ഉമ്മറവാതില്‍പടിയുടെ മേലെ
കാലും നീട്ടി മയങ്ങും
കണ്ണുകള്‍ രണ്ടും ചിമ്മിച്ചിമ്മി
കൂട്ടിനകത്ത് കിടക്കും
കുരച്ചുചാടിക്കള്ളന്മാരെ
വിരട്ടിയാട്ടിയകറ്റും
എന്നെ കണ്ടാല്‍ വാലാട്ടിക്കൊ-
ണ്ടടുത്ത് ചുറ്റും കൂടും
പപ്പീയെന്നൊരു വിളികേട്ടാലുട-
നടുത്ത് വന്നുകിടക്കും
തൊട്ടുതലോടാനടുത്തുനില്‍ക്കും
മുഖത്തുനോക്കും മുരളും
നീളന്‍ വടിയെന്‍ കയ്യില്‍ കണ്ടാല്‍
ഓടും ദൂരേക്കകലും
സ്‌നേഹം മാത്രം തിരിച്ചുതന്നിടു-
മിവനാണെന്‍ പ്രിയ പപ്പി.