ഇരുളടച്ച് ഒരു ഇരമ്പത്തോടെയാണ് ആ വരവ്. പടിഞ്ഞാറ് പകുതിയോളമെത്തിയ സൂര്യന്‍ പൊടുന്നനെ മറഞ്ഞു. സന്ധ്യയായതു പോലെ. അടുത്തടുത്തു വന്ന ആ ഇരമ്പം ഒടുവില്‍ വെള്ളാരങ്കല്ലു വാരിവിതറും പോലെ പെരുമഴയായി മുറ്റത്തു പതിച്ചു. പൂമുഖവാതില്‍ പാതിതുറന്ന് പുറത്തേയ്ക്ക് നോക്കി അന്നേരം അമ്മമ്മ പറഞ്ഞു, എടവപ്പാതി എത്തി.
ഏട്ടന്റെ പാഠപുസ്തകത്തില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്നാണത്രേ ഇതിനു പേര്. അതെന്തായാലും ഞങ്ങള്‍ കുട്ടികള്‍ക്കത് ഒരു മുന്നറിയിപ്പായിരുന്നു. ജൂണ്‍ അടുത്തെത്തി, സ്‌കൂള്‍ തുറക്കാറായി എന്നര്‍ത്ഥം. അവധിക്കാലത്തിനു വിട. ഇനി പഠിപ്പും പാഠപുസ്തകങ്ങളും.
മഴയുടെ ശക്തി കുറഞ്ഞ് തുള്ളിയിടാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ മുറ്റത്തേയ്ക്കിറങ്ങി. മഴച്ചാറ്റല്‍ നനഞ്ഞ് പടികടന്നു വഴിയിലേയ്ക്കിറങ്ങുന്ന ഞങ്ങളെ തടയാന്‍ അമ്മമ്മ ഒരു വിഫലശ്രമം നടത്തി. വെള്ളം കുത്തിയൊഴുകിയ മഴച്ചാലുകളിലായിരുന്നു പിന്നെ കളി. മഴവെള്ളം തട്ടിത്തെറിപ്പിച്ച് ആകെ നനഞ്ഞു, അഴുക്കായി. കളി കാര്യമായി കൈയ്യാങ്കളിയോടൊപ്പമെത്തിയപ്പോള്‍ നിയന്ത്രിക്കാന്‍ ശങ്കരേട്ടനെത്തി. വാര്യത്തെ ശങ്കരേട്ടന്‍. മുതിര്‍ന്ന ആളാണെങ്കിലും ഞങ്ങള്‍ കുട്ടികളാണ് മൂപ്പരുടെ കൂട്ടുകാര്‍.
മഴ പെയ്തതോടെ ഏട്ടന്റേയും കൂട്ടുകാരുടേയും വൈകുന്നേരത്തെ പന്തുകളി മുടങ്ങി. പാടത്തെ കളിസ്ഥലത്ത് വെള്ളം കെട്ടി. എങ്കിലും ഏതാനും ദിവസം കൂടി ആ വെള്ളത്തില്‍ അവര്‍ കളി തുടരും. പാടവരമ്പില്‍ അനങ്ങാതിരുന്ന് കളികാണാനാണ് ഞങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളത്. എന്നിരുന്നാലും അടിച്ച് പുറത്തേയ്ക്ക് തെറിക്കുന്ന പന്ത് ഓടിച്ചെന്ന് എടുത്ത് കൊടുക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. വിഷുക്കൈനീട്ടം കിട്ടിയ തുക പിരിവെടുത്താണ് ഏട്ടനും കൂട്ടരും പന്ത് വാങ്ങിയത്.
സന്ധ്യക്ക് കുളി കഴിഞ്ഞ് നാമം ചൊല്ലണം. അതാണ് അമ്മമ്മയുടെ നിയമം. സാധാരണ ആ സമയത്ത് പരിസരം പൊതുവേ നിശ്ശബ്ദമായിരിക്കും. എന്നാല്‍ മഴ പെയ്ത സന്ധ്യയില്‍ ശ്രദ്ധിച്ചു – പതിവില്ലാത്ത ചില ശബ്ദങ്ങള്‍. എല്ലാ സംശയങ്ങളും തീര്‍ത്തു തരുന്ന അമ്മമ്മ തന്നെ ഇക്കാര്യത്തിലും ഉത്തരം തന്നു. തവളകള്‍ കരയുന്നതാണ്. ഒപ്പം ചീവീടുകളുടെ ശബ്ദവും. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചില്ല. എന്തുകൊണ്ടോ അമ്മമ്മ പറഞ്ഞുമില്ല.
അത്താഴം കഴിഞ്ഞ് കൈകഴുകുമ്പോള്‍ കേട്ടു വീണ്ടും ഒരാരവം. പിന്നെ ഏറെ നേരം ഒരു പെരുമ്പറയായിരുന്നു. കലാശക്കൊട്ടിനൊടുവില്‍ അത് നേര്‍ത്ത് നേര്‍ത്ത് നിശ്ശബ്ദമായി. കാവില്‍, മാരാരുടെ തായമ്പകയാണ് അപ്പോള്‍ ഓര്‍മ്മയിലെത്തിയത്. തൊടിയുടെ അതിരിലുള്ള കൈത്തോട്ടിലൂടെ വെള്ളം കുത്തിയൊഴുകുന്നത് ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം… ശ്രദ്ധിച്ചാല്‍ മുറ്റത്തെ നെല്ലിയില്‍ നിന്നും മഴത്തുള്ളികള്‍ ഇറ്റു വീഴുന്നതും.
നടുവിലകത്തെ മച്ചിനു ചോട്ടില്‍ കയറ്റുകട്ടിലില്‍ ചുമരിനോട് ചേര്‍ന്ന് പുതപ്പില്‍ ചുരുണ്ട് കൂടുമ്പോള്‍ പുറത്ത് മഴയുടെ മേളം വീണ്ടും തുടങ്ങി. അമ്മമ്മ ഈണത്തില്‍ ചൊല്ലിത്തരാറുള്ള പാട്ടുകള്‍ പോലെ കൂടിയും കുറഞ്ഞും അത് കുറേ നേരം ശ്രവിച്ചു. പിന്നെ മഴയുടെ താരാട്ടില്‍ ഉറക്കത്തിന്റെ താഴ്‌വാരത്തിലേയ്ക്ക്.
** **
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശ്രദ്ധിച്ചു – എണ്ണ പുരട്ടിയ ദോശക്കല്ലില്‍ അരിമാവ് ഒഴിച്ചു പരത്തുന്നതിന്റെ ശബ്ദം. അടുക്കളയില്‍ അമ്മയുടെ തിരക്കുകണ്ടാലറിയാം, ഇന്ന് ഞങ്ങള്‍ക്ക് സ്‌കൂളില്‍ പോകണം. രണ്ട് മാസത്തോളം രാവിലെ തിരക്കൊഴിഞ്ഞിരുന്ന അടുക്കള ഇനി തിരുതകൃതിയായി. രണ്ട് തട്ട് പാത്രങ്ങളില്‍ അമ്മ ഉച്ചഭക്ഷണം ഒരുക്കി വയ്ക്കും. ഒന്ന് അച്ഛന്. മറ്റൊന്ന് ഏട്ടനും എനിക്കും. ഏട്ടന്‍ വലിയ നിര്‍ബന്ധക്കാരനാണ്, അച്ഛനെപ്പോലെ. പ്രാതലിന് ദോശയും ചട്‌നിയും, ഉച്ചയ്ക്ക് മെഴുക്കുപുരട്ടിയും നിര്‍ബന്ധം. ഞാനുണര്‍ന്ന് വരുമ്പോള്‍ ഏട്ടന്‍ കുളിക്കാന്‍ അമ്പലക്കുളത്തിലേയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണ്. ഒരു ഇടവഴി കടന്നാല്‍ അമ്പലമാണ്. വലിയ കുളമുണ്ട്. കുളക്കടവില്‍ രാവിലെ നല്ല തിരക്കാണ്. മഴക്കാലത്ത് വെള്ളം നിറയുമ്പോള്‍ നീന്തിക്കളിക്കാനും, കുളിച്ചു തൊഴാനും നിരവധിപ്പേരെത്തും. കല്‍പ്പടവില്‍ നിന്നും ചാടി മുങ്ങാംകുഴിയിടുന്നതില്‍ ഏട്ടന്‍ വിരുതനാണ്. ഇളയവനായ എനിക്ക് അര വരെ വെള്ളത്തിലിറങ്ങാനേ അനുവാദമുള്ളൂ. കുളി കഴിഞ്ഞ് അമ്പലത്തില്‍ തൊഴുതു. സ്‌കൂള്‍ തുറക്കുന്നത് പ്രമാണിച്ച് ഞങ്ങളുടെ പേരില്‍ നേര്‍ന്ന പുഷ്പാഞ്ജലി പ്രസാദം ശാന്തിക്കാരന്‍ നമ്പൂതിരിയില്‍ നിന്ന് വാങ്ങി. ചെറിയ ശ്രീകോവിലിലുള്ള ഗണപതിക്കു മുന്നില്‍ ഏത്തമിട്ട് തൊഴുതു. കാവില്‍ ഭഗവതിക്ക് കൂട്ടുപായസവും കൃഷ്ണന്‍ കോവിലില്‍ പാല്‍പ്പായസവും അമ്മമ്മ വക വേറെയും വഴിപാടുണ്ടായിരുന്നു.
കുളി കഴിഞ്ഞ് കാപ്പിയും കുടിച്ച് പുതിയ വസ്ത്രങ്ങളണിഞ്ഞു. സ്‌കൂളിലേയ്ക്കുള്ള സാധനങ്ങളെല്ലാം തലേ ദിവസം തന്നെ ഒരുക്കിവച്ചിരുന്നു. സഞ്ചി കഴിഞ്ഞ വര്‍ഷത്തേതു തന്നെ. അവിടവിടെ അല്‍പ്പം തുന്നല്‍ വിട്ടതെല്ലാം കാലേക്കൂട്ടി നേരേയാക്കിയിരുന്നു. പാഠപുസ്തകങ്ങളും പഴയതു തന്നെ. വലിയമ്മയുടെ ഇളയ മകള്‍ എന്നേക്കാള്‍ ഒരു വയസ്സിന് മൂത്തതാണ്. ആ പുസ്തകങ്ങളാണ് എനിക്ക് കിട്ടുന്നത്. ഏട്ടന്റെ പുസ്തകങ്ങള്‍ മറ്റാര്‍ക്കോ നല്‍കാറുണ്ട്.
സമയത്തിനു തന്നെ വീട്ടില്‍ നിന്നിറങ്ങി. ആറേഴ് പേരുള്ള ഒരു സംഘമാണ് ഞങ്ങളുടേത്. ചെറു സംഘങ്ങളായി ഞങ്ങളുടെ മുന്നിലും പിന്നിലുമായി വേറെയും കൂട്ടര്‍ വരുന്നുണ്ട്. ഇടവഴിയിലൂടെ നടന്നാല്‍ മന വക സ്‌കൂളിലെത്താന്‍ ഏറെ നടക്കണം. പുഞ്ചപ്പാടം മുറിച്ച് കടന്നാല്‍ ദൂരം കുറവാണ്. ഞങ്ങള്‍ അതിലെയാണ് പോകുന്നത്.
പാടവരമ്പിലൂടെ ശ്രദ്ധിച്ച് നടക്കണം. അല്ലെങ്കില്‍ വഴുതി വീഴും. പാടത്തെല്ലാം ഉഴവ് കഴിഞ്ഞ് ഞാറ് നട്ടിരിക്കുന്നു. ഇടവഴിയില്‍ നിന്ന് ഒരു ഇറക്കമിറങ്ങിയാല്‍ പാടം. ഒരല്‍പ്പം വരമ്പിലൂടെ നടന്നാല്‍ ഒരു തോടുണ്ട്. കൈതച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതിന്റെ ഇടയിലൂടെ കുറച്ചു നടന്നാല്‍ വീണ്ടും പാടം. ഒരല്‍പ്പം കൂടി വരമ്പിലൂടെ നടന്നാല്‍ വീണ്ടും ഇടവഴി. ചെറിയ കയറ്റം കയറി വളവ് തിരിഞ്ഞാല്‍ സ്‌കൂളായി. വരമ്പിലൂടെ നിരനിരയായി പോകുമ്പോള്‍ ഒരു ജാഥയാണെന്നേ തോന്നൂ. അരപ്പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ഞാറിന്റെ പച്ചപ്പിലൂടെ ചിന്നം പിന്നം പെയ്യുന്ന മഴയില്‍ കുട ഒരല്‍പ്പം ചരിച്ചു പിടിച്ച് നിരനിരയായി ഞങ്ങള്‍ നടന്നു പോവുന്നതിന്റെ ഭംഗിയെപ്പറ്റി പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
പതിവു പോലെ ആദ്യദിനവും മഴ പെയ്തു. കുടയുണ്ടായിട്ടും ഞങ്ങള്‍ കുറേയൊക്കെ നനഞ്ഞു. അമ്മമ്മയുടെ ഭാഷയില്‍, ആദ്യദിനം മഴ നനഞ്ഞു വേണം സ്‌കൂളില്‍ പ്രവേശിക്കാന്‍. അമ്മമ്മയ്ക്ക് അങ്ങനെ പോകാന്‍ കൊതിയാണത്രേ! അമ്മമ്മയുടെ കാലത്ത് നാട്ടില്‍ സ്‌കൂളൊന്നും ഇല്ലായിരുന്നു.
പാതി നനഞ്ഞ വസ്ത്രങ്ങളോടെ ഞങ്ങള്‍ സ്‌കൂളിലെത്തി. രണ്ട് മാസം കാണാതിരുന്നിട്ടുള്ള പരിചയം പുതുക്കല്‍. എങ്ങും പുതിയ യൂണിഫോമിന്റേയും പുസ്തകങ്ങളുടേയും മണം. പുതിയ ക്ലാസ്സ് മുറികളെപ്പറ്റിയുള്ള പ്രതീക്ഷകള്‍. പുതിയ ടീച്ചര്‍മാര്‍ ആരൊക്കെയായിരിക്കുമെന്ന ഊഹാപോഹങ്ങള്‍. ചൂരല്‍ വടിയില്ലാതെ കാണാത്ത രുഗ്മിണി ടീച്ചര്‍, ക്ലാസ്സ് ടീച്ചര്‍ ആകരുതെന്നായിരുന്നു പ്രാര്‍ത്ഥന. എല്ലാവരും പേടിക്കുന്ന ജോസഫ് സാര്‍ കണക്ക് പഠിപ്പിക്കാന്‍ വരികയേ അരുത്. മുതിര്‍ന്ന ക്ലാസ്സിലുള്ളവര്‍ തങ്ങളെന്തോ വലിയ കൃത്യം ചെയ്യുന്നതുപോലെ നടക്കുന്നുണ്ട്. പാടത്ത് പന്ത് കളിച്ചതിന്റെയും വിഷുവിന് പടക്കം പൊട്ടിച്ചതിന്റെയും വിവരണങ്ങള്‍ വിളമ്പുകയാണ് ചിലര്‍. കളിക്കിടയില്‍ പരുക്കേറ്റ് വേനലവധി ആഘോഷത്തിന്റെ അടയാളമായി കൈയ്യിലും കാലിലും വച്ചുകെട്ടുകളുമായി ചിലരുമുണ്ട്.
ഒന്നാം ബെല്ലടിച്ചു. രണ്ട് മാസത്തോളം പൂട്ടിക്കിടന്ന വിദ്യാലയാന്തരീക്ഷം നൂറുകണക്കിന് വിശേഷങ്ങളിലൂടെ പെട്ടെന്നുണര്‍ന്നു. രണ്ടാം ബെല്ലിനു ശേഷം അസംബ്ലി തുടങ്ങി. മുതിര്‍ന്ന ക്ലാസ്സിലുള്ളവര്‍ക്കാണ് ആദ്യത്തെ ആഴ്ച്ച പ്രാര്‍ത്ഥനയ്ക്കും പ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുമുള്ള അവകാശം. ഇക്കുറി അത് ഏട്ടന്റെ ക്ലാസ്സുകാര്‍ക്കാണ്. എന്തോ ഏട്ടനുണ്ടായിരുന്നില്ല ആദ്യദിനം പ്രാര്‍ത്ഥനയ്ക്ക്. ഇനിയുള്ള ദിവസങ്ങളിലായിരിക്കും ഊഴം. പ്രാര്‍ത്ഥനയ്ക്കു ശേഷം ഗോപാലന്‍ സാറിന്റെ ചെറിയ പ്രസംഗം. അച്ചടക്കമാണ് പതിവു വിഷയം. അസംബ്ലി കഴിഞ്ഞപ്പോള്‍ എല്ലാവരും അടിവച്ചടിവച്ച് ക്രമമായി പഴയ ക്ലാസ്സുകളിലേയ്ക്ക് പോയി. പിന്നെ വിജയിച്ചവരുടെ പേര്‍ വിളിച്ച് പുതിയ ക്ലാസ്സുകളിലേക്ക് വിട്ടു. തലയുയര്‍ത്തിപ്പിടിച്ച് ആഘോഷമായിട്ടാണ് വിജയിച്ചവര്‍ കടന്നുപോകുന്നത്. ചിലര്‍ തോറ്റിട്ടുണ്ടത്രേ. അവരെ ആരെയും ആദ്യദിനം ക്ലാസ്സില്‍ കണ്ടില്ല.
പുതിയ ക്ലാസ്സില്‍ ടീച്ചര്‍മാര്‍ മാറിവന്നു. ക്ലാസ്സ് ടീച്ചര്‍ എല്ലാവരെയും ഉയരക്രമമനുസരിച്ച് ഇരുത്തി. ഭാഗ്യം, മുന്‍ബെഞ്ചിലാണെങ്കിലും അരികിലല്ല. മുന്‍ബെഞ്ചില്‍ അരികിലിരിക്കുന്നത് അപകടമാണെന്നാണ് ഏട്ടന്‍ പറയാറുള്ളത്.
ദിവസങ്ങള്‍ പോകെ എല്ലാം പതിവിന്‍പടിയായി. ഉച്ചയ്ക്കു ശേഷമാണ് സമയം പോകാന്‍ ബുദ്ധിമുട്ട്. എത്ര നേരമാണ് ഓരോ പീരീഡിനും. നാലുമണിക്ക് ബെല്ലടിച്ചാല്‍ പുസ്തകസഞ്ചിയുമായി ഒരൊറ്റ ചാട്ടമാണ് ക്ലാസ്സില്‍ നിന്നും. പിന്നെ തിരിച്ചുള്ള ജാഥ.
അടയോ അവല്‍ കുഴച്ചതോ ആണ് വീട്ടിലെ നാലുമണിപ്പലഹാരം. വിശപ്പുണ്ടെങ്കിലും എന്തെങ്കിലും കഴിച്ചെന്നു വരുത്തി ഒരൊറ്റോട്ടമാണ് ഹാജ്യാരുടെ പറമ്പിലേക്ക്. വലിയൊരു മൈതാനം. അവിടവിടെ ഒന്നുരണ്ട് തെങ്ങും കവുങ്ങും മാത്രം. പന്തുകളിയാണ് പ്രധാനം. ഇരുള്‍ പരക്കുമ്പോഴാണ് കളി നിര്‍ത്തിയിരുന്നത്. അപ്പോഴേയ്ക്കും ആരുടെയെങ്കിലും അമ്മമാര്‍ അന്വേഷിച്ചുവന്നിട്ടുണ്ടാകും. വിയര്‍പ്പാറിയാല്‍ വീട്ടില്‍ത്തന്നെയാണ് കുളി. വൈകിട്ട് കുളത്തിലേക്ക് വിടില്ല. കുളി കഴിഞ്ഞാല്‍ അമ്മമ്മയ്‌ക്കൊപ്പമിരുന്ന് നാമം ചൊല്ലണം. പിന്നെ ഏട്ടന്‍ പറയുന്നതുപോലെ പുസ്തകം കാര്‍ന്ന് തിന്നണം. അടുക്കളയില്‍ അമ്മ പാത്രം കഴുകുന്നതിന്റെ ശബ്ദം കേള്‍ക്കാന്‍ കാത്തിരിക്കും. വിശന്നിട്ടൊന്നുമല്ല. പഠിക്കണ്ട. അത്താഴം കഴിഞ്ഞാല്‍ കിടന്നുറങ്ങാം. അമ്മമ്മ നേരത്തേ കിടക്കും. അതാണ് പതിവ്.
വെള്ളിയാഴ്ച്ചയാണ് ഏറ്റവും സന്തോഷം. അന്നു രാത്രി ഒന്നും പഠിക്കണ്ട. കളി കഴിഞ്ഞ് കുളിക്കാന്‍ വൈകിയാലും അമ്മ വഴക്ക് പറയില്ല. രണ്ട് ദിവസം അവധിയാണ്.
**** ****
തൊടിയില്‍ ആരോ ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടാണ് ഉണര്‍ന്നത്. ശനിയാഴ്ച്ചയാണ്. വൈകി ഉണരാന്‍ അനുവദിക്കാറുണ്ട്. നോക്കുമ്പോള്‍ കുട്ടേട്ടന്‍ അമ്മമ്മയോട് സംസാരിക്കുന്നതാണ്. ചെന്നു നോക്കി. പുല്ലുചെത്തി മണ്ണിളക്കി വാരം കോരുകയാണ് കുട്ടേട്ടന്‍. പയര്‍ നടാനാണ്, അമ്മമ്മ പറഞ്ഞു. വരമ്പില്‍ ചെറിയ കമ്പുകൊണ്ട് കുത്തി അതില്‍ പയര്‍മണികളിട്ടു.
തൊടികളുടെ അതിരുകളില്‍ നില്‍ക്കുന്ന മരങ്ങളുടെ തലപ്പുകള്‍ വെട്ടി ഇലകള്‍ തെങ്ങിന്‍തടത്തിലിട്ടു. തൊടിയിലെ പുല്ലു ചെത്തി വാഴകളുടെ ചുവട്ടിലിട്ട് മണ്ണിട്ട് മൂടി. തെങ്ങിനും കമുകിനും തടമെടുത്തു. അമ്മമ്മയുടെ സംസാരത്തില്‍നിന്ന് ഒന്ന് മനസ്സിലായി – ഞാറ്റുവേലയാകാറായി. കൂടുതലൊന്നും മനസ്സിലായില്ല. കാറ്റും മഴയുമുണ്ടാകും. തിരിമുറിയാതെ എന്നോ മറ്റോ ഇടക്കിടെ പറയുന്നതുകേട്ടു. എന്തായാലും തൊടിയിലാകെ ഒരു വെളിച്ചം പരന്നതുപോലെ തോന്നി. കുറേ നേരം നല്ല വെയിലായിരുന്നു. പിന്നെ ഇരുള്‍മൂടി. ആരവത്തോടെ ഒരു മഴ പെയ്തു. അതു തോര്‍ന്നപ്പോള്‍ പിന്നെയും മഴ പെയ്തു.
രണ്ടു മൂന്നാഴ്ച്ച അതിനുശേഷം കടന്നുപോയി. മഴ പെയ്തും വിട്ടുനിന്നും കൊണ്ടിരുന്നു. ഇടക്ക് കുറേ ദിവസം ശക്തമായി മഴ പെയ്തു. പാടമെല്ലാം വെള്ളത്തില്‍ മുങ്ങി. തൊടിയില്‍ പലയിടത്തും മഴവെള്ളം കെട്ടിനിന്നു. രാവിലെയും വൈകിട്ടും കുളികഴിഞ്ഞ് വിളക്കിനു മുന്നിലിരുന്ന് അമ്മമ്മ ഗ്രന്ഥം വായിക്കാന്‍ തുടങ്ങി. മനസ്സിലായി, രാമായണമാണ്, കര്‍ക്കിടകമാസം.
പോകെ പോകെ ഒന്നു ശ്രദ്ധിച്ചു. മുറ്റത്ത് പലയിടത്തുമായി കാശിത്തുമ്പ വളര്‍ന്നിട്ടുണ്ട്. അവ പൂവിടാന്‍ തുടങ്ങിയിരിക്കുന്നു. മറ്റൊന്നു കൂടി ശ്രദ്ധിച്ചു. മുറ്റത്ത് ധാരാളം മുക്കൂറ്റിച്ചെടികള്‍ വളര്‍ന്നിരിക്കുന്നു. തൊടിയില്‍ പലയിടത്തും കിരീടം പോലെ ചുവന്ന പൂക്കുലകള്‍ വിടര്‍ന്നു നില്‍ക്കുന്നു. അമ്മമ്മയാണ് അതിന്റെ പേര് പറഞ്ഞുതന്നത് – കൃഷ്ണകിരീടം. മാത്രമല്ല, തൊടിയിലും ഹാജ്യാരുടെ പറമ്പിലും ധാരാളം തുമ്പച്ചെടികള്‍ വളര്‍ന്നിരിക്കുന്നു. അതില്‍ നിറയെ പൂക്കളുമുണ്ട്. സൂക്ഷിച്ചുനോക്കുമ്പോള്‍, വഴിയരികില്‍നിന്ന് ഒരു കൂട്ടര്‍ നോക്കിച്ചിരിക്കുന്നു – കാക്കപ്പൂക്കള്‍.
വൈകുന്നേരം കൂടെ കളിക്കാന്‍ പുതിയൊരു കൂട്ടര്‍ ഞങ്ങള്‍ക്കൊപ്പമെത്തി – തുമ്പികള്‍. പല വര്‍ണ്ണത്തിലും പല തരത്തിലുമുള്ളവ. അവ ഞങ്ങള്‍ക്കരുകിലെത്തി ഒരു കാര്യം പറഞ്ഞു. ഒരു സ്വകാര്യം. ഞങ്ങള്‍ ആനന്ദചകിതരായി. ആഹ്ലാദം അണപൊട്ടി. പിന്നെ അവിടെ നില്‍ക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഓടി. ആയത്തില്‍ ഓടി. അമ്മമ്മയുടേയും അമ്മയുടേയും അടുത്ത് ഇക്കാര്യം എനിക്കാദ്യം പറയണം. ഏട്ടനെക്കാള്‍ മുന്‍പേ. എന്റെ ഓട്ടം കണ്ട് വഴിയരികില്‍ നിന്ന് ചിലര്‍ അത്ഭുതം കൂറി. ഈ കുട്ടിക്കിതെന്തു പറ്റി. ചിലര്‍ മുന്നറിയിപ്പു തന്നു- ‘ഒന്ന് നോക്കീംകണ്ടുമൊക്കെ ഓടെന്റെ കുട്ട്യേ വല്ലേടോം തട്ടി വീഴണ്ട.ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല. ഓടിച്ചെന്ന് അമ്മമ്മയെ കെട്ടിപ്പിടിച്ച് എല്ലാവരും കേള്‍ക്കെ ഞാനാരഹസ്യം പറഞ്ഞു-ചിങ്ങം പിറന്നു, ഓണം വരുന്നു.“
ഇളം വെയിലും ഇടയ്ക്കിടെ മഴയുമായി ചിങ്ങം ചിണുങ്ങി നിന്നു. വീണ്ടും കുട്ടേട്ടനെത്തി. മുറ്റമെല്ലാം പുല്ലുചെത്തി വെടിപ്പാക്കി. അച്ഛനും കുട്ടേട്ടനും തൊടിയില്‍ കുലച്ചുനില്‍ക്കുന്ന നേന്ത്രവാഴകള്‍ക്കരുകില്‍ നിന്ന് എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു. ഏട്ടനും തിരക്കിലായിരുന്നു. പടിഞ്ഞാറേ അതിരിലെ വരിക്കപ്ലാവിന്‍ ചോട്ടില്‍ കുനിയനുറുമ്പ് കുത്തി കൂടുകൂട്ടിയിട്ട മണ്ണുണ്ട്. വലിയ പാളയില്‍ അതുകൊണ്ടുവന്ന് മുറ്റത്ത് മധ്യത്തിലായി തറകെട്ടി. അതിന്‍മേലാണ് പൂവിടേണ്ടത്. കുനിയനുറുമ്പ് കുത്തിയ മണ്ണില്‍ കട്ടയും കല്ലും കാണില്ല. കുറേ മണ്ണുകൊണ്ട് മാതേവരേയും മക്കളേയുമുണ്ടാക്കി. എനിക്ക് കണ്ടുനില്‍ക്കാനും ഇടയ്ക്കിടെ വെള്ളമൊഴിച്ചുകൊടുക്കാനും മാത്രമേ അധികാരമുള്ളൂ. മണ്ണ് കുഴയ്ക്കുന്നതും ഉരുട്ടിയുണ്ടാക്കുന്നതും ഏട്ടനാണ്. ഉണ്ടാക്കിയതെല്ലാം ഉണക്കിയെടുത്ത് മഴ നനയാതെ സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഏട്ടന്‍ സ്‌നേഹപൂര്‍വ്വം അമ്മയെ ഏല്‍പ്പിച്ചു.
ഇടയ്ക്ക് മഴയുടെ പനിനീരില്‍ നനഞ്ഞ് പകലുകള്‍ കടന്നുപോയി. കാട്ടുചേമ്പിന്റെ പുള്ളിയിലകളില്‍ കുമ്പിള്‍കുത്തി പൂക്കള്‍ സൂക്ഷിച്ചു വച്ചു. മുക്കൂറ്റി, തുമ്പപ്പൂ, കാക്കപ്പൂ എന്നിവ ശേഖരിക്കേണ്ട ചുമതല ഏട്ടന്‍ എനിക്കു നല്‍കി. വേലിയിറമ്പില്‍ നിന്ന് ചുന്നരിയും, മഞ്ഞക്കോളാമ്പിയും ഏട്ടനും കൂട്ടരും ശേഖരിക്കും.
അത്തത്തിന്‍ നാള്‍ പൂത്തറ മെഴുകി പൂവിട്ടു. രാവിലെ മൂടിക്കെട്ടിനിന്നു പൊടുന്നന്നെ പെയ്ത മഴയെ നോക്കി അമ്മ ആത്മഗതം നടത്തി – അത്തം കറുത്താല്‍ ഓണം വെളുക്കും. പിന്നീട് ഓരോ ദിവസവും ഓരോ തരത്തില്‍ പൂവിട്ടു. ചോതിക്ക് പുവന്ന പൂക്കള്‍ മാത്രമേ ഉപയോഗിച്ചുള്ളൂ. മൂലത്തിന് നാലു മൂലയിലും പ്രത്യേകം പൂവിട്ടു. പലവിധ പൂക്കളങ്ങള്‍തീര്‍ത്ത എട്ട് ദിനങ്ങള്‍ പെട്ടെന്ന് കടന്നു പോയി.
ഇളം വെയില്‍ പരന്നു. ഉത്രാടമാണ്. വീടിന്റെ പടിമുതല്‍ ഇടവിട്ട് മെഴുകിയ ചെറിയ കളങ്ങളില്‍ ഞങ്ങള്‍ പൂവിട്ടു. പടിക്കല്‍ നിന്നുനോക്കുമ്പോള്‍ നല്ല ഭംഗിയാണ് അതു കാണാന്‍. പൂവിട്ടശേഷം ഞങ്ങള്‍ കാപ്പികുടിക്കാനിരുന്നു. പുഴുങ്ങിയ പഴംനുറുക്കും ഉപ്പേരിയും മുന്നില്‍ നിരന്നു. ഉപ്പേരിയും ഉപ്പിലിട്ടതുമെല്ലാം നേരത്തേതന്നെ ഉണ്ടാക്കിയിരുന്നു.
പ്രാതലിനു ശേഷം ഞങ്ങള്‍ മറ്റുള്ളവരുടെ പൂക്കളങ്ങള്‍ കാണാന്‍ പോയി. എല്ലാം ഒന്നിനൊന്ന് മെച്ചം. എല്ലാവരും തിരക്കിലാണ്. ഓണംകൊള്ളുമ്പോള്‍ ഓണത്തപ്പനെ അണിയിക്കാനുള്ള തുമ്പച്ചെടിയൊരുക്കലാണ് അടുത്ത പ്രധാന പരിപാടി. ഏട്ടനെ അമ്മ ഇടയ്ക്കിടെ പീടികയിലേക്ക് പറഞ്ഞയയ്ക്കും. തിരക്കില്‍ ചില ചെറിയ സാധനങ്ങളെന്തൊക്കെയോ വാങ്ങാന്‍ അമ്മ മറന്നുപോയിരുന്നു. അമ്മമ്മ ആവണിപ്പലക ഒരുക്കുന്ന തിരക്കിലാണ്. ഇടക്ക് ഉടുക്കുകൊട്ടിപ്പാടി ഒരാള്‍ പടികടന്നു വന്നു. പാട്ടിന്റെ അവസാനം നിലവിളക്കു കൊളുത്തി അമ്മ മുറം നിറയെ അരിയും പച്ചക്കറിയും അയാള്‍ക്കു നല്‍കി.
ഉത്രാടപ്പാച്ചില്‍ അവസാനിച്ചു. ഇനിയൊരു കാത്തിരിപ്പാണ്. പുലരുന്നത് പൊന്നോണമാണ്. ഓണക്കോടിയും ഓണത്തുമ്പിയും ഓര്‍ത്തു കിടന്ന് ഉറങ്ങിപ്പോയ ഞാന്‍ ഉണരുന്നത് അമ്മയുടെ ശബ്ദം കേട്ടാണ്. നേരം പുലര്‍ന്നിട്ടില്ല. ഉമ്മറത്ത് എന്തൊക്കെയോ ഒരുക്കങ്ങള്‍ നടക്കുന്നു. കണ്ണുതിരുമ്മി ഉമ്മറത്തെത്തിയപ്പോള്‍ ഞാന്‍ കണ്ടത് മാതേവരെ പൂജിച്ചിരുത്താന്‍ ഒരുങ്ങുന്ന അച്ഛനേയും ഏട്ടനേയുമാണ്.
പൂവും പൂവടയും നേദിച്ച് മാതേവരെ അരിമാവുകൊണ്ടണിഞ്ഞ പൂത്തറയില്‍ നാക്കിലവച്ചിരുത്തി. തുമ്പച്ചെടികള്‍ വിതറി,. നാളികേരമുടച്ചു. നാളികേരമുറിയില്‍ നെയ്ത്തിരി കത്തിച്ചുവച്ച് മാതേവരെ ഉഴിഞ്ഞു. അപ്പോള്‍ ചെറുതായി മഴ ചാറി. അമ്മമ്മയുടെ അഭിപ്രായത്തില്‍ മാവേലി വരുന്നതാണത്. ഏട്ടന്‍ ആര്‍പ്പുവിളിച്ചു. അടുത്ത വീടുകളില്‍നിന്നും ആര്‍പ്പുവിളികള്‍ ഉയരുന്നുണ്ടായിരുന്നു അപ്പോള്‍. ആര്‍പ്പും കുരവയും കഴിഞ്ഞപ്പോള്‍ അമ്മമ്മ കാത്തുനില്‍ക്കുന്നു, ഓണപ്പുടവയുമായി. ഇരുകൈയ്യും നീട്ടി ഞാനതു വാങ്ങി. കുളികഴിഞ്ഞ് ഓണക്കോടിയണിഞ്ഞ് കൈ നിറയെ ഉപ്പേരിയും പഴംനുറുക്കുമായി ഞാന്‍ മുറ്റത്തേയ്ക്കിറങ്ങി. അപ്പോള്‍ നാളികേരമുറിയില്‍ കത്തിച്ചുവച്ച നെയ്ത്തിരിയുടെ വെളിച്ചത്തെ വകഞ്ഞുമാറ്റി ഓണക്കോടിയുടുത്ത പൊന്‍വെയില്‍നാളങ്ങള്‍ എന്നെ മാടിവിളിച്ചു. മുറ്റത്തെ പാതിവിടര്‍ന്ന മുക്കൂറ്റിപ്പൂക്കള്‍ ഇളം തിളക്കമാര്‍ന്ന വെയില്‍നാളങ്ങളില്‍ മൂക്കുത്തിയായി മിന്നി. എങ്ങും ആവേശമായിരുന്നു. ആര്‍പ്പുവിളികളും ഓണപ്പാട്ടും എവിടെനിന്നെല്ലാമോ കേള്‍ക്കുന്നു. ഏട്ടന്‍ നേരത്തേ തന്നെ പുറത്തേക്കിറങ്ങിയിരുന്നു.
വെയിലിനു കനം വയ്‌ക്കേ എന്റെ കൂട്ടുകാരെത്തി പാറിപ്പറക്കുന്ന പൊന്നോണത്തുമ്പികള്‍. ഇടക്ക് ഏട്ടനും സംഘവും കുമ്മാട്ടിയായി വന്നു. നേരം കടന്നുപോയി.
ഇനി ഓണസദ്യയാണ്. അമ്മ ആദ്യം വിളക്കത്ത് വിളമ്പി. അല്പസമയം വാതിലടച്ചിട്ടതിനു ശേഷം ഞങ്ങള്‍ക്കെല്ലാം സദ്യ വിളമ്പി. എനിക്ക് കൂടുതലൊന്നും അറിയില്ല. അമ്മമ്മയുടെ കണക്കില്‍ നാലും വച്ചുള്ള സദ്യയാണ്.
ഊണിനുശേഷം ഞാന്‍ ഊഞ്ഞാലാടി. തൊടിയിലെ മാവിന്‍ചില്ലയിലാണ് ഞാന്‍ ഊഞ്ഞാല്‍ കെട്ടിയിരുന്നത്. അമ്മമ്മയും അമ്മയും ഞാന്‍ ഊഞ്ഞാലാടുന്നത് കണ്ടുകൊണ്ട് ഉമ്മറത്തെ തിണ്ണയിലിരുന്നു. അച്ഛന്‍ ഉച്ചമയക്കത്തിലാണ്. തിരുവോണമായാലും അച്ഛന് ചിട്ട ചിട്ട തന്നെ.
വെയില്‍ മെല്ലെ ചായാന്‍ തുടങ്ങി. കാത്ത്കാത്തിരുന്ന് വന്ന പൊന്നോണം പകലിന്റെ പുടവമാറ്റുകയാണ്.
അത്താഴം കഴിഞ്ഞ് ഉമ്മറത്തിരിക്കേ അച്ഛന്‍ ഓരോ വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി. അമ്മമ്മ അവരുടെ കാലത്തെപ്പറ്റിയും.
ഒരു ഓണംകൂടി ഓര്‍മ്മയിലേക്ക് മായുന്നു. എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. ഞാന്‍ അകത്തേക്ക് പോയി. വിരിച്ചിട്ട മെത്തയില്‍ കിടന്നതും ഞാനുറങ്ങിപ്പോയി. കുറച്ചു നേരം കഴിഞ്ഞിരിക്കും ഒരു നനുത്ത സ്പര്‍ശം എന്നെ ഉണര്‍ത്തി. നാലുപാടും നോക്കീട്ടും എനിക്കാരേയും കാണാനായില്ല. ഞാന്‍ വെറുതെ ജാലകവാതില്‍ തുറന്ന് പുറത്തേക്ക് നോക്കി.
എനിക്കു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. തൊടി മുഴുവന്‍ ഒഴുകിപ്പരക്കുകയാണ് ഓണനിലാവ്. ചന്ദനനിറമാര്‍ന്ന ചേല ആകെ വാരിപ്പുതച്ചപോലെ. വെറുതേ ചാറിയ മഴയുടെ നനവണിഞ്ഞുകൊണ്ട് നിലാവ് എന്നെ നോക്കിച്ചിരിച്ചു. തൊടിയിലെ തുമ്പപ്പൂക്കള്‍ എന്നെ തലയാട്ടി വിളിച്ചു. വീണ്ടും വീണ്ടും അവരെന്നെ മാടിവിളിച്ചു.
എന്റെ ഹൃദയം ആനന്ദംകൊണ്ട് നിറയുകയായിരുന്നു. എനിക്ക് പിടിച്ചുനില്‍ക്കാനായില്ല. വാതില്‍തുറന്ന് ഞാന്‍ അവര്‍ക്കരികിലേക്കോടി. അവരെന്നെ ചേര്‍ത്തുപിടിച്ചു. ഇളം മഴയുടെ നനവുകൊണ്ട് അവരെന്റെ മുഖം തലോടി. തുമ്പപ്പൂ മണമുള്ള കാറ്റുകൊണ്ടവരെനിക്ക് മുത്തം തന്നു. മെല്ലെ മെല്ലെ, ഓണത്തിന്റെ നിലാപ്പുടവയണിഞ്ഞ ചന്ദന നിറമുള്ള സുഷുപ്തിയില്‍ ഞാന്‍ ലയിച്ചു. അപ്പോഴും ഓണസ്മരണകള്‍ കണ്‍ചിമ്മാതെ എനിക്ക് കാവലുണ്ടായിരുന്നു.