പത്തു വര്‍ഷം ഭാരതത്തിന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തി എന്നതാണ് മന്‍മോഹന്‍ സിംഗിനു യോജിച്ച ഏക വിശേഷണം. വിഖ്യാത ധനകാര്യ വിദഗ്ദ്ധന്‍, രാജ്യതന്ത്രജ്ഞന്‍ എന്നീ യോഗ്യതകളുമായി മന്‍മോഹന്‍ സിങിന് പുലബന്ധം പോലും ഇല്ലായിരുന്നു എന്നതാണ് വസ്തുത. അഞ്ചു വര്‍ഷം ധനകാര്യമന്ത്രിയും, പത്തുവര്‍ഷം പ്രധാനമന്ത്രിയുമായി വിരാജിച്ച മന്‍മോഹന്‍ സിംഗ് ഒരു ‘സൂപ്പര്‍ പ്രധാനമന്ത്രിയെയും’, ആയമ്മയുടെ രണ്ടു മക്കളെയുമാണ് സേവിച്ചിരുന്നത് എന്ന് പറയുന്നതാണ് വാസ്തവം. മന്‍മോഹന്‍ എങ്ങനെ ധനകാര്യമന്ത്രിയായി എന്നത് കൗതുകകരമായ രഹസ്യമാണ്. 1990 ല്‍ വിശ്വനാഥ് പ്രതാപ് സിങിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ മന്ത്രിസഭക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് അധികാരത്തിലെത്തിയ ചന്ദ്രശേഖര്‍ സര്‍ക്കാര്‍ ഈ സാമ്പത്തിക കാര്യവിദഗ്ദ്ധനെ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായി നിയമിച്ചു. ആസൂത്രണ കമ്മീഷന്‍ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്. 1985 മുതല്‍ 1987 വരെയും മന്‍മോഹന്‍ സിംഗ് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനായിരുന്നു. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായപ്പോള്‍, ആ മന്ത്രിസഭയിലെ ഒരു കരുത്തന്റെ ശുപാര്‍ശയുടെ പുറത്താണ് സിങിന് വീണ്ടും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷ പദവി ലഭിക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ചന്ദ്രശേഖര്‍ മന്ത്രിസഭയും വീണു. പുതിയ സര്‍ക്കാര്‍ നിലവില്‍ വരുന്നതുവരെ പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ ചന്ദ്രശേഖറിനോട് രാഷ്ട്രപതി ആവശ്യപ്പെട്ടു.
തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 232 സീറ്റുകളാണ് (36.26 ശതമാനം). സിപിഎം (35), സിപിഐ (14) എന്നീ കക്ഷികളുടെയും മറ്റു ഈര്‍ക്കില്‍ പാര്‍ട്ടികളുടെയും പിന്തുണയോടെ പി.വി.നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരിച്ചു. ആ മന്ത്രിസഭയില്‍ ധനകാര്യ വകുപ്പിന്റെ ചുമതലയോടെ മന്‍മോഹന്‍ മന്ത്രിയായി. അന്ന് അദ്ദേഹം കോണ്‍ഗ്രസിലെ പ്രാഥമിക അംഗം പോലും അല്ലായിരുന്നു. ഭാരതത്തിലെ സാമ്പത്തിക ഉദാരവത്കരണത്തിനു തുടക്കമിട്ടത് മന്‍മോഹന്‍ സിങ്ങ് ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നു. ഈ അവകാശവാദത്തിനു മറ്റൊരു വശം കൂടിയുണ്ട്.
1980 കളുടെ അവസാനത്തോടെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒന്നൊന്നായി സോഷ്യലിസ്റ്റ് വ്യവസ്ഥിതി തള്ളി, മുതലാളിത്ത മാര്‍ഗത്തിലേക്ക് മാറി. 1978 ല്‍ കത്തോലിക്ക സഭയുടെ അധ്യക്ഷനായി പോളണ്ടുകാരന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ സ്ഥാനമേറ്റതോടെ പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണം അന്ത്യകൂദാശ ഏറ്റുവാങ്ങി പരലോകം പ്രാപിച്ചു. ഭാരതത്തില്‍ നിന്നുള്ള സാമ്പത്തികകാര്യ വിദഗ്ദ്ധന്‍ പ്രൊഫ.ജഗദീഷ് ഭഗവതി 1977-ല്‍ രചിച്ച ദി ന്യൂ ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഓര്‍ഡര്‍ എന്ന പുസ്തകത്തിലും, 2004 ല്‍ പ്രസിദ്ധീകരിച്ച ഇന്‍ ഡിഫെന്‍സ് ഓഫ് ഗ്ലോബലൈസേഷന്‍ എന്ന പുസ്തകത്തിലും ആഗോളവത്കരണം, സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം എന്നിവയെ ന്യായീകരിച്ചു വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഭഗവതി 1977 ല്‍ പറഞ്ഞ കാര്യങ്ങളാണ് 1991 നു ശേഷം മന്‍മോഹനും റാവുവും ചേര്‍ന്ന് നടപ്പിലാക്കിയത്. ആഗോളവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം എന്നിവയെ പരസ്യമായി എതിര്‍ത്ത കമ്മ്യൂണിസ്റ്റ് സഖാക്കള്‍, രഹസ്യമായി റാവുവിന്റെ സര്‍ക്കാരിനു പിന്തുണ നല്‍കി എന്നതാണ് സത്യം. അതിനു അവര്‍ക്കു കാരണവും ഉണ്ട്. ബിജെപിയെ അധികാരത്തില്‍നിന്നും അകറ്റി നിര്‍ത്താന്‍ തങ്ങള്‍ ഏതു ചെകുത്താനെയും സഹായിക്കും എന്നാണ് സിപിഐ(എം) – സിപിഐ പാര്‍ട്ടികളുടെ ഏക നയം. അതിന് അവരെ കുറ്റം പറയരുത്.
2004 ല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തെ തോല്‍പ്പിച്ചു കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സംവിധാനം അധികാരത്തില്‍ എത്തി. കോണ്‍ഗ്രസ് അവരുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു (ഐകണ്‌ഠ്യേന എന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ). പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധി മീറ്റിംഗിന് പുറത്തുവന്നപ്പോള്‍, ഒരു പത്രപ്രവര്‍ത്തകന്‍ ആയമ്മയോടു ‘താങ്കളാണോ പ്രധാനമന്ത്രിയാവുക’ എന്ന് ചോദിച്ചു. വ്രീളാവിവശയായ സോണിയ പറഞ്ഞത് ഇങ്ങനെയായിരുന്നു ‘അങ്ങനെയല്ലേ നടക്കേണ്ടത്?’ തുടര്‍ന്ന് അവര്‍ മന്‍മോഹന്‍ സിങ്ങിനെയും കൂട്ടി രാഷ്ട്രപതി ഭവനില്‍ എത്തുകയും മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്തു.
രാഷ്ട്രപതി ഭവനില്‍ നിന്നും പുറത്തു വന്ന സോണിയയുടെ മുഖം കടന്നല്‍ കുത്തേറ്റമാതിരി തോന്നിച്ചു. കൂടെയുണ്ടായിരുന്ന മന്‍മോഹന്‍ സിങ്ങും പ്രതികരിച്ചില്ല. സാധാരണ ഗതിയില്‍, മന്ത്രിസഭാ രൂപീകരണത്തിന് അവകാശം ഉന്നയിക്കുന്ന വ്യക്തിയെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി അപ്പോള്‍ തന്നെ നല്‍കുകയാണ് പതിവ്.
ഡോ.എ.പി.ജെ. അബ്ദുല്‍ കലാം ആയിരുന്നു രാഷ്ട്രപതി. അദ്ദേഹം സോണിയ ഗാന്ധിയോട് പറഞ്ഞുവത്രേ. ‘മാഡം, നിങ്ങള്‍ സമര്‍പ്പിച്ച രേഖകള്‍ എല്ലാം ശരിയാണ്. പക്ഷെ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള പൗരത്വ നിയമപ്രകാരം, നിങ്ങളെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം, പ്രസ്തുത നിയമത്തിലെ ലാ ഓഫ് റേസിപ്രോസിറ്റി എന്ന വകുപ്പ്. നിങ്ങള്‍ ഇറ്റാലിയന്‍ പൗരയായിരുന്നു. നിങ്ങള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി ആകുവാന്‍ കഴിയണമെങ്കില്‍, ഭാരതത്തില്‍ ജനിച്ച് ഇറ്റാലിയന്‍ പൗരത്വം നേടിയ വ്യക്തിക്ക് ഇറ്റാലിയന്‍ പ്രധാനമന്ത്രി ആകുവാന്‍ കഴിയണം. അതാണ് ലാ ഓഫ് റേസിപ്രോസിറ്റി. നിങ്ങളുടെ പാര്‍ട്ടിയിലെ നിയമ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്യൂ.’
രാഷ്ട്രപതി ഭവനില്‍ നിന്നും തിരിച്ചെത്തിയ സോണിയ ഗാന്ധി നിയമപണ്ഡിതരുമായി കൂടിയാലോചന നടത്തി. ഭരണഘടനാ വിദഗ്ദ്ധരുമായും ചര്‍ച്ച നടത്തി. സോണിയക്ക് പ്രധാനമന്ത്രി ആകാന്‍ കഴിയില്ല എന്ന കാര്യത്തില്‍ എല്ലാവരും ഒരേ അഭിപ്രായക്കാരായിരുന്നു. വൈകുന്നേരം, സോണിയ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു കൂട്ടി. ‘എനിക്ക് ഇതാ ഒരു ഉള്‍വിളി വന്നിരിക്കുന്നു. നീ പ്രധാനമന്ത്രി ആകരുത് എന്ന് എന്റെ അന്തഃകരണം എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. ഞാന്‍ അത് അനുസരിച്ചു പിന്മാറുന്നു,’ എന്നാണ് മാഡം പ്രസ്തുത യോഗത്തില്‍ പറഞ്ഞത്. തുടര്‍ന്ന്, അവര്‍ തന്നെ മന്‍മോഹനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചു. എല്ലാം ശുഭം. മന്‍മോഹനെയും സോണിയക്കു പൂര്‍ണ വിശ്വാസം ഇല്ലായിരുന്നു. അതുകൊണ്ടാണ്, കേന്ദ്രമന്ത്രിസഭക്കുമീതെ സൂപ്പര്‍ മന്ത്രിസഭയായ ദേശീയ ഉപദേശക കൗണ്‍സിലിന് രൂപം നല്‍കിയത് (നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍). അതിന്റെ ആജീവനാന്ത അധ്യക്ഷയായി സോണിയാഗാന്ധിയെ തിരഞ്ഞെടുത്തു. അംഗങ്ങളോ? ഒരു ബെല്‍ജിയം പൗരന്‍, ഴാന്‍ ഡ്രീസ്, അരുണ റോയ്, ഹര്‍ഷ് മന്ദര്‍ എന്ന സുവിശേഷവേലക്കാരന്‍. അങ്ങനെ മന്ത്രിസഭ നോക്കുകുത്തിയായി.
ഇന്നും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു. മന്‍മോഹന് പകരം, മുതിര്‍ന്ന നേതാക്കളായ പ്രണബ് മുഖര്‍ജി, അര്‍ജുന്‍സിംഗ്, ജി കെ മൂപ്പനാര്‍, കെ.കരുണാകരന്‍ തുടങ്ങിയവരെ എന്തുകൊണ്ട് തഴഞ്ഞു? മന്‍മോഹന്റെ മരണവാര്‍ത്ത അറിഞ്ഞ യുവരാജാവ് ഞെട്ടി പോലും. ‘എനിക്ക് നഷ്ടമായത് ഒരു ഗുരുവിനെയും മാര്‍ഗദര്‍ശിയെയുമാണ്’ എന്നാണ് യുവരാജാവിന്റെ പ്രതികരണം, ഗുരുവിന്റെ അധ്യക്ഷതയില്‍ കൂടിയ ക്യാബിനറ്റ് യോഗം തയ്യാറാക്കിയ നിയമം പരസ്യമായി വലിച്ചു കീറി നാട്ടുകാരുടെ മുഖത്തേക്ക് എറിഞ്ഞത് ഏതു രാജ്യത്തെ സംസ്‌കാരമാണ്?
2013 ജനുവരി മാസത്തില്‍ ദില്ലിയിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മന്‍മോഹനോട് ഒരു പത്രക്കാരന്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നതിനെ താങ്കള്‍ എങ്ങനെ കാണുന്നുവെന്നു ചോദിച്ചു. ‘ഈ രാജ്യം നേരിടുവാന്‍ പോകുന്ന ഏറ്റവും വലിയ ദുരന്തം’ എന്നാണ് സര്‍ദാര്‍ജി മറുപടി പറഞ്ഞത്.