‘ദഫാ ഹോ ജാ മേരെ ഘര്‍ സെ (ഇറങ്ങിപ്പോകൂ എന്റെ വീട്ടില്‍ നിന്ന്)’.
‘തുജ് ജൈസേ ആദ്മി കെ സാത് കോന്‍ രഹേഗാ (നിങ്ങളെപ്പോലുള്ളവരുടെ കൂടെ ആര് താമസിക്കും)?’
അടുത്ത ദിവസത്തേക്കുള്ള തുണികള്‍ അയേണ്‍ ചെയ്യാനുള്ള തയ്യാറെടുപ്പിന്റെ സമയത്താണ് മുകളില്‍ നിന്നും പതിവു ബഹളം കേട്ടത്. പാത്രങ്ങള്‍ എറിഞ്ഞുടയ്ക്കുന്ന ശബ്ദവും പുറകെ വന്നു. എന്തൊക്കെയോ നിലത്ത് ഉരുണ്ടു പെരണ്ട് വീഴുന്നുമുണ്ട്.
‘വല്ല്യ ശല്യമായല്ലോ’ ജോലി നിര്‍ത്തി ബാല്‍ക്കണിയില്‍ ചെന്ന് മുകളിലേയ്ക്ക് നോക്കി. അടുത്ത കെട്ടിടങ്ങളില്‍ നിന്നുള്ളവരും പതിവ് കാഴ്ചയാണെങ്കിലും ആസ്വദിച്ചു നില്‍ക്കുകയാണ്.
‘ഒമ്മെ ഹോഗിനോഡു അല്ലദിദ്രെ അവരു ഹൊഡ്‌കൊണ്ടു സായ്ത്താരേ’ കന്നഡയാണ് പറഞ്ഞതെങ്കിലും പിടിച്ചു മാറ്റാന്‍ ചെല്ലാനാണ് കാഴ്ചക്കാരിലാരോ ഉദ്ദേശിച്ചതെന്ന് മനസ്സിലായി.
‘വെദര്‍ ദേ ഡൈ ഓര്‍ നോട്ട്. ഐ വോണ്ട് ഗോ. ലാസ്റ്റ് റ്റൈം ഐ ഗോട്ട് ഇനഫ്’ മറുപടി കൊടുത്തു.
‘പിന്നെ, എനിക്ക് ഇപ്പൊ അതല്ലേ പണി’ കഴിഞ്ഞ തവണ അടി ശക്തമായപ്പോള്‍ പിടിച്ചു മാറ്റാന്‍ ചെന്നതാണ്. തല പൊട്ടി നില്‍ക്കുമ്പോഴും ആ കശ്മലന്‍ ‘ഗെറ്റ് ഔട്ട്’ ആണ് അടിച്ചത്. ‘നിനക്ക് എന്റെ വീട്ടില്‍ എന്തു കാര്യം’ എന്നും ചോദിച്ച്.
അധികം കഴിഞ്ഞില്ല. എന്തോ പൊട്ടിവീഴുന്ന ശബ്ദം കേട്ടു, കൂടെ ഒരു നിലവിളിയും. ‘ഇന്ന് എന്തെങ്കിലും നടന്നതുതന്നെ. ഒരു കൊലപാതകത്തിന് സാക്ഷി പറയേണ്ടിവരുമോ ദൈവമേ’ എനിക്ക് ആധിയായി.
‘ഇവത്തേ ഇവര വാസ നാനു കൊനെഗൊളിസുത്തേനെ (ഇന്നത്തോടെ ഇവരുടെ പൊറുതി ഞാന്‍ അവസാനിപ്പിക്കും)’.
ഹൗസ് ഓണര്‍ മനോഹര്‍ ലാല്‍ പിറുപിറുത്തുകൊണ്ട് ഗോവണികള്‍ ഓടി കയറുന്നുണ്ട്. അത് വെറുതെ പറയുന്നതാണെന്ന് അറിയാം. എല്ലാ തവണയും ഇതു തന്നെയാണ് അയാള്‍ പറയാറ്. അവരെ ഇറക്കി വിടാന്‍ പോവുകയാണെന്ന് കഴിഞ്ഞ തവണയും പറഞ്ഞതാണ്, ഒന്നും നടന്നില്ലെന്ന് മാത്രം.
മഹാരാഷ്ട്രാ സ്വദേശികളായ ചൈതന്യയും ഭാര്യ ഹിരണ്‍മയിയുമാണ് മുകളില്‍ താമസം. മൂന്ന് മാസമേ ആവുന്നുള്ളൂ അവര്‍ എത്തിയിട്ട്. ഐടി ഫ്രൊഫഷനുകളാണ് രണ്ടാളും. മഡിവാളയിലെ ഏതോ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നപ്പോള്‍ തുടങ്ങിയതാണ് മുകളിലെ പൊറുതി. മിക്കവാറും രാത്രികളില്‍ ബഹളമാണ്. എങ്കിലും, രാവിലെ ഒരുമിച്ച് ജോലിക്കു പോകുന്നത് കണ്ടാല്‍ തലേന്ന് അടികൂടിയവര്‍ ആണെന്ന് പറയുകയേ ഇല്ല.
ഒരു വര്‍ഷം മുന്‍പ് പാലക്കാട്ട് നിന്ന് ബാഗ്ലൂരിലെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടര്‍ ആയി ചേരാന്‍ ഇറങ്ങുമ്പോള്‍ അമ്മ പ്രത്യേകം പറഞ്ഞതാണ് ‘താമസിക്കാന്‍ നല്ല സ്ഥലം നോക്കി തിരഞ്ഞെടുക്കണം’ എന്ന്. ഈ മഹാനഗരത്തില്‍ അങ്ങനെ ഒരു വീട് ഈ വാടകയ്ക്ക് കിട്ടണ്ടേ? ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തന്നെ ഹോസ്റ്റലില്‍ ആദ്യ പതിനഞ്ചു ദിവസം താമസിച്ചു. ഇനി വേറെ വീട് നോക്കിക്കൊള്ളാന്‍ പറഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകന്‍, സേലംകാരന്‍ അരുണുമായി ചേര്‍ന്ന് തപ്പിയിറങ്ങി കിട്ടിയ വീടാണ് ഇത്. അതെല്ലാം പറഞ്ഞാല്‍ അമ്മക്കറിയോ?
അരുണാണെങ്കില്‍ രണ്ട് ദിവസം മുന്‍പ് നാട്ടിലും പോയി. ഇനി നാളെയേ വരൂ. അതുവരെ ഒറ്റയ്ക്ക് സഹിക്കുക തന്നെ.
ഓരോന്ന് ചിന്തിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. മുകളില്‍ നിന്നുള്ള ബഹളം അപ്പോഴേക്കും നിലച്ചിരുന്നു. നാളെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെസ്റ്റ് ഉള്ളതാണ്. ഉറക്കം കണ്‍പോളകള്‍ക്ക് മുകളില്‍ കനമായി തുടങ്ങിയപ്പോള്‍ കിടന്നു. കൊതുകുകളുടെ മൂളലും ഫാനിന്റെ മുരള്‍ച്ചയും കേട്ട്, എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.
കാലത്ത് നടത്തം പതിവുള്ളതാണ്. പലപ്പോഴും, ചൈതന്യയെ വഴിയില്‍ കണ്ടുമുട്ടാറുണ്ട്. പക്ഷെ അയാള്‍ കണ്ട ഭാവം നടിക്കാറില്ല. നാളിതുവരെ ആയിട്ടും ഒന്ന് സംസാരിക്കാനോ കൂട്ടുകൂടാനോ അയാള്‍ വന്നിട്ടുമില്ല. മുഖത്തു പോലും നോക്കാറില്ല. അടുത്ത ദിവസവും പതിവ് നടത്തത്തിനിടയില്‍ അയാളെ കണ്ടു. കണ്‍തടത്തിനു താഴെ നീര് വന്ന് ചുവന്ന് തിമിര്‍ത്ത മുഖം. കണ്ടപ്പോള്‍ ചിരിവന്നു. തലേരാത്രിയിലെ സംഭവങ്ങള്‍ വെറുതെ ഒന്ന് ഓര്‍ത്തു.
ശാന്തിനി ചേച്ചിയാണ് പറയാറ്. ‘എന്ത് മനുഷ്യപറ്റില്ലാത്ത മനുഷ്യരാ സാറെ ഇവര്. കണ്ടാല്‍ ഒന്ന് ചിരിക്ക പോലും ഇല്ല. ഭാര്യേം ഭര്‍ത്താവും കണക്കാ.’
മുന്‍പ്, വീട്ടു പണിക്കു വന്നിരുന്നതാണ് ശാന്തിനിചേച്ചി. ഹൗസ് ഓണറുടെ വീട്ടിലും അവര്‍ തന്നെയായിരുന്നു പണിക്ക്. എന്തോ കാരണം കൊണ്ട് കുറച്ചു കാലമായി ഇപ്പോള്‍ വരാറില്ല.
‘സാറേ. ആ വീട് എന്തോ കുഴപ്പം പിടിച്ചതാ. സാറ് ശ്രദ്ധിച്ചോ. അവിടെയുള്ളവര്‍ ആരുമായും കൂട്ടില്ല. ആരും അവരോടും കൂട്ടുകൂടാറില്ല. എനിക്കെന്തോ പേടിയാണ്. പണ്ട് ആ വീട്ടില്‍ ഒരു പെണ്ണ് കെട്ടിത്തൂങ്ങി ചത്തിട്ടുണ്ട് സാറെ’.
അവര്‍ ശബ്ദം ഒന്നു താഴ്ത്തി പറഞ്ഞു. ജോലി നിര്‍ത്തി പോയതിന്റെ കാരണം തിരക്കിയപ്പോഴായിരുന്നു ഒരിക്കല്‍ അവരുടെ മറുപടി.
അവര്‍ പറഞ്ഞത് ശരിയാണെന്ന് തോന്നായ്ക ഇല്ല. പാല്‍ക്കാരനും പത്രക്കാരനുമൊന്നും ആ വഴിക്ക് വരാറേയില്ല. എല്ലാവരും ഭീതിയോടെ മാത്രം നോക്കിക്കാണുന്ന പോലെ തോന്നാറുണ്ട്. കന്നഡ നേരെ ചൊവ്വേ അറിയാത്തതു കൊണ്ട് ആരോടും ചോദിക്കാനും വയ്യ.
ഹൗസ് ഓണറും, ഭാര്യയും രണ്ട് മക്കളുമാണ് താഴെ താമസം. ഭാര്യ ഉണ്ട് എന്ന് കേട്ട് കേള്‍വി മാത്രമേ ഉള്ളൂ. അവരെ പുറത്തു കാണാറില്ല. ആരുടെയെങ്കിലും നിഴലുകണ്ടാല്‍ അവര്‍ വാതിലടച്ച് അകത്തു കടക്കും.
വൈകീട്ട് അരുണെത്തി. തലേന്ന് നടന്നതൊക്കെ സൂചിപ്പിച്ചു. നല്ല വീട് ഒത്തു കിട്ടിയാല്‍ മാറാമെന്ന് അവന്‍ പറഞ്ഞു. ‘ഓഫീസിനടുത്ത് ഇങ്ങനെ ഒന്ന് കിട്ടണ്ടേ?’
തിരക്കുകള്‍ കാരണം ശ്രദ്ധിക്കാത്തതാണോ എന്ന് അറിയില്ല, കുറച്ചു ദിവസത്തേക്ക് മുകളില്‍ നിന്ന് ബഹളം ഒന്നും കേട്ടില്ല. ചൈതന്യയും ഹിരണ്‍മയിയും വീട്ടില്‍ ഇല്ലാത്ത പോലെ തോന്നി. ‘ഭാഗ്യം, രണ്ടും പോയി കാണും’. സന്തോഷിക്കുകയും ചെയ്തു.
പക്ഷേ അതിന് അധികം ആയുസ്സുണ്ടായില്ല. ഒരു ദിവസം രാത്രി ഭക്ഷണം കഴിഞ്ഞ്, ടിവി കണ്ട് ഇരിക്കുന്നനേരം മുകളില്‍ നിന്ന് വീണ്ടും പൊട്ടലും ചീറ്റലും കേട്ടു. പലതും തട്ടിമറിയുന്നു. ഹിരണ്‍മയിയുടെ ഉച്ചത്തിലുള്ള കരച്ചിലും.
ശ്രദ്ധകൊടുക്കാതെ ടിവി നോക്കി ഇരുന്നു. അരുണ്‍ ബാല്‍ക്കണിയില്‍ ചെന്ന് വീക്ഷിക്കുന്നുണ്ട്. ‘അവന്‍ കഴിഞ്ഞ തവണ കാണാത്തതല്ലേ. കാണട്ടെ.’
‘ഇങ്ക പാര് വിമലേ. അന്ത പൊണ്ണ് കളമ്പിപ്പോകത്.’
അതിശയോക്തിയില്‍ അരുണിന്റെ വാക്കുകള്‍. എഴുന്നേറ്റുചെന്ന് നോക്കി. ശരിയാണ് ഹിരണ്‍മയി ഗോവണി ഇറങ്ങിപ്പോകുന്നു. കയ്യില്‍ ചെറിയ ഒരു ബാഗും. ‘രാത്രിയില്‍ ഈ പെണ്ണുമ്പിള്ള എവിടെപ്പോകുന്നു.?’
പുറത്ത് ഒരു ‘ഓല ടാക്‌സി’ വന്നുനില്‍പ്പുണ്ട്. ആ സമയം രണ്ട് ചെരിപ്പുകള്‍ മുകളില്‍ നിന്ന് താഴേക്ക് പതിച്ചു. കൂടെ ഒരു ബാഗും. അത് ഹിരണ്‍മയിയുടെ ദേഹത്ത് തട്ടി തട്ടിയില്ല എന്ന മട്ടില്‍ ചെന്നു വീണു.
മുകളിലേയ്ക്ക് നോക്കി. വരാന്തയില്‍ ചൈതന്യ കലിതുള്ളി നില്‍ക്കുന്നു. എന്തൊരു മനുഷ്യന്‍!
ആ രാത്രിയോടെ ഒരു ഗുണം ഉണ്ടായി. മുകളില്‍ നിന്നുള്ള ബഹളം നിന്നു. ചൈതന്യയെ പുറത്ത് കാണാറേ ഇല്ല.
രണ്ടു ദിവത്തേക്കാണെന്ന് പറഞ്ഞ് അരുണ്‍ നാട്ടില്‍ പോയി. അമ്മക്കെന്തോ വയ്യായ്ക ആണത്രേ. സാധാരണ ഒരുമിച്ചാണ് പോകാറ്. ബൈക്ക് യാത്ര ഇഷ്ടമായതു കൊണ്ട് പാലക്കാടു വരെ ഓടിച്ചു തന്നെ പോകും. വഴിയില്‍ സേലത്ത് അരുണിനെ ഇറക്കും. അവന്റെ വീട്ടില്‍ വിശ്രമിക്കും. തിരിച്ചു വരുമ്പോള്‍ അവനേയും കൂടെ കൂട്ടും. അതാണ് പതിവ്.
വൈകീട്ട് ഓഫീസ് വിട്ടു വരുമ്പോള്‍ വഴിയില്‍ ചൈതന്യയെ കണ്ടു. വീട്ടിലേക്കുളള നടത്തമാണ്. വണ്ടി അരികില്‍ നിര്‍ത്തി ചോദിച്ചു.
‘പോരുന്നോ?’
മടികൂടാതെ അയാള്‍ വണ്ടിയില്‍ കയറി.
‘എവിടുന്നാ ഭക്ഷണം കഴിക്കാറ്?’
ഇറങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു.
‘രാവിലെയും വൈകീട്ടും അപ്പുറത്തുള്ള തമിഴ് ഹോട്ടലില്‍ നിന്നാണ്. ഉച്ചയ്ക്ക് ഓഫീസിന്റെ അടുത്തു നിന്നും.’
‘എന്നെയും കൂട്ടുമോ കഴിക്കാന്‍ പോകുമ്പോള്‍?’
അയാള്‍ ചോദിച്ചു. ‘ഓ അതിനെന്താ’ മറുപടി പറഞ്ഞു.
അന്ന് അയാളേയും കൂട്ടി കഴിക്കാന്‍ ഇറങ്ങി. നടക്കുന്നതിനിടയില്‍ അയാള്‍ ചോദിച്ചു.
‘ഞങ്ങള്‍ നിങ്ങള്‍ക്കൊക്കെ വല്ല്യ പ്രശ്‌നം ആയല്ലേ?’
നുണ പറയാന്‍ പോയില്ല. ‘കുറച്ചൊക്കെ’ എന്നു പറഞ്ഞു.
‘നിനക്കറിയോ. ഞങ്ങള്‍ വര്‍ഷങ്ങളോളം പ്രേമിച്ച് നടന്നവരാ. എന്നിട്ടാ കെട്ടിയത്. ഞങ്ങള്‍ വേറെ വേറെ ജാതി ആയിരുന്നു. നാട്ടില്‍ ജാതി മാറി കല്യാണം സമ്മതിക്കില്ല’. അയാള്‍ നിര്‍ത്തി വിഷമത്തോടെ തുടര്‍ന്നു.
‘വീട്ടുകാരെ വിട്ട് എന്റെ കൂടെ ഇറങ്ങി വന്നവളാ അവള.്’
അയാളുടെ പറച്ചില്‍ കേട്ട് അത്ഭുതമൂറി. എന്നിട്ടാണോ ഇയാള്‍? പക്ഷെ കൂടുതല്‍ ചോദിച്ച് അയാളെ വിഷമിപ്പിക്കണ്ട എന്ന് കരുതി കേള്‍ക്കുക മാത്രം ചെയ്തു.
അരുണ്‍ ഒരാഴ്ച കൂടി കഴിഞ്ഞേ വരൂ എന്ന് വിളിച്ചു പറഞ്ഞു. അമ്മയ്ക്ക് അസുഖം മാറിയില്ല.
ചൈതന്യയുമായി കൂടുതല്‍ അടുത്തു. ഫോണ്‍ നമ്പറുകള്‍ കൈമാറി, നേരം വൈകിയാല്‍ വിളിച്ചു ചോദിക്കലും കുശലവും തുടങ്ങി. ഒരുമിച്ചുള്ള നടത്തം. ഭക്ഷണം കഴിക്കാന്‍ പോകല്‍. അങ്ങനെയങ്ങനെ.
ഇന്ത്യാ ഇംഗ്ലണ്ട് പര്യടനം നടക്കുന്ന സമയം. ചൈതന്യ പറഞ്ഞു ‘ഇന്ന് എന്റെ മുറിയില്‍ ഇരുന്നാവാം കളി കാണല്‍’.
ഭക്ഷണം പാര്‍സല്‍ വാങ്ങി. കളി കണ്ടിരുന്നു കഴിച്ചു. ഭക്ഷണം കഴിഞ്ഞ് വീണ്ടും കളി കാണലില്‍ മുഴുകി. ഇടയ്ക്ക് ചോദിച്ചു.
‘ഇവിടുന്ന് പോയ ശേഷം നിങ്ങള്‍ അവളെ വിളിച്ചിട്ടുണ്ടോ?’
‘ഇല്ല. അവളും വിളിച്ചിട്ടില്ല.’
ചൈതന്യ ദേഷ്യത്തോടെ പറഞ്ഞു.
‘നിങ്ങള്‍ ചെരുപ്പ് എടുത്ത് എറിഞ്ഞതല്ലേ അവളെ. ആ വിഷമം കാണില്ലേ. നിങ്ങളെ വിശ്വസിച്ച് ഒരിക്കല്‍ ഇറങ്ങിപ്പോന്ന പെണ്ണല്ലേ അവള്‍’?
ചൈതന്യ മുഖം വീര്‍പ്പിച്ചിരുന്നു. എങ്കിലും, കുറച്ചുനേരത്തെ പരിശ്രമത്തില്‍ ചൈതന്യയുടെ മനസ്സലിഞ്ഞു. അയാള്‍ മൊബൈല്‍ എടുത്ത് അവളെ ഡയല്‍ ചെയ്തു. അവളുടെ മൊബൈല്‍ ബിസി.
അയാള്‍ ദേഷ്യത്തില്‍ ഫോണ്‍ വെച്ചു. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. അവളാണ്. അയാള്‍ എടുത്തില്ല.
‘എടുക്ക് എടുക്ക്.’ പറഞ്ഞു നോക്കി. അയാള്‍ ബലം പിടിച്ചിരുന്നു.
അയാളുടെ ഫോണ്‍ പിടിച്ചു വാങ്ങി, കോള്‍ വിളിച്ച് അയാള്‍ക്ക് കൊടുത്തു. അനുസരണയുള്ള കുട്ടിയേപ്പോലെ അയാള്‍ ഫോണ്‍ എടുത്ത് സംസാരിക്കാന്‍ തുടങ്ങി.
സംസാരിച്ച് സംസാരിച്ച് അയാള്‍ അവിടെ നിന്നും എഴുന്നേറ്റു. മുറിയില്‍ കയറി വാതിലടച്ചു.
കളി കണ്ട് സോഫയിലേയ്ക്ക് ചാഞ്ഞു. ആ കിടപ്പില്‍ എപ്പോഴോ ഉറക്കത്തിലേയ്ക്ക് വഴുതിവീണു.
റോഡില്‍ പാല്‍ക്കാരുടെ ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. മൊബൈല്‍ ഓണാക്കി സമയം നോക്കി. അഞ്ചേമുക്കാല്‍ ആകുന്നേയുള്ളൂ. ടി വി ഓടിക്കൊണ്ടിരിക്കുന്നു. ടിവിയും ലൈറ്റും ഓഫാക്കി വീണ്ടും കിടന്നു. നടക്കാന്‍ പോകാന്‍ ഇനിയും സമയമുണ്ട്. അലാറം വെച്ച് വീണ്ടും ചുരുണ്ടു കൂടി.
ആറരയ്ക്ക് മൊബൈല്‍ വിളിച്ചുണര്‍ത്തി. കണ്ണു തിരുമ്മി എഴുന്നേറ്റു. ചൈതന്യ നടക്കാന്‍ വരാറുള്ളതാണ്. എണീറ്റമട്ടില്ല. വിളിച്ചു നോക്കി. മറുപടിയൊന്നും കേട്ടില്ല. ഹിരണ്‍മയിയുമായി സംസാരിച്ച് നേരം വൈകിയാകും ഉറങ്ങിയത്.
എഴുന്നേറ്റു ചെന്ന് വാതിലില്‍ മുട്ടി. ഒരു അനക്കവുമില്ല. ചൈതന്യക്ക് എന്തുപറ്റി? വാതിലില്‍ അമര്‍ത്തി നോക്കി. വാതില്‍ ചാരിയിട്ടിട്ടേയുള്ളൂ. വാതിലിനു വിടവിലൂടെ പ്രകാശം പുറത്തേയ്ക്ക് വരുന്നുണ്ട്. ഇയാള്‍ ലൈറ്റ് പോലും ഓഫാക്കാതെയാണോ കിടന്നത്?
‘ചൈതന്യാ’ നീട്ടി വിളിച്ചു. വാതില്‍ തള്ളി തുറന്നു. ഒരു നിമിഷം കണ്ട ആ കാഴ്ചയില്‍ ഭയന്നുവിറച്ചു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ തരിച്ചു നിന്നു.
കട്ടിലില്‍ തൊടാതെ തൂങ്ങിയാടുന്ന ചൈതന്യയുടെ കാലുകള്‍.
ഫാനില്‍ ബെഡ് ഷീറ്റ് കെട്ടി, തൂങ്ങിയിരിക്കുന്നു ചൈതന്യ. മരണ വെപ്രാളത്തില്‍ പുറത്തുവന്ന മൂത്രവും മലവും ബര്‍മുഡയെ കുതിര്‍ത്ത് കാലിലൂടെ ഒഴുകി ഈച്ചയാര്‍ക്കുന്ന ശരീരം.
ആദ്യത്തെ പകപ്പ് മാറി, ധൈര്യം സംഭരിച്ച് ഉറക്കെ വിളിച്ചുപറഞ്ഞ് പുറത്തേക്കോടി.
‘ഓടിവരണേ ഓടിവരണേ..’
ശബ്ദം കേട്ട് ആരൊക്കെയോ എത്തി നോക്കി. മലയാളം മനസ്സിലാകാത്തത് കൊണ്ടാകണം ആരില്‍ നിന്നും പ്രതികരണം കണ്ടില്ല.
‘പ്ലീസ് ഹെല്പ്. പ്ലീസ് ഹെല്പ്’ അകത്തേക്ക് വിരല്‍ ചൂണ്ടി പിന്നേയും അലറി.
‘എന്തുപറ്റി.’ ആരൊക്കെയോ ചോദിച്ചു.
‘ചൈതന്യ. ഹി കമിറ്റഡ് സൂയിസൈഡ്… ദേര്‍…’
വീണ്ടും കൈ ചൂണ്ടികാണിച്ചു. ആ തണുത്ത പ്രഭാതത്തിലും വിയര്‍ത്തൊഴുകി. ആളുകള്‍ ഓടി കൂടി. പോലീസിനെ വിളിച്ചു. ചോദ്യം ചെയ്യലായി.
എല്ലാം വിശദമായി പറഞ്ഞു. അറിയാവുന്ന കന്നഡയിലും, ഇംഗ്ലീഷിലും തമിഴിലും ഒക്കെ.
ബോഡി പോസ്റ്റുമോര്‍ട്ടത്തിനു വേണ്ടി കൊണ്ടുപോകുമ്പോള്‍ പോലീസുകാര്‍ ജീപ്പില്‍ കയറ്റി. മൊഴി രേഖപ്പെടുത്തണം. ആരെങ്കിലും കൊന്നതാണോ എന്ന് അവര്‍ക്ക് അന്വേഷിക്കണം.
പല്ലു തേച്ചില്ലെങ്കിലും, കുളിച്ചില്ലെങ്കിലും പോലീസുകാര്‍ ചായ തന്നു. സ്റ്റേഷനില്‍ ഇരുന്ന് മദ്ധ്യാഹ്നമായി. ഉച്ചഭക്ഷണവും കിട്ടി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആത്മഹത്യ ആണെന്ന് തെളിഞ്ഞു. ഹൗസ് ഓണര്‍ വന്നു. കൊണ്ടുപോകാന്‍.
‘ചൈതന്യയുടെ ഫാമിലി വരുന്നുണ്ട്. അവര്‍ക്ക് പരാതി ഇല്ലാ എന്ന് എഴുതി തന്നാല്‍ പോകാം. ഇനി പരാതി ഉണ്ടെങ്കില്‍ കേസ് എടുക്കും. ജാമ്യം എടുത്ത് പോകാം’പോലീസുകാര്‍ പറഞ്ഞു.
ഇടയ്ക്ക് അരുണിനെ വിളിച്ചു. അവന്‍ അന്നു തന്നെ വണ്ടി കയറാം എന്നു പറഞ്ഞു. വീട്ടില്‍ വിളിക്കാന്‍ തോന്നിയില്ല. അപ്പോഴേക്കും മൊബൈല്‍, ചാര്‍ജ്ജ് തീര്‍ന്ന് ചത്തുപോയിരുന്നു.
വൈകീട്ടോടെ അലറിക്കരഞ്ഞ് ചൈതന്യയുടെ അമ്മ വന്നു. അവര്‍ക്ക് എന്നെ കാണണം. എന്തൊക്കെയോ അവര്‍ ചോദിച്ചു. ഹൗസ് ഓണര്‍ തര്‍ജ്ജമ നടത്തി ത്തന്നു.
‘ആ പെണ്ണ് കൊന്നതാണോ എന്റെ മകനെ. അവന്‍ എന്താ നിന്നോട് പറഞ്ഞേ. അവള്‍ അവനെ ഉപദ്രവിക്കാറുണ്ടോ?’
ഇതൊക്കെയാണ് ആ അമ്മയ്ക്ക് അറിയേണ്ടത്. ഹിരണ്‍മയിയോട് എനിക്കും ദേഷ്യം തോന്നി. അന്ന് ചൈതന്യയെക്കൊണ്ട് ഫോണ്‍ ചെയ്യിക്കേണ്ടിയിരുന്നില്ല. ഫോണിലും അവര്‍ വഴക്കു കൂടി കാണണം. ആ ദു:ഖത്തിലായിരിക്കും ചൈതന്യ തൂങ്ങിയത്. എനിക്ക് വിഷമം തോന്നി.
‘വീട്ടുകാര്‍ക്ക് കേസ് ഇല്ല’ പോലീസുകാര്‍ പൊയ്ക്കോളാന്‍ പറഞ്ഞു. ഹൗസ് ഓണര്‍ നേരത്തെ സ്ഥലം വിട്ടിരുന്നു. കാലത്ത്, തിരക്കിട്ട് ജീപ്പില്‍ കയറുമ്പോള്‍ ചെരുപ്പു കൂടി എടുത്തിരുന്നില്ല. ഒന്നര കിലോമീറ്റര്‍ കാണും വീട്ടിലേക്ക്. വലിഞ്ഞു നടന്നു.
വീടിന്റെ ഗോവണികള്‍ കയറുമ്പോള്‍ മുകളിലെ വരാന്തയില്‍ നിന്ന് ചൈതന്യ എത്തിനോക്കുന്ന പോലെ തോന്നി.
അകത്തു കടന്നു. വല്ലാത്ത ക്ഷീണം. കുറേനേരം ഷവറിന് താഴെ നിന്ന് കുളിച്ചു. വാതില്‍ അടച്ച് കിടക്കയിലേക്ക് വീണു. സമയം ഇരുളുന്നതേയുള്ളൂ.
അറിയാതെ കണ്ണുകള്‍ അടഞ്ഞുപോയി. ഇടയ്ക്കെപ്പൊഴോ ഞെട്ടി ഉണര്‍ന്നു. മുകളില്‍ നിന്ന് എന്തൊക്കെയോ അപശബ്ദങ്ങള്‍. വാതിലുകള്‍ തനിയെ വന്നടയുന്നു. പാത്രങ്ങള്‍ നിലത്തു വീഴുന്നു.
ഒരുവിധം നേരം വെളുപ്പിച്ചു. സൂര്യന്‍ ഉദിക്കാന്‍ കാത്തുനിന്നില്ല. കുളിച്ച് വസ്ത്രം മാറി, ബാഗ് പാക്ക് ചെയ്ത് ഇറങ്ങി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. ‘നാട്ടില്‍ പോകണം’.
അരുണ്‍ കൂടെ ഉണ്ടാവാറുള്ളതു കൊണ്ട്, എന്നും സേലം വഴിയാണ് പോകാറുള്ളത്. മേട്ടൂര്‍ ഡാം വഴി പോകണം എന്നത് ഒരാശയായി രുന്നു. പ്രകൃതി ഭംഗി നിറഞ്ഞ കാഴ്ചകളും, സുഗമമായ റോഡും ആ വഴിയുടെ പ്രത്യേകത ആണെന്ന് കേട്ടിട്ടുണ്ട്. ഹോസൂരില്‍ എത്തി വലത്തോട്ടു തിരിഞ്ഞു. രായക്കോട്ട, പാലക്കോട്, ധര്‍മ്മപുരി എന്നിവ കഴിഞ്ഞ് മേട്ടൂര്‍ ഡാം. വഴിയ്ക്ക് ഇരുവശവും വളര്‍ന്നു നില്‍ക്കുന്ന പുളിമരങ്ങള്‍. തടിയില്‍, വെളുത്ത നിറമടിച്ച് മധ്യഭാഗത്ത് കറുത്ത നിറവും പൂശി വരിവരിയായി നില്‍ക്കുന്ന മനോഹര കാഴ്ച. താഴേക്ക് വള്ളികള്‍ തൂങ്ങി ആടുന്ന ആല്‍മരങ്ങളും ഇടയ്ക്ക് കാഴ്ചയിലേക്ക് വന്നു.
മേട്ടൂര്‍ ഡാം കഴിഞ്ഞാല്‍ ഇടതുവശത്തായി കാവേരിപുഴ. എതിര്‍ ദിശയില്‍ പ്രൗഢിയോടെ നില്‍ക്കുന്ന ‘പാലമല’.
‘തൂഗു ഹാക്കൊണ്ടു സായി… തൂഗു ഹാക്കൊണ്ടു സായി..’
ചെവിയില്‍ ഹെഡ്‌സെറ്റ് തിരുകി, പാട്ടുകേട്ടാണ് യാത്രയെങ്കിലും അതിനെ ഭേദിച്ച് അറിയാത്ത ഭാഷയില്‍ ആരോ പറഞ്ഞു കൊണ്ടിരുന്നു. ശ്രദ്ധയെ തെറ്റിച്ച് കാതുകളില്‍ അത് മുഴങ്ങി. യാത്രയിലുടനീളം ആ വാക്കുകളും വിടാതെ പിന്തുടര്‍ന്നു.
‘തൂഗു ഹാക്കൊണ്ടു സായി’ മനസ്സില്‍ നിന്നും പോകുന്നില്ല. വീട്ടിലെത്തി അമ്മയോട് പറഞ്ഞു. എന്താണ് അര്‍ത്ഥം? എവിടുന്ന് കിട്ടി? എന്നൊന്നും അറിയില്ല.
‘ഒരു തൂങ്ങിമരണം ഒക്കെ കണ്ടതല്ലേ. അതുമായി ബന്ധപ്പെട്ട് പോലീസുകാരോ മറ്റോ പറയുന്നത് കേട്ടതാകാം.’ അമ്മ പറഞ്ഞു. ‘ശരിയാകാം’ എന്നാലും, രണ്ടാമതൊരു വ്യക്തിയുടെ സാന്നിധ്യം അസ്വസ്ഥതകള്‍ സൃഷ്ടിച്ചു.
അടുത്ത രണ്ടുമൂന്നു ദിവസം അമ്പലങ്ങളും വഴിപാടുകളു മൊക്കെയായി പോയി. അമ്മ പറഞ്ഞു.. ‘ഭയമൊക്കെ പോകട്ടെ.’
ഒരു ദിവസം പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഒരു കോള്‍ വന്നു. ‘ഞാന്‍ ഹിരണ്‍മയി ആണ്. ചൈതന്യയുടെ ഭാര്യ. എനിക്ക് നിന്നെ ഒന്നു കാണണം.’
‘ഞാന്‍ അവിടെ ഇല്ല. നാട്ടിലാണ്.’
‘സാരമില്ല. ഞാന്‍ നാട്ടില്‍ വരാം.’
‘വേണ്ടാ രണ്ടു ദിവസം കഴിഞ്ഞാല്‍ ഞാന്‍ ബാഗ്ലൂര്‍ വരും.’
അവര്‍ സമ്മതം പറഞ്ഞു. മനസ്സില്‍ വിടാതെ പിന്തുടരുന്ന ‘തൂഗു ഹാക്കൊണ്ടു സായി’യുടെ ചിന്തകളിലായിരുന്നു ഞാന്‍ അപ്പോഴും.
ബാഗ്ലൂരില്‍ എത്തിയതിന്റെ അടുത്ത ദിവസം, ജോലി കഴിഞ്ഞ് വീടിന്റെ പടിവാതില്‍ കടന്നു ചെല്ലുമ്പോള്‍ കണ്ടു, ഞങ്ങളുടെ മുറിക്ക് കാവലായി എന്നെയും കാത്തുനില്‍ക്കുന്ന ഹിരണ്‍മയിയെ.
കണ്ട മാത്രയില്‍ അവള്‍ കരയാന്‍ തുടങ്ങി.
‘ചൈതന്യയ്ക്ക് എന്താണ് പറ്റിയത്. നിനക്ക് വല്ലതും അറിയാമോ?’
‘നിങ്ങളല്ലേ അവസാനമായി സംസാരിച്ചത്. നിങ്ങള്‍ തമ്മില്‍ വഴക്കായതു കൊണ്ടാവും ചൈതന്യ മരിച്ചത്.’
‘ഞങ്ങള്‍ അന്ന് വഴക്കു കൂടിയില്ല. സത്യം.’
അവള്‍ മൊബൈല്‍ തുറന്നു. സംസാരിച്ചു വെച്ച ശേഷം നടത്തിയ ചാറ്റുകള്‍ കാണിച്ചു. അവസാനം പതിനൊന്നര നേരത്ത് അയച്ച ഗുഡ് നൈറ്റ് മെസ്സേജും കാണിച്ചു.
‘പിന്നെ ചൈതന്യ എന്തിന് ആത്മഹത്യ ചെയ്തു?’ വലിയ ഒരു ചോദ്യചിഹ്നം മനസ്സില്‍ കോറി വരഞ്ഞു.
‘ചേച്ചിയുടെ കല്യാണം നടത്തിയ വകയില്‍ ചൈതന്യയ്ക്ക് കുറച്ച് കടം ഉണ്ടായിരുന്നു. അത് വീട്ടിയിട്ട് മതി കുട്ടികള്‍ എന്നാണ് ചൈതന്യ പറയാറ്. പക്ഷേ അമ്മ ധരിച്ചു വെച്ചിരിക്കുന്നത് എനിക്ക് എന്തോ കേടുണ്ട് കുട്ടികള്‍ ഉണ്ടാവില്ല എന്നാണ്. എന്നോട് ചൈതന്യയെവിട്ട് പോകാന്‍ ഒക്കെ അമ്മ പറയും… അതായിരുന്നു ഞങ്ങള്‍ തമ്മില്‍ ആകെയുള്ള പ്രശ്‌നം. അത് പറഞ്ഞാണ് ഞങ്ങള്‍ വഴക്കുകൂടാറുള്ളത്.’
ഹിരണ്‍മയി അത് പറഞ്ഞ് കരഞ്ഞു. പിന്നെയും എന്തൊക്കെ യോ അവര്‍ പറഞ്ഞു. പിന്നെ ഇറങ്ങിപ്പോയി.
‘എന്തായിരുന്നിരിക്കും ചൈതന്യയുടെ പ്രശ്‌നം. ഇനി വേലക്കാരി പറഞ്ഞതു പോലെ ഈ വീടിനെന്തെങ്കിലും പ്രശ്‌നങ്ങള്‍?’
സംശയം മനസ്സില്‍ വെക്കാന്‍ നിന്നില്ല. ഹൗസ് ഓണറോട് തന്നെ നേരിട്ട് അതിനെ കുറിച്ച് സംസാരിച്ചു.
‘എന്റെ വീടിനെ പ്രേതാലയം ആക്കി ആളുകള്‍ താമസിക്കാന്‍ വരുന്നത് തടയണം അല്ലേ. അല്ലെങ്കില്‍ തന്നെ ഇപ്പോള്‍ ആളുകള്‍ വരാന്‍ മടിക്കുന്നു.’
ഹൗസ് ഓണര്‍ ചാടി കളിച്ചു.
സ്ഥിരം തമിഴ് ഹോട്ടലില്‍ ചെന്നപ്പോള്‍ ഒരു ദിവസം ചോദിച്ചു. ‘തൂഗു ഹാക്കൊണ്ടു സായി. എന്താണര്‍ത്ഥം?’
‘തൂങ്ങി നീ മരിക്കൂ’അങ്ങിനെയാണ്. കേട്ടപ്പോള്‍ ഒന്ന് ഞെട്ടി. ‘എനിക്ക് എവിടുന്നു കിട്ടി ഇത്?’
ബാംഗ്ലൂരില്‍ അന്ന് നിര്‍ത്താതെ മഴ പെയ്തു, കൂടെ ഇടിമിന്നലും. എപ്പൊഴോ കറന്റ് പോയി. മഴയൊച്ചയും കേട്ട്, ഇരുട്ടത്ത് കാലുനീട്ടി ഇരിക്കുമ്പോഴാണ്, നാട്ടില്‍ നിന്ന് കൂട്ടുകാരന്‍ രമേശന്‍ വിളിച്ചത്. ബാഗ്ലൂരില്‍ പഠിക്കുന്ന അവന്റെ പെങ്ങളുടെ കോളേജിനെ പറ്റിയൊക്കെ സംസാരിച്ചിരുന്നു.
‘തൂഗു ഹാക്കൊണ്ടു സായി’ സംസാരിക്കുന്നതിനിടയിലും കേട്ടു, അതും അല്‍പ്പം ഉച്ചത്തില്‍. അപ്പോള്‍ രമേശന്‍ ചോദിച്ചു.
‘നിന്റെ കൂടെ ആരാ ഉള്ളത്?’
‘എന്താണ്?’ ഒന്നും മനസ്സിലായില്ല. വീണ്ടും ചോദിച്ചു.
‘ആരാ നിന്റെ കൂടെ ഉള്ളത്?’ അവന്റെ ആ വാക്കുകള്‍ കേട്ട് ഞാന്‍ ഒന്ന് ഞെട്ടി. വിയര്‍ത്തു പോയി. അവനും എന്തോ കേട്ടിരിക്കുന്നു. അപ്പോള്‍ അത് എന്റെ മാത്രം തോന്നലല്ല ‘പിന്നെ വിളിക്കാം’ എന്ന് മാത്രം പറഞ്ഞ് ഫോണ്‍ വെച്ച് കിടക്കയിലേക്ക് വീണു.
ആ രാത്രി ഭയാനകമായിരുന്നു. ചെവിയില്‍ ‘തൂഗു ഹാക്കൊണ്ടു സായി’ മുഴങ്ങിക്കൊണ്ടിരുന്നു. അതിന് പുറമേ മുകളില്‍ നിന്ന് ആരുടേയോ അട്ടഹാസവും ബഹളവും. പൈപ്പില്‍നിന്ന് വെള്ളം പുറത്തേക്കൊഴുകുന്ന ശബ്ദം. ജനല്‍ പാളികള്‍ ശക്തിയോടെ വന്നടിച്ചു. പാത്രങ്ങള്‍ എറിഞ്ഞുടക്കപ്പെട്ടു. ഞാന്‍, തലവഴി പുതപ്പു വലിച്ചിട്ട് ചുരുണ്ടു കൂടി കിടന്നു.
പിറ്റേന്ന് കൂട്ടുകാരനെ വിളിച്ചു. സോറി പറഞ്ഞു. അവന്‍ ദേഷ്യപ്പെട്ടു.
‘ആരാ നിന്റെ ഒപ്പം ഉണ്ടായ ആ പെണ്ണ്.’
‘അത്.’ ഞാന്‍ ഒന്നു വിക്കി.
‘നിന്റെ ഫോണില്‍ ഞാന്‍ കേട്ടുവല്ലോ ഒരു പെണ്ണ് എന്തോ പറയുന്നത്.’
‘ആരും ഒപ്പം ഉണ്ടായതല്ല.’ അവനോട് കാര്യം പറഞ്ഞു. കുറച്ചു കാലമായി അനുഭവിക്കുന്ന ബുദ്ധിമുട്ടും.
‘നീ എത്രയും പെട്ടെന്ന് അവിടെ നിന്ന് പോന്നോ. അതാ നല്ലത്’.
അവന്‍ പറഞ്ഞു. അമ്മയും അതു തന്നെ പറഞ്ഞു.
ജോലി മതിയാക്കി നാട്ടിലേക്ക് പോന്നു. അമ്പലങ്ങളും വഴിപാടുമായി കുറച്ചു ദിവസങ്ങള്‍ തള്ളിനീക്കി.
‘തൂഗു ഹാക്കൊണ്ടു സായി’ എപ്പോഴോ മനസ്സില്‍ നിന്ന് വേര്‍പിരിഞ്ഞു. ആ ഓര്‍മ്മകളും മാഞ്ഞുപോയി. ഹൗസ് ഓണറുമായി സോഷ്യല്‍ മീഡിയയില്‍ ബന്ധം ഉള്ളതാണ്. കുറച്ചു കാലം കഴിഞ്ഞ് ഒരു ദിവസം, ഫേസ്ബുക്കില്‍ ഹൗസ് ഓണറുടെ പോസ്റ്റ് കണ്ടു.
‘ഞങ്ങളുടെ പ്രിയപുത്രന്‍ ഞങ്ങളെ വിട്ടുപിരിഞ്ഞ് ഇന്നേക്ക് ഒരു മാസം’.
ആ വാര്‍ത്ത കണ്ട് ഒന്നു ഞെട്ടി. ആ പയ്യന് എന്തുപറ്റി?
ഫോണെടുത്തു വിളിച്ചു. മനോഹര്‍ ലാല്‍ ഫോണ്‍ എടുത്തു, സംസാരിക്കാന്‍ നില്‍ക്കാതെ ഭാര്യയ്ക്ക് കൈമാറി.
ചോദിച്ചു ‘തരുണിന് എന്തുപറ്റി?’
‘അറിയില്ല. പ്ലസ് ടുവിനാണ് പഠിച്ചിരുന്നത്. തലേ ദിവസം അര്‍ദ്ധരാത്രിവരെ ഇരുന്നു പഠിച്ചിരുന്നു. എപ്പോഴാണ് പുറത്തു പോയത് എന്നറിയില്ല. സൈക്കിള്‍ എടുത്ത് ഇറങ്ങി, മൈസൂര്‍ റോഡിലെ ഒരു ക്വാറിയില്‍ ചാടി മരിച്ചു.’
തലയില്‍ പെരുപ്പു കയറി. ‘ആ വീടിനെ വിടാതെ പിന്തുടരുന്ന ഒന്ന് അവനേയും കൊണ്ടുപോയതാണോ?’
ചോദ്യശരങ്ങള്‍ മനസ്സിനെ വീര്‍പ്പുമുട്ടിച്ചു. ‘ചൈതന്യയേയും, തരുണിനേയും മരണത്തിലേയ്ക്കു തള്ളിവിട്ടത് അതാകുമോ, ഒരു കാലത്തു തന്നെ പിന്തുടര്‍ന്നിരുന്ന അതേ സ്വരം ‘തൂഗു ഹാക്കൊണ്ടു സായി?’ ആ ചിന്ത മിന്നല്‍ പ്പിണരുകളായി മനസ്സിലേക്ക് പതിച്ചു. തളര്‍ച്ചയോടെ കസേരയിലേക്ക് ചാഞ്ഞു. ആ സ്വരം അപ്പോള്‍ ചിരിക്കുന്നതായി തോന്നി. അടുത്ത ഇര വരുമെന്ന പ്രതീക്ഷയില്‍.