കൊച്ചി: ദേവസ്വം ബോര്‍ഡുകളുടെ വരുമാന വര്‍ധനയ്‌ക്കായി ക്ഷേത്രഭൂമികള്‍ ലേലം ചെയ്ത് ക്ഷേത്രേതര കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള ദേവസ്വം വകുപ്പിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു ആവശ്യപ്പെട്ടു.
ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെടുത്താനുള്ള ഇടതുസര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണിത്. അന്യാധീനപ്പെട്ട ദേവസ്വംഭൂമി കോടതി വിധി അനുകൂലമായിട്ട് പോലും തിരിച്ചുപിടിക്കാന്‍ വിമുഖത കാട്ടുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡുകള്‍ക്കുള്ളത്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള അവകാശം ദേവസ്വം ബോര്‍ഡ് നിഷേധിക്കുകയാണ്. ഭക്തര്‍ നല്കുന്ന വരുമാനത്തിന്റെ ഏറിയ പങ്കും ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് മാത്രമാണ് ദേവസ്വം ബോര്‍ഡ് വിനിയോഗിക്കുന്നത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പാടെ നിലച്ചിരിക്കുകയാണ്. അഴിമതിയും കെടുകാര്യസ്ഥതയും ഭക്തജന വിരുദ്ധ നിലപാടുമാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളുടെ വരുമാനമില്ലായ്മക്ക് കാരണം. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവന ഭക്തജനങ്ങളില്‍ അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്.
ദേവസ്വം ഭൂമി പാര്‍ക്കിങ്ങിനായി ലേലം ചെയ്തു നല്കാനുള്ള തീരുമാനത്തിനെതിരെയുള്ള ഹിന്ദുസംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് തീരുമാനം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്ന് ബാബു പറഞ്ഞു. കാസര്‍കോട് സൗരോര്‍ജ്ജ പ്ലാന്റിനും പാലക്കാട് അന്താരാഷ്‌ട്ര സ്റ്റേഡിയ നിര്‍മാണത്തിനും ദേവസ്വം ഭൂമി ഉപയോഗിക്കാനുള്ള തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ബാബു പറഞ്ഞു.