യുഗസ്രഷ്ടാക്കളായ മഹാരഥന്മാര്‍ ഒരേ സമയം തങ്ങളുടെ ജന്മസിദ്ധമായ പ്രതിഭയുടെയും അതേസമയം ഒരു കാലഘട്ടത്തിന്റെ തീക്ഷ്ണസ്പന്ദനങ്ങളെ അഥവാ യുഗചേതനയുടെയും (Spirit of Time) അപൂര്‍വസമന്വയമാണ്. ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനും വിശ്വയശസ്വിയുമായ സ്വാമി വിവേകാനന്ദന്‍ ബ്രഹ്‌മശ്രീ ചട്ടമ്പിസ്വാമികളുമായി കൂടിക്കാഴ്ച നടത്തിയതും, ചിന്മുദ്രയെകുറിച്ചുള്ള തന്റെ സംശയനിവൃത്തി കൈവരിച്ചതും പ്രസിദ്ധമാണല്ലൊ. പെരുവിരലും ചൂണ്ടുവിരലും ഉപയോഗിച്ചുള്ള സവിശേഷ മുദ്രയായ ചിന്മുദ്ര, തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ ഉദ്ദീപിപ്പിച്ച് മസ്തിഷ്‌കത്തിലെ പ്രജ്ഞാകേന്ദ്രത്തെ (സഹസ്രദലപത്മം അഥവാ സഹസ്രാരചക്രത്തെ) സ്പര്‍ശിച്ച് കുണ്ഡലിനി ശക്തിയെ ഉണര്‍ത്തുവാന്‍ സഹായകവുമായ മുദ്രയാണെന്ന് ബൃഹദാരണ്യകോപനിഷത്തിലെ അപ്രകാശിത ശ്ലോകമുദ്ധരിച്ച് ചട്ടമ്പിസ്വാമികള്‍ വിവേകാനന്ദനെ ബോധ്യപ്പെടുത്തി. (സദ്ഗുരു മാസിക – 1925)
അവധൂത കാലഘട്ടത്തി ലെ ഒരപൂര്‍വവേളയിലാണ് കുഞ്ഞന്‍പിള്ളയും ശ്രീനാരായണഗുരുവും തൈക്കാട്ട് അയ്യാവും സംഗമിക്കുന്നത്. കുഞ്ഞന്‍പിള്ളയാണ് ശ്രീനാരായണ ഗുരുവിനെ യോഗവിദ്യ പഠിക്കാന്‍ അയ്യാഗുരുവിന്റെ സമീപത്തേക്ക് നയിച്ചതെന്നാണ് പല ഗ്രന്ഥകാരന്മാരും പരാമര്‍ശിക്കുന്നത്. അവരിരുവരും അവധൂതകാലത്ത് പലയിടങ്ങളിലും ഒരുമിച്ച് സഞ്ചരിക്കുകയും വേദാന്തചിന്തകള്‍ സംവദിക്കുകയും ചെയ്തിട്ടുണ്ട്. ചട്ടമ്പിസ്വാമികള്‍ അവസാനകാലത്ത് ശയ്യാവലംബിയായപ്പോള്‍ ശ്രീനാരായണഗുരു സന്ദര്‍ശിച്ചതും സ്വാമി തീര്‍ത്ഥപാദര്‍ക്കൊപ്പമിരുന്നു സംസാരിച്ചതും ചരിത്രത്തിന്റെ സാക്ഷ്യമായി നില്‍ക്കുന്ന ഫോട്ടോ തന്നെ പ്രശസ്തമാണ്. പി.കെ.ബാലകൃഷ്ണന്റെ ‘ഗുരു’വെന്ന നോവലിലും ഇരുവരും തമ്മിലുള്ള സ്‌നേഹോഷ്മളവും ആദരവാര്‍ന്നതുമായ ഹൃദയബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്.
ജ്ഞാന-ധ്യാന-യോഗ ഹര്‍ഷത്താല്‍ പുളകോദ്ഗമമായ ആ ബ്രഹ്‌മസ്വരൂപം ഇഹലോകവാസം വെടിയുന്നതിനെ – മഹാസമാധിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അഗാധമായ വിഷാദവും വിവരിക്കാനാവാത്ത ശൂന്യതയും മനുഷ്യരില്‍ ഉളവാകുന്നത് സ്വാഭാവികമാണല്ലോ. എന്നാല്‍ ബ്രഹ്‌മജ്ഞാനികള്‍ അതിനെ നിസ്സാരതയാര്‍ന്ന ഒരു സ്വാഭാവിക പ്രതിഭാസമായിട്ടേ കാണുള്ളൂ. കാരണം സത്യം, ശിവം, സുന്ദരം എന്ന ത്രിമൂര്‍ത്തി വചസ്സുകള്‍, മഹാസമാധിയെ ജീവിതത്തിന്റെ പൂര്‍ണതയായിട്ടാണ് ദര്‍ശിക്കുന്നത്.
1924 മെയ് മാസം 5ന് (1099 മേടം 23) സായാഹ്നത്തില്‍, കൊല്ലത്ത് പന്മന സി.പി.പി സ്മാരക വായനശാലയില്‍ വെച്ച് വത്സല ശിഷ്യനായ പത്മനാഭപ്പണിക്കരുടെ സഹായത്തോടെ പത്മാസനത്തില്‍ ആ ദിവ്യകളേബരം ധ്യാനനിരതനാവുകയും ക്ഷണം ആ പുണ്യാത്മാവ് മഹാസമാധി പ്രാപിക്കുകയും ചെയ്തു. ആ മഹാസമാധിക്കുശേഷം ശ്രീനാരായണഗുരു എഴുതി സമര്‍പ്പിച്ച വരികള്‍ ഇവിടെ ഉദ്ധരിക്കട്ടെ;
സര്‍വജ്ഞ ഋഷിരുത്ക്രാന്തഃ
സദ്ഗുരു ശുകവര്‍ത്മനാ
ആഭാതി പരമ വ്യോമ്‌നി
പരിപൂര്‍ണ്ണ കലാനിധിഃ
ലീലയാ കാലമധികം
നീത്വാന്തേ സ മഹാപ്രഭുഃ
നിസ്സ്വം വപുസ്സമുത്‌സൃജ്യ
സ്വം ബ്രഹ്‌മവപുരാസ്ഥിതഃ
ചട്ടമ്പിസ്വാമികളുടെ ധൈഷണികസംഭാവനകള്‍
മഹാജ്ഞാനികളുടെ ജീവിതം രചിക്കപ്പെടാത്ത ഗ്രന്ഥങ്ങളും ഗ്രന്ഥങ്ങള്‍ ജീവന്‍മുക്തമായ ജീവിതങ്ങളുമാണ്. ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവിതവും ആ ഋഷിവര്യനാല്‍ വിരചിതമായ മഹത്ഗ്രന്ഥങ്ങളും അന്യൂനമാംവിധം ഇഴചേര്‍ന്നു നില്‍ക്കുന്നു. അദ്ദേഹത്തിന്റെ കൃതികളിലെ ആശയങ്ങള്‍ വിശദമാക്കുകയെന്നത് ഒരു സാഹസികകൃത്യം തന്നെയായിരിക്കുമെന്നതിനാല്‍ അതിനിവിടെ മുതിരുന്നില്ല. എന്നാല്‍ ആ അഗാധജ്ഞാനത്തിന്റെ അടിസ്ഥാന സഞ്ചാരപഥങ്ങളെ സംക്ഷിപ്തമായി വിവരിക്കുന്നത് അഭിഗാമ്യമായിരിക്കുമെന്ന് കരുതട്ടെ.
വേദാധികാരനിരൂപണം-ആത്മീയവിപ്ലവത്തിന്റെ സിംഹഗര്‍ജ്ജനം
”ചലനം അല്ലെങ്കില്‍ മാറ്റം ജീവിതത്തിന്റെ സംഗീതമാണ്” എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകളെ അനുസ്മരിപ്പിക്കും വിധം ഇന്ത്യന്‍ തത്വചിന്തയുടെ അടിസ്ഥാനമായ വേദാന്തദര്‍ശനത്തെ (നാലുവേദങ്ങളും ഉപനിഷത്തുക്കളുമടക്കമുള്ളവയിലെ) ആധുനിക യുഗത്തില്‍ രൂക്ഷമായ ഖണ്ഡന വിമര്‍ശനത്തിനു വിധേയമാക്കുകയായിരുന്നു, ചിന്താമണ്ഡലത്തിലെ സവ്യസാചിയായിരുന്ന ചട്ടമ്പിസ്വാമികള്‍. അദ്വൈതചിന്തയാണ് വേദാന്തത്തിന്റെ അന്തഃസത്ത (അഹം ബ്രഹ്‌മാസ്മി, തത്ത്വമസി) ഞാന്‍ ബ്രഹ്‌മമാകുന്നു. നീയും ബ്രഹ്‌മമാകുന്നു. ആത്മാവും ബ്രഹ്‌മവും ഒന്നാണ്. മനുഷ്യനും മനുഷ്യനും മാത്രമല്ല സര്‍വചരാചരങ്ങളും തമ്മിലുള്ള തുല്യതയെയും ഏകത്വത്തെയും ഇതില്‍പരം മനോഹരമായി വ്യക്തമാക്കാന്‍ ഏതു ദര്‍ശനത്തിനു കഴിയും. ‘ഈശാവാസ്യമിദം സര്‍വം’ എന്ന ഉപനിഷത് വാക്കുകള്‍ ഉണര്‍ത്തിവിട്ട ചിന്തയുടെ അഗ്നിസ്ഫുലിംഗങ്ങള്‍ ശ്രീ ചട്ടമ്പിസ്വാമികളെ വേദാന്തം ആഴത്തില്‍ പഠിക്കാനും അതിന്റെ അടിസ്ഥാനത്തെ വികൃതമാക്കുന്ന ആശയങ്ങളെ വിമര്‍ശിക്കാനും പ്രചോദിതനാക്കി. വേദാധികാര നിരൂപണത്തില്‍ സ്വാമികള്‍ പറയുന്നു:
”ശൂദ്രന്‍ വേദാഭ്യാസം ചെയ്തുകൂടാ എന്നുള്ള സങ്കേതം യുക്തിക്കെങ്കിലും ചേര്‍ന്നിരിക്കുന്നുണ്ടോ? ഏതു മതഗ്രന്ഥത്തെ എടുത്താലും പരമപദപ്രാപ്തിക്ക് ജീവാത്മസ്വരൂപജ്ഞാനവും, ധര്‍മ്മാനുഷ്ഠാനവും തന്നെയാണ് ഹേതുവെന്ന് പറഞ്ഞിരിക്കുന്നതായിക്കാണാം.”
ധാര്‍മ്മികബോധത്തിന്റെ മൂര്‍ച്ചയേറിയ ഖഡ്ഗംകൊണ്ട് ബ്രാഹ്‌മണ്യത്തിന്റെ അധികാരപ്രമത്തതയെ അരിഞ്ഞുവീഴ്ത്തുകയാണിവിടെ സ്വാമികള്‍ ചെയ്തിരിക്കുന്നത്. സ്വാമികള്‍ തുടരുന്നു;
”അന്തര്യാമിയെ താനായറിയുന്നവര്‍ക്കുമാത്രം നിത്യസുഖമുണ്ടാകും; മറ്റാര്‍ക്കുമില്ലാ – എന്നും മറ്റും അനേകവിധം വേദം ഘോഷിക്കുന്നു. മോക്ഷസാധനമായ ജ്ഞാനത്തെ ശൂദ്രന്‍ അഭ്യസിച്ചുകൂടാ എന്നു പറയുന്നതിനു ശൂദ്രന്‍ മോക്ഷത്തെ പ്രാപിച്ചുകൂടാ എന്നല്ലയോ അര്‍ത്ഥം. അല്ലാതെയും ആദിമുതല്‍ ഈ സങ്കേതം ഭഗവന്നിയമമായി നടന്നുവന്നതാണെങ്കില്‍ ഇതുവരെയും ഒരു ശൂദ്രന്‍പോലും മോക്ഷം പ്രാപിച്ചിട്ടില്ല എന്നല്ലയോ പറയേണ്ടത്? ഇതിനെ ആരെങ്കിലും സമ്മതിക്കുമോ?”
മനുഷ്യസ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വചിന്തയുടെയും സിംഹനാദമാണ് ഈ ചേതോഹരമായ വചനങ്ങളില്‍ മുഴങ്ങുന്നത്.
നൂതനഭാഷാസങ്കല്‍പം (പ്രാചീന മലയാളം, ആദിഭാഷ)
ശ്രീ ചട്ടമ്പി സ്വാമികള്‍ ഭാഷയെക്കുറിച്ച് നടത്തിയ ആഴമേറിയ വിചിന്തനങ്ങള്‍ ആധുനികഭാഷാഗവേഷകരില്‍ പലര്‍ക്കും പിന്നീട് ശരിവെക്കേണ്ടി വന്ന നൂതനമായ ഭാഷാജ്ഞാനത്തിന്റെ സാക്ഷ്യങ്ങളാണ്. കേരളമാഹാത്മ്യം, കേരളാവകാശക്രമം തുടങ്ങിയ ബ്രാഹ്‌മണസൃഷ്ടമായ വ്യവസ്ഥാപിത കൃതികളില്‍ മലയാള ബ്രാഹ്‌മണര്‍ 64 ഗ്രാമവാസികള്‍ക്കായി പരശുരാമന്‍ വഴി മലയാളഭൂമി ദാനം ചെയ്തുവെന്ന കഥയെ രൂക്ഷമായി ഖണ്ഡനം ചെയ്തു. ജന്മിത്വാധികാരമില്ലാത്ത അനവധി മലയാള ബ്രാഹ്‌മണ കുടുംബങ്ങളെ ചൂണ്ടിക്കാണിച്ച് പ്രസ്തുത ബ്രാഹ്‌മണ കഥയുടെ പൊള്ളത്തരം സംശയലേശമെന്യേ സ്വാമികള്‍ തുറന്നു കാണിച്ചു. അതോടൊപ്പം 1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരചിതമായ മലയാളഭാഷയിലെ മര്‍മ്മവിദ്യാഗ്രന്ഥവും തുഞ്ചത്തെഴുത്തച്ഛന്‍ ഭഗവദ്ഗീതക്ക് നല്‍കിയ പരിഭാഷയും കണ്ടെടുത്തു. സംസ്‌കൃതഭാഷക്കു മുമ്പുതന്നെ പ്രാകൃത ഭാഷ ഉണ്ടായിരുന്നു എന്നും അതായിരുന്നു ദേശഭാഷ എന്നും അതിനെ പരിഷ്‌കരിച്ചാണ് സംസ്‌കൃതഭാഷ ഇന്നു കാണുന്ന രീതിയില്‍ വികസിച്ചതെന്നും ഗവേഷണാത്മകമായി കണ്ടെത്തുന്നു. സംസ്‌കൃത ഭാഷക്കുമുമ്പേ ദ്രാവിഡഭാഷ നിലനിന്നിരുന്നു എന്നും സംഘസാഹിത്യകൃതികള്‍ ഉദാഹരിച്ചുകൊണ്ട് സ്വാമികള്‍ നിരീക്ഷിക്കുന്നു. സംസ്‌കൃതം ഒരു ദേശഭാഷയോ സ്വാഭാവികഭാഷയോ അല്ലെന്നും അത് അനാര്യഗോത്ര-പ്രാകൃത-ദ്രാവിഡഭാഷകളില്‍ നിന്നും വ്യാകരണ നിയമങ്ങളും പദങ്ങളും പദനിഷ്പത്തികളും സ്വാംശീകരിച്ച് കൃത്രിമമായി രൂപപ്പെടുത്തിയതാണെന്നും സ്വാമികള്‍ വിശദമാക്കുന്നത്, ഇന്നിപ്പോള്‍ താരമത്യഭാഷാ വിജ്ഞാനീയം (Comparative linguistics) അംഗീകരിക്കുന്നതും ഡി.ഡി.കൊസാംബി, ക്രിസ്റ്റഫര്‍ കാഡ്‌വെല്‍ തുടങ്ങിയവരുടെ ഗ്രന്ഥങ്ങളില്‍ (D. D.Ko sambi and Christopher Cad well) പ്രതിപാദിക്കപ്പെട്ടിരിക്കുന്നതുമാണ്.
ആദിഭാഷ എന്ന കൃതിയില്‍ സംസ്‌കൃതഭാഷേതരമായ പാലിഭാഷയില്‍ വിരചിതമായ ബൗദ്ധകൃതികള്‍ (ത്രിപിടകങ്ങള്‍; വിനയപിടക, ധമ്മപിടക അഭിധമ്മപിടക) തുടങ്ങിയ അനേകം കൃതികളെ ദൃഷ്ടാന്തമായി വിശദമാക്കിക്കൊണ്ട് സം സ്‌കൃതാധിപത്യ-സംസ്‌കൃതപ്രാഭവ സിദ്ധാന്തത്തിന്റെ മസ്തിഷ്‌കത്തില്‍ കനത്ത പ്രഹരമേല്‍പ്പിച്ചുകഴിഞ്ഞിരിക്കയാണ് സ്വാമികള്‍. അക്ഷരനിരൂപണം, സന്ധിനിരൂപണം, ലിംഗനിരൂപണം, ധാതുനിരൂപണം, തുടങ്ങിയ അധ്യായങ്ങള്‍ വരും തലമുറയുടെ ഭാഷാഭിജ്ഞാനം പ്രഫുല്ലമാക്കാന്‍ ഉതകുംവിധം സവിസ്തരം പ്രതിപാദിച്ചത് സ്വാമികളുടെ നൂതനമായ ഭാഷാജ്ഞാനത്തിന്റെ മകുടോദാഹരണങ്ങളാണ്. വാക്കുകള്‍ മാത്രമല്ല എഴുത്തുകള്‍ (ലിപികള്‍, സ്വരവ്യജ്ഞനാദികള്‍, വര്‍ണങ്ങള്‍ അലങ്കാരങ്ങള്‍ തുടങ്ങി) പോലും ജനങ്ങളാണ് സൃഷ്ടിച്ചത് എന്ന് വ്യക്തമാക്കുക വഴി മലയാളത്തില്‍ എന്നല്ല ലോകത്തില്‍ തന്നെ ആധുനികഭാഷാസിദ്ധാന്തത്തിനും സ്വാമികള്‍ അടിത്തറ പാകിയിരിക്കുന്നുവെന്നത് (ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെ സഹായമില്ലാതെ) ഏവരെയും വിസ്മയം കൊള്ളിക്കുന്നതാണ്.
ജീവകാരുണ്യ നിരൂപണം:
ഈ ഗ്രന്ഥം സഹജീവികളോട് കാരുണ്യം കാണിക്കേണ്ടതിന്റെയും മാംസാഹാരം വര്‍ജ്ജിക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കുന്നു. മനുഷ്യന്റെ ദന്തങ്ങള്‍ ദഹനാവയവഘടനകള്‍ എന്നിവ മാംസം ആഹരിക്കുന്നതിന് അനുയോജ്യമായിട്ടല്ലെന്ന് ഒരു ആരോഗ്യശാസ്ത്രജ്ഞന്റെ ഉള്‍ക്കാഴ്ചയോടെ (എന്നാല്‍ ആധുനിക ഡോക്ടര്‍മാര്‍ ഇതില്‍ നിന്നും ബോധപൂര്‍വ്വം പലായനം ചെയ്യുന്നു) വിശദമാക്കിക്കൊണ്ട് അഹിംസയുടെ പ്രാധാന്യം വിശദമാക്കുന്നു.
(തുടരും)