ഭാരതത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബഡ്ജറ്റ് 2024 ജൂലായില്‍ ധനകാര്യ മന്ത്രി അവതരിപ്പിച്ചു. ഈ ബഡ്ജറ്റിന്റെ പ്രധാന വിഷയങ്ങള്‍ (1) തൊഴില്‍ വര്‍ദ്ധന, (2)നൈപുണ്യ വികസനം (Skilling) (3) സൂക്ഷ്മ ചെറു, ഇടത്തരം വ്യവസായങ്ങള്‍ (MSME), (4) മധ്യവര്‍ഗ്ഗ ജനതയുടെ സര്‍വ്വതോന്മുഖ വികസനം എന്നിവയാണ്. ഇതെല്ലാം ഊന്നല്‍ നല്‍കുന്നത് വികസിത ഭാരതം എന്ന ശ്രദ്ധയിലൂന്നിയാണ്. ഇപ്പോള്‍ തന്നെ ഭാരതം സാമ്പത്തിക, സൈന്യ ശക്തിയില്‍ മേല്‍ത്തരം രാജ്യങ്ങളുടെ അടുത്താണ്. സാമ്പത്തിക ശക്തിയില്‍ മൂന്നോ, നാലോ സ്ഥാനത്തേക്ക് കുതിക്കുകയാണ് നമ്മള്‍. ഇതെല്ലാം ത്വരിത വേഗത നേടിയത് ഇക്കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളിലാണ്. ഈ ബജറ്റില്‍ കാര്‍ഷികമേഖലയുടെ വികസനം എടുത്തു കാണാവുന്നതാണ്. ആധുനിക കാല സാങ്കേതിക വിദ്യയെ കാര്‍ഷിക മേഖലയില്‍ കൂട്ടിച്ചേര്‍ത്ത് കാര്‍ഷിക വികസനവും അതിലൂടെ ഭക്ഷ്യ സ്വയം പര്യാപ്തതയും ലക്ഷ്യം വെക്കുന്നു. പ്രതികൂല കാലാവസ്ഥയെ ചെറുക്കുന്ന പുതിയ അത്യുല്‍പാദനശേഷിയുള്ള 109 ഇനം വിത്തുകള്‍ കര്‍ഷകര്‍ക്കായി വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇത് കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കും. ഇവിടെ നിര്‍മ്മിത ബുദ്ധിയുള്‍പ്പെടെയുള്ള സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതിനാല്‍ അഭ്യസ്തവിദ്യരായ പുതുതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കും. അടുത്ത രണ്ട് വര്‍ഷത്തേക്ക് ഒരു കോടി കര്‍ഷകരെ സ്വാഭാവിക കൃഷി വൃത്തിയില്‍ സഹായിക്കാന്‍ ബജറ്റ് ഊന്നല്‍ നല്‍കുന്നു. കൃഷി മേഖലയില്‍ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (DPI) ഉപയോഗിച്ച് 400 ജില്ലകളില്‍ ധാന്യസര്‍വ്വേയും (Crop Survey) മറ്റു വിവരശേഖരണവും നടത്തുന്നുണ്ട്. അതുവഴി ”ജന്‍ സമൃദ്ധ്” ഇന്‍ഷുറന്‍സ് പദ്ധതിയും, കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനെ അടിസ്ഥാനമാക്കി നടത്തുന്നതിന് ബജറ്റ് വിഭാവനം ചെയ്യുന്നു. ഇങ്ങനെ കാര്‍ഷിക മേഖലയില്‍ നൂതനമായ വിപ്ലവം സൃഷ്ടിച്ച് സ്വയം പര്യാപ്തതയിലേക്ക് ഭാരതം നീങ്ങുന്നു.
ഇനി തൊഴിലിനും, നൈപുണ്യ വികസനത്തിനുമായി ബഡ്ജറ്റില്‍ നിരവധി പരിപാടികള്‍ ഉള്ളത് പരിശോധിക്കാം. 210 ലക്ഷം യുവജനതക്ക് പ്രയോജനം കിട്ടുന്ന വിധത്തില്‍ പുതു തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആദ്യത്തെ ഒരു മാസ വേതനം സര്‍ക്കാര്‍ നല്‍കുന്നു. അതുപോലെ പുതുതായി ചേരുന്ന തൊഴിലാളികള്‍ക്ക് ആദ്യ രണ്ട് വര്‍ഷത്തേക്ക് മാസം തോറും പ്രൊവിഡന്‍ ഫണ്ട് (EPFO) 3000 രൂപ വരെ എന്ന നിരക്കില്‍ സര്‍ക്കാര്‍ അടക്കും എന്ന് ബഡ്ജറ്റ് രേഖപ്പെടുത്തുന്നു. ഇത് 50 ലക്ഷം പുതിയ തൊഴില്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ വനിതാ ഹോസ്റ്റലുകളില്‍ സര്‍ക്കാര്‍ ഭാഗധേയം വഹിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് വനിതകളുടെ തൊഴില്‍ വര്‍ദ്ധനവിനു കാരണമാകും. ഓരോ വര്‍ഷവും 25000 കുട്ടികള്‍ക്ക് 7.5 ലക്ഷം രൂപ വരെ വിദ്യാഭ്യാസ ലോണിന് കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുമെന്ന് ബജറ്റ് പറയുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് 10 ലക്ഷം രൂപ നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതെല്ലാം വിദ്യാര്‍ത്ഥികളുടെ പ്രോത്സാഹനത്തില്‍ ഉള്‍പ്പെടുന്നു.
നൈപുണ്യ വികസനത്തിന്റെ ഭാഗമായി അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം യുവജനങ്ങളെ വൈദഗ്ദ്ധ്യം നേടുന്നതിനായി പരിശീലിപ്പിക്കുന്നു. 1000 ഐ.ടി.ഐകളുടെ നിലവാരമുയര്‍ത്തി ഇതിനുള്ള ഹബ്ബ് ആക്കാന്‍ പരിപാടിയിടുന്നു. വ്യവസായ മേഖലയുടെ വികസനത്തിനുതകുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ആരംഭിക്കുന്നു.
ഇനി ബീഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നീ കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കി പുതിയ ഒരു കോറിഡോര്‍ രൂപീകരിക്കാന്‍ ബഡ്ജറ്റ് ഉദ്ദേശിക്കുന്നു, ഇവിടെ വ്യവസായ വികസനമാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. ആന്ധ്രാപ്രദേശ് റിഓര്‍ഗനൈസേഷന്‍ ആക്ട് പ്രകാരം അവിടെയും വികസന കോറിഡോര്‍ രൂപീകരിക്കും.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പുതിയതായി ഒരു കോടി പാവങ്ങള്‍ക്ക് വീടു നിര്‍മ്മിക്കാന്‍ 10 ലക്ഷം കോടി രൂപ നീക്കിവച്ചിരിക്കുന്നു.
ഊര്‍ജ്ജ മേഖലയില്‍ എനര്‍ജി ഓഡിറ്റ് നടപ്പാക്കുന്നു. ഈ മേഖലയില്‍ പുതിയ ഗവേഷണങ്ങള്‍ ആരംഭിക്കുന്നു. ന്യൂക്ലിയര്‍ രംഗത്ത് ചെറു റിയാക്ടറുകളെ പറ്റി പഠിക്കുന്നു. ഒരു കോടി വീടുകള്‍ക്ക് സൗജന്യ വൈദ്യുതി സഹായം പരീക്ഷിക്കുന്നു.
ടൂറിസം മേഖലയെ പൗരാണിക ക്ഷേത്രങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു കോറിഡോര്‍ രൂപീകരിക്കുന്നു. ഇങ്ങനെ വിവിധ മേഖലയിലും നൂതനമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഭാരതത്തിന്റെ ലക്ഷ്യം സ്വയം പര്യാപ്തതയിലൂന്നിയ വികസനമാണ്.
ഇനി കേരളത്തിന്റെ കാര്യം പരിശോധിച്ചാല്‍ കേരളം ഭാരതത്തിന്റെ ഭാഗമായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളുടേയും പ്രയോജനം കേരളത്തിനുമുണ്ട്. കേരളം സ്വതന്ത്ര രാജ്യം പോലെ ആകാതെ കേന്ദ്ര ബജറ്റിലെ എല്ലാ പദ്ധതികളും പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. കേന്ദ്ര നികുതി കേരളത്തിന് ലഭിക്കുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4000 കോടി കൂടുതലാണ്. മുദ്രലോണിന്റെ പരിധി 10ല്‍ നിന്നും 20 ലക്ഷമാക്കിയതിന്റെ പ്രയോജനം കേരളത്തിനും ലഭിക്കുന്നുണ്ട്. ദേശീയ പാതാ വികസനത്തിന് കഴിഞ്ഞ തവണ കേരളത്തിനായി അറുപതിനായിരം കോടി രൂപ കേന്ദ്ര ബജറ്റിലുണ്ടായിരുന്നു. അത് ഇവിടെയാരും ചൂണ്ടിക്കാണിച്ചതായി കാണുന്നില്ല. അത് മറന്നുപോയതാണോ മറച്ചുവെച്ചതാണോ? റെയില്‍വേ അറ്റകുറ്റ നിര്‍മ്മാണത്തിനായി ഈ ബജറ്റില്‍ കേരളത്തിന് മൂവായിരം കോടിയിലധികം രൂപ നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ നാളുകളില്‍ ഇത് ഏകദേശം 500 കോടിയില്‍ താഴെയായിരുന്നു. ഇത് വിവേചനമാണോ? കേരള സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി തരുവാനായി ഇരുപത്താറായിരം കോടി രൂപ പ്രത്യേക പാക്കേജായി ആവശ്യപ്പെട്ടു. അത് കേരളത്തില്‍ കമ്മിറ്റ് ചെയ്തിട്ടുള്ള കടം വീട്ടുവാനായിട്ടാണ്. ഇങ്ങനെ കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന കടം വീട്ടാന്‍ കേന്ദ്ര സര്‍ക്കാരിനാവില്ല. അങ്ങനെ നോക്കിയാല്‍ കേന്ദ്രത്തിന്റെ പണം എല്ലാ സംസ്ഥാനങ്ങളുടേയും കടം വീട്ടാന്‍ തികയുമോ? പദ്ധതികള്‍ നടപ്പാക്കേണ്ടേ?
മറ്റൊരാവശ്യം കേരളം വച്ചത് വിവിധ പദ്ധതികളില്‍ പണം വേണം പക്ഷേ കേന്ദ്ര സര്‍ക്കാരിന്റെ ബ്രാന്റിംഗ് പാടില്ല എന്ന്. അതായത് പണം തന്നാല്‍ മതി കേരളം കേരളത്തിന്റെ സ്വന്തമാണെന്ന് ആള്‍ക്കാരെ പറഞ്ഞ് പറ്റിച്ച് നേട്ടം കൊയ്‌തോളാമെന്ന്. അത് ബോധമുള്ളവര്‍ സമ്മതിക്കുമോ? പിന്നെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രം കൊണ്ടുവരുന്ന ആശ്വാസ ലോണുകള്‍ കേരളത്തിന് ലഭിക്കാന്‍ സാധ്യത കുറവാണ്. കാരണം ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാര്‍ത്ഥികള്‍ ഇവിടെ നില്‍ക്കുന്നില്ല. വിശ്വാസം നഷ്ടപ്പെട്ട് മിടുക്കര്‍ നാടുവിടുന്നു. പഠിച്ചുകഴിഞ്ഞാല്‍ കേരളത്തിലെവിടെ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് തൊഴില്‍?
എന്നാല്‍ കേന്ദ്രബജറ്റിലെ എല്ലാ പദ്ധതികളും സൂക്ഷ്മതയോടെ രാഷ്ട്രീയ വെറുപ്പില്ലാതെ പ്രയോജനപ്പെടുത്തിയാല്‍ കേരളത്തിനും ധാരാളം ഫണ്ട് ലഭിക്കും എന്നു കാണാവുന്നതാണ്. കേരളം ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന തോന്നല്‍ കേരളത്തിനുണ്ടായാല്‍ മതി. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5%ല്‍ നിന്നു 6% മാക്കി കുറച്ചത് സ്വര്‍ണ്ണ കള്ളക്കടത്ത് വലിയ രീതിയില്‍ കുറയ്ക്കും. വലിയ റിസ്‌ക് എടുത്ത് കച്ചവടക്കാര്‍ കള്ളക്കടത്തു നടത്തേണ്ട കാര്യമില്ല. 6% നികുതി കൊടുത്താല്‍ നേരെ സ്വര്‍ണ്ണം കൊണ്ടുവരാന്‍ കഴിയും. ‘റിസ്‌ക് ഫാക്ടര്‍’കുറയുകയും ചെയ്യും.
(ലേഖകന്‍ കേരള ബിജെപിയുടെ മുന്‍ ധനകാര്യ ഉപദേശകനും പ്ലാനിംഗ് ബോര്‍ഡ്, കില, കെ.എസ്.ആര്‍.ടി.സി എന്നിവയുടെ മുന്‍ കണ്‍സള്‍ട്ടന്റുമാണ്).