ഭാരതം വീണ്ടും ശ്രദ്ധാകേന്ദ്രം, പഠനത്തിന്റെ രീതിശാസ്ത്രം, ബാഹ്യവൈവിധ്യങ്ങള്‍ ഉടലെടുത്തതെങ്ങിനെ?, ഏകാത്മത വന്ന വഴി, സിന്ധു-സരസ്വതീ സഭ്യത, ആശയ, ആചാര, അനുഷ്ഠാനങ്ങളുടെ പൊതുശേഖരം (Common Pool),പരിവ്രാജകസംഘങ്ങള്‍, വൈദികാദിസമ്പ്രദായങ്ങളുടെ വളര്‍ച്ച, സമ്പ്രദായങ്ങളുടെ സാമാന്യ, വിശേഷതലങ്ങള്‍, ഭാരതീയ ജീവിതമാതൃക, പരമ്പരാഗതപദ്ധതിയുടെ രൂപരേഖ, കോഗ്‌നിറ്റീവ് ഈസും കണ്‍ഫര്‍മേഷന്‍ ബയസ്സും, വംശീയ ആഖ്യാനത്തിന്റെ പശ്ചാത്തലം, കഥകള്‍ മെനഞ്ഞവര്‍, ഭാരതീയസംസ്‌കൃതിയുടെ വംശീയ ആഖ്യാനം (Racial Narrative), യാഥാസ്ഥിതിക ആഖ്യാനം, മാര്‍ക്‌സിയന്‍ ആഖ്യാനം, ജനിതകം കൊണ്ടുള്ള പകിടകളി, നവമാര്‍ക്‌സിസം, പൊളിച്ചെഴുത്ത്, പഴയ പഠനങ്ങളും പുതിയ പഠനങ്ങളും, സവിശേഷമായ സാമൂഹ്യഘടന എന്നീ ഇരുപത്തിരണ്ടു ഭാഗങ്ങളിലൂടെ ഹിന്ദുത്വത്തിന്റെ ചരിത്രപരം, സമൂഹപരം, ജീവിതവീക്ഷണ-പദ്ധതിപരം എന്നീ മൂന്നു വശങ്ങളുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ നാം ചര്‍ച്ച ചെയ്തു. മാനവരാശിക്കു ഭാരതാംബയുടെ അമൂല്യസംഭാവന ആയ പുരുഷാര്‍ത്ഥമാതൃകയെ പരിചയപ്പെട്ടു. നമ്മുടെ തനിമയെ വികലമായി ചിത്രീകരിക്കാനുള്ള പണ്ടേ തുടങ്ങിയതും ഇന്നും തുടരുന്നതും പല തരത്തിലുള്ളതുമായ ആസൂത്രിതശ്രമങ്ങളേയും നാം മനസ്സിലാക്കി.
ഏതാണ്ട് അഞ്ഞൂറു വര്‍ഷത്തെ (13-18 ശതകം) ഇസ്ലാമിക അധിനിവേശവും നൂറോളം വര്‍ഷത്തെ ബ്രിട്ടീഷ് അധിനിവേശവും (1858-1947) ഹിന്ദുസമൂഹത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തിന് വരുത്തിയ നാശനഷ്ടങ്ങള്‍ അതിഭീമം ആയിരുന്നു. ഇസ്ലാമികഭരണത്തിന്റെ ആഘാതത്തെ കുറിച്ച് വസ്തുനിഷ്ഠമായ പഠനം ചരിത്രകാരനായ പ്രൊഫസര്‍ K. S. Lal ന്റെ Growth of Scheduled Tribes and Castes In Medieval India എന്ന പുസ്തകത്തില്‍ കാണാം. . Introduction, Tribes and Castes all staunch Hindus, Conflict of Indian Tribes with Muslim Invaders, Growth of Tribes and Castes under Muslim Rule, Direct Confrontation by Low Castes, Contribution of Backward Castes to Hindu Society, Muslim Army and Backward Classes എന്നീ ഏഴ് അധ്യായങ്ങള്‍ അടങ്ങുന്നതാണ് ശ്രദ്ധേയമായ ഈ പഠനം.
ഇസ്ലാമിക അധിനിവേശചരിത്രം
പ്രൊഫസര്‍ ലാല്‍ ഈ ചരിത്രത്തെ ചുരുക്കി ഇപ്രകാരം അവതരിപ്പിക്കുന്നു- 712 CE യില്‍ മുഹമ്മദ് ബിന്‍ കാസിം സിന്ധിനെ ആക്രമിക്കുന്നു. അതിനുശേഷം 1000-1027 കാലഘട്ടത്തില്‍ ഘസ്‌നിയിലെ മഹമൂദ് പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലായി പതിനേഴു തവണ പടയോട്ടം നടത്തി. 1192-ല്‍ പൃഥ്വീരാജ് ചൗഹാനുമേല്‍ മുഹമ്മദ് ഗോറി കൈവരിച്ച വിജയം ആണ് ഉത്തരഭാരതത്തിലെ മുസ്ലീം സ്ഥിരഭരണത്തിന് കളമൊരുക്കിയത് എന്നു പറയാം. പതിമൂന്നാം നൂറ്റാണ്ടു മുതല്‍ പതിനെട്ടാം നൂറ്റാണ്ടു വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി തീവ്രത ഏറിയും കുറഞ്ഞും ഇസ്ലാമികഭരണം നിലനിന്നു.
തുര്‍ക്കികളുടെ ഭരണം അടിമവംശം (1206-1290), ഖില്‍ജിവംശം (1290-1320), തുഗ്ലക് വംശം (1320-1414) എന്നിങ്ങനെ മൂന്നു തരം ആയിരുന്നു. തൈമൂറിന്റെ ആക്രമണ (1399-1400) ത്തോടെ അവരുടെ കേന്ദ്രീകൃത സുല്‍ത്തനേറ്റ് ഭരണത്തിന് അറുതി വന്നു. ആ സാമ്രാജ്യം ഗുജറാത്ത്, മാള്‍വാ, ഡെക്കാണ്‍, ജാന്‍പൂര്‍, ബംഗാള്‍ തുടങ്ങിയ ഇടങ്ങളിലെ കൊച്ചു കൊച്ചു സുല്‍ത്തനേറ്റുകളായി വേര്‍പെട്ടു. എങ്കിലും ഇസ്ലാമികഭരണവും നിയമവും അവിടങ്ങളില്‍ തുടര്‍ന്നു. ദല്‍ഹിയില്‍ തുര്‍ക്കികള്‍ക്കു പകരം സയ്യദ് (1414-1451), ലോധി (1451-1526), സുര്‍ (Surs) (1540-1556) വംശങ്ങള്‍ ഭരിച്ചു. മുഗള്‍ കാലഘട്ടത്തിനു മുമ്പുള്ള മുസ്ലീംസുല്‍ത്തനേറ്റ് ഭരണചരിത്രം ഇതാണ്. മുഗളന്മാര്‍ 1526-1707 കാലത്ത് ശക്തമായും 1707-1857 കാലത്ത് ദുര്‍ബലമായും ഭരണം നടത്തി.
ഈ മധ്യകാലഘട്ടത്തില്‍ ആണ് പട്ടികവര്‍ഗ്ഗ-പട്ടികജാതികളും ജാതികളും ക്രമാതീതമായി ഭാരതത്തില്‍ പെരുകിയത് എന്നാണ് പ്രൊഫസര്‍ കെ.എസ്. ലാലിന്റെ കണ്ടെത്തല്‍. ഹസാരീ പ്രസാദ് ദ്വിവേദി തന്റെ (‘അശോക് കേ ഫൂല്‍’) എന്ന പുസ്തകത്തില്‍ ഇന്നത്തെ കാസ്റ്റ് ഘടനപ്രകാരം അധ:ശ്രേണികളിലായി കരുതപ്പെടുന്ന നിരവധി ഹിന്ദു സമുദായങ്ങളുടെ പേരുകള്‍ പറയുന്നുണ്ട്. ആ പേരുകളില്‍ നിന്നു തന്നെ അവ ഒരു കാലത്ത് ഉന്നതശ്രേണികളില്‍ പെട്ടവ ആയിരുന്നു എന്നു നമുക്കു മനസ്സിലാകും. ഉദാഹരണത്തിന് രാജവംശി എന്ന സമുദായം.
മധ്യകാലഘട്ടത്തിലെ മുസ്ലിം അധിനിവേശത്തിന്റെയും മതപരമായ അതിക്രമങ്ങളുടെയും ഫലമായി നിരവധി പ്രബല ഹിന്ദുസമുദായങ്ങള്‍ ധര്‍മ്മരക്ഷണത്തിനും പ്രാണരക്ഷണത്തിനുമായി അവരുടെ ഭൗതികമായ സര്‍വസ്വവും ഉപേക്ഷിച്ച് കൊടുംകാടുകളിലേക്കു പലായനം ചെയ്തു. നിസ്വരും നിരാലംബരുമായി മാറിയ അവര്‍ പില്‍ക്കാലത്ത് അഗതികളായി സമൂഹത്തിന്റെ അടിത്തട്ടുകളായി ഗണിക്കപ്പെട്ടു എന്നാണ് പ്രൊഫസര്‍ കെ. എസ്. ലാല്‍ സമര്‍ത്ഥിക്കുന്നത്.
ഈ ഇസ്ലാമിക ദുര്‍ഭരണകാലത്തിനു മുമ്പ് ജാതി-സമ്പ്രദായ ബദ്ധമായ നിരവധി സമുദായങ്ങളിലായി കഴിഞ്ഞുപോന്ന ഭാരതീയര്‍ എല്ലാവരും തന്നെ തങ്ങള്‍ ഹിന്ദുക്കള്‍ ആണെന്നുറപ്പിച്ചു കരുതുകയും അതാതു സമുദായത്തനിമകളെ നിലനിര്‍ത്തിക്കൊണ്ട് വനഗ്രാമനഗരതലങ്ങളിലായി പരസ്പര സഹവര്‍ത്തിത്വം പുലര്‍ത്തിക്കൊണ്ട് മേല്‍- കീഴ് ഭേദമില്ലാതെ കഴിഞ്ഞുപോരുകയും ചെയ്തിരുന്നു എന്നതിനും വൈദേശികമായ ആക്രമണങ്ങളെ അവര്‍ ഒറ്റക്കെട്ടായി നിന്ന് ചെറുത്തിരുന്നു എന്നതിനും ലാല്‍ ആധികാരികമായ തെളിവുകള്‍ നിരത്തുന്നുണ്ട്.
ബ്രിട്ടീഷുകാര്‍ അവരുടെ കച്ചവടതന്ത്രം, രാജനൈതികമായ കൗശലം എന്നിവയിലൂടെ മേല്‍ക്കൈ നേടി. ക്രൈസ്തവമതത്തിലേക്കുള്ള പരിവര്‍ത്തനശ്രമങ്ങള്‍ക്ക് അവരുടെ ഭരണകൂടം വേണ്ടത്ര ഒത്താശകള്‍ ചെയ്തു കൊടുത്തു. അതോടൊപ്പം അവരുടെ ഭൗതികശാസ്ത്രപരമായ നേട്ടത്തിന്റെ പകിട്ടില്‍ ആകൃഷ്ടരായ ഭാരതീയര്‍ കണ്ണുംപൂട്ടി പാശ്ചാത്യസംസ്‌കാരത്തെ സ്വാംശീകരിക്കാനും തുടങ്ങി. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ വിദ്യാഭ്യാസപദ്ധതി ഇതിനെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.
സുരേന്ദ്രനാഥ് ദാസ്ഗുപ്ത (Philosophical Essays), കൃഷ്ണചന്ദ്ര ഭട്ടാചാര്യ തുടങ്ങിയവര്‍ അക്കാലത്തെ ഭാരതീയരുടെ അപകടകരമായ ഈ അന്യവല്‍ക്കരണപ്രവണതയെ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൃഷ്ണചന്ദ്ര ഭട്ടാചാര്യ (കെ.സി. ഭട്ടാചാര്യ) ആധുനിക ഭാരതത്തിലെ പ്രധാന തത്വചിന്തകരില്‍ ഒരാള്‍ ആണ്. അദ്ദേഹം Method of Constructive Interpretation എന്ന ഒരു പുതിയ ചിന്താപദ്ധതി ആവിഷ്‌കരിച്ചു. അദ്ദേഹത്തിന്റെ The Subject As Freedom എന്ന പുസ്തകം ശ്രദ്ധേയമാണ്. 1928-30 കളില്‍ ഹൂഗ്ലി കോളേജിലെ വിദ്യാര്‍ത്ഥികളോടായി അദ്ദേഹം നടത്തിയ പ്രഭാഷണം Swaraj in Ideas എന്ന പേരില്‍ പ്രസിദ്ധമാണ്.
അതില്‍ അദ്ദേഹം ആശയപരവും സാംസ്‌കാരികവുമായ അധിനിവേശം രാജനൈതികമായ അധിനിവേശത്തേക്കാള്‍ അപകടകാരിയാണ് എന്ന യാഥാര്‍ത്ഥ്യത്തെ ചൂണ്ടിക്കാട്ടുന്നു. രാജനൈതികമായ അധിനിവേശത്തെ നമുക്ക് മനസ്സിലാക്കാന്‍ എളുപ്പമാണ്. ഭരണകൂടഭീകരതയെ സഹിക്കേണ്ടി വരുമ്പോഴും ആ മേല്‍ക്കോയ്മയെ അംഗീകരിക്കാന്‍ നാം ഒരിക്കലും മാനസികമായി തയ്യാറാവില്ല. എന്നാല്‍ മറ്റേ അധിനിവേശം നമുക്ക് തിരിച്ചറിയാന്‍ കഴിയാത്ത വിധം അതീവ സൂക്ഷ്മം ആണ്. അത് ഒരു ബാധ ആവേശിക്കുന്നതു പോലെ ആണ് നമ്മെ പിടികൂടുന്നത്. അത് നമ്മെ ബാധിക്കുന്ന നിമിഷം മുതല്‍ തന്നെ നാം തിരിച്ചറിയാനാവാത്ത വിധം അടിമത്തത്തിന്റെ പടുകുഴിയില്‍ വീഴും എന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.
പാശ്ചാത്യസംസ്‌കാരവും ചിന്തയും നമ്മുടെ വ്യക്തി, കുടുംബ, സമൂഹ ജീവിതത്തിനു മേല്‍ ഇന്നും പുലര്‍ത്തിവരുന്ന ആധിപത്യം ഇത്തരത്തില്‍ ഒരു ബാധാവേശമാണ്. ഇന്നും നമുക്ക് അവയോട് എന്തെന്നില്ലാത്ത അഭിനിവേശമാണ്. ഭ്രാന്തന് തനിക്കു ഭ്രാന്ത് ആണെന്ന തിരിച്ചറിവ് ഉണ്ടാകില്ലല്ലോ.
ഈ രണ്ട് അധിനിവേശങ്ങളും ഹിന്ദുസമൂഹത്തിലുളവാക്കിയ മാനസികാഘാതം(Trauma), കാഴ്ച്ചപ്പാട്, സാമൂഹ്യഘടന എന്നിവയില്‍ വരുത്തിയ ആശാസ്യമല്ലാത്ത മാറ്റങ്ങള്‍ എന്നിവയെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.
വൈദേശികതയുടെ ഇരുള്‍ മൂടിയ ഈ രണ്ടു ഘട്ടങ്ങള്‍ക്കും അപ്പുറമുള്ള കാലത്തെ ഹിന്ദുസാമൂഹികജീവിതത്തിന്റെ ക്ഷണദര്‍ശനം ((Glimpse) നമുക്ക് സേതുബന്ധം പോലുള്ള സ്വദേശിസാഹിത്യങ്ങള്‍, ഇന്നും ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ തുടര്‍ന്നു വരുന്ന ആചാരാനുഷ്ഠാനങ്ങള്‍, അതുപോലെ പുരാവസ്തുശാസ്ത്രം (Archaeology),, നരവംശശാസ്ത്രം(Anthropology), സാമൂഹ്യശാസ്ത്രം (Sociology) തുടങ്ങിയ മേഖലകളിലെ പുതിയ പഠനങ്ങള്‍ എന്നിവ ചേര്‍ത്തുവെച്ച് ഒരു ബഹുവിജ്ഞാനപരവും അന്തര്‍വിജ്ഞാനപരവുമായ (Multi disciplinary & Inter disciplinary) വിശകലനം നടത്തുമ്പോള്‍ കിട്ടും. അത്തരം ഒരു പരിശ്രമം ആണ് ഈ ലേഖനപരമ്പര.
ഇത്രയും മഹത്തും ബൃഹത്തും ആയ സുദീര്‍ഘ പാരമ്പര്യം ഉള്ള ഹിന്ദുക്കള്‍ക്ക് ചരിത്രബോധമോ ദേശീയബോധമോ ഇല്ലായിരുന്നു എന്നു പലരും വാദിക്കുന്നു. അതുപോലെ ഹിന്ദുദേശീയതക്ക് അന്തര്‍ദേശീയതയുമായി പൊരുത്തപ്പെടാന്‍ കഴിയുകയില്ല എന്നു മറ്റു ചിലര്‍ കരുതുന്നു. ഇനി നമുക്ക് ഇത്തരം വാദങ്ങളില്‍ കഴമ്പുണ്ടോ എന്നും ഹിന്ദുത്വവും ദേശീയതയും അന്തര്‍ദേശീയതയും തമ്മില്‍ എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്നും പരിശോധിക്കാം. ഹിന്ദുക്കള്‍ക്ക് ചരിത്രബോധം ഉണ്ടായിരുന്നോ എന്ന് അറിയാന്‍ Arvind Sarmaഎഴുതിയ Hinduism and Its Sense of History വായിച്ചാല്‍ മതിയാകും.
ദേശീയതയും അന്തര്‍ദേശീയതയും ഹിന്ദുത്വത്തില്‍
ഹിന്ദുത്വം: ho Invented Hinduism, David N. Lorenzen. On Hindu, Hindustan, Hinduism and Hindutva, Arvind Sharma. Antiquity and Origin of the Term ‘Hindu’, Dr. Murlidhar H. Pahoja തുടങ്ങിയ പഠനങ്ങള്‍ ഹിന്ദു എന്ന പദത്തിന്റെ ഉല്‍പ്പത്തി, പഴക്കം, പ്രചാരം മുതലായവയിലേക്കു കൂടുതല്‍ വെളിച്ചം വീശുന്നു. സിന്ധു എന്ന പദത്തോളം തന്നെ പഴക്കം അതിന്റെ ഉച്ചാരണഭേദം ആയ ഹിന്ദുവിനും ഉണ്ടെന്ന് പഹോജ സമര്‍ത്ഥിക്കുന്നു.
David N. Lorenzen ആകട്ടെ ഇസ്ലാമിക മതത്തില്‍ നിന്നും തികച്ചും ഭിന്നമായ വിശ്വാസപദ്ധതി (Belief system) പിന്തുടരുന്നവരാണ് തങ്ങള്‍ എന്നു കാണിക്കാനായി എല്ലാ വിഭാഗങ്ങളിലും പെട്ട ഇന്നാട്ടുകാര്‍ തന്നെ ഹിന്ദു എന്നു സ്വയം കരുതിവന്നിരുന്നു എന്നും ഹിന്ദുത്വത്തിന്റെ ഉള്ളടക്കം സൃഷ്ടിച്ചത് പാശ്ചാത്യര്‍ അല്ല ഹിന്ദുക്കള്‍ തന്നെ ആണ് എന്നും അതിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടെന്നും വ്യക്തമാക്കുന്നു.
ഉച്ചാരണം എന്തു തന്നെ ആയാലും സിന്ധു നദിയും ആയി ബന്ധപ്പെട്ടാണ് ഹിന്ദു എന്ന പദപ്രയോഗവും എന്ന കാര്യത്തില്‍ പണ്ഡിതന്മാരുടെ ഇടയില്‍ അഭിപ്രായസമന്വയം കാണാം.
അതുപോലെ ഹിന്ദുത്വത്തിനു പല നിര്‍വചനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹിന്ദുത്വം എന്ന പദം ആദ്യമായി പ്രയോഗിച്ച ചന്ദ്രനാഥ ബസു (1844-1910) Hindutva- Hindus Prakrita Itihas എന്ന തന്റെ ബംഗാളികൃതിയില്‍ ഭാരതീയമായ ആചാരാനുഷ്ഠാനങ്ങളുടെ പ്രത്യയശാസ്ത്രപരമായ തലത്തിലൂന്നിയ നിര്‍വചനം നല്‍കുമ്പോള്‍, സവര്‍ക്കര്‍ (1883-1966)Hindutva: Who is a Hindu എന്ന തന്റെ പുസ്തകത്തില്‍ അന്നത്തെ സാമൂഹ്യ-രാജനൈതിക (Socio- political) പശ്ചാത്തലത്തിലുള്ള വിശദീകരണം ആണ് ഹിന്ദുത്വത്തിനു നല്‍കുന്നത്.
ഭാരതം ഒരു രാഷ്ട്രമാണോ?
ഭാരതം ബ്രിട്ടീഷുകാരുടെ ഭരണത്തിനു മുമ്പ് ഒരു രാഷ്ട്രം ആയിരുന്നില്ല, ഒരു Nation ആയിരുന്നില്ല, കുറെ രാജ്യങ്ങള്‍ കൂടിച്ചേര്‍ന്നതാണ്, പതിനാലോ പതിനേഴോ ദേശീയതകള്‍ മാത്രമാണിവിടെ ഉള്ളത്, ഏകതയുടെ ഒരു ഘടകവും ഇവിടെ ഉണ്ടായിരുന്നില്ല, ചുരുക്കിപ്പറഞ്ഞാല്‍ സഞ്ജയ് സുബ്രഹ്‌മണ്യം Is Indian Civilization A Myth എന്ന തന്റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ ‘ഇന്ത്യ ഒരു സിവിലൈസേഷന്‍ അല്ല, കൊള്ളക്കൊടുക്കലുകള്‍ അരങ്ങേറിയ ഒരു നാല്‍ക്കവലയാണ്’ എന്ന് ഇപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന വാദം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അത് ബ്രിട്ടീഷ് ഭരണയന്ത്രത്തിന്റെ ഭാഗമായിരുന്ന ചില പാശ്ചാത്യപണ്ഡിതന്മാര്‍ ദുരുദ്ദേശ്യത്തോടെ ആ കാലത്തു തുടങ്ങിവെച്ചതും അവര്‍ നമ്മെ കട്ടുമുടിച്ച്, വെട്ടിമുറിച്ചു പോയതിനുശേഷവും ഇന്നാട്ടുകാരായ ചില പണ്ഡിതര്‍ തുടര്‍ന്നും അതേറ്റു പാടുന്നതായി നമ്മള്‍ കാണുന്നു.
ഇതിനു പിന്നില്‍ ബ്രിട്ടീഷുകാരുടെ അതേ ദുരുദ്ദേശ്യത്തോടെ അവരുടെ ചുവടുപിടിച്ച് ആസൂത്രിതമായി ഇവിടെ പ്രവര്‍ത്തിക്കുന്ന അബ്രഹാമിക് അഥവാ സെമറ്റിക്ക് -മത-ഇസ വിധ്വംസകശക്തികള്‍ ആണെന്നു Breaking India തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയ Rajeev Malhotra, The Use of Dalits and Racism in Anti-Hindu Propaganda മുതലായ രചനകള്‍ നടത്തുന്ന Koenraad Elst, പ്രസിദ്ധ ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായTarek Fatah തുടങ്ങിയ പ്രമുഖര്‍ പറയുന്നു. ദേശീയത, സംസ്‌കാരം, സ്വാതന്ത്ര്യം മുതലായ വിഷയങ്ങളില്‍ ഭാരതീയരില്‍, വിശിഷ്യ യുവതലമുറയില്‍, ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഒരു പുതിയ ഇടതുകൂട്ടായ്മയും (New Left) പരിശ്രമിക്കുന്നുണ്ടത്രേ. സി. അഷറഫ് സാഹിത്യവിമര്‍ശത്തില്‍ (2017 ജനുവരി – ഫെബ്രുവരി) ഇത്തരം ദേശവിരുദ്ധശക്തികള്‍ വിലയ്‌ക്കെടുത്തവരാണ് ഈ പണ്ഡിതമ്മന്ന്യന്മാര്‍ എന്നു ചുണ്ടിക്കാണിക്കുന്നു.
പ്രശസ്ത ചരിത്രപണ്ഡിതനായ രാധാ കുമുദ് മുക്കര്‍ജി എഴുതി The Fundamental Unity of India (1914) എന്ന പുസ്തകത്തില്‍ ഇത്തരം വരട്ടുവാദങ്ങളെ അക്കാലത്തെ നിഷ്പക്ഷമതികളായ പാശ്ചാത്യ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും മറ്റു തെളിവുകളും നിരത്തി യുക്തിയുക്തം ഖണ്ഡിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് അവര്‍ നമ്മുടെ നാട്ടിലെ സ്‌കൂളുകളില്‍ പഠിപ്പിക്കാനായി തയാറാക്കിയ ജ്യോഗ്രഫി പുസ്തകത്തില്‍ അച്ചടിച്ചിരുന്നത് ”ഇന്ത്യ കുറേ രാജ്യങ്ങളുടെ കൂട്ടായ്മ മാത്രമാണ്” ” India is commonly thought of and spoken of as a single country. But this is not true …India is rather a collection of countries.”) എന്നായിരുന്നു.
Sir John Stratchey എന്ന ഉദ്യോഗസ്ഥന്‍ തന്റെ ‘India: Its Administration and Progress’ (1888), എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു- ഇന്ത്യ എന്നോ ഇന്ത്യാരാജ്യം എന്നുതന്നെയോ യൂറോപ്യന്‍ ആശയങ്ങള്‍ വെച്ചു പറയാവുന്ന തരത്തിലുള്ള ഒരു ഏകത, ഭൗതികമോ രാജനൈതികമോ സാമൂഹ്യമോ, മതപരമോ ആയ ഒന്ന്: ഇന്ത്യന്‍ നേഷന്‍ ഉണ്ടായിട്ടേ ഇല്ല, ഇപ്പോഴുമില്ല. (“This is the first and most essential thing to remember about India – that there is not and never was an India, possessing, according to European ideas, any sort of unity, physical, political, social or religious; no Indian nation.’).
എന്നാല്‍ നിഷ്പക്ഷമായി ഭാരതത്തെ പഠിച്ച ചില പണ്ഡിതന്മാരുടെ അഭിപ്രായം നേരെ മറിച്ചായിരുന്നു. പ്രാചീന ഭാരതചരിത്രത്തിന്റെ ആധികാരിക വക്താവായിരുന്ന Mr. Vincent A. Smith പറയുന്നു- പര്‍വതങ്ങളാലും സമുദ്രങ്ങളാലും ചുറ്റപ്പെട്ട ഇന്ത്യ ഭൂപരമായി ഒരൊറ്റ ഏകകം ആണ്, ആ നിലയ്ക്ക് ഒറ്റ പേരുകൊണ്ട് അറിയാന്‍ നിര്‍വിവാദം യോഗ്യമാണ്.(“India, encircled as she is by seas and mountains, is indisputably a geographical unit, and as such is rightly designated by one name.”).
ജ്യോഗ്രഫിയില്‍ അന്നത്തെ ആധികാരിക പണ്ഡിതരില്‍ ഒരാളായിരുന്നMr. Chisholm പറയുന്നത്- ബര്‍മ്മയൊഴിച്ചുള്ള ഇന്ത്യയെപ്പോലെ പ്രകൃതിയാല്‍ ഇത്ര വ്യക്തമായി അതിരുതിരിക്കപ്പെട്ട ഒരു പ്രദേശം ലോകത്തു മറ്റെങ്ങുമില്ല. ഭൗതികസ്വഭാവം കൊണ്ടും കാലാവസ്ഥ കൊണ്ടും ഈ പ്രദേശം വൈരുദ്ധ്യം നിറഞ്ഞത് തന്നെ- എങ്കിലും ചുറ്റുവട്ടത്തെ ഭൂപ്രദേശങ്ങളില്‍ നിന്നും ഇതിനെ പൂര്‍ണ്ണമായും ഒന്ന് എന്ന നിലക്ക് വേര്‍തിരിക്കുന്ന സവിശേഷതകള്‍ കണ്ടില്ലെന്നു നടിക്കാന്‍ പറ്റാത്ത വിധം വ്യക്തമാണ്.(“There is no part of the world better marked out by Nature as a region by itself than India, exclusive of Burma. It is a region indeed full of contrasts in physical features and in climate, – but the features that divide it as a whole from surrounding regions are too clear to be overlooked.”)
Sir Herbert Risley യുടെ അഭിപ്രായത്തില്‍: ഇന്ത്യയെ നിരീക്ഷിക്കുന്ന ഒരുവന് ഒറ്റ നോട്ടത്തില്‍ ഉള്ളില്‍ പതിയുന്ന ഭൗതികവും സാമൂഹ്യവും ആയ ഘടനകളുടെയും ഭാഷ, ആചാരം, മതം എന്നിവയുടെയും അനന്തവൈവിദ്ധ്യത്തിനിടയില്‍, മിസ്റ്റര്‍ യൂസഫ് അലി ചൂണ്ടിക്കാണിച്ചതു പോലെ, ഹിമാലയം തൊട്ടു കന്യാകുമാരി വരെ ഒരു അടിസ്ഥാനപരമായ ഏകത തീര്‍ച്ചയായും കാണാന്‍ കഴിയും. (“Beneath the manifold diversity of physical and social type, language, custom and religion which strikes the observer in India there can still be discerned, as Mr. Yusuf Ali has pointed out, a certain underlying uniformity of life from the Himalayas to Cape Comorin.”).
(തുടരും)