‘കലാമണ്ഡലത്തില്‍ ചിക്കന്‍ ബിരിയാണി’ കേട്ടില്ലേ? എന്ന് ചോദിച്ചു കൊണ്ട് ശ്രീമതി സ്വീകരണ മുറിയിലെത്തി. തീര്‍ത്തും അപ്രിയ സ്വരം. ഞാനും സുഹൃത്ത് ബാലചന്ദ്രനും കൂടി കാര്യമായ എന്തോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
സുഹൃത്ത് പറഞ്ഞു ‘വിനാശ കാലേ വിപരീത ബുദ്ധി’.
ഞാന്‍ കൗണ്ടര്‍ ചെയ്തു: ‘നോക്കൂ അവിടത്തെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജീവനക്കാരും അതിനെ സ്വാഗതം ചെയ്‌തെങ്കില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? നിങ്ങള്‍ പവിത്രമെന്നു കരുതുന്നത് എന്തും അപവിത്രമാക്കലാണ് കമ്മ്യുണിസ്റ്റുകളുടെ ജോലി. അവരല്ലേ ഭരിക്കുന്നത്? അവരുടെ നവോത്ഥാനം താമസികതയാണെങ്കില്‍ സാത്വികത അവിടം വിട്ടു പോകും. അവരെ അധികാരത്തിലേറ്റിയ ജനം അതാവും ആഗ്രഹിക്കുന്നത്.’
‘അപ്പൊ ഇനി മുതല്‍ കത്തി, കരി, താടി വേഷങ്ങള്‍ മാത്രം പഠിപ്പിച്ചാല്‍ മതി അല്ലേ? ആസുരതാളങ്ങളും അതിനനുസരിച്ച കഥകളും വരും. സംസ്ഥാന ഭരണത്തിന് അനുയോജ്യമാവണ്ടേ കലാമണ്ഡല ഭരണവും? പിന്നെ സ്ത്രീവേഷം പര്‍ദ്ദ ധരിച്ചാവും ആടുന്നത്.’
‘ഹ ഹ ഹ’ അതാലോചിച്ച് ഞങ്ങള്‍ ചിരിച്ചു.
ശ്രീമതി ഇടപെട്ട് പറഞ്ഞു ‘ഒപ്പന ഡാന്‍സിലെ വേഷത്തിന് കഥകളിയിലെ സ്ത്രീവേഷത്തോട് സാമ്യമുണ്ട്. പിന്നെ തട്ടവുമുണ്ടല്ലോ?’
ബാലചന്ദ്രന് അതെന്തോ അത്ര ഇഷ്ടപ്പെട്ടില്ല. പുള്ളി പറഞ്ഞു ‘എങ്കില്‍ പിന്നെ ആണ്‍ വേഷം അറബിക്കന്തുറ മതി. അറബി വേഷവും മുഖത്ത് ചെങ്കൊടിച്ചോപ്പും. കഥ കിരാതന്‍തുള്ളല്‍ അല്ലെങ്കില്‍ ദുശ്ശാസനവിജയം.’
‘ഹ ഹ ഹ..’ എല്ലാവരും ചിരിച്ചു.
അപ്പോള്‍ ഞാന്‍ പറഞ്ഞു ‘ഷിപ്പ് ഓഫ് തീസിയൂസ്’ എന്ന് കേട്ടിട്ടില്ലേ? അത് പോലെയാവും കലാമണ്ഡലം.’
‘അതെന്താ?’
‘തീസിയൂസിന്റെ കപ്പല്‍, അതൊരു ഫിലോസഫിക്കല്‍, തത്വചിന്താപരമായ വെല്ലുവിളിയാണ്. ഗ്രീക്ക് പുരാണത്തില്‍ ഏതന്‍സിലെ രാജാവായ തീസിയൂസ് ഉണ്ടാക്കിയ കപ്പല്‍ വളരെ പ്രശസ്തമായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍, ഭരണം മാറി മാറി വന്നപ്പോള്‍, നിരവധി രാജാക്കന്മാര്‍ ആ കപ്പലില്‍ കാലോചിതവും അവര്‍ക്കനുയോജ്യവുമായ മാറ്റങ്ങള്‍ വരുത്തി. അങ്ങനെ സത്യത്തില്‍ ആ കപ്പലിലെ സകലതും മാറി. അങ്ങനെയെങ്കില്‍ ആ കപ്പലിനെ ഇപ്പോള്‍ തീസിയൂസിന്റെ കപ്പല്‍ എന്ന് പറയാമോ എന്നാണ് ചോദ്യം?’
‘എന്ന് വെച്ചാല്‍ കലാമണ്ഡലം പേരില്‍ അങ്ങനെ നില നില്ക്കും. അതിനുള്ളിലെ കാര്യങ്ങള്‍ എല്ലാം മാറും എന്നോ?’
‘സംഭവിച്ചേക്കാം. അത് കഷ്ടപ്പെട്ട് വളര്‍ത്തിക്കൊണ്ടുവന്ന വള്ളത്തോളിനെയും മുകുന്ദരാജയെയുമൊക്കെ നമുക്കറിയുംപോലെ വോട്ട് ചെയ്യുന്നവര്‍ക്ക് അറിയില്ലല്ലോ? ജനസംഖ്യയാണല്ലോ വോട്ട് സംഖ്യയായി മാറുന്നത്. എന്ത് ചെയ്യാം? കലയുടെ ക്ഷേത്രമാണ് കലാമണ്ഡലം, ക്ഷേത്രമാതൃകയിലാണ് കെട്ടിടം, വേദി കൂത്തമ്പലമാണ്, കലാസപര്യയാണ് അവിടത്തെ പൂജ, അത് സാത്വിക പൂജയാണ്.’
‘അതിലെ ബ്രാഹ്മണിക്കല്‍ ഹെജിമണി തകര്‍ത്ത് ഭാരതീയത തകര്‍ത്ത് അതിനെ സമൂഹത്തിലെ മതന്യൂനപക്ഷങ്ങള്‍ക്കും അടിയാളവര്‍ഗ്ഗങ്ങള്‍ക്കും ആസ്വാദ്യമാക്കല്‍ എന്ന ദൗത്യമേറ്റെടുത്ത് സാര്‍വജനീനമാക്കുന്നതിന്റെ ഭാഗമായാണത്രെ ഇതൊക്കെ. താമസിയാതെ കേരളത്തിലെ മഹാ ക്ഷേത്രങ്ങളും ഇത്തരം മാറ്റങ്ങള്‍ക്കു വിധേയമാവും.. നാം സൂക്ഷിച്ചില്ലെങ്കില്‍.’
‘ശരിയാണ് ബഷീര്‍ ദിനം പോലെ ഏതു സാഹിത്യകാരന്റെ ദിനമാണ് ഇപ്പോള്‍ ആഘോഷിക്കുന്നത്? അതിനെതിരെ ആര്‍ക്ക് എന്ത് പറയാന്‍ സാധിക്കും?’
‘കേരളം മാറി വരുകയാണ്. ഈയിടെ വിക്കിപീഡിയയില്‍ മന്തി എന്ന വാക്കിന്റെ അര്‍ത്ഥം തിരയുന്ന ഞാന്‍ കുഴിമന്തി കേരളത്തിലെ പോപ്പുലര്‍ ഫുഡ് ആണെന്ന് അറിഞ്ഞു ചകിതനായി.’
ബാലചന്ദ്രന്‍ പറഞ്ഞു.
‘ഇപ്പോള്‍ ഹൈവേയിലൂടെ പോകുന്നവര്‍ക്ക് എളുപ്പത്തില്‍ കാണാന്‍ ഒരു ചുമര്‍ വലുപ്പത്തില്‍ ‘കു’ എന്നെഴുതി വെച്ചത് കണ്ടു.’
അപ്പോഴേയ്ക്കും ചായയുമായി വന്ന വീട്ടുകാരി പറഞ്ഞു.
‘എന്തൊരു പേര്? ..അത് കേട്ടാല്‍ എങ്ങനെയാണ് തിന്നാന്‍ തോന്നുന്നത്?’
‘അറബിയില്‍ ‘മെന്‍ധി’ എന്നാണ് പറയുന്നത്. സംസ്‌കാരമില്ലാത്തവര്‍ കോപ്പിയടിക്കുമ്പോള്‍ മന്തി എന്നാവും. കുഴിയിലിട്ട് ആവിയില്‍ വേവിച്ചാണ് ഉണ്ടാക്കുന്നത് എന്ന് കാണിക്കാന്‍ കുഴി കൂടെ ചേര്‍ത്തു എന്ന് മാത്രം. അറബി സംസ്‌കാരം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുമ്പോളേ യഥാര്‍ത്ഥ മുസ്ലീമാവൂ എന്ന് ചിലര്‍ കരുതിയാല്‍ നിവൃത്തിയൊന്നുമില്ല. ‘ഷവര്‍മ്മ’ എന്ന കെട്ടിത്തൂക്കി കരിച്ച മാംസാഹാരം ഈര്‍പ്പം അധികമുള്ള കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ചതല്ല. കാര്‍സിനോജന്‍ എന്ന രാസപദാര്‍ത്ഥം മാത്രമല്ല ധാരാളം ബാക്ടീരിയയെയും അകത്താക്കാം. ഭവിഷ്യത്തുക്കള്‍ നാം കണ്ടതാണ്. പരിശോധന അപകടം നടന്നാല്‍ മാത്രമേ കാണൂ. ബാക്കിയൊക്കെ പണത്തിനുമേല്‍ പറക്കും. ഫിലഫില്‍, കോഫ്ത്ത, അല്‍ഫാം എന്തൊക്കെ അറബി ഫുഡാണ് ഇപ്പോള്‍…പറിച്ചു നടുന്ന സംസ്‌കാരം.’
‘ശരിയാണ്. വിശ്വാസം, വേഷം, ഭാഷ, ഭക്ഷണം മാത്രമല്ല യഥാര്‍ത്ഥ അനുയായികളാണെന്നു കാണിക്കാന്‍ ചിലര്‍ സ്ഥലം വാങ്ങി മരുഭുമിയാക്കി ഒട്ടകത്തെ വരെ ഇറക്കുമതി ചെയ്‌തേയ്ക്കാം എന്ന് തോന്നും. അത്രയ്ക്കുണ്ട് ഭക്ഷണത്തിലെ നവോത്ഥാനം.’
‘വാസ്തവത്തില്‍ കേരളം തന്നെ ഒരു തീസിയൂസിന്റെ കപ്പലല്ലേ? ഇന്നത്തെ ഭൂപ്രമാണിമാര്‍ ആരാണ്? ആരാണ് ഉദ്യോഗപതികള്‍? തൊഴില്‍ദാതാക്കള്‍? തൊഴിലാളി നേതാക്കള്‍? ആരാണ് കൂറ്റന്‍ ബൂര്‍ഷ്വാകള്‍! ആരാണ് ന്യൂനപക്ഷം? ആരാണ് ഭൂരിപക്ഷം? കാലം എല്ലാറ്റിനെയും മാറ്റും.. മഹാകവി വള്ളത്തോള്‍ തന്നെയല്ലേ ഇങ്ങനെ കാലത്തെപ്പറ്റി പാടിയത്:
‘കാലത്തിനെപ്പോള്‍ കറുക്കുന്നുവോ മുഖ-
മീലോകമപ്പോളിരുട്ടില്‍ പതിക്കയായ്.
കാലമെപ്പോളൊന്നു പുഞ്ചിരിക്കൊണ്ടിടു-
മീലോകമപ്പോള്‍ തെളിഞ്ഞു ലസിക്കയായ്.
മീതെ വര്‍ത്തിച്ചവര്‍ താഴെയാം കാല്‍ക്ഷണാല്‍
മീതെയാം കാല്‍ക്ഷണാല്‍ താഴെ വര്‍ത്തിച്ചവര്‍
നമ്മളെക്കൊണ്ടൊക്കെയിട്ടു തെരു തെരെ-
യമ്മാനമാടുന്നു കാലം തിരുവടി.’
‘ശരിയാണ്. കാലത്തിന്റെ ഈ മാറ്റം കലാമണ്ഡലത്തിലും ഒരിക്കല്‍ നടക്കുമെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കുമോ?’
‘ഉണ്ടാവാന്‍ ഇടയില്ല. ഗാന്ധിജിയെ ഗുരുനാഥനായി കണ്ട കടുത്ത അഹിംസാവാദിയായിരുന്നു മഹാകവി വള്ളത്തോള്‍. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഒരുകാലത്ത് നിലനിന്നിരുന്ന ജന്തുബലിയെക്കുറിച്ച് ‘പൈശാചയജ്ഞം’ എന്ന കവിതയെഴുതിയ അദ്ദേഹത്തിന് കലാമണ്ഡലത്തിലെ ഈ നവോത്ഥാന കോഴി ബിരിയാണി സങ്കല്‍പ്പിക്കാന്‍ കൂടി കഴിയുമായിരിക്കില്ല. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുമ്പില്‍ ഇപ്പോഴുള്ളവര്‍ ചെയ്ത പൈശാചയജ്ഞം തന്നെ ഇത്.’
‘ശരിയാണ്.’ ബാലചന്ദ്രന്‍ സമ്മതിച്ചു.
‘നോക്കൂ അവര്‍ക്കുള്ള താക്കീത് അന്ന് തന്നെ കവി ചൊല്ലിയിട്ടുണ്ട്:
‘ഘാതകരെ നിങ്ങള്‍, നിങ്ങള്‍ക്കൊരു പെരും-
വൈതരണിയിച്ചോരയാല്‍ നിര്‍മ്മിച്ചു-
നിങ്ങള്‍തന്‍ കാളരാത്രിതന്‍ സന്ധ്യയാ-
ണിങ്ങു കാണ്മതു രക്തക്കുരുതിയായ്!
‘കൊല്ലുവോന്‍ കൊലയേല്‍പു’ വിതച്ചതേ
കൊയ്യുകയുള്ളൂ കര്‍മ്മമനുല്ലംഘ്യം.’
കോഴിക്കുരുതിയെക്കുറിച്ചാണ് പറയുന്നതെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് ഇവിടെ തുറന്നു കാട്ടുന്നുണ്ട്. തുടര്‍ന്നുള്ള വരികള്‍ അദ്ദേഹം ഒരിക്കലും ഇതിനു സമ്മതം മൂളില്ല എന്ന് തോന്നിപ്പിക്കുന്നവയാണ്.
‘പുല്‍ക്കൊടിത്തല നുള്ളുന്നതുപോലു –
മുഗ്രപാപമായ്ക്കണ്ട കണ്ണുള്ളവര്‍,
ഉള്ളുകൊണ്ടുമുടല്‍കൊണ്ടുമാവിധം
ചൊല്ലുകൊണ്ടുമഹിംസയെസ്സേവിച്ചോര്‍
മംഗലാത്മാക്കളെറെപ്പെരുത്തുപേ-
രെങ്ങുജാതരായ് എങ്ങു കുടികൊണ്ടു;
മാനനീയമാ രാജ്യം സഹിക്കുമോ
മാനവന്റെയീ മാംസാദിചേഷ്ടിതം-
യജ്ഞസംജ്ഞം നിരപരാധവധം
വിജ്ഞഗര്‍ഹിതം വിശ്വഭയാനകം?’
എന്നിട്ട് പറയുന്നു …
‘ഭദ്രകാളീ ഭയാപഹേ കൈതൊഴാം!
പുത്രവത്സലേ, ലോകൈകമാതാവേ,
ഇന്നു തന്നെ നിന്മക്കളീ മൗഢ്യത്തില്‍-
നിന്ന് കേറാന്‍ കനിവരുളേണമേ!’ എന്ന്.
വള്ളത്തോളിന്റെ കവിത വായിച്ചവര്‍ കലാമണ്ഡലത്തില്‍ എത്ര പേരുണ്ടാവും?
‘ആരുമുണ്ടാവില്ല..’
എന്ന് പറഞ്ഞു ബാലചന്ദ്രന്‍ പേപ്പര്‍ എടുത്ത് ‘ഇനി നമ്മുടെ കാര്യത്തിലേക്ക് വരാം’ എന്ന് പറഞ്ഞു.
‘അപ്പോള്‍ നാം പറഞ്ഞതൊന്നും കാര്യമല്ലേ?’
‘ഹ.ഹ.ഹ’ എല്ലാവരും ചിരിച്ചു.