ഭാരതം വിദേശ ഭരണത്തില്‍ നിന്നും സ്വതന്ത്രമായതിന് ശേഷം നടന്ന 1948-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഭാരതസംഘത്തെ ത്രിവര്‍ണ്ണ പതാകയുമേന്തി മുന്നില്‍ നിന്ന് നയിച്ചത് ഇന്ന് വിഘടനവാദത്തിന്റെ വിളനിലമായി അറിയപ്പെടുന്ന നാഗാലാന്‍ഡില്‍ നിന്നുള്ള ഡോ.ടാലിമെറീന്‍ ആവൊ ആയിരുന്നു എന്നുള്ളത് അധികമാര്‍ക്കും അറിയില്ല. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമെന്ന നിലയില്‍ ആത്മാഭിമാനത്തോടെ ഭാരതം പങ്കെടുത്ത ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഭാരതത്തിന്റെ ആദ്യത്തെ ഫുട്‌ബോള്‍ ടീമിനെ നയിച്ചുകൊണ്ട് ചരിത്രത്തിന്റ ഭാഗമാകാനുള്ള ഭാഗ്യം സിദ്ധിച്ചത് നാഗാലാന്‍ഡില്‍ നിന്നുള്ള ഡോ.ടാലിമെറീന്‍ ആവോയ്ക്കായിരുന്നു. 1948 ജൂലായ് 29-ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ത്രിവര്‍ണ്ണ പതാകയുമേന്തി ഇന്ത്യന്‍ സംഘത്തെ നയിച്ചുകൊണ്ട് അദ്ദേഹം ചരിത്രത്തിലേക്ക് നടന്നു കയറി. സഹകളിക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമിടയില്‍ അദ്ദേഹം ‘ആവോദാ’ എന്നറിയപ്പെട്ടിരുന്ന ഒരു വല്യേട്ടനായിരുന്നു. പ്രായവ്യത്യാസമില്ലാതെ എല്ലാവരും അദ്ദേഹത്തെ ‘ആവോദാ’ എന്നുതന്നെ വിളിച്ചു. എന്നാല്‍ അദ്ദേഹമോ തന്നെ ദാദായെന്ന് വിളിക്കുന്നവരോട് നാഗാലാന്‍ഡിലെ വനവാസി സമൂഹത്തിന്റ സ്വതസിദ്ധമായ നിഷ്‌കളങ്കതയോടെ വളരെ വിനയപൂര്‍വ്വം പെരുമാറി അവരില്‍ ഒരാളായിത്തന്നെ ജീവിച്ചു.
ഔദ്യോഗികവേദികളില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത് ഡോ.ടി.ആവോയെന്ന പേരിലായിരുന്നു. സമൂഹത്തിന്റെ ഉന്നതതലങ്ങളിലും, താഴേക്കിടയിലും വിദ്യാഭ്യാസം കൊണ്ടും, കായികപ്രതിഭകൊണ്ടും വിനയപൂര്‍വ്വമുള്ള പെരുമാറ്റം കൊണ്ടും എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ പിടിച്ചു പറ്റിയ അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഡോ.ടി ആവോ. പാദരക്ഷപോലും ധരിക്കാതെ നഗ്‌നപാദനായി തെരുവിലെ കുട്ടികളോടും, മൈതാനത്തെ യുവാക്കളോടും യാതൊരു വകഭേദവുമില്ലാതെ കളിതമാശകള്‍ പറഞ്ഞു പന്തുകളിച്ചു അവരിലൊരാളായി മാറുന്ന ആവോദായുടെ സാന്നിധ്യം ആസാമിലെയും, ബംഗാളിലെയും കളിക്കളങ്ങളില്‍ ആഘോഷമായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനായുള്ള അദ്ദേഹത്തിന്റ സമര്‍പ്പണം ഒരിക്കലും വിസ്മരിക്കാവുന്നതല്ല. ഫുട്‌ബോള്‍ എന്ന കായികമത്സരം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും, ബംഗാളിലും ജനകീയമാക്കുന്നതിന് പിന്നില്‍ ആവോദായുടെ സംഭാവനകള്‍ അദ്വിതീയമാണ്. മോഹന്‍ ബഗാനുവേണ്ടി അദ്ദേഹം കളിക്കുന്ന കാലഘട്ടത്തില്‍ കൊല്‍ക്കത്തയുടെ തെരുവുകളില്‍ കാല്‍പ്പന്തുകളിക്കുന്ന കുട്ടികളോട് ആരാവണം എന്ന് ചോദിച്ചാല്‍ ആവോദായാകണം എന്ന് മറുപടി പറഞ്ഞിരുന്ന കാലമായിരുന്നു അത്.
ആവോദായുടെ ഫുട്‌ബോള്‍ കമ്പം അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. ഇന്നും പ്രാഥമിക സൗകര്യങ്ങള്‍ എത്തിനോക്കാത്ത നാഗാലാന്‍ഡിലെ ചോങ്-കി മലനിരകളില്‍ വനവാസി സമൂഹമായ നാഗാ വിഭാഗത്തില്‍ ആവോ എന്ന ഉപവിഭാഗത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റ ജനനം. അന്നത്തെ അവിഭക്ത ആസാമില്‍ ആയിരുന്ന ചോങ്-കി ഇന്ന് നാഗാലാന്‍ഡ് സംസ്ഥാനത്തിന്റെ രൂപീകരണത്തിന് ശേഷം നാഗാലാന്‍ഡിലെ മൊകോക്ചുങ് ജില്ലയിലാണ് ഉള്‍പ്പെടുന്നത്. ഒരു ക്രിസ്ത്യന്‍ മതപ്രചാരകനായിരുന്ന റവ.സുബോങ്-വതി നിങ്ഡാന്‍ഗ്രി ആവോയുടെയും പത്‌നി മാവോങ്സംഗ്ല ചാങ് കിലാരിയുടെയും പന്ത്രണ്ട് മക്കളില്‍ നാലാമനായി 1918, ജനുവരി 28-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചോങ്-കി മലനിരകളില്‍ ജനിച്ച അദ്ദേഹത്തിന് യാതൊരു പ്രാഥമികസൗകര്യങ്ങളും ബാല്യത്തില്‍ ലഭിച്ചിരുന്നില്ല. എന്നിട്ടും സ്വന്തം മനഃസ്‌ഥൈര്യവും ആത്മവിശ്വാസവും കൊണ്ടുമാത്രം ഇന്ത്യന്‍ കായികലോകത്തിന്റെ നേതൃസ്ഥാനത്തേയ്‌ക്കെത്തിയ അദ്ദേഹത്തിന്റെ ജീവിതം വരും തലമുറകള്‍ക്കും പ്രചോദനമാണ്.

ഉപയോഗശൂന്യമായ പഴന്തുണികള്‍ ബലമുള്ള കയറുകൊണ്ട് അതിമനോഹരമായി വരിഞ്ഞുമുറുക്കി പന്തുണ്ടാക്കി ഭാരമേറിയ ആ പഴന്തുണിപ്പന്ത് കാലുകൊണ്ട് തട്ടിയായിരുന്നു ആവോ കാല്‍പ്പന്തുകളി പഠിച്ചത്. പിന്നീട് മലനിരകളില്‍ സുലഭമായി കിട്ടുന്ന ബാംബ്‌ളിമൂസ് എന്നറിയപ്പെടുന്ന വലിയ നാരങ്ങ തട്ടിക്കളിച്ച് അദ്ദേഹം ഫുട്ബോള്‍ അഭ്യസിച്ചു. ഇങ്ങനെയായിരുന്നു ആവോയുടെ ഫുട്ബോള്‍ പ്രവേശം. പഴന്തുണിപ്പന്തും നാരങ്ങാപ്പന്തും തട്ടിക്കളിച്ചു നടക്കുമ്പോള്‍ അദ്ദേഹത്തിന് അത് ഫുട്‌ബോള്‍ കളിയാണെന്നുപോലും അറിവില്ലായിരുന്നു. ഷൂസുപോയിട്ട് ചെരുപ്പുപോലും ഇല്ലാതിരുന്ന ആ കാലത്ത് ചോങ്-കി ഗ്രാമത്തിലെ മൈതാനത്ത് നഗ്‌നപാദനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ഫുട്ബാള്‍ കളിയും മറ്റു കായികപരിശീലനങ്ങളും. ആ ശീലത്തിന് പിന്നീട് ഒളിമ്പിക്‌സില്‍ ഭാരതത്തിന് വേണ്ടി കളിക്കുമ്പോഴും മാറ്റമുണ്ടായില്ല.
ഷൂസില്ലാതെയായിരുന്നു അദ്ദേഹത്തിന്റെ ഫുട്ബാള്‍ കായികപരിശീലനങ്ങളും യഥാര്‍ത്ഥ ഫുട്ബോള്‍ കളിയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം ചോങ്-കിയില്‍ നിന്നും ഇന്നത്തെ ആസാമിലെ ജോര്‍ഹാട്ടില്‍ പഠിക്കാന്‍ പോയപ്പോഴാണ് ഉണ്ടായത്. പിന്നീട് ജോര്‍ഹാട്ടില്‍ നിന്നും ഉന്നതപഠനത്തിനായി ഗുവാഹത്തിയിലെ പ്രശസ്തമായ കോട്ടന്‍ കോളേജില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിലെ പ്രതിഭയ്ക്ക് കായികലോകത്ത് മികവ് തെളിയിക്കാന്‍ അവസരം കിട്ടിയത്. ഗുവാഹത്തിയില്‍ അന്നത്തെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബ്ബായ മഹാറാണ ഫുട്‌ബോള്‍ ക്ലബ്ബ് അദ്ദേഹത്തെ ടീമിലംഗമായി തെരഞ്ഞെടുത്തു
യാതൊരു സൗകര്യങ്ങളും ലഭ്യമല്ലാതിരുന്ന നാഗാലാന്‍ഡില്‍, ഒരു ഡോക്ടറായി തന്റെ മകന്‍ സമൂഹത്തിന് ആതുരസേവനം ചെയ്യണമെന്നായിരുന്നു അവോയുടെ അച്ഛന്റെ അവസാനത്തെ ആഗ്രഹം. പിതാവിനോട് വളരെ ഭക്തിയും ബഹുമാനവും ഉണ്ടായിരുന്ന ആവോ തന്റെ പിതാവിന്റെ അവസാന ആഗ്രഹം സഫലീകരിക്കാനായി കൊല്‍ക്കത്തയിലെ കാര്‍മിഷന്‍ മെഡിക്കല്‍ കോളേജില്‍ എം. ബി.ബി.എസ്. വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. തന്റെ സ്വതസിദ്ധമായ പ്രതിഭകൊണ്ട് അദ്ദേഹത്തിന് പ്രശസ്തമായ കൊല്‍ക്കത്ത മോഹന്‍ ബഗാന്‍ ഫുട്ബോള്‍ ക്ലബ്ബില്‍ അവസരം കിട്ടി. ഗുവാഹത്തി മഹാറാണ ഫുട്ബോള്‍ ക്ലബ്ബില്‍ സതീര്‍ത്ഥ്യനായിരുന്ന സുരത് ദാസ് അവിടെ മോഹന്‍ ബഗാനുവേണ്ടി കളിക്കുന്നുണ്ടായിരുന്നു. കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികച്ച നേതൃത്വപാടവവും കാല്‍പ്പന്തുകളിയിലെ അസാമാന്യ മികവും അദ്ദേഹത്തെ മോഹന്‍ ബഗാന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആക്കി. കളി ഏതു മൈതാനത്തായാലും, ആര്‍ക്കെതിരെയായാലും അദ്ദേഹം മൈതാനം അടക്കി ഭരിക്കുന്ന മിഡ്ഫീല്‍ഡറും പ്രതിരോധക്കോട്ട സൃഷ്ടിക്കുന്ന ഡിഫന്ററും ആയിരുന്നു. മലനിരകളില്‍ പരിശീലിച്ചു നേടിയെടുത്ത സ്വന്തം അഞ്ചടി പത്തിഞ്ച് അത്ലറ്റിക് ശരീരത്തിന്റെ എല്ലാ മെയ്വഴക്കവും ഉപയോഗപ്പെടുത്തുന്ന അദ്ദേഹത്തെ മൈതാനത്തു തടയാന്‍ ആര്‍ക്കും സാധിക്കില്ലായിരുന്നു. ആ കഴിവുകളും, മികവും കൊണ്ട് അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി. സ്വതന്ത്ര ഭാരതത്തിന്റെ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായി ആരെ തിരഞ്ഞെടുക്കണം എന്ന കാര്യത്തില്‍ ഒരു ചര്‍ച്ച പോലുമില്ലാതെ ഏകസ്വരത്തിലാണ് അദ്ദേഹത്തെ ക്യാപ്റ്റനായി ചുമതലയേല്‍പ്പിച്ചത്. മത്സരത്തില്‍ ഇന്ത്യന്‍ ടീം ഫ്രാന്‍സിനോട് 2-1 ന് തോറ്റെങ്കിലും കളിക്കളത്തിലെ ചുണക്കുട്ടികളായ ഇന്ത്യന്‍ താരങ്ങള്‍ നഗ്‌നപാദങ്ങളില്‍ പന്തുകൊണ്ട് ഇന്ദ്രജാലം കാണിച്ചു കൊണ്ട് ആ സ്റ്റേഡിയത്തിലെ എല്ലാ കാണികളെയും അത്ഭുതപരവശരാക്കിയാണ് കളം ഒഴിഞ്ഞത്.
തന്റെ പിതാവിനോടുള്ള വാക്ക് പാലിക്കാനും ഫുട്‌ബോളിനോടുള്ള ആത്മബന്ധം നിലനിര്‍ത്താനും ആവോയ്ക്ക് ഒരുപാട് ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു. 1948-ലെ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിന് നേതൃത്വം കൊടുക്കുന്നതിനായി അദ്ദേഹം തന്റെ എം.ബി.ബി.എസ് പഠനത്തില്‍ ഒരു വര്‍ഷം ത്യജിച്ചു.

നാഗാ മലനിരകള്‍ക്കിടയില്‍ ജനിച്ചു വളര്‍ന്ന ആവോ കളിക്കളത്തില്‍ മാത്രമല്ല, പഠനത്തിലും മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥി ആയിരുന്നു. അദ്ദേഹം 1950-ല്‍ തന്റെ എം.ബി.ബി.എസ് ഡിഗ്രി പൂര്‍ത്തിയാക്കി പിതാവിന്റെ ആഗ്രഹം സഫലീകരിച്ചു. തുടര്‍ന്ന് അദ്ദേഹം ആസാമിലെ ദിബ്രുഗഡ് മെഡിക്കല്‍ കോളേജില്‍ ഇ.എന്‍.ടി വിഭാഗത്തില്‍ രജിസ്ട്രാര്‍ ആയി ചുമതലയേറ്റു. അതിന് ശേഷം ഇന്നത്തെ നാഗാലാന്‍ഡ് തലസ്ഥാനമായ കൊഹിമയിലേക്ക് അദ്ദേഹത്തിന് സ്ഥലം മാറ്റം കിട്ടി. കോഹിമയില്‍ അദ്ദേഹം അസിസ്റ്റന്റ് സര്‍ജനായി ജോലി തുടര്‍ന്നു. 1953-ല്‍ ഡോ.ടാലിമെറീന്‍ ആവോ ആയിരുന്നു നാഗാലാന്‍ഡിലെ ആദ്യത്തെ നാഗാ സമൂഹത്തില്‍ നിന്നുള്ള ഡോക്ടര്‍. നാഗാലാന്‍ഡ് ഹെല്‍ത്ത് സര്‍വീസില്‍ അദ്ദേഹം 1978-ല്‍ റിട്ടയര്‍ ചെയ്യുന്നതുവരെ സേവനമനുഷ്ഠിച്ചു. എന്നാല്‍ ഫുട്‌ബോളിനൊടുള്ള അദ്ദേഹത്തിന്റെ വൈകാരികബന്ധം ഒരിക്കലും അവസാനിച്ചില്ല. അദ്ദേഹം പ്രാദേശിക ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചും പുതിയ കളിക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു പ്രോത്സാഹിപ്പിച്ചും കളിക്കളത്തിന് പുറത്തു സജീവമായിരുന്നു.
ഡോ.ടി.ആവോയുടെ കഴിവുകള്‍ക്കുള്ള അംഗീകാരമായി സര്‍ക്കാര്‍ അദ്ദേഹത്തെ 1968-ലും 1969-ലും ആള്‍ ഇന്ത്യ ഒളിമ്പിക് ഫുട്‌ബോള്‍ കമ്മിറ്റി സെലക്ഷന്‍ കമ്മിറ്റി അംഗമാക്കി. അദ്ദേഹം ആള്‍ ഇന്ത്യ സ്‌പോര്‍ട്സ് കൗണ്‍സിലിലും നാഗാലാന്‍ഡ് സ്‌പോര്‍ട്സ് കൗണ്‍സിലിലും അംഗമായിരുന്നു. ആവോ അവിഭക്ത ആസാമില്‍ നിന്നും വടക്കുകിഴക്കന്‍ ഭാരതത്തിന്റെ പ്രതിനിധിയായി മികവ് തെളിയിച്ചതുകൊണ്ട് 1977-ല്‍ ആസാം സര്‍ക്കാര്‍ അദ്ദേഹത്തിന് സംസ്ഥാനത്തിന്റെ ആദരമായി ആസാം സംസ്ഥാന മൃഗമായ കാണ്ടാമൃഗത്തിന്റെ അതിമനോഹരമായഒരു ശില്‍പം സമ്മാനിച്ച് ആദരിച്ചു. ഗുവാഹത്തി കോട്ടണ്‍ കോളേജിലെ മികച്ച വിദ്യാര്‍ത്ഥിയായിരുന്നു ആവോ. അവിടെ അന്നത്തെ സയന്‍സ് കോളേജിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അദ്ദേഹത്തോടുള്ള ആദരമായി ഇപ്പോള്‍ കോട്ടണ്‍ കോളേജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയിട്ടുണ്ട്. മേഘാലയയിലെ സര്‍ക്കാര്‍ നിര്‍മ്മിച്ച സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് അദ്ദേഹത്തോടുള്ള ആദരസൂചകമായി ഡോ.ടി ആവോ സ്‌പോര്‍ട്സ് കോംപ്ലക്‌സ് എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം പറദുംപുഖുരിയിലുള്ള അദ്ദേഹത്തിന്റെ സ്വന്തം എസ്റ്റേറ്റില്‍ 1998 സപ്തംബര്‍ 13-നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. കായികതാരമായി ജനിച്ച് കായികതാരമായി ജീവിച്ച് കായികതാരമായി മരിച്ചു. മൃത്യുവിന് ശേഷവും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്ന നിഷ്‌കളങ്ക വ്യക്തിത്വമായിരുന്നു ആവോദാ. മരണശേഷവും അദ്ദേഹത്തോടുള്ള ജനങ്ങളുടെ ആദരവിന് ഒരു കുറവും സംഭവിച്ചില്ല അദ്ദേഹത്തിന്റെ മരണത്തിന് ശേഷം 2009 മുതല്‍ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ക്കിടയില്‍ ഡോ. ടി. ആവോ ട്രോഫിയ്ക്കായുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചുവരുന്നു. ഇന്ത്യന്‍ ഫുട്ബോളിന്റെ തലപ്പത്തേയ്ക്ക് അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തിയ മോഹന്‍ ബഗാന്‍ ഫുട്‌ബോള്‍ ക്ലബ്ബ് അദ്ദേഹത്തോടുള്ള ആദരസൂചകമായി അദ്ദേഹത്തിന് മരണാനന്തരം 2001-ല്‍ മോഹരി രാമാ അവാര്‍ഡ് സമ്മാനിച്ചു.
ലോകഫുട്ബോളില്‍ ഭാരതത്തിനായി നഗ്‌നപാദങ്ങള്‍കൊണ്ട് ഇതിഹാസം രചിച്ച ഡോ.ടാലിമെറിന്‍ ആവോയോടുള്ള ബഹുമാനസൂചകമായി ഭാരത സര്‍ക്കാര്‍ 2018-ല്‍ അദ്ദേഹത്തിന്റെ സ്റ്റാമ്പ് ഇറക്കി രാഷ്ട്രത്തിന്റെ ആദരവ് പ്രകടിപ്പിച്ചു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 13-ന് അദ്ദേഹത്തിന്റെ ചരമവാര്‍ഷികത്തില്‍ ഭാരതത്തിലെ ഫുട്‌ബോള്‍ പ്രേമികളും, കായികതാരങ്ങളും തങ്ങളുടെ പ്രേരണാപുരുഷനായി അദ്ദേഹത്തെ അനുസ്മരിച്ച് ആദരിക്കുന്നു.