കേരളത്തിലെ അക്കാദമിക സമൂഹം സംസ്‌കൃത വിജ്ഞാന സാഹിത്യത്തോട് വളരെയധികം ഔത്സ്യുക്യം പ്രകടിപ്പിക്കുന്ന സ്ഥിതി സംജാതമായി ക്കൊണ്ടിരിക്കുന്നു. സംസ്‌കൃത സാഹിത്യം, വ്യാകരണം, ദര്‍ശനം തുടങ്ങിയ പരമ്പരാഗത അധ്യയന മേഖലയില്‍ നിന്നും വളരെ അകന്നു നിന്നിരുന്ന ആധുനിക ശാസ്ത്രസാങ്കേതിക രംഗത്തെ ഗവേഷകര്‍ക്കാണ് ഇന്ന് സംസ്‌കൃത വൈജ്ഞാനിക പാരമ്പര്യത്തെ കുറിച്ച് അറിയാന്‍ കൂടുതല്‍ ആകാംക്ഷയുള്ളത്. ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ചിരിക്കുന്ന ആഗോള വികസന സങ്കല്പത്തിലെ ഏറ്റവും പ്രധാന ലക്ഷ്യമായ സുസ്ഥിര വികസനം സാധ്യമാക്കുന്ന പരിസ്ഥിതി സംരക്ഷണം, സമ്പൂര്‍ണ്ണ ആരോഗ്യം, കാര്‍ഷിക മേഖലയിലെ ജൈവിക രീതി, സമൂഹത്തിലെ വൈവിധ്യങ്ങളെ അംഗീകരിക്കാനും ഏകത്വത്തെ ശക്തിപ്പെടുത്താനും സാധിക്കുന്ന ജീവിത വീക്ഷണം എന്നിവയുടെയെല്ലാം പുരോഗതിക്ക് ഇത് കാരണമായേക്കാം. 2020ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയം ഭാരതീയ ജ്ഞാന- വിജ്ഞാനങ്ങളെ ആധുനിക വിദ്യാഭ്യാസവുമായി കൂട്ടിയിണക്കുന്നതിന് പരമാവധി പ്രോത്സാഹനം നല്‍കുന്നതുകൊണ്ടു കൂടിയാണ് അക്കാദമിക സമൂഹത്തില്‍ ഇത്തരത്തിലുള്ള ആലോചനകള്‍ക്ക് ആക്കം കൂട്ടുന്നത്. യുജിസി സര്‍വകലാശാല തലത്തില്‍ വ്യത്യസ്ത രംഗങ്ങളിലെ ഭാരതീയ വിജ്ഞാന പാരമ്പര്യത്തെ പരിചയപ്പെടുത്തുന്ന കോഴ്‌സുകളും അധ്യാപകര്‍ക്ക് ഓറിയന്റേഷന്‍ നല്‍കുന്ന പരിപാടികളും വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ പദ്ധതികളും ആവിഷ്‌കരിച്ചതും ഇതിന് ശക്തി പകരുന്നു.
കേരളത്തിന്റെ സംസ്‌കൃത പൈതൃകം
കേരളത്തിന് സംസ്‌കൃത സാഹിത്യ മേഖലയില്‍ വളരെ വ്യതിരിക്തമായ ഒരു പൈതൃകമാണ് ഉള്ളത്. കേരള സാഹിത്യ ചരിത്രം തയ്യാറാക്കുമ്പോള്‍ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ മലയാളസാഹിത്യത്തോടൊപ്പം തന്നെയാണ് കേരളത്തിലെ സംസ്‌കൃത സാഹിത്യ പൈതൃകത്തെയും പരിഗണിച്ചിട്ടുള്ളത്. വിശ്വസംസ്‌കൃത സാഹിത്യത്തെ പരിഗണിക്കുമ്പോള്‍ അതില്‍ മൗലികമായ സംഭാവനകള്‍ നല്‍കിയ പല പണ്ഡിതന്മാരും കേരളീയരായിരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. കേരളത്തിന്റെ വൈജ്ഞാനിക സാഹിത്യ ഗ്രന്ഥങ്ങള്‍ മിക്കതും സംസ്‌കൃതത്തിലായിരുന്നു. പ്രൊഫ.കെ.വി.ശര്‍മ്മ, ഹിന്ദു ജ്യോതിശാസ്ത്രവും ഗണിതവും: അടിസ്ഥാന ഗ്രന്ഥങ്ങള്‍ (Hindu Astronomy and Mathematics: A Source Book) എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത് നാലാം നൂറ്റാണ്ട് മുതല്‍ പതിനെട്ടാം നൂറ്റാണ്ട് വരെ കേരളീയര്‍ നല്‍കിയ സംസ്‌കൃത സാഹിത്യ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇതില്‍ നൂറിനടുത്ത് ഗ്രന്ഥകര്‍ത്താക്കളെയും അവരുടെ ഇരുന്നൂറിലധികം ഗ്രന്ഥങ്ങളെയും കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ജ്യേഷ്ഠദേവന്റെ യുക്തി ഭാഷയും അച്യുതപ്പിഷാരടി തയ്യാറാക്കിയ സംഗമഗ്രാമ മാധവന്റെ വേണ്വാരോഹ തര്‍ജ്ജമയും ഒഴിച്ചാല്‍ ബാക്കി എല്ലാം സംസ്‌കൃതമാണ്. തൃപ്പൂണിത്തുറ, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളിലെ സംസ്‌കൃത താളിയോല ഗ്രന്ഥ ശേഖരങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായും വായിച്ച് വിഷയാടിസ്ഥാനത്തില്‍ ക്രമീകരിച്ചിട്ടില്ലാത്ത വിജ്ഞാന സമ്പത്തിന്റെ ഉറവിടങ്ങളാണ്.
കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ സംസ്‌കൃത വിഭാഗങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും സംസ്‌കൃത വിജ്ഞാന പാരമ്പര്യത്തിന്റെ മഹത്വം തിരിച്ചറിഞ്ഞുകൊണ്ടും അതിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടുകൂടിയുമാണ് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല സ്ഥാപിതമായത്. മലയാളം സര്‍വ്വകലാശാല എന്ന സങ്കല്പം പോലും ആവിര്‍ഭവിക്കുന്നതിന് മുമ്പ് സംസ്‌കൃത സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമായിരുന്നു. എന്നാല്‍ പ്രസ്തുത സര്‍വ്വകലാശാല പരമ്പരാഗത സംസ്‌കൃത കോഴ്‌സുകള്‍ക്ക് ഉപരി, സംസ്‌കൃതവും ആധുനിക വിഷയങ്ങളും തുലനാത്മകമായി പഠിക്കുന്ന കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് പകരം മറ്റു പല കോഴ്‌സുകളും സര്‍വകലാശാലയില്‍ ആരംഭിച്ച് സംസ്‌കൃതത്തിന്റെ പ്രാധാന്യം കുറയ്ക്കുകയാണ് ഉണ്ടായത് എന്ന വിമര്‍ശനമാണ് സമൂഹത്തില്‍ സൃഷ്ടിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ഉണ്ടായിരുന്ന സംസ്‌കൃത സ്ഥാപനത്തിന്റെ കേന്ദ്രങ്ങള്‍ക്കും കേരളത്തില്‍ വലിയ സംഭാവന നല്‍കാന്‍ ഈ കാലഘട്ടങ്ങളില്‍ കഴിഞ്ഞില്ല. ഈ സ്ഥാപനം കേന്ദ്ര സംസ്‌കൃത സര്‍വകലാശാല യായി പരിണമിച്ചതോടുകൂടിയാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് പുതിയ മാനങ്ങള്‍ കൈവന്നുകൊണ്ടിരിക്കുന്നത്.
പൈതൃക വിജ്ഞാനവും സംസ്‌കൃതവും
കഴിഞ്ഞ മെയ് മാസത്തില്‍ കേന്ദ്ര സംസ്‌കൃത സര്‍വകലാശാലയുടെ തൃശ്ശൂര്‍ ക്യാമ്പസില്‍ നടന്ന ത്രിദിന ദേശീയ കാര്യശാല കേരളത്തിലെ സംസ്‌കൃത വിജ്ഞാന ശാഖയെയും ആധുനിക ഗണിതത്തെയും സംയോജിപ്പിച്ച് പുതിയ പഠന ഗവേഷണ മേഖലകള്‍ ആരംഭിക്കേണ്ടതിനെ കുറിച്ച് ആഴത്തില്‍ ചിന്തിച്ചു. ഇതിന്റെ തുടര്‍ച്ച എന്ന രീതിയില്‍ ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ കേരളത്തിലെ ഒരു പ്രവര്‍ത്തനമായ മാധവ ഗണിത കേന്ദ്രവും ദേശീയ സംസ്‌കൃത സര്‍വകലാശാലയും ധാരണ പത്രത്തില്‍ ഒപ്പുവയ്ക്കുകയുണ്ടായി. തുടര്‍ന്ന് സംസ്‌കൃത സര്‍വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലെ അധ്യാപകര്‍ക്കായി ഏഴു ദിവസം നീണ്ടുനിന്ന കേരളീയ ഗണിത പരിചയം കാര്യശാലയും നടന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ കേന്ദ്ര സംസ്‌കൃത സര്‍വകലാശാല ഗണിത ശാസ്ത്ര രംഗത്തെ ഭാരതീയ സംഭാവനകളെ അധികരിച്ചു കൊണ്ടുള്ള കോഴ്‌സുകള്‍ ആരംഭിക്കും. മാത്രവുമല്ല തൃശ്ശൂര്‍ കേന്ദ്രത്തെ ഭാരതീയ ഗണിത പഠനത്തിന്റെ കേന്ദ്രമാക്കി വികസിപ്പിക്കാനും ആലോചിച്ചുവരുന്നു.
ഇന്ന് കേരളത്തിലെ ഏറ്റവും സമര്‍ത്ഥരായ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കഴിയുന്നത് ആരോഗ്യ സര്‍വകലാശാലയ്ക്കാണ്. എന്നാല്‍ ഈ സര്‍വകലാശാലയില്‍ എംബിബിഎസ്, ആയുര്‍വേദം, ഡെന്റല്‍, മറ്റു മെഡിക്കല്‍ കോഴ്‌സുകള്‍, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാരതീയഭാഷ, സാഹിത്യം, ദാര്‍ശനികം എന്നിവയിലെ പരിജ്ഞാനം വളരെ പരിമിതമാണ്. ഈ കുറവ് പരിഹരിക്കാനാണ് മെഡിക്കല്‍ വിദ്യാഭ്യാസത്തോടൊപ്പം മലയാള സര്‍വ്വകലാശാല പ്രത്യേകം തയ്യാറാക്കുന്ന ഭാഷ കോഴ്‌സ് കൂടി ഉള്‍പ്പെടുത്താന്‍ ഇരു സര്‍വകലാശാലകളും കഴിഞ്ഞവര്‍ഷം ധാരണയില്‍ എത്തിയത്. ആരോഗ്യ സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ സ്ഥാപന ദിനാചരണത്തിന്റെ ഭാഗമായി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിക്കല്‍ സയന്‍സ് (NCISM) ദേശീയ അദ്ധ്യക്ഷനായിട്ടുള്ള പ്രൊഫ. ജയന്ത് ദേവപൂജാരിയെ തന്നെ ക്ഷണിച്ചുവരുത്തി, മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെയും കോളേജ് അധികൃതരുടെയും മുന്നില്‍ വരാന്‍ പോകുന്ന, ഭാവിയില്‍ ആരോഗ്യ സംരക്ഷണത്തില്‍ ഭാരതീയ ആരോഗ്യ സംരക്ഷണ രീതികള്‍ക്ക്, പ്രത്യേകിച്ചും ആയുര്‍വേദം, യോഗ, ജൈവകൃഷി തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത് ഏറെ ശ്രദ്ധേയമാണ്.
തിരുവനന്തപുരം സ്വാതിതിരുനാള്‍ മഹാരാജാസ് കോളേജ് ആരംഭിക്കുമ്പോള്‍ അവിടുത്തെ പ്രധാന വിഷയങ്ങള്‍ സംസ്‌കൃതം, സംഗീതം, ഗണിതം, ജ്യോതിശാസ്ത്രം, ഇംഗ്ലീഷ് എന്നിവയായിരുന്നു. ആ സ്ഥാപനം വളര്‍ന്ന് കേരള സര്‍വകലാശാലയായി പരിണമിച്ചു. സംസ്‌കൃത കോളേജും സംസ്‌കൃത വിഭാഗവും സംസ്‌കൃത പഠന ഗവേഷണ മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിവരുന്നു. എന്നാല്‍ സംസ്‌കൃതത്തെ ആധുനിക വിജ്ഞാനവുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നേവരെ ഉണ്ടായിട്ടില്ല. ഏതാനും ദിവസം മുന്‍പ് സംസ്‌കൃത വിഭാഗത്തിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന ത്രിദിന ദേശീയ സംസ്‌കൃത സെമിനാര്‍ ഏറെ ശ്രദ്ധേയമായിരുന്നു. പരമ്പരാഗത സംസ്‌കൃത വിദ്യാര്‍ത്ഥികള്‍ എന്നതിനപ്പുറത്തേക്ക് ആധുനിക വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ആ സെമിനാര്‍ ലക്ഷ്യം വെച്ചത്. മെഡിക്കല്‍, ആയുര്‍വേദ, നഴ്‌സിംഗ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ കൂടി ആ സെമിനാറിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. എന്നാല്‍ ആ രീതിയില്‍ അല്ല ഈ സെമിനാര്‍ കേരളത്തില്‍ ചര്‍ച്ചയായത്. ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ സമര കോലാഹലത്തിന്റെയും സംസ്‌കൃത വിഭാഗം ഓഫീസ് തന്നെ തല്ലി തകര്‍ക്കുന്ന അക്രമത്തിന്റെയും വാര്‍ത്തകളിലൂടെയാണ് കേരളം ഇത്രയും ശ്രദ്ധേയമായ ഒരു സെമിനാര്‍ ചര്‍ച്ചയാക്കാന്‍ ശ്രമിച്ചത്. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സില്‍ ഒക്ടോബറില്‍ നടന്ന കേരളീയ ഗണിതത്തെ കുറിച്ചുള്ള സെമിനാറും വിദ്യാര്‍ത്ഥികളില്‍ ഭാരതീയ ഭാഷകളില്‍ ഒളിഞ്ഞിരിക്കുന്ന വിജ്ഞാന പൈതൃകത്തെ പുറത്തെടുക്കേണ്ട ആവശ്യകതയില്‍ വലിയ താല്പര്യം ജനിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്‌കൃതവും ശാസ്ത്രവും എന്ന ദേശീയ സെമിനാര്‍ വീണ്ടും ഈ രംഗത്ത് കൂടുതല്‍ ഗവേഷകരെയും അക്കാദമിക സമൂഹത്തെയും ആകര്‍ഷിക്കും. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടക്കുന്ന ഭാരതീയ ഭാഷ സമ്മേളനം, ചെറുതുരുത്തി പിഎന്‍ എന്‍എം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ആരോഗ്യപരിപാല രംഗത്തിന്റെ കേരളീയ പൈതൃകം, കേരള കേന്ദ്ര സര്‍വകലാശാല തിരുവനന്തപുരം ക്യാപ്പിറ്റല്‍ ക്യാമ്പസിന്റെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും കേരളത്തിന്റെ ജ്ഞാന പൈതൃകത്തിന്റെ സമാവേശവും തുടങ്ങിയ അക്കാദമിക സെമിനാറുകളും സിമ്പോസിയങ്ങളും കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് സ്വത്വബോധത്തെ സ്വീകരിക്കാനുള്ള ഉല്‍ക്കടമായ അഭിനിവേശത്തിന്റെ ബഹിര്‍സ്ഫുരണങ്ങളായി കാണാം.
പുറത്തെടുക്കേണ്ട
വിജ്ഞാനശാഖകള്‍
ഭാഷാശാസ്ത്രം, ഗണിതശാസ്ത്രം, ദര്‍ശനശസ്ത്രം, അര്‍ത്ഥശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, മന:ശാസ്ത്രം, സാഹിത്യം, സംഗീതം, രംഗകല, ആയോധനകല, ശില്പശാസ്ത്രം, തച്ചുശാസ്ത്രം എന്നിവക്ക് പുറമേ ലോഹവിദ്യ, കരകൗശലം, കായികം, വാണിജ്യം, വ്യവസായം, നിയമം, നീതിനിര്‍വഹണം, ഭരണനിര്‍വഹണം, മാനേജ്‌മെന്റ്, കൃഷി തുടങ്ങി വിവിധ മേഖലകളിലും ഇന്നത്തെ ആധുനിക സമൂഹം അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് കാലോചിതമായ പരിഹാരം കണ്ടെത്താന്‍ ഭാരതീയ വിജ്ഞാന ശാഖകള്‍ക്ക് സാധിക്കും. ആ രീതിയില്‍ ഭാരതീയ ഭാഷകളില്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ എഴുതപ്പെട്ട ഗ്രന്ഥാവലികളെയും എഴുതപ്പെട്ടിട്ടില്ലാത്ത നാട്ടറിവുകളെയും ക്രോഡീകരിക്കുകയും ചിട്ടപ്പെടുത്തുകയും അതിനെ ആധുനിക വിജ്ഞാന ശാഖകളുമായി ബന്ധിപ്പിക്കുകയും ചെയ്യാന്‍ വലിയ പരിശ്രമം ആവശ്യമാണ്. അത് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ ഉണര്‍വിന് മാത്രമല്ല വികസിത ഭാരതം എന്ന സ്വപ്‌ന സാക്ഷത്കാരത്തിനും ഇന്ന് ലോകം നേരിടുന്ന നിരവധി പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കും പരിഹാരം കണ്ടെത്തി ഒരു പുതിയ ലോകക്രമം സൃഷ്ടിക്കുന്നതില്‍ നാം നല്‍കേണ്ട മഹത്തായ ദൗത്യത്തിന് മുതല്‍ക്കൂട്ടാവുകയും ചെയ്യും.