കര്‍ക്കടം മലയാളികള്‍ ഭക്തിപൂര്‍വ്വം രാമായണ മാസമായി ആഘോഷിച്ചു വരികയാണ്. ഇവിടുത്തെ ആബാലവൃദ്ധം ജനങ്ങളും രാമായണ പാരായണത്തില്‍ മുഴുകിയിരിക്കുമ്പോള്‍ കേരളത്തിലെ ഇടതു-ജിഹാദി ബുദ്ധിജീവികള്‍ രാമായണത്തെ വിചാരണ ചെയ്യാന്‍ രംഗത്ത് വരികയാണ്. ഇതുവരെ രാമായണം ചരിത്രമല്ലെന്നു വാദിച്ചിരുന്നവരെല്ലാം ഇപ്പോള്‍ രാമായണത്തെ ചരിത്രമായി കണ്ട് അതിലെ സംഭവങ്ങളെ വര്‍ത്തമാനകാല രാഷ്ട്രീയ പശ്ചാത്തലത്തില്‍ വിപരീത വായന നടത്തുകയാണ്.
‘മാധ്യമം’ പത്രം പ്രസിദ്ധീകരിച്ച ‘രാമായണ സ്വരങ്ങള്‍’ എന്ന ലേഖന പരമ്പര ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. പൊതുവേ കേരളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ രാമായണത്തിലെ ആത്മീയ വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മാധ്യമത്തിലെ ലേഖനപരമ്പര, ലേഖകന്‍ മറ്റു വേദികളില്‍ സ്ഥിരമായി ഉന്നയിക്കുന്ന ബ്രാഹ്മണിക് ഹെജിമണി എന്ന ക്ലീഷേയുടെ ‘ആവര്‍ത്തനവും’ ഇതിഹാസത്തെ തന്റെ ഇടുങ്ങിയ രാഷ്ട്രീയ കണ്ണടകളിലൂടെ കണ്ടുകൊണ്ട് നടത്തിയ ദുര്‍വ്യാഖ്യാനവുമായി മാറി. രാമായണത്തിലെ പ്രധാന വില്ലന്‍ ബ്രാഹ്മണനാണെന്ന് എത്ര വട്ടം പറഞ്ഞാലും ഹെജിമണി കുലുക്കി വരുന്ന ‘ഇതിഹാസ പാഠങ്ങളുടെ രാഷ്ട്രീയ വായന’ യില്‍ മുഴുകിയവര്‍ അതു കേള്‍ക്കില്ല.
മാധ്യമം പത്രത്തിലെ ലേഖനത്തിനെതിരെ ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചപ്പോള്‍ ലേഖകനെതിരെയുള്ള സംഘപരിവാര്‍ കടന്നാക്രമണത്തെ എന്ത് വില കൊടുത്തും ചെറുക്കുമെന്നും ഏതു പത്രത്തില്‍ എഴുതി എന്നതല്ല, എന്തെഴുതി എന്നതാണ് വിഷയമെന്നും ലേഖകന്‍ ഉന്നയിച്ച വിമര്‍ശനത്തിനു മറുപടി ഉണ്ടെങ്കില്‍ അതാണ് ഹിന്ദുത്വ ശക്തികള്‍ പറയേണ്ടതെന്നും കേരളത്തിലെ ഒരു ദളിത് ആക്ടിവിസ്റ്റ് അഭിപ്രായപ്പെടുകയുണ്ടായി. രാമായണത്തെ വിമര്‍ശിക്കാനുള്ള ആരുടെയെങ്കിലും സ്വാതന്ത്ര്യത്തെ ഹിന്ദു സംഘടനകള്‍ എതിര്‍ത്തതായി അറിയില്ല. മാധ്യമം പത്രത്തോടായിരുന്നു അവരുടെ പ്രതിഷേധം എന്നാണു മനസ്സിലായത്. അതേസമയം ചിദാനന്ദപുരി സ്വാമികള്‍ ഉള്‍പ്പടെയുള്ള ഹൈന്ദവ ധര്‍മ്മാചാര്യന്മാര്‍ ലേഖകന്റെ വാദങ്ങളെ വസ്തുതകള്‍ നിരത്തി ഖണ്ഡിച്ചിട്ടുമുണ്ട്. രാമായണത്തില്‍ ഗൗതമ ബുദ്ധനെ കള്ളനെന്നു വിളിച്ചിട്ടുണ്ടെന്ന ആക്ഷേപത്തിന്റെ മുന നേരത്തെ തന്നെ ഒടിഞ്ഞുപോയതാണ്.
രാമായണത്തെ വിമര്‍ശിക്കാനുള്ള ലേഖകന്റെ സ്വാതന്ത്ര്യത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഒരു വിലയും കൊടുക്കാത്ത മാധ്യമം പത്രമാണ് അതിനായി അദ്ദേഹം തെരഞ്ഞെടുത്തത് എന്നത് ഖേദകരമാണ്’ എന്ന് എഴുതിയ ഒരു ഇടതു ബുദ്ധിജീവി ഇപ്പോള്‍ സൈബര്‍ ആക്രമണം നേരിടുകയാണ്.
‘മതഗ്രന്ഥ വിമര്‍ശനം പോയിട്ട് കേവലമായ സാഹിത്യത്തിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പോലും ‘മാധ്യമം’ (പത്രം) അംഗീകരിക്കുന്നില്ലെന്നും ഏതെങ്കിലും വര്‍ഗ്ഗീയ ഭ്രാന്തരുടെ ഔദാര്യത്തില്‍ നടത്തേണ്ട ഒന്നല്ല മതഗ്രന്ഥ വിമര്‍ശനം’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാധ്യമം പത്രത്തിലെ രാമായണ വിമര്‍ശനത്തിലെ വസ്തുതാപരമായ തെറ്റുകള്‍ പലരും ചൂണ്ടിക്കാട്ടിക്കഴിഞ്ഞതാണ്. ഇതേ ലേഖകന്റെ ‘കഥ സംവാദമാകുമ്പോള്‍’ എന്ന ലേഖനത്തില്‍ എന്തുകൊണ്ട് (എഴുത്തച്ഛന്റെ) രാമായണം ഉമാ മഹേശ്വര സംവാദമായി മാറിത്തീരുന്നു എന്നത് അന്വേഷിക്കേണ്ട വിഷയമാണെന്നും ശൈവ-വൈഷ്ണവ സംഘര്‍ഷത്തിന്റെ രാഷ്ട്രീയവുമായി ഇതിനു അഭേദ്യ ബന്ധമുണ്ടെന്നും വൈഷ്ണവ-രാമ ഭക്തിപ്രസ്ഥാനത്തിന്റെ വ്യാപനത്തിന്റെ പ്രത്യേക ഘട്ടത്തിലാകാം രാമ കഥ ഉമാമഹേശ്വര സംവാദമായി അവതരിപ്പിക്കപ്പെടുന്നതെന്നും പറയുന്നു.
അതുവഴി ശൈവന്മാര്‍ക്കിടയിലും വൈഷ്ണവ ഭക്തിയുടെ സാന്നിധ്യം ഉറപ്പു വരുത്തപ്പെട്ടുവെന്നും ഇത്ര പ്രബലമായ ശൈവ പാരമ്പര്യത്തിന്റെ സാന്നിധ്യം രാമകഥയുടെ ആഖ്യാതാക്കളായി ഉമാ മഹേശ്വരന്മാരെ സ്ഥാനപ്പെടുത്താന്‍ കിളിപ്പാട്ട് രാമായണ കര്‍ത്താവിനെ പ്രേരിപ്പിച്ചിരിക്കാമെന്നും അദ്ദേഹം ഊഹിക്കുന്നു. ആഗമ പാരമ്പര്യത്തെ സംബന്ധിച്ച അറിവാകാം എഴുത്തച്ഛനെ രാമകഥ ഉമാമഹേശ്വര സംവാദമായി ചിത്രീകരിക്കുന്നതിലേക്കു നയിച്ചതെന്നും കൂടാതെ ശൈവ പാരമ്പര്യ വിശ്വാസങ്ങളിലൂടെ ജനമനസ്സുകളില്‍ ഉറച്ച ശിവബിംബത്തെ രാമകഥയുടെ ഉപദേഷ്ടാവായി സ്ഥാനപ്പെടുത്തുന്നത് വഴി രാമായണ കഥയുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനും എഴുത്തച്ഛനെ സഹായിച്ചിട്ടുണ്ട് എന്നും ലേഖകന്‍ പറയുന്നു. ഈ ലേഖനത്തിലെ ന്യായ വൈകല്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ രാമായണം വായിക്കണമെന്നില്ല. രാമായണത്തില്‍ യാതൊരു പാണ്ഡിത്യവുമില്ലാത്ത ഒരാള്‍ക്ക് തന്നെ ഇവയൊക്കെ ഖണ്ഡിക്കാവുന്നതേയുള്ളൂ. മുകളില്‍ പറഞ്ഞ കാര്യങ്ങളൊക്കെ വെറും ഊഹാപോഹങ്ങളാണ്; വസ്തുതകളല്ല. പറയുന്നതിന് ഉപോല്‍ബലകമായി ഒരു തെളിവും അദ്ദേഹം ഹാജരാക്കുന്നുമില്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്ന രചനയുടെ സാമൂഹ്യപശ്ചാത്തലം വര്‍ത്തമാനകാല രാഷ്ട്രീയ ദ്വന്ദ്വങ്ങള്‍ക്ക് യോജിച്ച വിധത്തില്‍ വ്യാഖ്യാനിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. ഇവയൊക്കെ തെറ്റായ സാമാന്യവല്‍ക്കരണം, അല്ലെങ്കില്‍ സാഹിത്യ വിമര്‍ശനത്തില്‍ പറയുന്ന ഒരു ‘ഇന്റന്‍ഷണല്‍ ഫെലസി’ (Intentional Fallacy) ആണ്. രാഷ്ട്രീയക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകളിലൂടെ മാത്രം കാര്യങ്ങള്‍ കാണുന്നതുകൊണ്ടുള്ള കുഴപ്പം. ‘It is a capital mistake to theorize before one has data. Insensibly, one begins to twist facts to suit theories, instead of theories to suit facts’ എന്ന് ഷെര്‍ലക്ക് ഹോംസ് എന്ന കഥാപാത്രത്തെക്കൊണ്ട് ആര്‍തര്‍ കോനന്‍ ഡോയില്‍ പണ്ട് പറയിച്ചിട്ടുണ്ട്. അതായത് ലഭ്യമായ വസ്തുതകള്‍ക്ക് അനുസരിച്ച് സിദ്ധാന്തം രൂപീകരിക്കുന്നതിനു പകരം സിദ്ധാന്തത്തിനു യോജിക്കുന്ന വിധത്തില്‍ വസ്തുതകള്‍ വളച്ചൊടിക്കുക എന്ന്. ഇവിടെയാണെങ്കില്‍ വസ്തുതകള്‍ ഒന്നും തന്നെ ലഭ്യമല്ല. അല്ലെങ്കിലും ‘സത്യാനന്തര’ കാലത്ത് അതൊക്കെ ആര്‍ക്കു വേണം?
തുഞ്ചന്‍ പറമ്പില്‍ വെച്ച് ഈ വര്‍ഷത്തെ ‘രാമായണ വിചാരണ’ക്ക് തിരികൊളുത്തിക്കൊണ്ട് കേരളത്തിലെ അറിയപ്പെടുന്ന ഒരു ചിന്തകന്‍ ‘രാമായണവും മഹാഭാരതവുമൊക്കെ സ്ത്രീത്വത്തോടുള്ള അനീതി തുറന്നു കാട്ടുന്ന കൃതികളാണ്’ എന്നു പറഞ്ഞു. ഓരോരുത്തരും തങ്ങളുടെ കയ്യിലിരുപ്പും മനസ്സിലിരിപ്പുമൊക്കെ അനുസരിച്ചാണ് വാല്മീകിയും എഴുത്തച്ഛനും കാവ്യം രചിച്ചതെന്നു ആരോപിക്കുകയാണ്.
രാമായണത്തിലെ ക്രൂരയായി കണക്കാക്കപ്പെടുന്ന താടക എന്ന കഥാപാത്രത്തെപ്പറ്റി ഗുരു നിത്യചൈതന്യയതി പറഞ്ഞതാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മ വരുന്നത്. ‘താടക മരിക്കുകയല്ലാ ചെയ്തത്. അത് ശ്രദ്ധിക്കുക . മലപോലെ വീണ താടകയുടെ സ്ഥാനത്തുനിന്നും ഉയിര്‍ത്തെഴുന്നേറ്റു വന്നത് സര്‍വാംഗീണ സുന്ദരിയായ ഒരു യക്ഷിയാണ്.’ ഇവിടെ പറയുന്ന താടക വേറെ ആരുമല്ലാ, നമ്മള്‍ തന്നെയാണ്. ഇന്നോളം ഒരു കുഞ്ഞും താടകയായിട്ടല്ലാതെ പിറന്നിട്ടില്ല. വൈശ്വാനരാഗ്‌നിയെ ജഠരത്തില്‍ വെച്ചു കത്തിച്ച്, വിശപ്പിന്റെ വലിയ വായും തുറന്നാണ് സകല ജീവികളും ലോകത്തിലേക്ക് വന്നിട്ടുള്ളതെന്ന് ഉപനിഷത്തില്‍ തന്നെ പറയുന്നു (ഉള്ളില്‍ കിന്നാരം പറയുന്നവര്‍, പേജ് 26, 27). വിവരമുള്ളവര്‍ക്ക് രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളെപ്പറ്റി ഇങ്ങനെയൊക്കെയും വ്യാഖ്യാനിക്കാം. എല്ലാം കക്ഷി രാഷ്ട്രീയത്തിന്റെ കണ്ണുകളിലൂടെ മാത്രം കാണാന്‍ കഴിയുന്നവര്‍ക്ക് പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന പോലെയും വ്യാഖ്യാനം നടത്താം.
ശംബൂക കഥയാണ് രാമായണ വിചാരണക്ക് കാരണമാകുന്ന മറ്റൊരു വിഷയം. രാമന്‍ ശൂദ്രനെ തപസ്സു ചെയ്യാന്‍ അനുവദിച്ചില്ല എന്നാണ് വിലാപം. ഈ നിലവിളികളൊക്കെ വരുന്നത് പ്രധാനമായും കമ്മ്യൂണിസ്റ്റുകളില്‍ നിന്നാണ് എന്നതാണ് രസകരം. രാമായണത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. വര്‍ത്തമാന കാലത്ത് ഏതെങ്കിലും കമ്മ്യൂണിസ്റ്റ് രാജ്യത്ത് ഒരു പൗരനെ തപസ്സു ചെയ്യാന്‍ പോയിട്ട് പ്രതിഷേധിക്കാന്‍ പോലും അനുവദിക്കുമോ? ഏതെങ്കിലും ഇസ്ലാമിക രാജ്യത്ത് അതു കഴിയുമോ? കോടിക്കണക്കിനു മതവിശ്വാസികളെ അവരുടെ മതവിശ്വാസത്തിന്റെ പേരില്‍ മാത്രം കൊന്നൊടുക്കിയവരാണ് കമ്മ്യൂണിസ്റ്റുകള്‍. അവരാണ് ഇപ്പോള്‍ രാമനെതിരെ ആക്രോശിക്കുന്നത്. രാമായണ വിമര്‍ശനമല്ല, മറിച്ച് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് രാമായണ വിചാരണയാണ്. അതോടൊപ്പം ഹിന്ദുക്കളും വിചാരണ ചെയ്യപ്പെടുന്നു. ഇതിഹാസ വിമര്‍ശനത്തിന്റെ മറവില്‍ ഹിന്ദു വിരുദ്ധത പരസ്യമായി പ്രകടിപ്പിക്കാനുള്ള അവസരമായി കേരളത്തില്‍ കര്‍ക്കടക മാസത്തെ മാറ്റുകയാണ്.