ജനാധിപത്യത്തിന്റെ സൗന്ദര്യം വിയോജിപ്പുകള്‍ രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യമാണ്. അക്കാര്യത്തില്‍ ഭാരതം എല്ലാക്കാലത്തും ലോകത്തിന് മാതൃകയാണ്. എത്ര ശക്തരായ ഭരണാധികാരിമാര്‍ ഭരിക്കുമ്പോഴും പാര്‍ലമെന്റിലും പുറത്തും വിയോജിപ്പുകളുടെ അലമാലകള്‍ ഉയര്‍ത്താന്‍ ഏത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അവസരമുണ്ട്. ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിരാഗാന്ധിയും മൊറാര്‍ജി ദേശായിയും അടല്‍ ബിഹാരി വാജ്‌പേയിയും ഒക്കെ പ്രധാനമന്ത്രിമാരായിരുന്നപ്പോള്‍ പ്രധാനമന്ത്രിമാരെപ്പോലെ തന്നെ കരുത്തും കാഴ്ചപ്പാടുമുള്ള പ്രതിപക്ഷ നേതാക്കന്മാരുണ്ടായിരുന്നു. അവര്‍ രാജ്യതാത്പര്യങ്ങള്‍ക്ക് സ്വന്തം അധികാരമോഹ പൂര്‍ത്തിയെക്കാള്‍ വില കല്‍പ്പിച്ചിരുന്നു. എന്നു മാത്രമല്ല രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അന്തസ്സും വിട്ടൊരു കളിക്കും അവരാരും മുതിര്‍ന്നിട്ടില്ല. എന്നാല്‍ 2014 മുതല്‍ ഭാരതത്തിന്റെ പ്രതിപക്ഷ നേതാവായി അവതരിപ്പിക്കപ്പെടുന്ന രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലും പുറത്തും വിദേശ രാജ്യങ്ങളിലും നടത്തുന്ന പ്രസ്താവനകള്‍ രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തേയും അന്തസ്സിനേയും ചോദ്യം ചെയ്യുംവിധമാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും രാഹുല്‍ മറ്റാരുടെയൊക്കെയോ കൈകളിലെ പാവയെപ്പോലെയാണ് പെരുമാറുന്നത്. സ്വന്തമായ തീരുമാനങ്ങളോ അഭിപ്രായങ്ങളോ അദ്ദേഹത്തിനുള്ളതായി തോന്നിയിട്ടില്ല. എന്നു മാത്രമല്ല ശത്രുരാജ്യങ്ങള്‍ അദ്ദേഹത്തെ സമര്‍ത്ഥമായി ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയിക്കത്തക്കവണ്ണമാണ് അദ്ദേഹ ത്തിന്റെ വാക്കും പ്രവൃത്തികളും. ഇക്കഴിഞ്ഞ നാളുകളില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ നടത്തിയ പല പ്രസ്താവനകളും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും അന്തസ്സ് ഇടിക്കുന്നതുമായിരുന്നു. ഭാരതവുമായി ശക്തമായ സൈനിക സാമ്പത്തിക ബന്ധം ഊട്ടി ഉറപ്പിക്കാന്‍ അമേരിക്ക പരിശ്രമിക്കുന്നതിനിടയില്‍ അവിടെ എത്തി രാജ്യത്തെ ഇകഴ്ത്തി സംസാരിച്ച രാഹുല്‍ ശത്രുരാജ്യങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ പരിശ്രമിക്കുന്നുണ്ടോ എന്ന സംശയം ഉയര്‍ത്തുകയാണ്.
അമേരിക്കയിലെ ഏതോ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ നിരുത്തരവാദപരമായി രാഹുല്‍ നടത്തിയ പ്രസ്താവന – ഭാരതം സംസ്ഥാനങ്ങളുടെ ഫെഡറേഷനാണ് എന്നാണ്. അതുപോലെ ഭാരത പൗരനായിരിക്കുന്ന അതേ സമയത്തു തന്നെ ഒരാള്‍ക്ക് അമേരിക്കന്‍ പൗരനും ആകാം എന്നും രാഹുല്‍ തട്ടി വിട്ടു. നമ്മുടെ ഭരണഘടനയെക്കുറിച്ച് പ്രതിപക്ഷ നേതാവിന്റെ അജ്ഞത വെളിപ്പെടുത്താനല്ലാതെ ഈ പ്രസ്താവന കൊണ്ട് മറ്റ് യാതൊരു ഗുണവും ഉണ്ടായിട്ടില്ല. ഭാരതത്തിന്റെ ഭരണഘടനയിലൊരിടത്തും തന്നെ ഫെഡറേഷന്‍ എന്ന വാക്കില്ല. അതുപോലെ ഇരട്ട പൗരത്വവും ഭാരതം അംഗീകരിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാര്‍ലമെന്റിലും രാജ്യത്തിനകത്തും നിര്‍ബാധം വിമര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവിന് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു വിദേശ രാജ്യത്തെത്തി നമ്മുടെ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യത്തിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതിനു തുല്യമാണ്. നാളിതുവരെ രാഹുല്‍ അല്ലാതെ ഒരു പ്രതിപക്ഷനേതാവും ഈ പഥ്യം തെറ്റിച്ചിട്ടില്ല. മോദിയുടെ പിടിപ്പുകേടുകൊണ്ട് അതിര്‍ത്തിയില്‍ നാലായിരം ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന പിടിച്ചെടുത്തു എന്നുവരെ അന്യരാജ്യത്തു പോയി പ്രസ്താവന നടത്തിയ രാഹുല്‍ അധികാരക്കൊതി മൂത്ത് ‘വായില്‍ വരുന്നത് കോതക്കുപാട്ട്’ എന്ന നിലയിലേക്ക് അധഃ പതിച്ചിരിക്കുകയാണ്. രാഹുലിന്റെ മുത്തച്ഛനായ നെഹ്രുവിന്റെ കാലത്ത് മുപ്പത്തിമൂവായിരം ചതുരശ്ര കിലോമീറ്റര്‍ ഭൂമിയും ആയിരക്കണക്കിന് ഭാരത പട്ടാളക്കാരുടെ ജീവനും നഷ്ടപ്പെടുത്തിയവരാണ് കോണ്‍ഗ്രസുകാര്‍. 2014ന് ശേഷം ചൈനീസ് അതിര്‍ത്തിയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ ശക്തമായ സൈനിക വിന്യാസം കൊണ്ട് നമ്മുടെ അതിര്‍ത്തികള്‍ ഭദ്രമാക്കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല പലതര്‍ക്ക പ്രദേശങ്ങളില്‍ നിന്നും ചൈനീസ് സൈന്യത്തെ പിന്‍വലിക്കാന്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ സാധിക്കുകയും ചെയ്തു എന്നതാണ് സത്യം. ഇതൊക്കെ മറച്ചുവച്ചു കൊണ്ട് അമേരിക്കയില്‍ രാഹുല്‍ നടത്തിയ പ്രസ്താവന ചില അയല്‍ രാജ്യങ്ങളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. പ്രതിപക്ഷ നേതാവ് എന്നതൊരു ഭരണഘടനാ പദവിയാണെന്ന് രാഹുല്‍ പലപ്പോഴും മറന്നുപോകുന്നു എന്നു വേണം പറയാന്‍. ഭാരതത്തില്‍ വീണ്ടുമൊരു ജനാധിപത്യ അട്ടിമറിക്ക് വിദേശ രാജ്യങ്ങളുടെ സഹായം തേടാനാണോ രാഹുല്‍ വിദേശയാത്രകള്‍ നടത്തുന്നതെന്ന് തോന്നിപ്പോകും അയാളുടെ പ്രസ്താവനകള്‍ കേട്ടാല്‍. ഭാരതത്തില്‍ ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശങ്ങളും അട്ടിമറിക്കപ്പെട്ടിരിക്കുന്നു എന്നും തിരഞ്ഞെടുപ്പുകള്‍ പ്രഹസനങ്ങള്‍ ആണെന്നും ഭരണകൂടത്തിന് ഭാഷാ വിവേചനം ഉണ്ട് എന്നും മറ്റുമുള്ള രാഹുലിന്റെ പ്രസ്താവന അത്യന്തം അപകടകരമാണ്. ഭാരതത്തിനുള്ളില്‍ ഭാഷാപരമായ തര്‍ക്കങ്ങള്‍ ഉണ്ടാക്കി അന്തഃഛിദ്രമുണ്ടാക്കുക എന്ന കൊളോണിയല്‍ അജണ്ടയാണ് രാഹുല്‍ പൊടി തട്ടി പുറത്തെടുക്കുന്നത്. ഇന്ദിരാഗാന്ധിയുടെ വധത്തില്‍ കലാശിച്ച ഖാലിസ്ഥാന്‍ ഭീകരവാദികളെ സൃഷ്ടിച്ചതും വളര്‍ത്തിയതും കോണ്‍ഗ്രസ് തന്നെ ആയിരുന്നു എന്ന സത്യം ഇന്നെല്ലാവര്‍ക്കും അറിയാം. കാനഡ കേന്ദ്രീകരിച്ചു കൊണ്ട് ഖാലിസ്ഥാന്‍ ഭീകരര്‍ നടത്തുന്ന ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ധനം പകരും വിധമുള്ള നിരവധി പ്രസ്താവനകള്‍ രാഹുലിന്റെ ഭാഗത്തു നിന്നും അടുത്തകാലത്ത് ഉണ്ടായിട്ടുണ്ട്. സിഖുകാര്‍ ഭാരതത്തില്‍ സുരക്ഷിതരല്ലെന്നും അവരുടെ മതചിഹ്നങ്ങളായ തലപ്പാവും കൃപാണും ധരിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാന്‍ പോകുന്നെന്നും മറ്റുമുള്ള പ്രസ്താവനയുടെ പിന്നിലുള്ള ഉദ്ദേശ്യം വിഘടന-തീവ്രവാദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതല്ലാതെ മറ്റൊന്നല്ല. ഭീന്ദ്രന്‍ വാലയെ വളര്‍ത്തി വലുതാക്കി രാജ്യത്ത് ഖാലിസ്ഥാന്‍ വിഘടനവാദമുണ്ടാക്കിയ ഇന്ദിരാഗാന്ധിയുടെ ആത്മാവ് വീണ്ടും രാഹുലിലൂടെ പ്രവര്‍ത്തിക്കുന്നതു പോലെ തോന്നും അയാളുടെ വാക്കുകള്‍ കേട്ടാല്‍.
സോണിയ കോണ്‍ഗ്രസിന്റെ ബുദ്ധി ഉപദേശകന്മാരില്‍ ഒരാളായിരുന്ന സാം പിത്രോദ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് നടത്തിയ പ്രസ്താവനയും രാജ്യശിഥിലീകരണം എന്ന ലക്ഷ്യം വച്ചുള്ളതായിരുന്നു. അയാള്‍ ദി സ്റ്റേറ്റ്മാന്‍ എന്ന ഇംഗ്ലീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിന്റെ രത്‌നച്ചുരുക്കം ഭാരതീയരെല്ലാം പുറത്തു നിന്നെങ്ങോ ഇവിടേയ്ക്ക് കുടിയേറിയവരാണ് എന്നായിരുന്നു. ഗാന്ധിജി ഉയര്‍ത്തിയ ക്വിറ്റ് ഇന്ത്യാ മുദ്രാവാക്യത്തെ ദുര്‍ബലപ്പെടുത്താന്‍ കൊളോണിയല്‍ ബുദ്ധിയില്‍ ഉദിച്ച മറുവാദമാണ് ഭാരതീയരെല്ലാം വരത്തന്മാരാണ് എന്ന ആശയം. ഇന്ന് കോണ്‍ഗ്രസ് ഗാന്ധിജിക്കൊപ്പമല്ല, പ്രത്യുത കൊളോണിയല്‍ ശക്തികള്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ് രാഹുലിന്റെയും സാം പിത്രോദയുടെയും ഒക്കെ പ്രസ്താവന. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ.സുരേഷ് ഉത്തര ഭാരതത്തില്‍ നിന്ന് ദക്ഷിണ ഭാരതത്തെ സ്വതന്ത്രമാക്കണമെന്ന് പരസ്യ പ്രസ്താവന നടത്തിയിട്ട് അധികകാലമായിട്ടില്ല. മോദിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പാകിസ്ഥാനില്‍ പോയി സഹായം തേടിയ മണിശങ്കര്‍ അയ്യരും കോണ്‍ഗ്രസിന്റെ വര്‍ത്തമാനകാല രാജ്യവിരുദ്ധ നിലപാടുകളുടെ ഉദാഹരണമാണ്. അമേരിക്കയില്‍ പോയി രാജ്യത്തിനെതിരെ സംസാരിച്ച രാഹുല്‍ പ്രതിപക്ഷ നേതാവിന്റെ വേഷമണിഞ്ഞ ഒരു ട്രോജന്‍ കുതിരയായിരുന്നു എന്ന് ചരിത്രം നാളെ രേഖപ്പെടുത്തുക തന്നെ ചെയ്യും.