‍ ഒന്നു പാകപ്പെടുത്തിയെടുക്കാന്‍, പുത്തന്‍ നാമ്പുകള്‍ കിളിര്‍ക്കാന്‍ ഒരു പറിച്ചു നടല്‍ അനിവാര്യമാണെന്ന് ആ പിതാവിന് ഇപ്പോള്‍ തിരിച്ചറിവ് ഉണ്ടായിരിക്കുന്നു. അവനെ ഒന്ന് അക്കരെയെത്തിച്ചാല്‍ ഉഴപ്പലുകളില്‍ നിന്നും മോചനം നേടുമെന്നും അതുവഴി കുടുംബം രക്ഷപ്പെടുമെന്നുമുള്ള ഒരച്ഛന്റെ ദയനീയത തന്റെ നേരെ തിരിയുകയാണ്….ഒരുവേള എന്നില്‍ ‘ഉണ്ണ്യേ….’ എന്ന നീട്ടിയുള്ള വിളിയുടെ അലയൊലി ഉള്ളില്‍ എവിടെയോ ഒന്ന് മുഴങ്ങി.
പ്രാരബ്ധങ്ങളുടെ ഭാണ്ഡക്കെട്ടും പേറിയുള്ള അച്ഛന്റെ പരവശതയാര്‍ന്ന ആ മുഖം ഇന്നും ഹൃദയത്തിന്റെ പ്രഥമ സ്ഥാനത്ത് ചില്ലിട്ടു വച്ചിട്ടുണ്ട്. അച്ഛന്‍ പണികഴിഞ്ഞ് എത്തുന്ന രാത്രികാലങ്ങളില്‍ ഒരു തോര്‍ത്ത് മുണ്ടിന്റെ രണ്ട് അറ്റവും രണ്ടു കിഴികളാക്കി കെട്ടി തോളില്‍ തൂക്കിയിട്ടുണ്ടാവും. ഒരു കെട്ടില്‍ പശുവിനുള്ള പിണ്ണാക്കും ചോളോത്തവിടും മറുകെട്ടില്‍ ഒരു ദിവസത്തേക്കുള്ള വീട്ടുസാധനങ്ങളുമായിരിക്കും. പിന്നെ ഞാനും ചേച്ചിയും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ഒരു വിശിഷ്ട സാധനം ഉണ്ട്. രണ്ട് നാരങ്ങ മിട്ടായിയുടെ അല്ലികളടങ്ങിയ ഒരു കടലാസ് പൊതി. അകത്തേക്ക് കയറാതെ മുറ്റത്തേക്ക് കാലുകളിട്ട് ചാണകം മെഴുകിയ മുമ്പാറത്തിരിക്കുന്ന അച്ഛനോട് ഒട്ടിയിരുന്ന് ആ വിയര്‍പ്പിന്റെ ഗന്ധം മൂക്കുകള്‍ യഥേഷ്ടം വലിച്ചുകയറ്റുമ്പോള്‍ അച്ഛന്‍ പറയും ‘അയ്യേടാ….വിട്ടിരിയ്ക്ക് മോനെ നാറും. അച്ഛന്‍ കുളിച്ചിട്ടു വരാം.’
കാലം എന്ന കുസൃതിക്കാരന്‍ എന്തെങ്കിലും ഒന്ന് പൂരിപ്പിക്കാന്‍ ബാക്കി വെക്കുമല്ലോ ജീവിതത്തില്‍. പ്രവാസത്തില്‍ നിന്നും പുതിയൊരു പ്രതീക്ഷ നേടിയെടുത്ത തന്റെ കന്നി വരവ് കാണാന്‍ കാത്തുനില്‍ക്കാതെയുള്ള അച്ഛന്റെ മടക്കയാത്ര… തന്നെയൊന്ന് കരക്കെത്തിക്കാന്‍ അച്ഛന്‍ നീന്തി തുഴഞ്ഞതിന്റെ…, കരുതലും തണലും തന്നതിന്റെ കടം ഇനി എങ്ങനെ തീര്‍ക്കാന്‍…
ഇന്നിതാ ആ ഓര്‍മ്മപ്പെടുത്തലുകളുമായി കോതേട്ടന്‍ മുന്നില്‍.
ഈ ദൗത്യം ഏറ്റെടുക്കാന്‍ ഉള്ളില്‍ നിന്നാരോ പ്രേരിപ്പിച്ചു.
‘കോതേട്ടാ… ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ. അവന്റെ ഫോട്ടോയും പാസ്‌പോര്‍ട്ട് കോപ്പിയും തന്നോളൂ.’
ഇത് കേട്ട് ആ മുഖം അമാവാസിയിലും ചന്ദ്രനുദിക്കുമെന്ന് എന്നെ ബോധ്യപ്പെടുത്തി. മധുരക്കനി ഗര്‍ഭം ധരിച്ച ഈത്തപ്പന പോലെ തന്നെയാണ് മരുഭൂമിയിലെ പ്രവാസികളില്‍ അധികം പേരുടെ ജീവിതവും. അകലെ നിന്നും വീക്ഷിക്കുമ്പോള്‍ ആകര്‍ഷകമാണ്. ഫലം ആസ്വദിക്കണമെങ്കില്‍ മുള്ളുകളും കമ്പുകളും കൂര്‍ത്ത ഇലകളുമുള്ള വൈതരണി ക്ഷമയോടെ തരണം ചെയ്യുക തന്നെവേണം. ദൃഢമായ ലക്ഷ്യബോധവും നെഞ്ചിന്‍ കൂട്ടിലെ കതിരിട്ട കിനാക്കളുമാണ് സൂര്യന് കീഴിലുള്ള ഈ മരുഭൂമിയെ പൂങ്കാവനമാക്കുന്നത്. തളരാത്ത മനസ്സും വാടാത്ത മേനിയുമാണ് ഒരു പ്രവാസിക്ക് വേണ്ട അക്കാദമിക്ക് ഡിഗ്രി. ഏത് പുത്തന്‍ കലവും ഒന്നു മയങ്ങി കിട്ടിയാല്‍ പിന്നെയതില്‍ എന്തും വേവിച്ചെടുക്കാന്‍ സാധിക്കുമെന്ന് പാഠം.
അനുകൂലമായ എന്റെ വാക്കുകള്‍ കോതേട്ടനെ സംപ്രീതനാക്കി.
നാട്ടിലെ സുഖവാസത്തിന് തിരശ്ശീലയിട്ട് തിരിച്ചു ചെന്ന് അധികം വൈകാതെ തന്നെ ഒരു സുഹൃത്തിന്റെ കൂടി സഹായത്താല്‍ ദുബായിലെ അല്‍ ക്യുസില്‍ ഒരു ബേക്കറി നിര്‍മ്മാണശാലയില്‍ ചപ്പാത്തിയും കുബ്ബൂസും ഉണ്ടാക്കുന്ന സെക്ഷനിലേക്ക് നിധിന് ഒരു വിസ ശരിയായി. അങ്ങനെ ആരുടെയൊക്കെയോ നിര്‍ബന്ധത്തിന് വഴങ്ങി മനസ്സില്ലാ മനസ്സോടെ നിധിന്‍ കടല്‍ കടന്നെത്തി. എന്നാല്‍ ചിലര്‍ അങ്ങനെയാണ്. വേരുറച്ചു പോയ ചില ശീലങ്ങളെ കൈവെടിയാനാകാത്തവര്‍. ആരെയും തന്റെ മാന്ത്രിക സ്പര്‍ശത്താല്‍ മാറ്റിയെടുക്കുന്ന മരുഭൂമിയിലെ മണല്‍ത്തരികള്‍ പക്ഷേ അവന്റെ മുന്നില്‍ കീഴടങ്ങി. സ്വയം ഒരു മാറ്റത്തിന്റെയൊ കുടുംബത്തെ രക്ഷപ്പെടുത്തണമെന്ന ചിന്തയൊ അവനില്‍ കണ്ടെത്താനായില്ല. പകരം അവന്‍ അവന്റേതായ ഒരു ലോകം വിശാലപ്പെടുത്തിയെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. റൂമിലെ മദ്യപാനവും ജോലിസ്ഥലത്തെ ഉത്തരവാദിത്തമില്ലായ്മയും ഇടയ്ക്കിടെ എന്റെ ചെവികളെയും അലോസരപ്പെടുത്തി കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ കൊണ്ടും കുഴിയും താണ്ടി സഞ്ചാരം തുടരവേ നിധിന്‍ നാട്ടില്‍ വരികയും വിധിയുടെ നിയോഗം പോലെ വിവാഹിതനാവുകയും ചെയ്തു. ഇതിനു മുന്നേ തന്നെ കുടിയിരിപ്പ് ഭൂമി ചെറുതുണ്ടുകളാക്കി വിറ്റ് കോതേട്ടന്‍ തന്നെ പെണ്‍മക്കളെ വിവാഹം നടത്തി കഴിഞ്ഞിരുന്നു.
ആര്‍ക്കും പിടുത്തം കൊടുക്കാതെയുള്ള അവന്റെ ഒളിച്ചുകളിയില്‍ ഒരു പെണ്‍സ്പര്‍ശം സുരക്ഷിതമായ വേലിക്കെട്ടായി മാറുമെന്നും മാറ്റത്തിന്റെ ഒരു നനുത്ത കാറ്റ് അവന്റെ മിഴി തുറപ്പിക്കുമെന്നുമായിരുന്നു ആ കുടുംബത്തിന്റെ പിന്നെയുമുള്ള പ്രത്യാശ!
ഒരു പരിധി വിട്ടപ്പോള്‍ എനിക്കും അവനെ അവഗണിക്കേണ്ടി വന്നു എന്നതാണ് വാസ്തവം. അവനും ആഗ്രഹിച്ചത് അതുതന്നെയായിരുന്നു. ആരും തന്റെ ആകാശവീഥിയിലെ വഴിവിട്ട പട്ടത്തിന്റെ കടിഞ്ഞാണ്‍ നിയന്ത്രിക്കുന്നത് അവനിഷ്ടപ്പെട്ടിരുന്നില്ല. ഒരിക്കല്‍ ഒരു സുഹൃത്ത് മുഖേനയാണ് അവന്‍ ആ കമ്പനിയില്‍ നിന്നും ചാടിപ്പോയെന്നുള്ള വിവരമറിയുന്നത്. മദ്യപാനവും അടിപിടിയും ലീവും എല്ലാം കാരണം കമ്പനിയും പൊറുതിമുട്ടിയിരിക്കുകയായിരുന്നുവത്രെ. ഒടുവില്‍ വാണിംഗ് ലെറ്റര്‍ വരെ നല്‍കിയിരുന്നുവെന്ന്.
പിന്നീട് അവനെ പറ്റി ഒരു വിവരവും ഉണ്ടായില്ല. തിരക്കുകള്‍ക്കിടയില്‍ ഞാനും വിരസതയാര്‍ന്ന ആ അധ്യായം പിന്നെ തുറന്നു നോക്കാന്‍ നിന്നില്ലെങ്കിലും അവന്റെ ദുരൂഹത ഒരു ചോദ്യചിഹ്നമായി നിലനിന്നു.
ഇന്നിതാ വീണ്ടും കോതേട്ടന്‍ തന്നെ തേടിയെത്തിയിരിക്കുന്നു മറ്റൊരു ആവശ്യവുമായി.
‘പൈസ ഒന്നും വേണ്ട… ഞങ്ങള്‍ക്ക് അവനെ കിട്ടിയാല്‍ മതി. ആദ്യമാദ്യം വിളിയെങ്കിലും ഉണ്ടായിരുന്നു. പിന്നെ അതുല്ല്യാണ്ടായി… ഞങ്ങളുടെ കാര്യം പോട്ടെ. ഓന്റെ ഇരട്ട പ്രസവിച്ച പെണ്‍കുട്ട്യോളിന്ന് പത്താം ക്ലാസില്‍ പഠിക്ക്യാണ്. ആ ഓമനകളെ ഒന്ന് കാണാന്‍ പോലും ഓന്‍ പിന്നെ ഇതുവരെ വന്നിട്ടില്ലെന്ന് ഓര്‍ക്കണം… സ്വന്തം ചോരയില്‍ പിറന്ന കുട്ട്യോളല്ലേ… ഒന്ന് വന്നു കാണാന്‍ പോലും തോന്നാത്തവന്‍ മനുഷ്യനാണോ… അതെ എല്ലാം എന്റെ തെറ്റാണ്…’
കോതേട്ടന്‍ തുടരാനാവാതെ ഒന്നു നിര്‍ത്തി. ഒരു ചുമയും ശ്വാസതടസ്സവും ചങ്കില്‍ കിടന്ന് പിടച്ചു.
കോതേട്ടന്റെ ചോദ്യങ്ങളും വെളിപാടുകളും അകം പൊള്ളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അരികില്‍ ഒഴിഞ്ഞു കിട്ടുന്ന കസേരയില്‍ ഞാന്‍ അറിയാതെ തന്നെ ഇരുന്നു പോയി.
‘ഉണ്ണി പോയാല്‍ അവനെ കണ്ട് പറയണം. ഞങ്ങള്‍ക്ക് ഒന്നും വേണ്ട അച്ഛനെ ഒന്ന് കണ്ടാല്‍ മാത്രം മതി’ എന്ന് പറഞ്ഞ് ആ പൊന്നുമക്കള്‍ വാശിപിടിക്കുന്നുണ്ടെന്ന്… ഒരു വിധവയെ പോലെ ജീവിക്കണ ആ പെണ്‍കുട്ടി എന്ത് തെറ്റ് ചെയ്‌തെന്ന് ചോദിക്കണം…’
ആ വൃദ്ധന്റെ കണ്ണിലപ്പോള്‍ ഓളം തല്ലിയത് കണ്ണീരല്ല തിളയ്ക്കുന്ന ഒരു കടല്‍തന്നെയായിരുന്നു. ഇതികര്‍ത്തവ്യതാമൂഢനായി നിന്ന എന്നിലപ്പോള്‍ ആര്‍ത്തലച്ച അതിന്റെ അലകളില്‍ ഞാനൊന്ന് ആടിയുലഞ്ഞു. പതിനഞ്ച് വര്‍ഷമായി താലികെട്ടിയവനെ കാത്തിരിക്കുന്ന ഒരു പെണ്ണ്… എത്രയൊക്കെ തീക്ഷ്ണമായ പ്രേരണകളെയും പ്രലോഭനങ്ങളെയും അവള്‍ തരണം ചെയ്തിരിക്കും. നിറയൗവ്വനം പിടഞ്ഞൊടുങ്ങുമ്പോഴും മനസ്സില്‍ താലികെട്ടിയ ഒരാളെ മാത്രം ധ്യാനിച്ച് ജീവിതം നയിച്ചത് ഒരുനാള്‍ വരും എന്ന സ്വപ്‌നം തന്നെയായിരിക്കണം. രാമായണത്തിലെ ഊര്‍മിളയെക്കാള്‍ ഉയരെയാണ് ഇവളുടെ സ്ഥാനമെന്ന് എനിക്ക് അപ്പോള്‍ തോന്നി. പെറ്റു വീണ് പുറംലോകം കാണാന്‍ തുടങ്ങിയ നാള്‍മുതല്‍ സ്വന്തം അച്ഛനെ ഒരു നോക്ക് കാണാത്ത…, പിതൃവാത്സല്യം തൊട്ടു തലോടാത്ത ആ പെണ്‍കുട്ടികളുടെ മനസ്സിലെ പിടച്ചിലുകള്‍ ആരറിഞ്ഞു…
കോതേട്ടന്‍ തുടരുകയായിരുന്നു.
‘അവനിപ്പോള്‍ ദോഷ സമയാത്രേ. മാത്രമല്ല ഓന്റെ ജന്മനക്ഷത്രം കറുത്ത പക്ഷത്തിലെ പൂരാടവും… മുഴുവനും ഓന്റെ കുറ്റമല്ല. ജന്മനക്ഷത്ര ദോഷ്വോണ്ട്. അതിനുള്ള വഴിപാടും പ്രാര്‍ത്ഥനയും ഒക്കെയായി ഓടി നടക്കാണ് അവന്റെ അമ്മയും ഭാര്യയും…’
ഇപ്പോഴും കുറ്റം മുഴുവനും സ്വന്തം മകനില്‍ ആരോപിക്കാനുള്ള ഒരു അച്ഛന്റെ മനസ്സില്ലായ്മയോ ഇനിയും വറ്റാത്ത സ്‌നേഹത്തിന്റെ ഉറവയോ ആയിരുന്നു തുടര്‍ന്നുവന്ന അദ്ദേഹത്തിന്റെ ആ വാക്കുകളില്‍ ഞാന്‍ കണ്ടത്.
കോതേട്ടനെ സമാശ്വസിപ്പിക്കാനുള്ള വാക്കുകള്‍ക്കു വേണ്ടി എന്റെ മനസ്സപ്പോള്‍ മരുഭൂമിയിലൂടെ ഒന്ന് ഓട്ടപ്രദക്ഷിണം നടത്തി. ഏതു മണല്‍ത്തിട്ടയിലായിരിക്കും അവന്‍ മറഞ്ഞിരിക്കുന്നത്… ചുഴറ്റിയടിക്കുന്ന ഭ്രാന്തന്‍ കാറ്റില്‍ പറന്നുയരുന്ന മണല്‍ തരികള്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ടാകും. ആ മണല്‍ തിരമാലകള്‍ക്കപ്പുറം ദുരൂഹതകളെ മറനീക്കി കൊണ്ടുവരാന്‍ ആകുമോ…?
ഒന്നും പ്രവചിക്കാനാവാതെ പതറിനിന്ന മനസ്സില്‍ നിന്നും ഒടുവില്‍ ഒരു ദൃഢനിശ്ചയം പുറത്തുചാടി.
‘കോതേട്ടന്‍ വിഷമിക്കാതെ ഇരിക്കൂ… ഞാന്‍ അവിടെ ചെന്നാല്‍ അവന്‍ എവിടെയാണെങ്കിലും കണ്ടെത്തി നാട്ടിലേക്ക് അയക്കാം. എല്ലാവരോടും സമാധാനമായി ഇരിക്കാന്‍ പറയൂ…’
‘ഈ വൃദ്ധന്‍ മരിച്ചാല്‍ അന്ത്യ കര്‍മ്മം ചെയ്യാന്‍ പോലും വേറൊരു ആണ്‍ത്തരീല്ല്യ മോനെ….’
തികട്ടി വന്നതെന്തോ തോര്‍ത്തുമുണ്ട് കൊണ്ട് കടിച്ചുപിടിച്ചു ഒതുക്കിയപ്പോള്‍ പുറത്തേക്ക് ചാടിയ കണ്ണുനീരിനെ തടയാന്‍ കോതേട്ടനായില്ല.
‘ആ കുട്ട്യോള്‍ക്കും പിന്നെ….’
ഇടയ്ക്ക് കയറിവന്ന കഫം കുറുകിയ ഒരു ചുമയും ശ്വാസംമുട്ടും പിടുത്തം വിടുന്നതായി എനിക്ക് തോന്നി. ശ്വാസം ക്രമാതീതമായി ഉയര്‍ന്നുതാഴ്ന്നു. കസേരയില്‍ നിന്നും താഴേക്ക് ഊര്‍ന്നിറങ്ങിയ കോതേട്ടനെ താങ്ങി പിടിച്ച് താഴെ കിടത്തുമ്പോള്‍ അദ്ദേഹം എന്നെ മുറുകെപ്പിടിച്ച പതച്ച ആ കൈകള്‍ മെല്ലെ അഴിയുന്നതായി എനിക്ക് തോന്നി. ഒരു ഉരുള്‍പൊട്ടലിന്റെ പാറക്കല്ലുകള്‍ എടുത്തിട്ടതുപോലെ ഉള്ളൊന്ന് പിടഞ്ഞു. അപ്പോഴും തുറന്നു പിടിച്ച ആ കണ്ണുകള്‍ എന്നോട് പിന്നെയും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു…