അമേരിക്കയിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകനും സംരംഭകനും അറ്റ്‌ലാന്റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ആഗോള ഹിന്ദു അഭിഭാഷക സംഘടനയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഹിന്ദു സഖ്യത്തിന്റെ അദ്ധ്യക്ഷനുമായ ഗോകുല്‍ കുന്നത്തുമായി ഓര്‍ഗനൈസര്‍ വാരികയുടെ സഹപത്രാധിപര്‍ രവി മിശ്ര നടത്തിയ അഭിമുഖത്തില്‍ നിന്ന്.
അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം അധികാരത്തിലെത്തിയിരിക്കുകയാണല്ലോ. ഈ തിരഞ്ഞെടുപ്പ് ഫലത്തെ താങ്കള്‍ എങ്ങനെ കാണുന്നു.
♠ഈ തിരഞ്ഞെടുപ്പ് വിധിയെ ചരിത്രപ്രധാനം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. എല്ലാ പ്രവചനങ്ങളെയും നിഷ്പ്രഭമാക്കി ട്രംപിന് ജനകീയ വോട്ടും ഇലക്ട്രല്‍ വോട്ടും നേടാനായി. അദ്ദേഹത്തിന്റെ ജനസമ്മതി സെനറ്റില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സഹായകമായി. സെനറ്റില്‍ വന്‍വിജയം കൈവരിക്കാനുള്ള കുതിപ്പിലാണവര്‍. രാജ്യങ്ങള്‍ തമ്മിലുള്ള ആണവായുധ യുദ്ധത്തിനുള്ള സാധ്യത ഇനി ഇല്ലാതാകും. ലോകം, വിശിഷ്യാ അമേരിക്ക, മുമ്പെങ്ങുമില്ലാത്ത ഗതിവേഗത്തില്‍ അഭിവൃദ്ധിപ്പെടും. അധികാരം ഏല്‍ക്കാന്‍ പോകുന്ന ട്രംപ് ഭരണകൂടത്തിന്റെ സാധ്യതകളെക്കുറിച്ച് എനിക്ക് തികഞ്ഞ ശുഭാപ്തിവിശ്വാസമുണ്ട്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പ് എങ്ങനെയാണ് വ്യതിരിക്തമാകുന്നത്.
♠മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളെയപേക്ഷിച്ച് വലിയൊരു വിഭാഗം അമേരിക്കക്കാര്‍ ഇത്തവണ നേരത്തെ തന്നെ അവരുടെ സമ്മതിദാനം രേഖപ്പെടുത്തി. ട്രംപിന്റെ ആക്രാമികമായ പ്രചാരണമാണ് ഇതിനു പ്രേരകമായത്. രണ്ടാമത്തെ കാര്യം, 2024ലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ വലിയ സംഖ്യയില്‍ പങ്കെടുത്തു എന്നതാണ്. ട്രംപിന്റെ പ്രചാരണം അനുകൂലമായ ഫലം കൈവരിക്കത്തക്കവണ്ണം വ്യക്തമായി ചിട്ടപ്പെടുത്തിയതും ആസൂത്രിതവുമായിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വം, അനിവാര്യമായ പരാജയം എന്നീ പ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴലുകയായിരുന്നു. അവസാന നിമിഷം, സ്വാഭാവികമായ പ്രാഥമിക ജനാധിപത്യ പ്രക്രിയകളെല്ലാം മാറ്റി വെച്ചുകൊണ്ടാണ് കമലാഹാരിസിനെ കൊണ്ടുവന്നത്.
ഡൊണള്‍ഡ് ട്രംപിന്റെ വിജയത്തിലേക്ക് വഴിതെളിച്ച മുഖ്യ ഘടകങ്ങള്‍ ഏതെല്ലാമാണ്.
♠ഡെമോക്രാറ്റിക് പാര്‍ട്ടി അവരുടെ പരമ്പരാഗതമായ സ്രോതസ്സുകളെ പതിവുപോലെ ഉപയോഗപ്പെടുത്തി. അവര്‍ ബഹുജന മാധ്യമ പ്ലാറ്റ്‌ഫോമുകള്‍, സമ്പന്നരായ വരേണ്യവര്‍ഗം, പതിറ്റാണ്ടുകളായി അവര്‍ രൂപം നല്‍കിയ അദ്ധ്യാപകരുടെ സംഘങ്ങള്‍, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ ശൃംഖല എന്നിവയെയാണ് ആശ്രയിച്ചത്. ട്രംപും പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി സഖ്യത്തിലുള്ളവര്‍, വിശ്വാസി സമൂഹം, വ്യാപാര സമൂഹം എന്നിവയ്‌ക്കൊപ്പം ഇലോണ്‍ മസ്‌ക്കിനെ പോലെ സ്വാധീനമുള്ള ആളുകള്‍ എന്നിവരെ തന്റെ പക്ഷത്ത് അണിനിരത്തിയിരുന്നു.
ബഹുജന മാധ്യമങ്ങള്‍, സാമൂഹ്യമാധ്യമങ്ങള്‍ എന്നിവയുടെ ഉടമസ്ഥത വഹിക്കുന്ന കമ്പനികള്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയില്‍ പരസ്പരം വിശ്വാസ്യതയുടെ അഭാവം നിലനിന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധതയെക്കുറിച്ചും ട്രംപ് സംശയം ഉന്നയിച്ചിരുന്നു. അത് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെ ഉത്തേജിപ്പിച്ചു. അതേസമയം, എല്ലാ സാമൂഹ്യമാധ്യമങ്ങളെയും വിശിഷ്യാ ഇന്റര്‍നെറ്റ് വഴിയുള്ള ദൃശ്യശ്രവ്യ വിവരങ്ങളുടെ പ്രക്ഷേപണം നടത്തുന്ന പോഡ്കാസ്റ്റര്‍മാരെ, പരമാവധി ഉപയോഗപ്പെടുത്തുന്ന, സമര്‍പ്പിതരായ ആളുകളുടെ ഒരു സംഘത്തെ അദ്ദേഹം ബുദ്ധിപൂര്‍വ്വം വളര്‍ത്തിയെടുത്തു. വളരെ സൂക്ഷ്മമായി ആസൂത്രണം ചെയ്ത തിരഞ്ഞെടുപ്പ് യോഗങ്ങള്‍ സംഘടിപ്പിച്ച് അദ്ദേഹം താഴെത്തട്ടിലുള്ള ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിച്ചു. ഇതിലൂടെ നിരാശയനുഭവിക്കുന്ന അസംഖ്യം അമേരിക്കക്കാരെ തന്നോടടുപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാതലായ ഘടകങ്ങളെ അദ്ദേഹത്തിന് എത്തിപ്പിടിക്കാനായെന്നത് അഭൂതപൂര്‍വ്വമായ കാര്യമാണ്. അതുകാരണം ആഫ്രിക്കന്‍ വംശജരായ അമേരിക്കക്കാര്‍, ഹിസ്പാതിക്കുകള്‍, ജൂതന്മാര്‍, ഹിന്ദുക്കള്‍, മറ്റ് ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ വലിയ സംഖ്യയില്‍ ഡെമോക്രാറ്റിക് കക്ഷി വിട്ട്, കമലാഹാരിസിന്റെ വരേണ്യവാദ സമീപനവുമായി താരതമ്യം ചെയ്യുമ്പോള്‍ ജനങ്ങളുടെ നാഡിമിടിപ്പ് മനസ്സിലാക്കാനുള്ള കല സ്വായത്തമാക്കിയ, ട്രംപിന് വോട്ടു ചെയ്തു.
ട്രംപിന്റെ വിജയത്തില്‍ ഭാരതീയരായ പ്രവാസികള്‍, വിശിഷ്യാ ഹിന്ദുക്കളുടെ പങ്കിനെക്കുറിച്ച് എന്ത് തോന്നുന്നു.
♠ഭാരതവംശജരായ അമേരിക്കക്കാര്‍, പ്രത്യേകിച്ച് ഹിന്ദുക്കള്‍, ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ട്രംപിന്റെ വലിയതോതില്‍ വോട്ട് ശതമാനം നേടിയുള്ള വിജയത്തിന്റെ പശ്ചാത്തലത്തില്‍, ശക്തമായ ഈ പുതിയ ഗ്രൂപ്പ് വഹിച്ച പങ്കിനെ പലരും അവഗണിച്ചേക്കാം. പക്ഷെ, വലിയൊരു വിഭാഗം ഹിന്ദുക്കള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഉപേക്ഷിച്ച് ട്രംപിന് വോട്ടു ചെയ്തു എന്നതാണ് സത്യം. മാത്രമല്ല, മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ട്രംപ് ആശ്രയിച്ചത് തന്റെ അന്തരംഗവൃന്ദത്തിലെ വിശ്വസിക്കാന്‍ കൊള്ളാത്ത സഹായികളെയും അനുയായികളെയും ആയിരുന്നു. ഇപ്രാവശ്യമാകട്ടെ, മുമ്പ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരായിരുന്ന ശക്തരായ ഹിന്ദു നേതാക്കന്മാരാണ് ദേശവ്യാപകമായി ഏകോപനത്തിന് നിയോഗിക്കപ്പെട്ടത്. ഉഷവാന്‍സ്, വിവേക് രാമസ്വാമി, തുല്‍സി ഗബ്ബാര്‍ഡ് എന്നിവര്‍ അവരില്‍ പ്രമുഖരായിരുന്നു. മൂന്നാമത്തെ കാര്യം, ലോകത്ത് പലയിടങ്ങളിലും ഹിന്ദുക്കളുടെ ദുരവസ്ഥയുടെ കാര്യത്തില്‍ അദ്ദേഹത്തിന് അതിയായ സഹതാപം ഉണ്ടായിരുന്നു. മാത്രമല്ല, ഹിന്ദുക്കളെയും ഭാരതവംശജരായ അമേരിക്കക്കാരേയും, താന്‍ അവരുടെ കാര്യത്തില്‍ അത്യന്തം ഉത്സുകനാണെന്നും ഹിന്ദുക്കള്‍ക്ക് നേരെയുള്ള പീഡനങ്ങളെയും അനീതികളെയും താന്‍ ഒരിക്കലും പൊറുപ്പിക്കില്ലെന്നും ഓരോ അവസരത്തിലും അദ്ദേഹം ആവ ര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു.
ഭാരതീയരായ പ്രവാസികള്‍ ഏറ്റവുമധികം പിന്തുണച്ചത് ട്രംപിനേയോ അതോ കമല ഹാരിസിനേയോ?
♠മറ്റ് പല മതന്യൂനപക്ഷങ്ങള്‍, വംശീയ ന്യൂനപക്ഷങ്ങള്‍ എന്നിവരെ പോലെ ഭാരത വംശജരായ അമേരിക്കക്കാരും കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. പക്ഷെ, ക്രമേണ അവര്‍ കൂട്ടത്തോടെ ആ പക്ഷത്ത് നിന്നും ഒഴിഞ്ഞുപോയി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുകയാണുണ്ടായത്. കൂട്ടത്തോടെയുള്ള ഈ കൊഴിഞ്ഞുപോക്ക് ട്രംപിന്റെയും അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ അദ്ദേഹത്തിന്റെ പക്ഷക്കാരുടേയും വിജയത്തിന് വഴിതെളിച്ചു എന്ന് നിസ്സംശയം പറയാം.
കമലാഹാരിസിന്റെ തോല്‍വി തീവ്രഇടതുപക്ഷക്കാര്‍ക്കും ഡീപ് സ്റ്റേറ്റിനും തിരിച്ചടിയായെന്ന് താങ്കള്‍ കരുതുന്നുണ്ടോ.
♠ലോകത്തെമ്പാടും അധികാരം പിടിച്ചെടുക്കാന്‍ ഇടതുപക്ഷം വിപുലമായ ഒരു രക്ഷാകര്‍തൃത്വ സംവിധാനം ഒരുക്കാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അമേരിക്ക അതിനൊരു അപവാദമല്ല. അടുത്ത കാലത്തായി, പ്രത്യേകിച്ച് നവംബര്‍ 9ന് ശേഷം പ്രൊട്ടസ്റ്റന്റ് സഭകള്‍, ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍, യാഥാസ്ഥിതികരും മാമൂല്‍ പ്രിയരുമായ ജൂതന്മാര്‍, ബൗദ്ധര്‍, ഹൈന്ദവര്‍ എന്നീ വിഭാഗങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ തീവ്ര ‘പുരോഗമനവാദ’ വിഭാഗത്തിന് ഭൃത്യവേല ചെയ്യുന്നവരായി തീര്‍ന്നിരിക്കയാണ്, അതിതീവ്രവാദികളായി പരിണമിച്ച അമേരിക്കയിലെ ഇടതുപക്ഷം. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തീവ്ര ഇടതുപക്ഷത്തേക്കുള്ള ചായ്‌വ് കാരണം ഉണ്ടാവാനിരിക്കുന്ന വിനാശകരമായ പരിണതിയെക്കുറിച്ച് മുന്‍പ്രസിഡന്റ് ഒബാമ പോലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ട്രംപിന്റെ വിജയം ആഗോളതലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് തോന്നുന്നുണ്ടോ.
♠സാമ്പത്തിക പുരോഗതി, വികസനം എന്നിവയെ അപേക്ഷിച്ച് പരിസ്ഥിതിയെ സംബന്ധിക്കുന്ന നയങ്ങള്‍ക്ക് ട്രംപ് ഭരണകൂടം മുന്‍ഗണന നല്‍കുമെന്ന് കരുതാനാവില്ല. ഈ നയം മാറ്റം കാലങ്ങളായുള്ള വികസ്വര രാജ്യങ്ങളുടെ അഭിലാഷങ്ങള്‍ക്ക് അനുഗുണമായുള്ളതാണ്. അമേരിക്കന്‍ സെനറ്റില്‍ അദ്ദേഹത്തിന്റെ കക്ഷിക്ക് ഭൂരിപക്ഷം നേടാനായ സാഹചര്യത്തില്‍ അമേരിക്കയുടെ വിദേശനയത്തില്‍ വലിയൊരു മാറ്റത്തിന്റെ സാധ്യതയും ഞാന്‍ കാണുന്നു. ഉക്രൈനിലും പശ്ചിമേഷ്യയിലും നടക്കുന്ന വന്‍യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കും. ലോകസമാധാനം, സുരക്ഷ, സാമ്പത്തിക പുരോഗതി എന്നിവ തകര്‍ക്കാന്‍ പോന്ന മറ്റൊരു യുദ്ധം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞേക്കാം. ചൈനയുടേയും പാകിസ്ഥാന്റേയും അധികാരാസക്തിക്ക് അദ്ദേഹം തടയിടുകതന്നെ ചെയ്യും. ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ റഷ്യയുടെയും വടക്കന്‍ കൊറിയയുടെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതോടൊപ്പം അദ്ദേഹം തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകള്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള തന്റെ പോരാട്ടം തുടരും. ഇടതുപക്ഷത്തിന്റെ സാമൂഹ്യ കാര്യപരിപാടി ലോകത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന വിഷയത്തില്‍ അദ്ദേഹത്തിന്റെ ടീം അംഗങ്ങള്‍ക്കിടയില്‍ ഏകാഭിപ്രായമാണുള്ളത്. ഇത്, മുമ്പ് കണ്ടുവന്നിരുന്ന ഇടപെടലുകള്‍, തടസ്സപ്പെടുത്തലുകള്‍ എന്നിവയുടെ സ്ഥാനത്ത് കൂടുതല്‍ ഉത്തരവാദിത്തബോധത്തോടെയുള്ള പര്യാലോചനകള്‍ക്ക് വഴിയൊരുക്കും. എല്ലാവിധത്തിലുമുള്ള തീവ്രവാദ നിലപാടുകളില്‍ നിന്ന് അകന്നു നില്‍ക്കേണ്ട അവശ്യകതയെക്കുറിച്ച് അദ്ദേഹം അമേരിക്കയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം അദ്ദേഹത്തിന്റെ വിദേശനയത്തില്‍ പ്രതിഫലിക്കുകയും ചെയ്യും. സുസംസ്‌കൃത ലോകത്തിന് ആനന്ദകരമായത്, പ്രാകൃതശക്തികള്‍ക്ക് പേടിസ്വപ്നമായിത്തീരും.
ഡൊണള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ യു.എസ്-ഭാരത ബന്ധം ഏതു തരത്തിലായിരിക്കും രൂപപ്പെടുക.
♠യു.എസ്-ഭാരത ബന്ധത്തിന്റെ കാര്യത്തില്‍ ഇതൊരു സുവര്‍ണയുഗമായിരിക്കും. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപ് ഭാരതം ഒരു വന്‍ശക്തിയായി മാറുന്നതിനെ അംഗീകരിക്കുകയും ഒരു നാഗരികതയെന്ന നിലയ്ക്ക് ഹിന്ദുക്കള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ അനുഭാവപൂര്‍വ്വം കാണുകയും ചെയ്യുന്നു. ഇന്നത്തെ ലോകം ആര്‍ക്കും നിഷേധിക്കാനാകാത്തവിധം ബഹുധ്രുവമായി മാറിയിരിക്കുന്നു എന്ന് അംഗീകരിക്കുന്ന അദ്ദേഹം, നരേന്ദ്രമോദിജിയുമായുള്ള സൗഹൃദത്തെ ഉപയോഗപ്പെടുത്തി ലോകത്തെ സംബന്ധിച്ചുള്ള തന്റെ സങ്കല്പങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാന്‍ ഭാരതത്തോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കും. ഉഭയകക്ഷിബന്ധങ്ങള്‍, രണ്ടു രാജ്യങ്ങളുടെയും പരസ്പരമുള്ള താല്പര്യങ്ങള്‍ എന്നിവ മനസ്സില്‍ കണ്ടുകൊണ്ട് പുതിയൊരു തലത്തിലേക്ക് ഉയര്‍ത്താനുള്ള സാധ്യതകള്‍ രണ്ടു നേതാക്കളും ആരായും. ട്രംപിന്റെ പ്രസിഡന്റ് പദവിയും ലോകത്ത് മോദിജിയുടെ വര്‍ദ്ധിച്ചു വരുന്ന ജനസമ്മതിയും ലോകചരിത്രത്തില്‍ ഏറ്റവും സുപ്രധാനമായ മുഹൂര്‍ത്തത്തിലാണ് കൈവന്നിരിക്കുന്നത്. ഭാവി ശോഭനമാണെന്ന് തീര്‍ച്ചയായും നമുക്ക് കരുതാം.
(കടപ്പാട്: ഓര്‍ഗനൈസര്‍ വാരിക, 2024 നവംബര്‍ 17 ലക്കം. വിവ: യു.ഗോപാല്‍ മല്ലര്‍)