അതിസമ്പന്നമായിരുന്ന ഭാരതത്തിന്റെ വൈജ്ഞാനിക പാരമ്പര്യം ലോകപ്രസിദ്ധമായിരുന്നു. ലോകത്തിലെ തന്നെ ആദിമ സര്‍വ്വകലാശാലകളില്‍ പലതും ഭാരതത്തിന്റെ മണ്ണില്‍ വിജ്ഞാനവിതരണം ചെയ്ത് തലയെടുപ്പോടെ വിരാജിച്ചിരുന്നു. നളന്ദ, തക്ഷശില, വിക്രമശില, കാശി, ഉജ്ജയനി എന്നിവയൊക്കെ ഒരുകാലത്ത് ഭാരതത്തിന്റെ വൈജ്ഞാനിക വൈജയന്തികളായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇടക്കാലത്തുണ്ടായ വിദേശ ആക്രമണങ്ങളില്‍ നിരവധി സാംസ്‌കാരിക കേന്ദ്രങ്ങള്‍ക്കൊപ്പം ഈ സര്‍വ്വകലാശാലകളും നശിപ്പിക്കപ്പെട്ടു. അറേബ്യന്‍ മരുഭൂമികളില്‍ കൊന്നും വെന്നും നടന്ന പ്രാകൃത ഗോത്ര സമൂഹങ്ങള്‍ മതഭ്രാന്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഹത്തായ പല സംസ്‌കാരങ്ങളെയും ചുട്ടു പൊട്ടിച്ചത് ചരിത്രമായി അവശേഷിക്കുന്നു. എന്നാല്‍ ഭാരതവും അതിന്റെ സംസ്‌കാരവും ഇത്തരം പടയോട്ടങ്ങളുടെ കാട്ടുതീയില്‍ വെന്തൊടുങ്ങി മണ്‍മറഞ്ഞു പോയില്ലെന്നു മാത്രമല്ല പൂര്‍വ്വാധികം ശക്തിയോടെ മടങ്ങിവരുകയും ചെയ്യുന്ന കാഴ്ചയാണ് ലോകം ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്. അതിന് കാരണം ഭാരതമെന്ന ആര്‍ഷ ദേശത്തിനും അതിന്റെ മഹത്തായ സംസ്‌കാരത്തിനും നൈസര്‍ഗ്ഗികമായി ലഭിച്ച ജൈവികതയാണ്. ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ച നളന്ദ സര്‍വ്വകലാശാല ഭാരതീയ സംസ്‌കാരത്തിന്റെ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ജൈവിക സ്വഭാവത്തിന്റെ ഉത്തമ നിദര്‍ശനമാണ്.
എ.ഡി. 1193ല്‍ മുഹമ്മദ് ബിന്‍ ബക്തിയാര്‍ ഖില്‍ജിയാണ് ഭാരതത്തിന്റെ അഭിമാനമായിരുന്ന നളന്ദ സര്‍വ്വകലാശാലയെ ആക്രമിക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തത്. തന്റെ മതഗ്രന്ഥമൊഴികെ മറ്റൊരു ഗ്രന്ഥവും ആവശ്യമില്ലെന്നു കരുതിയ ആ മതഭ്രാന്തന്‍ നളന്ദ സര്‍വ്വകലാശാലയിലെ ധര്‍മ്മകുഞ്ചെന്ന മഹത്തായ ഗ്രന്ഥാലയം അഗ്‌നിക്കിരയാക്കി. ഒമ്പത് നിലകളിലായി ശേഖരിച്ച് സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് അപൂര്‍വ്വ താളിയോല ഗ്രന്ഥങ്ങള്‍ക്കാണ് ബക്തിയാര്‍ ഖില്‍ജി തീ കൊടുത്തത്. മാസങ്ങള്‍ കൊണ്ട് എരിഞ്ഞു തീര്‍ന്ന ഗ്രന്ഥങ്ങളോടൊപ്പം അപൂര്‍വ്വജ്ഞാനത്തിന്റെ നിധി നിക്ഷേപങ്ങള്‍ പലതും വീണ്ടെടുക്കാനാവാത്ത വിധം മണ്‍മറഞ്ഞുപോയി. ഗുപ്ത സാമ്രാജ്യത്തിന്റെ സുവര്‍ണ്ണകാലത്ത് കുമാര ഗുപ്തനാണ് നളന്ദ സര്‍വ്വകലാശാല സ്ഥാപിച്ചത്. തത്വശാസ്ത്രം, ഭാഷാശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദിക സാഹിത്യങ്ങള്‍, ഗണിതം എന്നു വേണ്ട എല്ലാ വിഷയങ്ങളും ഇവിടെ പഠിപ്പിച്ചിരുന്നു. അഞ്ചാം നൂറ്റാണ്ടില്‍ വൈദ്യശാസ്ത്രം പാഠ്യവിഷയമായിരുന്ന ഒരു സര്‍വ്വകലാശാല നളന്ദയല്ലാതെ മറ്റൊന്ന് ലോകത്തുണ്ടാവാന്‍ തരമില്ല. പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളും രണ്ടായിരത്തിലേറെ അധ്യാപകരും ഉണ്ടായിരുന്ന ഈ വിദ്യാകേന്ദ്രത്തില്‍ വിദ്യാദാനം തികച്ചും സൗജന്യമായിരുന്നു എന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത. നളന്ദയുടെ പരിസരത്തുണ്ടായിരുന്ന നൂറു ഗ്രാമങ്ങളുടെ വരുമാനം ഈ സര്‍വ്വകലാശാലയുടെ നടത്തിപ്പിനായി മാറ്റിവച്ചിരുന്നു പോലും. ഏതാണ്ട് പത്തു കിലോമീറ്ററോളം വ്യാപിച്ചുകിടന്നിരുന്ന സര്‍വ്വകലാശാലാ ക്യാമ്പസ് ആധുനിക സര്‍വ്വകലാശാലകളെപ്പോലും അല്‍ഭുതപ്പെടുത്തും വിധം ചിട്ടപ്പെടുത്തിയതായിരുന്നു. ഏഴാം നൂറ്റാണ്ടില്‍ നളന്ദയിലെത്തിയ ചൈനീസ് സഞ്ചാരിയായ ഹ്യുയാന്‍സാങ്ങിന്റെ വിവരണമനുസരിച്ച് നളന്ദയുടെ അവശിഷ്ടങ്ങളില്‍ തൊണ്ണൂറു ശതമാനവും ഇപ്പോഴും മണ്ണില്‍ മൂടി കിടക്കുകയാണ്.
ലോകത്തെ വിസ്മയിപ്പിച്ച ഈ പുരാതന സര്‍വ്വകലാശാലയുടെ വീണ്ടെടുപ്പ് സത്യത്തില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഭാരതത്തിന്റെ പ്രതീകമാണ്. വൈദേശിക അധിനിവേശങ്ങളില്‍ അടിച്ചുടയ്ക്കപ്പെട്ട അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രം പുനര്‍നിര്‍മ്മിച്ചതു പോലെ തന്നെ ചരിത്ര പ്രാധാന്യമുള്ളതാണ് നളന്ദ സര്‍വ്വകലാശാലയുടെ പുനര്‍സൃഷ്ടി. ഒന്ന് ആധ്യാത്മികവും സാംസ്‌ക്കാരികവുമായ പുനരുത്ഥാനമാണെങ്കില്‍ രണ്ടാമത്തേത് വൈജ്ഞാനിക വൈഭവത്തിന്റെ പുനരാഗമനമാണ്. ‘തീയിട്ടാല്‍ പുസ്തകങ്ങള്‍ നശിച്ചേക്കാം. എന്നാല്‍ ജ്ഞാനത്തെ നശിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. നളന്ദയുടെ പുനര്‍ജനി ഭാരതത്തിന്റെ സുവര്‍ണ്ണ യുഗത്തിന്റെ പ്രാരംഭമാണ്’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് അര്‍ത്ഥവും മാനവും പലതാണ്. ഇന്നും പെണ്‍കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാനിസ്റ്റുകള്‍ ലോകത്തിന്റെ ചില കോണുകളിലെങ്കിലും അധികാരമാളുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോഴാണ് നളന്ദയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എത്ര പ്രാധാന്യമുള്ളതാണ് എന്ന് നാം മനസ്സിലാക്കുന്നത്.
വീണ്ടും ഭാരതത്തെ ലോകത്തിന്റെ വൈജ്ഞാനിക കേന്ദ്രമാക്കി മാറ്റുക എന്നൊരുദ്ദേശ്യം കൂടിയുണ്ട് നളന്ദയുടെ പുനരുദ്ധാരണത്തിനു പിന്നില്‍. 2014ല്‍ താത്കാലിക കേന്ദ്രത്തില്‍ 14 വിദ്യാര്‍ത്ഥികളുമായി പുനരാരംഭിച്ച നളന്ദയുടെ പ്രവര്‍ത്തനം ചുരുങ്ങിയ നാളുകൊണ്ടാണ് ലോക നിലവാരമുള്ള ഒരു സര്‍വ്വകലാശാലയുടെ നിലവാരത്തിലേക്ക് ഉയര്‍ന്നത്. കിഴക്കന്‍ ഏഷ്യന്‍ ഉച്ചകോടിയിലെ അംഗരാഷ്ട്രങ്ങളുടെയെല്ലാം പിന്തുണയോടെ പുനരുദ്ധരിക്കപ്പെടുന്ന നളന്ദ ഒരു ആഗോള സര്‍വ്വകലാശാലയായി മാറിക്കഴിഞ്ഞിരിക്കുന്നു. പതിനേഴ് രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉദ്ഘാടനത്തിനു പങ്കെടുത്തു എന്നത് തന്നെ നളന്ദയെ ഒരു വിശ്വവിദ്യാലയമായി ലോകം അംഗീകരിച്ചു എന്നതിന്റെ തെളിവാണ്. 137 വിദേശ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ ഇവിടെ അവസരമൊരുക്കുന്നത്. ഭാരതത്തിന്റെ പരമ്പരാഗത ഗുരുകുല വിദ്യാഭ്യാസത്തെ അനുസ്മരിപ്പിക്കും വിധമുള്ള റസിഡന്‍ഷ്യല്‍ സംവിധാനമാണ് നളന്ദയില്‍ ഒരുക്കുന്നത്. ഇവിടെ പുതിയതായി നിര്‍മ്മിക്കുന്ന ഗ്രന്ഥശാലയില്‍ മൂന്നു ലക്ഷം ഗ്രന്ഥങ്ങളാണ് ശേഖരിച്ച് വയ്ക്കാന്‍ പോകുന്നത്. മൂവായിരം പേര്‍ക്ക് ഒരേ സമയം ഉപയോഗിക്കാന്‍ കഴിയുംവിധം ചിട്ടപ്പെടുത്തുന്ന വായനാഗൃഹം മറ്റൊരത്ഭുതമായിരിക്കും. നാനൂറ്റി അമ്പത്തഞ്ച് ഏക്കറില്‍ പരന്നു കിടക്കുന്ന ഈ സര്‍വ്വകലാശാലയ്ക്ക് ഇപ്പോള്‍ തന്നെ ഏഴായിരത്തി അഞ്ഞൂറ് വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനാവും. സങ്കുചിത മതഭീകരവാദത്തെ ജ്ഞാനദീപയഷ്ടികള്‍ കൊണ്ട് പരാജയപ്പെടുത്തുന്നതെങ്ങനെ എന്നതിന്റെ ഭാരതീയ ഉദാഹരണമാണ് നളന്ദയുടെ പുനരുത്ഥാനം. തീ വിഴുങ്ങാത്ത ജ്ഞാന ഗോപുരങ്ങള്‍ കൊണ്ട് ഭാവി ലോകത്തിന് ഭാരതം വഴികാട്ടുന്നതെങ്ങനെയെന്നതിന്റെ മാതൃകയാണ് നളന്ദയെന്ന ആഗോള സര്‍വ്വകലാശാല.