ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമബുദ്ധിയെ ലോകം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഉന്നതസാങ്കേതിക വിദ്യയായ കൃത്രിമബുദ്ധി പൊതുജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ഓപ്പണ്‍ എ ഐ (Open AI )എന്ന സാങ്കേതിക കൂട്ടായ്മയാണ്. എഐ സമൂഹത്തില്‍ ഏതെല്ലാം മേഖലകളില്‍ വ്യാപരിക്കുമെന്നും മനുഷ്യരുടെ തൊഴില്‍ അവസരങ്ങള്‍ കുറക്കുമോ എന്നുമുള്ള ആശങ്കകള്‍ നിലവിലുണ്ട്. വിദ്യാഭ്യാസമേഖല, ശാസ്ത്രസാങ്കേതികമേഖല, കലാസാഹിത്യരംഗം, ആരോഗ്യരംഗം എന്നീ മേഖലകളെ ഇത് എങ്ങനെ സ്വാധീനിക്കുമെന്നത് വലിയ ചര്‍ച്ചാ വിഷയമാണ്. മനുഷ്യര്‍ക്കുസമാനമായ ക്രിയാത്മകതയും ഭാവനയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനുണ്ടാകുമോ എന്നും ചോദ്യമുണ്ട്.
ഓപ്പണ്‍ എഐ എന്ന സാങ്കേതികകൂട്ടായ്മ (Consortium) അവതരിപ്പിച്ച ഏജ 3 ക്ക് (Generative Pretrained Transformer) ശേഷം ഉടനെ പ്രാവര്‍ത്തികമാക്കാന്‍ പോകുന്ന GP 4 ന്റെ വരവിനെ ‘നാലാം വ്യവസായവിപ്ലവം’ എന്നാണ് വിശേഷിപ്പിക്കുന്നത്. മനുഷ്യരെ മറ്റുജീവികളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത് ഭാഷയുടെ ഉപയോഗമാണ്. അങ്ങനെയുള്ള ഭാഷയുടെ ഉപയോഗത്തിലും വിദ്യാഭ്യാസരംഗത്തുമാണ് സമൂലമായ മാറ്റങ്ങള്‍ വരാന്‍ പോകുന്നത്. ഭാഷകള്‍ തര്‍ജ്ജമ ചെയ്യുക, ഉപന്യാസം രചിക്കുക, ചിത്രരചനകള്‍ നടത്തുക, വിഷയം ചുരുക്കി എഴുതുക, പ്രബന്ധം തയ്യാറാക്കുക തുടങ്ങി വിവിധ ജോലികള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ GP4 നു കഴിയും.
ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ്‌ബോട്ട് (ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന സങ്കേതം) മനുഷ്യരുടെ ഏത് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കും. ഉചിതമായ പ്രോപ്റ്റ് (സാങ്കേതിക നിര്‍ദ്ദേശം) നല്‍കിയാല്‍ കൃത്യതയുള്ള ഉത്തരങ്ങള്‍ ലഭിക്കും. ഇത്തരം പ്രോപ്റ്റുകള്‍ നല്‍കുന്നതിനുള്ള പരിശീലനവും ലഭ്യമാകും. സാങ്കേതിവിദ്യകളുമായി പരിചയമുള്ളവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. സെര്‍ച്ചിങ് വിദഗ്ദ്ധന്‍ എന്നവകാശപ്പെടുന്ന ഗൂഗിളിനെപ്പോലും അട്ടിമറിക്കാന്‍ എഐക്കു സാധിക്കും.
കലാസാഹിത്യരംഗത്തും എഐക്ക് സ്വാധീനം ചെലുത്താന്‍ കഴിയും. കവിതകള്‍, കഥകള്‍, നോവലുകള്‍ തുടങ്ങിയവ രചിക്കാന്‍ AI ഉപയോഗിക്കാന്‍ സാധിക്കും. വിവിധ ഭാഷകളില്‍ സാഹിത്യകൃതികള്‍ സൃഷ്ടിക്കാനും സാഹിത്യനിരൂപണം, സിനിമാനിരൂപണം തുടങ്ങിയ കാര്യങ്ങള്‍ക്കും GP 4 ഉപയോഗപ്പെടുത്താന്‍ കഴിയും. സമീപകാലത്ത് ജപ്പാനിലെ പരമോന്നത സാഹിത്യ പുരസ്‌കാരം നേടിയ സയന്‍സ് ഫിക്ഷന്‍ നോവല്‍ എഐയുടെ പൂര്‍ണ്ണമായ സഹായത്തോടെയാണ് രചിച്ചതെന്ന് എഴുത്തുകാരി പത്രസമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി. റിയീ കുഡന്‍സിന്റെ ‘ടോക്കിയോ റ്റോ ഡോജോ റ്റോ’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഏതാനും മാസങ്ങള്‍ക്ക്മുമ്പ് ചൈനയിലെ കോളേജ് പ്രൊഫസര്‍ ഷെന്‍ യാങ് മൂന്നുമണിക്കൂര്‍ കൊണ്ട് എഐയുടെ സഹായത്തോടെ നോവല്‍ എഴുതുകയുണ്ടായി. എന്നാല്‍ മനുഷ്യരോളം സൃഷ്ടിപരതയും ഭാവനയും ഇക്കാര്യത്തില്‍ എഐക്ക് ഇല്ലന്നുള്ളത് ആശ്വാസകരമാണ്.
മാധ്യമരംഗത്തെ എഡിറ്റിംഗ് ജോലികള്‍, വിവരസാങ്കേതിക രംഗത്തെ പ്രോഗ്രാമിഗ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ വിവിധ മെഷീന്‍ ഭാഷകളിലേക്ക് മാറ്റുക, ശാസ്ത്ര വിഷയങ്ങള്‍ വിശദീകരിക്കുക, സിനിമാമേഖലയിലെ ദൃശ്യവിസ്മയങ്ങള്‍ സൃഷ്ടിക്കുക, ഗാനങ്ങളുടെ സംഗീതം, മിക്‌സിങ്, സ്‌ക്രിപ്റ്റ് എഴുത്ത് തുടങ്ങി നിരവധി മേഖലകളില്‍ കൂടുതല്‍ ഗുണമേന്മ വരുത്താന്‍ കഴിയുമെങ്കിലും മനുഷ്യരുടെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുമെന്നുള്ളത് വലിയൊരു ഭീഷണിതന്നെയാണ്.
കൂടാതെ സോഷ്യല്‍മീഡിയാപോസ്റ്റുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുവേണ്ടിയുള്ള സൃഷ്ടികള്‍ എന്നിങ്ങനെ മനുഷ്യര്‍ ഇടപെടുന്ന സമസ്ത മേഖലകളിലും എഐ ഉപയോഗിക്കാന്‍ കഴിയും. ഒരു മാസികയില്‍ പ്രസിദ്ധീകരിക്കാനാവശ്യമുള്ള മുഴുവന്‍ രചനകളും എഐ ഉപയോഗിച്ച് സൃഷ്ടിക്കാന്‍ കഴിയും. എഴുത്തുകാരുടെ സേവനം ആവശ്യമില്ലാതെ മാസികകള്‍ പ്രസിദ്ധീകരിക്കുന്ന കാലവും വന്നേക്കാം.
ധനകാര്യമേഖലയില്‍ എഐ വരുത്തിയ പ്രധാനമാറ്റം മനുഷ്യര്‍ ചെയ്തുകൊണ്ടിരുന്ന ജോലികളെല്ലാം യന്ത്രവല്‍ക്കരണം നടത്താന്‍ സഹായിച്ചുവെന്നതാണ്. ഉപഭോക്താക്കള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടുപിടിക്കുക, സൂക്ഷ്മതയോടെ ബാങ്ക് ഇടപാടുകള്‍ നടത്താനും തട്ടിപ്പുകള്‍ തടയാനും സഹായിക്കുക എന്നീ ഗുണങ്ങള്‍ അനുഭവിക്കാന്‍ കഴിയുമെങ്കിലും, സാമ്പത്തിക തട്ടിപ്പുകള്‍ നടത്താന്‍ ഹൈടെക്ക് കള്ളന്മാര്‍ ഇതേ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുമുണ്ട്. എല്ലാ മേഖലയിലുമെന്നപോലെ ധനകാര്യമേഖലയിലും മനുഷ്യരുടെ തൊഴില്‍അവസരങ്ങള്‍ കുറയുകയുണ്ടായി.
മനുഷ്യരുടെ തലച്ചോറില്‍ അടങ്ങിയിരിക്കുന്നത് 7000-8500 കോടി ന്യൂറോണുകളാണ്. അതിന്റെ പത്തിരട്ടിയിലധികം ന്യൂറോണുകള്‍ കൊണ്ടാണ് AI സജ്ജമാക്കിയിരിക്കുന്നത്. ഒരു മനുഷ്യന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ പത്തിരട്ടിവിവരങ്ങള്‍ എഐക്ക് സൂക്ഷിക്കാനും ഉപയോഗിക്കാനും കഴിയും. എത്രത്തോളം ശേഷിയുണ്ടെന്ന് അവകാശപ്പെട്ടാലും മനുഷ്യരുടെയത്രയും വിവേചനബുദ്ധി എഐക്കില്ല എന്നുള്ളതും മനുഷ്യബുദ്ധിയുടെ മേന്മയായി നിലകൊള്ളുന്നു. AI രംഗത്ത് കൂടുതല്‍ സുരക്ഷിതത്വവും പൊതുജനങ്ങള്‍ക്ക് അനുകൂലമായ നിയമങ്ങളും ഉണ്ടാകേണ്ടതുണ്ട്. കൂടാതെ ഗൂഗിള്‍ പോലെയുള്ള സാങ്കേതിക ഭീമന്മാര്‍ക്കും എഐ ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞു. എഐയെ വെല്ലുന്ന സെര്‍ച്ച് എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്.
എന്നിരുന്നാലും സ്വതവേ മടിയും അലസതയുമുള്ള മനുഷ്യര്‍ എഐക്ക് കീഴ്‌പ്പെട്ടു പോകില്ലേ? ഓരോ വ്യക്തിക്കും AI ഉപയോഗിച്ച് നേട്ടങ്ങള്‍ കൊയ്യാമെന്നിരിക്കെ മനുഷ്യര്‍ അവരവരിലേക്ക് ചുരുങ്ങുകയില്ലേ? സാമൂഹികജീവിയായ മനുഷ്യര്‍ സാങ്കേതികതയുടെ പുത്തന്‍ മേച്ചില്‍പ്പുറങ്ങളില്‍ മാത്രം ഒതുങ്ങിയേക്കാം. മാനുഷികമൂല്യങ്ങള്‍ നശിച്ച് സാങ്കേതികതയുടെ ഉത്പന്നങ്ങളായി മനുഷ്യസമൂഹം മാറുമോ?
ഒരു നൂറുവര്‍ഷങ്ങള്‍ക്കപ്പുറം പ്രസവിച്ചു മുലയൂട്ടിവളര്‍ത്തുന്ന അമ്മമാര്‍ പഴങ്കഥകളായി മാറിയേക്കാം. കുഞ്ഞുങ്ങളെ പോലും പരീക്ഷണശാലകളില്‍ സൃഷ്ടിച്ചേക്കാം. കൃത്രിമബുദ്ധിയുമായി ജീവിക്കുന്ന യന്ത്രമനുഷ്യര്‍ക്കു സമാനമായ മനുഷ്യരെക്കൊണ്ട് ലോകം നിറഞ്ഞേക്കാം. കാലത്തിന്റെ മാറ്റങ്ങള്‍ക്കൊത്ത് സൈബോര്‍ഗുകളുടെ (Cyborg) ഒരു തലമുറ ഭൂമിയില്‍ ഉടലെടുക്കും. മനുഷ്യന്‍ എന്ന പേരുതന്നെ ചിലപ്പോള്‍ അപ്രസക്തമായേക്കാം.