‘അല്ല, കേട്ടില്ലേ? ഭഗവദ്ഗീത പച്ചത്തെറി എന്ന് ഒരുത്തന്‍.’
സുനില്‍ ബാബു സ്വല്‍പ്പം രോഷാകുലനായാണ് വീട്ടില്‍ കയറി വന്നത്.
‘സാരല്ല്യ.. വൈരാഗ്യഭക്തി നല്ലതാ.. അതോണ്ടെന്താ നല്ല തെറി വായിക്കണമെന്ന് തോന്നുന്നവര്‍ അത് വായിച്ച് നോക്കും. അപ്പോള്‍ അതൊന്നും കണ്ടില്ലെങ്കില്‍ അത് പറഞ്ഞ ആള്‍ക്ക് നല്ല തല്ലു കിട്ടും’ എന്ന് പറഞ്ഞുകൊണ്ട് ഉള്ളിലേയ്ക്ക് കടന്നിരിക്കാന്‍ ഞാന്‍ ക്ഷണിച്ചു.
ബാബു ഗീതാ സ്വാദ്ധ്യായ സമിതിയിലെ അംഗമാണ്. അങ്ങനെയുള്ളവര്‍ ഇതെല്ലാം കേട്ടാല്‍ അസ്വസ്ഥപ്പെടുന്നത് സ്വാഭാവികം. ഞാന്‍ പറഞ്ഞു ‘സാരല്ല്യ.. ഗീത ക്രോധാത് ഭവതി സമ്മോഹഃ എന്ന് പഠിപ്പിക്കുന്നുണ്ടല്ലോ. ഗീതയോട് വിദ്വേഷമുള്ളവര്‍ ക്രോധം മൂലം താനേ നശിച്ചു പൊയ്‌ക്കൊള്ളും.’
ബാബു ചിരിച്ചു. വന്ന കോപം അടങ്ങി.
ബാബുവിനെ ശാന്തനാക്കാന്‍ ഞാന്‍ ഓരോന്ന് പറയാന്‍ തുടങ്ങി.
‘ഗീതയുടെ കാതല്‍ ശാസ്ത്രീയം തന്നെ. എങ്ങനെ ക്രോധം പരിത്യജിക്കാം, എന്ന് മാത്രമല്ല എങ്ങനെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാം, എങ്ങനെ ധര്‍മ്മം, സത്യം എന്നിവ പാലിക്കണം? എങ്ങനെ പ്രജ്ഞനാവാം, ഒരു മനുഷ്യന് ധര്‍മ്മത്തില്‍ മുറുകെ പിടിച്ച് സ്വകര്‍മ്മം അനുഷ്ഠിച്ച് എങ്ങനെ ജീവിക്കാം എന്നെല്ലാം ഗീത പഠിപ്പിക്കുന്നു. വാസ്തവത്തില്‍ ജീവിതത്തിന്റെ, ജീവന്റെ മാന്വല്‍ തന്നെയാണ് ഗീത.’
ബാബു ഉത്സാഹിതനായി. ഗീതാ മാഹാത്മ്യത്തിലെ ‘സര്‍വ്വോപനിഷദോ ഗാവോ… ദോഗ്ദ്ധാ ഗോപാലനന്ദനാ..’ എന്ന് പാടി അര്‍ത്ഥം പറയാന്‍ തുടങ്ങി. ‘ഉപനിഷത്തുക്കള്‍ പശുക്കളും കറവക്കാരന്‍ കൃഷ്ണനും പശുക്കുട്ടി അര്‍ജ്ജുനനും പാല് ഗീതാമൃതവും അത് കുടിക്കുന്നവരോ ശുദ്ധ ബുദ്ധരായ ജനങ്ങളും. നോക്കൂ ഇത്ര മഹത്തരമായ ഗീതയെ പച്ചത്തെറി എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അരിശം വന്നു.’
‘ഒരു യുക്തിവാദിയല്ലേ അങ്ങനെ പറഞ്ഞത്. ഈ ഇന്ത്യന്‍ യുക്തിവാദികള്‍ അവരുടെ യുക്തിവാദത്തെ പാശ്ചാത്യ അളവുകോല്‍ വെച്ചാണ് അളക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഗീതയില്‍ തന്നെ എല്ലാ കാര്യങ്ങളും യുക്തിഭദ്രമായിരിക്കണം എന്ന് പറയുന്നില്ലേ?’
‘ഉവ്വല്ലോ.. ബാബു വാചാലനായി.’ ‘യുക്താഹാര വിഹാരസ്യ യുക്ത ചേഷ്ടസ്യ കര്‍മ്മസു..’ ‘അതൊക്കെ അല്പബുദ്ധികള്‍ എങ്ങനെ അറിയാന്‍?’
‘അപ്പോള്‍ വായിച്ച് നോക്കാതെയാണ് പറയുന്നത് എന്ന് വ്യക്തമല്ലേ? ബുദ്ധിയില്ലാത്തവര്‍ക്ക് ഇന്നതേ പറഞ്ഞുകൂടൂ എന്നൊന്നില്ലല്ലോ? സത്യത്തില്‍ ഇവര്‍ യുക്തിവാദികളല്ല, അയുക്തന്മാരാണ്. യുക്തിഹീനര്‍.’
‘ശരിയാണ്. അതും ഗീത പറയുന്നുണ്ട്.
‘നാസ്തി ബുദ്ധിരയുക്തസ്യ
ന ച അയുക്തസ്യ ഭാവന
ന ച ഭാവയത: ശാന്തി
അശാന്തസ്യ കുത: സുഖം?..’
അര്‍ത്ഥം സ്പഷ്ടം. യുക്തിയില്ലാത്തവര്‍ക്ക് ബുദ്ധിയില്ല, ഈശ്വര ഭാവനയുമില്ല, ഈശ്വരഭാവനയില്ലാത്തവന് ശാന്തിയില്ല. അശാന്തനു സുഖം എവിടെ?’
ബാബു പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ‘വളരെ ശരി. ഇതൊക്കെ അറിഞ്ഞിട്ട് പുലഭ്യം പറയുന്നവരോട് നാം പൊറുക്കുകയല്ലേ വേണ്ടത്? ചിത്തം ശാന്തമല്ല. അപ്പോള്‍ ജല്പനം കൂടും. ‘അല്‍പ്പോ ജല്‍പ്പതി സാട്ടഹാസം’ എന്നല്ലേ ആപ്തവാക്യം.’
ബാബു ചിരിച്ചു. ഇപ്പോള്‍ പൂര്‍ണ്ണമായും തൃപ്തനായപോലെ ഇരുന്നു.
എന്നിട്ട് പറഞ്ഞു ‘ഗീതയുടെ മഹിമ, പ്രശസ്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരികയാണ്. സൗദി അറേബ്യയില്‍ പോലും ഗീത പഠിപ്പിക്കുന്നു എന്നാണ് കേട്ടത്. വിദേശത്തെ പല സര്‍വ്വകലാശാലകളിലും ഗീത പാഠ്യവിഷയമാണ്. ഗീതയുടെ ജന്മനാടായ ഭാരതത്തില്‍ മാത്രം ഗീത അവഗണിക്കപ്പെട്ടു കിടക്കുകയാണ്.’
‘ശരിയാണ് ഗീതയെ ഭാരതീയര്‍ക്ക് പരിചയപ്പെടുത്തി കൊടുത്ത ശ്രീ ശങ്കര ഭഗവദ്പാദരുടെ പേരിലുള്ള സര്‍വ്വകലാശാല തന്നെ ഉദാഹരണം. ആ സ്ഥാപനത്തിന്റെ പ്രധാനകവാടം കണ്ടാല്‍ അറിയാം അവിടെയുള്ളവരുടെ സംസ്‌കൃതി. ഭാരതീയ ദര്‍ശനങ്ങളെ താഴ്ത്തിക്കെട്ടാനും ഇകഴ്ത്താനും നശിപ്പിക്കാനുമുള്ള കൂട്ടായ ശ്രമം എപ്പോഴും ഉണ്ട്. അവരെ തിരിച്ചറിഞ്ഞു സമൂഹത്തില്‍ നിന്ന് നാം അകറ്റണം. അവര്‍ക്ക് ഒരുവിധ പിന്തുണയും, പരോക്ഷമായിപ്പോലും, നാം നല്‍കരുത്.’
‘ശരിയാണ്. ഈ യുക്തിവാദികളെക്കാളും വളരെ മോശമായാണ് ചില രാഷ്ട്രീയക്കാര്‍ ഹിന്ദുക്കള്‍ക്കെതിരെ അമ്പെയ്യുന്നത്, ഘോര അസ്ത്രങ്ങള്‍ വിടുന്നത്. അതിനും വിദേശശക്തികളുടെയും ഇന്ത്യാ വിരുദ്ധ, സനാതനധര്‍മ്മ വിരുദ്ധ ശക്തികളുടെയും രാഷ്ട്ര ശത്രുക്കളുടെയും കൂട്ടായ സഹായമുണ്ട്, നാം വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.’
ബാബു ഗൗരവം പൂണ്ടു.
‘അതോര്‍ക്കുമ്പോള്‍ യുക്തിവാദികളുടെ തെറിവിളി ഒന്നും കാര്യമല്ല. അല്ലെങ്കിലും തെറി അതില്‍ ഉണ്ട് എന്നല്ലേ പറഞ്ഞുള്ളു. അസഭ്യ ശകാരം ഉണ്ടായിട്ടില്ലല്ലോ, പോട്ടെ ഈ തെറി എന്താണ്? ഒരാളുടെ സാധാരണ പദപ്രയോഗം മറ്റൊരാള്‍ക്ക് തെറിയായി തോന്നാം. അസഹ്യമായും തോന്നാം. പണ്ടൊക്കെ വലിയ പ്രശസ്തമായ നമ്പൂതിരി മനക്കല്‍ ആരും രാവിലെ പട്ടി, പൂച്ച എന്നൊന്നും പറയില്ല. പകരം ശുനകന്‍, മാര്‍ജ്ജാരന്‍ എന്നൊക്കെയേ പറയൂ..മറ്റേതു തെറിയാണ്.’
‘ഹ..ഹ. ഹ..’ ബാബു ചിരിച്ചു.
‘അത് മാത്രമല്ല ചൂല്, മുറം എന്നൊന്നും പറയില്ല. ചൂല് അസഭ്യ പദമാണ്. ‘എടി ചൂലേ’ എന്ന് കേട്ടിട്ടില്ലേ?’
‘എന്നിട്ട് ആപ്പിന്റെ ചിഹ്നം ചൂലാണല്ലോ?’
‘അവര്‍ക്കു എന്ത് വിവരം? പിന്നെ അതൊക്കെ വിദേശികള്‍ ഭാരതീയരെ അവഹേളിക്കാന്‍ ചെയ്തു കൂട്ടിയതാണെന്നു ഇപ്പോള്‍ ഏറെക്കുറെ മനസ്സിലായിട്ടുണ്ട്. തോട്ടികളായും പാമ്പാട്ടികളായും ഭാരതീയരെ ചിത്രീകരിക്കുന്നതില്‍ അവര്‍ക്ക് സന്തോഷമുണ്ട്.
‘ആട്ടെ ചൂലിന് എന്താ നമ്പൂതിരിമാര്‍ പറഞ്ഞിരുന്നത്?’
‘സംസ്‌കൃത പദം ‘സമ്മാര്‍ജനി’ എന്നാണ്. അത് തന്നെയായിരിക്കും പറഞ്ഞിരുന്നത്.’
‘നല്ല വാക്ക്.! വീടിനും.. അല്ല, കുട്ടികള്‍ക്കു പോലും, ഈ പേരിടാന്‍ പറ്റും.!’
‘ഹ..ഹ..ഹ..’ രണ്ടുപേരും ചിരിച്ചു.
‘അത് പറഞ്ഞപ്പോഴാണ് ഓര്‍മ്മ വരുന്നത്. കുറച്ചു കാലം മുമ്പ് നമ്മുടെ ഒരു ബന്ധുവായ ഡോക്ടര്‍ക്ക് മലപ്പുറം ജില്ലയിലെ ഒരു കുഗ്രാമത്തിലേയ്ക്ക് പോസ്റ്റിങ്ങ് കിട്ടി. അവിടത്തെ നിരക്ഷരരായ ആളുകള്‍ ഗുഹ്യഭാഗങ്ങള്‍ക്ക് പറയുന്ന വാക്കുകള്‍ പച്ച തെറിയായിരുന്നു. ഡോക്ടര്‍ ആകെ വിഷമത്തിലായി. ലൈംഗിക അവയവങ്ങളുടെ ശരിയായ പദങ്ങള്‍ പറഞ്ഞാല്‍ ആളുകള്‍ക്ക് ഒട്ടും മനസ്സിലാവുകയുമില്ല. നല്ല തമാശ. അതിനാല്‍ തെറി എന്നത് ആപേക്ഷികമാണ്.’
‘അപ്പോള്‍ ആരെങ്കിലും നമ്മെ എത്രത്തോളം ആക്ഷേപിച്ചാലും നമ്മള്‍ ഒട്ടും ഗൗനിക്കാതെ മുന്നോട്ട് പോകണം അല്ലെ?’
‘തീര്‍ച്ചയായും. ശ്രീബുദ്ധന്റെ ഒരു കഥ ഓര്‍മ്മ വരികയാണ്. ഒരിക്കല്‍ ബുദ്ധനും ഭിക്ഷുക്കളും കൂടി ഒരു ഗ്രാമപാതയിലൂടെ നടന്നു പോകയായിരുന്നു. അങ്ങനെ പോകുമ്പോള്‍ അസാന്മാര്‍ഗ്ഗിയായ ഒരാള്‍ ബുദ്ധന്റെ നേരെ വന്ന് ഏറ്റവും മോശമായ അശ്ലീല വാക്കുകള്‍ തുരുതുരാ വര്‍ഷിച്ചു. ബുദ്ധനാകട്ടെ ഒന്നുമറിയാത്തവനെപ്പോലെ യാത്ര തുടര്‍ന്നു. കുറച്ചു നേരം ചെന്നപ്പോള്‍ ജിജ്ഞാസുവായ ഒരു ശിഷ്യന്‍ ഗുരുവിനോട് ആരാഞ്ഞു.
‘അത്തരം മോശപ്പെട്ട വാക്കുകള്‍ കേട്ടപ്പോള്‍ അങ്ങയുടെ മനസ്സില്‍
എന്ത് തോന്നി?’
അതിനു മറുപടിയായി ബുദ്ധഭഗവാന്‍ ഒരു കഥയാണ് പറഞ്ഞത്:
ഒരിക്കല്‍ ഒരാള്‍ ഒറ്റയ്ക്ക് ഒരു വഴിയിലൂടെ നടന്നു പോകുമ്പോള്‍ ഒരുത്തന്‍ ഓടി വന്ന് ഒരു പൊതിച്ചോറ് നീട്ടി. കണ്ടാല്‍ വൃത്തിയായി പൊതിഞ്ഞ ഭക്ഷണപ്പൊതിയ്ക്കകത്ത് ഭക്ഷണമായിരുന്നില്ല. കെട്ട് നാറുന്ന മാലിന്യവും ദുര്‍ഗ്ഗന്ധം വമിക്കുന്ന അഴുകിയ ഏതോ പദാര്‍ത്ഥവുമായിരുന്നു. വഴിപോക്കന്‍ അത് വാങ്ങാതെ മുന്നോട്ട് നടന്നു പോയി.
‘അപ്പോളാ പൊതി ആരുടെ കയ്യിലാണ് ഉണ്ടാവുക?’
ഭിക്ഷുക്കള്‍ ഒന്നിച്ച് പറഞ്ഞു ‘അത് കൊണ്ടുവന്ന ആളുടെ കയ്യില്‍ത്തന്നെ!’
‘ശരി’ ബുദ്ധന്‍ തുടര്‍ന്ന് ചോദിച്ചു, ‘അങ്ങനെയെങ്കില്‍ ഒരാള്‍ നിങ്ങളെ ചീത്ത വാക്കുകള്‍ വിളിച്ചു പറഞ്ഞാലും നിങ്ങള്‍ നിങ്ങളുടെ മനസ്സിലേയ്‌ക്കെടുക്കുന്നില്ലെങ്കില്‍ അതെവിടെയുണ്ടാവും?’
ഭിക്ഷുക്കള്‍ പറഞ്ഞു: ‘അത് പറഞ്ഞ ആളുടെ ഉള്ളില്‍ തന്നെ’.
ബുദ്ധന്‍ ആദ്യം സംശയം ചോദിച്ച ശിഷ്യന്റെ നേരെ നോക്കി പുഞ്ചിരിച്ചു.
ബാബുവും അര്‍ത്ഥഗര്‍ഭമായി ചിരിച്ചു.
എന്നിട്ട് പറഞ്ഞു: ‘വ്യാജ പൊതിച്ചോര്‍ നീട്ടുന്നവരുടെ വംശപരമ്പര ഇവിടെ കേരളത്തില്‍ ഇപ്പോഴും ഉണ്ട്.’
‘ഹ..ഹ..ഹ’ യുക്തിവാദികളുടെ വല്യപ്പൂപ്പന്മാരായിരിക്കും?’
‘അതെ. നിരീശ്വരവാദികളായ യുക്തിവാദികളുടെ ഉറ്റ ബന്ധു ആണ്. ഈശ്വരവാദികളെ കക്ഷത്തിറുക്കിയ കമ്മ്യൂണിസം.’
‘രണ്ടും ആലംബമില്ലാത്ത അലമ്പുകളാണ്’.
‘ഹ ഹ ഹ..’ചിരി ഉച്ചസ്ഥായിയിലായപ്പോള്‍ സുനില്‍ ബാബു എഴുന്നേറ്റു.