ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും മുരളീനാദം പൊഴിച്ച് ശിരസ്സില്‍ പീലിത്തിരുമുടി ചൂടി നഗ്‌നപാദരായ് ഉണ്ണിക്കണ്ണന്മാര്‍ നഗരവീഥിയില്‍ നിറഞ്ഞാടിയപ്പോള്‍ മഥുരയും അമ്പാടിയും പുനര്‍ജനിച്ചു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ‘പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്ന സന്ദേശവുമായി നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകള്‍ വിശ്വാസികളുടെ കണ്ണിനും കാതിനും കുളിര്‍മ്മയേകി. ശോഭായാത്രയില്‍ ബാലിക, ബാലകന്മാര്‍ ഉണ്ണിക്കണ്ണനും ഗോപികമാരുമായി മാറി. കൃഷ്ണഭക്തിയില്‍ ചാലിച്ച താളാത്മകമായ ഈരടികള്‍ക്കൊത്ത് നിറപുഞ്ചിരിയോടെ ഗോപികമാര്‍ ചുവടുവച്ചു. കണ്ണന്റെ ബാല്യകാല കുസൃതികളേയും ലീലാവിലാസങ്ങളേയും വിസ്മയ കര്‍മ്മങ്ങളേയും അനുസ്മരിപ്പിക്കുന്ന വൈവിദ്ധ്യമാര്‍ന്ന നിശ്ചലദൃശ്യങ്ങളിലൂടെ യോഗേശ്വരനായ കൃഷ്ണന്‍, ഗീതോപദേശകനായ കൃഷ്ണ ന്‍ തുടങ്ങി അവതാരകഥകള്‍ ശോഭായാത്രകളില്‍ നിറഞ്ഞു. വാദ്യമേളങ്ങളും കീര്‍ത്തനാലാപനവും വീഥികളെ ഭക്തിസാന്ദ്രമാക്കി.
ബാലഗോകുലം തിരുവനന്തപുരം മഹാനഗര്‍ സംഘടിപ്പിച്ച മഹാശോഭായാത്ര കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍, തിരുവിതാംകുര്‍ രാജകുടുംബാംഗം ആദിത്യ വര്‍മ്മ, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ എന്നിവര്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ശോഭായാത്രകളില്‍ പങ്കെടുത്തു. തൃശ്ശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച ശോഭായാത്ര ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിയും ആലപ്പുഴയില്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയും ഉദ്ഘാടനം ചെയ്തു. എറണാകുളത്തു നടന്ന ശോഭായാത്രകളില്‍ അമൃതാനന്ദമയീ മഠം ഗ്ലോബല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി, സംഗീത സംവിധായകന്‍ വിദ്യാധരന്‍മാസ്റ്റര്‍, പിന്നണിഗായകര്‍ ബിജുനാരായണന്‍, വൈക്കം വിജയലക്ഷ്മി, കുമാരി ദേവനന്ദ (മാളികപ്പുറം സിനിമാതാരം) എന്നിവര്‍ പങ്കെടുത്തു. ഗരുഡധ്വജാനന്ദസ്വാമികള്‍, പ്രജ്ഞാനാനന്ദസ്വമികള്‍, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, സിനിമാ നടന്‍ കോട്ടയം രമേശ് എന്നിവര്‍ കോട്ടയത്ത് നടന്ന പരിപാടികളില്‍ പങ്കെടുത്തു. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് വണ്ടിപ്പെരിയാറില്‍ നടന്ന ശോഭായാത്രയില്‍ പങ്കെടുത്തു. പാലക്കാട് റിട്ടയര്‍ഡ് ജില്ലാ ജഡ്ജ് ടി. ഇന്ദിരയും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനും പത്തനംതിട്ടയില്‍ ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍.പ്രസന്നകുമാറും റാന്നി എം.എല്‍.എ അഡ്വ.പ്രമോദ് നാരായണനും പങ്കെടുത്തു. മഞ്ചേരിയിലെ മഹാശോഭായാത്ര പ്രശസ്ത സിനിമാ താരം കവിതാ ബൈജു ഗോകുലപതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ ജന്മാഷ്ടമി പുരസ്‌കാരം പ്രശസ്ത സംഗീത സംവിധായകന്‍ ടി.എസ്. രാധാകൃഷ്ണന് അമൃതാനന്ദമയി മഠം ആഗോള സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി കൈമാറി. ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍, മുന്‍ ജെയില്‍ ഡിജിപി എം.ജി.എ. രാമന്‍, ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍, കഥാകൃത്ത് ശ്രീകുമാരി രാമചന്ദ്രന്‍, സംഗീത സംവിധായകന്‍ ടി.എസ്. രാധാകൃഷ്ണന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് സുമംഗല സുനില്‍, സ്വാമി ശിവസ്വരൂപാനന്ദ തുടങ്ങിയവര്‍ നേതൃത്വം നല്കി. വയനാട് ദുരന്തസാഹചര്യത്തില്‍ നിലമ്പൂര്‍ മേഖലയില്‍ അത് പ്രാര്‍ത്ഥനാ സഭയായി മാറി. സംസ്ഥാനത്തെമ്പാടും ശോഭായാത്രകള്‍ തുടങ്ങുന്നതിന് മുമ്പ് വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വയനാട് പുനരധിവാസത്തിനുള്ള സ്‌നേഹനിധി സമര്‍പ്പണവും ശോഭായാത്രയോടൊപ്പമുണ്ടായിരുന്നു.
സംസ്ഥാനത്ത് ആകെ നടന്ന 8798 ശോഭായാത്രകളില്‍ 1,28,641 കുട്ടികള്‍ കൃഷ്ണവേഷമണിഞ്ഞു. 75,742 കുട്ടികള്‍ മറ്റ് വേഷങ്ങളിലും 40,500 പേര്‍ ഗോപികാ നൃത്തത്തിലും പങ്കെടുത്തു. 38,275 സ്ഥലത്ത് പതാക ഉയര്‍ത്തി. കൂടാതെ വീടുകളില്‍ ഗോകുല പതാക ഉയര്‍ത്തല്‍, കണ്ണനൂട്ട്, കൃഷ്ണപ്പൂക്കളം, കൃഷ്ണകുടീരം, വൃക്ഷപൂജ, നദീപൂജ, ചിത്രരചനാ-ചോദ്യോത്തര മത്സരങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, കുടുംബ സംഗമങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. ശ്രീകൃഷ്ണ- രാധാ വേഷധാരികളായ ആയിരക്കണക്കിനു കുട്ടികളും നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും നാമ സങ്കീര്‍ത്തനങ്ങളും ശോഭായാത്രയ്ക്ക് മിഴിവേകി. കൃഷ്ണവേഷത്തിലെത്തിയ പിഞ്ചുകുഞ്ഞുങ്ങളുടെ കുസൃതികള്‍ ഭക്തരുടെ മനസ്സിനെ കുളിരണിയിച്ചു. കുസൃതിക്കണ്ണന്മാരെ കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. സ്‌നേഹവും വാത്സല്യവും കുസൃതിയും ഭക്തിയും നിറഞ്ഞ ജന്മാഷ്ടമിക്ക് നാട് സാക്ഷ്യം വഹിച്ചു. ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ ശ്രീകൃഷ്ണജയന്തി ആഘോഷത്തില്‍ പങ്കുചേര്‍ന്നു.