മഴ പെയ്തിറങ്ങിയ ഒരു സായാഹ്നത്തിലാണ് സുമ നായര്‍ തറവാട്ടിലെത്തിച്ചേര്‍ന്നത്. നാല്പതുവര്‍ഷത്തെ നീണ്ട പ്രവാസ ജീവിതത്തിനുശേഷമാണ് അവള്‍ എത്തിയത്. ഭര്‍ത്താവും മക്കളും വന്നില്ല. അവര്‍ക്ക് ഇതൊന്നും കാണാന്‍ ആഗ്രഹവുമില്ല. ടാക്‌സിക്കാര്‍ തെറ്റാതെ തന്നെ തറവാട് മുറ്റത്തെത്തിച്ചു. സാധനങ്ങളിറക്കി തിരിഞ്ഞു നോക്കിയപ്പോള്‍ തന്നെ തന്നെ സൂക്ഷിച്ചു നോക്കുന്ന മെലിഞ്ഞ വെളുത്തൊരു സ്ത്രീ രൂപം.
അവള്‍ തിരിച്ചറിഞ്ഞു ‘ഇന്ദിരയേടത്തി.’ കനവ് മഴനീര്‍ത്തുള്ളികള്‍പോലെ ചിതറി വീണു. ഇന്ദിരയേടത്തിയുടെ വിറങ്ങലിച്ച ശബ്ദമുയര്‍ന്നു.
”നീ ഒറ്റയ്‌ക്കോ അവരൊക്കെ വന്നില്ലേ?” വലിയ ബാഗ് രണ്ടടി ഉയരമുള്ള തിണ്ണയില്‍ കഷ്ടപ്പെട്ട് കയറ്റിക്കൊണ്ടവള്‍ പറഞ്ഞു.
”ഇന്ദിരയേടത്തിയ്‌ക്കെന്നെ മനസ്സിലായോ ഞാന്‍ സുമക്കുട്ടിയാ.” തിളങ്ങുന്ന രണ്ട് കൃഷ്ണമണികള്‍ അവയെല്ലാം വായിച്ചെടുക്കുന്നതുപോലെ സുമനായര്‍ക്ക് തോന്നി.
”നിന്റെ നായര് ദേവനാരായണന്‍ വരുമെന്നു പറഞ്ഞിട്ട്?” ഇന്ദിരയേടത്തിയുടെ സംശയരൂപേണയുള്ള ചോദ്യം.
”അമേരിക്കയില്‍ തെരഞ്ഞെടുപ്പല്ലേ ഇന്ദിരയേടത്തീ. ചേട്ടന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവാ. മക്കളൊക്കെ റിപ്പബ്ലിക്കാ.”
തറവാട്ടില്‍ അവശേഷിക്കുന്ന ഒരേയൊരു വ്യക്തി ഇന്ദിരയേടത്തിയെന്ന ഇന്ദിരാദേവി.പി.എന്‍. എണ്‍പതു കഴിഞ്ഞ ഇന്ദിരയേടത്തി പള്ളിത്താഴത്ത് നാരായണ കൈമളുടെ ഏഴുമക്കളിലെ മൂത്തവളും, ഏഴാമത്തേത് സുമനായരുമാണ്. അവര്‍ക്കിടയിലെ വ്യത്യാസം പതിനെട്ട് വയസ്സ്.
നേര്‍ത്ത ഇരുട്ട് തറവാടിനെ പൊതിഞ്ഞു. ഇന്ദിരയേടത്തി കിടന്നതോടെ തനിക്കു ചുറ്റും ഭീമാകാരമായ ശൂന്യത അനുഭവപ്പെടുന്നതായി അവള്‍ തിരിച്ചറിഞ്ഞു. നാലു പതിറ്റാണ്ടുകള്‍ക്കുമുമ്പേ അനുഭവിച്ചറിഞ്ഞ ശബ്ദങ്ങള്‍ തൊടിയില്‍ നിന്നുയരുന്ന പോലെ. അവളിലെ ഭീതി ഒരു ചെറുകാറ്റായി അവളെ തഴുകിക്കൊണ്ടിരുന്നു.
എങ്കിലുമവള്‍ തറവാടിന്റെ ഉമ്മറക്കോണിലിരുന്ന് ചുറ്റും വീക്ഷിച്ചുകൊണ്ടിരുന്നു.
അനാദിയായ ഈശ്വരസാക്ഷാത്ക്കാരം പോലെ തറവാടിനെ പൊതിഞ്ഞു നില്‍ക്കുന്ന മൗനം. അവളെല്ലാം ഓര്‍ത്തെടുക്കുകയായിരുന്നു.
നാല്പതു വര്‍ഷം മുമ്പേ ദേവനാരായണനെന്ന ഫോറിന്‍ സര്‍വ്വീസുകാരന്റെ ഭാര്യയായി സ്റ്റേറ്റിലേയ്ക്കു പോയ ‘നാടന്‍ പെണ്‍കുട്ടി.’
രാത്രി ഏറെ വൈകി, സുമനായര്‍ തറവാടിന്റെ തെക്കിനിയില്‍ ഓര്‍മ്മകള്‍ക്ക് മേയാന്‍ മനസ്സ് വിട്ടുകൊടുത്തുകൊണ്ട് ഇരുട്ടിലേക്ക് നോക്കിയിരുന്നു.
കാല്‍പ്പെരുമാറ്റം കേട്ടാണ് അവള്‍ തലയുയര്‍ത്തി നോക്കിയത്. അവള്‍ ചോദിച്ചു.
”ഇന്ദിരയേടത്തി ഉറങ്ങിയില്ലേ?”
”എനിക്ക് രാത്രിയില്‍ ഉറക്കമില്ല. പകലാണ് ഉറക്കം. രാത്രിയില്‍ എല്ലാവരും വരും. ഓരോ കഥകള്‍ പറഞ്ഞ് നേരം പുലര്‍ത്തും.”
അവള്‍ ജിഞ്ജാസയോടെ ഇന്ദിരയേടത്തിയെ നോക്കി. ”ഇന്നാരും, വന്നില്ല നീ വന്നതാവാം.”
”നീ ഇവിടെയുള്ളവരെയൊക്കെ ഓര്‍ക്കുന്നുണ്ടോ. അവര് നിന്നെ കണ്ടിട്ട് തിരിച്ചുപോയിക്കാണും.”
സുമനായര്‍ കൗതുകത്തോടെ ചോദിച്ചു.
”ആരൊക്കെയാ ഇന്ദിരേടത്തിയുടെ അതിഥികള്‍?”
”എല്ലാവരും വരും.
വലിയകൈമള്‍, വേണാട്ടെ പടത്തലവന്‍.
എല്ലാവരും വരും.
അച്ഛന്‍ മാത്രം ചിലപ്പോഴൊക്കെ വരൂ. വന്നാലും ഒന്നും മിണ്ടൂലാ പിടീന്നങ്ങ് പോകും.”
അവള്‍ ഇന്ദിരേടത്തിയെ ആര്‍ദ്രമായി നോക്കി.
”ഇന്ദിരേടത്തി തറവാട്ടില്‍ മരിച്ചവരോട് സംസാരിക്കുമോ?”
”ആരും മരിച്ചിട്ടില്ല. എല്ലാവരും ഇവിടെയുണ്ട്. ശരീരം പോയന്നേയുള്ളൂ.” ഇന്ദിരേടത്തി മറുപടി നല്‍കി.
ജനസ്മൃതികള്‍ക്കിടയില്‍ ഇന്ദിരേടത്തി സുമയെ കൈപിടിച്ച് നടത്തുകയാണ്.
”തെക്കിനിയുടെ ചാരടിയില്‍ ചാരിയിരുന്ന് വലിയ വായില്‍ ബഹളം വെക്കുന്ന സേതുവേട്ടനെ നീ കണ്ടോ?” ഇന്ദിരേടത്തി ചോദിച്ചു. ശരിയാണ്. സേതുവേട്ടന്‍ ഇന്ദിരേടത്തിയെ നോക്കി പുലഭ്യം പറയുകയാണ്.
സേതുവേട്ടന്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് കമ്പനിയ്ക്കുവേണ്ടി ബര്‍മ്മയില്‍ യുദ്ധം ചെയ്തു. പിന്നെ നാട്ടില്‍ വന്നു. ഇന്ദിരേടത്തിയെ കല്ല്യാണം കഴിച്ച് തറവാട്ടില്‍ കൂടി. തുടര്‍ന്ന് ജോലിയ്ക്കു പോയില്ല. ഏറെ വര്‍ഷം ഇന്ദിരേടത്തിയെ പേടിച്ച് കഴിഞ്ഞു. പിന്നെ മദ്യപാനം തുടങ്ങി. അതോടെ ഇന്ദിരേടത്തിയ്ക്ക് പേടിയായി. എന്നും രാത്രിയില്‍ മദ്യപിച്ചെത്തി തെക്കിനിയുടെ ചാരടിയിലിരുന്ന് ‘പൂരപ്പാട്ട്’ പാടുന്ന സേതുവേട്ടനെ അവള്‍ കണ്ടു.
ഇന്ദിരേടത്തി പറഞ്ഞു. ”ഒരു രാത്രി അയാള്‍ സ്‌നേഹത്തോടെ വിളിച്ചപേക്ഷിക്കുന്നപോലെ എന്തൊക്കെയോ പറഞ്ഞു. ഞാന്‍ നോക്കിയില്ല. വാതില്‍ തുറന്നുമില്ല.
രാവിലെ ചാരടിയില്‍ മരിച്ച് കിടക്കുന്ന സേതുവേട്ടന്‍. പക്ഷേ സേതു പോയതില്‍പ്പിന്നെയാണ് സേതുവിനെ ഞാനറിഞ്ഞത്. അന്നു മുതല്‍ ഞാന്‍ സേതുവേട്ടനെ സ്‌നേഹിക്കുന്നു. സേതുവറിയാത്ത എന്റെ സ്‌നേഹത്തിന് രണ്ടരപതിറ്റാണ്ടായി.”
ഇന്ദിരേടത്തിയുടെ കുഴിഞ്ഞ കണ്ണുകളില്‍ നീര്‍ത്തുള്ളികള്‍ ഊറിക്കൂടുന്നത് ഞാന്‍ കണ്ടു.
നാനൂറ് വര്‍ഷമായി മരണങ്ങളും ജനനങ്ങളും നടത്തി ജനന മരണ സ്മൃതികളില്‍ എണ്ണിയാലൊടുങ്ങാത്ത അവസ്ഥാന്തരങ്ങള്‍ക്ക് സാക്ഷിയായി നില്‍ക്കുന്ന ‘തറവാട് വീട്.’
നേരം പുലര്‍ന്നപ്പോള്‍ ആ കാഴ്ച കണ്ടു.
നാല്പതു വര്‍ഷങ്ങള്‍ കൊണ്ട് എനിക്കു നഷ്ടപ്പെട്ട ഗ്രാമം. പടിഞ്ഞാറു പുറത്ത് നീണ്ടു വിശാലമായ കണ്ണെത്താത്ത ദൂരത്തോളം കിടക്കുന്ന നെല്‍പ്പാടം. അവിടെ മുഴുവനും കോണ്‍ക്രീറ്റ് വനമായിരിക്കുന്നു. എണ്ണിയാലൊടുങ്ങാത്ത വീടുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. കരയിലെ ഏറ്റവും വലിയ വീടായ നാലുകെട്ട് തറവാട്ട് ഇന്നൊരു കോഴിക്കൂട് പോലെ.
അവള്‍ വേദനയോടെ നോക്കി.
താന്‍ കളിച്ചു വളര്‍ന്നിടം, നടന്ന ഇടവഴികള്‍, കുളിച്ച് കയറുന്ന തോട്. എല്ലാം മനസ്സില്‍ മാത്രം.
ഭൂമിയുടെ രൂപം മാറി, കുളിര്‌പോയി, ഉഷ്ണമായി. കാലാവസ്ഥ നമ്മളേപ്പോലെ മാറിക്കഴിഞ്ഞു. അവളതെല്ലാം തിരിച്ചറിഞ്ഞു.
ഒന്നും ശാശ്വതമല്ല. ഇന്നു കാണുന്നതും, നാളെ കാണേണ്ടതും ആരുടേയൊക്കെയോയാണ്. നമ്മളൊക്കെ വെറും ക്ഷണ സന്ദര്‍ശകര്‍ മാത്രം.
നാല്പതു വര്‍ഷത്തെ തറവാട് ചരിത്രമറിയുവാന്‍ അവള്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ ഇന്ദിരേടത്തിയുടെ മുമ്പിലിരുന്നു.
”നാളെ ദുര്‍ഗ്ഗാഷ്ടമിയാണ്. ഒരു ദുര്‍ഗ്ഗാഷ്ടമിയ്ക്കാണ് നിന്റെ അമ്മാവനെ കമ്മ്യൂണിസ്റ്റുകാര്‍ വെട്ടിക്കൊന്നത്. സ്വയംസേവകര്‍ അവനു സ്മൃതി മണ്ഡപം പണിതു.”
സുമനായരുടെ മനോമുകുരത്തില്‍ കേശവന്‍ നായര്‍ ഗണവേഷത്തില്‍ സൈനികനെപ്പോലെ നടന്നുവരുന്നത് തെളിഞ്ഞു. ചുമരില്‍ നിറം മങ്ങി രൂപം മറഞ്ഞൊരു ഫോട്ടോ കാണിച്ച് ഇന്ദിരേടത്തി പറഞ്ഞു.
”കേശവനമ്മാവനാണ്. എല്ലാ ദുര്‍ഗ്ഗാഷ്ടമിക്കും വരും. ഒരുത്തന്‍ സ്വയംസേവകനാണെങ്കില്‍ വേറൊരുത്തന്‍ കോണ്‍ഗ്രസ്സുകാരാനായി. പിന്നെ സുകു നാടുവിട്ടു. എവിടെ പോയിയെന്നറിയില്ല.”
അമ്മാവനങ്ങനെയെങ്കില്‍ ആങ്ങളമാരില്‍ ഗോപാലകൃഷ്ണന്‍ കമ്മ്യൂണിസ്റ്റായി.
സുമയുടെ നെറുകയ്ക്ക് മുകളില്‍ മച്ചിലിരുന്നൊരു ഗൗളി ശബ്ദിച്ചു. വിവാഹം കഴിഞ്ഞ് പോയതാണ്. നാല്പതു വര്‍ഷത്തിനുശേഷമാണ് പിന്നെ വരുന്നത്. മക്കളുണ്ടായതും, വളര്‍ന്നതും അമേരിക്കയില്‍. ആര്‍ക്കും എന്റെ കൂടെ വരാന്‍ ഇഷ്ടമില്ലായിരുന്നു. എങ്കിലും മനസ്സിലെ ഒരു ആഗ്രഹമായിരുന്നു. മരണത്തിനു മുമ്പ് ഒന്നുകൂടി കാണണം, കുടുംബക്ഷേത്രത്തിലെ വഴിപാടുകള്‍ നടത്തി, അമ്മയെത്തൊഴുത് മടങ്ങണം.
സുമനായര്‍ കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ചു.
”അമ്മേ ക്ഷമിക്കണം.”
”ജീവിതയാത്രയില്‍ അകന്നു പോയാലും അമ്മ ഞങ്ങളെ അരുക് ചേര്‍ത്ത് അടുപ്പിച്ച് നിര്‍ത്തണം.”
കുടുംബക്ഷേത്രം പൊതുക്ഷേത്രമായി മാറി.
വിശാലമായ അമ്പലക്കുളം. തുളസിത്തറയുടെ മുഴുപ്പില്‍ ഒതുങ്ങി. ചുറ്റും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ തലയുയര്‍ത്തി. പണ്ട് ക്ഷേത്രം വലുതായിരുന്നു. ഇപ്പോള്‍ ക്ഷേത്രം ചെറുതായപ്പോലെ. നാല് ചുറ്റും ഇരുനില കെട്ടിടങ്ങള്‍.
പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുമ്പോള്‍ അവളോട് ഇന്ദിരേടത്തി ചോദിച്ചു.
”നാളയല്ലേ നിനക്കു പോവേണ്ടത്? അറുപതു കഴിഞ്ഞ നീ ഇനി വരുമോന്നറിയില്ല. തറവാട്ടില്‍ എല്ലാ മരണങ്ങള്‍ നടന്നപ്പോഴും ആള്‍ക്കാരുണ്ടായിരുന്നു. അവസാനം ഇന്ദിരേടത്തി മരിക്കുമ്പോള്‍ പുഴുക്കള്‍ മാത്രം കാണും.”
അതു പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഇന്ദിരേടത്തി ആദ്യമായി കരയുന്നത് അവള്‍ കണ്ടു.
ഇന്ദിരേടത്തി തുടര്‍ന്നു പറഞ്ഞു.
”ഇനി ഇതൊന്നും സൂക്ഷിച്ചു കൊണ്ടു നടക്കാന്‍ എനിക്കാവില്ല കുട്ടീ. നിന്റെയും, എന്റെയും മാത്രമേ ഇവിടെ അവശേഷിയ്ക്കുന്നുള്ളൂ. നമുക്ക് സനാതന ധര്‍മ്മം സംരക്ഷിക്കുന്ന ആര്‍ക്കെങ്കിലും കണ്ണടയുന്നതിനുമുമ്പേ എഴുതിക്കൊടുത്ത്, സമാധാനത്തോടെ വിഷ്ണുപാദത്തിലേയ്ക്ക് പോകാം.”
സുമ നായര്‍ വന്നതും, ഇന്ദിരേടത്തി ആഗ്രഹിച്ചതും അതായിരുന്നു. ഇന്ദിരേടത്തിയേയും, തറവാടും അന്യംനില്‍ക്കാതിരിക്കാന്‍, സംഘത്തിനെ ഏല്‍പ്പിച്ച് സുമനായര്‍ മടങ്ങാന്‍ തീരുമാനിച്ചു. സമാശ്വാസിപ്പിക്കുന്നതെങ്ങനെയെന്നറിയാതെ പകച്ചുനിന്ന അവളോട് ഇന്ദിരേടത്തി പറഞ്ഞു.
”നീ വിഷമിക്കാതെ പോകൂ. ഈ ജന്മത്തില്‍ ഇനി ഒരു കാഴ്ച ഉണ്ടാകില്ല.”
കാറിന്റെ ഡോര്‍ അടഞ്ഞു. ഇന്ദിരേടത്തിയോട് യാത്ര പറഞ്ഞ് അവള്‍ യാത്രയായി. അപ്പോള്‍ ഇന്ദിരേടത്തിയുടേതല്ല, അവളുടെ കണ്ണുകളാണ് നിറഞ്ഞൊഴു
കിയത്.