സ്വന്തം മതവിശ്വാസം പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടുകൂടി ആചരിക്കുന്നതിനുള്ള വ്യക്തിയുടെ അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളില്‍ സുപ്രധാനമായ ഒന്നാണ്. ഭരണഘടനയുടെ ആമുഖം തന്നെ വിശ്വാസത്തിനും ആചാരത്തിനുമുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. മാത്രമല്ല ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ വ്യക്തികള്‍ക്ക് വിശ്വാസത്തിനും ആരാധനയ്ക്കുമുള്ള അധികാരവും നല്‍കുന്നുണ്ട്. കൂടാതെ മതസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനും അവിടുത്തെ എല്ലാവിധ കാര്യങ്ങളും തീരുമാനിക്കാനുമുള്ള അവകാശം ആര്‍ട്ടിക്കിള്‍ 26 പ്രകാരം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതപരമായ കാര്യങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചുനല്‍കുന്നതിനും ഹിന്ദുക്കളുടെ കാര്യത്തില്‍ അത് നിരാകരിക്കാനുമാണ് കേരളത്തില്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ഇന്നും ആ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല.
മറ്റ് മതസ്ഥര്‍ക്ക് സ്വന്തം ആരാധനാലയങ്ങളുടെ ഭരണം നടത്താന്‍ അവകാശം ഉണ്ടെന്നിരിക്കെ ഹിന്ദുക്കള്‍ക്ക് അത് നിഷേധിക്കപ്പെടുന്നു. പ്രധാന ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡ് വഴി കയ്യടക്കി വെച്ചിരിക്കുന്ന സര്‍ക്കാര്‍, സ്വയംപര്യാപ്തതയിലെത്തിയ, സര്‍ക്കാരിന്റെയോ, ദേവസ്വം ബോര്‍ഡിന്റെയോ ഔദാര്യമില്ലാതെ നടന്നുവരുന്ന ക്ഷേത്രങ്ങളുടെ ഭരണം കൂടി കയ്യടക്കുകയാണ്. നിയമ നിര്‍മ്മാണത്തിലൂടെ ഭക്തജന പ്രാതിനിധ്യമുള്ള ഏകീകൃത ദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്ന കോടതിവിധികളെ അട്ടിമറിച്ച് ക്ഷേത്ര വിശ്വാസം പോലുമില്ലാത്ത രാഷ്ട്രീയ ദാസന്മാരെയാണ് സര്‍ക്കാര്‍ ദേവസ്വം ഭരണത്തില്‍ പ്രതിഷ്ഠിക്കുന്നത്. ദേവസ്വം നിയമനം പിഎസ്‌സിയ്ക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കുകയും, നിയമ ഭേദഗതി കൊണ്ടുവരികയും ചെയ്യുന്ന ഭരണാധികാരികള്‍ തീരുമാനം നടപ്പിലാക്കുവാന്‍ ഇച്ഛാശക്തി കാട്ടിയില്ല. ദേവസ്വം ബോര്‍ഡ് നിയമനം സംബന്ധിച്ച് കുറ്റമറ്റതും, സുതാര്യവും സ്വതന്ത്രവുമായ സംവിധാനമാണ് ഉണ്ടാകേണ്ടത്. ഹിന്ദുക്കളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാക്കി തമ്മിലടിപ്പിക്കുകയും ഇരുചേരികളായി ഹിന്ദുക്കളെ അണിനിരത്തിയും രാഷ്ട്രീയ ലാഭം ഉണ്ടാക്കുക എന്നതാണ് കേരള സര്‍ക്കാരിന്റെ ഗൂഢതന്ത്രം. ക്ഷേത്ര പൂജാരിമാരെ നാലാം ക്ലാസ് ജീവനക്കാരന്റെ ഗണത്തില്‍പെടുത്തി മാന്യതയും ജീവിത സൗകര്യങ്ങളും നിഷേധിക്കുന്നു.
സ്വന്തം ഇഷ്ടമനുസരിച്ച് മതവിശ്വാസം വച്ച് പുലര്‍ത്താനുള്ള അവകാശവും സ്വാതന്ത്ര്യവും ഹിന്ദുക്കള്‍ക്ക് നല്‍കാത്തത് സാമൂഹ്യനീതിയുടെ നിഷേധമാണ്. 2018-ലെ ശബരിമല വിഷയത്തില്‍ എടുത്ത നിലപാടില്‍ തിരിച്ചടി ഉണ്ടായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇന്നും പാഠം പഠിച്ചിട്ടില്ല എന്നുവേണം കരുതാന്‍. പിണറായി സര്‍ക്കാരിന്റെ ഹിന്ദു വിരോധം ഏറ്റവും കൂടുതല്‍ ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തെളിഞ്ഞു കാണാന്‍ സാധിക്കും. അതിന്റെ ഫലമായിട്ടാണ് കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് ശബരിമലയില്‍ ഉണ്ടായ അസാധാരണമായ ബുദ്ധിമുട്ടുകള്‍. ആചാരാനുഷ്ഠാനങ്ങള്‍ സൗകര്യപൂര്‍വ്വം മാറ്റിമറിക്കുന്നതും കുടിവെള്ളം, ഭക്ഷണം, ശൗചാലയങ്ങള്‍, അടിയന്തിര ചികിത്സ, ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്നതും സര്‍ക്കാരിന്റെ പിടിവാശിയും ദേവസ്വം ബോര്‍ഡിന്റെ പിടിപ്പുകേടും കൊണ്ട് മാത്രമാണ് സംഭവിക്കുന്നത്. വെര്‍ച്ച്വല്‍ ക്യു വിഷയത്തില്‍ ഇതേ നിലപാടാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്വീകരിച്ചിരുന്നത്. അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കാനെന്ന പേരില്‍ അടിച്ചേല്‍പ്പിക്കുന്ന ഈ സംവിധാനം ഭക്തരുടെ സൗകര്യാര്‍ത്ഥം കുറ്റമറ്റതാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും അതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് ഭക്തജനങ്ങളുമായി ഏറ്റുമുട്ടാനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിച്ചത്. വെര്‍ച്ച്വല്‍ ക്യൂ സംവിധാനത്തെക്കുറിച്ച് അറിയാത്തവരായി വളരെയധികം ഭക്തന്മാരുണ്ട് എന്നത് കണക്കാക്കി പമ്പയിലും മറ്റ് പല സ്ഥലങ്ങളിലും സ്‌പോട്ട് ബുക്കിങ് സൗകര്യം മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നത് ഈ വര്‍ഷം സര്‍ക്കാരിന്റെ പിടിവാശി മൂലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി, വിശ്വ ഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, ശബരിമല അയ്യപ്പ സേവാ സമാജം തുടങ്ങിയ ഹൈന്ദവ സംഘടനകളുടെ നേതാക്കള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കാണുകയും ശബരിമലയില്‍ ഇന്ന് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് അവയ്ക്കുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുമുള്ള ഒരു ബൃഹത്തായ നിവേദനം സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. ശബരിമലയിലേക്ക് വ്രതധാരികളായി ഇരുമുടിക്കെട്ടുമായി എത്തുന്ന ഒരു ഭക്തനും വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് ഇല്ല എന്ന ഒരു കാരണം കൊണ്ട് ദര്‍ശനം ലഭിക്കാതെ മടങ്ങിപ്പോകാന്‍ ഇടവരുത്തരുതെന്നതാണ് ഹിന്ദു സംഘടനകളുടെ നിലപാട്. അതോടൊപ്പം ഈ വരുന്ന ശബരിമല തീര്‍ത്ഥാടനകാലം ശാന്തവും, സമാധാനപരവും, കുറ്റമറ്റതാക്കാനുമുള്ള ശ്രമങ്ങള്‍ക്ക് അനുകൂലമായ നിലപാടല്ല ദേവസ്വം ബോര്‍ഡും സര്‍ക്കാരും എടുക്കുന്നതെങ്കില്‍ ശക്തമായ ഇടപെടലുകളിലൂടെ അത് നേടിയെടുക്കാനുള്ള കൂട്ടായ ശ്രമം ഭക്തജനങ്ങളുടെയും സംഘടനകളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണം.
ഒരു വര്‍ഷം ശബരിമല ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ സംഖ്യ ലോകത്തിലെ മറ്റേതൊരു ആരാധനാലയങ്ങളില്‍ എത്തുന്ന സന്ദര്‍ശകരേക്കാള്‍ വളരെ കൂടുതലാണ്. ഇതില്‍ ബഹുഭൂരിപക്ഷവും കേരളത്തിന് പുറത്തുനിന്നും വരുന്നവരാണ്. ഇവരില്‍ കൂടി കേരളസര്‍ക്കാരിന് ലഭിക്കുന്ന നികുതി വരുമാനവും വ്യാപാരികള്‍ക്ക് ലഭിക്കുന്ന വരുമാനവും കേരളത്തിന്റെ സാമ്പത്തിക സ്രോതസിന്റെ ഒരു പ്രധാന ഭാഗം തന്നെയാണ്. ഇത് കണക്കിലെടുത്ത് അയ്യപ്പന്മാര്‍ക്ക് സഞ്ചരയോഗ്യമായ നല്ല റോഡുകളും പൊതുഗതാഗത സൗകര്യങ്ങളും വിശ്രമ കേന്ദ്രങ്ങളും കഴിക്കാന്‍ വൃത്തിയും ശുദ്ധവുമായ ഭക്ഷണവും കുടിവെള്ളവും ബുദ്ധിമുട്ടില്ലാതെയും സുഗമമായും സുരക്ഷിതമായും ദര്‍ശനം നടത്തുന്നതിനുള്ള മറ്റ് അനുബന്ധ സൗകര്യങ്ങളും നല്‍കേണ്ടത് കേരള സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും കര്‍ത്തവ്യമാണ്. മാത്രവുമല്ല ജാതിമത ഭേദമില്ലാതെ കോടാനുകോടി അയ്യപ്പഭക്തന്മാര്‍ ദര്‍ശനത്തിന് എത്തുന്ന പുണ്യ ക്ഷേത്രമായ ശബരിമല ലോക മാനവികതയുടെ ഒരു പ്രതീകം കൂടിയാണ്. ഇത്തരത്തില്‍ ലോകപ്രശസ്തമായ ശബരിമല ക്ഷേത്രത്തിന്റെ യശസ്സും ചൈതന്യവും നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്പെടാനും അവിടെ ദര്‍ശനത്തിനായി എത്തുന്ന കോടാനുകോടി ഭക്തജനങ്ങളുടെ മനസ്സിനോ ശരീരത്തിനോ ബുദ്ധിമുട്ട് അനുഭവപ്പെടാതെ ശബരിമലയിലേക്കുള്ള അവരുടെ തീര്‍ത്ഥാടനം അനുഭവയോഗ്യമാക്കാന്‍ ഒരു കര്‍മ്മ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടിയിരിക്കുന്നു. അത്തരത്തില്‍ സമഗ്രമായ ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനും അത് നടപ്പാക്കുന്നതിനും ഈ വിഷയത്തില്‍ സമാനമായി ചിന്തിക്കുന്ന സംഘടനകള്‍ ഒന്നിച്ച് ചേര്‍ന്ന് ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനമാനമെടുത്തിട്ടുണ്ട്. ശാന്തിയും സമാധാനവും, അതോടൊപ്പം ആചാരാനുഷ്ഠാനങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടുമുള്ള ഒരു സുഗമമായ ശബരിമല തീര്‍ത്ഥാടനവും അയ്യപ്പ ദര്‍ശനവും സാധ്യമാക്കാനുള്ള പ്രധാനപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാം.
സന്നിധാനം
കലിയുഗ വരദനായ സ്വാമി അയ്യപ്പന്റെ സൗകര്യപ്രദമായ ദര്‍ശനം സാധ്യമാകുന്ന തീര്‍ഥാടകരുടെ പരമാവധി സംഖ്യയാണ് ശബരിമല സന്നിധാനത്ത് ആവശ്യമായ സൗകര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള അടിസ്ഥാനം. ഒരു ദിവസം ആകെ 18 മണിക്കൂര്‍ ക്ഷേത്രം തുറന്നിരിക്കും എന്നും ശ്രീകോവിലിന് മുന്നില്‍ മൂന്ന് വരികളിലായി ഏകദേശം 2 സെക്കന്‍ഡ് നേരത്തേക്ക് ദര്‍ശനം നടത്താന്‍ കഴിയും എന്നും കണക്കാക്കിയാല്‍ ആകെ ഏകദേശം ഒരു ലക്ഷം ഭക്തര്‍ക്കാണ് ഒരു ദിവസം ദര്‍ശനം നടത്താന്‍ സാധിക്കുക. വരികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചാല്‍ ഇതിലും കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നു.
1) ശബരിമല ക്ഷേത്രത്തിന് ചുറ്റുമുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റി കഴിയുന്നത്ര തുറസ്സായ സ്ഥലമായി മാറ്റണം. കൂടുതല്‍ വനഭൂമി അനുവദിച്ചു കിട്ടുന്ന മുറയ്ക്ക് ഈ സ്ഥലത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കണം.
2) പതിനെട്ടാം പടിയ്ക്ക് മുകളില്‍ വാസ്തുവിന് വിരുദ്ധമായി നിര്‍മ്മിച്ചിരിക്കുന്ന ഫ്‌ളൈഓവര്‍ പൊളിച്ചുമാറ്റി ദീര്‍ഘമായ ക്യൂവും അനാവശ്യമായ കാത്തു നില്‍പ്പും ഒഴിവാക്കണം.
3) പതിനെട്ടാം പടി കയറിവരുന്ന ഭക്തര്‍ക്ക് വീണ്ടും കാത്തു നില്‍ക്കാതെ നേരിട്ട് ദര്‍ശനത്തിനുള്ള സൗകര്യം ഏര്‍പ്പാടാക്കുകയും അവിടെ നടത്തേണ്ട വഴിപാടുകള്‍ സമര്‍പ്പിച്ച് ഉടന്‍ തന്നെ താഴേയ്ക്ക് ഇറങ്ങാനായുള്ള സംവിധാനം ഒരുക്കുകയും വേണം.
4) ഒരേ സമയം കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായുള്ള സൗകര്യം ഒരുക്കുന്നതിനായി തിരു നടയില്‍, സ്ഥപതിയുമായി ആലോചിച്ച് ദേവഹിതം അറിഞ്ഞ്, കൂടുതല്‍ വരികള്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് നടപ്പാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണം.
5) ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന സമയമായ രാവിലെ, ഗണപതിഹോമം വഴിപാടായി നടത്തുന്നവര്‍ നടയ്ക്കല്‍ തടിച്ചുകൂടി നില്‍ക്കുന്നതിനാല്‍ നടതുറന്ന് രണ്ടര മണിക്കൂര്‍ നേരത്തേക്ക് സുഗമമായ അയ്യപ്പ ദര്‍ശനത്തിന് തടസ്സം നേരിടുന്നു. തന്ത്രിയുടെ നിര്‍ദ്ദേശം സ്വീകരിച്ചു കൊണ്ട് ഗണപതി ഹോമത്തിനായി പ്രത്യേകം സ്ഥലം കണ്ടെത്തിയാല്‍ ഈ സമയത്ത് ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാനും അയ്യപ്പന്മാര്‍ക്ക് സുഗമമായ ദര്‍ശനം ലഭ്യമാക്കാനും സാധിക്കും.
6) പതിനെട്ടാം പടിയ്ക്ക് താഴെ ക്ഷേത്രത്തിന് ചുറ്റുമായി ഒരു മണിക്കൂര്‍ മാത്രം ക്യു നില്‍ക്കേണ്ടിവരുന്ന തരത്തില്‍ ക്യു കോംപ്ലക്‌സും ടോക്കണ്‍ സമ്പ്രദായവും ഒരുക്കണം.
7) പതിനെട്ടാം പടിയിലെ തിരക്കുമൂലവും, കൂടാതെ ക്ഷേത്രനട അടച്ചിരിക്കുന്ന അവസരത്തില്‍ പ്രത്യേകിച്ചും വലിയ നടപ്പന്തലില്‍ കാത്തു നില്‍ക്കുന്ന ഭക്തജനങ്ങള്‍ക്ക് വളരയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. ക്ഷേത്രത്തിന്റെ വാസ്തുവിന് ഒരുതരത്തിലും വിഘാതമാവാത്ത വിധത്തില്‍ വലിയ നടപ്പന്തല്‍ രണ്ടു നിലകളിലാക്കുകയും, അവിടെ കാത്തു നില്‍ക്കുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ഇരിപ്പിടവും കുടിവെള്ള വിതരണവും ഏര്‍പ്പെടുത്തുന്നതും പരിഗണിക്കേണ്ടതാണ്.
8) ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡില്‍ കാണിക്കുന്ന ടോക്കണ്‍ നമ്പര്‍ ഉള്ളവരെ മാത്രം ക്യൂവില്‍ പ്രവേശിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് വിശ്രമിക്കാനും വിരിവെക്കാനുമായി ക്ഷേത്രത്തിന് ചുറ്റും സ്ഥലം ഒരുക്കുകയും വേണം.
9) ശുദ്ധമായ കുടിവെള്ളവും അത്യാവശ്യ വൈദ്യസഹായം നല്‍കാനുമുള്ള കിയോസ്‌ക്കുകളും സ്ഥാപിക്കണം.
10) ഭഗവാന് സമര്‍പ്പിക്കാനും ക്ഷേത്രത്തില്‍ ഉപയോഗിക്കാനുമുള്ള ദ്രവ്യങ്ങള്‍ക്ക് പുറമെ ഇരുമുടിക്കെട്ടില്‍ കരുതുന്ന മറ്റ് വസ്തുക്കള്‍ തിരുമുറ്റത്ത് ഒരുക്കിയ പാത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഇപ്പോഴുള്ള സംവിധാനം പതിനെട്ടാം പടിയ്ക്ക് താഴേയ്ക്ക് മാറ്റി സ്ഥാപിക്കണം.
11) ശബരിമല അയ്യപ്പ സന്നിധിയില്‍ താമസം, ഭക്ഷണം, മലമൂത്ര വിസര്‍ജ്ജനത്തിനുള്ള സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സൗജന്യമായി ലഭിക്കേണ്ടത് അയ്യപ്പ ഭക്തരുടെ അവകാശവും അത് സൗജന്യമായി നല്‍കേണ്ടത് ഭരണാധികാരികളുടെ ചുമതലയുമാണ്. സൗജന്യ താമസ സൗകര്യം ഒരുക്കുന്നതിനായി ധര്‍മ്മശാലകള്‍ നിര്‍മ്മിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം.
12) ശുദ്ധമായ കുടിവെള്ളം നല്‍കുന്നതിനും മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമുള്ള നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കണം.
13) ഭഗവാന് സമര്‍പ്പിക്കുന്നതിനും പ്രസാദ നിര്‍മ്മാണത്തിനുമായി ഉപയോഗിക്കുന്ന എല്ലാവിധ ദ്രവ്യങ്ങളുടെയും വസ്തുക്കളുടെയും ശാസ്ത്രീയവും ശാസ്ത്ര വിധിപ്രകാരവുമുള്ള പരിശുദ്ധി ഉറപ്പുവരുത്തണം.
14) ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പോലീസുകാര്‍ ക്ഷേത്ര പരിശുദ്ധി നിലനിര്‍ത്തുന്നതിനും ഭക്തരുടെ മനസ്സറിഞ്ഞ് പെരുമാറുന്നതിനും വേണ്ടി വ്രതം അനുഷ്ഠിച്ച അയ്യപ്പ ഭക്തരാണെന്ന് ഉറപ്പുവരുത്തണം
15) നിയമപാലക സംവിധാനത്തിനല്ലാതെ അയ്യപ്പന്‍മാര്‍ക്ക് സേവനം നല്‍കാന്‍ നിയോഗിച്ചിരിക്കുന്ന പോലീസുകാര്‍ക്ക് പകരം സേവന തല്‍പ്പരായ അയ്യപ്പഭക്ത സംഘടനകളെയും ഗുരുസ്വാമിമാരെയും സേവാ-സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിക്കണം.
16) ശബരിമലയുടെ മൊത്തത്തിലുള്ള സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്ക് നല്കണം.
17) അയ്യപ്പന്മാരെ ചൂഷണം ചെയ്യുന്ന കച്ചവടക്കാരില്‍ നിന്നും രക്ഷിക്കാന്‍ ശബരിമലയില്‍ വില്‍ക്കപ്പെടുന്ന സാധനങ്ങളുടെ വിലവിവരപ്പട്ടിക ഓരോ കടകളിലും പ്രദര്‍ശിപ്പിക്കണം.
18) സന്നിധാനത്തുള്ള എല്ലാ ഹോട്ടലുകളും നിര്‍ത്തലാക്കി പകരം ദേവസ്വം ബോര്‍ഡ് സൗജന്യമായി ഭക്ഷണം നല്‍കണം. ദേവസ്വം ബോര്‍ഡിന് അത് പൂര്‍ണമായി നല്‍കാന്‍ സാധിക്കാത്തപക്ഷം അതിന് തയ്യാറുള്ള അയ്യപ്പ ഭക്ത സംഘടനകളെ അന്നദാനം നടത്താന്‍ അനുവദിക്കണം.
19) തന്ത്രിക്കും മേല്‍ശാന്തിക്കും മറ്റ് ശാന്തിമാര്‍ക്കും അനുയോജ്യമായ താമസ സൗകര്യം ഒരുക്കണം. ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പൊലീസുകാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സൗജന്യ താമസവും, ഭക്ഷണവും, ചികിത്സയും, സ്‌പെഷ്യല്‍ അലവന്‍സും നല്കണം.
20) മകരജ്യോതി ദര്‍ശിക്കുന്നതിനായി സന്നിധാനത്ത് ഉണ്ടാകുന്ന വലിയ തിരക്ക് ഒഴിവാക്കാനായി വലിയാനവട്ടം, ഉപ്പുപാറ, ഹില്‍ടോപ്പ്, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണം.
പമ്പ മുതല്‍ സന്നിധാനം വരെ
1) പമ്പ ഗണപതി ക്ഷേത്രം മുതല്‍ മരക്കൂട്ടം വരെയുള്ള 1.8 കിലോമീറ്ററും സ്വാമി അയ്യപ്പന്‍ റോഡ് വഴിയുള്ള 2.3 കിലോമീറ്ററും, മരക്കൂട്ടത്ത് നിന്നും സന്നിധാനത്തേക്ക് ശരംകുത്തി വഴിയുള്ള 1.1 കിലോമീറ്ററും ചന്ദ്രാനന്ദന്‍ റോഡ് വഴിയുള്ള 1.3 കിലോമീറ്ററും അയ്യപ്പന്മാര്‍ക്ക് വേണ്ട ഒരു സൗകര്യവും ഇല്ലാതെയാണ് ഇന്നും നിലകൊള്ളുന്നത്. അവിടെ വിശ്രമം, കുടിവെള്ളം, ലഘുഭക്ഷണം, ശൗചാലയങ്ങള്‍, ഓക്‌സിജന്‍ പാര്‍ലര്‍, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം.
2) പരമ്പരാഗത പാതയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് കല്ലുവിരിച്ചത് പല സ്ഥലത്തും ഇളകിപ്പോയത് മൂലം അതുവഴിയുള്ള സഞ്ചാരം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കിയിരിക്കുകയാണ്. പിടിച്ചുകയറാനും ഇറങ്ങാനും സ്ഥാപിച്ച കൈവരികള്‍ ഉയരക്കുറവുകാരണം ഉപയോഗശൂന്യമായി അവശേഷിക്കുന്നു. ഇടയ്ക്കിടെ വിശ്രമിക്കാനായി സ്ഥാപിച്ചിരുന്ന ഇരിപ്പിടങ്ങള്‍ ഇന്ന് നിലവിലില്ല.
3) മല കയറുന്ന അയ്യപ്പന്മാര്‍ക്ക് അടിയന്തിര വൈദ്യ സഹായം നല്‍കാനുള്ള സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. അടിയന്തിര വൈദ്യ സഹായം ലഭിക്കാതെ എല്ലാ വര്‍ഷവും വളരെയധികം അയ്യപ്പന്മാരാണ് ഇവിടെ മരണമടയുന്നത്. പ്രാഥമിക ചികിത്സാ സൗകര്യങ്ങളും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലന്‍സുകളും 24 മണിക്കൂറും ലഭ്യമാക്കണം.
4) പമ്പയ്ക്കും സന്നിധാനത്തിനും ഇടയില്‍ അലക്ഷ്യമായി പായുന്ന ട്രാക്ടറുകള്‍ അതുവഴി സഞ്ചരിക്കുന്ന അയ്യപ്പന്മാര്‍ക്ക് ബുദ്ധിമുട്ടും അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് പകരം സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി റോപ് വേ നിര്‍മ്മിക്കാനുള്ള നടപടികള്‍ എങ്ങുമെത്താതെ നില്‍ക്കുന്നു. ഈ പോരായ്മകളെല്ലാം പരിഹരിച്ച് മല കയറുമ്പോഴും ഇറങ്ങുമ്പോഴും ഭക്തജനങ്ങള്‍ക്ക് അപകടങ്ങള്‍ ഒന്നും സംഭവിക്കാത്ത തരത്തില്‍ കൂടുതല്‍ സൗകര്യങ്ങളോടെ ശാസ്ത്രീയമായി ഈ പാത പുന:ക്രമീകരിക്കണം.
5) എരുമേലി വഴിയുള്ള പരമ്പരാഗത പാതയില്‍ കൂടി അതികഠിനമായി യാത്ര ചെയ്‌തെത്തുന്ന അയ്യപ്പഭക്തന്മാര്‍ക്ക് ശബരിമല ദര്‍ശനത്തിന് പ്രത്യേകം സൗകര്യം ഒരുക്കണം. അതിനുള്ള പാസ് കരിമല വച്ച് നല്‍കണം.
6) പമ്പ മുതല്‍ മരക്കൂട്ടം വരെയുള്ള ഭാഗങ്ങളിലും പമ്പ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്നതായ സ്ഥലങ്ങളിലും മണ്ഡല മകരവിളക്ക് കാലയളവിലും മാസപൂജ സമയത്തും പോലീസിന്റെയും ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെയും ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെയും ആരോഗ്യവകുപ്പിന്റെയും കൃത്യമായ പരിശോധനകള്‍ തീര്‍ത്ഥാടനപാതകളിലെ കച്ചവടസ്ഥാപനങ്ങളില്‍ ഉണ്ടാകണം.
7) ഭക്ഷണസാധനങ്ങള്‍ ചില്ലു പാത്രങ്ങളില്‍ അടച്ചും വൃത്തിയുള്ള അന്തരീക്ഷത്തിലും വില്പന നടത്താത്ത കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണം. ഒന്നിലധികം തവണ പിഴ ഈടാക്കിയിട്ടും മേല്‍പ്പറഞ്ഞ തരത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളുടെ ലേലക്കരാര്‍ റദ്ദാക്കുകയും കുത്തക ലേലക്കാരനെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്യണം.
8) ദേവസ്വം മരാമത്ത് വിഭാഗം അളന്ന് തിട്ടപ്പെടുത്തി അക്കമിട്ട് കരാര്‍ നല്‍കിയിരിക്കുന്ന ഇടത്തല്ലാതെ വനഭൂമി കയ്യേറിയും ശരണപാതയിലും ഭക്തര്‍ക്ക് യാത്രാതടസം ഉണ്ടാകുന്ന വിധത്തില്‍ കച്ചവടം നടത്താന്‍ യാതൊരു കാരണവശാലും അനുവദിക്കരുത്.
9) നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം,ശബരീപീഠം തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ള വിതരണ കൗണ്ടറുകള്‍ കാര്യക്ഷമമാക്കി എണ്ണം വര്‍ദ്ധിപ്പിക്കണം.
10) കാനനപാതയില്‍ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുവാനായി നിര്‍മ്മിച്ചിരിക്കുന്ന മണ്ഡപങ്ങള്‍ കടകള്‍ നടത്തുവാനായി ലേലം ചെയ്തു കൊടുക്കുവാന്‍ പാടില്ല.
പമ്പ
1) ഏതാനും വര്‍ഷങ്ങള്‍ മുമ്പ് വരെ പമ്പയില്‍ ചക്കുപാലം പാര്‍ക്കിംഗ് ഗ്രൗണ്ടിലും ഹില്‍ടോപ്പിലെ മൂന്ന് തട്ടുകള്‍ ഉള്ള പാര്‍ക്കിങ്ങിലും ത്രിവേണിയിലും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സ്ഥലങ്ങളില്‍ ഒന്നും ചെറിയ വാഹനങ്ങള്‍ പോലും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നില്ല. പമ്പയില്‍ ചെറിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിച്ചാല്‍ നിലയ്ക്കല്‍ പമ്പ പാതയിലെ രണ്ടുതവണ നടത്തുന്ന യാത്ര ഒഴിവാക്കി ഈ പാതയിലെ തിരക്ക് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.
2) ചക്കുപാലത്ത് 1600 ഉം ത്രിവേണിയില്‍ 1500 ഉം ഹില്‍ടോപ്പില്‍ 1700 ഉം കാറുകളോ മറ്റ് ചെറിയ വാഹനങ്ങളോ പാര്‍ക്ക് ചെയ്യാന്‍ സാധിക്കും.
3) പൊതുവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് അവരുടെ സാധനങ്ങള്‍ സന്നിധാനത്തേക്ക് കൊണ്ടുപോകുന്നതിന് പകരം പമ്പയില്‍ തന്നെ സുരക്ഷിതമായി സൂക്ഷിക്കാന്‍ ക്ലോക് റൂം ആരംഭിക്കണം.
4) പമ്പാനദിയെ മലിനമാക്കുന്ന ഭക്ഷണ ശാലകളും ശൗചാലയങ്ങളും പൊളിച്ചുമാറ്റണം. പകരം സംവിധാനം അനുയോജ്യമായ മാലിന്യ സംസ്‌കരണ പ്ലാന്റ് ഉള്‍പ്പടെ ഹില്‍ട്ടോപ്പില്‍ സ്ഥാപിക്കണം.
5) പമ്പാനദിയില്‍ വസ്ത്രം ഉപേക്ഷിക്കുക തുടങ്ങിയ അനാചാരങ്ങള്‍ കര്‍ശനമായി തടയണം.
6) പ്രളയ സാധ്യത മുന്‍നിര്‍ത്തി പമ്പയില്‍ നിന്ന് ഗണപതി ക്ഷേത്രമുറ്റത്തേക്ക് 100 അടി പൊക്കവും 36 അടി വീതിയുമുള്ള പാലം നിര്‍മ്മിക്കണം.
7) പമ്പയില്‍ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടത്തുന്ന പമ്പാ സ്‌നാനം, ബലിതര്‍പ്പണം, പമ്പാ വിളക്ക്, പമ്പാസദ്യ തുടങ്ങിയവ ശുദ്ധിയോടും വൃത്തിയോടും നടത്തുന്നതിന് വേണ്ട സൗകര്യം ഒരുക്കണം.
8) തീര്‍ത്ഥാടന കാലത്ത് പമ്പയിലൂടെയുള്ള ജലത്തിന്റെ ഒഴുക്ക് വേണ്ടവണ്ണം പരിപാലിക്കപ്പെടണം.
9) പമ്പയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രിയുടെ ആവശ്യകത ഏറെക്കാലമായി ഉയര്‍ന്നുവരുന്ന ഒരു വിഷയമാണ്. ഇതിന് നിരവധി കാരണങ്ങളുണ്ട്. ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തുന്നത്. ഇത്ര വലിയ ജനക്കൂട്ടത്തില്‍ അപ്രതീക്ഷിത അസുഖങ്ങള്‍, അപകടങ്ങള്‍ എന്നിവ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മാത്രമല്ല എല്ലാ വര്‍ഷവും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുമുണ്ട്. ശബരിമലയിലേക്കുള്ള ദുര്‍ഘടമായ യാത്രയും ഇതിനു കാരണമാകുന്നു. രോഗികളെ വിശദമായി പരിശോധിച്ച് രോഗം കണ്ടെത്തുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കേണ്ടതും അത്യാവശ്യമാണ്.
നിലയ്ക്കല്‍:
1) നിലക്കലില്‍ കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും പാര്‍ക്കിങ് സ്ഥലങ്ങളില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് മൂലം പലപ്പോഴും നിലക്കലില്‍ വാഹനങ്ങള്‍ ചെളിയില്‍ കുടുങ്ങി പോകുന്നത് ഒഴിവാക്കാന്‍ മഴവെള്ളം ഒഴുകിപ്പോകുന്നതിന് ആവശ്യമായ കാനകള്‍ നിര്‍മ്മിക്കുകയും റോഡുകള്‍ വേണ്ടവണ്ണം സഞ്ചാരയോഗ്യമാക്കുകയും ചെയ്യണം. മകരവിളക്ക് ദിനം പോലെ കൂടുതല്‍ തിരക്കുണ്ടാകുന്ന സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ ളാഹയില്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കുകയും പമ്പാ നിലയ്ക്കല്‍ നിരക്കില്‍ ഭക്തരെ ളാഹയില്‍ എത്തിക്കുകയും വേണം.
2) അധികരിച്ചു വരുന്ന ഭക്തജനപ്രവാഹവും പമ്പയിലെ സ്ഥലപരിമിതിയും കണക്കാക്കി നിലയ്ക്കല്‍ എല്ലാ ആധുനിക സംവിധാനങ്ങളും ഉള്ള ഒരു ബേസ് ക്യാമ്പ് ആയി വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വാഹനങ്ങള്‍ വേണ്ടവണ്ണം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, ദീര്‍ഘദൂര യാത്ര കഴിഞ്ഞെത്തുന്ന ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും അത്യാവശ്യ ചികിത്സ ലഭ്യമാക്കാനും ഇന്റര്‍നെറ്റ് തുടങ്ങിയ ആശയവിനിമ സംവിധാനങ്ങളും, സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിനായി ചിലപ്പോള്‍ കാത്തിരിക്കുന്നതിനും, വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കുമുള്ള സൗകര്യവും മറ്റും ലഭ്യമാക്കുന്ന ഒരു സമ്പൂര്‍ണ്ണ ബേസ് ക്യാമ്പ് ആയി നിലയ്ക്കല്‍ മാറേണ്ടതുണ്ട്.
3) സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം സന്നിധാനത്ത് വികസനത്തിനായി ലഭിച്ച 12.675 ഹെക്ടര്‍ വനഭൂമിയോടൊപ്പം, നിലയ്ക്കലില്‍ ലഭിച്ച 110 ഹെക്ടര്‍ വനഭൂമി ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ബേസ് ക്യാമ്പ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനാണ് ഉദ്ദേശിച്ചത്. എന്നാല്‍ ഈ സ്ഥലങ്ങളില്‍ നിര്‍ദ്ദേശാനുസരണം ഉള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ ഇന്നും പൂര്‍ത്തീകരിച്ചിട്ടില്ലാത്തത് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണം.
4) നിലയ്ക്കലില്‍ വിശ്രമിക്കാന്‍ വൃത്തിയുള്ള സൗകര്യം പരിമിതമാണ്. പല ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കേണ്ട ഭൂമിയുടെ പരിമിതി കണക്കിലെടുത്ത് വിശ്രമിക്കാനും, താമസത്തിനുമായി ബഹുനില കെട്ടിടങ്ങള്‍ പണിയണം.
5) നിലക്കലില്‍ കുടിവെള്ള സംവിധാനം തീര്‍ത്തും അപര്യാപ്തമാണ്. കുടിവെള്ളം ഇപ്പോള്‍ ടാങ്കറുകളില്‍ എത്തിക്കുന്ന താത്കാലിക ഏര്‍പ്പാടിന് പകരം സ്ഥിരം സംവിധാനം ഒരുക്കണം. അതിന് പല മാര്‍ഗങ്ങളുണ്ട്. (1) കുന്നാര്‍ ഡാമിന്റെ അപ്പുറം ചെന്താമര കൊക്കയില്‍ ചെക്ക് ഡാം കെട്ടി വെള്ളം ഗ്രാവിറ്റി ഫ്‌ളോയില്‍ നിലക്കലില്‍ എത്തിക്കണം (2) കക്കാട്ടാറില്‍ നിന്ന് പമ്പു ചെയ്ത് നിലക്കലില്‍ എത്തിക്കണം. ഈ രണ്ട് മാര്‍ഗ്ഗങ്ങളില്‍ക്കൂടി ഏകദേശം 4 ദശലക്ഷം ഘനയടി ജലം ലഭിക്കും.
6) നിലയ്ക്കല്‍ പ്രദേശത്തുള്ള ജലാശയം വിപുലപ്പെടുത്തി ജല വിതരണത്തിന് പ്രയോജനപ്പെടുത്തണം.
ഗതാഗതം
1) പമ്പയിലേക്കുള്ള പ്രധാന പാതയായ മണ്ണാരക്കുളഞ്ഞി പമ്പ റോഡ് അത്യാധുനിക സംവിധാനങ്ങളോടുകൂടി നാലുവരിപ്പാതയാക്കുകയും സ്ഥല പരിമിതിയുള്ള മറ്റു റോഡുകള്‍ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടി സുഗമവും അപകടകരഹിതവുമായ ഗതാഗതത്തിന് അനുയോജ്യമാക്കുകയും വേണം.
2) പമ്പയിലേക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസ് നടത്തുകയും, ഭക്തജനങ്ങളില്‍ നിന്നും ഈടാക്കുന്ന അമിതമായ ബസ് ചാര്‍ജ് നിര്‍ത്തലാക്കുകയും ചെയ്യണം. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് കൂടുതല്‍ ബസുകള്‍ ഏര്‍പ്പാടാക്കുകയും അപകടകരമായ രീതിയില്‍ തീര്‍ത്ഥാടകരെ കുത്തി നിറച്ചു കൊണ്ടുപോകുന്ന രീതി അവസാനിപ്പിക്കുകയും അമിതമായി യാത്രക്കൂലി ഇടാക്കുന്ന നടപടി നിര്‍ത്തലാക്കുകയും ചെയ്യണം. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്കും തിരിച്ചും സൗജന്യമായി വാഹനം ഓടിക്കാന്‍ തയ്യാറുള്ള സംഘടനകളെ അതിന് അനുവദിക്കണം.
പൊതുവായ മറ്റ് വിഷയങ്ങള്‍
1) വെര്‍ച്ച്വല്‍ ക്യു: വെര്‍ച്ച്വല്‍ ക്യു ബുക്കിംഗ് കൂടുതല്‍ സൗകര്യപ്രദമാക്കണം. മുന്‍ കൂട്ടി ബുക്ക് ചെയ്യണം എന്നറിയാതെ ഇരുമുടിക്കെട്ടുമായി വിദൂര സ്ഥലങ്ങളില്‍ നിന്നും എത്തുന്ന അയ്യപ്പന്മാര്‍ ദര്‍ശനം സാധ്യമാകാതെ മടങ്ങിപ്പോകാന്‍ ഇടവരാതെ സ്‌പോട്ട് ബുക്കിങ് മുന്‍ കാലങ്ങളില്‍ പ്രവര്‍ത്തിച്ച രീതിയില്‍ തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കണം.
2) അയ്യപ്പ ഭക്തരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്ന പോലീസുകാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കണം.
3) കരിമലയില്‍ കുടിവെള്ളം, സൗജന്യ ഭക്ഷണം, വൈദ്യ സഹായം മുതലായവ സ്ഥാപിക്കണം.
4) മറ്റൊരു കാനന പാതയായ പുല്‍മേട് വഴി വരുന്ന ഭക്തജനങ്ങള്‍ക്കും കുടിവെള്ളം, സൗജന്യ ഭക്ഷണം, വൈദ്യ സഹായം മുതലായ സൗകര്യങ്ങള്‍ ഒരുക്കണം.
5) കെ.എസ്.ഇ.ബി. ശബരിമലയില്‍ ഇപ്പോള്‍ ഈടാക്കുന്ന അമിതമായ വൈദ്യുതി നിരക്ക് എത്രയും വേഗം പിന്‍വലിച്ച് സാധാരണ നിരക്ക് ഈടാക്കാനുള്ള നടപടി സ്വീകരിക്കണം.
6) തീര്‍ത്ഥാടകര്‍ക്കുണ്ടാകുന്ന പരാതികള്‍ സ്വീകരിക്കുവാനും അതിന് എത്രയും വേഗം പരിഹാരം കാണുന്നതിനും പമ്പയിലും സന്നിധാനത്തിലും പ്രത്യേക സംവിധാനം ആരംഭിക്കണം.
7) അമിതവില ഈടാക്കിയും പഴകിയ ഭക്ഷണം നല്‍കിയും ഭക്തരെ ചൂഷണം ചെയ്യുന്ന നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ തക്കവണ്ണമുള്ള വാട്‌സ്ആപ്പ് നമ്പറുകള്‍ എരുമേലിയിലും, നിലയ്ക്കലും, പമ്പയിലും, തീര്‍ത്ഥാടന പാതകളിലും, സന്നിധാനത്തും പ്രദര്‍ശിപ്പിക്കണം.
8) എല്ലാ കച്ചവട സ്ഥാപനങ്ങളിലും കരാറുകാരന്റെ പേരും, ഫോണ്‍ നമ്പറും, വിലാസവും, ദേവസ്വം നല്‍കിയിരിക്കുന്ന കട നമ്പര്‍, കടയുടെ ഇനം, കുത്തക നല്‍കിയിരിക്കുന്ന സ്ഥലം, ഇവ ഭക്തര്‍ക്ക് കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കണം.
9) കടകളിലെയും ഹോട്ടലുകളിലെയും മലിനജലവും മറ്റ് മാലിന്യങ്ങളും വനത്തില്‍ വലിച്ചെറിയാതിരിക്കാനും പമ്പാനദിയിലേക്ക് ഒഴുക്കാതിരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണം.
10) ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ ചുമതലയില്‍ സന്നിധാനത്തും പമ്പയിലും പൂജാ സാമഗ്രികളുടെയും, നിവേദ്യം, പ്രസാദം, കുടിവെള്ളം, മറ്റ് ഭക്ഷണസാധനങ്ങള്‍ എന്നിവയുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലാബിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.
11) ശബരിമല ക്ഷേത്രത്തിന്റെ ഉപയോഗത്തിനായി എത്തിക്കുന്ന എല്ലാ സാധന സാമഗ്രികളും പൂജാദി കര്‍മ്മള്‍ക്കായി ഉപയോഗിക്കുന്ന എല്ലാ ദ്രവ്യങ്ങളും സന്നിധാനത്തേക്ക് കടത്തിവിടുന്നതിന് മുന്‍പ് പമ്പയില്‍ വച്ച് കൃത്യമായി അതിന്റെ ശാസ്ത്രീയവും, ശാസ്ത്ര വിധി പ്രകാരവുമുള്ള പരിശുദ്ധിയും ഗുണ നിലവാരവും ഉറപ്പുവരുത്തണം. ഹലാല്‍ മുദ്രയുള്ള ശര്‍ക്കര എത്തിയതുപോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും അങ്ങനെ സംഭവിച്ചാല്‍ അത് ഉപയോഗിക്കുന്നതിന് മുന്‍പുതന്നെ ഉടനടി അവിടെനിന്നും നീക്കം ചെയ്യാനും അതിന് ഇടയാക്കിവരുടെ പേരില്‍ ശിക്ഷാ നടപടി എടുക്കുന്നതിനും വേണ്ട സംവിധാനം ഒരുക്കണം.
12) 2018-ലെ ശബരിമല ദേവപ്രശ്‌ന വിധി പ്രകാരം ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി പരമ്പരാഗതമായി നടന്നുവന്ന മകരവിളക്ക് മഹോത്സവക്കാലത്തെ മാളികപ്പുറത്തു നിന്നും ആനപ്പുറത്തുള്ള ഭഗവാന്‍ അയ്യപ്പസ്വാമിയുടെ എഴുന്നള്ളത്ത് കാല താമസം വരുത്താതെ പുനഃസ്ഥാപിക്കണം.
13) ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ക്ക് അപകട ഇന്‍ഷുറന്‍സ്, ദേഹാസ്വാസ്ഥ്യം മൂലവും അല്ലാതെയും ഉണ്ടാകുന്ന മരണ ഇന്‍ഷുറന്‍സ് എന്നിവ നടപ്പാക്കണം.
14) മുറികള്‍ പണിയാനായി മുന്‍കാലങ്ങളില്‍ പണം നല്‍കിയവര്‍ക്ക് താമസത്തിനായി നല്‍കുന്ന ഡോണര്‍ പാസ്സുകളുടെ വിതരണം കാര്യക്ഷമമാക്കണം. ഇത് അനധികൃതമായി മറ്റു ചിലര്‍ കൈക്കലാക്കി വലിയ തുകയ്ക്ക് മറിച്ചുവില്‍ക്കുന്നത് തടയാനുള്ള സംവിധാനം ഒരുക്കണം. കമ്പ്യൂട്ടര്‍ സൗകര്യമില്ലാത്ത ഡോണര്‍മാര്‍ക്ക് അച്ചടിച്ച പാസ്സുകള്‍ നല്‍കണം.
15) സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവടങ്ങളില്‍ വൈഫൈ സംവിധാനം ഒരുക്കണം.
16) ഭാരതീയ റെയില്‍വേയുമായി സഹകരിച്ച് നിലയ്ക്കലില്‍ റെയില്‍വെ ഇന്‍ഫര്‍മേഷന്‍ സെന്ററും, റിമോട്ട് ബുക്കിംഗ് കൗണ്ടറും ആരംഭിക്കണം.
17) ഒരു തീര്‍ത്ഥാടന കാലം കഴിയുമ്പോള്‍ തന്നെ അതിന്റെ അനുഭവങ്ങള്‍ വിലയിരുത്തി അടുത്ത തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കണം.
18) ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തുന്ന ചര്‍ച്ചകളില്‍ ശബരിമല ഭക്തജന സംഘടനകളുടെയും ഹൈന്ദവ സംഘടനകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തുകയും അവരുടെ കൂടി അഭിപ്രായം കണക്കിലെടുക്കുകയും ചെയ്യണം.
ഭക്തജനങ്ങള്‍ ശ്രദ്ധിക്കേണ്ട ചില വിഷയങ്ങള്‍:
വ്രതാനുഷ്ഠാനം: മാലയിട്ട്, 41 ദിവസം കൃത്യമായി വ്രതം അനുഷ്ഠിച്ച്, നിര്‍ദ്ദേശിക്കപ്പെട്ട ദ്രവ്യങ്ങള്‍ നിറച്ച ഇരുമുടിക്കെട്ടുമായി മാത്രമേ പതിനെട്ടാം പടി കയറാന്‍ പാടുള്ളു.
ഇരുമുടിക്കെട്ട്: ഇരുമുടിക്കെട്ടില്‍ അനുവദനീയമായ വസ്തുക്കള്‍ മാത്രം നിറയ്ക്കുകയും കച്ചവടക്കാര്‍ അവരുടെ ലാഭത്തിനായി നിര്‍ദ്ദേശിക്കുന്ന അനാവശ്യ വസ്തുക്കള്‍ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യണം.
പരിസ്ഥിതി സംരക്ഷണം: പശ്ചിമഘട്ട മലനിരകളിലെ കുന്നിന്‍മുകളില്‍ വിവിധ വന്യജീവികളുടെ നിവാസ സ്ഥലം കൂടിയായ നിബിഡ വനത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ശബരിമല ക്ഷേത്രദര്‍ശനത്തിനായി എത്തുമ്പോള്‍ പരിസ്ഥിതിക്ക് ആഘാതം വരാതെയും അവിടെ വസിക്കുന്ന വന്യജീവികള്‍ക്ക് അപകടം ഉണ്ടാകാതെയും ശ്രദ്ധിക്കേണ്ടത് ഓരോ അയ്യപ്പ ഭക്തന്റെയും കടമയാണ്.
പ്ലാസ്റ്റിക് നിരോധനം: ഒരു കാരണവശാലും താല്‍ക്കാലിക ഉപയോഗത്തിനായുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുപോകാതിരിക്കുക. പ്ലാസ്റ്റിക്കിന് പകരം തുണി, കടലാസ് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം. ഏതെങ്കിലും കാരണവശാല്‍ പ്ലാസ്റ്റിക്കുമായി ശബരിമലയില്‍ എത്താനിടയായാല്‍ അതൊന്നും അവിടെ ഉപേക്ഷിക്കാതെ മടക്കി കൊണ്ടുവരണം.
സാത്വിക ഭക്ഷണം: അന്നദാനമുള്ള കേന്ദ്രങ്ങളുണ്ടെങ്കില്‍ അവിടെനിന്നും അന്നദാനമില്ലാത്ത സ്ഥലങ്ങളില്‍ സാത്വിക ഭക്ഷണം നല്‍കുന്ന ഭക്ഷണശാലയില്‍ നിന്നും മാത്രം ഭക്ഷണം കഴിക്കണം.
അനാചാരങ്ങള്‍: ദര്‍ശനം കഴിഞ്ഞ് തിരികെയെത്തി പമ്പയില്‍ വസ്ത്രം ഒഴുക്കല്‍, മാല ഊരി ചില സ്ഥലങ്ങളില്‍ നിക്ഷേപിക്കുക എന്നിവ തീര്‍ത്തും അനാചാരങ്ങളാണ്. അത് ശബരിമല വിശ്വാസത്തിന് എതിരാണെന്ന് മാത്രമല്ല പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നതും നിയമ വിരുദ്ധവുമാണ്.
വിശ്വാസ ലംഘനം: വ്രത ധാരികളായി ദര്‍ശനത്തിന് പോകുന്ന വഴിയോ മടക്ക യാത്രയിലോ അന്യ മതസ്ഥരുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതും അവിടെ വഴിപാടുകള്‍ നടത്തുന്നതും തികച്ചും തെറ്റായ പ്രവണതയാണ്. അയ്യപ്പന്‍മാരുടെ ഭക്തിയെ ചൂഷണം ചെയ്ത് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയും ഹിന്ദുക്കളുടെ വിശ്വാസത്തെ ക്ഷയിപ്പിക്കുന്നതിന് വേണ്ടിയും ഒരുക്കിയിട്ടുള്ള ഇത്തരം ചതിക്കുഴിയില്‍ വീഴാതെ ശ്രദ്ധിക്കണം.
നിര്‍ദ്ദേശങ്ങള്‍ പാലിക്കണം: തിരക്ക് നിയന്ത്രിക്കുന്നതിനും, ചിട്ടയോടുള്ള ദര്‍ശനം സാധ്യമാക്കുന്നതിനും, ക്ഷേത്രത്തിന്റെയും അയ്യപ്പന്‍മാരുടെയും സുരക്ഷയ്ക്കും, നിയമപാലനത്തിന്റെ ഭാഗമായും അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
വെര്‍ച്വല്‍ ക്യൂ: മുന്‍കൂട്ടി വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാന്‍ സാധിക്കുന്നവര്‍ എല്ലാവരും വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യണം. ദര്‍ശനത്തിനായുള്ള യാത്ര ആരംഭിക്കുന്നതിന് 41 ദിവസം മുന്‍പു മാലയിട്ട് വ്രതം ആരംഭിക്കുന്നത് കൊണ്ട് മുന്‍കൂട്ടിതന്നെ യാത്ര നിശ്ചയിച്ച് ബുക്ക് ചെയ്യാന്‍ സാധിക്കും. ഇത്തരത്തില്‍ എത്രയും കൂടുതല്‍ അയ്യപ്പന്മാര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിച്ചാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കാത്തവരായുള്ള കൂടുതല്‍ അയ്യപ്പന്മാര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് വഴി ദര്‍ശനം നടത്താന്‍ സാധിക്കും.
പരസ്പര സഹായം: യാത്രയില്‍ ബന്ധപ്പെടേണ്ടിവരുന്ന വ്യക്തികളോടും, ദര്‍ശനത്തിനായി എത്തുന്ന എല്ലാ അയ്യപ്പന്മാരോടും, ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരോടും, സൗഹൃദത്തോടെ പെരുമാറുകയും പരസ്പരം സഹകരിച്ചും ആവശ്യ ഘട്ടങ്ങളില്‍ സഹായിച്ചും ശബരിമല തീര്‍ത്ഥാടനം ഒരു ഹൃദ്യമായ അനുഭവമായി മാറ്റിയെടുക്കണം.
ആധുനിക സൗകര്യങ്ങളോടൊപ്പം പാരമ്പര്യത്തിന്റെ പവിത്രതയും ക്ഷേത്രത്തിന്റെ ചൈതന്യവും സംരക്ഷിച്ചുകൊണ്ട്, ഭക്തര്‍ക്ക് ദിവ്യമായ ആത്മീയാനുഭവം നല്‍കുന്ന ഒരു പുണ്യഭൂമിയായി ശബരിമലയെ മാറ്റിയെടുക്കണം. അനുഭൂതിദായകമായ തീര്‍ത്ഥാടനവും ആത്മ സംതൃപ്തിയേകുന്ന പുണ്യ ദര്‍ശനവും സഫലീകൃതമാക്കി ഈ അയ്യപ്പ സന്നിധിയെ ആത്മീയസാക്ഷാത്ക്കാരത്തിന്റെ കൊടുമുടിയില്‍ നമുക്ക് പ്രതിഷ്ഠിക്കാം.
(ജനറല്‍ കണ്‍വീനര്‍ ശബരിമല കര്‍മ്മ സമിതി)