കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷവും പ്രധാനമന്ത്രിയായിരുന്നത് ഡോ. മന്‍മോഹന്‍സിംഗ് ആയിരുന്നെങ്കിലും ഭരണകാര്യങ്ങളില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുത്തിരുന്നത് സൂപ്പര്‍ പ്രധാനമന്ത്രി ചമഞ്ഞ സോണിയ ഗാന്ധിയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷയും യുപിഎ ചെയര്‍പേഴ്‌സനുമായിരുന്ന സോണിയക്ക് സര്‍ക്കാരിന്റെ എല്ലാ ഫയലും നോക്കാനുള്ള അധികാരമുണ്ടെന്ന് നിയമമന്ത്രിയായിരുന്ന എച്ച്.ആര്‍. ഭരദ്വാജ് പാര്‍ലമെന്റില്‍തന്നെ പ്രഖ്യാപിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ഇതൊരു ഉത്തരവായിരുന്നു. പല പ്രമുഖ മന്ത്രിമാരും പ്രധാനപ്പെട്ട ഫയലുകള്‍ സോണിയയെ കാണിച്ചുപോന്നു. സത്യപ്രതിജ്ഞാ ലംഘനം തന്നെയാണ് ഈ മന്ത്രിമാര്‍ ചെയ്തത്. എന്നാല്‍ ഓരോ ഫയലും സോണിയയെ കാണിക്കുന്നത് പ്രായോഗികമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് കണ്ടതിനാലാവാം, സോണിയ്ക്കു കീഴില്‍ നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ (എന്‍എസി) എന്നൊരു സമാന്തര സംവിധാനം രൂപീകരിച്ചു. സര്‍ക്കാരിനെ നിയന്ത്രിക്കാനുള്ള ഇങ്ങനെയൊരു സമിതിക്ക് ഭരണഘടനാപരമായ സാധുത ഇല്ലായിരുന്നു. ‘അമേരിക്കന്‍ പക്ഷപാതി’ ആയിരുന്ന മന്‍മോഹന്‍സിംഗിനെ നിയന്ത്രിക്കാന്‍ അര്‍ബന്‍ നക്‌സലുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇങ്ങനെയൊരു സമിതി ആവശ്യമാണെന്ന് ചൈനയ്ക്ക് തോന്നിയിരിക്കാം. സോണിയ ചൈനയ്ക്ക് വേണ്ടപ്പെട്ടവളും ആയിരുന്നല്ലോ. യുപിഎ സര്‍ക്കാരിന്റെ പല തീരുമാനങ്ങള്‍ക്കു പിന്നിലും ചൈനയുടെ താല്‍പര്യം സംരക്ഷിക്കുകയെന്ന ദുഷ്ടലാക്ക് ഉണ്ടായിരുന്നു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ഉപദേശിക്കാന്‍ തന്നെയാണ് എന്‍എസി രൂപീകരിച്ചത്. പ്രധാനമന്ത്രിയുടെ അനൗദ്യോഗിക ഓഫീസായിത്തന്നെ അത് പ്രവര്‍ത്തിച്ചുപോന്നു. എന്‍എസിയിലെ അംഗങ്ങള്‍ പലരും വന്‍തോതില്‍ വിദേശ ഫണ്ട് സ്വീകരിക്കുന്ന എന്‍ജിഒകളുടെ നടത്തിപ്പുകാരായിരുന്നു. ശബ്‌നം ഹാഷ്മി, രാം പുനിയാനി, ഉഷാ രാമനാഥന്‍, ജോണ്‍ ദയാല്‍ തുടങ്ങിയവര്‍ ഇവരില്‍പ്പെടുന്നു. 2016 ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ‘അന്‍ഹദ്’ എന്ന സംഘടനയുടെ സ്ഥാപകയായിരുന്നു ശബ്‌നം ഹാഷ്മി. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയെ എതിര്‍ത്ത രാം പുനിയാനി സിഎസ് എസ്എസ് എന്നൊരു സംഘടനയുണ്ടാക്കി വിദേശ ഫണ്ട് കൈപ്പറ്റിയിരുന്നു. ഭാരതത്തോടുള്ള വിരോധത്തിന് കുപ്രസിദ്ധിയാര്‍ജിച്ച ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉപദേശക സമിതി അംഗമായിരുന്ന ഉഷ രാമചന്ദ്രനായിരുന്നു മറ്റൊരംഗം.
എന്‍എസിയിലെ ബുദ്ധികേന്ദ്രങ്ങള്‍
സെന്റര്‍ ഫോര്‍ ഇക്വാളിറ്റി സ്റ്റഡീസ് എന്ന സംഘടനയുടെ ഡയറക്ടര്‍ ഹര്‍ഷ് മന്ദര്‍ ആയിരുന്നു എന്‍എസിയിലെ മറ്റൊരു പ്രമുഖന്‍. രാജ്യത്തെ മുസ്ലിങ്ങള്‍ നേരിടുന്ന രാഷ്ട്രീയ അവഗണനയെക്കുറിച്ച് പറഞ്ഞ് സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിച്ചയാളാണ് മന്ദര്‍. ഇയാളുടെ ആശയങ്ങള്‍ പാക് പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന്‍ പിന്‍പറ്റുകയുണ്ടായി. മുസ്ലിങ്ങളാണ് ഇന്നത്തെ പുറംജാതിക്കാര്‍. രാഷ്ട്രീയമായി അനാഥരായ അവര്‍ ഭവനരഹിതരുമാണ്. ഇന്തോനേഷ്യയും പാകിസ്ഥാനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള നാട്ടിലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. ലോകത്തെ മുസ്ലിം ജനസംഖ്യയുടെ പത്തിലൊന്ന് ഭാരതത്തിലാണ്. വിഭജനത്തെ തുടര്‍ന്നുള്ള പ്രക്ഷുബ്ധമായ മാസങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഭാരതത്തിലെ മുസ്ലിങ്ങള്‍ ഇത്രമാത്രം കഷ്ടതകള്‍ അനുഭവിക്കുന്ന മറ്റൊരു കാലമുണ്ടായില്ല. എന്നൊക്കെയാണ് ഹര്‍ഷ് മന്ദര്‍ വാദിച്ചത്. രാജ്യത്തെ വിഭവങ്ങളുടെ പ്രഥമ അവകാശികള്‍ മുസ്ലിങ്ങളാണെന്ന് പ്രധാനമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് മന്‍മോഹന്‍ സിംഗ് പറഞ്ഞത് ആരുടെ സ്വാധീനം മൂലമാണെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. ഗുജറാത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലഷ്‌കര്‍ വനിത ഇസ്രത് ജഹാനെ പിന്തുണച്ചയാളുമാണ് മന്ദര്‍. ഇയാളുടെ ‘ദേശ് ഗുജറാത്ത്’ എന്ന എന്‍ജിഒ വിദേശ സംഘടനകളില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ലക്‌നൗ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്ന രൂപ്‌രേഖാ ശര്‍മ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭാരതീയ സംസ്‌കാരവുമായി ബന്ധപ്പെട്ട ആഘോഷങ്ങളൊന്നും പാടില്ലെന്ന് വാദിക്കുന്നയാളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സരസ്വതീ പൂജ പോലും പാടില്ലെന്ന് ഇവര്‍ ശഠിക്കുകയുണ്ടായി. രാമക്ഷേത്ര നിര്‍മ്മാണത്തിന് വഴിയൊരുക്കിയ അലഹബാദ് ഹൈക്കോടതി വിധിയുടെ വിമര്‍ശകയായിരുന്നു ഇവര്‍. ക്യാമ്പസില്‍ അക്രമങ്ങള്‍ കാണിക്കുകയും അധ്യാപകരെ മര്‍ദ്ദിക്കുകയും ചെയ്തതിന് സര്‍വ്വകലാശാല പുറത്താക്കിയ വിദ്യാര്‍ത്ഥികളെ പിന്തുണച്ചും രൂപ്‌രേഖ രംഗത്തുവരികയുണ്ടായി. ‘ഓക്‌സ് ഫാം ഇന്ത്യ’യുടെ ബോര്‍ഡ് അംഗമായ ഗഗന്‍ സേഥിയായിരുന്നു എന്‍എസിയുടെ മറ്റൊരംഗം. ആസൂത്രണ കമ്മീഷന്‍ അംഗമായിരുന്ന സേഥി ദേശീയ മനുഷ്യാവകാശ കമ്മീഷനിലും നിയമിക്കപ്പെടുകയുണ്ടായി. സ്വിസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ക്രിസ്ത്യന്‍ ഏക്‌സ്, ഫോര്‍ഡ് ഫൗണ്ടേഷന്‍ തുടങ്ങിയ സംഘടനകളുടെ സഹകാരിയാണ് ഇയാള്‍. വിദേശ ഫണ്ട് സ്വീകരിച്ചിരുന്ന സിഎസ്‌ജെ എന്ന സംഘടനയുടെ വൈസ് പ്രസിഡന്റുമായിരുന്നു.
ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്റെ മുന്‍ പ്രസിഡന്റും, ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ ജോണ്‍ ദയാല്‍, യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നതും രൂക്ഷമായ എതിര്‍പ്പുമൂലം നിയമമാക്കന്‍ കഴിയാതിരുന്നതുമായ കമ്മ്യൂണല്‍ വയലന്‍സ് ബില്ലിന്റെ മുഖ്യശില്‍പ്പികളില്‍ ഒരാളായാണ് കരുതപ്പെടുന്നത്. നുഴഞ്ഞുകയറ്റക്കാരും ആക്രമികളുമായ റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ആളുമാണ് ജോണ്‍ ദയാല്‍. കമ്യൂണല്‍ വയലന്‍സ് ബില്ല് നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ ദേശവിരുദ്ധ മനോഭാവവും സ്വഭാവവും ഈ ബില്ല് പൂര്‍ണമായി പുറത്തുകൊണ്ടുവരികയുണ്ടായി.
കോണ്‍ഗ്രസിലെ മാവോയിസ്റ്റുകള്‍
യുപിഎ സര്‍ക്കാരിന് അധികാരം നഷ്ടമായതിനെതുടര്‍ന്ന് അറസ്റ്റിലാവുകയും ജയിലടയ്ക്കപ്പെടുകയും ചെയ്ത പലരും സോണിയ അദ്ധ്യക്ഷയായിരുന്ന എന്‍എസിയില്‍ അംഗമായിരുന്നു എന്നത് വളരെ ഗുരുതരമായ കാര്യമാണ്. എന്തൊക്കെയായിരുന്നു ഇവരുടെ ഗൂഢലക്ഷ്യങ്ങളെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ദേശവിരുദ്ധതാല്‍പ്പര്യങ്ങളുമായി കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെയൊക്കെയാണ് കെട്ടുപിണഞ്ഞു കിടക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഇത് ആവശ്യമാണ്. രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ദേശസുരക്ഷയെ അപകടത്തിലാക്കുകയാണ് എന്‍എസി ചെയ്തത്. മാവോയിസ്റ്റ് ഭീകരതയെ പിന്തുണക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പലപ്പോഴും സ്വീകരിച്ചത്. ജയ്‌റാം രമേശിനെപ്പോലുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിച്ച നക്‌സലൈറ്റ് പ്രേമം ഇതിനു തെളിവായിരുന്നു. മാവോയിസത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്ന പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗ് എന്ന് പറഞ്ഞു നടക്കുമ്പോഴാണ് ഇതിന് കടകവിരുദ്ധമായ നിലപാടുകള്‍ ജയറാം രമേശിനെയും ദിഗ്‌വിജയ സിംഗിനെയും പോലുള്ള നേതാക്കള്‍ എടുത്തത്. മാവോയിസത്തെയും നക്‌സലിസത്തെയും മുഖ്യധാരയുടെ ഭാഗമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. സിപിഎമ്മിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. ഈ പാര്‍ട്ടികള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫ് മാവോയിസ്റ്റ് (സിപിഎം) എന്നോ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (മാവോയിസ്റ്റ്) എന്നോ പേരുമാറ്റണമെന്ന് വിമര്‍ശനമുയര്‍ന്നു. കോമ്രേഡ് സുരേന്ദ്ര എന്ന നക്‌സല്‍ നേതാവ് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെഴുതിയ കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംഘടനാപരമായും സാമ്പത്തികമായും തങ്ങളെ സഹായിക്കാന്‍ ഒരുക്കമാണെന്നു പറയുന്നുണ്ട്. സോണിയ നയിച്ച എന്‍എസിയിലെ അംഗങ്ങളായ പലരും അര്‍ബന്‍ നക്‌സലുകളോടും മാവോയിസ്റ്റു ഭീകരതയോടും ആഭിമുഖ്യമുള്ളവരായിരുന്നു.
2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം എന്‍ഡിഎ സര്‍ക്കാരിനെതിരെ പഴയ എന്‍എസിക്കാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരെ ഇക്കൂട്ടര്‍ ശബ്ദമുയര്‍ത്തി. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ കൊണ്ടുവരാന്‍ ശ്രമിച്ച് പരാജയപ്പെട്ട കാര്യങ്ങള്‍ മോദിസര്‍ക്കാര്‍ നടപ്പാക്കുന്നതിനെയാണ് ഇക്കൂട്ടര്‍ എതിര്‍ത്തത്. ആര്‍ട്ടിക്കിള്‍ 370, പൗരത്വ നിയമ ഭേദഗതി, കാര്‍ഷിക നിയമങ്ങള്‍ എന്നിവ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എല്ലായ് പ്പോഴും ഭാരതത്തിന്റെ താല്‍പ്പര്യത്തിന് എതിരു നില്‍ക്കുന്ന ഹര്‍ഷ് മന്ദര്‍ ഈ പ്രതിഷേധക്കാരില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. സര്‍ക്കാരിനും ജുഡീഷ്യറിക്കുമെതിരെ മുസ്ലിം ജനക്കൂട്ടത്തെ ഇളക്കിവിടാനുള്ള ശ്രമങ്ങളും ഇയാള്‍ നടത്തി. ഇനി മുതല്‍ ഭരണകൂടത്തിന്റെ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് പാര്‍ലമെന്റോ സുപ്രീംകോടതിയോ ആയിരിക്കില്ല, തീരുമാനങ്ങള്‍ തെരുവുകളില്‍ എടുക്കുമെന്നാണ് ഇയാള്‍ പറഞ്ഞത്. ഭാരതത്തിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെട്ടുവെന്ന് മന്ദര്‍ പറഞ്ഞപ്പോള്‍ അവരില്‍ ബുദ്ധമതക്കാരും സിഖുകാരും പാഴ്‌സികളുമൊന്നും ഉണ്ടായിരുന്നില്ല എന്നോര്‍ക്കണം. മുസ്ലിങ്ങള്‍ മാത്രമായിരുന്നു ഇയാള്‍ക്ക് മതന്യൂനപക്ഷം. സിഎഎക്കെതിരെ മാത്രമല്ല, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും സായുധ കലാപത്തിന് പ്രേരിപ്പിക്കുന്ന വിധമാണ് ഹര്‍ഷ് മന്ദര്‍ പെരുമാറിയത്. ചുരുക്കത്തില്‍ ദേശവിരുദ്ധരുടെ വട്ടമേശ സമ്മേളനങ്ങളാണ് സോണിയയുടെ അധ്യക്ഷതയില്‍ എന്‍എസിയില്‍ നടന്നുകൊണ്ടിരുന്നത്.
എതിര്‍പ്പുകളുടെ സൂത്രധാരന്മാര്‍
സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കുന്നതിനുവേണ്ടി എന്‍എസി അതിരുകള്‍ ലംഘിച്ചുവെന്ന് 2017 ല്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഫയലുകളില്‍നിന്ന് വ്യക്തമാവുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് എന്‍എസി അംഗങ്ങളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുണ്ടായി. എന്‍എസി അധ്യക്ഷയായ സോണിയയുടെ നിര്‍ദേശങ്ങള്‍ എതിര്‍പ്പില്ലാതെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ നിര്‍ബന്ധിതനായി. കാരണം അത് അന്തിമമായിരുന്നു. ഈ നയങ്ങള്‍ക്ക് രൂപം നല്‍കിയതാവട്ടെ അര്‍ബന്‍ നക്‌സലുകളുമായും ജിഹാദി ശക്തികളുമായും സഹവര്‍ത്തിക്കുന്ന ഹര്‍ഷ് മന്ദറിനെയും യോഗേന്ദ്ര യാദവിനെയും പോലുള്ളവരും. സോണിയ വഴി ഇത്തരം ആളുകളുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനായിരുന്നെങ്കില്‍ എന്തിനായിരുന്നു ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍? മോദി സര്‍ക്കാര്‍ അതിവേഗം നിയമങ്ങള്‍ നടപ്പിലാക്കുന്നു എന്ന ആക്ഷേപം ഉന്നയിച്ചവരാണ് യുപിഎ ഭരണകാലത്തെ കേന്ദ്ര സര്‍ക്കാരിന്റെ സംവിധാനത്തെ ഒന്നടങ്കം ഹൈജാക്കു ചെയ്ത് സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ നടപ്പാക്കിയത്. രാജ്യതാല്‍പ്പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനെ ഇവര്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് മോദി സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍നിന്ന് മനസ്സിലായത്. ബില്ലുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പാര്‍ലമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരാണ് പിന്നീട് അതിനോട് വിയോജിച്ച് രംഗത്തുവന്നത്. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മിലാനില്‍ അവധിയാഘോഷിക്കുകയായിരുന്നു.
2004 ജൂണ്‍ നാലിനാണ് സോണിയ എന്‍എസിക്ക് രൂപംനല്‍കിയത്. വിദേശവംശ പ്രശ്‌നം ഉള്‍പ്പെടെ പ്രധാനമന്ത്രിയാവാന്‍ തടസ്സമായപ്പോള്‍ തന്റെ ‘ഉള്‍വിളി’ അനുസരിച്ച് പിന്മാറുകയാണെന്ന് സോണിയ പ്രഖ്യാപിക്കുകയായിരുന്നുവല്ലോ. ഇതിന്റെ പിറ്റേദിവസം തന്നെ എന്‍എസിക്ക് രൂപം നല്‍കുകയുണ്ടായി. കോണ്‍ഗ്രസിന് അധികാരം ലഭിക്കുമെന്ന് ഉറപ്പായപ്പോള്‍ തന്നെ ഇതുസംബന്ധിച്ച ആലോചനകള്‍ നടന്നിരിക്കണം. ഏതൊക്കെ ശക്തികളാണ് ഇതില്‍ ഇടപെട്ടിട്ടുള്ളതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇക്കാര്യങ്ങള്‍ പുറത്തുവരേണ്ടത് രാജ്യരക്ഷയ്ക്ക് ആവശ്യമാണ്. കോണ്‍ഗ്രസിന് അധികാരമില്ലെങ്കിലും ഭാരതത്തിനെതിരായി വിദേശ കരങ്ങള്‍ ആ പാര്‍ട്ടിയെ ഉപയോഗിക്കും. മോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷക്കാലം രാജ്യം ഇതിന് സാക്ഷ്യംവഹിക്കുകയുണ്ടായി.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് സോവിയറ്റ് യൂണിയന്‍ ഇങ്ങനെ ചെയ്തിരുന്നതിന്റെ വിവരങ്ങള്‍ പുറത്തുവരികയുണ്ടായി. സോണിയയുടെയും രാഹുലിന്റെയും കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിയന്ത്രണം ചൈന ഏറ്റെടുത്തുവെന്ന് കരുതാവുന്ന വിധത്തില്‍ പല സംഭവങ്ങളും അരങ്ങേറുകയുണ്ടായി. കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും ഒരുപോലെ താല്‍പ്പര്യം പുലര്‍ത്തുന്ന മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നില്‍ താല്‍പ്പര്യം കാണിക്കാറില്ല. എന്നുമാത്രമല്ല, ഗൂഢമായ മാര്‍ഗത്തിലൂടെ ചൈനയുടെ സാമ്പത്തിക സഹായം കൈപ്പറ്റുന്ന മാധ്യമങ്ങള്‍ കോണ്‍ഗ്രസിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ബുദ്ധിജീവികളും എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും ഈ മാധ്യമങ്ങളില്‍നിന്ന് വഴിവിട്ട് പല ആനുകൂല്യങ്ങളും നേടുന്നവരാണ്. കോണ്‍ഗ്രസിന്റെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ ആരെങ്കിലും വിമര്‍ശിക്കുകയോ തുറന്നുകാട്ടുകയോ ചെയ്താല്‍ അവര്‍ക്കുമേല്‍ ഇവര്‍ ഒറ്റക്കെട്ടായി ചാടിവീഴും. ഇവരെ നേരിട്ടുകൊണ്ടല്ലാതെ രാഷ്ട്രതാല്‍പ്പര്യം സംരക്ഷിക്കാനാവാത്ത സ്ഥിതി വന്നുചേര്‍ന്നിരിക്കുകയാണ്.
(തുടരും)