ചിങ്ങമാസം മലയാളനാടിന്റെ ആണ്ടുപിറ. കേരളത്തിന്റെ നവവര്‍ഷാരംഭം- കൈരളിയുടേയും.
കാലത്തിന്റെ മണ്‍ചുവരില്‍നിന്നും ഋതുകല്പന ചുവര്‍പ്പഞ്ചാംഗം അടര്‍ത്തിമാറ്റി. പുതിയ പഞ്ചാംഗം: കൊല്ലവര്‍ഷം 1200.
രാശിചക്രത്തിലെ അഞ്ചാമത്തെ രാശിയില്‍ സൂര്യന്‍ നില്‍ക്കുന്ന കാലം ചിങ്ങമാസം. ശ്രാവണം എന്നു സംസ്‌കൃതം. ആവണി എന്നു തമിഴ്. രണ്ടും മലയാളത്തിനു സ്വന്തം. ശുഭകാമനകളുടെ, മംഗളകര്‍മ്മങ്ങളുടെ കാലഖണ്ഡം.
കള്ളക്കര്‍ക്കടകത്തിന്റെ കാറും കാറ്റുമകന്ന പ്രകൃതി. പണ്ടത്തെ ദുഃഖവും ദുരിതവുമൊന്നും തന്നെ ഇന്നു കര്‍ക്കടകത്തിനില്ല. രുഗ്ണഭാവങ്ങളാകവേ അകന്നു പോയിരിക്കുന്നു. തമിഴകക്കമ്പോളത്തിന്റെ ‘ആടിത്തള്ള്’ കേരളത്തിലേക്ക് പകര്‍ന്നാടിയത് അവസാനിച്ചു. ചിങ്ങപ്പുലരിയില്‍ പ്രകൃതി മനോഹരിയായിരിക്കുന്നു, പതിവിലേറെ. നവനവോന്മേഷശാലിനിയായിരിക്കുന്നു. എങ്ങനെയല്ലാതാവും? സിംഹത്തിന്റെ മുഖമാണല്ലോ ചിങ്ങത്തിന്.
സമൃദ്ധിയുടെ, സൗഭാഗ്യത്തിന്റെ, ആഘോഷങ്ങളുടെ, അനുഷ്ഠാനങ്ങളുടെ, ആചാരങ്ങളുടെ നാളുകളാല്‍ നിബിഡമാണ് ചിങ്ങപ്പൂങ്കാവനം. വിനായകചതുര്‍ത്ഥി, ശ്രീകൃഷ്ണജയന്തി, ശ്രീവാമനജയന്തി – ഒക്കെയും ചിങ്ങത്തിന്റെ ധന്യോപലബ്ധികള്‍. ഇല്ലവും വല്ലവും നിറയുന്ന, അകവും പുറവും അണിഞ്ഞൊരുങ്ങുന്ന ഓണം, പൊന്നോണം. സ്ഥിതിസമത്വത്തിന്റെ ഉഷമലരികള്‍ വിരിയുന്ന കലയരങ്ങും കളിയരങ്ങും. ചിങ്ങച്ചെന്താമരത്തോണി നിറയെ ദശപുഷ്പങ്ങള്‍. ‘നന്ദി! തിരുവോണമേ നന്ദി’ എന്ന് കക്കാടു കവിയുടെ കൃതജ്ഞത.
കൊല്ലവര്‍ഷം
എന്താണ് കൊല്ലവര്‍ഷം? കൊല്ലം എന്നത് സ്ഥലവാചിയോ കാലവാചിയോ? ആദ്യന്തവിഹീനമായ കാലത്തില്‍ ഈ സമയഗണന എന്നാരംഭിച്ചു? കൊല്ലങ്ങളോളം നീണ്ടുനിന്ന കൊല്ലവര്‍ഷ ചര്‍ച്ചയില്‍ പങ്കെടുത്ത പണ്ഡിതര്‍ അനവധി. സിദ്ധാന്തങ്ങള്‍ യുക്തിഭദ്രമായി അവതരിപ്പിച്ച വിദേശപണ്ഡിതര്‍ ഇവരാണ്. കാന്റര്‍ വിഷര്‍, ലോഗന്‍, സഞ്ചാരിയായ ബുക്കാനന്‍, ബഹുമുഖപ്രതിഭയായ ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട്. മലയാളക്കരയില്‍ നിന്നോ? പ്രൊഫ. സുന്ദരം പിള്ള, ശങ്കുണ്ണി മേനോന്‍, പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള, ശൂരനാടുകുഞ്ഞന്‍ പിള്ള, പ്രൊഫ.ഏ.ആര്‍.രാജരാജവര്‍മ്മ. ഇനിയുമുണ്ട് നിരവധി പ്രതിഭാധനര്‍.
കൊല്ലം കാലവാചിയായാല്‍ ആണ്ട്, വര്‍ഷം എന്നീയര്‍ത്ഥം സ്വീകരിക്കണം. അപ്പോഴത് ഇരട്ടിപ്പാകും. അതായത് വര്‍ഷാവര്‍ഷം അഥവാ ആണ്ടു വര്‍ഷം. കൊല്ലം സ്ഥലവാചിയായാണ് ചരിത്രഗവേഷകര്‍ പലരും സ്വീകരിച്ചിട്ടുള്ളത്.
ക്രിസ്തുവര്‍ഷം (ഏ.ഡി.) 825ന് (കലി വര്‍ഷം 3926) തിരുവിതാംകൂര്‍ വാണിരുന്ന ഉദയ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ‘കൊല്ല’ത്ത് എഴുന്നള്ളി വിദ്വാന്മാരെ വിളിച്ചുവരുത്തി സൂര്യന്റെ ഗതിനോക്കി ചിങ്ങം ഒന്നാം തീയതി മുതല്‍ ഒരു പുതിയ അബ്ദം നിശ്ചയിച്ചു. അതാണ് കൊല്ലവര്‍ഷം എന്നൊരു മതം.
പെരുമാള്‍ ഭരണം അവസാനിക്കുന്ന കാലസന്ധി. ചേരമാന്‍ പെരുമാള്‍ എന്ന കേരള ചക്രവര്‍ത്തി പന്തലായനി കൊല്ലത്തുവെച്ച് രാജ്യം പങ്കിട്ടതിന്റെ സ്മരണയ്ക്കു തുടങ്ങിയ വര്‍ഷം കൊല്ലവര്‍ഷം എന്ന് മറ്റൊരഭിപ്രായം.
ജഗദ്ഗുരു ശങ്കരാചാര്യര്‍ ദിഗ്വിജയം നടത്തി അദ്വൈതമതം സ്ഥാപിച്ചതിന്റെ സ്മാരകമാണ് കൊല്ലവര്‍ഷം എന്ന് മൂന്നാമതൊരു സിദ്ധാന്തം. മഹാരഥന്മാരുമായി ബന്ധപ്പെട്ടാണ് എല്ലാ അഭിപ്രായങ്ങളും എന്ന വസ്തുത ശ്രദ്ധേയം. മഹാരാജാവും ചക്രവര്‍ത്തിയും ആദ്ധ്യാത്മികാചാര്യനും കൊല്ലവര്‍ഷവുമായി ബന്ധിതരാണ് എന്നതില്‍ നമുക്കഭിമാനിക്കാം. അനുകൂലമായും പ്രതികൂലമായും ചിന്താധാരകളുണ്ട് എന്നുമറിയുക.
ഈ നവസര്‍ഗ്ഗാരംഭം എന്ന്? അതായത് കൊല്ലവര്‍ഷം എന്നാരംഭിച്ചു?
കേരളീയവത്സരഗണനാപദ്ധതി സമാരംഭിച്ചത് ഏ.ഡി.825ല്‍. കൊല്ലവര്‍ഷം ക്രിസ്തുവര്‍ഷം 825ല്‍ തുടങ്ങിയെന്ന കാലഗണനയോട് ചരിത്രഗവേഷകരെല്ലാം തന്നെ യോജിക്കുന്നു. ക്രിസ്ത്വബ്ദത്തില്‍ നിന്നും 825 എന്ന സംഖ്യ നേരെ കുറച്ചാല്‍ കൊല്ലവര്‍ഷം ലഭിക്കും. കൊളംബാബ്ദം, മലയാളവര്‍ഷം, കേരളീയ സംവത്സരം എന്നെല്ലാം കൊല്ലവര്‍ഷത്തിന് പ്രാചീന ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. ക്രിസ്തുവര്‍ഷവും കൊല്ലവര്‍ഷവും പരസ്പരം അറിയുന്നതിന് പഴയ ഒരു വഴിയുണ്ട്.
‘കൊല്ലത്തില്‍ ‘ശരജം’ കൂട്ടി
ക്രിസ്ത്വബ്ദം കണ്ടുകൊള്ളണം’
കൊല്ലവര്‍ഷത്തോട് ‘ശരജം’ (825) കൂട്ടിയാല്‍ ക്രിസ്തുവര്‍ഷം ലഭിക്കും. അക്ഷരങ്ങള്‍ക്ക് അക്കവില നല്‍കി കാലഗണന നടത്തുന്ന സമ്പ്രദായം ‘കടപയാദി’ എന്നും ‘പരല്‌പേര്’ എന്നും അറിയപ്പെടുന്നു. വരരുചിയുടെ ചന്ദ്രവാക്യങ്ങളിലുള്ളതാണ് കടപയാദി സംഖ്യാക്രമം. ഇതനുസരിച്ച് ശരജത്തിന്റെ സംഖ്യ 825. കൊല്ലവര്‍ഷം അധികം 825 സമം ഏ.ഡി. ഏ.ഡി. ന്യൂനം 825 സമം കൊല്ലവര്‍ഷം. കുട്ടികള്‍ക്കിങ്ങനെ പറഞ്ഞു കൊടുക്കാം.
കൊല്ലവര്‍ഷ ആരംഭത്തിലെ ഭാഷ
കേരളീയന്റെ മാതൃഭാഷ മലയാളം. മലയാളഭാഷോത്ഭവം എന്ന്? ഒരു ഭാഷയും ഒരു ദിവസം കൊണ്ട് ഉണ്ടാവില്ല. എത്ര കാലം കൊണ്ടാണ് വാമൊഴിയും വരമൊഴിയും സമ്പുഷ്ടമാകുന്നത്. കൊല്ലവര്‍ഷാരംഭത്തിനു മുമ്പ് ഏ.ഡി. അഞ്ചാം നൂറ്റാണ്ടോടെ ചില ശാസനങ്ങളിലാണ് മലയാളത്തിന്റെ പ്രഥമപ്രരോഹങ്ങള്‍ നാം കാണുന്നത്. തമിഴ്, വട്ടെഴുത്ത്, കോലെഴുത്ത്, നാഗരി, അറബി എന്നിങ്ങനെ വിവിധ ലിപികള്‍ പ്രാചീന ശാസനങ്ങളിലുപയോഗിച്ചിരുന്നു. ഇന്നത്തെ ഭാഷയുമായി ഒരു ബന്ധവും ഇവയ്ക്കില്ല.
കൊല്ലവര്‍ഷാരംഭത്തോടെയാണ് മലയാളഭാഷ രൂപം കൊള്ളാന്‍ തുടങ്ങിയത്. അതുവരെ തമിഴായിരുന്നു സംസാരഭാഷ. തമിഴിന്റെ പ്രാദേശികഭാഷാഭേദമാണ് നമ്മുടെ മലയാളം. മലനാട്ടുതമിഴ് രാഷ്ട്രീയവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ മലയാളമായി ചമഞ്ഞു എന്ന് കേരളപാണിനി പ്രൊഫ.ഏ.ആര്‍.രാജരാജവര്‍മ്മ.
മലയാളശബ്ദം തീര്‍ത്തും ആധുനികമാണ്. മലയായ്മ, മലയാഴ്മ, മലയാണ്‍മ തുടങ്ങിയവ പഴയ ശബ്ദങ്ങള്‍. ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്രഗ്രന്ഥത്തില്‍ ‘മലയാംപാഴ’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. സംഘകാലത്ത് ചെന്തമിഴില്‍ കേരളീയര്‍ സാഹിത്യസൃഷ്ടി നടത്തിയിരുന്നു. സാഹിത്യം എന്നാല്‍ കാവ്യം. ചിലപ്പതികാര കര്‍ത്താവായ ഇളങ്കോ അടികള്‍ കേരളീയനാണത്രെ.
സംസ്‌കൃതത്തിന്റെ അതിപ്രസരം മലയാളത്തില്‍ വളരെ കൂടുതലാണ്. സംസ്‌കൃതം കേരളഭാഷയുടെ വര്‍ണ്ണ/പദസമ്പത്തിനു നല്‍കിയ മുതല്‍ക്കൂട്ട് ശ്രദ്ധേയം. പന്ത്രണ്ടാം നൂറ്റാണ്ടോടെയാണ് മലയാളത്തില്‍ ഗ്രന്ഥരചന തുടങ്ങിയത്. ആദ്യത്തെ ലിഖിതകൃതി രാമചരിതവും. ഏറിയാല്‍ ആയിരം വര്‍ഷത്തെ പഴക്കം മാത്രമേ നമ്മുടെ മാതൃഭാഷയ്ക്കുള്ളൂ. പതിനെട്ടാം നൂറ്റാണ്ടിലെ മലയാളിയും ഇരുപതാം നൂറ്റാണ്ടിലെ മലയാളിയും കണ്ടുമുട്ടി ‘ഭാഷ’ പറഞ്ഞാല്‍ ഇരുവര്‍ക്കും മനസ്സിലാവില്ല എന്നതാണ് നേരായ നേര്. ശ്രേഷ്ഠഭാഷാപദവി ലഭിച്ചതില്‍ നാം അഭിമാനിക്കുക. ഔദ്യോഗിക ഭാഷയാവാനുള്ള തന്റേടമോ തടിമിടുക്കോ വര്‍ത്തമാനകാല മലയാളത്തിനില്ല എന്നതാണ് സത്യം. നാമല്ലാതെ മറ്റാരും നമ്മുടെ ഭാഷയെ സ്‌നേഹിക്കുകയില്ല എന്ന തിരിച്ചറിവാണ് ഓരോ മലയാളിക്കും ഇന്നുവേണ്ടത്.
ഏതുരാജ്യത്തിന്റെയും തനതു സംസ്‌കാരത്തിന്റെ ആധാരശ്രുതി മാതൃഭാഷയാണ്. വ്യവസ്ഥാപിതമായ ജീവിതക്രമങ്ങള്‍ ഒരു ജനതയ്ക്കുണ്ടാവുന്നത്. ഭാഷ എന്ന ചരത്തെ (Variable) അധികരിച്ചാണ്. പറയുന്ന ഭാഷ എഴുതുന്ന ഭാഷയാകുമ്പോള്‍ വ്യവസ്ഥകളേറെയുണ്ടാവുന്നു. വാമൊഴിയില്‍ നിന്നും വരമൊഴിയിലേക്ക്, വചനത്തില്‍ നിന്നും ലേഖനത്തിലേക്ക് ദൂരമേറെയുണ്ട്. രണ്ടിന്റെയും വികാസപരിണതികളുടെ വിലോഭനീയതയാണ് ഒരു ജീവല്‍ ഭാഷയ്ക്കു (Living Language) ജന്മം നല്‍കുന്നത്. മലയാളം മൃതഭാഷയാവാതിരിക്കട്ടെ. ഭാഷ മൃതമാകുമ്പോള്‍ സംസ്‌കാരം സമാധിയടയും.
ശ്രാവണ ശ്രുതി
അതിപ്രാചീനമായ ഒരു തുണ്ടുകവിതയിങ്ങനെ: ”ചിങ്ങം ഞാറ്റില്‍ ചിനുങ്ങിച്ചിനുങ്ങി.” ചിങ്ങമാസത്തില്‍ മഴ നന്നേ കുറവെന്നര്‍ത്ഥം. കാലാവസ്ഥാവ്യതിയാനമില്ലാതിരുന്ന കാലത്തെ കവിത. ഒമ്പതാം നൂറ്റാണ്ടിലെ ഒരോണപ്പാട്ടിലാണ് മലയാളത്തിന്റെ ഓണസങ്കല്പം ഘനീഭവിച്ചുകിടക്കുന്നത്. ഓണമാണല്ലൊ ചിങ്ങമാസത്തെ ഉര്‍വരമാക്കുന്നതും.
‘മാവേലി നാടുവാണീടും കാലം’ എന്നു തുടങ്ങുന്ന മഹാബലി ചരിതമെന്ന പാടിപ്പതിഞ്ഞ പാട്ടിന്റെ ഈണങ്ങളിലിതള്‍ വിരിയുന്ന അനുഭൂതി ആഹ്ലാദഭരിതം തന്നെ. ഒരു കിളി പറന്ന് കവിയുടെ അരികില്‍ വന്നിരിക്കുന്നു. തൃക്കാക്കര നിന്നും യാത്രതിരിച്ച കിളി അവിടത്തെ വിശേഷങ്ങള്‍ പറയുന്നു. മഹാബലിയുടെ ഭരണകാലത്തെ കലവറയില്ലാതെ പ്രകീര്‍ത്തിക്കുകയാണ്. ശ്രാവണ ശ്രുതിയാണ് മഹാബലി ചരിതം. നമ്മുടെ വൈലോപ്പിള്ളി മാഷ് ഗതകാല രമണീയകങ്ങളെമ്പാടും ഭാവിയില്‍ വീണ്ടും ഉയിര്‍ക്കൊള്ളുമെന്ന് പ്രത്യാശിച്ചുകൊണ്ട് ‘ഓണപ്പാട്ടുകള്‍’ എന്ന കവിത ഇങ്ങനെ അവസാനിപ്പിക്കുന്നു:
”പോവുക! നാമെതിരേല്‍ക്കുക
നമ്മളൊരുക്കുക നാളെയൊരോണം.”