കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പല കക്ഷികളും തിരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ ഉള്‍പ്പെടുത്തിയ വിഷയമാണ് ജാതി സെന്‍സസ്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്സ് ‘വേ(ണ്ട) ണം’ എന്ന നയമാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പിനുശേഷം ‘ഇന്‍ഡി’യുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ പ്രഖ്യാപിച്ചത്, തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് നടത്തുമെന്നു തന്നെയാണ്.
എന്താണു ജാതി? ജാതി നിര്‍ണ്ണയത്തിന്റെ മാനദണ്ഡമെന്ത്? എന്നീ കാര്യങ്ങള്‍ ഇന്നും അവ്യക്തവും വിവാദാസ്പദവുമാണ്. ‘ജാതി’ എന്ന വാക്ക് പലകാലങ്ങളിലും പല അര്‍ത്ഥങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. മഹാഭാരതം എന്ന ഇതിഹാസത്തില്‍ ജാതിശബ്ദം ചെയ്യുന്ന തൊഴിലിന്റെയും ജനിച്ച പ്രദേശത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്. ജാതിയും വര്‍ണ്ണവും ഒന്നുതന്നെയാണെന്ന വാദം ആധുനികമാണ്. ഇന്നത്തെ ജാതി ജനനത്തിന്റെ അടിസ്ഥാനത്തിലാണ്. വര്‍ണ്ണം എല്ലാ കാലത്തും ഗുണകര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ണ്ണയിച്ചിരുന്നത്. ജനനവുമായി അതിനൊരു ബന്ധവുമില്ല.
ഇന്നത്തെ ജാതിനാമങ്ങളില്‍ പലതും ആധുനികമാണ്. ഒട്ടേറെ ഉപജാതികളും അടുത്തകാലത്തായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുദേവന്‍ ജാതിയെപ്പറ്റി രണ്ടു കവിതകള്‍ എഴുതിയിട്ടുണ്ട്. ജാതിനിര്‍ണ്ണയം, ജാതിലക്ഷണം എന്നീ പേരുകളിലാണവ. ജാതിനിര്‍ണ്ണയത്തിലാണ് പ്രസിദ്ധമായ സൂക്തമുള്ളത്. അതിതാണ്: –
‘ഒരു ജാതി, ഒരു മതം
ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാര-
മൊരുഭേദവുമില്ലതില്‍
ഇതിന്റെ അര്‍ത്ഥം വ്യക്തമാണ്. വ്യക്തിനിഷ്ഠമാണ് ജാതിയും മതവും ദൈവവും.
‘മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ ഗോത്വം ഗവാം തഥാ.’
മനുഷ്യത്വമാണ് മനുഷ്യന്റെ ലക്ഷണം. മൃഗത്വം മൃഗങ്ങളുടേയും.
വസ്തുക്കളെ തിരിച്ചറിയുന്നതിനാണ് ജാതി ഉണ്ടായത്. മനുഷ്യരെ ഒരു ജാതിയായി കണക്കാക്കാം. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്നും ഗുരു പറഞ്ഞു.
ഇന്നത്തെ ജാതിസമ്പ്രദായം യുക്തിയും അര്‍ത്ഥവും ന്യായവും ഇല്ലാത്ത ഏര്‍പ്പാടാണ്. തിരിച്ചറിയാന്‍ കഴിയാത്തതും മാനസികമായ ഭിന്നത സൃഷ്ടിക്കുന്നതുമാണ്. താന്‍ നേതൃത്വം കൊടുത്ത ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം പോലും ജാതി സംഘടനയായി മാറുന്നതുകണ്ട ഗുരുദേവന്‍ ”നമുക്കു ജാതിയില്ല” എന്ന് പ്രഖ്യാപിച്ചു.
ഭാരതത്തിലെ നവോത്ഥാന കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന പ്രസ്ഥാനങ്ങളും നേതാക്കളും ജാതിയും തജ്ജന്യമായ അയിത്തവും അനാചാരങ്ങളും നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നാണാവശ്യപ്പെട്ടത്. ജാതിയെ ഒരു പിശാചായിട്ടാണ് മഹാകവി വള്ളത്തോള്‍ വിശേഷിപ്പിച്ചത്.
‘ജാതി! ഹാ! നരകത്തില്‍നിന്നു പൊങ്ങിയെത്തിയ
പര്‍തിന്നും പിശാചിന്റെയേട്ടിലെ രണ്ടക്ഷരം’
ലോകത്തെ നശിപ്പിക്കുന്നതാണു ജാതി എന്നു വള്ളത്തോള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആദ്യം നശിപ്പിക്കുന്നത് ഹിന്ദുസമാജത്തെയാണ് എന്ന് നമുക്ക് ബോദ്ധ്യമാണ്.
‘ഹന്തയിജ്ജാതിയെ ഹോമിച്ചൊഴിച്ചാല്‍ നിന്‍-
ചിന്തിതം സാധിച്ചു രത്‌നഗര്‍ഭേ’ എന്നു കുമാരനാശാന്‍ എഴുതിയിരിക്കുന്നു.
ജാതി സെന്‍സസ് വേണമെന്നു പറയുന്നവരുടെ ലക്ഷ്യമെന്താണ്? ഒരു അനുഭവം നമ്മുടെ മുന്നിലുണ്ട്. മതസെന്‍സസിന്റെ ഫലം വ്യക്തമാണ്. 1881-ല്‍ സെന്‍സസിനോടൊപ്പം ആദ്യമായി മത സെന്‍സസ് ഏര്‍പ്പെടുത്തി. അതുവരെ ഹിന്ദുജനത ഒന്നായിരുന്നു. ബുദ്ധിമാന്മാരായ ഇംഗ്ലീഷുകാര്‍ ഹിന്ദുജനതയെ മതങ്ങളായി തിരിച്ചു കണക്കെടുപ്പു നടത്തി. അങ്ങനെ മുസ്ലീങ്ങള്‍ക്കു നിര്‍ണ്ണായക സ്വാധീനമുണ്ടെന്നു തെളിയിച്ചു. അതാണു പാകിസ്ഥാന്റെ പിറവിക്കു കാരണം. ഇപ്പോള്‍ ഖാലിസ്ഥാന്‍ വാദത്തിനടിസ്ഥാനവും അതു തന്നെ.
ജാതി സെന്‍സസ് പുതിയ ജാതിസ്ഥാനുകള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്കു തുടക്കം കുറിക്കും. അവശേഷിക്കുന്ന ഹിന്ദുജനതയും തകര്‍ന്നുപോകാന്‍ അതു കാരണമായി തീരും. അതുകൊണ്ട് ഗാന്ധിജി പറഞ്ഞതുപോലെ, ‘എത്രവേഗം ജാതിയെ നശിപ്പിക്കുന്നുവോ അത്രയും നല്ലത്.’
ജാതിയെ നിലനിര്‍ത്താനും അതിന്റെ പേരില്‍ ഭിന്നത വളര്‍ത്താനും കലാപമുണ്ടാകാനും ഇടയാക്കുമെന്നതിനാല്‍ ജാതി എന്ന ആശയത്തെ കുഴിച്ചുമൂടണം. സ്വാഭാവികമായും ജാതിസെന്‍സസ് എന്ന ആശയവും കുഴിച്ചുമൂടപ്പെടും.