രാഷ്ട്രത്തിന്റെ വികാസപരിണാമങ്ങളെ അവലോകനം ചെയ്തുകൊണ്ട് പ്രമുഖ ചിന്തകനായ ദത്തോപന്ത് ഠേംഗ്ഡിജി ഇങ്ങനെ പറയുന്നു. ”നമ്മുടെ രാഷ്ട്രത്തിന്റെ സ്വഭാവത്തെ പഠിക്കണമെങ്കില്‍ ആദ്യം വേണ്ടത് മെക്കാളെയും അദ്ദേഹത്തിന്റെ മാനസസന്തതിപരമ്പരയും നമ്മെ പഠിപ്പിച്ച തെറ്റായ കാര്യങ്ങളെല്ലാം നാം മറക്കണം എന്നതാണ്. ഹിന്ദുക്കളില്‍ ആത്മവിശ്വാസമില്ലായ്മ ഉണ്ടാക്കത്തക്കവിധം ആണ് നമ്മുടെ മുഴുവന്‍ ചരിത്രത്തെയും അവതരിപ്പിച്ചത് എന്നത് വളരെ വ്യക്തമായ വസ്തുതയാണ്. ഹിന്ദുക്കള്‍ അവരുടെ ശരിയായ ചരിത്രം അറിഞ്ഞിരുന്നു എങ്കില്‍ അതില്‍ അവര്‍ അഭിമാനം കൊള്ളുമായിരുന്നു. അതിന്റെ ഫലമായി ബ്രിട്ടീഷുകാര്‍ക്ക് ഇവിടെ തുടരാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ ബ്രിട്ടീഷ് ഭരണത്തിന്റെ തുടര്‍ച്ചയ്ക്കുവേണ്ടി ഭാരതചരിത്രം മുഴുവന്‍ വികലമാക്കി.
അഹങ്കാരികളായ പാശ്ചാത്യര്‍ പറഞ്ഞ മറ്റൊരു കാര്യം എന്തെന്നാല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും ചരിത്രം പാശ്ചാത്യരാജ്യങ്ങളുടെ അതേ വികാസപ്രക്രിയയിലൂടെ കടന്നുവേന്ന തീരൂ; മറ്റൊരു വഴിയുമില്ല എന്നതാണ്.
പടിഞ്ഞാറിന്റെ ആദ്യത്തെ രാജനൈതികസംവിധാനം രാജാധിപത്യം ആയിരുന്നു. അതിനാല്‍ ഭാരതത്തിലും അതുതന്നെ എന്ന് അവര്‍ പറഞ്ഞു. സത്യത്തില്‍ ഭാരതത്തില്‍ കേവലരാജാധിപത്യം ഉണ്ടായിട്ടേ ഇല്ല. അതു പിന്തുടരുന്ന അഹിന്ദുക്കളുമായി ബന്ധപ്പെട്ടതു മുതല്‍ ഇവിടുത്തെ രാജാക്കന്മാര്‍ ഈ സംവിധാനം ഒരു പരിധി വരെ തുടങ്ങിവെച്ചു എന്നതു ശരി തന്നെ. നമുക്ക് പല തരത്തിലുള്ള ഭരണസംവിധാനങ്ങള്‍ സഹസ്രാബ്ദങ്ങളായി ഉണ്ടായിരുന്നെങ്കിലും കേവലരാജാധിപത്യം ഒരുകാലത്തും ഇല്ലായിരുന്നു.
വികാസപ്രക്രിയയുടെ തുടക്കഘട്ടങ്ങളില്‍ യൂറോപ്പിന് ഫ്യൂഡലിസം ഉണ്ടായിരുന്നു. അതിനാല്‍ ഭാരതത്തിനും അങ്ങനെ ആയിരുന്നു എന്ന് അവര്‍ അനുമാനിച്ചു. യഥാര്‍ത്ഥത്തില്‍ നമുക്ക് ഫ്യൂഡല്‍ വ്യവസ്ഥിതി ഇല്ലായിരുന്നു. ornwallis പ്രഭുവിന്റെ ‘permanent settlement’ ന് ശേഷം മാത്രമാണ് ചെറിയ തോതില്‍ നാം അത് ഇവിടെ കണ്ടത്. കമ്മ്യൂണിസ്റ്റുകള്‍ക്കു പോലും ഇപ്പോള്‍ ഇത് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. അതിനാല്‍ ഇപ്പോള്‍ അവര്‍ ഇതിനെ ‘Asiatic Social System’ (ഏഷ്യയുടെ സാമൂഹ്യവ്യവസ്ഥ) എന്നു വിളിക്കുന്നു. എന്നാല്‍ തുടര്‍ന്നും യൂറോപ്പിന് ഫ്യൂഡല്‍ വ്യവസ്ഥ ഉണ്ടായിരുന്നതിനാല്‍ ഭാരതത്തിനും അത് ഉണ്ടായിരുന്നിരിക്കും ഉണ്ടായേ തീരൂ എന്ന് സദാ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു.
മതത്തെ (Religion) സംബന്ധിച്ചാണെങ്കില്‍, പടിഞ്ഞാറിന് ധര്‍മ്മത്തിനു പകരം വെക്കാന്‍ ഒരു പദം ഇല്ലെന്ന് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞതാണ്. ‘മതം’ (Religion) എന്നത് ആ പദത്തിന്റെ തെറ്റായ ഒരു തര്‍ജ്ജമ ആണ്. ഇതിന് കൂടുതല്‍ വിശദീകരണം ആവശ്യമില്ല. പാശ്ചാത്യദേശത്ത് മതത്തിന് നിശ്ചിതമായ ഒരു സ്ഥാനം ഉണ്ടായിരുന്നു. അതിനാല്‍ ധര്‍മ്മത്തിനും ഇവിടെ അതേ സ്ഥാനം ഉണ്ടായിരിക്കണം എന്ന് അനുമാനിക്കപ്പെട്ടു. ആ സ്ഥാനം നമ്മുടെ സാംസ്‌കാരികചരിത്രത്തിനുമേല്‍ ചാര്‍ത്തപ്പെട്ടു. കാത്തലിക് ചര്‍ച്ച് യൂറോപ്പിലാകമാനം മേല്‍ക്കൈ പുലര്‍ത്തി. അത് ആത്മീയശക്തി മാത്രമായിരുന്നില്ല ഭൗതികശക്തിയും ആയിരുന്നു. സാധാരണക്കാര്‍ മാത്രമല്ല രാജാക്കന്മാര്‍ പോലും അതിന്റെ പരമാധികാരത്തെ അംഗീകരിച്ചിരുന്നു. നമുക്ക് അത്തരത്തില്‍ ഒരു സംവിധാനം ഇല്ലായിരുന്നു. നമുക്ക് പുരോഹിതര്‍ ഉണ്ടായിരുന്നു. പക്ഷേ സംഘടിതമായ ചര്‍ച്ച് ഇല്ലായിരുന്നു. അതിനാല്‍ സ്വാഭാവികമായും സംഘടിതചര്‍ച്ചിന്റെ ദൂഷ്യഫലങ്ങള്‍ നമുക്ക് ഇല്ലായിരുന്നു.
നമ്മുടെ സംവിധാനത്തില്‍ അന്തര്‍ലീനമായ പോരായ്മകള്‍ ഇല്ലായിരുന്നു എന്നല്ല വിവക്ഷ, പക്ഷേ അവ വ്യത്യസ്തമായിരുന്നു. ചില ചിന്താപദ്ധതികള്‍ പൊതുധാരാധര്‍മ്മത്തില്‍ നിന്നു വ്യതിചലിക്കുന്നതായി കാണപ്പെട്ട മാത്രയില്‍ തന്നെ അവ കാത്തലിക് ചര്‍ച്ചിനെതിരായ പ്രൊട്ടസ്റ്റന്റ് പ്രതിക്രിയ പോലെ ആണെന്ന തിരക്കിട്ട നിഗമനം നടത്തി. സംഘടിതചര്‍ച്ച് ഇല്ലാതിരുന്നതിനാല്‍ ഇവിടെ ഒരു പ്രതിക്രിയയും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. നമുക്ക് ഇവിടെ വ്യത്യസ്ത ചിന്താപദ്ധതികള്‍ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു. വൈവിധ്യത്തിലെ ഏകത ഇവിടെ നിലനിന്നിരുന്നു. അതിനാല്‍ നമുക്ക് ഇവിടെ ചില പ്രദേശങ്ങളില്‍ ബൗദ്ധസിദ്ധാന്തത്തിന് പ്രാബല്യം ഉണ്ടായിരുന്നു. ചില ഇടങ്ങളില്‍ ജൈനത്തിനും മറ്റു ചില ഇടങ്ങളില്‍ സിക്കുസമ്പ്രദായത്തിനും മുന്‍തൂക്കം കിട്ടിയിരുന്നു. ഒരുതരം ഭൗതികവാദത്തിനും പ്രാമുഖ്യം ലഭിച്ചിരുന്നു. പക്ഷെ ഈ ചിന്താപദ്ധതികള്‍ ഒന്നും അന്യോന്യമുളവായ പ്രതിക്രിയകള്‍ ആയിരുന്നില്ല. അവ തമ്മില്‍ തമ്മില്‍ സഹവര്‍ത്തിത്വം പുലര്‍ത്തിപ്പോന്നിരുന്നു. പാശ്ചാത്യപണ്ഡിതര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. യൂറോപ്പിന് ഒരു സംഘടിതചര്‍ച്ച് ഉണ്ടായിരുന്നു. അതിനെതിരെ വ്യക്തമായ പ്രതിക്രിയയും ഉണ്ടായിരുന്നു.
പാശ്ചാത്യാഭിമുഖരായ നമ്മുടെ പണ്ഡിതര്‍ പാശ്ചാത്യമായ വികാസപ്രക്രിയയെ നമ്മുടേതായിട്ടു സ്വീകരിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവിടുത്തേത് വ്യത്യസ്ത സമീപനമാണെന്നു കാണിക്കാന്‍ നിരവധി ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും. ഈ വസ്തുതയെ അവഗണിക്കുകയും നമ്മുടെ ഘടനയെ പാശ്ചാത്യമാതൃകയുടെ അടിസ്ഥാനത്തില്‍ ആക്കുകയും ചെയ്തു. നമ്മുടെ വ്യക്തിത്വത്തെ നാം പാടെ മറക്കാന്‍ ബോധപൂര്‍വം ചെയ്തതാണിത്.
മാത്രമല്ല. നമ്മുടെ രാജ്യത്തിന് ഒന്നും ഇല്ലായിരുന്നു എന്നും ഉള്ളതെല്ലാം പടിഞ്ഞാറിന്റേതാണെന്നും വിശ്വസിക്കത്തക്കവണ്ണം നമ്മുടെ പണ്ഡിതന്മാര്‍ മസ്തിഷ്‌കപ്രക്ഷാളനത്തിനിരയായി. പാശ്ചാത്യസാമ്രാജ്യത്തിന്റെ ഏറ്റവും മുഖ്യമായ ഉദ്ദേശ്യം ഇതാണ്- ഇന്ത്യക്കാര്‍ക്ക് കഴിവുണ്ടായിരുന്നെങ്കില്‍ അവരും അവരുടേതായ സാമ്രാജ്യങ്ങള്‍ സ്ഥാപിക്കുമായിരുന്നു. മനുഷ്യപുരോഗതിയുടെ ഒരേ ഒരു മാതൃക പാശ്ചാത്യമാതൃക മാത്രം. ആ മാതൃക ലോകമെമ്പാടും പുലരണം.
സത്യത്തില്‍ ഓരോ സമൂഹത്തിനും അതിന്റേതായ സംസ്‌കാരം ഉണ്ട്. പുരോഗതിയുടെ പ്രരൂപം (pattern) നിശ്ചയിക്കുന്നത് അതിന്റെ സംസ്‌കാരം ആണ്. എല്ലായിടത്തും പ്രയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു മാതൃക ഒരു രാജ്യത്തിനും നല്‍കാനാവില്ല. പുരോഗതി എന്നാല്‍ പടിഞ്ഞാറിനെ അന്ധമായി അനുകരിക്കലാണെന്ന് ആ കാലത്ത് പാശ്ചാത്യസാമ്രാജ്യം കണ്ട് കണ്ണഞ്ചിച്ചുപോയ നാം കരുതി. ആധുനികവല്‍ക്കരണം എന്നാല്‍ പാശ്ചാത്യവല്‍ക്കരണം എന്നു കരുതി നമ്മുടെ നാടിന്റെ പുരോഗതിയെ വിലയിരുത്താന്‍ പാശ്ചാത്യമായ അളവുകോലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. മെക്കാളെയുടെ കാലം മുതല്‍ ഇന്നുവരെ വെള്ളക്കാരുടെ ആധിപത്യത്തിലധിഷ്ഠിതങ്ങളായ രാഷ്ട്രങ്ങള്‍ പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളിലെല്ലാം ഇത്തരത്തിലുള്ള തെറ്റായ പ്രചാരണം അഴിച്ചുവിട്ടു.
ഈ തെറ്റായ അറിവില്‍ നിന്നും നമ്മുടെ മനസ്സിനെ മോചിപ്പിക്കാത്തിടത്തോളം കാലം മൗലികമായി ചിന്തിക്കാന്‍ നാം വളരെയധികം പ്രയാസപ്പെടും. കഴുകി വൃത്തിയാക്കിയ ശേഷമേ ഒരു തുണിക്കഷണത്തില്‍ നിറം പിടിപ്പിക്കാന്‍ കഴിയൂ. നമ്മെ പഠിപ്പിച്ച അസത്യത്തെ തുടച്ചുനീക്കിയാലേ സത്യം മനസ്സിലാക്കാന്‍ കഴിയൂ.
പാശ്ചാത്യമായ ‘നേഷന്‍’ എന്ന ആശയവും നമ്മുടേതും ഒന്നു തന്നെ ആണോ? ‘നേഷനും’ ‘രാഷ്ട്രവും’ ഉള്ളടക്കപരമായി പരസ്പരം മാറി ഉപയോഗിക്കാവുന്ന പദങ്ങള്‍ ആണോ? പടിഞ്ഞാറില്‍ തന്നെ വിഭിന്നരാജ്യങ്ങള്‍ക്ക് ഒരേ മാനസികചേരുവകള്‍ അല്ല ഉള്ളതെന്ന് സ്‌നൈഡറുടെ ‘Variety of nationalism’ വ്യക്തമാക്കുന്നു. വ്യത്യസ്തരാജ്യങ്ങള്‍ക്ക് വികാസത്തിന്റെ വ്യത്യസ്തങ്ങളായ ചരിത്രപ്രക്രിയകള്‍ ആണ് ഉണ്ടായത് എന്നതിനാല്‍ ഗുണപരമായി വ്യത്യസ്തങ്ങളായ ദേശീയതകളുയര്‍ന്നുവരാന്‍ ഇടയാക്കി. അവയ്‌ക്കെല്ലാമായി നാഷണലിസം എന്ന ഒരേ പൊതുപേര് നല്‍കപ്പെട്ടു. ചരിത്രപരമായ സാഹചര്യങ്ങളുടെ വ്യത്യസ്തത മൂലം ഈ ബോധം അതാതിന്റെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്നു. പക്ഷേ രാജ്യം തോറും ഇതിന്റെ മാനസികമായ ഉള്ളടക്കം വിഭിന്നം ആയിരുന്നു. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ നമുക്കും അതേ മാനസികപ്രരൂപം (Psychological Pattern) വേണം എന്ന പിടിവാശി എത്രമാത്രം ശരിയാണ്? സാങ്കേതികമായ പദപ്രയോഗങ്ങളോടുള്ള നമ്മുടെ അടിമത്തം മാറ്റാന്‍ സമയമായിരിക്കുന്നു.” (Nationalist Pursuit, Concept of one Nation as a Whole, ch.12,p.97)

ഹിന്ദുക്കളുടെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സാമൂഹ്യജീവിതത്തിന്റെ നാനാവശങ്ങളെ കുറിച്ച് പാശ്ചാത്യപണ്ഡിതന്മാരുടെ ആഗമനം തൊട്ട് ഇന്നുവരെ നിരവധി പഠനങ്ങള്‍ നടന്നു കഴിഞ്ഞു. തുടരുകയും ചെയ്യുന്നു എന്നും കാണാം. വിദേശികളും സ്വദേശികളും ആയ വിദ്വാന്മാര്‍ നടത്തിയ പഴയതും പുതിയതുമായ ആ പഠനങ്ങളെ പ്രാകൃതം തൊട്ട് സംസ്‌കൃതം വരെ ഉള്ള പല ഭാരതീയഭാഷകളില്‍ എഴുതപ്പെട്ട പൗരാണികസാഹിത്യങ്ങള്‍, പുരാവസ്തുശാസ്ത്രം (ആര്‍ക്കിയോളജി), സാമൂഹ്യശാസ്ത്രം (സോഷ്യോളജി) തുടങ്ങിയ ആധുനിക ശാസ്ത്രങ്ങളുടെ കണ്ടെത്തലുകളും ഉള്‍പ്പടെ ഉള്ള പ്രാഥമിക ഉറവുകളുടെ (primary source) വെളിച്ചത്തില്‍ നിഷ്പക്ഷമായി പുന:പരിശോധിക്കുന്നവര്‍ക്ക് ആര്‍ക്കും ദത്തോപന്ത് ഠേംഗിഡിജിയുടെ മേല്‍ക്കൊടുത്ത നിരീക്ഷണങ്ങളുടെ ശരി ബോധ്യമാകും.
നമ്മുടെ ആധ്യാത്മികതയെ സംബന്ധിച്ച നിഗമനങ്ങള്‍ തന്നെ ഉദാഹരണമായി എടുക്കാം. ധാര്‍മ്മിക ജീവിതത്തിലൂടെ അര്‍ത്ഥകാമമോക്ഷസമ്പാദനം എന്ന പൊതുലക്ഷ്യം നേടാനായി അവനവന്റെ ജന്മ-കര്‍മ്മ നിയന്ത്രിതമായ അഭിരുചിക്കിണങ്ങിയ സമ്പ്രദായത്തിന്റെ ആചരണം ആണ് ഹിന്ദുവിന്റെ ആധ്യാത്മികത. വ്യക്തികളുടെ ശാരീരികവും ബുദ്ധിപരവും മാനസികവും ആയ ആഗ്രഹങ്ങളുടെ സാഫല്യത്തിലൂടെ ഉളവാകുന്ന സുഖം ആണ് ഇവിടെ കാമം എന്ന പുരുഷാര്‍ത്ഥം. സെമിറ്റിക് മതങ്ങളുടെ ലക്ഷ്യ- ഘടനകളുമായി ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയാത്ത അതിനെ സെമിറ്റിക്മതമൂശയില്‍ വാര്‍ത്ത് വികലമാക്കി പുനരവതരണം നടത്തലാണ് ഇവിടെ നടന്നത് എന്നു കാണാന്‍ കഴിയും.
കേവലാനുഭൂതിയുടെ, ഏകാത്മാനുഭൂതിയുടെ അപരോക്ഷശാസ്ത്രം ആയ ആധ്യാത്മികതയെ കേവലം ആശയവാദം (idealism) ആയി പാശ്ചാത്യര്‍ കണ്ടു. അവര്‍ക്ക് ഭാരതീയസമ്പ്രദായങ്ങളുടെ ലക്ഷ്യം, ഘടന എന്നിവയെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. സിദ്ധാന്തപാദം, സാധനാപാദം, ചര്യാപാദം എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍ ചേര്‍ന്ന ഒരു ഏകകം (യൂണിറ്റ്) എന്നതാണ് എല്ലാ ഹിന്ദു ആധ്യാത്മികസമ്പ്രദായങ്ങളുടെയും പൊതുഘടന. പാശ്ചാത്യര്‍ ഈ ദര്‍ശനപദ്ധതികളുടെ സിദ്ധാന്തപാദത്തെ അവരുടെ ‘ഫിലോസഫി’ ആയും സാധനാചര്യാപാദങ്ങളെ (ആചാരാനുഷ്ഠാനഭാഗങ്ങള്‍) അവരുടെ ‘റിലിജിയന്‍’ ആയും തെറ്റിദ്ധരിച്ച് അവതരിപ്പിച്ചു. Arvind Sharma (Birks Profesosr of Comparative Religion, McGill University, Montreal Canada)വിദേശത്തു വിദ്യാര്‍ത്ഥി ആയിരിക്കേ ണശഹളൃലറ ഇമിംേലഹഹ ടാശവേ എന്ന തന്റെ അദ്ധ്യാപകനോട് ഫിലോസഫിയും റിലിജിയനും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നു ചോദിച്ചു. പണ്ഡിതനായ ആ അദ്ധ്യാപകന്റെ മറുപടി ഇപ്രകാരം ആയിരുന്നു- ”നിങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഇവ തമ്മില്‍ ഭേദം ഇല്ല; പക്ഷേ ഞങ്ങളുടെ റിലിജിയന്‍ വന്നത് പാലസ്തീനില്‍ നിന്നും ഫിലോസഫി വന്നത് ഗ്രീസില്‍ നിന്നും ആണ്” (A Hindu Perspective On The Philosophy Of Religion,1991). പാശ്ചാത്യസമീപനങ്ങളെ അന്ധമായി അനുകരിക്കുന്ന, സ്വാമി വിവേകാനന്ദന്‍ ചൂണ്ടിക്കാട്ടിയ വാനരാനുകരണം (Aping)നടത്തിവരുന്ന ഭാരതീയപണ്ഡിതന്മാര്‍ക്ക് തന്മൂലം ഹിന്ദുധര്‍മ്മം ‘മത’മായി, ആധ്യാത്മികത ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടവുമായി.
പുരുഷാര്‍ത്ഥമാതൃകയുടെ അവിഭാജ്യങ്ങളും അനിവാര്യങ്ങളുമായ പ്രയോഗതലങ്ങളെന്ന നിലക്ക് തുല്യപ്രാധാന്യം കല്‍പ്പിക്കപ്പെട്ടവയും സഹവര്‍ത്തിത്വം പുലര്‍ത്തിപ്പോന്നവയുമായ വിവിധ ഹിന്ദു സമ്പ്രദായങ്ങളെ ഹിന്ദുമതം (യഥാര്‍ത്ഥത്തില്‍ ഇത് ഹിന്ദുസമ്പ്രദായങ്ങളില്‍ ഒന്നു മാത്രമായ കര്‍മ്മജ്ഞാനകാണ്ഡങ്ങള്‍ ചേര്‍ന്ന വൈദികസമ്പ്രദായം ആണ്), ബുദ്ധമതം, ജൈനമതം, സിഖുമതം, ഇവ ഒന്നുമല്ലാത്ത ‘ആദിവാസികളുടെ അനിമിസം’ എന്നിങ്ങനെ പരസ്പരവിരുദ്ധങ്ങളും അന്യോന്യം സദാ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നവയുമായ പാശ്ചാത്യമതങ്ങള്‍ പോലുള്ള ‘റിലിജിയനു’കളായി കാണാന്‍ ഈ തെറ്റായ അവതരണം നമുക്കു പോലും ഇട വരുത്തി. പിന്നീട് വായു കടക്കാത്ത അറകള്‍ (airtight compartment) പോലുള്ളതും ജന്മംകൊണ്ട് നിശ്ചയിക്കപ്പെടുന്നവയും മാറ്റമില്ലാത്തവയും ഹിന്ദുസമൂഹത്തെ സ്ഥിരമായി ഭിന്നിപ്പിക്കാനുതകുന്നവയും ഹിന്ദുവിന്റെ അന്തസ്സത്തയ്ക്ക് ഒരുവിധത്തിലും പൊരുത്തപ്പെടാന്‍ കഴിയാത്തതുമായ ‘കാസ്റ്റ്’ എന്ന സാമൂഹ്യസംവിധാനം നിയമപ്രാബല്യത്തോടെ നടപ്പാക്കിയപ്പോള്‍ സെമിറ്റിക്മതപരമായ ഈ വിഭജനത്തേയും ബ്രിട്ടീഷ് ഭരണകൂടം സമര്‍ത്ഥമായി പ്രയോജനപ്പെടുത്തി(The Truth About Us, Sanjoy Chakravorty).
ഹിന്ദുസമൂഹത്തിന്റെ ഉരുത്തിരിയല്‍ പ്രക്രിയ, ഘടന തുടങ്ങിയവയെ സംബന്ധിച്ചുള്ള ആംഗ്ലോ-ജര്‍മ്മന്‍, ഇടത് പഠനങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല എന്ന് ഈ പറയുന്ന പുസ്തകങ്ങള്‍ മാത്രം വായിച്ചാല്‍ തന്നെ മനസ്സിലാകും. History of Dharma Sastra, Panduranga Vaman Kane, B. R Ambedkar എഴുതിയ Annihilation of Caste with a reply to Mahatma Gandhi, Castes in India Their Mechanism, Genesis and Development, Riddles in Hinduism, Philosophy of Hinduism, Manu and the Shudras, Notes on History of India, Preservation of the Social Order, …, , സര്‍ദാര്‍ കെ.എം.പണിക്കരുടെ കൃതികളായA Survey of Indian History, Hindu Society at Cross Roads, Hinduism and the Modern World, Indian Nationalism,…, Social Change in Modern India- M.N. Srinivasan, Cast and Race in India, Cast and Class in India, The Indian Sadhus- G.S. Ghurye, Castes of Mind- Nicholas B. Dirks (Historian, Anthropologist, Academic, American), Cast, Society and Politics in India – Susan Bayley (Professor of historical anthropology, Cambridge University), Precolonial India in Practice- Cinthia Talbot (Profesosr of History and Ancient Studies at University of Texas), A Social History of the Deccan- Richard M. Eaton (Profesosr of History at University of Arizona), Modern Indian Society- D. P. Mukherji, Our Economic Problem, State of Indian Economy- Merchant and Wadia,1943, Hindu Society An Interpretation, The Cultural Process in India by Iravati Karve, The Indian Caste System as a Historical Adaptation: An Ecological Perspective, Madhav Gadgil, Wisdom of the Cast System, Bhiku Parekh, The Times of India, New Delhi, 3-4-91, Growth of Scheduled Tribes and Castes In Medieval India, K.S. Lal, Ascetics of Kashi: An Anthropological Exploration, Surajit Chandra Sinha & Baidyanath Saraswati, The Truth About Us, Sanjoy Chakravorty, ആറ്റൂര്‍ കൃഷ്ണപ്പിഷാരടി (കേരളചരിത്രം, അധ്യായം 3, 8. മതവും ആചാരവും, പേജ് 40).
വംശവാദം (Racism), വര്‍ണ്ണവാദം (Aparthied), ഏകരൂപതാനിര്‍ണ്ണീത ഏകതാവാദം (Unity is uniformity) തുടങ്ങിയ പാശ്ചാത്യസമീപനങ്ങളെ അടിസ്ഥാനമാക്കിയ ആര്യ- ദ്രാവിഡ ദ്വന്ദ്വം, ബ്രാഹ്‌മണ-ക്ഷത്രിയ ദ്വന്ദ്വം, ത്രൈവര്‍ണ്ണിക- ശൂദ്ര ദ്വന്ദ്വം, സവര്‍ണ്ണ- അവര്‍ണ്ണ ദ്വന്ദ്വം, മാര്‍ക്‌സിയന്‍ വര്‍ഗ ദ്വന്ദ്വം മുതലായ കാല്‍പ്പനികദ്വന്ദ്വാധിഷ്ഠിതചട്ടക്കൂടുകളിലേക്ക് (Imaginary bipolar frame) ഹിന്ദുസമൂഹത്തിലെ അനന്തമായ സമുദായവൈവിധ്യത്തെ തിരുകിക്കയറ്റാനുള്ള വൃഥാപരിശ്രമങ്ങള്‍ ആണ് സാമൂഹ്യശാസ്ത്രമേഖലയില്‍ തല്‍പ്പരകക്ഷികള്‍ നടത്തിവരുന്നത്.
ഈ പരിശ്രമങ്ങളുടെ ഭാഗമായി ജാതി, വര്‍ണ്ണം എന്നിവയെ ഈ പണ്ഡിതര്‍ കൂട്ടിക്കുഴച്ചു. ജാതി എന്നത് ഉപജീവനത്തിനും സാമൂഹ്യജീവിതത്തിന് ആവശ്യമായ ഭൗതികസാമഗ്രികള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനു മാത്രം ഉള്ള തൊഴില്‍പരമായ ഒരു സംവിധാനം ആയിരുന്നു. അത് സഹജമായി ഉണ്ടായതാണ്. പ്രദേശം തോറും ഗ്രാമം തോറും പേരിലും മറ്റും അത് വൈവിധ്യം പുലര്‍ത്തിയിരുന്നു. അതിന് മേല്‍കീഴുദിശയില്‍ ദേശമാസകലം ഒരു കേന്ദ്രീകൃതവും സ്തൂപികാകാരവും സ്ഥിരവും ആയ ശ്രേണീസംവിധാനം (hierarchy) ഒരു കാലത്തും ഉണ്ടായിരുന്നില്ല. ഒരു ജാതിയ്ക്ക് മറ്റൊരു ജാതി ആയി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ചലനാത്മകത (Social mobility) ഹിന്ദുസമൂഹത്തിന് ഉണ്ടായിരുന്നു എന്നു പ്രസിദ്ധ സോഷ്യോളജിസ്റ്റ് ആയ എം.എന്‍. ശ്രീനിവാസന്‍ പറയുന്നു.
ശ്രീനിവാസന്‍ ”’vertical solidarity”, “horizontal solidarity” എന്ന രണ്ടു കാര്യങ്ങള്‍ കൂടി വിശദമാക്കുന്നുണ്ട്. ഒരു ഗ്രാമത്തില്‍ കഴിയുന്ന വൈദികവും അവൈദികവും ആയ സമ്പ്രദായങ്ങളും വിഭിന്ന ജാതിവ്യവസ്ഥകളും പിന്തുടരുന്ന സമുദായങ്ങള്‍ക്ക് ഭാഷ, ഉത്സവങ്ങള്‍, ഗ്രാമദേവതകള്‍ തുടങ്ങിയ പൊതുവായ ചില കാര്യങ്ങള്‍ കാണാം. ഈ പൊതുവായവയോട് എല്ലാവര്‍ക്കും ഉള്ള പ്രതിബദ്ധതയാണ് വെര്‍ട്ടിക്കല്‍ സോളിഡാരിറ്റി. കൊട്ടിയൂരെ ഉത്സവവും ആറാട്ടുപുഴ പൂരവും മറ്റും ഇതിന് ഉദാഹരണങ്ങള്‍ ആണ്. വൈദേശികമായ ആക്രമണങ്ങളുടെ കാലത്ത് രാജാവിനൊപ്പം തോളോടുതോള്‍ ചേര്‍ന്നു പൊരുതാനും ധര്‍മ്മരക്ഷണത്തിനായി കൊടുംകാടുകളിലേക്കു പലായനം ചെയ്യാനും അതത് ഹിന്ദുരാജ്യങ്ങളിലെ എല്ലാ വിഭാഗം ജനങ്ങളും അണിനിരന്നതുംGrowth of Scheduled Tribes and Castes In Medieval India, K.S. Lal) ഈ വെര്‍ട്ടിക്കല്‍ സോളിഡാരിറ്റിക്ക് ഉദാഹരണങ്ങളാണ്. അതതു സമുദായങ്ങള്‍ക്കുള്ളിലെ വ്യവസ്ഥകളോടുള്ള പ്രതിബദ്ധതയാണ് ഹൊറിസോണ്ടല്‍ സോളിഡാരിറ്റി. ഇത്തരം യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തില്‍ ജാതിയെ പഠിക്കുമ്പോള്‍ പില്‍ക്കാലത്തെ തലതിരിഞ്ഞ രാജനൈതിക ഇടപെടലുകളാണ് ജാതിക്കും പിന്നീട് കാസ്റ്റിനും അമിതപ്രാധാന്യം ലഭിക്കാന്‍ പ്രധാനമായ കാരണമായത് എന്നു നമുക്ക് കാണാം.
(തുടരും)